വൈധവ്യം
Story written by NISHA L
ഉമ്മറത്തു വെള്ള പുതച്ചു നീണ്ടു നിവർന്നു കിടക്കുന്ന അവളെ ഞാൻ നോക്കിയിരുന്നു. പതിവ് പുഞ്ചിരി ആ ചുണ്ടിൽ ഉള്ളത് പോലെ. അവളുടെ ആഗ്രഹം പോലെ പൊട്ട് തൊട്ട്,, പൂവ് വച്ച് കല്യാണപട്ടുടുത്തു സുന്ദരിയായി യാത്രയാകാൻ കാത്തു കിടക്കുന്നു.
കാതോരം അവളുടെ സ്വരം അലയടിക്കുന്നു..
“ദിനുവേട്ടാ ചില സ്ത്രീകൾക്ക് അവർ ജീവനോടെ ഇരിക്കുമ്പോൾ ഭർത്താവ് മരിക്കണമെന്നാ ആഗ്രഹം. കാരണം ഭർത്താവിന്റെ കാര്യങ്ങൾ അവരോളം നന്നായി മറ്റാർക്കും ചെയ്യാൻ പറ്റില്ലെന്ന ചിന്തയാ. … !!!
“പക്ഷേ ഞാൻ അങ്ങനെയല്ല കേട്ടോ… എനിക്ക് നിങ്ങൾ ജീവിച്ചിരിക്കുമ്പോൾ മരിക്കണം.. എനിക്ക് ഒറ്റയ്ക്ക് ജീവിക്കാൻ ആവില്ല.. എനിക്ക് എപ്പോഴും ചായാൻ ഈ തോള് വേണം. എന്റെ സന്തോഷം,, സങ്കടം,, പേടി,, ദേഷ്യം,, വാശി ഒക്കെ ഈ ചുമലിൽ ഇറക്കി വച്ച് എനിക്ക് സ്വസ്ഥമായി ഇരിക്കണം. അതുപോലെ പൊട്ട് തൊട്ട്,, പൂവ് വച്ച് സുന്ദരിയായി കിടക്കണം മരിക്കുമ്പോഴും.. “!!!
“അപ്പോൾ ഞാനോ…?? നീയില്ലാതെ ഞാൻ എങ്ങനെ ജീവിക്കും…??? അതെന്താ നീ ചിന്തിക്കാതെ..?? “!!
“അതൊന്നും എനിക്ക് അറിയില്ല ദിനുവേട്ടാ…ഞാൻ ഇല്ലെങ്കിലും നിങ്ങൾ എങ്ങനെയെങ്കിലും ജീവിക്കും.. പക്ഷേ… എനിക്ക്.. ഒറ്റയ്ക്ക് പറ്റില്ല.. “!!
വാശിയോടെ അവൾ വീണ്ടും പറഞ്ഞു.
“ഞാനില്ലെങ്കിലും നമ്മുടെ മക്കളും അവർ വിവാഹം ചെയ്തു കഴിഞ്ഞാൽ വരുന്ന മരുമക്കളും നിങ്ങളെ നന്നായി നോക്കും. കാരണം നിങ്ങൾക്ക് എന്നെ പോലെ ദേഷ്യവും വാശിയുമൊന്നുമില്ലല്ലോ.. നിങ്ങളൊരു പാവം lp സ്കൂൾ മാഷല്ലേ ദിനുവേട്ടാ… “!!!
“എങ്കിൽ നമുക്ക് ഒരുമിച്ച് മരിച്ചാലോ ശാരുവെ… “!!
“അതെനിക്ക് ഡബിൾ ഓക്കേ.. ദിനുവേട്ടാ… “!!
“മതി… എന്തിനാ ഇപ്പോൾ ഈ മരണത്തെ കുറിച്ചൊക്കെ പറയുന്നത്.. പറയാൻ വേറെ വിഷയം ഒന്നുമില്ലേ നിനക്ക്..?? “!!
“എന്നാൽ നമുക്ക് ഇന്ത്യയും പാകിസ്ഥാനുമായുള്ള പ്രശ്നം ചർച്ച ചെയ്തു പരിഹരിക്കാം.. “!! ചിരിച്ചു കൊണ്ട് അവൾ പറഞ്ഞപ്പോൾ ഞാനും കൂടെ ചിരിച്ചു..
നീണ്ട ഇരുപത്തി രണ്ടു വർഷത്തെ ജീവിതം.. അവൾ സ്വന്തം വീട്ടിൽ ജീവിച്ചതിലും കൂടുതൽ എന്റെ കൂടെയാണ് ജീവിച്ചത്.
