അമ്മ….
എഴുത്ത്: മനു പി എം
കനൽ കെട്ട് പോയ അടുപ്പിനരികിൽ. അവളിരുന്നു..രാത്രിയേറെയായിട്ടും അവൾക്ക് പേടി തോന്നിയില്ല..
കൈകളിൽ മോണക്കാട്ടി കിടന്നു ചിരിക്കുന്ന തൻെറ കുഞ്ഞിനെ നോക്കുമ്പോൾ അവളിൽ ഒട്ടും പേടിയില്ലായിരുന്നു
അവൻെറ കിലുങ്ങി ചിരികൾക്കൊപ്പം പ്രത്യേക ശബ്ദം പുറപ്പെടിക്കുമ്പോൾ അവളവൻെറ കുഞ്ഞു ചുണ്ടുകളിൽ മൃദുവായി പിടിച്ചവൾ കൊഞ്ചിച്ചു ..
അമ്മയുടെ മുത്തെ … എൻ്റെ തക്കുടു കുഞ്ഞല്ലെ..അവനു മാത്രം കേൾക്കാവുന്ന സ്വരത്തിൽ അവളും അവനൊപ്പം ഒച്ചയില്ലാതെ ചിരിച്ചു…
അപ്പോഴൊക്കെ അവൻ കൈകളിട്ട് അടിക്കുമ്പോൾ അവൻെറ വിരലുകൽക്ക് ഇടയിൽ അവൾ വിരൽ വച്ചു കൊടുക്കും….
അപ്പോഴവന്റെ കുഞ്ഞു കൈകൾ കൊണ്ട് പിടിച്ച് ഒരിക്കലും പിടിവിടില്ലെന്ന വാശിയോടെ അവനവളുടെ വിരലിൽ.മുറുകെ പിടിച്ച് മൊണക്കാട്ടി ചിരിക്കും …..
ഒടുവിൽ അവൻ കൈകൾ കൊണ്ട് കണ്ണു തിരുമ്പുമ്പോൾ അവൾ സങ്കടത്തോടെ ചോദിക്കും..
അച്ചോട അമ്മേടെ മുത്തിന് ഉറക്കം വന്നോ…
മെല്ലെ തൻെറ മാ റിടങ്ങളിൽ ഇഴയുന്ന അവൻെറ കുഞ്ഞു കൈകൾ പിടിച്ചു. വേദനയോടെ ചുംബിച്ചു കൊണ്ട് അവൾ തൻെറ മാ റിടത്തിലെ മു ലകണ്ണുകളെ അവൻെറ ചുണ്ടുകളിലേക്ക് വച്ചു കൊടുക്കും
അവന്റെ കുഞ്ഞി ചുണ്ടുകൾ ആർത്തിയോടെ പാൽ നുണഞ്ഞു തുടങ്ങുമ്പോൾ അവൾ അവൻെറ ശിരസ്സിൽ തലോടി എന്തിനോ ഓർത്തു കരയും കരഞ്ഞു കൊണ്ട് ചിരിക്കും..
മെല്ലെ ഉറക്കത്തിലേയ്ക്കാഴ്ന്നു പോയ കുഞ്ഞിനെ തന്നിൽ നിന്നും അടർത്തി മാറ്റി കടത്തി ആ നിഷ്കളങ്ക മുഖത്തേയ്ക്കു നോക്കി ഇരിക്കെ .. മനസ്സിൽ മദ്യപാനിയായ തൻെറ ഭർത്താവിൻെറ മുഖം വരുമ്പോൾ ആ നിമിഷം അവൾ പേടിച്ച് അവനെ തന്നിലേക്കു ചേർത്ത് പിടിച്ചു ചുരുണ്ടു കൂടി കിടക്കും….
പുറത്ത്.. കാലടികൾ അടുത്തു വരുന്നതു കേട്ടു. കൂടെ വാതിലിലെ ശക്തമായ മുട്ടലും. അവൾ പിടഞ്ഞെഴുന്നേറ്റു. കുഞ്ഞിനെ ഒന്ന് നോക്കി അവനപ്പോഴും ഉറങ്ങുകയാണ്. മെല്ലെ എഴുന്നേറ്റു അവനെ ഉണർത്താതെ വാതിലേക്ക് നടന്നു ചെന്നു ഒരു നിമിഷം നിന്നു..
