വിവാഹം കഴിഞ്ഞു മൂന്നാം മാസം കൈയ്യിലൊരു ബാഗുമായി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മോളെ കണ്ടപ്പോൾ…

സ്ത്രീധനം

എഴുത്ത്: ഷെഫി സുബൈർ

വിവാഹം കഴിഞ്ഞു മൂന്നാം മാസം കൈയ്യിലൊരു ബാഗുമായി ഓട്ടോറിക്ഷയിൽ വന്നിറങ്ങിയ മോളെ കണ്ടപ്പോൾ ആ അമ്മയുടെ ഉള്ളൊന്നു കാളി. ഈശ്വരാ, അരുതാത്തതൊന്നും സംഭവിച്ചു കാണരുതേയെന്നു ആ പെറ്റവയറു ദൈവങ്ങളെയെല്ലാം വിളിച്ചു.

അവളുടെ കൈയിൽ നിന്നും ബാഗ് വാങ്ങുമ്പോൾ, ചിരിച്ചുകൊണ്ട് അമ്മ ചോദിച്ചു. എന്ത മോളെ മോൻ വരാഞ്ഞത് ? അതുവരെ അടക്കി വെച്ചിരുന്ന കരച്ചിൽ അമ്മയുടെ ചുമലിലേക്ക് ഭാരമായിറക്കുമ്പോൾ സ്ത്രീധനമെന്ന മൂന്നക്ഷരം തന്റെ മകളുടെ ജീവിതത്തിൽ കരിനിഴൽ വീഴ്ത്തിയെന്നു അമ്മയ്ക്ക് മനസ്സിലായി.

പറഞ്ഞുറപ്പിച്ച സ്ത്രീധനത്തിന്റെ ബാക്കി രണ്ടു മാസത്തിനകം കൊടുക്കാമെന്നേറ്റതാണ്. ഇതിപ്പോ ഇത്രപെട്ടെന്നു അവന്റെ വീട്ടുക്കാർ ഇങ്ങനെ ചെയ്യുമെന്ന് സ്വപ്നത്തിൽപ്പോലും കരുതിയില്ല.

വൈകുന്നേരം ജോലി കഴിഞ്ഞു വന്നപ്പോൾ ഉമ്മറത്തിരിക്കുന്ന മോളെ കണ്ടതും അച്ഛന് സന്തോഷമായി. എന്ത മോളെ, പറയാതെ വന്നത് ? ഒന്നു വിളിച്ചിട്ടു വന്നെങ്കിൽ നിനക്കിഷ്ടമുള്ളതെല്ലാം അച്ഛൻ വാങ്ങി കൊണ്ടു വരുമായിരുന്നല്ലോ.

ഡീ, നീ ആ ടോർച്ചിങ്ങെടുത്തേ. കവലയിൽ പോയി ഇവൾക്കെന്തെങ്കിലും വാങ്ങിക്കൊണ്ടു വരട്ടെ. ഇവിടെയിപ്പോ നിന്റെ ഇന്നലത്തെ മീൻ കറിയും ചോറും മാത്രമല്ലെ കാണു. ചിലപ്പോൾ രാത്രി അവനും വന്നാലോ.

ഇരുട്ടിലേക്ക് നടന്നു പോകുന്ന ആ മനുഷ്യനോട് എങ്ങനെ പറയും. കൊടുത്ത വാക്കു പാലിക്കാത്തതിന്റെ പേരിലാണ് മോള്‌ വന്നു വീട്ടിൽ നിൽക്കുന്നതെന്ന്.

രാത്രി അത്താഴം കഴിഞ്ഞു മുറ്റത്തേക്ക് ശ്രദ്ധിച്ചിരിക്കുന്ന അച്ഛൻ ഇടയ്ക്കിടെ പറയുന്നത് കേൾക്കാമായിരുന്നു. ഇരുട്ടിയാലും അവനിങ്ങു വരും. അല്ലെങ്കിൽ ഞാനൊന്നു ബസ് സ്റ്റോപ്പ്‌ വരെ പോയി നോക്കിയിട്ട് വന്നാലോ. അപ്പോഴാണ് അമ്മ അച്ഛനോട് കാര്യങ്ങൾ പറഞ്ഞത്.

വെറുതെ ഇരുട്ടിലേക്ക് നോക്കിയിരിക്കാനല്ലാതെ അച്ഛന് മറുപടിയൊന്നുമില്ലായിരുന്നു.

