അങ്ങനെ എന്റെ ഉറക്കത്തെ ഭേദിച്ചു കൊണ്ട് ആ നിലവിളി എന്നിലേക്ക് ആഴ്ന്നിറങ്ങി…

ചക്കി

Story written by Athulya Sajin

ഒരുച്ച നേരത്ത് ദയനീയമായ ഒരു കരച്ചില് കേട്ടാണ് ഉണർന്നത്.. ഉച്ചയുറക്കം പതിവില്ലാത്ത ഞാൻ ഇപ്പൊ കുറച്ചു ദിവസങ്ങളായി ഉറങ്ങിപ്പോവുകയാണ്…അമ്മ വഴക്ക് പറഞ്ഞുകൊണ്ടേ ഇരിക്കും…

“ഗർഭിണികൾ ഇങ്ങനെ എപ്പളും ഉറക്കം തൂങ്ങി ഇരിക്കാൻ പാടില്ല… അമ്മ ഉറങ്ങിയാൽ കുഞ്ഞു വളരില്ല” എന്നൊക്കെ…

ഞാനും കരുതും ഉറങ്ങണ്ട ന്നു… ന്നാൽ എന്തേലും വായിക്കാന്നു കരുതിയാൽ അപ്പൊ അമ്മമ്മ പറയും ….. “ആ നല്ലോണം അതിക്കു കണ്ണും നട്ടിരുന്നോ… ട്ടോ…ശരീരം ഒക്കെ എളമിച്ച് നിക്കണ നേരാ കണ്ണിന്റെ കാഴ്ച പോവൂന്ന്….”

പുള്ളിക്കാരിക്ക് ഇപ്പോളും നല്ല കാഴ്ചയാ… പേപ്പറൊക്കെ ഇരുന്ന് വായിക്കുന്ന കാണാം…

ഇപ്പൊത്തന്നെ കണ്ണടയൊക്കെ വെച്ച് പേപ്പറിൽ നിന്ന് ഓരോ അക്ഷരങ്ങൾ നുള്ളിപ്പെറുക്കി കൂട്ടിവെക്കുന്ന അമ്മ അത് ശരിവെക്കുംപോലെ പറയും….

ഞാനെ പണ്ട് ഒരു മാസികേം വിടാതെ വായിച്ചിരുന്നു.. നിന്നെ വയറ്റിലായിരുന്നപ്പോ ഇറങ്ങുന്ന ഇറങ്ങുന്ന ബുക്ക്‌ നിന്റെ അച്ഛൻ കൊണ്ടുവന്നു തരായിരുന്നു… ഒരു നോവലും വിടാതെ ഒറ്റയിരുപ്പിന് വായിച്ചു തീർക്കായിരുന്നു ഞാൻ…

ഇപ്പൊ കണ്ടില്ലേ അമ്മക്ക് മുന്നേ ഞാൻ കണ്ണുപൊട്ടിയായി…

അവരുടെ വാക്കുകൾ ഇപ്പൊ ഇത്തിരി കൈച്ചാലും പിന്നീട് വരുന്ന മധുരത്തെ ഓർത്ത് ഞാൻ എല്ലാം അനുസരിച്ചു…എന്നാൽ ഉറക്കത്തെ മാത്രം പിടിച്ചുകെട്ടാനായില്ല..

അങ്ങനെ എന്റെ ഉറക്കത്തെ ഭേദിച്ചു കൊണ്ട് ആ നിലവിളി എന്നിലേക്ക് ആഴ്ന്നിറങ്ങി…ഞാൻ പുറത്ത് ചെന്ന് നോക്കുമ്പോൾ അമ്മയും അനിയത്തിയും മുന്നേ എത്തി എങ്ങോട്ടോ നോക്കിനിൽപ്പുണ്ട്…ഞാനും അവരുടെ കണ്ണുകളോടൊപ്പം നടന്നു ആ കാഴ്ചയിലെത്തി നിന്നു…

വെളുത്ത നക്ഷത്രപ്പൂക്കൾ വിരിഞ്ഞുവാടി നിൽക്കുന്ന ഭംഗിയിൽ വെട്ടിയൊതുക്കിയ ബുഷിന്റെ തണലിലായി അവൾ കിടന്നു പുളയുന്നു…വെളുപ്പും ചാരനിറവും ഇടകലർന്ന നിറമുള്ള ഒരു പൂച്ച…മുതുകിൽ അങ്ങിങായി ഇളം തവിട്ടു നിറത്തിൽ പാടുകൾ…

വയറാണെങ്കിൽ നിലത്തുമുട്ടിക്കിടക്കുന്നു… പൂർണഗർഭിണി…പ്രസവവേദനയാണെന്ന് കണ്ടപ്പോൾ തന്നെ മനസ്സിലായി..

ഓടിച്ചു വിടണം ഇവറ്റെനെയൊക്കെ ഇല്ലേൽ ഇവിടെ പെറ്റു കൂട്ടും..

