ഈ ദുനിയാവില് എന്നെ ഇത്രത്തോളം സ്വാധീനിച്ച, ഞാൻ ഏറ്റവും കൂടുതൽ കെട്ടിപ്പിടിക്കേം ഉമ്മ വെക്കേം ചെയ്ത…

വെല്ലിമ്മ…

Story written by Shabna Shamsu

ഈ കുപ്പി ക്ക് എൻ്റെ വെല്ലിമ്മാൻ്റെ മണമാണ്. ഉമ്മാൻ്റെ ഭാഷയില് പറഞ്ഞാ ഫാമിയോളെ പുയ്യാപ്ല ഏതോ രാജ്യത്ത്ന്ന് ഉമ്മക്കായി വാങ്ങിയ കുപ്പിയാ ഇത്…

ഉമ്മാൻ്റെ കട്ടിലിൽ ഇരുന്ന് സംസാരിച്ചോണ്ടിരിക്കുമ്പോ അറിയാതൊന്ന് തുമ്മിയാൽ മൂക്കൊന്ന് വലിച്ചാ അപ്പോ ഉമ്മ തലയണൻ്റെ ചോട്ടില് തസ്ബീഹ് മാലൻ്റെ കൂടെ വച്ച ഈ കുപ്പി എടുക്കും….

“ന്നാ….. ഇത് മൂക്ക്മ്മല് വെച്ച് മേലോട്ട് വലിക്ക്.. ആ ചീരാപ്പ് പിന്നെ വരൂല…”

എന്നും പറഞ്ഞ് നിർബന്ധിക്കും…അതിൻ്റെ അടപ്പ് തുറന്ന് ഉള്ളിലുള്ള പല തരം ഔഷധങ്ങളുടെ കിഴി മൂക്കിലേക്ക് വലിച്ച് കയറ്റുമ്പോ നല്ലൊരു സുഖാണ്.,,ഉമ്മ പറയുന്ന പോലെ ചീരാപ്പ് പോയ വഴി കാണൂല…

എൻ്റെ കുടുംബത്തിലെ നൂറിലേറെ വരുന്ന അംഗങ്ങളൊക്കെയും ഒരു കോവിഡ് പ്രോട്ടോക്കോളും പാലിക്കാതെ മൂക്കിലേക്ക് വലിച്ച് കേറ്റിയ കുപ്പിയാണിത്..

അല്ലേലും കയ്യിലുള്ളതെന്തും കണ്ണിൽ കാണുന്നവർക്ക് കൂടി പകർന്ന് കൊടുക്കുന്ന ഉമ്മ ഈ കുപ്പിയുടെ മണവും പകരാൻ മടി കാണിച്ചിട്ടില്ല…

ഈ ദുനിയാവില് എന്നെ ഇത്രത്തോളം സ്വാധീനിച്ച ,ഞാൻ ഏറ്റവും കൂടുതൽ കെട്ടിപ്പിടിക്കേം ഉമ്മ വെക്കേം ചെയ്ത , ഓർക്കുന്തോറും സ്നേഹം കൂടി വന്നിട്ടുള്ള വ്യക്തികളിൽ ഒന്നാം സ്ഥാനം ഞാൻ മരിക്കോളം എൻ്റെ വെല്ലിമ്മാക്കാണ്…

ചെറുപ്പത്തില് വല്ലപ്പോഴും മാത്രമാണ് ഞങ്ങള് കൊടുവള്ളി വല്ലിമ്മാൻ്റെട്ത്ത് പോവാറ്…പിന്നെ കുറേ കഴിഞ്ഞ് മദ്റസ് നിർത്തിയപ്പോ സ്ക്കൂൾ പൂട്ടുന്ന അന്ന് വാവിച്ചി വരും കൂട്ടാൻ…പിന്നെ രണ്ട് മാസം വെല്ലിമ്മാൻ്റെ കൂടെ…ആ സ്നേഹച്ചൂടേറ്റ് പല ജീവിത പാഠങ്ങളും പഠിപ്പിച്ച് തന്ന് ,വയറ് നിറയെ തിന്നാൻ തന്ന് ,വീടിൻ്റെ തൊട്ടടുത്തുള്ള പുഴേന്ന് കുളിപ്പിച്ച്, കൂടെ നിർത്തി നിസ്ക്കരിപ്പിച്ച്….. അങ്ങനെ എന്തെല്ലാം ഓർമ്മകൾ ….

