കുളിസീൻ….
എഴുത്ത്: ശ്യാം കല്ലുകുഴിയിൽ
പതിവുള്ള ഉച്ചയുറക്കവും കഴിഞ്ഞ് ഏതാണ്ട് മൂന്നര മണി ആയപ്പോൾ മാലിനി എഴുന്നേറ്റു. ഇനി വീടും മുറ്റവും അടിച്ചുവാരണം, കുളിക്കണം അതൊക്കെ ആലോചിച്ച് തലയും ചൊറിഞ്ഞ് കുറച്ച് നേരം കൂടി മാലിനി കട്ടിലിൽ തന്നെ ഇരുന്നു. ഉറക്കച്ചവയോട് കൂടി എഴുന്നേറ്റ് മുടിയും വാരി കെട്ടി അവൾ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി. അടുത്ത മുറിയിലേക്ക് തല നീട്ടി നോക്കുമ്പോൾ അമ്മായി അമ്മ കൂർക്കം വലിച്ച് ഉറങ്ങുന്നുണ്ട്, അസൂയയോടെ അതും നോക്കി നിന്നിട്ട് അവൾ അടുക്കളയിലേക്ക് നടന്നു…
അടുക്കളയിലെ അലമാരയിൽ ഇരുന്ന കാച്ചിയെണ്ണ എടുത്ത് അൽപ്പം വലത്തെ കയ്യിൽ ഒഴിച്ചിട്ട് ആ കൈ ഉച്ചിയിൽ പൊത്തി പിടിച്ച് നിന്നു, ചെറിയ തണുപ്പ് തലയിൽ അനുഭവപ്പെട്ടപ്പോൾ അവൾ കണ്ണടച്ച് അൽപ്പനേരം കൂടി നിന്ന ശേഷമാണ് രണ്ട് കയ്യും കൊണ്ട് തലമുടിയിൽ എണ്ണ തേച്ച് പിടിപ്പിച്ചത്…
അടുക്കളയിൽ ചാരി വച്ചിരുന്ന ചൂലും എടുത്ത് വീടിന്റെയകം മൊത്തം തൂത്ത് വൃത്തിയാക്കി, ശേഷം പുറത്ത് ഇറങ്ങി ചായ്പ്പിൽ വച്ചിരുന്ന കുറ്റി ചൂലുമായി മുറ്റമടിക്കൽ തുടങ്ങി…
മാലിനി മുറ്റടിക്കുന്ന ശബ്ദം അന്തരീക്ഷത്തിലൂടെ മെല്ലെ അടുത്ത വീട്ടിലെ മനുവിന്റെ ചെവിയിൽ പതിഞ്ഞു. ആ ശബ്ദം കേട്ടതും മൊബൈൽ കണ്ണും നട്ടിരുന്ന അവന്റെ മനസ്സിൽ ലഡു പൊട്ടി തുടങ്ങി, അവൻ സമയം നോക്കുമ്പോൾ നാല് ആകുന്നു അതേ ഇത് മാലിനി ചേച്ചി തന്നെ അവൻ കട്ടിലിൽ നിന്ന് ചാടി എഴുന്നേറ്റു. മാലിനി ആണെന്ന് ഉറപ്പിക്കാൻ മനു മുറ്റത്തേക്ക് ഇറങ്ങി മാലിനിയുടെ വീട്ടിലേക്ക് എത്തി നോക്കി, മുറ്റമടിക്കുന്ന മാലിനിയെ കണ്ടപ്പോൾ മനുവിന്റെ കണ്ണ് സന്തോഷം കൊണ്ട് തിളങ്ങി…
” അമ്മേ ഞാൻ ഹരിയുടെ അടുത്ത് വരെ പോയിട്ട് വരാം….”
