എൻ്റെ ചോദ്യം ഭർത്താക്കന്മാരോടാണ്, നിങ്ങളിൽ എത്ര പേർ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യമാരോട് യാത്ര പറയാറുണ്ട്…?

Story written by Saji Thaiparambu

എൻ്റെ ചോദ്യം ഭർത്താക്കന്മാരോടാണ്, നിങ്ങളിൽ എത്ര പേർ രാവിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ ഭാര്യമാരോട് യാത്ര പറയാറുണ്ട്?

റെസിഡൻസ് അസോസിയേഷൻ്റെ മീറ്റിങ്ങിൽ മുഖ്യാതിയായി പങ്കെടുത്ത പ്രശസ്ത എഴുത്തുകാരനും വാഗ്മിയുമായ ശ്രീ ,ദേവനാരായണൻ സദസ്സിലേക്ക് നോക്കി ചോദിച്ചു.

നാലഞ്ച് പേരൊഴിച്ച് ബാക്കിയുള്ളവർ കൈ പൊക്കി കാണിച്ചു.

ഓക്കെ, ഇതിൽ ആരൊക്കെയാണ് രാവിലെ ജോലിക്കിറങ്ങുന്നതിന് മുൻപ്, ഭാര്യയെ ചേർത്ത് പിടിച്ച് അവളുടെ നെറുകയിൽ ചുംബിക്കാറുള്ളത്?

പക്ഷേ, ഇത്തവണ സദസ്സിൽ നിന്നും കൈകളൊന്നും ഉയർന്നില്ല

ശരി ,ഇനി ഞാൻ ചോദിക്കാൻ പോകുന്നത്, ഇവിടെ കൂടിയിരിക്കുന്ന, ജോലിയില്ലാത്ത വീട്ടമ്മമാരായ ഭാര്യമാരോടാണ് ,ഭർത്താവ് ജോലി കഴിഞ്ഞ് വരുമ്പോൾ, പൂമുഖത്ത് ചെന്ന് അവരെ പുഞ്ചിരിയോടെ സ്വീകരിക്കുകയും, അവരോട് അന്നത്തെ വിശേഷങ്ങളെക്കുറിച്ച് അന്വേഷിക്കുകയും ചെയ്യുന്ന എത്ര ഭാര്യമാർ ഈ കൂട്ടത്തിലിരിപ്പുണ്ട്?

സദസ്സിൽ നിന്നും കൈ പൊക്കിയത് വിരലിലെണ്ണാവുന്ന സ്ത്രീകൾ മാത്രമായിരുന്നു.

മ്ഹും, അപ്പോൾ ഇതാണ് നമ്മുടെ വീടുകളിലെ അവസ്ഥ ,ഇപ്പോഴും ശരിയായ ദാമ്പത്യ ജീവിതം പലയിടത്തും നടക്കുന്നില്ല എന്നതാണ് വാസ്തവം ,അത് കൊണ്ട് എനിക്ക് പറയാനുള്ളത് നിങ്ങൾ ഭാര്യാഭർത്താക്കന്മാർ ഒരുപാട് മാറേണ്ടതുണ്ടെന്നാണ് , നിങ്ങളെ കണ്ടാണ് നിങ്ങളുടെ മക്കൾ വളരേണ്ടത് ,അത് കൊണ്ട് നിങ്ങൾ മാറിയേ പറ്റു ,ഭർത്താവും ഭാര്യയും എല്ലാ ദിവസവും വിശേഷങ്ങൾ പങ്ക് വയ്ക്കണം, മനസ്സിലുള്ളത് എന്ത് തന്നെയായാലും, പരസ്പരം തുറന്ന് സംസാരിക്കുക ,നിങ്ങൾ നിസ്സാരമെന്ന് കരുതി മറച്ച് വയ്ക്കുന്ന ചെറിയ കാര്യമായിരിക്കും, പിന്നീടൊരിക്കലും പരിഹരിക്കാനാവാത്ത വിധം, ഒരു വലിയ വിഷയമായി മാറുന്നത്, ഞാൻ അധികം ദീർഘിപ്പിക്കുന്നില്ല, നിങ്ങൾക്കോരോരുത്തർക്കും, ഒരു നല്ല കുടുംബ ജീവിതം ആശംസിച്ച് കൊണ്ട്, എൻ്റെ വാക്കുകൾ നിർത്തുന്നു ,നന്ദി നമസ്കാരം

നിറഞ്ഞ കൈയ്യടിയോടെയാണ് സദസ്സിലുള്ളവർ, അദ്ദേഹത്തിൻ്റെ വാക്കുകളെ നെഞ്ചിലേറ്റിയത്.

നക്ഷത്ര റസിഡൻസ് അസോസിയേഷൻ്റെ പതിനൊന്നാമത് വാർഷിക കൂട്ടായ്മയോട് അനുബന്ധിച്ച് നടത്തിയ, സമാപന ചടങ്ങ് ഇവിടെ അവസാനിക്കുകയാണ്, ഈ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും അസോസിയേഷൻ്റെ പേരിൽ നന്ദി അറിയിച്ചു കൊണ്ട്, പരിപാടി അവസാനിച്ചതായി അറിയിക്കുന്നു.

സദസ്യരെല്ലാം എഴുന്നേറ്റ് അവരവരുടെ വീടുകളിലേക്ക് നടന്നു.

