അമ്മ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന് അവളറിയുന്നത് സ്ക്കൂളിലെ നാലാമത്തെ പീരിഡിലാണ്…

മൂദേവി

Story written by NAYANA VYDEHI SURESH

അമ്മ ആരുടെയോ കൂടെ ഒളിച്ചോടിപ്പോയെന്ന് അവളറിയുന്നത് സ്ക്കൂളിലെ നാലാമത്തെ പീരിഡിലാണ് , അവളെ ക്ലാസ്സിലാക്കി തിരികെ അമ്മ വീട്ടിൽ ചെന്നില്ലാത്രെ …

വീടിന്റെ തൊട്ടടുത്തുള്ള ശാന്തേച്ചിയാണ് സ്ക്കൂളിലെ പ്യൂൺ അവരാണ് അത് തന്നോടും സ്ക്കുളിലും പാട്ടാക്കിയത് ,അവർക്കാരോ ഫോൺ ചെയ്ത് പറഞ്ഞതാണ്…

സ്മിതു കേട്ട പാടെ ഞെട്ടിത്തരിച്ചിരുന്നു … അമ്മക്കിന്ന് പതിവിലും സ്നേഹമായിരുന്നു … മുടി കെട്ടിത്തന്നതും രാവിലത്തെ പലഹാരം വാരിത്തന്നതും ഒക്കെ അമ്മയാണ് .സാധാരണ എപ്പോഴും വഴക്കു പറയുന്ന അമ്മ ഇന്ന് ഒന്നും പറഞ്ഞില്ല… ഇന്നലെയാണെങ്കിൽ സ്ക്കുളുവിട്ട് പോവുമ്പോ പുതിയ ചെരുപ്പം ഡ്രസ്സും ഒക്കെ വാങ്ങിത്തന്നു .. എന്തിനാ ഇതൊക്കെ എന്നു ചോദിച്ചപ്പോൾ ,എടുത്തു വെച്ചോളാൻ പറഞ്ഞു

ഇതൊക്കെ സത്യമാണോ ? നെഞ്ച് വല്ലാതെ അടിക്കുകയാണ് .ക്ലാസ്സിലെ പിള്ളാരൊക്കെ വിവരം അറിഞ്ഞു … ഓരോരുത്തരായി ഇടക്കിടക്ക് സ്മിതുവിനെ തിരിഞ്ഞു നോക്കുന്നുണ്ട് ..

അവൾ ജനലിലൂടെ പുറത്തേക്ക് നോക്കി കൊണ്ടിരുന്നു .. എന്താ തന്നെ കൊണ്ടുപോകാൻ വീട്ടിൽ നിന്നും ആരും വരാത്തെ.,, അവൾക്ക് അമ്മയെ കാണാൻ തോന്നി .

……………………………………………………

സ്മിതുവിനെ സ്റ്റാഫ് റൂമിലേക്ക് വിളിക്ക്ണ്ട്

ആര്

ടീച്ഛറ്

അവൾ എഴുന്നേറ്റ് സ്റ്റാഫ് റൂമിലേക്ക് നടന്നു … എല്ലാ ടീച്ചർമാരുടെ മുഖത്തും ആശങ്കയാണ് … മിനി ടീച്ചറുടെ കണ്ണ് കലങ്ങിയിരിക്കുന്നു …

മിനി ടിച്ചർ അവളെ അടുത്തിരുത്തി

മോള് ടീച്ചർ ചോദിക്കുന്നതിനൊക്കെ സത്യം പറയോ ?

ഉം

മോൾടെ അമ്മക്ക് ആരോടെങ്കിലും ഇഷ്ടമുള്ളതായി മോൾക്കറിയോ

ഇല്ല

ഉറപ്പാണോ

അതെ

മോൾടെ ‘ അച്ഛൻ വിളിച്ചിരുന്നു … മോളെ ടീച്ഛർ വീട്ടിൽ കൊണ്ടാക്കി തരാം

അവൾ ഒന്നും പറയാതെ നിന്നു …

……………………………………………………

ഓട്ടോയിൽ നിന്നിറങ്ങുമ്പോ വീടിന്റെ മുറ്റത്ത് അച്ഛന്റെ നാല് പെങ്ങന്മാരും അച്ഛമ്മയുടെ അനിയത്തിയുമുണ്ട് ,അച്ഛമ്മയുടെ കരച്ചിൽ അകത്തുനിന്ന് കേൾക്കാനുണ്ട് . അച്ഛൻ ഉമ്മറത്തിരിക്കുന്നു

അവൾ വീടിന്റെ അകത്തോട്ട് നടന്നു

‘എടി മുദേവി നിനക്കുമുണ്ടോ വല്ലോരും … നിന്റെ തള്ള ഈ കുടുംബം മടിച്ചില്ലേടി’. എന്റെ മോൻ ഇനി എങ്ങനെ നാട്ടുകാരുടെ മുഖത്ത് നോക്കും ദൈവേ …’

അച്ഛമ്മയുടെ കരച്ചിൽ കേട്ടപ്പോ അവൾ ഭയന്നു ,,തിരികെ ഉമ്മറത്ത് ചിറ്റ മാര് നാലുപേരും അവളെ തുറിച്ച് നോക്കാണ്

നിയാണോടി അമ്മക്കു വേണ്ട ഒത്താശ ചെയ്ത് കൊട്ത്തത് ആണോടി മൂദേവി

അല്ല ചിറ്റേ എനിക്ക് ഒന്നും അറിയില്ല ..

