Story written by SAJI THAIPARAMBU
ഡാ പ്രശാന്താ.. കതക് തുറക്കെടാ..
അമ്മയുടെ ശബ്ദം കേട്ടതും പ്രശാന്ത് ,ഭാര്യ മൃദുലയെ തന്നിൽ നിന്നും അടർത്തിമാറ്റി വേഗം ചെന്ന് കതക് തുറന്നു.
എന്താ അമ്മേ..
എടാ പ്രശാന്താ.. നിൻ്റെ പെണ്ണുമ്പിള്ളക്കോ ബോധമില്ല, നിൻ്റെ പെങ്ങളൊരുത്തി ഭർത്താവില്ലാതെ ഈ വീട്ടിൽ വന്ന് നില്ക്കുന്ന കാര്യം നീയെങ്കിലുമൊന്നോർക്കണ്ടേ?
അതിന് ഞങ്ങളെന്ത് ചെയ്തമ്മേ ?
ഒന്നും ചെയ്തില്ലേ? എടാ കല്യാണം കഴിഞ്ഞിട്ട് അധിക ദിവസമായിട്ടില്ലാത്ത നിങ്ങള്, പട്ടാപ്പകല് മുറിക്കകത്ത് കയറി കതകടച്ചിരിക്കുന്നത്, നാമം ജപിക്കാനല്ലെന്ന്, ഒരിക്കൽ കല്യാണം കഴിച്ച നിൻ്റെ പെങ്ങൾക്ക് നന്നായിട്ട് മനസ്സിലാകും , അതവൾക്ക് വേദനയും, നിരാശയുമുണ്ടാക്കുമെന്ന് നിങ്ങളെന്താ മനസ്സിലാക്കാത്തത്?
ഛെ! അമ്മ എന്തൊക്കെ തോന്ന്യാസങ്ങളാ ഈ വിളിച്ച് കൂവുന്നത് ,ഞാൻ മൃദുലയെ കല്യാണം കഴിച്ചത് അവളോടൊപ്പം ജീവിക്കാൻ വേണ്ടിയല്ലേ? പെങ്ങള് വിവാഹമോചിതയായി വീട്ടിൽ വന്ന് നില്ക്കുന്നെന്ന് പറഞ്ഞ്, ഞങ്ങള് അകന്ന് കഴിയണമെന്നാണോ, അമ്മ പറയുന്നത്?
എന്ന് ഞാൻ പറഞ്ഞില്ല,ഇതൊക്കെ രാത്രിയിലായിക്കൂടെ
എൻ്റമ്മേ.. അമ്മ കരുതുന്നത് പോലൊന്നുമല്ല ,ഞങ്ങൾക്ക് സ്വകാര്യമായി എന്തെല്ലാം കാര്യങ്ങൾ പറയാൻ കാണും, അതൊക്കെ പരസ്യമായിരുന്ന് സംസാരിക്കാൻ പറ്റുമോ?
അല്ലെങ്കിലും, കല്യാണം കഴിഞ്ഞപ്പോൾ മുതൽ നിനക്ക് നിൻ്റെ അച്ചിയോടാണ് മമത ,അമ്മയും പെങ്ങളും പുറത്ത്, അതെങ്ങനാ , രാവും പകലും അവളുടെ തലയണമന്ത്രം കേട്ടോണ്ടിരിക്കുവല്ലേ?
ദേ അമ്മേ.. വെറുതെ അവളെ കുറ്റപ്പെടുത്തണ്ടാ, ഞങ്ങളിനി പകല് മുറിക്കകത്ത് ഒന്നിച്ചിരിക്കില്ല, അത് പോരെ?
മ്ഹും, നിങ്ങളെന്തേലും ചെയ്യ് ഞാൻ പറയാനുള്ളത് പറഞ്ഞു
നീരസത്തോടെ അവർ അടുക്കളയിലേക്ക് പോയി.
***************
പ്രസീദയെ ഇങ്ങനെ നിർത്തിയാൽ മതിയോ? അവൾക്ക് വേറെ ആരെയെങ്കിലും കണ്ട് പിടിക്കണ്ടേ? ഇല്ലെങ്കിൽ മകളുടെ ജീവിതം ഇങ്ങനെ ആയത് കൊണ്ട്, അമ്മ ,ആ അരിശം മുഴുവൻ നമ്മളോട് തീർത്ത് കൊണ്ടിരിക്കും
രാത്രിയിൽ കിടപ്പറയിൽ വച്ച് മൃദുല, പ്രശാന്തനോട് ചോദിച്ചു.
