Story written by SAJI THAIPARAMBU
“ദേ അനിതേ .. ഗേറ്റിന് മുന്നിലൊരു ഓട്ടോറിക്ഷ വന്നിട്ടുണ്ട്, ഏതോ വിരുന്ന്കരാണെന്ന് തോന്നുന്നു”
“എവിടെ നോക്കട്ടെ?
ജനലിനടുത്ത് നിന്ന് സുധാകരനെ തള്ളി മാറ്റി, അനിത ആകാംക്ഷയോടെ പുറത്തേയ്ക്ക് നോക്കി.
“നാശം പിടിക്കാൻ, അത് നിങ്ങടെ അച്ഛനും അമ്മയുമല്ലേ ? ലക്ഷണം കണ്ടിട്ട് ,മിക്കവാറും കുറെ ദിവസം ഇവിടെ നില്ക്കാനുള്ള വരവാണെന്ന് തോന്നുന്നു, ഇനി കുറച്ച് ദിവസത്തേയ്ക്ക് ബാക്കിയുള്ളവർക്ക് ഒരു പ്രൈവസിയുണ്ടാവില്ല, നിങ്ങളെന്തെങ്കിലും പറഞ്ഞ് ഇന്ന് തന്നെ പറഞ്ഞ് വിട്ടേക്കണം കെട്ടാ”
അനിത, ഭർത്താവിനെ ചട്ടം കെട്ടി.
“എൻ്റെ അനിതേ.. നീയൊന്ന് പിടയ്ക്കാതെ നില്ക്ക് ,എത്ര നാള് കൂടിയിരുന്നാണ് അവരിങ്ങോട്ട് വരുന്നത്, ആദ്യം അവര് വീട്ടിലോട്ട് കയറിയിരിക്കട്ടെ”
അനിഷ്ടത്തോടെ ഭാര്യയോട് പറഞ്ഞിട്ട് ,സുധാകരൻ മുൻവശത്തെ വാതിൽ തുറന്നു.
“എന്തിനാ അച്ഛാ… ഈ പഴവും പച്ചക്കറികളുമൊക്കെ ഇങ്ങനെ കെട്ടി വാരിക്കൊണ്ട് വരുന്നത്, ഇതൊക്കെ ഇവിടെ ഇഷ്ടം പോലെ കിട്ടുന്നതല്ലേ?
“അതൊക്കെ വിഷമല്ലേ മോനേ.. ഇത് അച്ഛനും അമ്മയും കൂടി, നമ്മുടെ പറമ്പിൽ നല്ല ജൈവവളമിട്ട് വിളവെടുത്തതാ”
“കേറി വാ അച്ഛാ… അമ്മേ സുഖമല്ലേ ? മീനാക്ഷി എന്തെടുക്കുന്നു?
ഉള്ളിലെ അനിഷ്ടം പുറത്ത് കാണിക്കാതെ ,അനിത ചോദിച്ചു.
“അവളവിടെയുണ്ട് മോളേ … ഒന്ന് രണ്ട് ആലോചനകൾ നല്ലത് വന്നിട്ടുണ്ട് ,അതിലൊരെണ്ണം നമുക്കറിയാവുന്ന കൂട്ടരാ ,അത് നിങ്ങളോട് കൂടി പറയാനും കൂടിയാ ഞങ്ങള് വന്നത്”
അത് കേട്ടപ്പോൾ, അനിതയുടെ മുഖം മങ്ങി.
“അനിതേ.. നീ ചായയെടുക്ക് ,ഞാൻ ഗോപാലേട്ടൻ്റെ കടയിൽ പോയി പലഹാരം എന്തേലും വാങ്ങിയിട്ട് വരാം”
“ഞങ്ങൾക്കിപ്പോഴൊന്നും വേണ്ട മോനേ … അനിതേ നീയിത്തിരി കട്ടൻ ചായ ഇട്ടോണ്ട് വന്നാൽ മതി, നേരം ഇരുട്ടുന്നതിന് മുമ്പ് ഞങ്ങൾക്കിറങ്ങണം ,പിന്നെ സുധാകരാ … നീ അടുത്ത ഞായറാഴ്ച, അനിതേം, പിള്ളാരേം കൂട്ടി വീട്ടിലോട്ട് വരണം ,ചെറുക്കനും അമ്മാവൻമാരും കൂടി, മീനാക്ഷിയെ കാണാൻ വരുന്നുണ്ടെന്ന് മൂന്നാൻ വിളിച്ച് പറഞ്ഞായിരുന്നു”
“അതിനെന്താ അച്ഛാ … ഞങ്ങള് നേരത്തെ എത്തിക്കോള്ളാം ,പിന്നെ നിങ്ങൾക്കിന്ന് തന്നെ തിരിച്ച് പോണോ ?രണ്ട് ദിവസം കഴിഞ്ഞ് പോയാൽ പോരെ ?