——————–

അവള് പോയിട്ട് ഇന്നേക്ക് ഒരു മാസം കഴിഞ്ഞു. അവരിനി ബാക്കി പണം തരുമെന്ന് തോന്നുന്നില്ല. അല്ലെങ്കിലും അവരെകൊണ്ടൊന്നും അതു പറ്റില്ല. ഒരു മാരണം എന്റെ മോന്റെ തലയിൽ നിന്നും ഒഴിഞ്ഞു പോയെന്നു കരുതിയാൽ മതി. നീ നല്ലൊരു വക്കീലിനെക്കണ്ടു ഈ ബന്ധം അവസാനിപ്പിക്കാൻ നോക്ക്. അമ്മയുടെ വാക്കുകൾ കേട്ടു ആ മകൻ ചിരിച്ചുകൊണ്ട് പറഞ്ഞു.

അവള് വന്നു കയറിയ നാളു മുതൽ ഞാൻ കേൾക്കുന്നത. നിറമില്ല, മുടിയില്ല, പണമില്ല എന്നൊക്കെ. എന്നിട്ടും ഒരിക്കൽപ്പോലും ഞാൻ അമ്മയോട് പരാതി പറഞ്ഞിട്ടില്ല. വഴക്കു പറഞ്ഞിട്ടില്ല. അതിനൊരിക്കലും അവള് സമ്മതിച്ചിട്ടുമില്ല.

അവളിവിടെ നിന്നു പോയതിനു ശേഷം നമ്മുടെ വീട്ടിൽ എന്തു മാറ്റമാണമ്മേ വന്നത് ?

സൂര്യനസ്തമിക്കുന്നതിനു മുമ്പ് വീട്ടിൽ കയറി വന്ന ഞാൻ ഇരുട്ടിയാലും വരാതെയായി. സന്ധ്യക്ക്‌ ഉമ്മറത്ത് നിലവിളക്കു കൊളുത്തി അവളുടെ നാമജപം ഇല്ലാതെയായി.

ഇപ്പോൾ അവളുടെ വീട്ടിലോ ? സമാധാനമില്ലാതെ ഒരു മനുഷ്യൻ മകളുടെ ബാക്കി സ്ത്രീധനം കൊടുക്കാൻ ആരുടെ മുന്നിലൊക്കെ കൈ നീട്ടുന്നുണ്ടാകും ?

അടുക്കളയിൽ മകളുടെ വിധിയോർത്തു സാരിത്തുമ്പുക്കൊണ്ടു മുഖം തുടയ്ക്കുന്ന ഒരമ്മയും.

ഇനി അമ്മ പറയുന്നതുപ്പോലെ കൂടിയ സ്ത്രീധനം വാങ്ങി ഞാൻ വേറൊരു പെണ്ണു കെട്ടാം. നാളെ അവൾ പറയും അമ്മയെ എങ്ങോട്ടെങ്കിലും പറഞ്ഞു വിടണമെന്ന്. അല്ലെങ്കിൽ വൃദ്ധസദനത്തിലാക്കണമെന്ന്. അപ്പോൾ ഞാൻ അനുസരിക്കണ്ടേ അമ്മേ ? അവരുടെ വീട്ടുകാര് തന്ന സ്ത്രീധനത്തിന് പറയുന്നത് കേൾക്കണ്ടേ ?

അമ്മയുടെ മോളായിരുന്നു അവളെന്നു ചിന്തിച്ചു നോക്ക്. ഇതുപ്പോലെ ഇവിടെ വന്നു നിൽക്കുമ്പോഴുള്ള അവസ്ഥയൊന്നു ആലോചിച്ചു നോക്ക്.

ഇത്രയും കേട്ടപ്പോഴേക്കും ചെയ്തുപ്പോയ പാപത്തിന്റെ മിഴിനീർ തുള്ളികൾ ആ അമ്മയുടെ കണ്ണുകളിൽ ഉരുണ്ടു കൂടിയിരുന്നു.

——————-

നിറഞ്ഞു കത്തുന്ന നിലവിളക്കിനു മുന്നിൽ അവളുടെ മുഖം വേറൊരു വിളക്കായി തെളിഞ്ഞു നിന്നു. ഒരമ്മയുടെ മരുമകളായല്ല. മകളായി തന്നെ ആ ത്രിസന്ധ്യ നേരത്തും അവൾ ജ്വലിച്ചു നിന്നു.