സാരി മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ ഇതുവരെ ഒരുങ്ങിയിറങ്ങാത്ത മകനെയും മരുമകളെയും കാണാതെ വിളിക്കാനായി അവരുടെ റൂമിനടുത്തേക്ക് നടക്കുമ്പോൾ അതിനുള്ളിലെ അടക്കം പറച്ചിലുകൾ അമ്മയുടെ നെഞ്ചിൽ ഇടിത്തീപോലെയാണ് വന്ന് പതിച്ചത്…………

എഴുത്ത്:-മഹാദേവൻ

” ഇല്ല അമ്മേ… ഞാൻ വരുന്നില്ല…. ഞാൻ ഇപ്പോൾ ഇവിടെ നിന്നും വന്നാൽ ശരിയാവില്ല.. നിങ്ങള് കല്യാണമൊക്കെ കൂടി അടിച്ചുപൊളിച്ചു വാ.. മാമനോടും മീനുനോടും പറഞ്ഞാൽ മതി ഞാൻ ഏട്ടനേയും കൂട്ടി വേറെ ഒരീസം വരാന്ന് “

പിന്നെ കൂടുതലൊന്നും പറയാതെ മേഘ ഫോൺ വെക്കുമ്പോൾ അപ്പുറത്ത് അവളുടെ അമ്മയുടെ മുഖം ഒന്ന് കനത്തിരുന്നു.

” എന്താ അമ്മേ അവൾ പറഞ്ഞെ ” എന്നും ചോദിച്ചുകൊണ്ട് അടുത്തേക്ക് വന്ന മകനെ നോക്കുമ്പോൾ അമ്മ വിഷമവും അല്പം അരിശവും കലര്ന്നപോലെ പറയുന്നുണ്ടായിരുന്നു ” അവളിപ്പോ ഇല്ലെന്ന്..അവളിപ്പോ അവിടെ നിന്നും വന്നാൽ ശരിയാവില്ല എന്ന് . എന്തൊരു കഷ്ട്ടമാണ് ആ പെണ്ണിന്റ അവസ്ഥ…ആ തള്ള പോവാൻ സമ്മതിച്ചിട്ടുണ്ടാകില്ല.. അല്ലെങ്കിൽ എന്ത് പ്രശ്നം ഉണ്ടായാലും അവൾ മീനുവിന്റെ കല്യാണത്തിന് വരാതിരിക്കോ.അവളാണേൽ ഒന്നും തുറന്ന് പറയുകയും ഇല്ല… ആ തള്ള എന്തൊക്കെ ചെയ്താലും ആരോടും മിണ്ടാതെ അതൊക്ക സഹിച്ചുകൊണ്ട് കിടക്കും.എന്ത് ചെയ്യാം.. ആ പെണ്ണിന്റ ഒരു യോഗം ” എന്നും പറഞ്ഞ് നിറഞ്ഞ കണ്ണുകൾ ഒന്ന് തുടച്ചുകൊണ്ട് അമ്മ റൂമിലേക്ക് നടക്കുമ്പോൾ മനസ്സിലുണ്ടായിരുന്നു ” ആ പെണ്ണിനെ ഇങ്ങനെ നരകിപ്പിക്കാൻ വിടാതെ ഇങ്ങോട്ട് കൊണ്ടുവന്നാലോ ” എന്ന ചിന്ത.

പിന്നെ വേഗം സാരി മാറി പുറത്തേക്ക് ഇറങ്ങുമ്പോൾ ഇതുവരെ ഒരുങ്ങിയിറങ്ങാത്ത മകനെയും മരുമകളെയും കാണാതെ വിളിക്കാനായി അവരുടെ റൂമിനടുത്തേക്ക് നടക്കുമ്പോൾ അതിനുള്ളിലെ അടക്കം പറച്ചിലുകൾ അമ്മയുടെ നെഞ്ചിൽ ഇടിത്തീ പോലെയാണ് വന്ന് പതിച്ചത്.