അത് പറഞ്ഞ് മനു വീട്ടിൽ നിന്ന് ഇറങ്ങി, എന്നും ഈ സമയം ആകുമ്പോൾ എന്തിനാ ഇവൻ ഹരിയുടെ അടുത്തേക്ക് പോകുന്നത് എന്ന എത്ര ആലോചിച്ചിട്ടും അവന്റെ അമ്മയ്ക്ക് മനസ്സിലായിരുന്നില്ല…
മനു വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേക്കും ഹരി അവനെയും കാത്ത് നിൽപ്പുണ്ട്. മനുവിനെ കണ്ടപ്പോൾ ഹരിയുടെ മനസ്സിലും മറ്റേ ലഡു പൊട്ടി തുടങ്ങി. കഴിഞ്ഞ ദിവസം എന്തോ പറഞ്ഞ കൂട്ടത്തിൽ ഹരിയോട് അറിയാതെ മനു പറഞ്ഞു പോയത് ആണ് മലിനിയുടെ കാര്യം, പക്ഷെ അവൻ തന്നെയും കാത്ത് നിൽക്കുമെന്ന് മനു ഒട്ടും പ്രതീക്ഷിച്ചില്ല…
” നീ എന്താ അളിയാ ഇവിടെ…”
ഒന്നും അറിയാത്ത മട്ടിൽ മനു ചോദിച്ചു…
” പൊന്നാളിയാ വല്യ ഡയലോഗ് ഒന്നും വേണ്ട ഇന്ന് ഞാനും വരും നിന്റെ കൂടെ കുളിസീൻ കാണാൻ…”
” എടാ കോപ്പെ പയ്യെ പറ ആരേലും കേൾക്കും…”
മനു ശബ്ദം താഴ്ത്തി ഹരിയോട് പറഞ്ഞു..
” എന്തായാലും ഞാനും ഉണ്ട് ഇന്ന് കുളിസീൻ കാണാൻ…”
ഹരി മെല്ലെ മനുവിന്റെ ചെവിയിൽ പറഞ്ഞു, ഇനിയിപ്പോ ഇവനോട് തർക്കിച്ചിട്ട് കാര്യമില്ല, ഇനി വൈകിയാൽ മാലിനി ചേച്ചി കുളിയും കഴിഞ്ഞു പോകുകയും ചെയ്യും, എന്തായാലും അവനെയും കൂട്ടി പോകാൻ മനു തീരുമാനിച്ചു..
” എന്നാ വാ നടക്ക്…”
മനു ചുറ്റും നോക്കി ആരും വരുന്നില്ലെന്നു ഉറപ്പ് വരുത്തി മെല്ലെ നടന്നു.
രണ്ട് മാസങ്ങൾക്ക് മുൻപാണ് രാഘവൻ മാലിനിയെ കെട്ടിക്കൊണ്ട് വന്നത്. പഴയ വീട് ആയത് കൊണ്ടും ചുറ്റുവട്ടത്ത് ഒരുപാട് വീടുകൾ ഒന്നും ഇല്ലാത്തത് കൊണ്ടും ഓപ്പൻ എയറിൽ ആയിരുന്നു രാഘവന്റെയും വീട്ടുകാരുടെയും കുളി. മലിനിയെ കെട്ടിക്കൊണ്ട് വന്ന് അവളുടെ നിർബന്ധം കാരണമാണ് പഴയ ഓല കീറുകൊണ്ട് മറച്ച് ഒരു കുളിമുറി തട്ടി കൂട്ടിയത്, അതിന് അടപ്പായി ഒരു മുണ്ടെടുത്ത് നീട്ടി ഇടും…
ആ കുളി മുറിക്ക് അല്പം മാറിയുള്ള വല്യ ആഞ്ഞിലി മരത്തിന്റെ മറവിൽ മനുവും ഹരിയും സ്ഥാനം പിടിച്ചു. നിറയെ കുറ്റിച്ചെടികൾ കാട് പിടിച്ചിരിക്കുന്നത് കൊണ്ടും, അടുത്ത് വീടുകൾ ഒന്നും ഇല്ലാത്തത് കൊണ്ടും പെട്ടെന്ന് അവരെ ആരും കണ്ടുപിടിക്കില്ലെന്ന് മനുവിന് ഉറപ്പ് ഉണ്ടായിരുന്നു…
മാലിനി മുറ്റമടി കഴിഞ്ഞ് കുളിക്കാനുള്ള വെള്ളം കോരി കുളിമുറിയിൽ കൊണ്ട് വച്ചു. കുളിച്ചുമാറാനുള്ള തുണികളും തോർത്തുമായി അവൾ കുളിമുറിയിൽ കയറി, ഇട്ടിരുന്ന നൈറ്റി ഊരനായി മുകളിലേക്ക് ഉയർത്തിയപ്പോൾ ആണ് എന്തോ കണ്ടത് പോലെ മാലിനി പെട്ടെന്ന് നൈറ്റി താഴ്ത്തി ഇട്ടത്..