അമ്മ പറഞ്ഞതു കേട്ട് ഞാനും അനിയത്തിയും മുഖത്തോട് മുഖം നോക്കി…ഞാൻ പതിയെ എന്റെ വയറിൽ ഒന്നുഴിഞ്ഞു..പൊന്തി വന്നിട്ടൊന്നുമില്ല എങ്കിലും ഒരു കുഞ്ഞു വയറ്റിൽകിടക്കുന്നതിന്റെ പല മാറ്റങ്ങളും എന്നെ തളർത്താൻ തുടങ്ങിയ നാളുകളായിരുന്നു അവ… അപ്പോൾ പ്രസവിക്കാനായ ഒരു പൂച്ചയുടെ അവസ്ഥ എത്ര വിഷമം നിറഞ്ഞതാവും…

ഒന്നും ചെയ്യണ്ടമ്മാ… അതവിടെ കിടന്നോട്ടെ.. കുറച്ചു കഴിയുമ്പോൾ പൊക്കോളും. ഞാൻ പറഞ്ഞപ്പോൾ പിന്നെ അമ്മ മറുത്തൊന്നും പറഞ്ഞില്ല…

അതിന് അവിടെ നിന്ന് അനങ്ങാൻ കഴിയുന്നുണ്ടായിരുന്നില്ല.. അമ്മ കാണാതെ കുറച്ചു ചോറെടുത്തു ഞങ്ങൾ അതിനു കൊണ്ടു കൊടുത്തു..

ചെടിയുടെ ചുവട്ടിലൂടെ കുഞ്ഞോൾ ഒരു തുണി കെട്ടി മറച്ചു… ഇടക്ക് ചെന്ന് മുകളിലൂടെ നോക്കും അവളുടെ അവസ്ഥ..

ഇരുട്ടാറായിട്ടും പ്രസവിക്കുന്ന ലക്ഷണമൊന്നും കാണാത്തതുകൊണ്ട് ഞങ്ങൾ അകത്തുകയറി…

അവളുടെ നേരിയ ഞെരങ്ങലുകൾ പോലും എന്നിൽ വല്ലാത്ത അസ്വസ്ഥത നിറക്കുന്നുണ്ടായിരുന്നു അപ്പോൾ… ഒന്ന് പോയി നോക്കണംന്നുണ്ട്… രാത്രി അമ്മയുടെ കണ്ണ് വെട്ടിക്കാൻ പ്രയാസമാണ് അതുകൊണ്ട് മനസ്സിൽ ഒരു ഭരവുമായാണ് ഉറങ്ങാൻ കിടന്നത്….

ഉറക്കത്തിൽ പുറത്തു നിന്നും വലിയ കരച്ചിലുകൾ കേട്ടാണ് ഞെട്ടി ഉണർന്നത്..ഏകദേശം നേരം പുലരാനായിക്കാണും…

എല്ലാവരും കൂടി മുന്നിലേക്ക് ഓടുന്നുണ്ട്… പുറത്തെ ലൈറ്റ് ഇട്ടപ്പോൾ എന്ധോ കടിച്ചു പിടിച്ചും കൊണ്ട് ഒരു കറുത്ത പൂച്ച ഓടുന്നതാണ് കണ്ടത്… പുറകെ എന്തിവലിഞ്ഞു അവളും കരഞ്ഞുകൊണ്ട് ഓടുന്നത് കണ്ടപ്പോളാണ് മനസ്സിലായത് അതവളുടെ കുഞ്ഞായിരുന്നു എന്ന്…

അമ്മ വേഗം വാതിലും തുറന്നു പുറത്തിറങ്ങി കഴിയുന്ന പോലെ അതിന്റെ പിന്നാലെ ചെന്നു… പലതും എടുത്തു എറിഞ്ഞു ആ പൂച്ചയിൽ നിന്നും കുഞ്ഞിനെ രക്ഷിക്കാൻ നോക്കി…

അത് ഓടി മറഞ്ഞു..

ഈ കാടൻപൂച്ചകൾ കുഞ്ഞുങ്ങളെ തിന്നും എന്ന് അമ്മ മുൻപൊരിക്കൽ പറഞ്ഞത് ഞാൻ ഓർത്തു…ആ പൂച്ചയുടെ നിലവിളി എന്റെ നെഞ്ചിൽ നിന്നാണ് വരുന്നത് എന്ന് ഒരു നിമിഷം ഞാൻ തെറ്റിദ്ധരിച്ചു…

അവൾ പിന്നെയും കരഞ്ഞു കൊണ്ട് വീടിനു ചുറ്റും അതിന്റെ കുഞ്ഞിനെ തേടി നടന്നു..

അതിന്റെ വേദന എന്നിലേക്കാഴ്ന്നപ്പോൾ ചെവി പൊത്തി ഞാൻ മുറിയിൽ കയറി. എന്റെ ആരുമല്ലാത്ത അവൾക്കു വേണ്ടി ഞാനും കരഞ്ഞു..

കുറച്ചു നേരം കഴിഞ്ഞു കുഞ്ഞോള് വന്നു..

ചേച്ചി വാ.. ഒരൂട്ടം കാണിച്ചു തരാം…ഞാൻ ഇല്ല..

ഇത് കണ്ടാൽ ചേച്ചിടെ വിഷമൊക്ക പോവും…

ഒഴിഞ്ഞ ആട്ടിൻകൂടിലേക്കാണ് അവളെന്നെ കൊണ്ടുപോയത് അവിടെ ദ്രവിച്ചു തുടങ്ങിയ വയ്ക്കോലിനിടയിൽ കിടക്കുന്ന രണ്ടു പൂച്ചക്കുഞ്ഞുങ്ങളെ അവളെനിക് കാണിച്ചു തന്നു…