അച്ഛനോട് ചോദിച്ചിട്ട് ,മുഖം തിരിച്ചപ്പോൾ, അനിതയുടെ ദഹിപ്പിക്കുന്ന നോട്ടം കണ്ട്, സുധാകരൻ പെട്ടെന്ന് മുഖം വെട്ടിച്ചു.
“ഇല്ല മോനേ .. മീനാക്ഷി അവിടെ തനിച്ചല്ലേ? സാധാരണ ഞങ്ങൾ വരുമ്പോൾ, അവളെ കുഞ്ഞമ്മാവൻ്റെ വീട്ടിലാക്കിയിട്ടല്ലേ വരുന്നത്”
“ഉം ,എങ്കിൽ നിങ്ങടെ ഇഷ്ടം പോലെ ചെയ്യ്”
“ദാ അച്ഛാ.. ചായ കുടിക്ക് ,അമ്മേ … ഷുഗറായത് കൊണ്ട് അമ്മയ്ക്ക് മധുരമിട്ടില്ല കെട്ടോ”
അനിത അവർക്ക് കട്ടൻ ചായ കൊണ്ട്കൊടുത്തു.
“ശരി മോനേ .. എന്നാൽ ഞങ്ങളിറങ്ങട്ടെ, ചെറിയ മഴക്കോള് കാണുന്നുണ്ട്”
പുറത്ത് ആകാശത്തേയ്ക്ക് നോക്കി സുധാകരൻ്റെ അച്ഛൻ പറഞ്ഞു.
“കവല വരെ ഞാൻ വരണോ അച്ഛാ.. ബസ്സ് കയറ്റിവിടാൻ,”
“വേണ്ട മോനേ .. റോഡിലേക്കിറങ്ങിയാൽ ഓട്ടോറിക്ഷ ഏതെങ്കിലും വരും, മക്കളേ നിങ്ങൾക്കുള്ള ചോക്ളേറ്റ് ആ മഞ്ഞക്കവറിലുണ്ട് കെട്ടോ”
ചെറുമക്കളുടെ കവിളിൽ ഉമ്മ കൊടുത്തിട്ട്, അവർ യാത്ര പറഞ്ഞിറങ്ങി.
ഗേറ്റ് കടന്ന് അവർ പോയിക്കഴിഞ്ഞപ്പോൾ ,അനിത പെട്ടെന്ന് മുൻവാതിലിൻ്റെ വിരി വലിച്ചിട്ടു.
“ഹോ ! സമാധാനമായി ഉടനെ പോയല്ലോ ,ഞാൻ കരുതി ഇവിടെ അട്ടിപ്പേറയിട്ട് കിടക്കുമെന്ന്”
“അതിനെന്താ അനിതേ..അവരന്യരൊന്നുമല്ലല്ലോ? എൻ്റെ അച്ഛനും അമ്മയുമല്ലേ?
“അതൊക്കെ ശരി തന്നെയാ, പക്ഷേ അവരിവിടെ നിന്നാൽ നമുക്ക് ഒന്ന് പുറത്ത് പോകാനോ, മനസ്സ് തുറന്ന് ഇവിടിരുന്ന് സംസാരിക്കാനോ പറ്റുമോ ,നമ്മുടെ സ്വകാര്യതയിൽ കട്ടുറുമ്പാകാൻ ആരും വരുന്നതെനിക്കിഷ്ടമല്ല”
“ഉം ശരി ശരി ,അത് പോട്ടെ മീനാക്ഷിയുടെ കല്യാണത്തിന് നമ്മുടെ വകയായിട്ട് എന്തേലും കൊടുക്കണ്ടേ?
“എന്തിന് ?,അതിന് നിങ്ങടെ കുടുംബത്തിൽ നിന്ന്, നമുക്ക് ഷെയറെന്തെങ്കിലും തന്നിട്ടുണ്ടോ? എൻ്റെ അച്ഛൻ ,എനിക്ക് തന്ന ഈ വീടും സ്ഥലവുമുള്ളത് കൊണ്ടാണ്, നമ്മളിപ്പോൾ അന്തസ്സായി കിടന്നുറങ്ങുന്നത് “,
“അനിതേ..നീയങ്ങനെ പറയരുത്, നമ്മുടെ കല്യാണം കഴിഞ്ഞ് ഞാൻ ഗൾഫിൽ പോയിട്ട് ,യുദ്ധം കാരണം തൊഴില് നഷ്ടപ്പെട്ട് തിരിച്ച് വന്ന് ഒരു വർഷത്തോളം ,യാതൊരു വരുമാനമില്ലാതെ വീട്ടിൽ നിന്നപ്പോൾ ,അച്ഛനാണ്, എൻ്റെയും നിൻ്റെയും നമ്മുടെ കുഞ്ഞിൻ്റെ ആവശ്യങ്ങൾ പോലും നിറവേറ്റി തന്നത്”
“ഒഹ് പിന്നേ… വലിയ കാര്യമായി പോയി, അതൊക്കെ ഏതൊരച്ഛൻ്റെയും കടമയാണ് ,അത്രയ്ക്ക് സ്നേഹമുള്ള അച്ഛനായിരുന്നെങ്കിൽ, നമ്മള് തറവാട്ടിൽ നിന്നിറങ്ങാൻ പോയപ്പോൾ ,ആ വീടും പറമ്പും നിങ്ങടെ പേർക്ക് എഴുതി തരാമെന്ന് പറയാമായിരുന്നില്ലേ ?ദുഷ്ടനാ നിങ്ങടെ അച്ഛൻ, മൂത്ത് നരച്ചിട്ടും സ്വത്തും കെട്ടിപ്പിടിച്ചോണ്ടിരിക്കുവല്ലേ?
“സുധാകരാ …”
അനിത പറഞ്ഞതിന് മറുപടി കെടുക്കുന്നതിന് മുമ്പ്, പുറത്ത് നിന്ന് അച്ഛൻ്റെ വിളി കേട്ട്, അനിതയും സുധാകരനും ഒരു പോലെ അമ്പരന്നു.
“എന്താ അച്ഛാ.. തിരിച്ച് വന്നത്”
സുധാകരൻ കർട്ടൻ മാറ്റി വെളിയിലേക്കിറങ്ങി ചെന്നു.
“എൻ്റെ കണ്ണട ടീപ്പോയിലിരിപ്പുണ്ടോന്ന് നോക്കിക്കേ ,ഞാനതെടുക്കാൻ മറന്നു”
“ങ്ഹാ അതിവിടിരിപ്പുണ്ടച്ഛാ..”
അനിത വിളർച്ചയോടെ കണ്ണടയെടുത്ത് കൊണ്ട് വന്ന് അച്ഛനെയേല്പിച്ചു.
“ങ്ഹാ മോളേ .. മീനാക്ഷിയുടെ കല്യാണം കഴിയും വരെ അച്ഛനിത്തിരി സാവകാശം തരണം,അച്ഛൻ്റെയും ,അമ്മയുടെയും കാലശേഷം ,തറവാട് സുധാകരൻ്റെ പേർക്കാണെന്ന് ഞാൻ എഴുതി വച്ചിട്ടുണ്ട്, നിനക്ക് നിർബന്ധമാണെങ്കിൽ, അവളുടെ കല്യാണം കഴിഞ്ഞ് ഞങ്ങളേതെങ്കിലും വൃദ്ധസദനത്തിലേക്കും മാറിക്കൊള്ളാം ,എന്നാലും മോളൊരിക്കലും ,ഇങ്ങനെ പറയരുതായിരുന്നു, ഒരു മാതാപിതാക്കളും ,തൻ്റെ മക്കളെക്കാളും കൂടുതലായി മറ്റൊന്നിനെയും സ്നേഹിക്കില്ല, അച്ഛനമ്മമാരുടെ സമ്പാദ്യം ,എന്നായാലും അവരുടെ മക്കൾക്കുള്ളത് തന്നെയാണ്”
“അച്ഛാ… അവളറിയാതെ എന്തോ വിവരക്കേട് പറഞ്ഞെന്ന് വച്ച്, അച്ഛനത് കാര്യാക്കണ്ട ,അതച്ഛൻ്റെയും അമ്മയുടെയും മണ്ണാണ് ,അവസാനം വരെ നിങ്ങളവിടെ തന്നെയുണ്ടാവണം, അവൾക്ക് വേണ്ടി ഞാനച്ഛനോട് മാപ്പ് ചോദിക്കുന്നു”
“ശരി മോനേ .. ഞാനിറങ്ങട്ടെ”
അച്ഛൻ റോഡിലെത്തിയെന്നുറപ്പായപ്പോൾ, സുധാകരൻ തിരിഞ്ഞ് കൈ വലിച്ച് അനിതയുടെ കവിളത്തൊന്ന് പൊട്ടിച്ചു.
“ഇത് നിനക്ക് കുറച്ച് നേരത്തെ തരേണ്ടതായിരുന്നു”
അതും പറഞ്ഞ് സുധാകരൻ, രോഷത്തോടെ അകത്തേയ്ക്ക് പോയി.
NB : പാഠം ഒന്ന് ,മാതാപിതാക്കളെ കുറ്റം പറയുന്നതൊഴിവാക്കുക, പാഠം രണ്ട് , വീട്ടിലാരെങ്കിലും വന്നിട്ട് തിരിച്ചിറങ്ങിയാലുടനെ അവരെക്കുറിച്ച് കുറ്റം പറയുന്ന ശീലം നിർത്തുക ,ഇല്ലെങ്കിൽ അനിതയ്ക്ക് പറ്റിയത് ,അതേ സ്വഭാവമുള്ളവർക്കും സംഭവിക്കാനിടയുണ്ട്.