ആത്മാവ്
Story written by SAJITH K MOHAN
ഇന്ന് ഞാൻ എണീക്കുന്നത് തന്നെ അവളുടെ തുടരെ തുടരെ ഉള്ള കോളുകൾ കേട്ട് അസ്വസ്ഥമായാണ്, അടുത്ത റിങ്ങിൽ ഞാൻ കോൾ കട്ട് ചെയ്തു, ദേ വീണ്ടും, ഞാൻ ഫ്ലൈറ്റ് മോഡ് ഇട്ടു, സമയം നോക്കി, പക്ഷെ പിന്നെ ഉറങ്ങാൻ സാധിച്ചില്ല, 5മണി ആയൊള്ളു! അടുത്തുള്ള അമ്പലത്തിൽ നിന്നും പാട്ട് കേൾക്കുന്നുണ്ട്, കുറെ വർഷങ്ങളായി അത് കേട്ടിട്ട്, അമ്മ എന്നും കേൾക്കാറുണ്ടായിരിക്കും, അടുക്കളയിൽ ലൈറ്റ് കത്തുന്നുണ്ട്, പാത്രം ഒക്കെ ശബ്ദമുണ്ടാക്കുന്നുണ്ട്, ഞാൻ മനസ്സിൽ പറഞ്ഞു, ” പാവം എത്ര നേരത്തെ തുടങ്ങുന്നു, ഈ ദിവസം തെളിഞ്, വെയിലുതിച്ചു്, വീണ്ടും ഇരുട്ടിലേക്ക് വരുന്ന വരെയും അമ്മക്ക് തിരക്ക് തന്നെ, വിശ്രമവും, അവധിയും വേതനവും ഇല്ലാത്ത ജോലിക്കാരി, ഞാൻ ഒന്ന് നെടുവീർപ്പിട്ടു, ഫോൺ ഒന്നൂടെ എടുത്തു ഫ്ലൈറ്റ് മോഡ് മാറ്റി നെറ്റ് ഓൺ ചെയ്തു, വാട്സാപ്പിൽ 13 മെസേജ് വന്നു കിടക്കുന്നു,!!
ഹലോ, ഗുഡ് മോർണിംഗ്..☺️ പിണക്കം മാറിയില്ലേ?? …..? കുറേ നോട്സ് എഴുതാൻ ഉണ്ടായിരുന്നു, അതാ ഇന്നലെ online ഉണ്ടാവാതിരുന്നത്! ടോ, എണീക്കെടോ,നെറ്റ് ഓഫ് ചെയ്ത് ഉറങ്ങിക്കൂടെ ?മണ്ടാ ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് ഇന്ന്,…. ☺️കൂർക്കം വലിച്ചുറങ്ങാണോ ???? വിഷ്ണുവേട്ടോയ്…
ഓ ഫോൺ കട്ട് ചെയ്യല്ലേ, ഒരു കാര്യം ഉണ്ട്…സ്വിച്ചോഫ്ഫ്ഫ് ?? .. ?? ഇന്ന് എന്റെ Birthday ആണ് ??
എന്റെ മനസ്സിൽ ഉണ്ടായിരുന്നു കൊച്ചു പിണക്കം പമ്പ കടന്നു,… ഹാ ഞാൻ ഓർക്കുന്നു അവളുടെ date of birth ഫാൻസി ആണ് 2-2- 2002ഇന്നവൾക്ക് 20-)0 ജന്മദിനം , പക്ഷെ പതിനഞ്ചിന്റെ ബുദ്ധിയും സ്വഭാവവും ആണെന്ന് എനിക്കല്ലേ അറിയൂ
ഞാൻ ലവ് റിയാക്ഷൻ ചേർത്ത് ഒരു HAPPY BIRTHDAY അയച്ചു!