ഒരു വിരലിനത്രയേ വലിപ്പം കാണൂ.. ഒന്ന് ഒരു തവിട്ട് നിറത്തിൽ വരകളുള്ളത് മറ്റേത് വെളുപ്പ് നിറം വാല് മാത്രം ചാര നിറത്തിൽ… കണ്ണുകൾ കീറാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്ന് അമ്മ പറഞ്ഞു…എങ്കിലും അവർ തങ്ങളുടെ അമ്മയുടെ മണം എത്ര വേഗമാണ് ഗ്രഹിക്കുന്നത്..എത്ര കൃത്യമായി ആണ് അവരുടെ അമ്മയുടെ മു ലക്കണ്ണുകളെ അവ തേടിചെല്ലുന്നത്…

ഇനിയും ആ കാടൻപൂച്ച വന്നാലോ എന്ന് കരുതി ഞങ്ങൾ കുഞ്ഞുങ്ങളെ ഒരു കടലാസ് പെട്ടിയിലെക് മാറ്റി…

അമ്മ കണ്ടപ്പോൾ വഴക്ക് പറഞ്ഞു..

കുറച്ചു കഴിഞ്ഞു പൂച്ച വന്നു കുട്ടികളെ എടുത്തു കൊണ്ടുപോയി.. അപ്പോളാണ് അമ്മ പറഞ്ഞതിൽ കാര്യമുണ്ടെന്നു തോന്നിയത്..

“അവറ്റകൾക്ക് നമ്മുടെ മണം വേഗം കിട്ടും.. നമ്മള് അവിടെ ചെന്നിട്ടുണ്ടെന്ന് അറിഞ്ഞാൽ അപ്പൊ കുട്ടികളെ മാറ്റും… “

തിരഞ്ഞു തിരഞ്ഞു അവസാനം തെക്കേലെ ഇടമുറിയിലെ അടക്കാചാക്കുകൾക്കിടയിൽ കണ്ടെത്തി..ഞങ്ങൾ പുറത്ത് നിന്ന് നോക്കുന്നതല്ലാതെ ഉള്ളിലേക്കു കയറിയില്ല…

അങ്ങനെ അവരും ഞങ്ങളുടെ കൊച്ചുവീട്ടിൽ കഴിഞ്ഞു…

കണ്ണു കീറുന്നത് വരെ എല്ലാ രാത്രികളിലും കടന്മാരുമായുള്ള കടിപിടിയൊച്ചകൾ കേൾക്കാമായിരുന്നു… ഓരോ രാവ് പുലരുമ്പോളും എന്നിലെ ആധിയെ കാറ്റിൽ പറത്തി അമ്മയുടെ ശക്തി എന്താണെന്ന് അവൾ തെളിയിച്ചു… കുഞ്ഞുങ്ങളെ ഒരു പോറലുമേൽക്കാതെ കാതുകൊണ്ട്….

അവർക്ക് ഞങ്ങൾ പേരിട്ടു.. തവിട്ട് നിറത്തിലുള്ളവൾ കുഞ്ഞി.. വെളുപ്പ് നിറക്കാരി ചക്കി… അവൾക്കു ഒരു പ്രത്യേകത കൂടി ഉണ്ടായിരുന്നു നിറയെ രോമങ്ങളുള്ള വാൽ…

വീട്ടിൽ വരുന്നവരെല്ലാം അവളെ അത്ഭുതത്തോടെ നോക്കുന്ന കാണുമ്പോൾ ഞങ്ങൾക്ക് വലിയ സന്തോഷം തോന്നും.. അങ്ങനെ അമ്മയുടെ മുറുമുറുപ്പുകളും തീർന്നു അവരെ ഞങ്ങൾസ്വന്തം പോലെ സ്നേഹിച്ചു തുടങ്ങി…

ദിവസങ്ങൾ കഴിഞ്ഞപ്പോൾ അമ്മപ്പൂച്ച പെട്ടന്ന് അപ്രത്യക്ഷമായി…

പിന്നെ അവര് ഞങ്ങളുടെ സ്വന്തമായി..

ആദ്യമൊന്നും അമ്മ അവർക്ക് ഒന്നും കൊടുക്കില്ലായിരുന്നു… അമ്മപ്പൂച്ച പോയതിൽ പിന്നെ അമ്മയ്ക്കും അവരോട് സ്നേഹായി..അമ്മ രാത്രി ചോറ് ഒരു പാത്രത്തിൽ ഇട്ടു കൊടുത്ത് വടിയും പിടിച്ചു ഒരു നിൽപ്പുണ്ട്.. അവര് തിന്നു തീരുന്നത് വരെ ആ നിൽപ്പാണ്.. എന്ധോക്കെയോ പറയുന്നതും കാണാം…

വീടിനടുത്തു തന്നെയുള്ള മാമയുടെ വീട്ടിൽ ഒരു നായയുണ്ട്….ജിക്കു..അവനെ രാത്രിയായാൽ മാമ തുറന്നു വിടും.. അവനാണെൽ നേരെ ഓടി വരുന്നത് ഇവരുടെ അടുത്തേക്കും… ആ അപ്രതീക്ഷിതമായ ആക്രമണം തടയാനുള്ള മുന്നൊരുക്കമാണ് അത്..

അടുക്കളയിൽ കേറിയാൽ അമ്മ നല്ല അടി കൊടുക്കും…. എപ്പോഴും ഓരോന്നു പറയും… ചാക്കിൽ കെട്ടി നാടുകടത്തണം എന്നൊക്കെ….എന്നാൽ വേറെ ആരും അടിക്കുന്നത് അമ്മക്ക് സഹിക്കില്ല..