അപ്പോഴും അവളുടെ കണ്ണുകൾ ഭയന്ന് വിളറി കൊണ്ട് നിറഞ്ഞു വന്നു കഴിഞ്ഞു കൂടെ മ ദ്യത്തിൻെറയും ബീ ഡിയുടെയും വൃത്തിക്കെട്ട ഗന്ധം അവളെ വരിഞ്ഞു മുറുകി ശ്വാസം മുട്ടിച്ചു..
മെല്ലെ വാതിൽ തുറന്നു മുന്നിൽ കടിച്ചു കീറാൻ വെമ്പുന്ന മൃഗത്തെ പോലെ നിൽക്കുന്ന ഭർത്താവ്.
അയാളുടെ ചുവന്നു കണ്ണുകളിൽ ക്രൂരത നിറഞ്ഞിരുന്നു.അയാൾ അവളെ നോക്കി പല്ലുകൾ ഞെരിഞ്ഞു..
എന്താടീ ക ഴുവേ റി മോളെ നിനക്ക് വാതിൽ തുറക്കാൻ ഇത്രയും താമസം ആരാടി അകത്ത് .അയാൾ ഉറക്കെ അലറി കൊണ്ട് അവളെ പിടിച്ചു തള്ളി മാറ്റി….
പകുതി തുറന്ന വാതിലിൽ അയാൾ ശക്തമായി അകത്തേയ്ക്കു ചവിട്ടി തുറന്നു..അത് ഇനിയൊരു പ്രഹരമേൽക്കാൻ ശേഷിയില്ലാത്ത പോലെ ആ വാതിൽ ചുമരിൽ വന്നടിച്ചു ഉറക്കെ പ്രകമ്പനം കൊണ്ടു.
അവൾ ഭീതിയോടെ പിന്നിലേയ്ക്കു മാറി നിന്നു.
വച്ചു വേച്ചു വീഴാൻ പോകുന്ന ചുവടുകളോടെ അകത്തേക്ക് കയറുമ്പോൾ അയാളുടെ അഴിഞ്ഞു വീണ മുണ്ടു അയാൾ നിലത്തിട്ട് ചവിട്ടി പല്ലുകൾ കടിച്ചു നേരെ അടുക്കളയിലേക്ക് നടക്കുമ്പോൾ…..
വിറയ്ക്കുന്ന കാലുകളോടെ അയാൾക്കു പിന്നാലെ ചെന്നു ..കനൽ കെട്ട അടുപ്പിനു മീതെ വച്ചിരിക്കുന്നു ചോറും കലത്തിലെ ചൂടുവെള്ളം അടുപ്പിലേക്ക് ഒഴുകി വീണാപ്പോൾ ശ്വാസം കിട്ടാതെ അത് വെണ്ണീറ്..തുപ്പി..
മറ്റു പാത്രങ്ങൾ അയാൾ കലിയിളകിയ മൃഗത്തെ പോലെ തട്ടിത്തെറിപ്പിച്ച ശേഷം …അയാൾ അവളെ വിളിച്ചു മുരണ്ടു കൊണ്ട് വെട്ടിത്തിരിഞ്ഞു. നോക്കി..
വാതിലിൽ പേടിച്ചു നിൽക്കുന്ന അവളെ കണ്ടതും അയാൾ പല്ലുകൾ കടിച്ചു കൊണ്ടു അലറി..
കഞ്ഞിയെടുത്തു വെക്കെടീ .പൂ***മോളെ. ..
ഇന്നിവിടെ ഒന്നും വച്ചില്ലാ ഏട്ടാ..
വെച്ചുണ്ടാകാൻ എന്തെങ്കിലും ഉണ്ടെങ്കിൽ അല്ലേ വെക്കാൻ പറ്റു..അരി വാങ്ങി വരാമെന്നു പറഞ്ഞല്ലെ ഏൻെറ കൈയ്യിലുള്ള കാശ് വാങ്ങി പോയെ….
