നേർത്ത ചിരിയോടെ അഞ്ജലി ഉദരത്തിൽ കൈ വെച്ചു. രാഹുലിനോട് പറയാൻ ഒരു സർപ്രൈസ് ഉണ്ട്…

അരയാലിലകൾ പൊഴിയുന്നു….

Story written by AMMU SANTHOSH

കഥയ്ക്ക് ഒരു പേരു കിട്ടിയ സന്തോഷത്തിലായിരുന്നു അഞ്ജലി ..ഏറെ നാളായി ഒരു കഥ എഴുതിയിട്ട് .ഇതിപ്പോൾ രാഹുൽ ബിസിനെസ്സ് ടൂറിലായതു കൊണ്ട് മാത്രം നടന്നതാണ്.രാഹുലിന് കഥകൾ ഇഷ്ടമല്ല ,വായന തീരെയില്ല,കണക്കുകളുടെ ലോകമാണ് അവന്റേത് ,നിക്ഷേപങ്ങളുടെ ,ഓഹരികളുടെ ലോകം

“നിന്റെ കഥ പോലെയല്ല .ജീവിതം ..മൈ ബിസിനെസ്സ് ..ദിസ് ഈസ് റിയാലിറ്റി ..ദിസ് ഈസ് നോട് ഇമാജിനേഷൻ “

ചിലപ്പോൾ പൊട്ടിത്തെറിക്കും .ഇപ്പോൾ അത് ശീലമായിരുന്നു അച്ഛന്റെ ബിസിനെസ്സ് പാർട്ണറിന്റെ മകൻ ,അമേരിക്കയിൽ നിന്നു ബിരുദമെടുത്ത സ്വർണപ്പക്ഷിയെ അച്ഛൻ ഒരു കൂടു കെട്ടി അടച്ചു..കൂട്ടത്തിൽ തന്നെയും .പൊരുത്തക്കേടുകൾ നിറഞ്ഞ കലഹങ്ങൾ നിറഞ്ഞ ആറു മാസം കടന്നു പോയിരിക്കുന്നു.

“അടിവയറ്റിലെന്തോ ഒന്നനങ്ങിയോ ?”

നേർത്ത ചിരിയോടെ അഞ്ജലി ഉദരത്തിൽ കൈ വെച്ചു .രാഹുലിനോട് പറയാൻ ഒരു സർപ്രൈസ് ഉണ്ട് .രണ്ടു മാസം കഴിഞ്ഞിട്ടാണ് താൻ പോലും അറിഞ്ഞത് .ഒരു പാട് പൊരുത്തക്കേടുകൾ ഉണ്ടെങ്കിലും തന്റെ ആദ്യ പ്രണയം രാഹുൽ ആണ്. രാഹുലിന് അതറിയില്ല എന്നേയുള്ളു.

പുറത്തു കാറിന്റെ ഹോൺ കേട്ടു അഞ്ജലി എഴുനേറ്റു. രാഹുൽ ക്ഷീണിതനായിരുന്നു അയാൾ അവൾക്കു മുഖം കൊടുക്കാതെ മുറിക്കുള്ളിലേക്ക് പോയി

അഞ്ജലി കിച്ചണിലേക്കും

“എനിക്ക് നിന്നോട് പ്രധാനപ്പെട്ട ഒരു കാര്യം പറയാനുണ്ട് ഇരിക്ക് ” രാഹുൽ വെളുത്ത കുർത്തയിൽ അതീവ സുന്ദരനായി കാണപ്പെട്ടു .

അഞ്ജലി കസേരയിലമർന്നു

“അഞ്ജലി നിനക്ക് എന്നെ നന്നായി അറിയാം നാം തമ്മിലുള്ള പൊരുത്തക്കേടുകൾ. നീയോ ഞാനോ പ്രണയിച്ചു വിവാഹം കഴിച്ചവരല്ല .അങ്ങനെ ആയിരുന്നെങ്കിൽപരസ്പരം മനസ്സിൽ ആകുമായിരുന്നു ..അങ്ങനെ മനസിലായിരുന്നെങ്കിൽ ഞാൻ നിന്നെ തിരഞ്ഞെടുക്കുമായിരുന്നില്ല “

അഞ്ജലിയുടെ മുഖം താണു .അവളുടെ ഇരുണ്ട ചർമം അവളെ നോക്കിപരിഹസിച്ചു ചിരിച്ചു

“ഇന്നുനമ്മുടെ വിവാഹം നടത്തിയ നിന്റെ അച്ഛൻ ജീവിച്ചിരിപ്പില്ല .ഉണ്ടായിരുന്നെങ്കിൽ ഞാനിതു അദ്ദേഹത്തോട് പറഞ്ഞേനെ .” അഞ്ജലിയുടെ ഹൃദയം ക്രമാതീതമായമിടിച്ചു തുടങ്ങി.