ഉം, ഞാനുമതാലോചിച്ചു, എത്രയും വേഗം ഒരാലോചനയുമായി വരാൻ ആ ബ്രോക്കറോട് പറയാം
***************
അയ്യേ… ഒരു രണ്ടാം കെട്ടുകാരനോ? എടാ എൻ്റെ മോൾക്ക് വയസ്സ് ഇരുപത്തിരണ്ടേ ആയിട്ടുള്ളു
ബ്രോക്കറ് കൊണ്ട് വന്ന ചെറുക്കൻ ഒന്ന് കെട്ടിയതാനെന്നറിഞ്ഞ വിലാസിനി, ക്ഷോഭത്തോടെ ചോദിച്ചു.
അമ്മേ.. അതിന് പ്രസീദയേയും ഒന്ന് കെട്ടിച്ചതല്ലേ ? പിന്നെന്താ കുഴപ്പം?
എന്ന് വച്ച്? എടാ പ്രസീദ, ആകെ ഒരു മാസമേ അവളുടെ ഭർത്താവിനോടൊപ്പം കഴിഞ്ഞിട്ടുള്ളു ,അവൾ ഗർഭം ധരിച്ചിട്ടുമില്ല ,അപ്പോൾ പിന്നെ ഒരു കുട്ടിയുള്ള പത്ത് മുപ്പത്തിയഞ്ച് വയസ്സുള്ളൊരുത്തൻ്റെ കൂടെ, സന്തോഷത്തോടെ എൻ്റെ മോൾക്ക് ജീവിക്കാൻ പറ്റുമോ?
അമ്മേ… മുപ്പത്തിയഞ്ച് വയസ്സെന്ന് പറയുന്നത്, അത്ര വലിയ പ്രായമൊന്നുമല്ല, പിന്നെ ആ കുട്ടിയെ അയാളുടെ വീട്ട് കാര് നോക്കിക്കൊള്ളും, നമ്മളതൊന്നും അറിയേണ്ട കാര്യമില്ല
എന്നാലും, എന്തോ ഒരു പൊരുത്തക്കേടു പോലെ, ഏതായാലും അയാള് വന്ന് കാണാൻ പറ, പ്രസീദക്ക് ഇഷ്ടപ്പെട്ടാൽ നടത്താം
വിലാസിനി അർത്ഥ മനസ്സോടെ പറഞ്ഞു.
ആറടി ഉയരവും ,കട്ടി മീശയും, വെളുത്ത നിറവുമുള്ള ചെറുക്കനെ കണ്ടപ്പോൾ, പ്രസീദയ്ക്ക് നൂറ് വട്ടം സമ്മതമായി .
കല്യാണം കഴിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോൾ, പ്രസീദയുടെ ഭർത്താവിന്, ലഡാക്കിൽ നിന്ന് വിളി വന്നു ,അതിർത്തിയിൽ സംഘർഷസാധ്യത നിലനില്ക്കുന്നതിനാൽ, ലീവ് ക്യാൻസൽ ചെയ്ത് എത്രയും വേഗം തിരിച്ച് ചെല്ലണമെന്ന്.
കണ്ണീരോടെ ഭർത്താവിനെ യാത്രയാക്കിയിട്ട് ,പ്രസീദ വീണ്ടും നിരാശയുടെ മേലങ്കിയണിഞ്ഞു.
നട്ടുച്ച നേരത്ത്, പ്രശാന്തൻ്റെ മുറിയുടെ വാതിലിൽ തട്ടികൊണ്ട്, വിലാസിനി വീണ്ടും അസ്വസ്ഥത പ്രകടിപ്പിച്ചു.
ഇപ്രാവശ്യം കതക് തുറന്നത് മൃദുലയായിരുന്നു.
എന്താ അമ്മേ കാര്യം?
അവൾ അരിശത്തോടെ ചോദിച്ചു.