റിപ്ലേ ഇല്ല, ഞാൻ വിളിച്ചു,
കുറച്ചു നേരം പരസ്പരം പരിഭവം പറച്ചിൽ, ഒരു BIRTHDAY ഗിഫ്റ്റ് സ്പോൺസർ ചെയ്തപ്പോ ആള്, ട്രാക്കിൽ ആയി, വല്ലപ്പോഴും ആണ് ഒന്ന് പരസ്പരം കാണുന്നത്, എന്നെ കാണാനുള്ള അതിയായ ആഗ്രഹം തന്നെയാണ്, എന്തെങ്കിലും ഗിഫ്റ്റുമായി ഇന്ന് വന്നേ പറ്റുവൊള്ളൂ എന്ന് അവൾ തറപ്പിച്ചു പറഞ്ഞു,
നല്ലൊരു ദിവസമായി സങ്കടപെടുത്തണ്ട എന്ന് കരുതി ഞാൻ ഉറപ്പു കൊടുത്തു,.. ഈ മാസത്തെ എലിജിബിൾ ലീവ് 2 ദിവസം മുൻപേ എടുത്തിരുന്നു, ലാലേട്ടന്റെ എമ്പുരാൻ റിലീസ് ന്, ടിക്കറ്റ് കിട്ടിയത് നൂൺ ഷോ ക്കും, ഒന്നും നോക്കീല ലീവ് ഇട്ടു, അന്ന് തന്നെ അവളുടെ ചോദ്യം ചെയ്യൽ ഉണ്ടായിരുന്നു, സിനിമക്ക് പോവാൻ ഒക്കെ ലീവ് ഉണ്ട്, ഒന്ന് കാണാൻ പറ്റുവോ എന്ന് ചോദിച്ചാൽ, ലീവ് ഇല്ല, അത് കേട്ടപ്പഴേ ഞാൻ വീഡിയോ കാൾ ചെയ്ത് ഹാപ്പി ആക്കിയതാണ്, എമ്പുരാൻ ന്റെ കഥയും പറഞ്ഞു കൊടുത്തു, അവൾ അല്ലു അർജുൻ മൂവീസ് മാത്രം കാണുന്ന ഒരു ടൈപ്പാണ്, അത് കൊണ്ട് വളരെ ചുരുക്കി പറഞ് കൊടുത്ത് വീഡിയോ കാൾ അവസാനിപ്പിച്ചിരുന്നു, ,
ഞാൻ എണീറ്റു, അമ്മ ദോശ ചുടുന്നത് ഏന്റെ റൂമിലോട്ട് കേൾക്കുന്നുണ്ട്, ഞാൻ ഇന്നലെ അമ്മയോട് പറയണം എന്ന് വിചാരിച്ചതാ, ദോശ കഴിച്ചിട്ട് കുറച്ചായി എന്ന സത്യം, ചപ്പാത്തിയും, പുട്ടും, ഇഡ്ഡലിയും മാത്രം , മാറി മാറി വരാറാണ് കുറച്ചായിട്ട്, അടുക്കളയിൽ എത്തിയതും അമ്മ ഒന്ന് ഞെട്ടി,
ആളെ പേടിപ്പിച്ചല്ലോടാ ” വല്ല സ്വപ്നോം കണ്ട് നീറ്റതാണോ?
ഏയ്യ്, രാവിലെ നേരത്തെ എണീക്കുന്നത് ആരോഗ്യത്തിനും മനസ്സിനും വളരെ നല്ലതാണ്, രാവിലെത്തെ ഈ വായുവിൽ ആണ് ഏറ്റവും കൂടുതൽ പോസിറ്റീവ് എനർജി ഉള്ളത്, അതൊന്നും അറിയില്ല ല്ലേ, അമ്മ ഒരു കട്ടൻ തന്നെ,
പല്ല് തേച് വാ ,ഓരോ പുതിയ ശീലങ്ങൾ.. അമ്മ ദോശ മാവ് ഒഴിച് കൊണ്ട്, എന്റെ മുഖം നോക്കാതെ പറഞ്ഞു
സിനിമയിലൊക്കെ പല്ല് തേക്കാതെ ഒരു ബെഡ് കോഫീ ഉണ്ട് അതാണ് ഞാൻ ചോദിച്ചത്..
അത് ഈ വീട്ടിൽ ഇല്ല, പല്ല് തേച് വാടാ ചെർക്ക..