പ്ലസ്ടു കഴിഞ്ഞ് എൻ്റെ പഠനം കോഴിക്കോടായപ്പോ ആഴ്ചക്ക് കിട്ടുന്ന ലീവു കളിലൊക്കെയും ഞാൻ ഉമ്മാനെ കാണാൻ ഓടിയെത്തും..ബസിറങ്ങി നടന്ന് തറവാട്ട് മുറ്റത്തെത്തുമ്പോ സിറ്റൗട്ടില് ഇരിക്കുന്ന ഉമ്മാൻ്റെ മുഖത്തൊരു പതിനാലാം രാവിലെ ചിരി വിടരും…

മുന്നിലെ പല്ലിനിടയിലെ നേർത്ത കറുത്ത വര കാണിച്ചുള്ള ആ ചിരി കാണുമ്പോ ഓടിച്ചെന്നാ മുഖം പിരിശത്തോട് കൂടി മണക്കും…പിന്നെ ഉമ്മ തുടങ്ങും..സ്ഥിരം പല്ലവിയായ തിന്നോ ,കുടിച്ചോ, നിസ്ക്കരിച്ചോ, ഓതിയോ ……ഇതെല്ലാം ഉമ്മാൻ്റെ മുമ്പ്ന്ന് ചെയ്യും..ഇല്ലേൽ ഉമ്മ വീണ്ടും വീണ്ടും പറഞ്ഞോണ്ടിരിക്കും…ൻ്റെ മോളെ പള്ള ഒട്ടി ഇരിക്കാണ്… ഒന്നും തിന്നീല്ലാന്ന്….

എല്ലാം കഴിഞ്ഞ് റൂമില് ഉമ്മൻ്റെ കാലിമ്മല് കിടന്ന് കഥ കേൾക്കും…എൻ്റെ പ്രായത്തിലെ ഉമ്മാൻ്റെ വീരകഥകൾ..അതിലും ചെറുപ്പത്തിലെ ഉമ്മൻ്റെ പ്രിയപ്പെട്ട ആങ്ങളൻ്റെ കൂടെയുള്ള കുസൃതിത്തരങ്ങൾ…വാവിച്ചി കല്യാണം കഴിച്ച് കൊണ്ടോന്ന കഥകൾ…ഒമ്പത് മക്കൾടെ ജനനവും കല്യാണ വിശേഷങ്ങളും…

എത്ര പ്രാവശ്യം പറഞ്ഞെന്ന് ഉമ്മക്കോ കേട്ടെന്ന് എനിക്കോ അറിയാത്ത ഒരായിരം കഥകൾ…പറഞ്ഞോണ്ടിരിക്കുമ്പോ ഉമ്മാൻ്റെ വിരല് എൻ്റെ മുടിയിലൂടെ അങ്ങിങ്ങായി പാഞ്ഞ് നടക്കും…

പിന്നീടെപ്പഴോ രണ്ടാളും ഉറങ്ങും…സുബ്ഹിക്ക് മുമ്പേ ഉമ്മ ഉണരും.ഖുർആനും നിസ്ക്കാരവും സക്കാത്തും സ്വദഖയും ജീവിതത്തിലെ അടിത്തറയാണെന്ന് ജീവിച്ച് കാണിച്ച് തന്ന എൻ്റെ പൊന്നു വെല്ലിമ്മ…

ഇടക്ക് ഞാനും ഉമ്മയും കൂടെ പെൺമക്കൾ ടെ വീട്ടില് വിരുന്ന് പോവും.ഉമ്മാൻ്റെ കുടുംബക്കാരൻ്റെ ഓട്ടോയിലാ പോവാ..വണ്ടി നിറയെ പച്ചക്കറിയും വാഴക്കുലയും ചിക്കനും മീനും ഒക്കെ വാങ്ങിക്കും…വണ്ടീന്ന് തിന്നാൻ എനിക്ക് മസാലക്കടലേം ഉമ്മാക്ക് അരി നുറുക്കും വാങ്ങും