” നിങ്ങടെ അമ്മക്കിത് എന്തിന്റെ കേടാണ്.. നിങ്ങടെ കൂടെ എങ്ങോട്ടേലും ഒന്ന് സന്തോഷത്തോടെ ഇറങ്ങുമ്പോൾ അപ്പൊ കൂടെ ഇറങ്ങും ഒരുങ്ങിക്കെട്ടി. അങ്ങോട്ടും എങ്ങോട്ടും ഇടക്ക് കേറി ഇരിക്കുമ്പോൾ നിങ്ങളോട് ഒന്ന് ഓപ്പൺ ആയി സംസാരിക്കാൻ പോലും കഴിയില്ല.. ഇവിടെയോ അതിന് പറ്റില്ല.. പുറത്തോട്ടി റങ്ങുമ്പോൾ എങ്കിലും നിങ്ങളെ ഒറ്റക്ക് കിട്ടുമല്ലോ എന്ന് സന്തോഷിക്കുമ്പോൾ അപ്പൊ ഒരുങ്ങിക്കെട്ടി ഉമ്മറത്തുണ്ടാകും ഇളിച്ചുകൊണ്ട്.

ഹോ.. മടുത്തു… നിങ്ങളെ ഓർത്തു മാത്രമാ ഞാൻ മറുത്തൊന്നും പറയാതെ ഇങ്ങനെ ചിരിച്ചുകൊണ്ട് സ്നേഹം കാണിച്ചു അട്ജെസ്റ്റ് ചെയ്യുന്നത്. എന്നാൽ മകനും മകളുമാണ്, പുതുമോടിയാണ്. അവർക്ക് ഒറ്റക്ക് ഇരിക്കാൻ ആഗ്രഹം ഉണ്ടാകും എന്നൊക്കെ ചിന്തിക്കാനുള്ള കോമൺസെൻസ് കാണിച്ചൂടെ അവർക്ക്.. “

ഭാര്യയുടെ സംസാരം അല്പം ഉച്ചത്തിൽ ആകുന്നെന്ന് മനസ്സിലായപ്പോൾ അവളെ തടഞ്ഞുകൊണ്ട് മിഥുൻ അപേക്ഷ പോലെ പറയുന്നുണ്ടായിരുന്നു ” എന്റെ രഞ്ജു…. നീയൊന്ന് പതുക്കെ പറ… അമ്മ കേൾക്കും… നിന്റെ ഇഷ്ട്ടവും അനിഷ്ടവും എന്നോട് കാണിച്ചോ… എന്തിനാണ് അത്‌ മറ്റുള്ളവരെ കൂടി അറിയിക്കുന്നത്..

നിന്നെ മോളെ പോലെ അല്ലെ അമ്മ കാണുന്നത്.. അ സ്വാതന്ത്ര്യം നിന്റെ കാര്യത്തിൽ എടുക്കുമ്പോൾ നിനക്ക് തോന്നുന്നതാണ് പ്രൈവസി ഇല്ല എന്ന്. ഇവടെ മേഘക്കുള്ള സ്ഥാനം എന്താണോ അതേ സ്ഥാനം തന്നെ നിനക്കും അമ്മയുടെ മനസ്സിൽ. ഇന്നത്തെ കാലത്ത് അങ്ങനെ സ്നേഹിക്കാൻ കഴിയുന്ന ഒരു അമ്മായമ്മയെ കിട്ടിയിട്ടും നീ…..

മക്കളെയും മരുമക്കളെയും രണ്ട് തട്ടിൽ നിർത്തി മകളോട് കരുതലും മരുമകളോട് അവഗണനയും കാണിക്കുന്ന ഈ നാട്ടിൽ ഇങ്ങനെ ഒരു അമ്മയെ കിട്ടിയപ്പോൾ നിനക്ക് അല്പം പ്രൈവസി കുറഞ്ഞതാണ് പ്രശ്നം.. അല്ലെങ്കിൽ അങ്ങനെ കുറഞ്ഞെന്ന നിന്റെ തോന്നലാണ് പ്രശ്നം.. വെറുതെ ചികഞ്ഞെടുക്കുന്ന കാരണങ്ങൾ കൊണ്ട് ഒരു കുടുംബത്തിന്റ സ്വസ്ഥത ഇല്ലാതാകാൻ എളുപ്പമാ പക്ഷേ, പരസ്പ്പരം സ്നേഹിച്ചു ജീവിക്കാൻ ആണ് പ്രയാസം… അങ്ങനെ സ്നേഹിക്കാൻ കഴിയുമ്പോഴേ കുടുംബത്തിൽ സ്വസ്ഥത ഉണ്ടാകു… ഇനി ഇതിന്റെ പേരിൽ ഒരു മുഷിപ്പ് ഉണ്ടാക്കി ഇന്നത്തെ ദിവസത്തിന്റ സന്തോഷം കളയണ്ട… അമ്മ പുറത്ത് നമ്മളെ കാത്തുനിൽക്കുകയാവും..ദയവ് ചെയ്ത് മനസ്സിനെ വിദ്വേഷം മുഖത്ത്‌ കാണിച്ചുകൊണ്ട് ഇറങ്ങരുത്… “