ആദ്യമായാണ്, ഒരുങ്ങി കഴിഞ്ഞിട്ടും ഒരുപാട് സമയം കിട്ടുന്നത്, സാധാരണ 8 മണിക്ക് നീക്കലും, ഒരു കാക്ക കുളിയും, എന്തേലും കഴിച്ചവസാനിപ്പിച്ച് ഒരു പാച്ചിലാ….അമ്മയോട് ഞാൻ പറഞ്ഞില്ല ലീവ് ആണെന്ന കാര്യം..അമ്മക്ക് അറിയാം ഹർഷയുടെ കാര്യം അവർ തമ്മിൽ ഇടക് സംസാരിക്കാറുണ്ട് ഫോണിൽ, ഞാനും ഹർഷയും 3 വർഷമായി പ്രണയത്തിലാണ്, കറങ്ങി നടക്കാതെ പോയ് പെണ്ണ് ചോദിക്കാൻ ആണ് അമ്മ പറയാറ്, ഇനിയിപ്പോ ചോദിച്ചിട്ട് തന്നിലേലും ആള് കൂടെ വരും എന്ന് പറയാറുണ്ട് ഞാൻ
അമ്മ എന്റെ യൂണിഫോം അയൺ ചെയ്തു മടക്കി വെച്ചിട്ടുണ്ടായിരുന്നു പതിവ് പോലെ, ഞാൻ അലമാരയിൽ എന്റെ പുതിയ നീല ഷർട്ടും, അച്ചന്റെ മുണ്ടും തപ്പുന്നത് കണ്ടപ്പോ തന്നെ അമ്മ കാര്യങ്ങൾ ഏതാണ്ട് ഊഹിച്ച മട്ടാ, വിഷ്ണുവെയ്, വലിച്ചിട്ടതൊക്കെ ഒതുക്കി വെച്ച് പോ ട്ടാ എന്നൊന്ന് ശാസിച്ചു, വീണ്ടും അടുക്കളയിലോട്ട് പോയ്….
9 മണിയോടെ ഞാൻ ഇറങ്ങി, ഹർഷ 10 മണിക്ക് ത്രിശൂർ ശക്തൻ സ്റ്റാൻഡിൽ എത്താം അവിടുന്ന് ഒരുമിച്ച് തേക്കിൻകാട് മൈതാനത്ത് കുറച്ചു നേരം പിന്നെ, വടക്കഞ്ചേരി വരെ ബൈക്ക് ൽ ഒരു കറക്കം, ലഞ്ച് കഴിഞ്ഞ് ഒരു സിനിമ, പിന്നെ നേരെ തിരിക്കണം ഇതൊക്കെയാണ് എന്റെ മനസ്സിലെ പ്ലാൻ..
ഓഫീസ് ൽ നിന്നും എനിക്ക് കാളുകൾ വരുന്നുണ്ട്, കുറേ പെന്റിങ് വർക്ക് ഉണ്ട്, ഉച്ചക്ക് വരാവോ എന്ന് ചോദിക്കാനാകും, എന്റെ പട്ടി ഫോൺ എടുക്കും!! ഞാൻ പോണ വഴി തിയേറ്റർ ലേക്ക് ഒന്ന് നോക്കി, ഹൂഫ് ഹൗസ് ഫുൾ തന്നെ, 2022 ലെ ആദ്യ ഹിറ്റ് ആണ്. ഇത്രയും വലിയൊരു കട്ട് ഔട്ട് അടുത്തൊന്നും ഞാൻ കണ്ടിട്ടില്ല, ലൂസിഫർ നേക്കാൾ മനോഹരമായാണ് പ്രിത്വി ഇത് ഡയറക്റ്റ് ചെയ്തിരിക്കുന്നത് എന്ന് എനിക്ക് അന്നേ ബോധ്യപെട്ടു , ലാലേട്ടന്റെ എനെർജിറ്റിക് പെർഫോമൻസ് ഉം, അതിലെ ഓരോ സീനുകളും ഞാൻ മനസ്സിൽ ഒന്നൂടെ കണ്ടു, ഹൂഫ് രോമാഞ്ചം, ഹർഷക് സമ്മതം ആണെങ്കിൽ എമ്പുരാന് തന്നെ 2 ടിക്കറ്റ് എടുക്കാം!