ഒരു ദിവസം അമ്മായി അടിച്ചു ന്നും പറഞ്ഞു അമ്മമ്മയോട് പരാതി പറയുന്നത് കേട്ടു.. ഞങ്ങൾ അമ്മയെ കളിയാക്കി…

അപ്പൊ അമ്മ പറഞ്ഞത് ഇന്നും ഓർമയുണ്ട്..

“ഇവിടെ ജനിച്ചു വളർന്നതല്ലെടി… തള്ളയില്ലാത്ത അവറ്റ എങ്ങനേലും കഴിഞ്ഞോട്ടെ…”

വിരസമായ എന്റെ ഒഴിവുനേരങ്ങളെ ഉല്ലാസപൂർണ്ണമാക്കിയത് അവരായിരുന്നു..അവരുടെ സ്നേഹവും കടിപിടിയും കളിയും ഞങ്ങൾ ആസ്വദിച്ചു…

ഒരു ബോൾ ഇട്ടുകൊടുത്താൽ രണ്ടുപേരും കൂടെ അത് തട്ടിക്കളിക്കും.. അവരുടെ ആ കളി എല്ലാവർക്കും പ്രിയമായി മാറി… അടുത്ത വീട്ടിലെ കുട്ടികളെല്ലാം അത് കാണാൻ വരും…

ചിലർ ചക്കിയേ ചൂണ്ടി ചോദിക്കും..

അതിനെ ഞങ്ങൾക്ക് തരോ…?

അവളോടായിരുന്നു ഒരു പൊടിക്ക് സ്നേഹം കൂടുതൽ… മറ്റൊന്നും കൊണ്ടല്ല അവൾക്ക് ശബ്ദം ഇല്ലായിരുന്നു… കരയുമ്പോൾ ശ്വാസം മാത്രേ വരൂ….അവൾ എല്ലാവരുമായും വേഗത്തിൽ ഇണങ്ങും.. എപ്പോഴും ആരെങ്കിലും മുട്ടിയുരുമ്മി നടക്കണം അവൾക്.. കുഞ്ഞിയാണെങ്കിൽ ഒരു ഗൗരവക്കാരിയായിരുന്നു.. ചക്കി പാവവും.. എല്ലാരുടെയും കാലിനിടയിലൂടെ അവളോടി നടക്കും…

അമ്മമ്മേടെ അടുത്ത് ചെന്നാൽ ഒരു തട്ടങ്ങു വെച്ചു കൊടുക്കും…എന്നിട്ട് പറയും

“ന്റെ അടിത്തിക്ക് വന്നിട്ട് കാര്യല്ല… നന്ദി ന്നു പറയണത് ഇവറ്റങ്ങൾക്കില്ല..”

“ആര് പറഞ്ഞു..?? കണ്ടില്ലേ എല്ലാവരുടേം അടുത്ത് വന്ന് തടവ്ണത്.. സ്നേഹം കൊണ്ടാ അമ്മമ്മ അത്…കുഞ്ഞോള് പറയും…”

“കണ്ണടച്ച് പാലു കുടിക്കാ ന്നു വെറുതെ പറയണതല്ല ട്ടോ.. നായാണെങ്കിൽ വാലെങ്കിലും ആട്ടും… ഇതിനൊക്കെ തിന്നാൻ കൊടുക്കണത് വെറുതെയാ….” മുറുക്കി ഒരു തുപ്പും തുപ്പി അമ്മമ്മ മേലെ തൊടിയിലേക്ക് കയറും…

എവിടെ പോയാലും അവരൊപ്പം ഇണ്ടാവും… കടിപിടി കൂടിയാലും എത്ര തല്ലു പിടിച്ചാലും… രാത്രി ഒരാൾക്കു ഉറങ്ങണേൽ ഒരാൾ വേണം…

രാവിലെ എണീറ്റു വരുമ്പോൾ കണി ഇവരാണ്.. പുറത്ത് ചവിട്ടിയിൽ രണ്ടും കൂടി പുണർന്നു കിടക്കാവും… ചിലപ്പോൾ ഒന്നിന്റെ തല മറ്റേതിന്റെ കാലിലാവും…ഉറക്കത്തിൽ പോലും രണ്ടും കൂടി സ്നേഹിക്കണ കാണുമ്പോൾ അമ്മ പറയും ഞങ്ങളോട് കണ്ടു പഠിക്കാൻ….

ഇത്ര വലുതായിട്ടും തമ്മിൽതല്ലു മാറാത്ത ഞങ്ങളുണ്ടോ ഇതുകേൾക്കുന്നു… ഞാൻ പിടിച്ച മുയലിനു മൂന്നു കൊമ്പ് ന്ന് പറഞ്ഞു കട്ടക്ക് നിക്കണ കുഞ്ഞോള് ഒന്ന് കണ്ണിറുക്കും…

ഇപ്പൊ കുറച്ചു സ്നേഹം ഒക്കിണ്ട്… ന്നോടല്ല ട്ടോ.. വാവേനോട്…

ദിവസങ്ങൾ കൊണ്ടു തന്നെ ഹൃദയത്തിൽ സ്നേഹത്തിന്റെ ചാലു തീർത്തിരുന്നു അവർ… അവർ വീടിനു ചുറ്റും ഓടിക്കളിക്കുമ്പോൾ കുഞ്ഞിലേ ഓർമ്മകൾ നിറയും….

