സ്റ്റാറ്റസുകളുടെ ലോകം
എഴുത്ത്: സമീർ ചെങ്ങമ്പള്ളി
ഇൻസ്റ്റഗ്രാമും ടിക്ടോകും കാരണം കല്യാണം കഴിക്കാൻ പേടിച്ചു നടക്കുന്ന ചെങ്ങായിമാരുണ്ടോ നിങ്ങൾക്ക്.
എന്റെ ഒരു കൂട്ടുകാരന് പെണ്ണ് കെട്ടാൻ പേടിയാണത്രെ.
മഹർ വാങ്ങിക്കണം, പിന്നെ കുടുംബക്കാരും അയൽക്കാരും കൂട്ടുകാരുമടക്കം കഷ്ടിച്ചൊരു 200 പേർക്ക് ബിരിയാണി കൊടുക്കണം. ഇതിനിപ്പോ ഇത്ര പേടിക്കാനുണ്ടോ എന്ന് ഞാനവനോട് ചോദിച്ചു.
പക്ഷേ അവൻ പറഞ്ഞ മറുപടിയെന്റെ ഉത്തരം മുട്ടിച്ചു.
മഹ്റും ബിരിയാണിയുമൊക്കെ പണ്ടായിരുന്നു. ഇപ്പോൾ ഇതില് രണ്ടിലുമല്ല കാര്യം. സ്റ്റാറ്റസിലാണ് കാര്യം. മനസ്സിലായില്ലല്ലേ?..
ഒരു പെണ്ണിനെ കണ്ട് ഇഷ്ടപ്പെട്ടാൽ വീട്ടിലുള്ള പെണ്ണുങ്ങളെല്ലാം അവളെക്കാണാൻ ഒരു വലിയ പെട്ടി നിറയെ സാധനങ്ങളുമായി പോകും. അതിൽ ആദ്യത്തെ അറയിൽ അവൾക്കുടുക്കാനുള്ള വിലകൂടിയ വസ്ത്രങ്ങൾ, ചെരുപ്പുകൾ, മറ്റു കോസ്മെറ്റിക്സ്….
രണ്ടാമത്തെ അറയിൽ നാട്ടിലെ ഏറ്റവും വിലകൂടിയ ചോക്കലേറ്റുകളെല്ലാം വട്ടത്തിൽ ഒട്ടിച്ചു വെക്കും. ഒന്നും രണ്ടുമല്ല, ചുരുങ്ങിയത് ഒരു നൂറെണ്ണമെങ്കിലും.
മൂന്നാമത്തെ അറയിൽ വല്ല ഡയമണ്ട് നെക്ക്ലെസോ, റിങ്ങോ അങ്ങനെ “വിലകുറഞ്ഞ” എന്തെങ്കിലും.
ചെക്കന്റെ വീട്ടുകാർ പോയിക്കഴിഞ്ഞതും ഹിന്ദിപാട്ടിന്റെ പശ്ചാത്തലത്തിൽ ആ പെട്ടി തുറക്കുന്ന സ്ലോമോഷൻ വീഡിയോ ടിക്ടോകിലോ ഇൻസ്റാഗ്രാമിലോ ഇട്ടാൽ പിന്നെ ലൈക്സുകളുടെ വരവായി. അവളെടുത്ത വീഡിയോയുടെ ഒരു കോപ്പി അവനും അയച്ചു കൊടുത്താൽ അവനും കിട്ടും ആവോളം ലൈക്സ്.
പിന്നെ നിശ്ചയം, നിക്കാഹ്, കല്യാണം, ഒന്നാം സൽക്കാരം, രണ്ടാം സൽക്കാരം, വയറു കാണൽ, പേറ്റിന് കൂട്ടിക്കൊണ്ടുപോകൽ, പ്രസവം, നാല്പത്, ആദ്യത്തെ കമിഴൽ, നീന്തൽ, നടത്തം, കിടത്തം…സ്റ്റാറ്റസ് ആഘോഷം തുടങ്ങുകയായി മക്കളെ. അതോടൊപ്പം താങ്ങാൻ പറ്റാത്ത പണച്ചിലവും.
നമ്മളെല്ലാം പെണ്ണ് കെട്ടുന്നത് ഒരു നല്ല കുടുംബ ജീവിതം നയിക്കുന്നതിന് വേണ്ടിയല്ലേ?…ഇവർ പെണ്ണ് കെട്ടുന്നതെ സ്റ്റാറ്റസിടാൻ വേണ്ടിയാണ്. ജീവിതം തന്നെ സ്റ്റാറ്റസ് മഹാമഹം.
നീ ഒരു പാവപെട്ടവനല്ലേ, നിനക്കിതൊക്കെ വേണോ എന്ന് ഞാൻ നിഷ്കളങ്കമായി അവനോട് ചോദിച്ചു.
സ്റ്റാറ്റസുകളുടെ ലോകത്തിൽ പാവപ്പെട്ടവനും പണക്കാരനും ഇല്ലത്രെ. ഒന്നാലോചിച്ചാൽ അവനെ കുറ്റപ്പെടുത്താനും പറ്റില്ല. ഇതിലൊന്നും പങ്കെടുക്കാത്തവൻ നമ്മുടെ സമൂഹത്തിൽ ജീവിക്കാൻ കൊള്ളില്ലത്രേ.
ആരുടെയെങ്കിലും ബർത്ത്ഡേക്കോ ആനിവേഴ്സറിക്കോ സ്റ്റാറ്റസ് ഇട്ടില്ലെങ്കിൽ ബന്ധങ്ങൾക്ക് അകാല വിരാമമാകുന്ന കാലത്ത് അവൻ പറഞ്ഞതിലും ശെരിയുണ്ടെന്ന് എനിക്ക് തോന്നി…
എന്റെ പൊന്നു മക്കളെ, കാശുള്ളവൻ അങ്ങനെ പലതും ചെയ്യും. അതെല്ലാം അനുകരിച്ച് സമൂഹത്തിലേക്ക് പറിച്ചു നടുമ്പോൾ ഇതെല്ലാം ഏറ്റുപിടിക്കാൻ നിർബന്ധിതരാകുന്ന ഒരു തലമുറ വരാനുണ്ടെന്ന ബോധ്യമാണ് ആദ്യം ഉണ്ടാകേണ്ടത്.
നമ്മൾ ചെയ്യുന്ന വിഡ്ഢിത്തരങ്ങൾക്ക് അവരെന്ത് പിഴച്ചു?…