ഹർഷ യുടെ കാൾ വരുന്നുണ്ട്, ഡ്രൈവ് ചെയ്യുന്ന കാരണം ഞാൻ എടുത്തില്ല, തൊട്ടു പിന്നാലെ ഒരു മെസ്സേജ് ഉം ” ശക്തനിൽ എത്തി ” ഞാൻ കഷ്ടപ്പെട്ട് ഒരു കൈ കൊണ്ട് ഫോണിൽ നോക്കുന്നത് ഒരു പോലീസ് മാമൻ തൊട്ടു മുന്നിൽ നോക്കി നിൽക്കുന്നു, എന്റെ മുന്നിലോട്ട് നിന്ന് സൈഡ് ആക്കാൻ ആംഗ്യം കാണിച്ചു,
അഭ്യാസി ആണല്ലോ, ലൈസൻസ് ഉണ്ടോടോ?
ഉണ്ട് സാറേ,
എന്തിന് അഭ്യാസം കാണിക്കാനോ? പോലീസ് മാമൻ എന്നെ ആക്കിയതാണ്
അല്ല സർ വണ്ടി ഓടിക്കാനുള്ള ലൈസൻസ് ഉണ്ട് എന്ന പറഞ്ഞത്
ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിക്കാൻ പാടില്ലെന്ന് അറിയില്ലേ?
ഹെൽമെറ്റ് ഉണ്ട് സർ…
എവടെ?
വീട്ടിലാ, ഞാൻ തിരിച്ചും ഒന്ന് ആക്കി.
ടാ …. പുള്ളി എന്തോ പറയാൻ വന്നു, എന്നെ അടി മുടി ഒന്ന് നോക്കി.
വണ്ടിടെ ബുക്കും പോല്യൂഷൻ പേപ്പറും, ഇൻഷുറൻസ് ഉം ഒക്കെ എടുത്തോണ്ട് വാ SI സർ ന്റെ അടുത്തോട്ട്..
സാറേ പൊല്യൂഷൻ ഇല്ല,
അത് വേണ്ടേ? പുക ടെസ്റ്റ് ഇല്ലാതെ നിന്നോട് വണ്ടി ഓടിക്കാൻ ആര് പറഞ്ഞു?പോരാത്തതിന് അവന്റെ സർക്കസ്സും.. ഹെൽമെറ്റും ഇല്ല
ഒരു വിധം ഞാൻ കാല് പിടിച്ചു നോക്കിയിട്ടും വിടുന്ന മട്ടില്ല, 1000 പെറ്റി അടക്കാൻ പറഞ്ഞു, അതിനിടക് വീണ്ടും ഹർഷയുടെ കാൾ, ഞാൻ എടുത്തില്ല, പാവം എന്നെ കാത്ത് അരമണിക്കൂറിൽ ഏറെ ആയി നിൽക്കുന്നു, അപ്പൊ തന്നെ എന്റെ മനസ് എന്നോട് പറഞ്ഞു അല്ല എന്ത് പാവം അവളുടെ കാരണം തന്നെയല്ലേ പെട്ടത്,…കൊർച് നേരം പോസ്റ്റ് ആയാലും കുഴപ്പല്യ…കുറേ നേരം നിന്ന് എനിക്ക് പ്രാന്ത് വരാൻ തുടങ്ങി, കുറച്ചു കഴിഞ്ഞ് വേറൊരു സർ വന്ന് ഒന്ന് ഉപദേശിച്ച ശേഷം 500 അടപ്പിച്ചു റെസിപ്പ്റ് ഉം തന്നു,
ആ സർ പൊളിയാണ്, അച്ഛൻ ഉപദേശിക്കാറുള്ള പോലെ തോന്നി എനിക്ക്, കുറഛ് സ്നേഹത്തോടെ ആയത് കൊണ്ടാവാം!
ഹർഷ ക് ഞാൻ ഒരു മെസേജ് അയച്ചു, 20 മിനുട്ടിനുള്ളിൽ എത്താം എന്ന്!!ഉപദേശങ്ങൾ ഒക്കെ കാറ്റിൽ പറത്തി ഞാൻ 100 സ്പീഡിൽ പറന്നു, എനിക്കൊരു റേസിംഗ് ഗെയിം കളിക്കുന്ന ഫീൽ തോന്നി, ഞാൻ 120 ലും മുകളിൽ സ്പീഡിൽ എത്തിയപ്പോൾ എതിരെ വന്ന ഒരു കാർ എന്നെ 100 മീറ്റർ പുറകിലോട്ട് ഇടിച്ചു തെറുപ്പിച്ചു! എന്റെ ബൈക്ക് എവിടെയോ പോയ് വീഴുന്ന ശബ്ദം ഞാൻ അറിഞ്ഞു , ഞാൻ പോയി വീണത് ഒരു ksrtc ബസ് ന്റെ അടിയിലോട്ടാണ് തല ബസ്സിൽ വെച്ച് ഇടിച്ചിരിക്കണം, എന്റെ ചെവിയിൽ നിന്നും രക്തം വരുന്നുണ്ടായിരുന്നു,എനിക്ക് ഒരു ദീർഘ ശ്വാസം കിട്ടി, പിന്നീട് ഒരു പെടച്ചിലോടെ എന്റെ പ്രാണൻ വെടിഞ്ഞു..