അവിടെ ചെന്ന് കഴിഞ്ഞാ ഉമ്മാക്ക് ഒരു രാജാത്തിയുടെ പരിവേഷം ആയിരിക്കും…അയൽപക്കത്തുള്ളവരൊക്കെ കാണാൻ വരും’…അവരുടെ മനസും വയറും നിറച്ചിട്ടേ ഉമ്മ തിരിച്ചയക്കുള്ളൂ…

എൻ്റെ പഠിത്തം കഴിഞ്ഞ് കല്യാണം ഉറപ്പിച്ച സമയത്ത് ഉമ്മാക്ക് തീരെ വയ്യാണ്ടായി..നടക്കാൻ പറ്റാതെ കുറച്ച് കാലം കിടപ്പിലായിരുന്നു.

അന്നേരം മുഴുവൻ സമയവും ഉമ്മാൻ്റെ കാര്യങ്ങള് ചെയ്ത് കൊടുക്കാൻ എനിക്ക് ഭാഗ്യം കിട്ടി…

ഒരിക്കൽ ഉമ്മാൻ്റെ മൂത്രം നിലത്തായപ്പോ ഒരു മടീം കൂടാണ്ട് തുടച്ചെടുത്തപ്പോ ഉമ്മാൻ്റെ കണ്ണ് നിറഞ്ഞു.അന്നേരം രണ്ട് കയ്യും മേലോട്ടുയർത്തി പടച്ചോനേ …. ൻ്റെ മോളെ കയ്യ് സ്വർഗത്തിലാക്കി കൊടുക്കണേ യാ അള്ളാന്ന് പ്രാർത്ഥിച്ചു….

അന്നേരം ..ഒരു മിനിറ്റ് മ്മാ…. ഞാനീ മൂത്രത്തില് കിടന്നൊന്ന് ഉരുളട്ടെ… കയ്യ് മാത്രം സ്വർഗത്തിൽ പോയാ ആപ്പിൾ പറിക്കാനല്ലേ പറ്റുള്ളൂ… തിന്നാൻ പറ്റൂലാലോന്ന് പറഞ്ഞപ്പോ പിന്നേം തെളിഞ്ഞു…പതിനാലാം രാവ് തോൽക്കണ ചിരി…

ചിലപ്പോ ഉമ്മ ഭയങ്കര സാഹിത്യത്തില് സംസാരിക്കും. ഉപദേശം തരുമ്പളൊക്കെ കടിച്ചാ പൊട്ടാത്ത മലയാളം വാക്ക് ഉപയോഗിക്കും….

എൻ്റെ കല്യാണം ഉറപ്പിച്ചിട്ടും എനിക്ക് പക്വത വന്നിട്ടില്ലാന്ന് ഉമ്മ എപ്പളും പരാതി പറയും..

ഒരീസം മഗ്രിബ് നിസ്ക്കാരം കഴിഞ്ഞ് ഞാനും ഉമ്മയും ഓതിക്കൊണ്ടിരിക്കുമ്പോ പെട്ടെന്നെന്തോ ഓർത്ത പോലെ ഉമ്മ പ്രാർത്ഥന തുടങ്ങി… ” പടച്ചോനെ… എൻ്റെ മോൾക്ക് നല്ല പ്രതികാര ബുദ്ധി കൊടുക്കണേ… “

അന്നേരം ഞാൻ ഉമ്മാക്കൊരു നുള്ള് കൊടുത്തു…പ്രതികാര ബുദ്ധി അല്ല അയ്ശുമ്മാ… കാര്യ പ്രാപ്തീന്ന് പറയീ.. ങ്ങള് പടച്ചോനെ സുയിപ്പാക്കല്ലി..

