Story written by SAJI THAIPARAMBU
വലുതാകുമ്പോൾ ഒരു പോലീസുകാരിയാവണമെന്നായിരുന്നു, ചെറുപ്പത്തിലേ എൻ്റെ ആഗ്രഹം
അത് മറ്റൊന്നുമല്ല ,ദിവസേന കുടിച്ചിട്ട് വന്ന്, യാതൊരു കാരണവുമില്ലാതെ പാവം എൻ്റെ അമ്മയെ പുളിച്ച തെറിയും , വേണ്ടാധീനങ്ങളും പറയുന്ന അച്ഛനോടുള്ള വെറുപ്പ്, കൂടി വന്നപ്പോഴായിരുന്നു അങ്ങനെയാരാഗ്രഹം, എൻ്റെ ഉള്ളിൽ മുള പൊട്ടിയത്.
ഞാനൊരു പോലീസുകാരി ആയിക്കഴിഞ്ഞാൽ ആദ്യം, അച്ഛനെ തൂക്കിയെടുത്ത് ജയിലിലടയ്ക്കണമെന്നും, പച്ച വെള്ളം പോലും കൊടുക്കാതെ, ഒരാഴ്ച കമ്പിയഴിക്കുള്ളിൽ പട്ടിണി കിടത്തണമെന്നുമുള്ള, എൻ്റെ അടങ്ങാത്ത ത്വര, ദിവസം പ്രതി എന്നിൽ വളർന്ന് കൊണ്ടിരുന്നു.
ഒരു ദിവസം, ഞങ്ങളുടെ ക്ളാസ്സിൽ പുതുതായി വന്ന ടീച്ചർ, കുട്ടികളോട് നിങ്ങൾക്ക് പഠിച്ച് ആരാകാനാണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ, ഞാനെൻ്റെ ആഗ്രഹവും തുറന്ന് പറഞ്ഞതിനോടൊപ്പം, അതിനുള്ള കാരണവും പറഞ്ഞു ,
അത് കേട്ട് പകച്ച് പോയ ടീച്ചർ, അടുത്ത ദിവസം പ്രോഗ്രസ് കാർഡ് ഒപ്പിടാൻ വന്ന അമ്മയോട്, ഈ വിവരങ്ങൾ പറഞ്ഞു.
വീട്ടിൽ തിരിച്ചെത്തിയ അമ്മ, എൻ്റെ നേരെ ഉറഞ്ഞ് തുള്ളി .
മതി, നിർത്തിക്കോളണമെല്ലാം, ഇനി നീ പഠിക്കാനെന്ന് പറഞ്ഞ് ഈ വീടിന് പുറത്തിറങ്ങി പോകരുത്, നിനക്ക് വലുതാകുമ്പോൾ അച്ഛനെ ജയിലിലടയ്ക്കണമല്ലേ? പഠിച്ചാലല്ലേ നീ പോലീസുകാരിയാവുകയുള്ളു…
അമ്മയെ ഞാനാദ്യമായിട്ടാണ് അത്രയും രോഷാകുലയായി കാണുന്നത്, അമ്മ പറഞ്ഞാൽ പറഞ്ഞതാണെന്നെനിക്കറിയാമായിരുന്നു ,
എന്നെ അമ്മ, അത്രയൊക്കെ കുറ്റപ്പെടുത്തിയിട്ടും , ഞാനാഗ്രഹിച്ചത് തെറ്റാണെന്ന് എനിക്കൊരിക്കലും തോന്നിയിരുന്നില്ല.
സ്കൂളിൽ പോകാൻ കഴിയാത്തതിൽ, എനിക്കൊരുപാട് വിഷമമുണ്ടായിരുന്നെങ്കിലും, അമ്മയെ പേടിച്ച് എൻ്റെ ആഗ്രഹങ്ങളെ തല്ക്കാലം ഉളളിൽ തന്നെ തളച്ചിട്ടു.
ഒരു ദിവസം വരാന്തയിലെ അരമതിലിൽ ,അലസമായി കമിഴ്ന്ന് കിടക്കുകയായിരുന്ന ഞാൻ, ഗേറ്റ് തുറക്കുന്ന ശബ്ദം കേട്ട് തിരിഞ്ഞ് നോക്കിയപ്പോൾ , മുറ്റത്തേയ്ക്ക് കയറി വരുന്ന എൻ്റെ ക്ളാസ്സ് ടീച്ചറെയാണ് കണ്ടത്.
ഞാൻ പെട്ടെന്ന് ചാടിയെഴുന്നേറ്റ്, അടുക്കളയിലുണ്ടായിരുന്ന അമ്മയെ വിളിച്ചു.
ങ്ഹാ കേറി വാ ടീച്ചറേ .., ഇങ്ങോട്ടിരിക്ക്
അമ്മ സാരിത്തലപ്പ് കൊണ്ട്, വരാന്തയിൽ കിടന്ന പ്ളാസ്റ്റിക് കസേര തുടച്ചിട്ട്, ടീച്ചർക്ക് ഇരിക്കാനായി നീക്കിയിട്ട് കൊടുത്തു.
