പോരാട്ടം
Story written by Atharv Kannan
മഞ്ഞൾ തേച്ചു പുരട്ടിയ രണ്ട് വയസു പ്രായമുള്ള കുഞ്ഞിനെ ആ മന്ത്രവാദി ബലിക്കല്ലിൽ കിടത്തി. ചുറ്റും നിറഞ്ഞു നിന്ന അന്ധകാരത്തെ കീറി മുറിക്കുമാറ് പന്തങ്ങളിൽ അഗ്നി പടർന്നുകൊണ്ട് ശിഷ്യന്മാർ പൂജയ്ക്ക് തുടക്കം കുറിച്ചു. മന്ത്രവാദിയുടെ നിർദേശ പ്രകാരം മണ്ണിലും മരത്തിലും വായുവിലും അല്ലാതെ ഒരിടത്തു വേണമായിരുന്നു ആ ബലി നടക്കാൻ.
അങ്ങനെ കണ്ണൻ തന്നെ കണ്ടെത്തിയ മാർഗമായിരുന്നു കാടിന് നടുവിലെ പുഴയിൽ കഴുക്കോലുകൾ നാട്ടി അനങ്ങാത്ത ചങ്ങാടം പോലെ കെട്ടി ഉറപ്പിച്ചു ബലിക്കളം ഒരുക്കുക.
വനപാലകർ ആ രാത്രിയിലെ ശബ്ദത്തോട് കണ്ണടക്കാനുള്ള കൈകൂലി പോക്കറ്റിൽ നിറച്ചിരുന്നു.
” ചുടലയ്ക്കുള്ള പൂജ ആരംഭിക്കാൻ പോവുന്നു… സകല ദോഷങ്ങളും മാറുവാനായി അമ്മയെ മനസ്സിൽ ധ്യാനിച്ചു പ്രാർത്ഥിച്ചു കൊള്ളൂ.. സ്വന്തം കുഞ്ഞിനെ ആണ് ബലി നൽകുന്നത്.. പ്രസാദിക്കും “
കണ്ണൻ കൈകൾ കൂപ്പി സ്വാമിജിയെ വണങ്ങി….
” കുഞ്ഞിന്റെ കൈകലുകളിൽ തുളച്ചു കയറ്റാനുള്ള ഇരുമ്പു നൂലുകളും അടിച്ചുറപ്പിക്കാൻ ഉള്ള ആണികളും പൂജാ പാത്രത്തിലേക്ക് വെച്ചു കൊള്ളൂ ” സ്വാമി ശിഷ്യന്മാരോടായി പറഞ്ഞു.
സ്റ്റേഷനിൽ….അതെ സമയം.
പുറത്ത് വീൽ ചെയറിൽ ഇരിക്കുന്ന എഡ്വിനൊപ്പം പരിഭ്രമത്തോടെ നിക്കുന്ന ആമിയുടെ അരികിലേക്ക് ഒരു കോൺസ്റ്റബിൾ ചുറ്റും പരിഭ്രമത്തോടെ തന്നെ ആരെങ്കിലും വീക്ഷിക്കുന്നുണ്ടോ എന്ന് നോക്കിക്കൊണ്ടു വന്നു.
” ചേച്ചി… കുഞ്ഞിന് വേണ്ടി നിങ്ങൾ ഇവിടെ സമയം കളഞ്ഞിട്ടു ഒരു കാര്യവും ഇല്ല….അയ്യാള് അന്വേഷിക്കുന്നൊന്നും ഇല്ല.. “
ആമിയുടെ മുഖം പരിഭ്രാന്തിയാൽ നിറഞ്ഞു…
” നിങ്ങളെ കൊണ്ടു എന്തെങ്കിലും ചെയ്യാൻ പറ്റുമെങ്കിൽ ചെയ്യ്.. ഇതിനിടയിൽ വേറെ എന്തൊക്കയോ കളികൾ ഉണ്ടെന്നു തോന്നുന്നു.. ഇമോഷണൽ ആയി അയാളോട് തട്ടി കയറി സമയം കളഞ്ഞതുകൊണ്ട് ഒരു കാര്യവും ഇല്ല.”
അയ്യാൾ മടങ്ങി… കണ്ണീരോടെ നെഞ്ചു തകരുന്ന വേദനയോടെ അവൾ ബെഞ്ചിലേക്കിരുന്നു.
എഡ്വിൻ അവളെ നിസ്സഹായതയോടെ നോക്കി… ആമി ആ ദിവസത്തെ കുറിച്ച് ഓർമിച്ചു,
” ഈ കുഞ്ഞു എന്റെ തന്നെയാണെന്ന് എനിക്കൊരു ഉറപ്പും ഇല്ല! ” ഇരു വീട്ടുകാർക്കും ഇടയിൽ നടന്ന തർക്കം പരസ്പരം ചെളി വാരി തേക്കുന്നതിൽ അവസാനിച്ചതോടെ കണ്ണൻ ഉറച്ച സ്വരത്തിൽ ആമിയോട് പറഞ്ഞു.
അതുവരെ പ്രണയം നൽകിയ സമ്മാനം വയറിൽ പേറിയതിനെ ചൊല്ലി ഇരു സമുദായത്തിൽ പെട്ട കുടുംബങ്ങൾ തമ്മിൽ ഉള്ള വാക്ക് യുദ്ധം സ്തംഭിച്ചു.
” ഇപ്പൊ നിനക്ക് മതിയായില്ലെടി…? ഈ അലവലാതിയെ കെട്ടാനാണോ നീ ഞങ്ങളെ എല്ലാം വെറുപ്പിച്ചത്? ” അമാലുവിന്റെ വാപ്പ അവളെ നോക്കി ചോദിച്ചു…
“പിന്നെ… കല്യാണത്തിന് മുന്നേ വയറ്റില് കൊച്ചുമായിട്ട് ഞങ്ങടെ വീടിനു മുന്നിൽ വന്നു നിക്കുന്ന നിങ്ങടെ മോളൊരു പുണ്ണ്യാളത്തി! ഒന്ന് പോടോ ” കണ്ണന്റെ അച്ഛൻ വിട്ടു കൊടുത്തില്ല
“നിങ്ങടെ മോളു പി ഴച്ചു പോയേനു ഞങ്ങടെ കൊച്ചിന്റെ തലയിൽ കെട്ടി വെക്കാൻ നോക്കണ്ട! ” കണ്ണന്റെ അമ്മ ഏറ്റു പിടിച്ചു
ആ വാക്കുകൾക്കു മുന്നിലും കണ്ണൻ മൗനമായി നിക്കുന്നത് ആമി ശ്രദ്ധിച്ചു.