അതും പറഞ്ഞ് അവൻ മുഖം കഴുകാനായി ബാത്റൂമിലേക്ക് കയറുമ്പോൾ പുറത്ത് എല്ലാം കേട്ട് വ്യസനത്തോടെ നിറഞ്ഞ മിഴികൾ തുടക്കുകയായിരുന്നു അമ്മ. പിന്നെ പതിയെ അവിടെ നിന്നും പിൻവലിഞ്ഞു റൂമിലേക്കു കയറുമ്പോൾ മനസ്സ് വല്ലാതെ പിടയ്ക്കുന്നുണ്ടായിരുന്നു.

” മോള് പറഞ്ഞപോലെ അവരുടെ പ്രൈവസി പലപ്പോഴും തന്റെ സാനിധ്യം കാരണം ഇല്ലാതാക്കുന്നു എന്നത് ഒരു സത്യമല്ലെ ” എന്നൊരു തോന്നൽ അപ്പോൾ അമ്മയുടെ മനസ്സിലും ഉണ്ടായിരുന്നു..

” മോള് പറഞ്ഞത് ശരിയല്ലേ…. അവരുടെ കാര്യങ്ങളിൽ കൂടുതൽ ഇടപഴകുന്നത് സ്നേഹം കൊണ്ട് ആണെങ്കിലും അത്‌ കൊണ്ട് അവർക്ക് നഷ്ടപ്പെടുന്നത് അവരുടേതായ ചില നിമിഷങ്ങൾ അല്ലെ.. ഇന്നത്തെ കുട്ടികൾ അതാഗ്രഹി ക്കുന്നുണ്ടാകും. അത്‌ മനസ്സിലാക്കി ചെയ്യേണ്ടത് അമ്മയായ ഞാൻ തന്നെ ആണ്.. ഇപ്പോൾ അവരുടെ സംസാരം കേൾക്കാൻ അത്രയും സമയം അവിടെ നിന്നത് പോലും തെറ്റാണ്…ഒരമ്മയും ചെയ്യാൻ പാടില്ലാത്തത്. പക്ഷേ, അതുകൊണ്ട് മകളുടെ മനസ്സിൽ താൻ കാരണം നിറഞ്ഞുനിൽക്കുന്ന വേദന എന്തെന്ന് മനസ്സിലാക്കാൻ പറ്റി.. ഇനിയെങ്കിലും തിരുത്താൻ കഴിയുമല്ലോ. “

എന്നൊക്കെ ചിന്തിച്ചുകൊണ്ട് അമ്മ പതിയെ ബെഡിലേക്ക് കിടക്കുമ്പോൾ പോകാൻ റെഡിയായി പുറത്തേക്കിറങ്ങുമ്പോൾ അമ്മയെ കാണാതെ തിരഞ്ഞു റൂമിലെത്തിയ മിഥുൻ അമ്മയുടെ കിടപ്പ് കണ്ട് ആധിയോടെ അരികിലേക്ക് ഓടിവന്നു കൊണ്ട് ചോദിക്കുന്നുണ്ടായിരുന്നു

” എന്ത് പറ്റി അമ്മേ ” എന്ന്.