പ്രസീദയുടെ കെട്ടിയോൻ അതിർത്തിയിലേക്ക് പോയത് നിങ്ങൾക്കറിയാവുന്നതല്ലേ? എന്നിട്ടും, അപ്പുറത്തെ മുറിയിൽ അവൾ സങ്കടപ്പെട്ടിരിക്കുമ്പോൾ, നിങ്ങൾക്കെങ്ങനെ ഇവിടെ കതകടച്ചിരുന്ന് ശൃംഗരിക്കാൻ കഴിയുന്നു ?
പോയത് പ്രസീദയുടെ കെട്ടിയോനല്ലേ? അപ്പോൾ സ്വാഭാവികമായും അവൾക്ക് സങ്കടമുണ്ടാകും, അതിന് അമ്മയ്ക്ക് വിഷമം തോന്നുന്നെങ്കിൽ, അമ്മ അടുത്ത് ചെന്നിരുന്ന്, മകളുടെ കണ്ണീരൊപ്പി കൊടുക്ക് ,സത്യത്തിൽ നിങ്ങൾക്കെന്തിൻ്റെ കേടാണ് തള്ളേ ? ഞാനും എൻ്റെ ഭർത്താവും, കല്യാണം കഴിഞ്ഞ് റൊമാൻറിക്കായി ജീവിക്കുന്നതിന് ,സഹിക്കാൻ പറ്റാത്തത് പ്രസീദയ്ക്കല്ല, മറിച്ച് വളരെ ചെറുപ്പത്തിലെ ഭർത്താവിനോട് പിണങ്ങി, ഒറ്റയ്ക്ക് ജീവിക്കാൻ തുനിഞ്ഞിറങ്ങിയ നിങ്ങൾക്കാണെന്ന് എനിക്ക് നന്നായിട്ടറിയാം ,തനിക്ക് കിട്ടാത്ത ദാമ്പത്യ സുഖം, മറ്റൊരുവൾക്ക് കിട്ടുന്നത് കാണുമ്പോഴുള്ള, കണ്ണ് കടിയല്ലേ തള്ളേ നിങ്ങൾക്ക്, വേണ്ടാ വേണ്ടാന്ന് വച്ച്, ഞാനൊതുങ്ങി ജീവിക്കാൻ നോക്കിയാലും ,നിങ്ങള് സമ്മതിക്കില്ലല്ലേ? ഒരു കാര്യം നിങ്ങളോർക്കുന്നത് നല്ലതാ, ഈ വീട്, എൻ്റെ അച്ഛൻ സ്ത്രീധനമായി കൊടുത്ത പൈസ കൊണ്ട് ,നിങ്ങളുടെ മകൻ പണിതതാണ്, എന്ന് വച്ചാൽ എൻ്റെ സ്വന്തം വീട് ,ഇവിടെ എങ്ങനെ ജീവിക്കണമെന്ന് ഞാനാണ് തീരുമാനിക്കുന്നത്, അമ്മയ്ക്കും, മോൾക്കും എന്തെങ്കിലും ബുദ്ധിമുട്ടുണ്ടെങ്കിൽ, നിങ്ങള് വേറെ വാടകവീടെടുത്ത് മാറിക്കോ ? അല്ല മര്യാദയ്ക്കാണെങ്കിൽ, എത്ര നാള് വേണമെങ്കിലും നിങ്ങൾക്കിവിടെ കഴിയാം, കേട്ടല്ലോ ?ഇനി മേലാൽ ഇതാവർത്തിക്കരുത്
ഉച്ചമയക്കത്തിൽ നിന്നും പ്രശാന്ത് ഉണരാതിരിക്കാൻ മൃദുല ,ശബ്ദം താഴ്ത്തിയാണ് വിലാസിനിയോട് രൂക്ഷമായ ഭാഷയിൽ സംസാരിച്ചത്.
പതിഞ്ഞ സ്വഭാവക്കാരിയായ മരുമകളിൽ നിന്നും, അപ്രതീക്ഷിത തിരിച്ചടി കിട്ടിയ വിലാസിനി പകച്ച് പോയിരുന്നു.
നിനച്ചിരിക്കാതെ തലയ്ക്കടിയേറ്റത് പോലെ, മരവിച്ച മനസ്സുമായി ഒന്നും മിണ്ടാതെ ,അവർ തിരിഞ്ഞ് നടന്നു.