“അമാലു… നിനക്ക് മതിയായില്ലേ…? അതോ ഇനിയും ഞങ്ങളെ നാണം കിടത്തണോ?” മൂത്താപ്പാടെ മോൻ കലിയോടെ അലറി
” അതെ.. ഈ തെരുവില് ഞങ്ങള് എല്ലാ സമുദായക്കാരും സ്നേഹത്തോടെ ജീവിച്ചു പോവുന്നതാണ്. ദൈവത്തെ ഓർത്തു ഇവിടെ കിടന്നു തമ്മിൽ തല്ലുണ്ടാക്കി ഞങ്ങളെ പല തട്ടാക്കി സമാധാനം കളയരുത് ” അടുത്ത വീട്ടിലെ ജോസഫ് വന്നു ഇരു കൈകളും കൂപ്പിക്കൊണ്ട് പറഞ്ഞു..
നിറഞ്ഞ കണ്ണുകളോടെ ആമി കണ്ണന് മുന്നിൽ വന്നു നിന്നു “എന്റെ വയറിൽ കൈ വെച്ചു പറയാമോ ഈ കുഞ്ഞു നിങ്ങടെ അല്ലെന്നു? “
“ഇത് സംസാരിക്കണ്ടേ ഇങ്ങനെ ആയിരുന്നില്ല ആമി… ഇവിടെ വന്നു നാട്ടുകാരുടെ മുന്നിൽ എന്റെ അച്ഛനെയും വീട്ടുകാരെയും നാണം കെടുത്തുക ആയിരുന്നില്ല വേണ്ടത്..”
“ഞാൻ ഒരു പെണ്ണാണ്.. കല്ല്യാണം കഴിക്കാത്ത പെണ്ണ് ഗർഭിണി ആവുമ്പൊ അതിനു കാരണക്കാരൻ ആയവന്റെ വീട്ടിലേക്കു വിരുന്നു വരാനുള്ള സാവകാശം ഒന്നും ഒരു വീട്ടുകാരും കാണിക്കില്ല കണ്ണേട്ടാ.. ഞാൻ ഹെൽപ്ലെസ് ആയിരുന്നു.. “
” അതൊക്കെ ഓരോന്ന് ചെയ്യുന്നെന്ന് മുന്നേ ആലോചിക്കണമായിരുന്നു ” കണ്ണൻ അവളുടെ മുഖത്ത് നോക്കാതെ പറഞ്ഞു…
” ഒരാളുടെ മുന്നിലെ ഞാനെന്റെ കാലുകൾ അകത്തി കൊടുത്തിട്ടുള്ളു.. നിങ്ങളുടെ..നിങ്ങേളെ എനിക്കത്ര വിശ്വാസമായിരുന്നു.. “
” ഒന്ന് പോയി തരാമോ.. പ്ലീസ് “
കണ്ണൻ കൈകൾ കൂപ്പിക്കൊണ്ട് പറഞ്ഞു… ബാപ്പയും കൂട്ടരും വലിച്ചു കൊണ്ടു വണ്ടിയിൽ കയറ്റി കൊണ്ടു പോവുമ്പോൾ അവളുടെ കണ്ണുകൾ കണ്ണന്റെ മുഖത്തേക്ക് തന്നെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു.
” പറ്റില്ലാന്നു പറഞ്ഞാൽ പറ്റില്ല… നാളെ തന്നെ പവരുമ്പാവൂർക്കു പോണം.. ഈ കുട്ടി നമുക്കു വേണ്ട… കുറച്ചു നാൾ അവിടെ ഇളയമ്മേടെ കൂടെ ഇവൾ നിക്കട്ടെ.. ബാക്കി എന്ത് ചെയ്യണം എന്ന് എനിക്കറിയാം ” ബാപ്പ ഉറപ്പിച്ചു പറഞ്ഞു.
” കൊച്ചാപ്പ പറഞ്ഞത് കേട്ടല്ലോ…? മര്യാദക്ക് അനുസരിച്ചില്ലെങ്കിൽ നിന്റെ അടിവയറ് ഞാൻ ചവിട്ടി കലക്കും ” മൂത്തപ്പാടെ മോൻ കാലുകൾ ഉയർത്തി കാണിച്ചു കൊണ്ടു പറഞ്ഞു…
എല്ലാവരും അവരവരുടെ മുറികളിലേക്ക് മടങ്ങി… മൂത്താപ്പാടെ മോന്റെ ഭാര്യ ആരും കാണാതെ അവളുടെ മുറിയിൽ എത്തി
” എന്ത് പണിയാ പെണ്ണെ നീ കാണിച്ചേ? “
ആ ചോദ്യം കേട്ടു കരഞ്ഞു കൊണ്ടു ആമി അവളെ കെട്ടിപ്പിടിച്ചു…
” എനിക്കീ കുട്ടിയെ കളയണ്ട ഇത്താത്ത.. ഓരോടൊന്നു പറ “
” കളയാതെ പിന്നെ? “
” വളർത്തണം “
” എങ്ങിനെ? ‘
” അറിയില്ല “
” ദേ പെണ്ണെ… ഒരേ എതിർത്തിട്ട് അനക്കിതൊക്കെ ചെയ്യാൻ പറ്റൂന്നു തോന്നുണ്ടോ? “
” നിക്കറിയില്ല “
അവൾ വീണ്ടും പിടുത്തം മുറുക്കി കരയാൻ തുടങ്ങി
” ഈ കുട്ടീനെ വേണംന്നു നിനക്ക് അത്രയ്ക്ക് ആഗ്രഹം ആണേൽ ഒരു വഴിയേ ഉളളൂ “
അവൾ പ്രതീക്ഷയോടെ ഇത്തയെ നോക്കി…
” ഇവിടുന്നു എങ്ങോടെങ്കിലും ഒളിച്ചോടണം “
ആമിയുടെ നെഞ്ചു വേഗത്തിൽ താളം പിടിക്കാൻ തുടങ്ങി…
” ഇവിടെ നിന്നാൽ ഉറപ്പയും അവരാ കുഞ്ഞിനെ കൊല്ലും “
ഇത്തയുടെ കയ്യിൽ ഉണ്ടായിരുന്ന പണവും ആയി ആ രാത്രി അവൾ ഇറങ്ങി..എങ്ങോട് പോണം എന്നറിയില്ല.. ആരെ വിളിക്കണം എന്നറിയില്ല.കുറച്ചു നേരം ഒന്നും ചെയ്യാതെ റെയിൽവേ സ്റ്റേഷനിൽ ഇരുന്നു. പെണ്ണുങ്ങളുടെ എണ്ണം കുറഞ്ഞു വരുന്നത് അവളെ വല്ലാതെ ഭയപെടുത്തി. ഇനിയും ഇരുന്നാൽ അവർ തേടിയെത്തും.. ഇതോടകം വീട്ടിൽ താൻ ഇല്ലെന്നു അവർ അറഞ്ഞിരിക്കും.