രാത്രിയായാൽ മാമ വരും കയ്യിൽ എന്ധെങ്കിലും ഉണ്ടാവും ഗർഭിണിക്കുള്ള സ്പെഷ്യൽ.. ജിക്കുവിനെയും കൊണ്ടാണ് വരിക… അവനെ കാണുമ്പോളെ രണ്ടു അകത്തുകയറി അമ്മേടെ കാലിനിടയിൽ മാക്സിക്കുള്ളിൽ പതുങ്ങും… അവർക്ക് ഏറ്റവും സുരക്ഷിതമായ ഇടം അതാണ്‌…

ചിലപ്പോളൊക്കെ അവൻ രാവിലെ അറിയാതെ വരും കയറുപൊട്ടിച്ചു കൊണ്ട് അപ്പോൾ കുഞ്ഞി വേഗം മരത്തിൽ കയറും… ചക്കി എപ്പോളോ ഓടിക്കാണും…ഓട്ടത്തിൽ കുഞ്ഞി തന്നെയാണ് മിടുക്കി.. പക്ഷെ അവള് മരത്തിലെ ഒരു ചാഞ്ഞ കൊമ്പിൽ ഇരിക്കും ഇതിൽ വേറൊരു കാര്യണ്ട് … ജിക്കു താഴെ നിന്ന് കുരക്കുമ്പോൾ അവൾ മേലെ നിന്ന് കയ്യ് നീട്ടി അവനൊരു മാന്തങ്ങു വെച്ചുകൊടുക്കും…. അത് കിട്ടുന്നത് വരെ കുരക്കും കിട്ടിയാൽ മോങ്ങി കൊണ്ട് വേഗം അവന്റെ കൂട്ടിലേക് പൊയ്ക്കോളും… നേർക്കുനേരെ നിന്നാൽ ജയിക്കില്ലെന്ന് അവൾക്കറിയാം……..പിറ്റേന്ന് എല്ലാം മറന്നു പൊട്ടൻ പിന്നേം വരും… മാന്തും വാങ്ങി പോവും….

മാമന്റെ ഒരു മോനുണ്ട് നന്ദു. മൂന്നാം ക്ലാസിൽ പഠിക്കാ… മഹാ പോക്കിരി…എവിടെയും അടങ്ങി ഇരിക്കില്ല… മാമ വരുമ്പോൾ എന്നും ഒരു തല്ല് പതിവാണ്… അവന്റെ വികൃതികളുടെ വൈവിദ്ധ്യം പറയാതെ വയ്യ..

ഒരു ദിവസം മാമ കലി തുള്ളി വരുന്നുണ്ട്..

നന്ദു ഇങ്ങോട്ട് വന്നോ…??

എന്താണെടാ ഇന്നത്തെ പ്രശ്നം…

അവനെ കിട്ടിയാൽ ഇന്ന് ഇവിടെ അയ്യപ്പൻ വിളക്കാവും ന്ന് അമ്മക്കറിയാം…അത്രയും ദേഷ്യണ്ട് മാമന്റെ മുഖത്തു….

ഇനി ആ ചെക്കനെ തല്ലൊന്നും വേണ്ട…

മാമ ഉറഞ്ഞു തുള്ളാണ്….

മാമ നാട്ടുനനച്ചു വളർത്തുന്ന കുറച്ച് വാഴകളുണ്ട് വീടിന്റെ പുറകു വശത്തു….. പണി കേറി വന്നാൽ ഇരുട്ടും വരെ അവിടെയാവും മാമ…

ഓരോ ഇലയിലും കണ്ണെത്തുന്ന അത്രയും സൂഷ്മതയിൽ പരിപാലിക്കുന്നവ…

കുല വരാനായിട്ടുണ്ട്… ഇന്ന് വന്നപ്പോളാണ് അത് കണ്ടത്… മൂന്ന് നാല് വാഴകൾക്ക് നടുവിലായി വലിയ വലിയ തുളകൾ…

പിന്നെയൊരു അലറലായിരുന്നു… അമ്മായി നേരത്തെ കണ്ടിരുന്നു… ഇന്ന് നന്ദുന്റെ അനക്കൊന്നും കേൾക്കില്ലല്ലോ ന്നു കരുതി പോയി നോക്കിയപ്പോൾ ആണ് കണ്ടത് ചെക്കൻ വീടിന്റെ വാർപ്പിന് മുറിച്ചിട്ട ഒരു കമ്പി കഷ്ണം എടുത്തു നല്ല പണിയാ. കണ്ടപ്പോ തന്നെ അമ്മായിടെ കയ്യിന്നു രണ്ടെണ്ണം കിട്ടി..

മാമനെ പേടിച്ചിട്ട് അമ്മായി പറഞ്ഞതുമില്ല..

എന്തായാലും അന്ന് രാത്രി അവിടെ നിന്നും ഭരണിപ്പാട്ട് കേട്ട ക്ഷീണത്തിൽ നേരത്തെ ഉറങ്ങി പ്പോയി…

ഇതൊന്നുമല്ല ഏറാണ് ചെക്കന്റെ മെയിൻ പണി… എല്ലാവരും മാങ്ങക്ക് വേണ്ടി എറിയുമ്പോൾ അവൻ ഉന്നം ശരിയാക്കാൻ ആണ് എറിയാറ്… എന്തു കിട്ടിയാലും എറിയും… അമ്മമ്മ കൊത്തിക്കീറി ഉണക്കാനിട്ട തെങ്ങുമട്ടൽ എടുത്താവും ചിലപ്പോ ഏറു… റോഡിലൂടെ പോവുന്നവരും… മേഞ്ഞു നടക്കുന്ന ആടുകളും എന്തിനു പറക്കുന്ന കാക്ക വരെ അവന്റെ ഏറിനെ പേടിച്ചു…. പറമ്പിലു വെച്ച ഏഴു റബ്ബർ തയ്കളാണ് ഏറുവിദ്വാനു മുന്നിൽ ഒടിഞ്ഞു വീണത്….. അതും മാമ എവിടുന്നോ വരുത്തിച്ച വില കൂടിയ തൈകൾ….