നിമിഷം നേരംകൊണ്ട് അവിടം ആളുകൾ തടിച്ചു കൂടി, ചിലർ മൊബൈലിൽ പകർത്തുന്നുണ്ട്, എന്റെ ശരീരത്തിൽ നിന്നും ഞാൻ എഴുനേറ്റു, ആദ്യം ഞാൻ കരുതിയത് എനിക്ക് കുഴപ്പമൊന്നുമില്ല എന്നാണ്, പക്ഷെ എന്നെ ആരും നോക്കുന്നില്ല, ഞാൻ അവർ നോക്കുന്നിടത്തേക് നോക്കി, ഞാൻ അവിടെ തന്നെ ചോരയിൽ കുളിച് കിടപ്പുണ്ട്…അത് എന്റെ ശരീരം മാത്രം…എനിക്കെന്റെ ഹർഷയെ കാണാൻ മനസ്സ് വിതുമ്പുന്നു, ഞാൻ എന്റെ ശരീരത്തിനടുത് കിടക്കുന്ന എന്റെ ഫോൺ എടുക്കാൻ ശ്രമിച്ചു, എനിക്കതിൽ സ്പർശിക്കാൻ സാധിക്കുന്നില്ല,…
എന്റെ ശരീരം ആരൊക്കെയോ കൂടി ഒരു കാറിൽ എടുത്ത് കയറ്റി പോകുന്നത് ഞാൻ നോക്കി നിന്നു!
ഞാൻ അവിടെ നിന്നും ശക്തിനിലേക്ക് ഓടി…നല്ല തിരക്കായിരുന്നു, പക്ഷെ ആരും എനിക്ക് തടസ്സമില്ല, ഞാൻ നിഷ്പ്രയാസം അതിലൂടെ ഓടി, ഒരു ബെഞ്ചിൽ ഒരു നാടോടി കുഞ്ഞുമായി..എന്തൊക്കെയോ കളിച്ചിരിക്കുവാണ്, ഹർഷ, അവൾ ഫോൺ എടുത്ത് എനിക്ക് വിളിച്ചു നോക്കുന്നുണ്ട്, അത് ഓഫ് ആയിട്ടുണ്ടാവണം! ഞാൻ അവളുടെ അടുത്തേക്ക് ഓടി ചെന്നു, ടീ, എന്നൊന്ന് വിളിച്ചു…
അവൾക് മൈൻഡ് ഇല്ല, നേരം വൈകിയത് കൊണ്ട് പിണക്കത്തിൽ ആയിരിക്കും, എന്നെ നോക്കുന്നു പോലും ഇല്ല,…ഞാൻ അദൃശ്യൻ ആണിപ്പോൾ, ആർക്കും എന്നെ കാണാനോ, ഞാൻ പറയുന്നത് കേൾക്കാനോ കഴിയില്ല എന്നെനിക് മനസ്സിലായി!! പാവം, അവളെത്രെ ആഗ്രഹിച്ചിട്ടായിരിക്കും ഒന്ന് കാണാൻ വന്നത്‍, വളരെ സുന്ദരി ആയിട്ടുണ്ട്, ഞാൻ പറഞ്ഞു പറ്റിച്ചു എന്ന് കരുതി കാണും, എന്തായാലും എനിക്ക് കാണാൻ പറ്റി,…
ഞാൻ അവളോട് ചേർന്നിരുന്നു!!
ഞാൻ ഉണ്ടായ കാര്യങ്ങൾ വിശദീകരിച്ചു, കേൾക്കില്ലെന്നറിഞ്ഞിട്ടും എനിക്ക്അതൊക്കെ അവളോട് പറഞ് പൊട്ടികരയാൻ മാത്രമാണ്സാധിച്ചത്.