അവന്റെ ആധി നിറഞ്ഞ ചോദ്യം കേട്ട് കണ്ണ് തുറന്ന അമ്മ അഅവന്റെ കയ്യിലൊന്ന് പിടിച്ചുപുഞ്ചിരിയോടെ,

” അമ്മക്ക് ഒന്നുല്ല മോനെ… ചെറിയ ഒരു തലവേദന… ഈ പോകാനുള്ള തിരക്കിനിടയിൽ ഗുളിക കഴിക്കാൻ മറന്നതിന്റ ആണ്.. ഒന്ന് കിടന്നാൽ ശരിയാകും.. നിങ്ങള് വൈകിക്കണ്ട.. പോവാൻ നോക്ക്.. കല്യാണം ഇറങ്ങുന്നതിനു മുന്നേ അങ്ങോട്ട്‌ എത്തണ്ടേ ” എന്നും പറഞ്ഞ് അവന്റെ മുഖത്തേക്ക് നോക്കുമ്പോൾ അല്പം സംശയത്തോടെ അവൻ ചോദിക്കുന്നുണ്ടായിരുന്നു

” അപ്പോൾ അമ്മ വരുന്നില്ലേ ” എന്ന്.

” ഇല്ല.. ഈ അവസ്ഥയിൽ ഇനി യാത്ര ചെയ്താൽ ശരിയാവില്ല.. നിങ്ങളു പോയി വാ… കുറച്ച് നേരം കിടന്നാൽ മാറാവുന്ന പ്രശ്നമേ അമ്മക്ക് ഉളളൂ… നീ വെറുതെ ഇവിടെ വിഷമിച്ചിരുന്ന് രഞ്ജുന്റെ സന്തോഷം കളയണ്ട.. ആ പാവം കുറെ ആഗ്രഹിച്ചതല്ലേ ഈ കല്യാണം കൂടാൻ… അതുകൊണ്ട് മക്കള് പോയിവാ… ഞാൻ മേഘ പോകുന്ന ദിവസം അവളുടെ കൂടെ പൊയ്ക്കോളാം “

അമ്മ അതും പറഞ്ഞ് നിർബന്ധിച്ചവനെ യാത്രയാകുമ്പോൾ മനസില്ലാമനസോടെ ആയിരുന്നു അവൻ പുറത്തേക്ക് നടന്നത്.

പുറത്തേക്ക് നടക്കുമ്പോൾ അവന്റെ മനസ്സിൽ സംശയമുണ്ടായിരുന്നു രഞ്ജു പറഞ്ഞതെങ്ങാനും അമ്മ കേട്ടിട്ടുണ്ടാകുമോ എന്ന്. പിന്നെ ഉണ്ടാകില്ലെന്ന് സ്വയം ആശ്വസിച്ചുകൊണ്ട് അവൻ പുറത്ത് ഒരുങ്ങിനിൽക്കുന്ന രഞ്ജുവിന്റെ അടുത്ത് എത്തുമ്പോൾ അവളെ നോക്കികൊണ്ട് താല്പര്യം ഇല്ലാത്ത പോലെ പറയുന്നുണ്ടായിരുന്നു

” എന്തായാലും നിന്റെ ആഗ്രഹം പോലെ നടന്നല്ലോ.. അമ്മ ഇല്ലെന്ന്… അമ്മക്ക് പെട്ടന്ന് ഒരു തലവേദന… എന്തായാലും നീ ആഗ്രഹിച്ചപോലെ പ്രൈവസി ആയല്ലോ… ഇനി നിന്ന് നേരം കളയണ്ട, പോയി അമ്മയോട് പറഞ്ഞിട്ട് വാ പോയിവരാന്ന് ” എന്ന്.

അത്‌ കേട്ട് അവൾ ഉടുത്ത സാരി ഒന്നുകൂടി നേരെ ഇട്ടുകൊണ്ട് പുറത്തേക്ക് നടക്കാൻ തുടങ്ങുമ്പോൾ ആരുടെന്നില്ലാതെ പറയുന്നുണ്ടായിരുന്നു

” ഇനിപ്പോ വയ്യാതെ കിടക്കുന്ന അമ്മയെ വിളിച്ചുണർത്തി പറയുന്നത് എന്തിനാ… നിങ്ങൾ പറഞ്ഞില്ലേ പോവാണെന്ന്.. ആളുംവട്ടം പറയണോ? വെറുതെ വയ്യാതെ കിടക്കുന്നവരെ ബുദ്ധിമുട്ടിക്കാൻ വേണ്ടി “.