അയാൾ വീണ്ടും പല്ലുകൾ കടിച്ചു…അവളുടെ വാക്കുകളെ കാർക്കിച്ചു തുപ്പികൊണ്ട് അയാൾ അലറി…
കഞ്ഞിയെടുത്തു വെക്കടി..ചൂ ലേ…
ഞാൻ ഒന്നും വച്ചില്ല ഇവിടെ ..!!
കേട്ടപടി അയാൾ അവളോടെ അടുത്തേക്ക് വിഴും പോലെ പാഞ്ഞു വന്നു അവളുടെ വസ്ത്രം പിടിച്ച് കീറി മുടിക്കുത്തിൽ പിടിച്ചു ചുമരിലേക്ക് തള്ളി..
അപ്പോഴും അയാൾ വീണ്ടും കുഴഞ്ഞ നാവിൽ പറഞ്ഞു .. കഞ്ഞിയെടുക്കടി…
നിലത്തേയ്ക്കു വീണ അവൾ ഒരു ബലി മൃഗത്തെ പോലെ കുനിഞ്ഞിരിക്കുക അല്ലാതെ അവളൊന്നും പറഞ്ഞില്ല..
അയാൾ അവളെ കാലുയർത്തി തോളിൽ ആഞ്ഞു ചവിട്ടി .ബീ ഡിക്കറ മണക്കുന്ന ചുണ്ടുകൾ നുണഞ്ഞ അയാൾ അവജ്ഞയോടെ നിലത്തു കിടന്ന അവളെ ഒന്നു നോക്കിട്ടു വെറുപ്പോടെ അവളിലേക്ക് തുപ്പി…
കുനിഞ്ഞിരുന്ന അവളുടെ മുടികളിൽ പിടിച്ചു അയാൾ അവളെ നിലത്തൂടെ വലിച്ചു.. കൊണ്ടു പോകുമ്പോൾ.
തൊട്ടുടത്തയ മുറിയിലെ നിലത്തെ പായയിൽ കിടക്കുന്ന തൻറെ കുഞ്ഞിലായിരുന്ന അവളുടെ നിറഞ്ഞ കണ്ണുകൾ..
പിന്നെ അവനുണരല്ലെ എന്നൊരു പ്രാർത്ഥനയായിരുന്നു അവളുടെ നെഞ്ചിൽ ..
വലിച്ചിഴച്ച് അയാളുടെ കൈകൾ അവളിൽ പ്രഹരമേല്പിച്ചു രസിക്കുമ്പോഴും. ചോദിക്കാനും പറയാനും ആരുമില്ലാത്തവളെ പോലെ അവൾ അയാളോട് യാചിച്ചു ..
ഞാനെന്തു ചെയ്തു ….എന്തിനെന്നെ തല്ലുന്നെ എന്നവൾ കരഞ്ഞു കൊണ്ട് പറയുമ്പോൾ അവളുടെ തൊണ്ടയിൽ അടിഞ്ഞു കൂടിയ ഉമിനീരിൽ ആ ശബ്ദം ഇടറിയിരുന്നു..
അയാളുടെ കലിയടങ്ങിയപ്പോൾ അവളെ അവളിലെ പിടിവിട്ടു അയാൾ പുറത്തേയ്ക്കു പോയ. നിമിഷം അകത്തെ മുറിയിൽ നിന്നും കുഞ്ഞെഴുന്നേറ്റു കരഞ്ഞു തുടങ്ങിയ നിമിഷം അവനടുത്തേയ്ക്ക് പോകാനുള്ള ശേഷി അവൾക്കില്ലായിരുന്നു ..
ആ മുറിയുടെ ഒരു മൂലയിൽ പി ച്ചി ചീ ന്തപ്പെട്ടവളെ പോലെ അവൾ കുനിഞ്ഞിരിക്കെ. ആ നിമിഷം അവളുടെ ശരീരം പേടിച്ച് കൊണ്ട് നന്നായി വിറക്കുന്നുണ്ടായിരുന്നു.. ..