പതിനെട്ടു വയസുള്ള അവളുടെ കൈ പിടിച്ച് എന്നെ ഏൽപ്പിക്കുമ്പോൾ അവളുടെ അച്ഛൻ ഒന്ന് മാത്രമേ പറഞ്ഞുള്ളു..
“എട്ടും പൊട്ടും തിരിയാത്ത പെണ്ണാ.. അവളുടെ കൈയിൽ നിന്ന് വരുന്ന തെറ്റുകൾ മോനൊന്നു ക്ഷമിച്ചു കൊടുത്തേക്കണേ… “!!
അന്ന് ഇരുപത്തി ഒൻപതുകാരനായ എനിക്കു അത് സമ്മതവുമായിരുന്നു.
അവൾ വന്നതിനു ശേഷമാണ് ഉറങ്ങി കിടന്ന വീട് ഉണർന്നത്..
അവളുടെ ചിരിയും കളിയും പൊട്ടത്തരവുമൊക്കെ എല്ലാരും ആസ്വദിച്ചു..അന്നത്തെ ആ പതിനെട്ടുകാരിയിൽ നിന്ന് അവൾ വളർന്നിട്ടേയില്ലെന്നു എനിക്ക് പലപ്പോഴും തോന്നിയിരുന്നു.
മൂത്ത മകൻ ഡിഗ്രിക്കും ഇളയവൻ പ്ലസ് വൺ ആയിട്ടും ഇപ്പോഴും വഴക്കിടുമ്പോൾ മിണ്ടാതെ മുഖം വീർപ്പിച്ചു ഇരിക്കുന്ന സ്വഭാവത്തിന് ഒരു മാറ്റവും ഉണ്ടായിട്ടില്ല. അവളുടെ ഏറ്റവും വലിയ സമരമുറ ആയിരുന്നു അത്. എനിക്ക് ഒട്ടും ഇഷ്ടമില്ലാത്ത സ്വഭാവം.
അവളോട് മിണ്ടാതെ,, അവളുടെ ചിരിക്കുന്ന മുഖം കാണാതെ എനിക്ക് പറ്റില്ലായിരുന്നു. അതുകൊണ്ട് തന്നെ പത്തു മിനിറ്റിൽ കൂടുതൽ ഒരു പിണക്കങ്ങളും നീട്ടി കൊണ്ടു പോകാൻ ഞാൻ അനുവദിച്ചിരുന്നില്ല.
ഇന്നലെ ഒരു കുഞ്ഞു പനിയുടെ ലക്ഷണം ഉണ്ടായിരുന്നു. ആശുപത്രിയിൽ പോകാൻ വിളിച്ചിട്ട് വന്നില്ല. ഒരു പാരസെറ്റമോൾ കഴിച്ചു കിടന്നു.
“കുറവില്ലെങ്കിൽ രാവിലെ പോകാം ദിനുവേട്ടാ… “!! എന്നു പറഞ്ഞു ഉറങ്ങാൻ കിടന്നവളാ.. ഇനിയൊരിക്കലും ഉണരാത്ത ഉറക്കത്തിനായി കിടക്കുകയാണെന്ന് ഞാൻ അറിഞ്ഞിരുന്നില്ല ശാരുവേ …
എന്തെങ്കിലും ഭക്ഷണം ഉണ്ടാക്കി കഴിക്കുന്നതോ,, കുട്ടികളുടെ കാര്യങ്ങൾ നോക്കുന്നതോ അല്ല ശാരു എനിക്ക് ജീവിതം..
നിന്റെ ചിരിയിൽ, നിന്റെ സന്തോഷത്തിൽ,,നിന്റെ പരാതികളിൽ,, നിന്റെ പരിഭവം പറച്ചിലുകളിൽ… അങ്ങനെ.. അങ്ങനെ… നിന്നിൽ… നിന്നിൽ മാത്രമായിരുന്നു എന്റെ ജീവിതം… !!! ഇനിയുള്ള ജീവിതം ഒരു കാട്ടികൂട്ടൽ മാത്രമാകും ശാരു എനിക്ക്… !!
“ദിനേശേട്ട… ചടങ്ങുകൾ കഴിഞ്ഞു… ബോഡി എടുക്കാറായി ..”!!
“ആരോ വന്നു വിളിക്കുന്നു..ഞാൻ പോകട്ടെ.. എന്റെ ശാരികയെ …എന്റെ മാത്രം ശാരുവിനെ യാത്രയാക്കട്ടെ… ആരൊക്കെയുണ്ടെങ്കിലും ഇനിയീ ഭൂമിയിൽ എനിക്ക് ഞാൻ മാത്രം എന്ന തിരിച്ചറിവോടെ.. “!!