ബാംഗ്ലൂർ ഉള്ള കൂട്ടുകാരിയുടെ മുഖം ഓർമ്മ വന്നു…മുൻപ് എക്സാമിന് പോയപ്പോൾ രണ്ട് തവണ അവൾക്കൊപ്പം ആണ് നിന്നതു.ഫോണെടുത്തു വിളിക്കാൻ ആലോചിച്ചു.. വേണ്ട.. നേരിട്ട് ചെന്നു കാര്യങ്ങൾ പറയാം… അപ്പൊ അവൾക്കു സഹായിക്കാതിരിക്കാൻ കഴിയില്ല.രണ്ടും കല്പിച്ചു ട്രെയിൻ കയറി.
വിറയാർന്ന കൈകളോടെ അവൾ ബെൽ അമർത്തി… പക്ഷെ പ്രതീക്ഷ തെറ്റിച്ചു കൊണ്ടു ഒരു യുവാവ് വന്നു വാതിൽ തുറന്നു.ആളെ മനസ്സിലാവാതെ അയ്യാൾ ആമിയെ അടിമുടി നോക്കി
” ഷംന? “
” സോറി … ഷംന വെക്കേറ്റ് ചെയ്തു രണ്ടാഴ്ചയായി.. ഇപ്പോ ഞാനാണ് ഇവിടെ താമസിക്കുന്നത് “
” അയ്യോ! എവിടെക്കാ പോയതെന്ന് അറിയുവോ? “
” നാട്ടിലേക്കാണ്… ഇവിടുത്തെ ജോലി വിട്ടിരുന്നു “
എന്ത് ചെയ്യണം എന്നറിയാതെ ആമി നിന്നു.
“എന്തെങ്കിലും പ്രശ്നം ഉണ്ടോ? ” അയ്യാൾ സംശയത്തോടെ ചോദിച്ചു… ഒന്നും ഇല്ലന്ന് തലയാട്ടി അവൾ പുറത്തേക്കിറങ്ങി.
” നിക്ക്… “
ആമി പ്രതീക്ഷയോടെ തിരിഞ്ഞു.
” നിങ്ങളെ കണ്ടാൽ അറിയാം ടൈർഡ് ആണെന്ന്… വിരോധമില്ലെങ്കിൽ കുറച്ചു നേരം വിശ്രമിച്ചിട്ടു പോവാം “
ആമി എന്ത് പറയണം എന്നറിയാത നിന്നു.
” പേടിക്കണ്ട… നിങ്ങളുടെ മുഖം കണ്ടിട്ട് എനിക്ക് പേടി തോന്നുന്നു.. നാളെ ഒരു നാൾ ഏതെങ്കിലും പത്ര വാർത്തകളിലോ മറ്റോ ഇങ്ങനൊരു മുഖം കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല.. നിങ്ങള്ക്ക് ധൈര്യമായി കയറി വരാം. “
അവൾ എഡ്വിൻ കൊടുത്ത ക്ഷണം സ്വീകരിച്ചു… എല്ലാം പറഞ്ഞു തീർത്തു നിറകണ്ണുകളോടെ അയാൾക്ക് മുന്നിൽ കരഞ്ഞു തളർന്നിരുന്നു.
അതെ… അന്നും താൻ ഇതുപോലെ എഡ്വിൻ ന്റെ മുന്നിൽ കരഞ്ഞു തളർന്നു ഇരിക്കുക ആയിരുന്നു. ഇന്നും അങ്ങനെ തന്നെ. പക്ഷെ അന്ന് തന്നെ സംരക്ഷിക്കാൻ ഏതറ്റം വരെയും പോവാൻ രണ്ട് കാലുകളിൽ ഉറച്ചു നിക്കാൻ അവനു കഴിയുമായിരുന്നു.. ഇന്ന് അവനതില്ല.. അവൾ വേദനയോടെ എഡ്വിൻന്റെ കണ്ണുകളിലേക്കു നോക്കി.
“അമാലു… പണ്ടൊരു കഥയൊണ്ട്… തന്നെക്കാൾ പതിന്മടങ്ങു ആൾ ബലവും സൈനിക ശക്തിയും ഉള്ള ഒരു സേനയോടു തന്റെ ഭടന്മാരുമായി കപ്പലിൽ ഒരു ദ്വീപിലേക്കു യുദ്ധത്തിന് പോയ രാജാവിന്റെ കഥ. ദ്വീപിൽ ചെന്നിറങ്ങിയതും രാജാവിന്റെ നിർദേശ പ്രകാരം ചില യോദ്ധായ്ക്കൾ ചേർന്ന് അവര് വന്ന കപ്പൽ തന്നെ കത്തിച്ചു കളഞ്ഞു. അതിനു ശേഷം രാജാവ് അവരോടായി പറഞ്ഞു,
” നമ്മളെക്കാൾ എത്രയോ മടങ്ങു ശക്തിയുള്ള സേനയുമായാണ് നമ്മൾ യുദ്ധം ചെയ്യാൻ പോവുന്നതെന്ന് നിങ്ങൾക്കറിയുമോ? വിചാരിക്കുന്നതിലും അപ്പുറമാണ്. ഒരുപക്ഷെ യുദ്ധം നമുക്ക് വിപരീതമായി ഫലിച്ചാൽ ഓടി രക്ഷപെടാൻ ഉള്ള അവസാന മാർഗമായ നമ്മുടെ കപ്പലുകളും നമ്മൾ നശിപ്പിച്ച് കഴിഞ്ഞു. ഇനി നമുക്ക് ജീവനോടെ തിരിച്ചു നമ്മുടെ പ്രിയപ്പെട്ടവർക്ക് മുന്നിൽ എത്തണം എങ്കിൽ ഒരേ ഒരു ഉപയമേ ഉള്ളൂ, ഈ യുദ്ധം നമ്മൾ ജയിക്കണം “
ആമി പ്രതീക്ഷയോടെ എഡ്വിൻന്റെ കണ്ണുകളിലേക്കു നോക്കി….