മണിക്കൂറുകൾ കഴിഞ്ഞു….
അവൾ ഫോൺ എടുത്ത് വാട്സാപ്പിൽ എനിക്ക് മെസ്സേജ് അയക്കുന്നത് ഞാൻ കണ്ടു ” ഇത്രക്ക് പാടില്ലാട്ടാ, ഞാൻ പോവ്വേണ് ” വീട്ടിലോട്ട് ” അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു! ഇത്ര അടുത്തുണ്ടായിട്ടും….
ഹർഷ പോയതും ഞാൻ ഉറക്കെ അലമുറയിട്ട് കരഞ്ഞു, ഒരു ചിറകടി ശബ്ദം ഞാൻ കേട്ടു, അരയന്നങ്ങൾ തേരാളികളായ ഒരു പ്രത്യേക വാഹനം പറന്നു വന്ന് ശക്തൻ സ്റ്റാന്റിൽ നിലയുറപ്പിച്ചു! അതിൽ നിന്നും രണ്ട് മാലാഖമാർ വരുന്നു, വലിയ ചിറകുകൾ ഉണ്ട് അവർക്ക്, വെളുത്ത വസ്ത്രം,എന്നെ ആശ്വസിപ്പിച്ചു, എന്റെ കണ്ണുനീർ തുടച്ചു, എന്റെ കൈ പിടിച്ചു നടന്നു, ആ വാഹനത്തിലേറി ഞങ്ങൾ പറന്നു!!!
എന്റെ ഫോൺ റിങ് ചെയുന്നത് കേട്ട് ഞാൻ ഉണർന്നു, ഹർഷ, എനിക്ക് തലക്ക് ഒരു അടി കിട്ടിയ പോലെ,
സമയം 8 മണി ആയിരിക്കുന്നു, വാട്സ്ആപ്പ് തുറന്നു നോക്കി ഞാൻ അവളുടെ 13 മെസ്സേജുകൾ,
ഹലോ, ഗുഡ് മോർണിംഗ്..☺️ പിണക്കം മാറിയില്ലേ?? …..? കുറേ നോട്സ് എഴുതാൻ ഉണ്ടായിരുന്നു, അതാ ഇന്നലെ online ഉണ്ടാവാതിരുന്നത്! ടോ, എണീക്കെടോ, നെറ്റ് ഓഫ് ചെയ്ത് ഉറങ്ങിക്കൂടെ ?മണ്ടാ ഞാൻ അമ്പലത്തിൽ പോകുന്നുണ്ട് ഇന്ന്,…. ☺️ കൂർക്കം വലിച്ചുറങ്ങാണോ ???? വിഷ്ണുവേട്ടോയ്…??
ഒരു കാര്യം ഉണ്ട്…❤️❤️
ഇന്ന് എന്റെ Birthday ആണ് ??
ഞാൻ സ്വപ്നത്തിൽ കണ്ട അതെ മെസേജുകൾ,എനിക്ക് തല കറങ്ങുന്ന പോലെ തോന്നി, ഞാൻ സ്വപ്നം ഒന്നൂടെ ഓർത്തെടുത്തു, അതിനു എമ്പുരാൻ ഇത് വരെ റിലീസ് ആയിട്ടില്ലല്ലോ, ഇനി ടൈം ട്രാവലർ വെച്ച് ആരെങ്കിലും എന്നെ 2022 ലോട്ട് വിട്ടതാണോ ?, എനിക്ക് പല സംശയങ്ങൾ ആയി, കിളി പോയിരിക്കുന്നു
അമ്മ ദോശ ഉണ്ടാകുന്നുണ്ട്, അടുക്കളയിൽ, ഞാൻ കട്ടൻ ചോദിക്കാൻ പോയില്ല, എന്റെ വണ്ടി മുറ്റത്തിരിപ്പുണ്ട്, ഞാൻ അവൾക്ക് birthday Wishes അയച്ചു, ഇന്ന് ലീവില്ല മോളെ, അർജന്റ് മീറ്റിംഗ് ഉണ്ട്, വേറൊരു ദിവസം മീറ്റ് ചെയ്യാം,
അതിന്റെ പേരിൽ പിണക്കത്തിൽ ആണിപ്പോൾ…?