ഓർമ്മ വെച്ച കാലം മുതൽ അമ്മയുടെ കരച്ചില് കണ്ടായിരുന്നു വളർന്നത്….

എഴുത്ത്: മഹാ ദേവൻ

അമ്മ ആദ്യമായി ചിരിക്കുന്നത് കണ്ടത് അന്നാദ്യമായിരുന്നു. ഭർത്താവാണ് മുന്നിൽ മരിച്ചുകിടക്കുന്നത്. വന്ന് കൂടിയവർ അമ്മയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നുണ്ട്. പക്ഷേ, എന്തിനെന്നായിരുന്നു എന്റെ ചിന്ത. അമ്മയുടെ മുഖത്തൊരു സങ്കടവും എനിക്ക് കാണാൻ കഴിഞ്ഞില്ല. നിർവികാരതയോടെ ഉള്ള ഒരേ ഇരിപ്പ്..മനസ്സാൽ ഒരുപാട് സന്തോഷിക്കുന്നുണ്ടാകണം.

അല്ല, സന്തോഷിക്കുന്നുണ്ട്…

ഓർമ്മ വെച്ച കാലം മുതൽ അമ്മയുടെ കരച്ചില് കണ്ടായിരുന്നു വളർന്നത്. എന്നും മുഖത്തിനൊരലങ്കാരമെന്നപോലെ രണ്ട് കണ്ണീർചാലുകൾ കവിളിൽ പാതിയുണങ്ങി കിടപ്പുണ്ടാകും. എന്നും….. മായാതെ…

രാവിലെ ഇറങ്ങിപ്പോകുന്ന അച്ഛൻ രാത്രി കേറിവരുന്നത് തന്നെ അമ്മയെ തെറി പറയാനും തല്ലാനുമെന്നപോലെ ആയിരുന്നു.

” തേ വിടിച്ചി ” എന്നല്ലാതെ സ്നേഹത്തോടെ ഒന്ന് വിളിക്കുന്നതോ ഒരു നല്ല വാക്ക് പറയുന്നതോ കാണാൻ കഴിഞ്ഞിട്ടില്ല. അപ്പോഴെല്ലാം എഅതെല്ലാം കേട്ട് മൗനം പാലിച്ചു എന്റെ കണ്മുന്നിൽ നിന്നും മാറി നിൽക്കും അമ്മ. ഇതെല്ലാം കണ്ട് മോൻ നാളെ ഒരു താന്തോന്നിയായി വളരരുത് എന്ന് കരുതിയാവണം.

” നിന്റ തള്ള പി ഴച്ചുണ്ടായ സന്തതിയല്ലെടി നീ.. അതിന്റ കൊണം നീയും കാണിക്കാതിരിക്കില്ല.. ആരൊക്കെ വിളിച്ച് കേറ്റുന്നുണ്ടെടി ഞാൻ ഇല്ലാത്തപ്പോൾ ഇവിടെ? കണ്ടില്ലേ ചെക്കന്റെ മുഖം.. ഇനി ഇത് ആരുടെ ആണോ എന്തോ “

അമ്മയുടെ മുഖത്തേക്ക് കാർക്കിച്ചു തുപ്പി മുടികുത്തിൽ പിടിച്ച് ചുവരിൽ ഇടിച്ചുകൊണ്ട് ആക്രോശിക്കുമ്പോൾ എത്രയൊക്കെ തെറി പറഞ്ഞാലും പ്രതികരിക്കാത്ത അമ്മ അതിന് മാത്രം പ്രതികരിക്കും.