അതും പറഞ്ഞ് അവന്റെ മുഖത്തുപോലും നോക്കാതെ അവൾ പുറത്തേക്ക് നടകുമ്പോൾ മനസ്സിൽ തികട്ടി വന്ന ദേഷ്യം കടിച്ചമർത്തികൊണ്ട് അവനും അവൾക്ക് പിന്നാലെ പുറത്തേക്ക് നടന്നു.

അതേ സമയം പുറത്ത് കാർ പോകുന്ന ശബ്ദം കാതിലെത്തുമ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞിരുന്നു ” പോകുമ്പോൾ അവൾ ഒന്ന് പറഞ്ഞത് കൂടി ഇല്ലല്ലോ, അവൾക്കും ഞാൻ അമ്മയല്ലേ ” എന്ന ഹൃദയവേദനയിൽ.

********************

” നിനക്ക് കല്യാണത്തിന് പോകാമായിരുന്നില്ലേ മേഘേ… അമ്മക്ക് അതിന് മാത്രം പ്രശ്നം ഒന്നുമില്ലല്ലോ. ഇനി എന്തേലും വേണേൽ ഞാൻ ഉണ്ടല്ലോ ഇവിടെ.. മീനുവിന്റെ കല്യാണത്തിന് പോകാൻ നീയും കുറെ ആഗ്രഹിച്ചതല്ലേ ” എന്നും ചോദിച്ചുകൊണ്ട് സേതു അവളുടെ അരികുചേർന്ന് നിൽക്കുമ്പോൾ മേഘ അയാൾക്ക് നേരെ പുഞ്ചിരിയോടെ നോക്കികൊണ്ട് വീണ്ടും ചെയ്തിരുന്ന പണിയിൽ മുഴുകി.

” അമ്മക്ക് ഇങ്ങനെ വയ്യാതെ ഇരിക്കുമ്പോൾ ഒന്നും ചെയ്യാതെ ഞാൻ അങ്ങനെ ഇറങ്ങിപോകുന്നത് ശരിയാണോ സേതുവേട്ടാ? എന്റെ അമ്മയെ പോലെ അല്ലെ എനിക്ക് ഈ അമ്മയും.. അപ്പൊ പിന്നെ അമ്മ ഇങ്ങനെ വയ്യാതെ കിടക്കുന്നത് കണ്ടിട്ട് ഞാൻ എങ്ങനാ സമാധാനത്തോടെ കല്യാണം കൂടുക. “

അവൾ എപ്പോഴും ആശ്ചര്യമായിരുന്നു സേതുവിന് . തൊട്ടതിനും പിടിച്ചതിനും കുറ്റം മാത്രം കണ്ടെത്തി അവഹേളിക്കുകയും അവഗണിക്കുകയും ചെയ്യുന്ന അമ്മയെ ഇവൾക്ക് എങ്ങനെ ഇങ്ങനെ സ്നേഹിക്കാൻ കഴിയുന്നത് എന്നോർക്കുമ്പോൾ ആശ്ചര്യമായിരുന്നു.

” നിനക്ക് എങ്ങനെ കഴിയുന്നു മോളെ ഇങ്ങനെ സ്നേഹിക്കാൻ? നിന്നെ കുറിച്ച് കുറ്റം പറയാനും പിന്നാലെ നടന്ന് കുറകാനും മാത്രം സമയം കണ്ടെത്തുന്ന അമ്മയെ ഒരു വിധ്വേഷവും കൂടാതെ, അല്പം പോലും നീരസം കാണിക്കാതെ നോക്കാൻ… ഇപ്പഴും നീ മുന്നിൽ ചെല്ലുമ്പോൾ അമ്മ കുറ്റം മാത്രമേ പറയൂ, എന്നിട്ടും നീ പുഞ്ചിരിച്ചുകൊണ്ട് അവരെ ചേർത്തുപിടിക്കാൻ ശ്രമിക്കുന്നത് കാണുമ്പോൾ….. “

അവളെ പിന്നിലൂടെ ചേർത്തുപിടിച്ചുകൊണ്ട് നെഞ്ചിലേക്ക് ചേർക്കുമ്പോൾ അത്ഭുതത്തോടെയുള്ള അവന്റെ ചോദ്യം അവളുടെ ചെവിയിൽ മൃദുവായി തലോടി.

