പതിനഞ്ചുകാരിയുടെ ഡി എൻ എ ടെസ്റ്റ്
Story written by NAYANA VYDEHI SURESH
ഒരു പത്താംക്ലാസ്സുകാരി തന്റെ അച്ഛനാരാണെന്നറിയാനായി ഡി എൻ എ ടെസ്റ്റിന് പോവാൻ ഒരുങ്ങുകയാണ് . മുറിക്കു പുറത്ത് അവളുടെ അച്ഛൻ ,അല്ല അച്ഛനെന്ന് ഇത്രയും നാൾ വിളിച്ചിരുന്നയാൾ നിൽക്കുന്നുണ്ട് .
ജനിച്ച് പതിനഞ്ചു വർഷമായി കേൾക്കുന്നതാണ് ഇതാരുടെതാണെന്ന് ആർക്കറിയാമെന്ന് അതും അച്ഛന്റെ വായേന്ന് .. അമ്മ ഒന്നും മിണ്ടാതെ കേട്ട് നിൽക്കും ചിലപ്പോൾ അയാളെക്കാൾ ശബ്ദത്തിൽ തിരിച്ച് പറയും ..
‘ഇനി ഇതറിഞ്ഞട്ടുമതി ബാക്കി ‘
‘മതി …. നിങ്ങൾക്ക് സംശയാണെങ്കിൽ അത് തീർക്കണല്ലോ ? കൊല്ലം കൊറേ ആയി ഈ വർത്താനം കേക്കുന്നു ‘
‘അത് തന്നെയാടി മൂദേവി ഞാനും പറഞ്ഞെ .. കൊല്ലം കുറേ ആയില്ലെ ഇവര് എന്നെ അച്ഛാ വിളിക്കുന്നു ,,, ഇനി ഏതെങ്കിലും വക്കീലിനെ കാണണം ,,, എനിക്ക് വയ്യ കണ്ടവന്റെ ഭാണ്ഡം ചുമക്കാൻ ‘
‘നാണമില്ലല്ലോ ഏട്ടാ ഇങ്ങനെ പറയാൻ … ഞാൻ വരാം , മക്കൾ ഇനി നിങ്ങളുടെ അല്ലെന്നുള്ള സംശയം വേണ്ട ‘
……………………………………………………
ഇട്ട വസ്ത്രം തിരിഞ്ഞു പോയിരിക്കുന്നു … കൈയ്യും കാലും മരവിച്ച പോലെ….അനിയൻ ആ മുറിയിൽത്തന്നെ കിടന്നുറങ്ങുന്നുണ്ട്. തെളിച്ചം മങ്ങിയ കണ്ണാടിയിൽ അവൾ മുഖമൊന്ന് നോക്കി
എത്ര പേരാ പറഞ്ഞിട്ടുള്ളത് എനിക്ക് ശരിക്കും അച്ഛന്റെ ഛായയാണെന്ന് എന്നിട്ടും ,,, എങ്ങനാ ഡി എൻ എ പരിശോ ദിക്കാ ? ടീച്ചർ പറഞ്ഞു തന്ന കുറച്ചു കാര്യങ്ങളറിയാം
ഇനി ഇത് അച്ഛനല്ലാതാവോ ?
അതോർത്തപ്പോ മാത്രം നെഞ്ചുരുകി , എന്നും ഇങ്ങനാണ് വീട്ടിൽ , അച്ഛായെന്ന് വിളിക്കാൻ ഇപ്പോ മടിയാണ് …ഇതൊക്കെ എന്തവസ്ഥയാണ് ..
………………………………………………………
വാതിലിൽ പെട്ടന്നാണ് മുട്ടിയത്
കഴിഞ്ഞില്ലെടി ഇത് വരെ ?
ആ ദാ വരുന്നു അച്ഛാ
പെട്ടന്നവൾക്ക് അച്ഛായെന്ന് വിളിക്കണ്ടാരുന്നു തോന്നി …
അച്ഛനും അമ്മയും വാശിയിലാണ് … ഇനി ഞങ്ങളിലാണ് ഇതിൽ ഒരാളുടെ വിജയം
ഞാനച്ഛന്റെ മകളാണെന്നുറപ്പായാൽ അമ്മ ജയിക്കും മറിച്ചായാൽ അച്ഛനും …
അയാൾ കാറ് സ്റ്റാർട്ട് ചെയ്തു … അവൾക്ക് ഒന്ന് പൊട്ടി കരായാൽ വിങ്ങി …..
എല്ലാവരും കാറിൽ കയറി ….
കാറ് പതിയെ നീങ്ങി
അമ്മ സത്യവും അച്ഛൻ വിശ്വാസവുമാണെന്ന് ആരോ പറഞ്ഞത് അവൾ ഓർത്തു….വീടിന്റെ മുറ്റത്ത് അമ്മിണി പൂച്ചയും കുഞ്ഞും അവരുടെ അച്ഛനും ചൂടുപറ്റി കിടക്കുന്നു .. അതിനെ കണ്ടപ്പോൾ അവൾക്ക് കൊതിയായി ….
തനിക്ക് വീടുണ്ട് , സൈക്കളുണ്ട് എല്ലാമുണ്ട് പക്ഷേ അമ്മയും അച്ഛനും ഇല്ല , ആ പൂച്ച കുഞ്ഞിന് ഇതൊന്നുമില്ല പക്ഷേ അമ്മയും അച്ഛനും ഉണ്ട് …
കാറിന്റെ വേഗത അവളുടെ കണ്ണുനീരിനെ തട്ടി തെറിപ്പിച്ചു ..
വീണ്ടും അവളുടെ മനസ്സ് കൊതിച്ചു …
ആ പൂച്ച കുഞ്ഞായി ജനിച്ചാൽ മതിയായിരുന്നു …