” സ്വന്തം കുഞ്ഞിന്റെ പിതൃത്വം മറ്റൊരാളുടെ തലയിൽ കെട്ടിവെച്ചിട്ട് നിങ്ങൾക്ക് എന്ത് കിട്ടാനാണ്… എന്നെ അംഗീകരിക്കേണ്ട നിങ്ങൾ. പക്ഷേ, കൂടെ കിടന്ന വിയർപ്പ് വറ്റുമ്പോൾ ഉണ്ടാക്കിയ കുഞ്ഞിനെ വരെ തള്ളി പറയുന്ന നിങ്ങളുടെ നാവുണ്ടല്ലോ..നാളെ ഇതിനൊക്കെ ഉത്തരം പറയേണ്ടിവരും കരഞ്ഞുകൊണ്ട്. “

അത് കേൾക്കുമ്പോൾ അച്ഛന് പിന്നെയും വാശികൂടും. അടിയും തൊഴിയും വെളുക്കുവോളം ഉണ്ടായാലും രാവിലെ കാണുന്ന അമ്മ ശരിക്കും അത്ഭുതം ആയിരുന്നു. അത്രയേറെ അനുഭവിച്ചിട്ടും ഒന്നും സംഭവിക്കാത്ത പോലെ അടുക്കളയോട് മല്ലിടുന്നുണ്ടാകും. എന്നെ കാണുമ്പോൾ ചിരിക്കും..ചേർത്തുപിടിച്ച് ഉമ്മ വെക്കും. അപ്പൊ അറിയാതെ ആ കണ്ണുകൾ നിറഞ്ഞിട്ടുണ്ടാകും…..

വേദന കടിച്ചമർത്തുകയാണ് അമ്മ….

അല്ലെങ്കിൽ തന്നെ അച്ഛന്റെ ഓരോ പ്രഹരവും താങ്ങി ഇങ്ങനെ എഴുനേറ്റ് നടക്കുന്നത് പോലും എങ്ങനെ എന്ന് ചിന്തിച്ചിട്ടുണ്ട് ഞാൻ എന്റെ ചെറിയ പ്രായത്തിൽ പോലും.

ഞാൻ എങ്ങനെ ആവാതിരിക്കാനാണോ അച്ഛൻ വരുന്നതിനു മുന്നേ അമ്മ എന്നെ ഉറക്കാൻ ശ്രമിക്കാറുള്ളത് അതായിരുന്നു ഞാനും മനസ്സിനെ പഠിപ്പിച്ചത്.

അച്ഛൻ കാട്ടിത്തരുന്ന നന്മയുടെ വഴിയിലൂടെ സഞ്ചരിക്കേണ്ട ഞാൻ എന്റെ അച്ഛനിൽ നിന്ന് പഠിച്ചത് ഒന്ന് മാത്രം ആയിരുന്നു.

” ഒരാൾ ജീവിതത്തിൽ എങ്ങനെ ആവരുത് ” എന്ന് മാത്രം.

അമ്മയ്ക്ക് മുന്നിൽ വാക്കാലും കൈകരുത്താലും ജയിക്കുന്ന അച്ഛൻ ശരിക്കും ജീവിതത്തിൽ ഒരു തോൽവിയാണെന്ന് തിരിച്ചറിയുന്നില്ലല്ലോ എന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട് ഞാൻ.

എല്ലാവരും രാത്രി അച്ഛനെ കാത്തിരിക്കുമ്പോൾ ഞാൻ കാത്തിരുന്നത് അമ്മയ്ക്ക് വേണ്ടി ആയിരുന്നു.

പേടിയോടെ റൂമിൽ ഒറ്റയ്ക്ക്….അച്ഛൻ ദേഷ്യം ശമിക്കുമ്പോൾ എല്ലുകൾ നുറുങ്ങുന്ന വേദനയോടെ അരികിൽ വന്ന് കിടക്കുന്ന അമ്മയെ.

ഒന്ന് കെട്ടിപ്പിടിക്കാൻ കൊതിക്കുമ്പോഴും എനിക്ക് പേടിയായിരുന്നു. എന്റെ ഒരു കെട്ടിപ്പിടുത്തം പോലും അമ്മയെ ആ സമയം വേദനിപ്പിക്കും എന്നറിയാവുന്നത് കൊണ്ട്.