ഞങ്ങൾ എങ്ങോട്ട് പോയാലും അവരും കരഞ്ഞു കൊണ്ട് പിന്നാലെ കൂടും…

എല്ലാവരും പുറത്ത് ഇരിക്കാണ് നന്ദു പതിവ് ഏറിലും… പെട്ടന്ന് ഒരു കരച്ചിൽ കേട്ട് നോക്കിയപ്പോൾ ആണ് കുഞ്ഞി കിടന്നു പിടയുന്നു…!!ചക്കി അടുത്ത് നിന്ന് കരഞ്ഞു ചുറ്റും നടക്കുന്നു…എല്ലാവരും ചുറ്റും കൂടി…

കഴിയാറായി… മാമ പറഞ്ഞു…. വേഗം കുറച്ചു വെള്ളം കൊണ്ടുവന്നെ…

മാമ ഒരിറ്റു വെള്ളം അവളുടെ ചുണ്ടിൽ ഇറ്റിച്ചു…ആ വെള്ളം കുടിച്ചു അവൾ കണ്ണടച്ചപ്പോൾ എല്ലാവരുടെയും കണ്ണുകൾ നിറഞ്ഞു… ഞാൻ താഴെ ഇരുന്നു പോയിരുന്നു….

തിളച്ച വെള്ളത്തിലിട്ടു പുഴുങ്ങ്യാലും കെടന്നു തുള്ളും അതാണ് പൂച്ച.. അങ്ങനൊന്നും ചാവില്ല… ഇതിപ്പോ ചെക്കന്റെ ഏറു മർമ്മത്തിലാ കൊണ്ടത്.. ചെക്കന് ഇനി കൈവെറയല് മാറൂല..!!

അമ്മമ്മ പിറുപിറുത്തു….

നന്ദു പേടിച്ചു കരയാൻ തുടങ്ങിയിരുന്നു അപ്പോളേക്കും…

പോട്ടെ നന്ദുട്ടാ സാരല്ല… അമ്മ അവനെ സമാധാനിപ്പിച്ചു…അമ്മയാവും ആദ്യം അടിക്കാ ന്നാ അവൻ കരുതിയത്… അമ്മ അങ്ങനെ പറഞ്ഞപ്പോൾ അവനു ആശ്വാസമായി..

ചക്കി കരഞ്ഞു കൊണ്ട് നടക്കാണ് അപ്പോളും… ഇടക്ക് വന്ന് അവളെ മണത്തുനോക്കുന്നുണ്ട്…. നക്കിതുവർത്തുന്നുണ്ട്… അവളുടെ വയറിന്മേൽ തല വെച്ച് കിടക്കുന്നുണ്ട്… ഞാനും കുഞ്ഞോളും കൈപിടിച്ച് കരയായിരുന്നു അപ്പോൾ…

അങ്ങനെ ഒന്ന് തീർന്നു… കുറച്ചു ആശ്വാസം..

അതും പറഞ്ഞു അമ്മ വീട്ടിലേക്കു നടന്നു…

ഞങ്ങൾ അവിടെത്തന്നെ നിന്നു..നിറഞ്ഞു നിൽക്കുന്ന വയറിലേക്ക് കൈ ചലിച്ചു…

മാമ തൂമ്പയുമായി വന്ന് അതിനെ കോരിയെടുത്തു പറമ്പിലേക്ക് നടന്നു പുറകെ കരഞ്ഞുകൊണ്ട് ചക്കിയും ….

കുഴിയെടുത്തു അവളെ അതിലിട്ടപ്പോൾ ചക്കി പിന്നെയും കരഞ്ഞു. ശബ്ദമില്ലാതെ… ഹൃദയം കൊണ്ട് കരയാൻ ശബ്ദം വേണ്ടല്ലോ…

മണ്ണിട്ട് മൂടി അതിന് മേൽ ഒരു വെട്ടുകല്ല് എടുത്തു വെച്ചു…

അവളതിന് ചുറ്റും നടന്നു കരഞ്ഞു… ഒടുവിൽ ആ കല്ലിനു മേൽ കയറിക്കിടന്നു…

ഞങ്ങൾ വീട്ടിൽ എത്തി അമ്മയെ തിരഞ്ഞു… പിന്നാമ്പുറത്തു അമ്മിത്തിണ്ടിന്മേൽ ചാരി നിന്ന് കണ്ണു തുടക്കുന്ന അമ്മയെ കണ്ടപ്പോൾ ദുഃഖം ഇരട്ടിച്ചു….

അന്ന് രാത്രി ചോറ് വെച്ച് ചക്കിയെ കുറെ വിളിച്ചു നോക്കി അവള് വന്നില്ല…

പിറ്റേന്ന് ചുരുട്ടിവെച്ച ചവിട്ടിയിൽ മുഖം ചേർത്ത് കിടക്കുന്നവളെ കണ്ടു ഉള്ളു പിടച്ചു….