എന്ത് നല്ല പ്രസംഗമായിരുന്നല്ലെ? കേട്ടോണ്ടിരിക്കാൻ നല്ല രസമുണ്ടായിരുന്നു, ഭർത്താക്കന്മാരായാൽ അദ്ദേഹം പറഞ്ഞത് പോലെ ആയിരിക്കണം

വീട്ടിലേക്ക് നടക്കുന്നതിനിടയിൽ സുജാത തൻ്റെ ഭർത്താവിനോട് പറഞ്ഞു.

ഉം, ഭാര്യമാരുടെ കാര്യവും അദ്ദേഹം പറഞ്ഞായിരുന്നു ,

അത് ഞാൻ കേട്ടു, നിങ്ങള് നോക്കിക്കോ? നാളെ മുതൽ നിങ്ങൾ ഓഫീസിൽ നിന്ന് വരുമ്പോൾ, ഞാൻ പൂമുഖത്ത് തന്നെ നില്പുണ്ടാവും, പക്ഷേ ഒരു കാര്യം, രാവിലെ പോകുമ്പോൾ എൻ്റെ നെറുകയിൽ നിങ്ങൾ ചുംബിച്ചിട്ടേ പോകാവു,

ഓകെ സമ്മതിച്ചു ,

ങ്ഹാ പിന്നേ.. രാജുവേട്ടാ.. നമുക്ക് മീനാക്ഷിയുടെ അരങ്ങേറ്റത്തിന് അദ്ദേഹത്തെ കൂടി ക്ഷണിച്ചാലോ? നമ്മുടെ കുടുംബക്കാരെല്ലാവരും വന്ന് കൂടുന്ന ചടങ്ങല്ലെ? അവിടെ അദ്ദേഹം വന്ന് രണ്ട് വാക്ക് സംസാരിച്ചാൽ, നമുക്കതൊരു ഗമയല്ലേ?

ഉം അത് ശരിയാണല്ലോ ?അതിന് മീനാക്ഷിയുടെ പരിപാടി അടുത്ത മാസമല്ലേ? സമയത്ത് നമ്മള് ചെന്ന് ക്ഷണിക്കുമ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും അസൗകര്യമുണ്ടായാലോ? നാളെ അവധിയല്ലേ? നമുക്ക് രണ്ട് പേർക്ക് കൂടി നാളെത്തന്നെയങ്ങ് പോയാലോ ?വീട് എവിടാണെന്ന് നമുക്ക് പ്രസിഡണ്ടിനോട് ചോദിച്ചറിയാം,

എങ്കിൽ പിന്നെ, നാളെ തന്നെ പോകാം ,നല്ല കാര്യങ്ങളൊന്നും വെച്ച് താമസിപ്പിക്കാൻ പാടില്ലെന്നാ

അങ്ങനെ അവർ പിറ്റേ ദിവസം തന്നെ, പ്രശസ്തനായ സാഹിത്യകാരൻ്റെ വീട്ടിൽ ചെന്ന് കോളിംഗ് ബെല്ലിൽ വിരലമർത്തി.

കുറച്ച് കഴിഞ്ഞപ്പോൾ, എളിയിലൊരു കൈക്കുഞ്ഞുമായി, പഴയൊരു കോട്ടൺ സാരി ചുറ്റിയ ഒരു യുവതി വന്ന് വാതിൽ തുറന്നു.

ദേവൻ സാറില്ലെ?

ഓഹ്, അങ്ങേരിവിടില്ല,

അവരുടെ മറുപടി കേട്ട് സുജാതയും രാജുവും അമ്പരന്നു.

എവിടെ പോയതാ ?

ആഹ് ആർക്കറിയാം, ഇന്നലെ രാവിലെ ബാഗും തൂക്കി ഇവിടുന്നിറങ്ങി പോകുന്നത് കണ്ടു, എങ്ങോട്ടാണെന്നൊന്നും പറഞ്ഞില്ല, അല്ല ,എന്നോട് പറയാറില്ല ,ഞാൻ ചോദിക്കാറുമില്ല

നീരസത്തോടെയുള്ള അവരുടെ സംസാരത്തിൽ, സുജാതയും ഭർത്താവും പകച്ച് പോയി.

അല്ല ,നിങ്ങൾ അദ്ദേഹത്തിൻ്റെ ഭാര്യ തന്നെയല്ലേ?

ഓഹ് താലി കെട്ടിയത് കൊണ്ടൊ ,അയാൾടെ മക്കളെ പ്രസിച്ചത് കൊണ്ടൊ ഭാര്യയാകുമെങ്കിൽ, അതെ ഞാൻ ഭാര്യ തന്നെയാണ്

അദ്ദേഹം വരുമ്പോൾ ഞങ്ങൾ വന്നന്വേഷിച്ചതായിട്ടൊന്നു പറയാമോ ?

ഹ ഹ ഹ കൊള്ളാം ,അങ്ങേരിനി ഏത് കോലത്തിലാണ് വരുന്നതെന്ന് ആർക്കറിയാം? വന്നാൽ തന്നെ, എൻ്റെ കാര്യങ്ങൾ കേൾക്കാൻ തന്നെ അങ്ങേർക്ക് സമയം കാണില്ല, അപ്പോഴാ നിങ്ങടെ കാര്യം, നിങ്ങള് പോകാൻ നോക്ക്

അതും പറഞ്ഞവർ വാതിൽ വലിച്ചടച്ചപ്പോൾ, രാജുവും സുജാതയും സ്തബ്ധരായി നിന്ന് പോയി.