അങ്ങനെ എന്തോരം ഓർമകൾ..എഴുതിയാലും പറഞ്ഞാലും ചിന്തിച്ചാലും തീരാത്ത അത്രേം ഓർമകൾ…

ഇന്നേക്ക് എൻ്റെ ഉമ്മ മരിച്ചിട്ട് 37 ദിവസമാവുന്നു….മരണം എന്ന വാക്ക് ഉമ്മാക്കൊട്ടും ചേരാത്ത പോലെ…അഞ്ച് മാസം മുമ്പാണ് വയ്യായ്ക തുടങ്ങിയത്…ആദ്യം വീൽ ചെയറിലും പിന്നെ കട്ടിലിലും പിന്നെ പിന്നെ മിണ്ടാതെ, കഴിക്കാതെ ,കണ്ണ് പോലും തുറക്കാതെ, ഉമ്മ തളർന്ന് കിടന്നപ്പോ കണ്ണിമ വെട്ടാതെ ഉമ്മാനെ നോക്കാൻ ഒമ്പത് മക്കളും അരികത്തിരുന്നു….

ഓരോ പ്രാശ്യവും ഉമ്മയെ കാണാൻ ചുരം ഇറങ്ങുമ്പോ ഇനി ഉമ്മനെ കാണൂല ട്ടോ…വയ്യാണ്ടായി ….എന്ന് പറയും…പക്ഷേ അവസാനായിറ്റ് ഉമ്മനെ കണ്ടപ്പോ മാത്രം ഇത് പറഞ്ഞില്ല…

ഇടറിയ സ്വരത്തില് വല്യ അമ്മോൻ ഉമ്മ ഞമ്മളെ വിട്ട് പോയി ട്ടോ ന്ന് ഫോണില് പറഞ്ഞപ്പോ എന്തൊക്കെ കാര്യങ്ങള് ചെയ്യുമ്പളും എന്ത് പ്രതിസന്ധി ഉണ്ടാവുമ്പഴും അങ്ങ് ദൂരെ എൻ്റെ ഉമ്മയും ഉമ്മാൻ്റെ പ്രാർത്ഥനയും ഉണ്ടെന്നുള്ള ആശ്വാസമാണ് ഇല്ലാതായത്….

കുറേ കരഞ്ഞു…നെഞ്ച് കലങ്ങോളം കരഞ്ഞു….കണ്ണ് നിറച്ച് ആദ്യമായി ചുരം ഇറങ്ങി…രാത്രി മുഴുവനും ഉമ്മാൻ്റെ മക്കൾക്കൊപ്പം മയ്യത്തിൻ്റെ തൊട്ടടുത്തിരുന്ന് ഉമ്മാനെ കണ്ണ് നിറച്ച് കണ്ടു….ഇടക്കിടക്കാ മുഖത്തില് ഉമ്മ വെച്ചു….

ഒരാൾടെയും കണ്ണ് നിറയുന്നത് ഇഷ്ടമില്ലാത്ത ഉമ്മാനെ ഓർത്ത് എല്ലാ കണ്ണും വീർത്ത് ചോന്നു….പിറ്റേന്ന് ഉമ്മാൻ്റെ മയ്യത്തെടുക്കുമ്പോ 2 മാസത്തോളം കിടന്ന കിടപ്പിലായ 85 വയസിലേറെ പ്രായമുള്ള ഒരാൾ മരിച്ച് പിരിഞ്ഞ് പോവുമ്പോ ഉള്ള സങ്കടം അല്ലായിരുന്നു…ഉമ്മ എന്നത് എന്തായിരുന്നു ആ കുടുംബത്തിൽ എന്നുള്ളതിന് സാക്ഷ്യം വഹിക്കുന്ന രംഗമായിരുന്നു…

ഇതെഴുതുമ്പഴും ഒലിച്ചിറങ്ങിയതിൻ്റെ ബാക്കി രണ്ട് തുള്ളി കണ്ണുനീർ എൻ്റെ കണ്ണിൽ അവശേഷിച്ചതും ആഴത്തിൽ എൻ്റെ ഉള്ളിൽ പതിഞ്ഞ ആ സ്നേഹത്തെ ഓർത്താണ്….

കണ്ണ് തുടച്ചും മൂക്ക് വലിച്ചും ഉമ്മാൻ്റെ കട്ടിലില് വട്ടം കൂടിയിരിക്കുന്നവർക്കിടയിൽ തലയണൻ്റെ ചോട്ടിൽ തസ്ബീഹ് മാലൻ്റെ കൂടെ ഈ കുപ്പിയുണ്ടായിരുന്നു…ആരും മണക്കാനില്ലാതെ…മണപ്പിക്കാനില്ലാതെ….

Shabna shamsu❤️