ഒരു ബസ് ടിക്കറ്റ് കഥ
എഴുത്ത്: സാജുപി കോട്ടയം
പ്രണയമെന്നോ സൗഹൃദമെന്നോ തിരിച്ചറിയാനാവാത്ത ഞങ്ങളുടെ ബന്ധം തുടർന്നിട്ടിന്ന് രണ്ടു വര്ഷം
ടീ… നിനക്കെന്താണ് ഞാൻ വാങ്ങി തരേണ്ടത്.?
പലപ്പോഴും തൊട്ടരികിലിരിക്കുമ്പോ ഇങ്ങനെ ചോദിച്ചിട്ടുണ്ടെങ്കിലും ഒരിക്കൽപോലും ഒന്നുമവൾ ആവിശ്യപെട്ടിട്ടില്ല. ഒരുമിച്ചെന്തെങ്കിലും ഭക്ഷണം കഴിച്ചാലും അവൾതന്നെയാവും ചാടിക്കേറി കാശുകൊടുക്കുന്നതും. അച്ഛന്റെ വേർപാടിൽ കുടുംബത്തിന്റെ മുഴുവനും നെടുംതൂണാവേണ്ടി വന്ന അവൾ മറ്റാരിൽ നിന്നും ഒരു ഔദാര്യവും സ്വീകരിക്കാറില്ല വിവാഹപ്രായം കഴിഞ്ഞിട്ടും ഒരു പ്രണയത്തിനായി പോലും കൊതിച്ചിട്ടില്ല.
കുറെ സമയം കഴിഞ്ഞാണ് അവൾ മറുപടി പറഞ്ഞത്
“ടാ.. നീയെനിക്കൊരു “ബസ് ടിക്കറ്റ് ” എടുത്തു തരുമോ? ഒരുപാട് തിരക്കുള്ള ഒരു ബസിൽ
ബസ് ടിക്കറ്റോ..? ഇത്ര ചെറിയൊരു ആഗ്രഹം അതിശയം തോന്നുന്നു
നീ വേറെന്തെങ്കിലും ചോദിക്ക് കാശ് എത്രയായാലും ഞാൻ ഇന്ന് കൊടുത്തോളം
വേണ്ടാ… എനിക്ക് ഈയൊരു ആഗ്രഹമേയുള്ളു നിനക്ക് സാധിച്ചുതരാൻ പറ്റുമോ? വേറാരൊടുമെനിക്കിത് ചോദിക്കാൻ കഴിയില്ല.
എന്റെ വലിയൊരു ആഗ്രഹമാണിത്
നിനക്കറിയോ..? സ്ഥിരമായി ഞാൻ വരുന്ന ബസിലൊക്കെ സ്ത്രീകൾ കുഞ്ഞുങ്ങളെയും ബാഗും സഞ്ചിയും മറ്റുമായി തൂങ്ങിപിടിച്ചു നിൽക്കുമ്പോൾ കണ്ടക്ടർ ടിക്കറ്റെടുക്കാൻ വരുമ്പോൾ അവർ പുറകിലേക്ക് നോക്കി പറയും ” പുറകിലാളുണ്ട് ടിക്കെറ്റ് എടുത്തോളും ” അത് അവർക്കൊരു അഭിമാനമാണ്. ചിലപെണ്ണുങ്ങൾ പുറകിലാളുണ്ടെന്ന് പറഞ്ഞു ഒറ്റക്ക് നിക്കുന്ന എന്നെ പോലുള്ളവരുടെ മുഖത്തേക്ക് നോക്കും . എനിക്കാളുണ്ട് നിനക്ക് ആരുമില്ലേ യെന്ന മട്ടിൽ ആ… നോട്ടം ചിലപ്പോ സഹിക്കാൻ പറ്റൂലാ.
നിനക്കറിയോ.? ഒരുദിവസം ഞാനൊരു തമാശകണിച്ചു. നല്ല തിരക്കുള്ള ബസിൽ കണ്ടക്ടർ ടിക്കെറ്റ് ചോദിച്ചുവന്നപ്പോൾ ഞാന്പറഞ്ഞു
“പുറകിലെടുത്തിട്ടുണ്ടന്ന് “
പറഞ്ഞു കഴിഞ്ഞപ്പോ തൊട്ട് ശരീരംമാകെ ഒരു വിറയൽ തല ചുറ്റുന്നതുപോലെ ബാക്കിയുള്ളവരൊക്കെ ടിക്കെറ്റെടുക്കുന്നു കണ്ടക്ടർ ഓരോരുത്തരോട് ചോദിച്ചു ചോദിച്ചു പുറകിലോട്ട് പോകുന്നു. പുറകിൽ ആരുമില്ലെന്ന് തിരിച്ചറിഞ്ഞാൽ പിടിക്കപ്പെടും പേടി കൂടി കൂടി വന്നു. ഓരോ സ്റ്റോപ്പിൽ ബെല്ലടിച്ചു വണ്ടി നിര്ത്തുമ്പോൾ അവിടെ ചാടിയിറങ്ങിയാലോ എന്നുപോലും ചിന്തിച്ചു. സ്ഥിരമായിറങ്ങുന്ന സ്റ്റോപ് അടുക്കാറായപ്പോൾ നെഞ്ച് പടപടാ ഇടിക്കാൻ തുടങ്ങി. ബെല്ലടിച്ചു സ്റ്റോപ്പിൽ ഇറങ്ങുമ്പോൾ ശ്വാസം നിലച്ചുപോയി അവസാന പടിയറങ്ങി ഒരു ചുവടുപോലും വയ്ക്കാനാവാത്ത അവസ്ഥയിൽ പിടിക്കപെടുമോയെന്നു ഭയന്ന് അവിടെത്തന്നെ നിന്നു. ബസ് പോയത് പോലും അറിഞ്ഞില്ല.
ഇനിയൊരിക്കൽപോലും എനിക്കത് ആവർത്തിക്കാൻ കഴിയില്ല. അതുകൊണ്ട്
“നിനക്ക് പറ്റുമോ എനിക്കൊരു ടിക്കറ്റ് എടുത്തുതരാന്?? “
ലോകം മുഴുവേ കേൾക്കുന്ന ഉച്ചത്തിലെനിക്ക് പറയാൻ
“പുറകിലാളുണ്ട് ടിക്കറ്റ് എടുത്തോളുമെന്ന് “
പ്രിയ സഹോദരങ്ങൾ അഭിപ്രായം പറയണം ന്റെ ഒരു സന്തോഷത്തിന്