ദിവസങ്ങൾ കഴിയും തോറും അവൾ കൂടുതൽ ഇണങ്ങി….ആരുമില്ലെന്നു തോന്നിയിട്ടാവും…മറവി ഒരാനുഗ്രഹംമാണെന്ന് അപ്പോളാണ് തോന്നിയത്…

വയറിൽ മുഖം ചേർത്ത് എന്റെ അടുത്ത് പറ്റിച്ചേർന്നിരിക്കും… താടികൊണ്ട് തടവും…

നീ ഇപ്പൊത്തന്നെ വാവേനോട് കൂട്ടായോടി ചക്കി?? കുഞ്ഞോള് ചോദിക്കും…..

അവൾക്ക് ഒരുപാട് കാമുകന്മാർ ഉണ്ടായിരുന്നു… വൺ സൈഡ് ആണേ…

പുള്ളിക്കാരി മൈൻഡ് ചെയ്യില്ല…അത് കന്യാസ്ത്രീ ആണെന്നാണ് തോന്നുന്നത്… അമ്മ പറയും….

രാത്രിയിൽ ചിലപ്പോൾ ഓടിച്ചിട്ട് പിടിക്കാൻ കാടന്മാർ വരും… അവളൊറ്റകുതിപ്പിന് മരത്തിൽ കയറും… എവിടെ പോയി ന്നു പോലും കാണില്ല…

അങ്ങനെ ഇരിക്കെയാണ് വലിയമ്മമ്മ വന്നത്… അമ്മമ്മേടെ ഏടത്തിയാണ്…എനിക്ക് പലഹാരം കൊണ്ട് വന്നതാണ് വയറു കാണാൻ… വലിയമ്മമ്മ വന്നാൽ പിന്നെ അനിയത്തീടെ കൂടെ കുറച്ചു ദിവസം നിന്നിട്ടേ പോവൂ…

വലിയ ചിട്ടക്കാരിയാണ്… നിലത്ത് ഒരു പൊടി കാണാൻ പാടില്ല… തുണിയൊക്കെ എപ്പോഴും വൃത്തിയിൽ ഒതുക്കി വെക്കണം…

അമ്മമ്മ വരുന്നു എന്ന് കേൾക്കുമ്പോൾ ആദിയാണ്… കച്ചവടം കഴിഞ്ഞ ചന്ത പോലെ കിടക്കുന്ന വീട് അന്ന് പുതിയത് പോലെ തിളങ്ങും….

അമ്മമ്മ വന്നു കേറിയപ്പോൾ തന്നെ ചക്കി കാലിനിടയിലൂടെ ഓടാൻ തുടങ്ങി… അവളെ പ്രാകിയാണ് അകത്തേക്ക് കയറിയത്…

ഞാൻ അവളെ തൊട്ടുഴിയുന്നത് നിർത്തി.. അത് കണ്ടാൽ ആ അമ്മമ്മേടെ എടുത്തു നിന്ന് വഴക്ക് കിട്ടും..

അതിന്റെ രോമം വയറ്റിലായ പിന്നെ വയറുവേദന ഒഴിഞ്ഞ നേരം ഇണ്ടാവൂലാ ന്നാ പറയാ…

അതിന്റെ പ്രതിഷേധം എന്നോണം അവൾ എന്റെ മടിയിലേക്ക് അങ്ങ് കയറി…

ആയ്… കൊടുത്താ.. ആ പൂച്ചേനെ ഒന്ന്… നെഗളിപ്പ് കണ്ടില്ലേ… അശ്രീകരം…

പാവാ അമ്മമ്മേ അത്.. ന്നോടുള്ള ഇഷ്ടം കൊണ്ടാ…

പാവം..?

ഈ പൂച്ച കണ്ടിട്ടില്ലേ എന്തു കൊടുത്താലും കണ്ണടച്ചു തിന്നുന്നെ….

ആ അതിനെന്താ?

“മരിച്ചു ചെല്ലുമ്പളെ ദൈവം പൂച്ചെനോട് ചോദിക്കും നിന്റെ യജമാനൻ നിനക്ക് എന്താ തന്നെന്നു… അപ്പൊ കണ്ണടച്ച് തിന്നുന്ന അടുക്കളത്തിണ്ണയിൽ കിടക്കണ പൂച്ച പറയും ഒന്നും തന്നില്ലാന്ന്….

അപ്പൊ ഏഴാംവേലിക്കപ്പുറത്തു നിക്കണ നായ പറയും ഓള് കള്ളം പറയാണ്…ഓൾക്ക്‌ മാത്രല്ല പുറത്ത് നിക്കണ എനിക്കും വയറുനിറച്ചു തന്നെന്നു….അങ്ങനെ നായ നരകത്തിൽ നിന്ന് നമ്മളെ രക്ഷിക്കും…

അതാണ്‌ പറയിണേ നായക്ക് നന്ദിണ്ട് ന്നു….”

എന്ധോക്കെ പറഞ്ഞാലും ഞങ്ങടെ ചക്കിനെ തള്ളിപ്പറയാൻ കഴിഞ്ഞില്ല.. എന്നോട് തന്നെ ആയിരുന്നു അവൾക്കു കൂടുതൽ ഇഷ്ടം…

ഞാൻ എവിടെ പോയാലും കൂടെ വരും… ന്റെ ബോഡിഗാർഡ് ന്ന എല്ലാരും പറയാ..