അമ്പിളിയെ, സ്കൂളിലേക്ക് കാണാത്തത് കൊണ്ടാണ്, ഞാൻ അന്വേഷിച്ച് വന്നത്, നീയെന്താ ക്ളാസ്സിൽ വരാത്തത് ?
അത് പിന്നെ ടീച്ചർ …
ഞാനെന്ത് പറയണമെന്നറിയാതെ കുഴങ്ങി നിന്നപ്പോൾ, അമ്മ ഇടപെട്ടു.
ഞാനാ ടീച്ചറേ.. അവളോട് പോകണ്ടാന്ന് പറഞ്ഞത് , ടീച്ചറ് കേട്ടതല്ലേ? അവളുടെ ആഗ്രഹങ്ങളൊക്കെ
അത് കൊണ്ടാണോ, നിങ്ങളവളെ സ്കൂളിലേക്കയക്കാതിരുന്നത്,? ഈ പ്രായത്തിലെ കുട്ടികളുടെ മനസ്സിൽ, മാതാപിതാക്കളിൽ നിന്നുണ്ടാകുന്ന ചില പ്രവൃത്തികൾ വലിയൊരു മുറിവായി ഉണങ്ങാതെ കിടക്കും, അമ്പിളിയുടെ മനസ്സിൽ രാപകലില്ലാതെ വീട്ടിൽ കിടന്ന് കഷ്ടപ്പെടുന്ന, അമ്മയോടവൾക്ക് അനുകമ്പയും സ്നേഹക്കൂടുതലുമുള്ളത് കൊണ്ടാണ് ,മ ദ്യപിച്ചെത്തുന്ന അച്ഛൻ, അമ്മയെ അകാരണമായി ശകാരിക്കുമ്പോൾ, അച്ഛനോട് വെറുപ്പ് തോന്നുന്നത് ,അത് സ്വാഭാവികം ,
എന്ന് വച്ച്, മക്കളുടെ മനസ്സിൽ ഇത്തരം ചിന്തകളാണോ ടീച്ചറേ വേണ്ടത്?
എന്നല്ല ഞാൻ പറഞ്ഞത്, അമ്പിളി കാണാത്ത മറ്റൊരു വശം കൂടിയുണ്ട് ,
ടീച്ചർ എൻ്റെ നേർക്ക് തിരിഞ്ഞ് കൊണ്ട് പറഞ്ഞു തുടങ്ങി.
അമ്പിളിയും ,അമ്മയും ,അമ്മൂമ്മയും, അമ്പിളിയുടെ മറ്റ് സഹോദങ്ങളുമടങ്ങുന്ന ഒരു വലിയ കുടുംബത്തിലെ ,എല്ലാ ചിലവുകളും നടക്കുന്നത്, അച്ഛനൊരാൾ പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുത്തിട്ടാണ്, അങ്ങനെ എല്ല് മുറിയെ പണിയെടുക്കുന്നയാൾക്ക്, ശരീരത്തിനും, മനസ്സിനും അല്പം റിലാക്സ് കിട്ടാനായിരിക്കാം, വൈകുന്നേരങ്ങളിലുള്ള മ ദ്യപാനം ഒരു ശീലമാക്കിയത്, അത് കൊണ്ട് , അമ്മയെ ചീത്ത വിളിക്കുന്ന അച്ഛനെ ഞാൻ ന്യായീകരിക്കുകയല്ല ,പക്ഷേ അച്ഛനോട് ഇത്രയധികം വൈരാഗ്യം വച്ച് പുലർത്തേണ്ട കാര്യമില്ലെന്നാണ്, ഞാൻ പറഞ്ഞ് വരുന്നത് ,അമ്പിളി പറഞ്ഞില്ലേ? അച്ഛന് ശിക്ഷ കൊടുക്കാനാണ് പഠിച്ച് വലിയ പോലീസുകാരിയാകാൻ പോകുന്നതെന്ന് ,അതിന് അമ്പിളി മാത്രം വിചാരിച്ചാൽ പോര കെട്ടോ,അമ്പിളിയെ അതിന് പ്രാപ്തയാക്കാൻ, അച്ഛൻ നന്നായി ശരീരം വിയർക്കേണ്ടി വരും, അമ്പിളിക്ക് ആഹാരവും, വസ്ത്രവും, പഠിക്കാൻ പുസ്തകങ്ങളുമൊക്കെ വാങ്ങുന്നത്, അച്ഛന് കിട്ടുന്ന ദിവസകൂലിയിൽ നിന്നാണെന്ന് ഓർക്കണം ,ഇന്നലെ അമ്പിളിയുടെ അച്ഛൻ, എന്നെ കാണാൻ വന്നിരുന്നു, എന്തിനാണെന്നോ,? ഞാൻ അമ്മയോട് വന്ന് സംസാരിച്ചിട്ട് ,അമ്പിളിയെ സ്കൂളിലേക്കയക്കണമെന്ന് പറയണമെന്ന് ,അച്ഛൻ പറഞ്ഞാൽ അമ്മ സമ്മതിക്കാൻ സാധ്യതയില്ലാത്തത് കൊണ്ടാണ്, എന്നെ കൊണ്ട് പറയിക്കാൻ അദ്ദേഹം ശ്രമിച്ചത് ,അച്ഛനോടുള്ള വാശി കൊണ്ടാണെങ്കിലും, അദ്ദേഹത്തിൻ്റെ മകളൊരു വലിയ ഉദ്യോഗസ്ഥയായി കാണാനുള്ള ആഗ്രഹം, അദ്ദേഹത്തിനുണ്ടെന്നും, പ്രാരാബ്ധം കാരണം, മൂത്ത കുട്ടികളെയൊന്നും വേണ്ട രീതിയിൽ പഠിപ്പിക്കാൻ കഴിഞ്ഞിട്ടില്ലെന്നും, എന്നോട് വിഷമത്തോടെ പറഞ്ഞു ,ഒരാളെയെങ്കിലും രക്ഷപെടുത്തിയെടുക്കണമെന്നാണ് അദ്ദേഹത്തിൻ്റെ ആഗ്രഹം
കണ്ടോ ടീച്ചറേ ..അങ്ങേരൊരു പാവമാണെന്ന് ടീച്ചർക്ക് മനസ്സിലായില്ലേ? പത്തിരുപത് കൊല്ലമായിട്ട്, എനിക്കറിയാം എൻ്റെ ഭർത്താവൊരു നിർദ്ദോഷിയാണെന്ന്, കള്ള് കുടിച്ചാൽ വഴിയിലൊന്നും കിടന്ന് ബഹളം വയ്ക്കുകയോ, നാട്ട്കാരെ ബുദ്ധിമുട്ടിക്കുകയോ ഒന്നും ചെയ്യില്ല, നേരെ ഇവിടെ വന്ന് എന്നെ കുറെ ചീത്ത പറയും, ആദ്യമൊക്കെ എനിക്കും ചില ബുദ്ധിമുട്ടൊക്കെ തോന്നിയിരുന്നു, പിന്നെ പിന്നെ , ഞാനതുമായി പൊരുത്തപ്പെട്ടു, ഇപ്പോൾ സത്യം പറഞ്ഞാൽ ,അങ്ങേരുടെ ചീത്ത വിളി കേൾക്കാതെ ,എനിക്കുറക്കം വരില്ലെന്ന സ്ഥിതിയായി,
ഹ ഹ ഹ ,കേട്ടോ അമ്പിളീ …അമ്മ പറഞ്ഞത്? ഇപ്പോൾ മനസ്സിലായില്ലേ? അച്ഛൻ ചീത്ത വിളിക്കുന്നത് കൊണ്ട്, അമ്മയ്ക്ക് യാതൊരു പ്രശ്നവുമില്ലെന്ന്, അത് കൊണ്ട് അശുഭ ചിന്തകളൊക്കെ മനസ്സിൽ നിന്ന് കളഞ്ഞിട്ട്, നല്ല കുട്ടിയായിട്ട്, നാളെ മുതൽ സ്കൂളിൽ വരണം കെട്ടോ ? ഒരു കുടുംബത്തിൻ്റെ വിളക്ക് അമ്മയാണെങ്കിലും ,എത്ര വലിയ കൊടുങ്കാറ്റടിച്ചാലും ആ വിളക്കിലെ തിരിനാളം അണയാതിരിക്കുന്നത്, അച്ഛൻ്റെ കരുതലൊന്ന് കൊണ്ട് മാത്രമാണ്, അതൊരിക്കലും മറക്കരുത്
ടീച്ചറും, അമ്മയും പറഞ്ഞ് തന്ന കാര്യങ്ങൾ, എൻ്റെ മനസ്സിനെ സ്വാധീനിച്ചു.
ആറാം ക്ളാസ്സിൽ നിന്ന് ജയിച്ച് ഞാൻ ഏഴാം ക്ളാസ്സിൽ ചെന്നപ്പോഴും, ഞങ്ങളുടെ പഴയ ക്ളാസ് ടീച്ചർ ,എന്നോട് അതേ ചോദ്യം ആവർത്തിച്ചു.
അമ്പിളീ.. നിനക്കിപ്പോഴും പോലീസുകാരിയാവാൻ തന്നെയാണോ, ആഗ്രഹം?
അതേ ടീച്ചർ ,പക്ഷേ അതെൻ്റെ അച്ഛനെ ലോക്കപ്പിലിടാനല്ല , അച്ഛൻ്റെ മോഹം സഫലമാക്കാനും, ഞങ്ങൾക്ക് വേണ്ടി കഷ്ടപ്പെടുന്ന അച്ഛനെ, പ്രായമാകുമ്പോൾ റെസ്റ്റ് കൊടുക്കാനും വേണ്ടിയാണെന്ന് ഞാൻ പറഞ്ഞു,
അതേ.., വർഷങ്ങൾക്കിപ്പുറം ഞാനൊരു വനിതാ സിവിൽ പോലീസ് ഓഫീസറായി, പക്ഷേ അത് കാണാൻ കാത്ത് നില്ക്കാതെ ,എൻ്റെ അച്ഛൻ ഞങ്ങളെ വിട്ട് പോയിരുന്നു.