” ഹമ്പട കള്ളാ, നി എന്റെ കുളിസീൻ കാണാൻ കൂട്ടുകാരനെയും കൂട്ടി വന്നേക്കുകയാണോ…”
മാലിനി നടുവിന് കയ്യും കൊടുത്ത് പറയുന്നത് കേട്ട മനുവും ഹരിയും ഞെട്ടി മുഖത്തോട് മുഖം നോക്കി ഇരുന്നു..
” പാവമല്ലേ കണ്ടോട്ടെ എന്ന് കരുത്തിയപ്പോൾ നി ആള് കൊള്ളാല്ലോ കൂട്ടുകാരനെയും കൂട്ടി വന്നേക്കുന്നു നാളെ ഇനിയും ആള് കൂടുമോ…”
വീണ്ടും മാലിനിയുടെ ശബ്ദം കേട്ടപ്പോൾ മനുവിന്റെയും ഹരിയുടെയും ഉള്ളിൽ ഭയം നിറഞ്ഞു, രണ്ടാളും നല്ലത് പോലെ വിയർത്ത് തുടങ്ങി. അവർ മാലിനി കാണാത്ത രീതിയിൽ പൂർണ്ണമായും മരത്തിന്റെ മറവിൽ തല കുമ്പിട്ട് പതുങ്ങി ഇരുന്നു…
” ഇനിയിപ്പോ എന്തിനാ തല കുനിച്ച് ഇരിക്കുന്നത്, ആദ്യം കണ്ടില്ലെന്ന് നടിച്ചതാണ് എന്റെ തെറ്റ്. ആദ്യമേ നിന്നെ ഓടിച്ചു വിട്ടിരുന്നേൽ ഈ കുഴപ്പം ഒന്നും ഉണ്ടാകിലായിരുന്നു…”
അത് കൂടി കേട്ടപ്പോൾ മനുവിന് ദേഷ്യവും സങ്കടവും ഒക്കെ വന്നു. ഈ തെണ്ടിയോട് പറയാൻ തോന്നിയ സമയത്തെ ശപിച്ചുകൊണ്ടു അവൻ ദയനീയമായി ഹരിയെ നോക്കി, ഹരി അപ്പോഴും പേടിച്ച് വിറച്ചിരിക്കുകയാണ്.
അൽപ്പനേരം മലിനിയുടെ ശബ്ദം ഒന്നും കേൾക്കാതെ വന്നപ്പോൾ മനു പതിയെ തല പുറത്തേക്ക് നീട്ടി കുളിമുറിയിലേക്ക് നോക്കി..
” ആഹാ ഇത്രയും പറഞ്ഞിട്ടും നിനക്കു ഒരു കൂസലും ഇല്ലാലോ.. എന്നാ ഇപ്പോൾ കാണിച്ചു തരാം…”
അത് പറഞ്ഞ് മാലിനി കപ്പെടുത്ത് ബക്കറ്റിൽ നിന്ന് വെള്ളം കോരി വീശി ഒഴിക്കാൻ കൈ നീട്ടിയതും, ആ കപ്പും വെള്ളവും തങ്ങളുടെ നേർക്ക് വരുന്നത് കണ്ട മനു എഴുന്നേറ്റ് ഓടാൻ നോക്കിയതും ഒരേ സമയം ആയിരുന്നു, പെട്ടെന്ന് ഓടാൻ നോക്കുമ്പോൾ കല്ലിൽ തട്ടി മനു വീണു…
“അമ്മേ….”