പലപ്പോഴും കൂട്ടുകാരോടൊത്തു കേറി വരുന്ന അച്ഛന്റെ മ ദ്യസേവയ്ക്ക് അമ്മ സാക്ഷ്യം വഹിക്കേണ്ട ഗതികെട്ട നിമിഷങ്ങൾക്ക് മുന്നിൽ നിസ്സഹായതയോടെ കൈ കൂപ്പി യാചിക്കുമ്പോൾ അച്ഛൻ എല്ലാവർക്കും മുന്നിൽ വെച്ച് പറയുന്നത് കേട്ടിട്ടുണ്ട്

” ഞാൻ പറയുന്നത് കേൾക്കാനാണ് നിനക്ക്‌ ചെല്ലും ചിലവും തന്ന് ഇവിടെ പൊറുപ്പിക്കുന്നത്. അതുകൊണ്ട് ഇവർക്ക് മുന്നിൽ പി റന്നപടി നിൽക്കാൻ പറഞ്ഞാൽ പോലും നീ നിന്നെക്കണം. കേട്ടല്ലോ… അല്ലാതെ എന്റെ വീട്ടിൽ എന്നെ കേറി ഭരിക്കാൻ നിന്നാൽ ആരോ ഉണ്ടാക്കിയ ഒന്ന് ഉള്ളിൽ കിടക്കുന്നില്ലേ, അതിനെ പിടിച്ച് ഭിത്തിയിലടിക്കും ഞാൻ. “

അന്നൊക്കെ തന്റെ ഗതികേട് ഓർത്ത് എല്ലാവർക്കും മുന്നിൽ നിൽക്കുംഅമ്മ, വ്യ പിചരിക്കാൻ വന്നവന് മുന്നിൽ അവസരം കാത്ത് നിൽക്കുന്ന ശരീരം വിൽക്കുന്നവളെ പോലെ.

” അമ്മേ നമുക്ക് ഇവിടെ നിന്ന് പോവാം ” എന്ന് പറഞ്ഞു കരയുന്ന എന്നെ നെഞ്ചിലേക്ക് ചേർത്തുപിടിച്ചു മുടിയിൽ തലോടുമ്പോൾ അമ്മ പറയും ” എവിടെ പോകും നമ്മൾ, ഒന്ന് കേറിചെല്ലാൻ പോലും അമ്മയ്ക്കിന്ന് ആരുമില്ല. പിന്നെ ഇപ്പോൾ ഇതൊക്കെ അമ്മയ്ക്കൊരു ശീലമായി.. എന്നെങ്കിലും ഒക്കെ ശരിയാകും എന്ന പ്രതീക്ഷയോടെ ഓരോ രാത്രിയും വെളിപ്പിക്കും. എന്റെ മോനെ മാത്രം അയാൾ ഒന്നും ചെയ്യരുത് എന്നെ ഉള്ളൂ ഈ അമ്മയ്ക്ക്. എന്റെ അവസാനശ്വാസം വരെ ന്റെ കുട്ടിയെ അയാൾ തൊടത്തും ഇല്ല. എല്ലാവരും വേഗം ഒന്ന് രാത്രിയാകാൻ കൊതിക്കുമ്പോൾ അമ്മയുടെ ആകെയുള്ള പ്രാർത്ഥന രാത്രി ആവരുതേ എന്ന് എന്നാണ്. “

അത് പറയുമ്പോൾ അമ്മയൊന്നു തേങ്ങി, പുറമെ ചിരിച്ചുകൊണ്ട് തന്നെ.

ഇന്നലേം അച്ഛൻ കേറി വരുമ്പോൾ ഞാൻ റൂമിൽ അടയ്ക്കപ്പെട്ടിരുന്നു. പുറത്തെ വഴക്ക് കേട്ട് ഞാൻ പേടിയോടെ പുതപ്പിനുള്ളിലേക്ക് ഒതുങ്ങുമ്പോൾ എന്നുമില്ലാത്ത പോലെ അമ്മയുടെ ശബ്ദം ഉയരുന്നുണ്ടായിരുന്നു.