അകത്തെ മുറിയിൽ കിടന്നു അവൻ കരഞ്ഞു അവൻെറ അമ്മയെ കാണാഞ്ഞിട്ട് ഉറക്കെ ഉറക്കെ കരഞ്ഞു കുഞ്ഞു കണ്ണുകളിൽ നിന്നും കണ്ണൂനീർ ഒഴുക്കി കൊണ്ട് .
**********************
നീ കഴിക്കുന്നില്ലെ…കൂട്ടുക്കാരൻെറ ചോദ്യത്തിന്.. അവൻ നിറഞ്ഞൊരു പുഞ്ചിരി നൽകി..
മനസ്സിൽ നിറയെ മ ദ്യപിച്ചു നാല് കാലിൽ വരുന്ന അച്ഛൻെറ മുഖമായിരുന്നു.. പേടി പെടുത്തുന്ന രാത്രികളിൽ തന്നെ ചേർത്ത് പിടിക്കുന്ന അമ്മയുടെ ചൂടും..
രാത്രി വൈകി കിടക്കുമ്പോൾ അമ്മയുടെ ശരീരത്തിൽ നിന്നും വരുന്ന മ ദ്യത്തിൻെറയും തുപ്പലിൻെറയും ഗന്ധവും .കീറിയ വസ്ത്രങ്ങളുടെ വിടവിൽ മുറിൻെറ പാടും .
ഇല്ല ..ഞാൻ കഴിക്കാറില്ല..അവൻ പറഞ്ഞു..
കഴിക്കെടാ ഒരു പെഗ്ഗ് എങ്കിലും. നീ ഗൾഫിൽ നിന്നും തിരിച്ചു വന്ന നല്ലൊരു ദിവസമായിട്ടു നമുക്കൊന്നു ആഘോഷിക്കണ്ടേ ..
എനിക്ക് വേണ്ട ഞാൻ കഴിക്കില്ലെടാ ..ഞാൻ കഴിച്ചിട്ട് ചെന്നാൽ.. എൻ്റെ അമ്മ കരയും.
അതും. പറയുമ്പോൾ അവൻ കരഞ്ഞിരുന്നു..പിന്നീട് ഒരു മറുപടിക്ക് കാത്തു നിൽക്കാതെ അവൻ ആ ഇരുളിലേയ്ക്കു നടന്നിറങ്ങി..
വീട്ടിലേക്ക് ചെല്ലുമ്പോൾ.. അവനെ കാത്തു ഉമ്മറത്ത് അവൻെറ അമ്മയുണ്ടായിരുന്നു .
പടികൾ കയറി ഉമ്മറത്ത് ചെല്ലുമ്പോൾ.. വാതിലിനു മുകളിൽ ചുമരിലെ മങ്ങിയ ചിത്രത്തിൽ അവൻെറ അച്ഛൻെറ മുഖവും..
നീ ..നിനക്ക് വിശക്കുന്നില്ലെ….ഒന്നും കഴിക്കുന്നില്ലെ മോനെ..
ഉണ്ട് അമ്മ.നല്ല വിശക്കുന്നുണ്ട് കഴിക്കണം .വാ അമ്മ കഴിച്ചോ..
ഇല്ലെട.. എൻ്റെ കുട്ടി വന്നിട്ട് കഴിക്കാതെ ഞാൻ കഴിക്കില്ലല്ലോ..
നമ്മുക്ക് കഴിക്കാ അല്ലെ.. അതും പറഞ്ഞു അവൻ അമ്മയെ ചേർത്ത് പിടിച്ച് നെറുകയിൽ ചുംബിച്ചു..അകത്തേക്ക് കയറുമ്പോൾ….
അവൻെറ അമ്മയുടെ ശരീരത്തിലെ വിയർപ്പിന്റെ മണത്തിന് . അവനുവേണ്ടി മാത്രം നീക്കി വച്ചൊരു ജീവിതത്തിൻെറ ഗന്ധമായിരുന്നു.