വീഴുന്നതിന്റെ ആഘാതത്തിൽ മനു അറിയാതെ വിളിച്ചു, ഇത് കേട്ട മാലിനി കുളിമുറിയിൽ നിന്ന് ഇറങ്ങിയതും, താഴെ വീണ മനുവിനെ വലിച്ച് എഴുന്നേൽപ്പിച്ചു കൊണ്ട് ഹരി ഓടി പുറകെ മനുവും തിരിഞ്ഞു നോക്കാതെ ഓടി..
ഇവരൊക്കെ ആരാ എവിടുന്നാ വന്നത് എന്നറിയാതെ മാലിനി അന്തംവിട്ട് ഓടുന്ന മനുവിനെയും ഹരിയെയും നോക്കി നിന്നു…
” എന്താ മോളെ ഒരു ശബ്ദം കേട്ടത്…”
പുറത്തെ ബഹളം കേട്ട് എഴുന്നേറ്റ് വന്ന മലിനിയുടെ അമ്മായി അമ്മ ഉറക്കച്ചവയോടെ ചോദിച്ചു…
” അത് രണ്ട് ചാവലി പട്ടികൾ കടി കൂടിയതാ…”
മാലിനി അത് പറഞ്ഞപ്പോൾ അത് ഏതാ പട്ടികൾ എന്ന് നോക്കി അവർ കുളിമുറിയുടെ അടുത്തേക്ക് വന്നു…
” അമ്മ ഇതിനകത്തോട്ട് കയറി നിന്നെ…”
അത് പറഞ്ഞ് അവൾ അമ്മായി അമ്മയെ കുളിമുറിയിലേക്ക് കയറ്റിയിട്ട് പുറത്തെ ആഞ്ഞിലി മരത്തിന്റെ അടുത്തേക്ക് നടന്നു. മരത്തിന്റെ മറവിൽ പോയി നിന്നവൾ കുളിമുറിയിലേക്ക് നോക്കി. പഴയ ഓലയുടെ ഇടയിലുള്ള ചെറിയ ചെറിയ തുളയിലൂടെ കുളിമുറിയിൽ നിൽക്കുന്ന അമ്മായി അമ്മയെ അവൾ അവ്യക്തമായി കണ്ടു…
പാവം പിള്ളേർ എന്ത് കാണാൻ ആണോ ആവൊ ഇവിടെ വന്ന് കൊതുക് കടിയും കൊണ്ട് നിൽക്കുന്നത് അവൾ അതും മനസ്സിൽ ഓർത്ത് കൊണ്ട് കുളിമുറിയിലേക്ക് നടന്നു…
” എന്താ മോളെ.. എന്താ അവിടെ നിന്ന് നോക്കിയത്…”
” ഞാൻ ഒരു കുളിസീൻ കാണാൻ പോയതാ…”
” കുളിസീനോ ആരുടെ…
അമ്മായി അമ്മ അതിശയത്തോടെ ചോദിച്ചു..
” എന്റെ തന്നെ അല്ലാതെ പിന്നെ ആരുടെ…”
അത് പറഞ്ഞവൾ കുളിമുറിയിലേക്ക് കയറിയപ്പോൾ ഒന്നും മനസ്സിലാകാതെ അമ്മായി അമ്മ വായും പൊളിച്ചു നിന്നു.. അവൾ വീണ്ടും നൈറ്റി ഉയർത്തും മുൻപേ ഓലക്കീറിന്റെ ഇടയിലേക്ക് നോക്കി അപ്പോഴും പുറത്തെ ബഹളം ഒന്നും മനസ്സിലാകാതെ ആ രണ്ടു പല്ലികൾ അവളെ തന്നെ നോക്കി ഇരിക്കുക ആയിരുന്നു….