മാസം തികഞ്ഞപ്പോൾ ഡോക്ടർ നടക്കാൻ പറഞ്ഞു… അവിടെയും കൂട്ട് അവള് തന്നെ… മുറ്റത്തുകൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുമ്പോൾ ന്റെ കൂടെ നടക്കും…

ഇവളും ഗർഭിണി ആണോ ഇങ്ങനെ നടക്കാൻ… അമ്മ ചോദിക്കും…

നിന്റെ പോലെ വാലുള്ള കുട്ടികൾ ഈ മുറ്റത്തുകൂടെ ഓടിക്കളിക്കാനാ ഞങ്ങൾ കാത്തിരിക്കണേ…

കുഞ്ഞോള് പറഞ്ഞപ്പോൾ എല്ലാരും ചിരിച്ചു…

ഇപ്പൊത്തന്നെ എത്ര ഓർഡർ ആണ് അറിയോ..

ഇതിന് കുട്ടിണ്ടാവുമ്പോൾ തരണേ… ന്നു എത്ര പേരാണ് ചോദിച്ചത്…

ഗർഭിണി ആവണെന്നു മുന്നേ ഓർഡർ കിട്ടുന്ന ആദ്യത്തെ പൂച്ചാവും ഇവള്…

അവളൊന്നുമറിയാതെ അപ്പോളും എന്റെ കൂടെ നടക്കാണ്…

രാത്രി വേദന വന്ന് കരഞ്ഞു കൊണ്ട് കാറിലേക്ക് കയറുമ്പോളും പുറത്തു കരഞ്ഞു കൊണ്ട് അവളുണ്ടായിരുന്നു…

ഇനി നിന്നെ കാണാൻ ഒരാളേം കൊണ്ടാ ഞാൻ വരാന്നു മനസ്സിൽ പറഞ്ഞു.. അവളെ ഒന്നുകൂടി തലോടി ഞാൻ വണ്ടിയിൽ കയറി.. അവളപ്പോളും കരയാണ് ശബ്ദമില്ലാതെ….

അമ്മയോ കുഞ്ഞോ എന്നറിയാതെ നിൽക്കണ അവസ്ഥയിൽ എല്ലാവരും പ്രാർത്ഥിക്കുമ്പോളും എന്റെ കണ്ണിൽ അന്ന് ചക്കിയുടെ അമ്മയാണ്…സർവ്വശക്തിയുമെടുത്തു വേദന കടിച്ചു പിടിച്ചു…. എനിക്കെന്തു പറ്റിയാലും കുഞ്ഞിനൊരു പോറലുമേൽക്കരുത് ന്നു പ്രാർത്ഥിച്ചു… അമ്മയുടെ മനസ് എന്താണെന്ന് ഒരൊറ്റ നിമിഷത്തിൽ അറിഞ്ഞു… നീണ്ട വേദനക്കും മൽപ്പിടുത്തതിനുമൊടുവിൽ പിറ്റേന്ന് പുലർച്ചെ ബോധം മറയുന്നതിനു തൊട്ടു മുൻപ് അവളെ നേഴ്സ് എന്റെ മാറോടു ചേർത്തു വെച്ചു തന്നു…

പിന്നെയും കുറച്ചു ദിവസങ്ങൾ കഴിഞ്ഞാണ് വീട്ടിലേക്ക് വന്നത്… പ്രസവം കുറച്ചു കോംപ്ലിക്കേറ്റ് ആയിരുന്നത് കൊണ്ട് കുറച്ചു ദിവസം കൂടി അവിടെ നിൽക്കേണ്ടി വന്നു…ഞാൻ മരിച്ചുപോവും എന്നാണ് എല്ലാരും കരുതിയത്… എല്ലാരും പേടിച്ചിരുന്നു… എന്റെ കുഞ്ഞിനെ കാണാതെ മരിക്കുമോ എന്നായിരുന്നു എന്റെ പേടി….

ചക്കിയെ ചോദിച്ചപ്പോൾ അമ്മ പറഞ്ഞു… അവള് പോയി ന്നു… കേട്ടപ്പോൾ വിങ്ങിപ്പൊട്ടി… നീ പ്രസവിച്ച അന്ന് പുലർച്ചെ ഞാൻ ചെന്നു നോക്കുമ്പോൾ ചത്തു കിടക്കായിരുന്നു… പെട്ടന്ന് അങ്ങ് പോയി… ഒന്ന് കരഞ്ഞു കൂടിയില്ല.. കരഞ്ഞാലും കേൾക്കില്ലല്ലോ…

നിനക്ക് വിഷമാവും ന്നു കരുതിയാ പറയാഞ്ഞേ…

“വീട്ടിലെ ആരുടേലും മരണം വളർത്തുമൃഗങ്ങളിലേക്ക് വഴിമാറിപ്പോവും ചിലപ്പോൾ.. ഇതും അങ്ങനെ ആവും…

എന്തായാലും ദൈവം കാത്തു….” അമ്മമ്മ ഒരു നെടുവീർപ്പോടെ പറഞ്ഞു നിർത്തി….

ഞാൻ അപ്പോൾ ഉള്ളുകൊണ്ട് ആർത്ത് ആർത്തു കരയുകയായിരുന്നു.. ഇത്തിരി ശബ്ദം പോലും പുറത്തു വരാതെ………..

അവസാനിച്ചു

ഇത് എന്റെ ഒരനുഭവം മാത്രം….കഥയായിട്ട് എഴുതിയതൊന്നുമല്ല….

ചിലർ പെട്ടന്ന് വന്നു മനസ്സിൽ നീറ്റലിന്റെ ഒരു കുഞ്ഞു വിടവുണ്ടാക്കി കടന്നുപോകും…. ഒത്തിരി ഓർമ്മകൾ നൽകി……