നിന്റെ സ്ക്കുളിനു മുന്നിൽ കട നടത്തുന്ന അവനോട് അമ്മ ശൃംഖരിക്കണത് നീ കണ്ടിട്ടില്ലെ

ഇല്ല

ഉണ്ടെങ്കിലും നീ പറയില്ല അവൾടെ അല്ലെ വിത്ത്

അച്ഛൻ അവളെ നോക്കുക പോലും ചെയ്തില്ല …. സ്കുളിനടുത്തുള്ള ആളുടെ കൂടെയാണ് അമ്മ പോയത് .. എനിക്ക് ഒന്നും അറിയില്ല … പക്ഷേ അതാരും വിശ്വസിക്കുന്നില്ല , അച്ഛൻ പോലും

മുറിയിൽ പോയി ഇരുട്ടിൽ കട്ടിലിനോട് ഓരം ചേർന്ന് അവളിരുന്നു … അമ്മയില്ലാതെ ഇനി എങ്ങനെ ജീവിക്കും ?

കേസ് കൊടുത്താൽ അമ്മയും അയാളും ജയിലിൽ പോകുമെന്നാണ് എല്ലാരും പറയണെ ….

ഇനി ഒരിക്കലും അച്ഛൻ അമ്മയെ സ്വീകരിക്കില്ലാത്രെ .. ചിറ്റമാരൊക്കെ കൂടി ഒരു മാസത്തിനുള്ളിൽ അച്ഛന്റെ കല്യണം നടത്തും എന്ന വാശിയിലാ

…………………………………………………

ആരും ഇല്ലാത്ത പോലെ … ദിവസങ്ങൾ കടന്നു പോയി കൊണ്ടിരിക്കുന്നു

എല്ലാവരും പറയണെ അമ്മ വേലി ചാടിയാ മോള് മതിലുചാടുമെന്നാണ് …. ഞാൻ ആരുടെയോ കൂടെ പോയപോലെയാ എല്ലാവരുടെയും പെരുമാറ്റം .. അച്ഛമ്മ
മൂദേവി എന്നെ വിളിക്കാറുള്ളു ഇപ്പോ …

കുറേ ദിവസത്തിനു ശേഷം ഇന്നാണ് സ്ക്കുളിൽ പോയത് ..അതും ഒറ്റക്ക് ,,,കൂട്ടുകാരികളൊക്കെ നേരത്തെ പോയി ..

‘നിത്യ നീയെന്താ എന്നെ കാക്കാഞ്ഞെ ,,,, ഞാൻ കുറേ നേരം വഴീല് നിന്നു … നാളെ ഞാൻ വന്നിട്ട് പോയാ മതീട്ടാ ‘

‘ടീ എന്റെമ്മ പറഞ്ഞു … നിന്റെ അമ്മ ചീത്തയാന്ന് അപ്പോ നീയും ചീത്തയാവുംന്ന് അതോണ്ട് നിന്റെ കൂടെ ഇനി പോണ്ടാന്ന് പറഞ്ഞു ‘

സ്മിതു കൂടുതലൊന്നും പറയാതെ പിന്നിലെ ബഞ്ചിൽ പോയിയിരുന്നു … ടീച്ചർമാര് അന്നെടുത്തതൊന്നും അവൾ ശ്രദ്ധിച്ചില്ല … മനസ്സ് മുഴുവൻ അമ്മയാണ് …

ഉച്ചക്ക് അവള് ഒന്നും കഴിച്ചില്ല … പാത്രത്തിൽ ചോറും മോരും മാത്രെ ഉള്ളു ….കരയാതെ ഇത്രയും നാളും സഹിച്ചിട്ടാണോ തൊണ്ടവേദനിക്കണപോലെ

ആരും ഇല്ല…. ആരും ഇല്ല…. മനസ്സ് ഇതു മാത്രമെ പറഞ്ഞുള്ളു ,അവൾ ബഞ്ചിൽ നിന്നും എണീറ്റ് പള്ളിയിലേക്കോടി … അവിടെ രണ്ടു കൈകളും നീട്ടി മാതാവ് നിൽക്കുന്നുണ്ടായിന്നു … അത് വെറുമൊരു ശിൽപം മാത്രമാണെന്ന് അവൾക്ക് തോന്നിയില്ല ,ആദ്യമായി അവൾ ആ അമ്മയെ കെട്ടിപ്പിടിച്ചു പ്രതിമക്കപ്പുറം ആ ഹൃദയം മിടിക്കുന്നതായി അവൾക്കു തോന്നി .. ആ കുഞ്ഞിക്കണ്ണുകൾ നിറഞ്ഞു കവിഞ്ഞു അമ്മയുടെ കണ്ണുകൾ അവളെ സ്നേഹത്തിൽ പൊതിഞ്ഞു അവൾ ഉറക്കെ ഉറക്കെ അവൾ കരഞ്ഞു… എനിക്കാരും ഇല്ല അമ്മേ …

മോളെ ‘പെറ്റമ്മ മറന്നാലും ഞാൻ നിന്നെ മറക്കുകയില്ല ‘

അവളൊന്നു ഞെട്ടി ..ശബ്ദം കേട്ട് അവൾ മാതാവിന്റെ കണ്ണുകളിലേക്ക് നോക്കി .. ആ കണ്ണുകളും അപ്പോൾ നിറഞ്ഞൊഴുകിയിരുന്നു അവളെ പോലെ ..