അത്‌ കേട്ട് അവൾ വലിയഭാവമാറ്റമൊന്നുമില്ലാതെ അവന്റെ കരവാലയത്തിലേക്ക് ഒതുങ്ങിനിന്ന് കൊണ്ട് സാധാരണപോലെ പറയുന്നുണ്ടായിരുന്നു

” അവർ പഴയ ആളുകളല്ലേ ഏട്ടാ.. അവർ കണ്ട് വളർന്ന രീതി അങ്ങനെ ആയിരിക്കും.. അവർക്കിനി അതിൽ നിന്നും മാറാൻ കഴിയില്ല..പക്ഷേ, നമുക്ക് മാറാലോ.. അവരെ പോലെ നാളെ നമ്മളും ആകാതിരിക്കാൻ ഇപ്പഴേ നമുക്ക് മാറിചിന്തിക്കാലോ. പിന്നെ, എന്റെ അമ്മയെ പോലെ അമ്മയല്ലേ ഇവരും. എന്റെ അമ്മ എന്നെ വഴക്ക് പറയാറില്ലേ.. പിണങ്ങാറില്ലേ.. എന്ന് കരുതി അവരെ വെറുക്കാൻ നമുക്ക് പറ്റുമോ… അത്രേ ഉളളൂ… പലപ്പോഴും വഴക്ക് പറയുന്ന ഈ അമ്മയും ഇടക്ക് എന്നോട് സ്നേഹത്തോടെ സംസാരിക്കാറുണ്ട്..

ചിലർ അങ്ങനെ ആണ്.. മനസ്സിൽ സ്നേഹം ഉണ്ടെങ്കിലും അത്‌ പുറത്ത് കാണിക്കില്ല… നമ്മൾ ചെയ്യുന്ന പല കാര്യങ്ങളിലും കുറ്റം കണ്ടെത്തുമ്പോഴും സ്നേഹം മനസ്സിൽ ഒതുക്കിവെക്കും. ചിലപ്പോഴൊക്കെ അവർ പോലുമറിയാതെ അത്‌ പുറത്ത് വരും.. ഇവിടുത്തെ അമ്മ അങ്ങനെ ആണ്.. പലപ്പോഴും അവർ പോലുമറിയാതെ ആ സ്നേഹം എനിക്ക് മനസിലാകാൻ പറ്റിയിട്ടുണ്ട്.

ഈ അവസ്ഥയിൽ ഞാൻ അമ്മയെ ഇങ്ങനെ വിട്ട് പോകുമ്പോൾ അവരുടെ മനസ്സിലും ഉണ്ടാകില്ലേ വയ്യാതാകുമ്പോൾ ആരും നോക്കിയില്ല എന്ന്. അങ്ങനെ ഒരു ചിന്ത കൊണ്ട് പോലും അവരുടെ മനസ്സിനെ വേദനിപ്പിക്കണോ? നമ്മളൊന്നു താഴ്ന്നു നിന്നാൽ തീരാവുന്ന പ്രശ്നമേ ഇവിടെ ഉളളൂ.. അതിന് മുന്നിൽ ചൂട്ടും പിടിച്ചു നമ്മളും നടക്കുമ്പോഴേ കുടുബത്തിന്റ ഇമ്പം നഷ്ടപ്പെടൂ….”

അതും പറഞ്ഞ് അവനിൽ നിന്നും അടർന്നുമാറി ഒരു പുഞ്ചിരി സമ്മാനിച്ചുകൊണ്ട് അമ്മക്കുള്ള കഞ്ഞിയും എടുത്ത് മേഘ അടുക്കളയിൽ നിന്നും പുറത്തേക്ക് നടക്കുമ്പോൾ അവളെ ആദരവോടെ നോക്കി നിൽക്കുന്ന അവന്റെ മനസ്സ് പറയുന്നുണ്ടായിരുന്നു

” പെണ്ണ് ഒരു അത്ഭുതമാണ്… ഏതൊക്ക തരത്തിൽ ആണെങ്കിലും ” എന്ന്…