” യുദ്ധം അവർ വിജയിച്ചു അമാലു .. കാരണം അവർക്കു മറ്റൊരു വഴിയും ഇല്ലായിരുന്നു… നീ ആദ്യം നിന്റെ മുന്നിലുള്ള കപ്പലുകൾ കത്തിച്ചു കളയണം. നീ യുദ്ധം ചെയ്തില്ലെങ്കിൽ നമ്മുടെ കുഞ്ഞിനെ രക്ഷിക്കാൻ ഒരിക്കലും സാധിക്കില്ല. നിനക്ക് പിന്നിൽ ആശ്രയിക്കാൻ മറ്റൊന്നും ഇല്ല… നമുക്കു മുന്നിൽ സമയം കുറവാണു.. നീ ഒറ്റക്കിറങ്ങണം.. അവനെ കണ്ടെത്താൻ നിനക്ക് കഴിയും “
” എങ്ങനാ എഡ്വിൻ നിനക്കെന്നെ ഇത്രയും സ്നേഹിക്കാൻ കഴിയുന്നെ.. നമ്മുടെ കുഞ്ഞെന്നു പറയാൻ കഴിയുന്നെ ” അവൾ ചേർന്നിരുന്നുകൊണ്ട് ചോദിച്ചു.
” നീ എന്റെ ആണ്… അവൻ നിനക്കുള്ളിൽ നിന്നും വന്നവനാണ്.. നിന്റേതെല്ലാം എന്റേതും ആണ് ” ഒരുപാട് ചിരിയോടെ അവളുടെ നെറുകയിൽ ചുംബിച്ചു കൊണ്ടു എഡ്വിൻ പറഞ്ഞു നിർത്തി.
രാത്രി ഏട്ടു മണി. സമീപത്തെ ഫ്ലാറ്റ്.
” കഴിഞ്ഞ വെള്ളിയാഴ്ച്ച രാത്രി പത്ത് മണിക്ക് ശേഷം നാല് വണ്ടികൾ ആണ് മാഡം നിങ്ങളുടെ റോഡിലേക്ക് തിരിഞ്ഞിട്ടുള്ളത്.. അതിൽ മൂന്നും തിരികെ വന്നിട്ടില്ല.. ഒന്ന് മാത്രം ദാ അര മണിക്കൂറിനു ശേഷം തിരിച്ചു പോവുന്നു “
ആമി സ്ക്രീനിലേക്ക് സൂക്ഷിച്ചു നോക്കി…
” ഏതാണ് വണ്ടി അമാലു ? ” ബ്ലൂ ടൂത് ഹെഡ്സെറ്റിലൂടെ എഡ്വിൻ ചോദിച്ചു
” ഇന്നോവ “
” നമ്പർ വ്യക്തമാവുന്നുണ്ടോ… “
” എസ് “
” മിക്കവരും ഫേക്ക് ആയിരിക്കണം.. എങ്കിലും ശ്രമിച്ചു നോക്കാം “
പെട്രോൾ പമ്പിൽ….രാത്രി 9 മണി.
“ഇല്ല മാഡം… ഇങ്ങനൊരു വണ്ടി ഫുട്ടജിൽ കാണുന്നില്ല..”
അവസാനത്തെ പെട്രോൾ പമ്പും കടന്ന ആമി നിരാശയായി
” ഇട്സ് ഓക്കേ… ടെൻഷൻ ആവണ്ട “
” എന്ത് ചെയ്യണം എഡ്വിൻ…ഇനി എങ്ങിടെന്നറിയാതെ ഈ രാത്രി… പടച്ചോനെ ന്റെ കുഞ്ഞു “
” അമാലു.. അടുത്തെവിടെ എങ്കിലും നൈറ്റ് കടകൾ ഉണ്ടോ എന്ന് ചോദിക്കു… ഈ ചായയും സിഗരറ്റും ഓക്കെ കിട്ടുന്ന പോലെ “
” ഉം.. ചോദിക്കാം “
തട്ടുകട….രാത്രി പത്തര.
” ഇവന്മാരൊ… ഈ വണ്ടിയിൽ വന്നവന്മാരെ ഞാൻ ഒരിക്കലും മറക്കില്ല.. “
” ആരാ ഇവര്…? ചേട്ടന് ഇവരെ അറിയുവോ? “
വെപ്രാളത്തോടെ ഉള്ള ആമിയുടെ ചോദ്യം കണ്ടു അയ്യാൾ അവളെ അടിമുടി നോക്കി
” ഇങ്ങള് പോലിസാ? “
” അതെന്നു പറയാമാലു “
ഫോണിലൂടെ എഡ്വിൻ വെപ്രാളത്തോടെ പറഞ്ഞു
” എന്തെടോ പോലീസുകാരുടെ രീതിയിൽ ചോദിച്ചാൽ മാത്രമേ താൻ പറയു? “
അയ്യാൾ തലയിലെ തോർത്ത് അഴിച്ചു..
” അയ്യോ! അല്ല മാഡം.. അവന്മാരെ കണ്ടപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നു. പിന്നെ ഫാമിലി ആയിട്ടാ വന്നത്. ഒരു സ്ത്രീയും കുഞ്ഞും ഉണ്ടായിരുന്നു കൂടെ “
ആമിയുടെ കണ്ണിൽ പ്രതീക്ഷ വളർന്നു
” കുഞ്ഞിന് പാല് വെള്ളം വാങ്ങി നിപ്പിൾ കുപ്പിയിലാക്കി കൊടുക്കുന്നുണ്ടായിരുന്നു..കുഞ്ഞാണെങ്കിൽ നല്ല കരച്ചിലും… പക്ഷെ അവരു വണ്ടിയിൽ കയറിയ ശേഷം വന്ന ഒരുത്തൻന്റെ കയ്യിൽ നിന്നും കുനിഞ്ഞപ്പോ തോക്കു താഴെ വീണു. ഞാനെന്റെ കണ്ണുകൊണ്ടു കണ്ടതാ. അതും ഈ സിനിമയിൽ മാത്രം കണ്ടിട്ടുള്ള തോക്കു. “
” അവരെങ്ങോടാ പോവുന്നതെന്നോ മറ്റോ സംസാരിച്ചിരുന്നതായി കേട്ടിരുന്നു എന്ന് ചോദിക്കു ” എഡ്വിൻ ഫോണിലൂടെ പറഞ്ഞു.