“നമുക്കു വിവാഹമോചിതരാവാം “

തീരെ തണുത്ത സ്വരത്തിലാണവൻ പറഞ്ഞത് അഞ്ജലി നടുക്കത്തോടെ മുഖം ഉയർത്തി

“എന്റെ സ്വത്തു മുഴുവൻ നീ എടുത്തോ ..ഐ വാണ്ട് ടു ലീവ് ഫ്രീ .എനിക്ക് തിരികെ അമേരിക്കയിലേക്ക് പോകണം ..ഇവിടെ എനിക്ക് ശ്വാസം മുട്ടുന്നു. ഈ നാടും ഈ ലൈഫും ടെറിബിൾ ..ഐ കാന്റ് ലീഡ് എ കൺട്രോൾഡ് ലൈഫ് “

അഞ്ജലിക്ക് അവനെ മനസിലാക്കാൻ സാധിക്കുന്നുണ്ടായിരുന്നു .ഹൃദയത്തിൽ നിന്നു ഒരു പക്ഷിയുടെ ചിറകടിയൊച്ച കേൾക്കാം ..സാവധാനം അത് നിലച്ചു.

“സമ്മതം”അവൾ പുഞ്ചിരിയോടെ പറഞ്ഞു

ഒരു ആത്മാവിനെ തടങ്കലിൽ വെച്ച് ആത്മസംഘര്ഷങ്ങള്ക്കടിമയാക്കി ജീവിതം നശിപ്പിക്കുന്നതെന്തിന് ?

വീണ്ടും അടിവയറ്റിലെന്തോ അനങ്ങുന്ന പോലെ

അവൾ അവന്റെ അരികിൽ നിന്നെഴുന്നേറ്റു മുറിയിലേക്ക് പോരുന്നു

കണ്ണാടിക്കു മുന്നിൽനിന്നു ഉദരത്തിൽ കൈ വെച്ചു

“നമ്മൾ ഉപേക്ഷിക്കപ്പെടുകയാണ് കുഞ്ഞേ ..അമ്മയെ കഷ്ടപ്പെടുത്തല്ലേ “

അവളുടെ കണ്ണിൽ നിന്നു നീര്തുള്ളികൾ നിലത്തേക്ക് ചിതറി വീണു

രാഹുൽ കൊടുത്ത ക്രെഡിറ്റ് കാർഡുകളും ബാങ്കിന്റെ പാസ് ബുക്കും അവൾ നിഷേധിച്ചു .

“അച്ഛൻ എനിക്കായി എല്ലാം സമ്പാദിച്ചിട്ടുണ്ട് രാഹുൽ..എനിക്കൊന്നും വേണ്ട .. സ്റ്റേ ഹാപ്പി.”

രാഹുലിന്റെ മുഖം വിളറി

“എന്റെ സ്ത്രീത്വത്തിനു വിലയിട്ടു സ്വയം താഴരുത് രാഹുൽ “

അവൾവീണ്ടും മൃദുവായി പറഞ്ഞു ..

നമുക്കു സ്ഥാനമില്ലാത്തയിടത്തു നിന്നു പിന്മാറിയെക്കുക ..എന്നെന്നേക്കുമായി …വിലപേശലുകളോ കലഹങ്ങളോ കെഞ്ചലുകളോ അരുത്…ദാനം കിട്ടുന്ന സ്നേഹമല്ല ..സ്ത്രീക്ക് വേണ്ടത് ..ചുറ്റിപിടിച്ചു വരിഞ്ഞു മുറുക്കി ശ്വാസം മുട്ടിക്കുന്ന തീ പോലെയുള്ള സ്നേഹം ..അത് കിട്ടുന്നവർ ഭാഗ്യവതികൾ ..’അമ്മ പറയാറുള്ളത് അവൾ അപ്പോൾ ഓർത്തു

എയർ പോർട്ടിലവനെ യാത്രയാക്കുമ്പോളും അവൾ പ്രസന്നവതിയായിരുന്നു

രാഹുൽ മുന്നോട്ടു നടക്കവേ ഒന്ന് തിരിഞ്ഞു നോക്കി .അഞ്ജലി നിന്നിരുന്ന സ്ഥലം ശൂന്യമായിരുന്നു ..

“രാഹുൽ ” ഒരു വിളിയൊച്ച

ഡോക്ടർ ഗായത്രി ..