” നിങ്ങൾക്ക് വേണമെങ്കിൽ എന്നെ കൊല്ലാം. എന്നാൽ പിന്നെ എന്റെ കട്ടിലൊഴിഞ്ഞാൽ നിങ്ങൾക്ക് വേറെ പെണ്ണിനെ കെട്ടാലോ. അല്ലാതെ ഞാൻ ഉള്ളപ്പോൾ വേറൊരുത്തിയെ ഈ വീട്ടിൽ കേറ്റാൻ എന്റെ കൊക്കിനു ജീവനുള്ളപ്പോൾ ഞാൻ സമ്മതിക്കില്ല..”

അമ്മ വാശിയോടെ പ്രതികരിക്കുമ്പോൾ അച്ഛൻ ഉറഞ്ഞുതുള്ളുന്നുണ്ടായിരുന്നു

” അതേടി, നിന്നെയും നിന്റ ആർക്കോ ഉണ്ടായ ആ വിത്തിനെയും കൊന്നിട്ടാണേലും ഞാൻ വേറെ പെണ്ണിനെ കെട്ടും. അല്ലെങ്കിൽ തന്നെ എന്നെ തടയാൻ നീ ആരാടി..നിന്നെ ഞാൻ കെട്ടിയതിന് എന്ത് തെളിവാടി ഉള്ളത്? ഒരിക്കൽ തള്ള ചത്തപ്പോൾ ഒരു സഹായമെന്നപോലെ കൂടെ കൂട്ടിയതല്ലേ . അല്ലാതെ എന്ത് രേഖയാടി ഉള്ളത് നീ എന്റെ ഭാര്യ ആണെന്നതിന്. അതുകൊണ്ട് എന്റെ മുന്നിൽ . വാശിക്ക് നിൽക്കാതെ ഞാൻ പറയുന്നതും കേട്ട് ഞാൻ കൊണ്ടുവരുന്നവൾക്ക് വച്ചുവിളമ്പി അടുക്കളപ്പുറത്തു നിന്നോണം നീ. അല്ലെങ്കിൽ കൊല്ലും ഞാൻ. “

അമ്മയ്ക്ക് ചിന്തിക്കാൻ പോലും കഴിയാത്ത വാക്കുകൾ..

ഭർത്താവിന്റെ കൂടെ കിടക്ക പങ്കിടാൻ വരുന്നവൾക്ക് വെച്ചുവിളമ്പിയും കിടക്ക വിരിച്ചും നിന്നോളാൻ…അറപ്പോടെ മുഖം തിരിച്ചുറൂമിലേക്ക് വന്ന അമ്മയെ അന്ന് ആദ്യായി കരയാതെ കണ്ടു ഞാൻ.

എന്നെ കെട്ടിപിടിച്ചില്ല…

ഉമ്മ തന്നില്ല…..ഉറങ്ങിക്കോ എന്നും പറഞ്ഞ് എന്തോ ചിന്തയിലെന്നോണം ഒരേ ഇരിപ്പ് ആയിരുന്നു.

പിറ്റേ ദിവസം ഞാൻ എഴുന്നേൽക്കുമ്പോൾ ആളുകൾ വന്ന് തുടങ്ങിയിരുന്നു. അമ്പരപ്പോടെ ഓരോ മുഖത്തേക്കും നോക്കുമ്പോൾ ഞാൻ തിരഞ്ഞത് അമ്മയെ ആയിരുന്നു. എന്നും രാവിലെ വിളിക്കാൻ വരുന്ന അമ്മയെ അന്ന് കണ്ടില്ല…എന്നും രാവിലെ എഴുന്നേൽക്കുമ്പോൾ കിട്ടുന്ന ഉമ്മ അന്ന് കിട്ടിയില്ല….ഞാൻ ഉമ്മറത്തേക്ക് കാലെടുത്തു വെക്കുമ്പോൾ അമ്മ ഇരിപ്പുണ്ടായിരുന്നു അവിടെ. നിർവികാരതയോടെ….അപ്പുറത് സോഫയിൽ അച്ഛൻ ഉറങ്ങുന്നുണ്ട്. അല്പം ആശ്വാസം തോന്നി എനിക്ക്.