” അവരെന്തെങ്കിലും സംസാരിക്കുന്നതു താൻ കേട്ടിരുന്നോ? “
” കൊള്ളിയാൻ കാട് എത്ര ദൂരം ഉണ്ടെന്നു ചോദിച്ചു.. അത് മാത്രേ അവരു ചോദിച്ചുള്ളൂ.. പരസ്പരം സംസാരിക്കുന്നതൊന്നും ഞാൻ കേട്ടില്ല “
” എവിടാ ഈ കൊള്ളിയാൻ കാട് “
” അത് ” അയ്യാൾ പരിഭ്രമത്തോടെ നിന്നു
” ഒന്ന് വേഗം പറഞ്ഞു തോലക്കഡോ “
” ഇവിടുന്നു അകത്തേക്ക് പതിനഞ്ചു കിലോമീറ്റർ ഉണ്ട്… വനം ആണ്… പുഴയും..രാത്രി അധികം ആരും അങ്ങോടു പോവാറില്ല. “
” എന്തെങ്കിലും? “
” ആഭിചാരങ്ങൾ നടക്കുന്ന സ്ഥലമാണ് “
ആമിയുടെ ചങ്കിടിച്ചു….
” അമാലു ടെൻഷനാവല്ലേ… കണ്ട്രോൾ… പ്ലീസ് “
” ഉം “
” എന്നിട്ടെന്തേ താൻ പോലീസിനെ ഇൻഫോം ചെയ്തില്ല? “
” ഇടക്കിങ്ങനെ വലിയ ആളുകൾ ആഭിചാര ക്രിയകൾക്കായി വന്നു പോവുന്നതാണ് മാഡം… ഫോറെസ്റ്റിലും പോലീസിലും ഉള്ള ഉന്നത ഉദ്യോഗസ്ഥർ അടക്കും പലരും സ്വാമി കറുത്ത നാഗന്റെ സ്ഥിരം ആളുകൾ ആണ് “
” കറുത്ത നാഗനോ…? അതാര്? “
” മന്ത്രവാദി ആണ്… കൂടുതലും തമിഴ് നാട്ടിൽ നിന്നും ആൻന്ദ്രയിൽ നിന്നും ഓക്കെ ആണ് ആളുകൾ വരാറ്.. അതും അമാവാസി നാളിൽ മാത്രം… അദ്ദേഹം ആണ് ക്രിയകൾ ചെയ്യുന്നത്.. കൂടുതലും കന്യക ബലി മൃഗബലി ഓക്കെ ആണ് നടക്കാറ് “
ആമി പരിഭ്രാന്തിയിലായി….
” എന്താ മാഡം…? എന്തെങ്കിലും? “
” അമാലു… അമാലു… ” എഡ്വിൻ വിളിച്ചു കൊണ്ടിരുന്നു.. ഭയത്തോടെ അവൾ സ്വയം നിയന്ത്രിക്കാൻ ശ്രമിച്ചു
കടക്കാരൻ അവളെ അടിമുടി നോക്കി ” ഇന്ന് അമാവാസി ആയോണ്ട് മാഡത്തിന്റെ കുഞ്ഞിനെ എങ്ങാനും ബലി കൊടുത്താലോ എന്ന പേടിയാണോ? ” തികച്ചും അപ്രതീക്ഷിതമായിരുന്നു ആമിക്ക് ആ ചോദ്യം.
” ഓഹ്…****… അമാലു അവിടുന്ന് പോ വേഗം ” എഡ്വിൻ പറഞ്ഞു തീരും മുന്നേ ചായ ഗ്ലാസ് ആമിയുടെ മുഖത്ത് പതിച്ചു പൊട്ടി ചിതറി. അടിയുടെ ആഘാതത്തിൽ അവൾ നിലത്തേക്ക് പതിച്ചു.ഗ്ലാസ്സിന്റെ ചില്ലു കൃഷ്ണമണിയിൽ ഉരഞ്ഞു ഒരു കണ്ണിന്റെ കാഴ്ച്ച തൽക്ഷണം മരവിച്ചു.
ബലിക്കളം…അതെ സമയം.
” കുഞ്ഞിനെ ഇളം ചൂട് വെള്ളത്തിൽ മുക്കി എടുക്കു “
അയ്യാളുടെ ആജ്ഞാ പ്രകാരം കോഴിയെ ചൂട് വെള്ളത്തിൽ മുക്കുന്ന ലാഘവത്തോടെ ഒരുവൻ ആ കുഞ്ഞിനെ വെള്ളത്തിൽ മൂന്ന് തവണ മുക്കി പൊക്കി വീൺടും ബലിക്കല്ലിൽ വെച്ചു.കുഞ്ഞു ഉച്ചത്തിൽ നില വിളിക്കാൻ തുടങ്ങി.
റോഡ്…
” അമാലു… അമാലു ” എഡ്വിൻ ഉച്ചത്തിൽ അലറി….
” എഡ്വിൻ… ” വിളി തീരും മുന്നേ അടുത്ത ഗ്ലാസ് അയ്യാൾ എറിഞ്ഞു.. അത് തലയുടെ പിന്നിൽ ഇടിച്ചു പൊട്ടി ചിതറി…
” നീ അന്വേഷിച്ചു വരുമെന്ന് പറഞ്ഞിരുന്നടി…ഞാൻ കാത്തിരിക്കുവായിരുന്നു “
അയ്യാളുടെ വാക്കുകൾ ഫോണിലൂടെ കേട്ടു എഡ്വിൻ നിലവിളിക്കാൻ തുടങ്ങി.
അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു. ആമി ആ ദിവസത്തെ കുറിച്ച് ഓർമിച്ചു.
” ആളുകൾ പറഞ്ഞപ്പോ ഞാൻ വിശ്വസിച്ചില്ല… അതാ നേരിട്ട് വന്നത് “
നിറവയറുമായി നിക്കുന്ന ആമിയെയും എഡ്വിനെയും നോക്കി അവന്റെ പപ്പ പറഞ്ഞു.