“ഒരു മെഡിക്കൽ കോൺഫറൻസ് ഉണ്ടായിരുന്നു “ഗായത്രി പുഞ്ചിരിച്ചു ..

“ഞാൻ ഒരു ഷോർട് ട്രിപ്പ് ..യു എസ്”രാഹുൽ പറഞ്ഞു

“നോട് ഫെയർ രാഹുൽ …വൈഫ് ക്യാരിചെയ്തിരിക്കുന്ന ഈ സമയം തന്നെ …പോകണോ?”

രാഹുൽ അത് ശരിക്കു കേട്ടില്ല .ഗായത്രി പോയി കഴിഞ്ഞു. അവൻ അത് ഒന്ന് കൂടി ഓർത്തെടുക്കാൻ ശ്രമിച്ചു അഞ്ജലി പറഞ്ഞില്ലല്ലോ എന്നവൻ ഓർത്തു . എത്ര ശ്രമിച്ചിട്ടും ഉള്ളിൽ നിന്നുയർന്നു വന്ന വേദനയുടെ കടലിരമ്പം അയാളെ ഉലച്ചു തുടങ്ങി

അഞ്ജലി മറുപടി ഒന്നും പറയാതെ ഫോൺ പിടിച്ചു നിന്നു

“അഞ്ജലി “മുഴക്കമുള്ള സ്വരം

“രാഹുൽ ഇപ്പോൾ ഉള്ളത് നമ്മുടെ കുഞ്ഞിനോടുള്ള രാഹുലിന്റെ സ്നേഹമാണ് ..അവൻ എന്നും രാഹുലിന്റേതായിരിക്കും ..പക്ഷെ ഞാൻ ഇനി ഒരിക്കലും രാഹുലിന്റേതാവില്ല ..എന്നെ വേണ്ടാത്ത ഒരിടത്തു എന്തിന്റെ പേരിലായാലും ഞാൻ ഉണ്ടാവില്ല “

“നിനക്ക് എന്നോട് ക്ഷമിക്കാൻ വയ്യേ അഞ്ജലി?” അവന്റെ ശബ്ദം ഒന്നടച്ചു

“ഇതിൽ ക്ഷമയില്ല സഹനം മാത്രമേയുള്ളു അക്ഷരങ്ങളുടെയും കണക്കുകളുടെയും ലോകം ഇരുധ്രുവങ്ങൾ പോലെയാണ്. രണ്ടറ്റങ്ങളിൽ. …വിവാഹ മോചനം നടക്കട്ടെ. നല്ല ഒരു പെൺകുട്ടിയെ കിട്ടട്ടെ രാഹുലിന് ” ഫോൺ കട്ട് ആയി

************

പിഞ്ചിളം ചുണ്ടു പിളർത്തി അവൻ കരഞ്ഞു തുടങ്ങി .അമ്മയുടെ മു ലപ്പാലിനായുള്ള കരച്ചിൽ .രാഹുൽ മുറിക്കു വെളിയിലേക്കിറങ്ങി .അഞ്ജലി ഒരുതവണ പോലും അവന്റെ മുഖത്തേക്ക് നോക്കിയിരുന്നില്ല. അവളുടെ മൗനവും അവഗണനയും അവനെ തകർത്തു കളഞ്ഞു. അവളുട പതിഞ്ഞ ശബ്ദം കേൾക്കാൻ അവനു കൊതി തോന്നി. തന്റെ സങ്കല്പങ്ങളിലെ പെണ്ണായിരുന്നില്ലവൾ . പക്ഷെ ഇന്ന് തന്റെ കുഞ്ഞിന്റെ അമ്മയായി കഴിഞ്ഞു എന്ന സത്യത്തിനു അവനെ അടിമുടി മാറ്റാൻ തക്കവണ്ണം ഉള്ള ശക്തി ഉണ്ടായിരുന്നു .എന്നെങ്കിലും എപ്പോളെങ്കിലും ആ കണ്ണുകൾ തന്നിൽ പതിഞ്ഞേക്കും “.രാഹുൽ” എന്ന് വിളിച്ചേക്കും .അവന്റ കണ്ണുകൾ മെല്ലെ നിറഞ്ഞു

ഒരു നിമിഷം ..ജീവിതത്തിലെ ഒരേ ഒരു നിമിഷം നമുക്കു നഷ്ടപ്പെടുത്തുന്നത് സ്നേഹത്തിന്റെ അനന്തമായ ആകാശത്തെയാവും …തിരിച്ചു കിട്ടാൻ ഒരു പക്ഷെ ഒരിക്കലും സാധ്യത ഇല്ലാത്ത നീലാകാശം .