ഇത്രേം ആളുകൾ കൂടിനിൽക്കുമ്പോൾ അച്ഛൻ ഉണർന്നാൽ അവർക്ക് മുന്നിൽ വെച്ചും അച്ഛൻ അമ്മയെ തല്ലും, തെറി പറയും. എല്ലാവർക്കും മുന്നിൽ ന്റെ അമ്മ നാണം കെടും. അതുകൊണ്ട് അച്ഛൻ ഇപ്പോൾ ഉണരരുതേ എന്ന പ്രാര്ത്ഥനയോടെ അമ്മയ്ക്കരികിലേക്ക് നടക്കുമ്പോൾ പുറത്ത് വന്നു നിന്ന ജീപ്പിൽനിന്നും അകത്തേക്ക് കയറിയ പോലീസിനെ കണ്ട് ഞാൻ അമ്മയുടെ അരികിലേക്ക് പേടിയോടെ ചേരുമ്പോൾ വന്ന പോലീസുകാരിൽ ഒരാൾ അച്ഛന്റെ അരികിൽ നിന്ന് നാലുപാടും ഒന്ന് നോക്കി.

അതിനിടയ്ക്ക് ആരോ പറയുന്നത് കേട്ടാണ് അച്ഛൻ ഉറങ്ങുകയല്ല, മരിച്ചുപോയെന്ന് എനിക്ക് മനസ്സിലായത്.

വന്ന പോലീസ് അച്ഛനെ കമിഴ്ത്തികിടത്തി അടുത്ത് കിടന്ന മ ദ്യക്കുപ്പിയും വേറെ ചെറിയ ഒരു കുപ്പിയും കയ്യിൽ എടുക്കുമ്പോൾ പിന്നിൽ നിന്ന് ആരോ പറയുന്നത് കേട്ടു “മദ്യത്തിൽ വിഷം ചേർത്ത് കുടിച്ചതാകും ” എന്ന്.

പോലീസ് തിരച്ചിലിനിടയിൽ അച്ഛന്റെ അരയിൽ നിന്നും കണ്ടെടുത്ത പേപ്പർ തുറക്കുമ്പോൾ ഞാൻ ഭയത്തോടെ അതിലേക്ക് ഒന്ന് എത്തിനോക്കി.

അത് വായിച്ച പോലീസ് മരണം ആത്മഹത്യയാണെന്ന് എഴുതി ബോഡി പോസ്റ്റുമാർട്ടത്തിനു പുറത്തേക്ക് എടുക്കാൻ പറയുമ്പോൾ ഇടക്കൊന്ന് അമ്മ വിതുമ്പിയതായി തോന്നി..

ഞാൻ ഒന്നുകൂടി അമ്മയെ നോക്കി…അല്ല, അമ്മ വിതുമ്പിയതല്ല…. ഉള്ളിൽ ഒന്ന് ചിരിച്ചതാണ്….ഈ നിമിഷത്തിൽ സന്തോഷിക്കാനെ അമ്മയ്ക്ക് കഴിയൂ എന്ന് അപ്പോൾ എനിക്ക് മാത്രം അറിയാമായിരുന്നു.

കാരണം പോലീസ് കണ്ടെടുത്ത ആത്മഹത്യകുറിപ്പിലെ അക്ഷരങ്ങൾക്ക് എനിക്കറിയാവുന്ന അമ്മയുടെ കൈയക്ഷരം ആയിരുന്നു. അച്ഛന് വേണ്ടി അമ്മ എഴുതിയ ആത്മഹത്യകുറിപ്പ്..