” പപ്പ ഞാൻ പറഞ്ഞല്ലോ.. ഈ കുട്ടീടെ അവസ്ഥ ഇതാണ്… അല്ലാതെ ഞങ്ങൾ തമ്മിൽ ഒരു ബന്ധവും ഇല്ല “
” നിനക്ക് ഞങ്ങളാണോ വലുത് അതോ അവളാണോ വലുത്? “
” നിങ്ങൾ “
” എങ്കിൽ ഇവളെ ഈ വീട്ടിൽ നിന്നും ഈ നിമിഷം ഇറക്കി വിടണം “
” പറ്റില്ല “
പപ്പയും കൂട്ടരും കലിയോടെ എണീറ്റു
” എന്തുകൊണ്ട് പറ്റില്ല? “
” എന്റെ മനസാക്ഷി അനുവദിക്കുന്നില്ല.. അവൾക്കു കുഞ്ഞുണ്ടായി അവൾ ജോലിക്കു പോയി കുഞ്ഞിനെ നോക്കാറാവുന്ന വരെ ഞാൻ നോക്കും “
” ഒന്നെങ്കിൽ അവൾ ഇല്ലെങ്കിൽ ഞങ്ങൾ… രണ്ടിൽ ഒന്നേ നടക്കു “
” ഒന്നിന്റെ പേരിലും ഈ അവസ്ഥയിൽ അവളെ ഞാൻ തെരുവിലേക്ക് ഇറക്കി വിടില്ല പപ്പ… ആം സോറി “
അവർ കലിയോടെ ഇറങ്ങി…
” ഞാൻ കാരണം…. ഞാൻ ആരും അല്ലല്ലോ.. എന്തിനാ എനിക്ക് വേണ്ടി എല്ലാരേം…ഞാൻ പൊയ്ക്കോളാം “
” ഒന്നിന് വേണ്ടിയും എന്നെ വിശ്വസിച്ചവരെ പാതി വഴിയിൽ ഉപേക്ഷിക്കുന്ന ശീലം എനിക്കില്ല. “
” പക്ഷെ മറ്റുള്ളവർ നോക്കുമ്പോൾ ശരിയല്ലേ? പപ്പ നോക്കുമ്പോഴും.. ഞാൻ എഡ്വിൻന്റെ ആരും അല്ല.. ഇത് എഡ്വിൻ ന്റെ കുഞ്ഞല്ല.. അപ്പൊ “
” അപ്പൊ? “
” ഞാൻ കാരണം വെറുതെ “
” നീ എന്റെ ആരും അല്ലാത്തതാണോ ഇപ്പൊ പ്രശ്നം? “
ആമി നിശ്ശബ്ദയായി
” ഈ കഴുത്തിൽ ഞാനൊരു താലി കെട്ടിയാൽ എല്ലാ പ്രശ്നവും തീരുവോ? “
” എഡ്വിൻ ഞാൻ ഒമ്പതു മാസം ഗർഭിണി ആണ്.. അതും മറ്റൊരാളുടെ കുഞ്ഞു… “
” അതെ.. ഇതാണ് ഏറ്റവും നല്ല സമയം.. ആ കുഞ്ഞു നിന്റെ ഉള്ളിൽ ഉള്ളപ്പോൾ നിന്നെ താലി ചാർത്തിയാൽ നിനക്കൊപ്പം അതും എന്റേതാവും “
” എഡ്വിൻ വെറുതെ ഭ്രാന്തു പറയല്ലേ “
” നോ… ഞാൻ സീരിയസ് ആണ്.. ഐ ലവ് യൂ അമാലു… നിനക്കും ഇഷ്ടം ആണെങ്കിൽ ഒരു ആചാരങ്ങളുടെയും പിൻബലം ഇല്ലാതെ നമ്മൾ ഒരുമിച്ചു ജീവിക്കും “
” അമാലു.. അമാലൂ… ” എഡ്വിൻന്റെ നിലവിളി അവളുടെ കാതിൽ പതിച്ചു.. അവൾ കണ്ണുകൾ തുറന്നു…
തോട്ടം… കുറച്ചു മാറി മറ്റൊരു കാറിനരുകിൽ ചായക്കടക്കാരനും കുറച്ചു പെരും ചേർന്ന് സംസാരിച്ചു നിക്കുന്നു..
” എഡ്വിൻ “
” അമാലു.. മോളേ.. “
” എനിക്കൊന്നും ഇല്ല എഡ്വിൻ.. എന്റെ കുഞ്ഞു .”
” അമാലു നീ ഇപ്പോ എവിടെയാ ഉള്ളത്.. അയ്യാൾ എവിടെ? “
പറഞ്ഞു തീർന്നതും ഫോൺ കട്ടായി… ഫോണിന്റെ ചാർജ് തീർന്നിരുന്നു… അവൾ നിസ്സഹായതയോടെ ചുറ്റും നോക്കി.
അവർ കാറിനരുകിലേക്ക് വരികയാണെന്നു മനസ്സിലാക്കിയ ആമി ബോധം കെട്ട പോലെ കിടന്നു…
” ഇവളെ എന്താ ചെയ്യണ്ടേ? “
” കല്ല് കെട്ടി പുഴയിലേക്കിടാം… “
” അങ്ങോടു കൊണ്ടു പോവണ്ടേ? “
” വേണ്ട… കുഞ്ഞിനെ ബലി കൊടുക്കാനുള്ള സമയം ആയി.. മാത്രല്ല,ബോഡി പൊങ്ങുമ്പോൾ റിസ്ക് കൂടും “
അത് കെട്ട ആമിക്ക് നിയന്ത്രണം നഷ്ട്ടപ്പെട്ടു തുടങ്ങിയിരുന്നു
അവൾ ആമിയെ വലിച്ചു താഴെ ഇട്ടു… രണ്ട് പേർ ചേർന്ന് കല്ല് എടുത്തു കൊണ്ടു വന്നു. ഒരുവൻ അവളുടെ വയറു കീറാനായി കത്തി എടുത്തു കുന്തം കാലിൽ ഇരുന്നതും കത്തി തട്ടി വാങ്ങിയ ആമി അവന്റെ കഴുത്തിൽ കുത്തി ഇറക്കി. രംഗം കണ്ട മറ്റു മൂവരും പിന്നോട്ട് പകച്ചു മാറിയതും അവൾ ചാടി എഴുന്നേറ്റു ഒരുവന്റെ തോളിൽ കത്തി കുത്തി ഇറക്കി വലിച്ചൂരി.. അവനെ പിന്നിൽ നിന്നും വട്ടം പിടിച്ചു കത്തി കഴുത്തിൽ വെച്ചു.
“എവിട്രാ എന്റെ കുഞ്ഞു? “
അവൾ വികാരഭരിതയായി ചോദിച്ചു
മറ്റുള്ളവർ പരസ്പരം നോക്കി…
” വേഗം പറഞ്ഞോ.. ഇല്ലേൽ ഇവന്റെ കൊരവള്ളി ഞാൻ അറക്കും… ” അവൾ അയ്യാളുടെ കഴുത്തിൽ കത്തി ചേർത്തു വെച്ചുകൊണ്ട് പറഞ്ഞു
” തെക്കോട്ടു അര കിലോമീറ്റർ നടക്കണം.. “
” എന്നാ പോ… വേഗം.. “
അവർ മുന്നിൽ നടന്നു….
അയ്യാളുമായി അവൾ പിന്നാലെയും…
ബലിക്കളം…അതെ സമയം.
അയ്യാൾ കുഞ്ഞിന്റെ ചൂണ്ടു വിരൽ കത്തി കൊണ്ടു വരഞ്ഞു. ആ പാവം ഉച്ചത്തിൽ നിലവിളിച്ചു. അതിലൂടെ പൊടിഞ്ഞ ചോര അയ്യാൾ തന്റെ നെറ്റിയിൽ ഗോപി കുറി ആയി വരച്ചു.
” കുഞ്ഞിന്റെ കൈകലുകളിൽ തറച്ചു കയറ്റാനുള്ള ആണി കൊണ്ടു വാ “
ശിഷ്യന്മാർ ആണികൾ കൈയിലെടുത്തു.
കാട്….അതെ സമയം.
അവർ മുന്നിലായി നടന്നു. അങ്ങ് ദൂരെ പന്തങ്ങൾ കത്തി നിക്കുന്ന വെളിച്ചം ആമി കണ്ടു.മുകളിൽ മരത്തിൽ എന്തോ അനക്കം കേട്ടു തല ഉയർത്തിയതും വള്ളിയിലൂടെ തൂങ്ങി വന്ന ഒരുവൻ അവളെയും വലിച്ചു കൊണ്ടു ദൂരേക്ക് മറിഞ്ഞു വീണു. ആമിയുടെ കൈകളിൽ നിന്നും കത്തി തെറിച്ചു വീണു. ചാടി എണീറ്റ് അയ്യാൾ ആമിയെ പൊക്കിയെടുത്തു വീണ്ടും നിലത്തേക്കടിച്ചു.
അവളുടെ ദേഹത്ത് കയറി ഇരുന്ന അയ്യാൾ മുഖത്തിന്റെ ഇരു വശങ്ങളിലും മാറി മാറി ഇടിച്ചു. അവളുടെ കണ്ണുകൾ മെല്ലെ അടഞ്ഞു വന്നു… അവൾ ആ ദിവസം ഓർമിച്ചു.
നല്ല മഴയുള്ള രാത്രി ആയിരുന്നു അന്ന്.. അതും ഒരു അമാവാസി നാൾ… പ്രസവ വേദനയിൽ പുളയുന്ന തന്നെ എഡ്വിൻ വണ്ടിയിൽ എടുത്തു കയറ്റുമ്പോൾ ആയിരുന്നു ബാപ്പയും ഇക്കയും കുറച്ചു പെരും വരുന്നത്.
ചോദ്യവും പറച്ചിലും ഇല്ലാതെ അവർ മർദിക്കാൻ ആരംഭിച്ചു… പക്ഷെ എഡ്വിൻ ചെറുത്തു നിന്നു.. എന്നെയും കുഞ്ഞിനേയും കൊല്ലാനുള്ള ശ്രമം അമ്പേ പരാജയപ്പെടും എന്നുറപ്പായപ്പോൾ എന്റെ കണ്മുന്നിൽ ഇട്ടു അവർ എഡ്വിനെ വെട്ടി..അവന്റെ അരക്കു കീഴ്പ്പോട്ടു അവർ തലങ്ങും വിലങ്ങും വെട്ടി … പക്ഷെ എനിക്ക് നേരെ തിരിയും മുന്നേ ആളുകൾ ഓടിയെത്തി…ആ രാത്രിയിൽ ശരീരവും മനസ്സും വേദനിച്ചു കണ്മുന്നിൽ എനിക്ക് വേണ്ടി പ്രിയപ്പെട്ടവൻ ചോരയിൽ കുളിച്ചു കിടക്കുന്നതു കണ്ടുകൊണ്ടു ഞാൻ ഞങ്ങടെ കുഞ്ഞിനെ പ്രസവിച്ചു.
സ്വന്തം കുഞ്ഞാല്ലായിരുന്നിട്ടു പോലും എന്നെ പോലെ അവനെയും സ്നേഹിച്ച എഡ്വിനു നഷ്ടമായതു ചലന ശേഷിയാണ്. കാലുകൾ ആണ്.. അന്ന് ഞാൻ ശപദം എടുത്തതാണ്, എന്റെ ജീവൻ കൊടുത്തും എന്റെ കുഞ്ഞിനെ ഏതു മോശം സാഹചര്യത്തിൽ നിന്നും ഞാൻ രക്ഷിക്കുമെന്ന്.രക്ഷിക്കണം. എന്റെ കുഞ്ഞിനെ രക്ഷിക്കണം.അവൾ മനസ്സിൽ പറഞ്ഞതും ഒരുവൻ അവളുടെ തലയിലേക്ക് ഇടുവാനായി കല്ലെടുത്തു മുഖലിലേക്ക് ഉയർത്തി.
ആണികൾ ചുടലയുടെ കാൽപാദങ്ങളിൽ വെച്ചു മന്ത്രവാദി പൂജിച്ചെടുത്തു.
” കണ്ണൻ ഈ ആണികൾ താൻ തന്നെ സ്വന്തം കുഞ്ഞിന്റെ കയ്യിലും കാലിലും അടിച്ചു കയറ്റണം. അതോടെ തന്റെ ദോഷങ്ങൾ ഓക്കെ മാറും. ബലി പൂർണ്ണമാവുന്നതോടെ തന്റെ എല്ലാ പ്രശ്നങ്ങൾക്കും ബിസിനസ് വീഴ്ചകൾക്കും പരിഹാരമവും. “
കണ്ണൻ ആണിയും ചുറ്റികയും വാങ്ങി.. നിലവിളിക്കുന്ന ആ കുഞ്ഞിന്റെ കൈ പത്തി നിവർത്തി അവൻ ആണി അതിൽ വെച്ചു ഉന്നം പിടിച്ചു .
കല്ല് താഴേക്കു വീണതും ആമി കുതറി മാറി… ചാടി എണീറ്റു അയ്യാളെ ചവിട്ടി വീഴ്ത്തി അവൾ വെട്ടം കണ്ട ഭാഗത്തേക്ക് ഓടാൻ തുടങ്ങി.
ആണി അടിക്കാൻ തുടങ്ങിയ കണ്ണൻ എന്തോ ഒച്ച കേട്ടു തിരിഞ്ഞു നോക്കിയതും ആമി എറിഞ്ഞ കല്ല് വന്നു അവന്റെ നെറ്റിയിൽ കൊണ്ടു..
ചുറ്റും കൂടി നിന്നവർ എല്ലാം പരിഭ്രാന്തരായി… അലറി വിളിച്ചു കൊണ്ടു ഓടി വന്ന അവൾ പന്തം കയ്യിൽ എടുത്തു കറക്കി മന്ത്ര വാദിക് നേരെ എറിഞ്ഞു. അത് അയ്യാളുടെ നെഞ്ചിൽ പതിച്ചു നിലത്തേക്ക് വീണു.
” കൊന്നു തള്ളടാ ആ നാ യിന്റെ മോളേ ” അയ്യാൾ അലറി ….
ശിഷ്യന്മാർ ആമിയെ ലക്ഷ്യമാക്കി മുന്നോട്ടു വന്നു….
” കണ്ണൻ… എത്രയും വേഗം കുഞ്ഞിന്റെ കഴുത്തറത്തു ബലി പൂർത്തിയാക്കണം “
മന്ത്രവാദി ആജ്ഞാപിച്ചു
” ഒറ്റ തന്തക്കു ഉണ്ടായവനാണെങ്കിൽ എന്റെ കൊച്ചിനെ തൊടടാ… ” ആമി ഒരു ഭ്രാന്തിയെ പോലെ ഉച്ചത്തിൽ അലറി. എന്തെന്നില്ലാത്ത കോപം അവളിൽ ജ്വലിച്ചു. തന്റെ കുഞ്ഞിന്റെ മാത്രം മുഖം മനസ്സിൽ ഉണ്ടായിരുന്ന അവൾ മുന്നിൽ ഓടി വന്നവനെ മുഷ്ടി ചുരുട്ടി ഉയർന്നു ചാടി കൊണ്ടു നെഞ്ചിൽ ഇടിച്ചു.. വായിലൂടെ ചോര വന്ന അയ്യാൾ നിലത്തേക്ക് വീണു. അടുത്തു കണ്ട പന്തം എടുത്തു പിന്നാലെ വന്നവരെ തലങ്ങും വിലങ്ങും തീഗോളം കൊണ്ടു അടിച്ചു.
കണ്ണൻ വിറയലോടെ നിന്നു. മന്ത്രവാദി വാളെടുത്തു കുഞ്ഞിന്റെ കഴുത്തിനു നേരെ ഓങ്ങിയതും പിന്നിൽ നിന്നും എഡ്വിൻ ആമി എറിഞ്ഞ പന്തം അയ്യാളുടെ തലയിൽ പതിച്ചു.
കെട്ടി ഉണ്ടാക്കിയ പാലത്തിലൂടെ അവൾ മദം ഇളകിയ ആനയെ പോലെ മുന്നോട്ടു പാഞ്ഞു.
അര മണിക്കൂർ ശേഷം കോൺസ്റ്റബിൾ എഡ്വിൻ ആയി സ്ഥലത്തെത്തി. അപ്പോഴേക്കും പോലീസ് വാഹനങ്ങളാൽ അവിടം നിറഞ്ഞിരുന്നു. എഡ്വിൻ ഭയത്തോടെ ചുറ്റും നോക്കി. ആംബുലൻസിൽ നിന്നും ഡോക്ടർ കുഞ്ഞുമായി എഡ്വിനു അരികിലേക്ക് വന്നു. അവൻ നിറകണ്ണുകളോടെ മടിയിലേക്കു കുഞ്ഞിനെ വാങ്ങി. അതിന്റെ നെറുകയിൽ ചുംബിച്ചു. അവന്റെ സ്പര്ശനം അറിഞ്ഞതും ആ കുഞ്ഞു ചിരിക്കാൻ തുടങ്ങി.
എഡ്വിൻ തല ഉയർത്തി ഡോക്ടറെ നോക്കി
ആ നോട്ടത്തിന്റെ അർത്ഥം ആമിയെ അബ്വെഷിക്കുന്നതാണെന്ന് കോൺസ്റ്റബിളിന് മനസ്സിലായി. അയ്യാൾ വീൽ ചെയർ മുന്നോട്ടു തള്ളി ബലിക്കായി കെട്ടി ഉണ്ടാക്കിയിടത്തായി പുഴക്ക് മുകളിൽ എത്തി.
എഡ്വിൻ അയ്യാളെ നോക്കി….
കോൺസ്റ്റബിൾ അവളുടെ പൊട്ടിയ താലി എഡ്വിനു നൽകി. അവന്റെ കണ്ണുകൾ നിറഞ്ഞു.
” കണ്ണനുമായി പുഴയിലേക്കു വീണതാണ്… “
എഡ്വിൻ പുഴയിലേക്ക് നോക്കി
” കണ്ണന്റെ ബോഡി കിട്ടി… ചേച്ചിയുടെ… “
എഡ്വിൻ പുഴയിലേക്ക് തന്നെ ഉറ്റു നോക്കി…. ഒഴുകി എത്തിയ കാറ്റു പുഴയിൽ രമിച്ചു ഓളങ്ങൾ സ്രഷ്ടിച്ചു തണുപ്പോടെ തന്നെയും കുഞ്ഞിനേയും തഴുകുമ്പോൾ അതിനു അമാലുവിന്റെ മണമുള്ളതായി അവനു തോന്നി…
കണ്ണൻ സാജു