മായ
story written by Dhipy Diju
‘എന്താടാ പിള്ളേരെ അവിടെ കൂട്ടം കൂടി നില്‍ക്കുന്നത്…??? നീയൊന്നും ക്ളാസ്സില്‍ കേറുന്നില്ലേ…’
വര്‍ക്കി മാഷെ കണ്ടതും കൂട്ടത്തില്‍ ഒരുത്തന്‍ കൈയ്യില്‍ പിടിച്ചിരുന്ന മൊബൈല്‍ പുറകിലേയ്ക്ക് മറച്ചു.
‘ബ്രേക്ക് ടൈം കഴിഞ്ഞതല്ലേ ഉള്ളൂ സാറേ… ഞങ്ങള്‍ പോകുവാണ് ക്ളാസ്സിലേയ്ക്ക്… ഞങ്ങള്‍ യൂ ട്യൂബിള്‍ പി എസ് സി ക്ളാസ്സ് കാണുവാരുന്നു…’
‘ഉവ്വ ഉവ്വ… നിന്‍റെ ക്ളാസ്സൊക്കെ എനിക്ക് മനസ്സിലാകുന്നുണ്ട്… നിന്‍റെയൊക്കെ പ്രായം കഴിഞ്ഞു തന്നെയാണ് ഞാനും ഇത്രയൊക്കെ എത്തിയത് എന്നു ഓര്‍ത്താല്‍ കൊള്ളാട്ടോ…’
വര്‍ക്കി മാഷ് പോകാനായി തിരിഞ്ഞു നടന്നു.
‘മാഷേ…’
പിന്നില്‍ നിന്ന് ഒരു വിളി കേട്ട് വര്‍ക്കി തിരിഞ്ഞു നോക്കി.
‘മാഷേ… ഒരു കാര്യം ചോദിച്ചാല്‍ തെറ്റിധരിക്കുമോ…???’
‘എന്താടാ നീ ചോദിച്ചോ…!!!’
അവന്‍ നിന്ന് പരുങ്ങുന്നത് കണ്ട് വര്‍ക്കി മാഷ് വീണ്ടും ചോദിച്ചു.
‘ഇത്… ഇത് ഗിരി മാഷിന്‍റെ ഭാര്യ അല്ലേ…???’
മൊബൈല്‍ വര്‍ക്കി മാഷിന് നേരെ നീട്ടി കൊണ്ട് ആ പയ്യന്‍ ചോദിച്ചു.
ആ മൊബൈലിലെ ചിത്രം കണ്ട വര്‍ക്കി ഞെട്ടി പോയി. കാരണം അതൊരു മോശമായ രീതിയില്‍ ഉള്ള ചിത്രം ആയിരുന്നു.
‘നിനക്ക് ഇത് എവിടുന്നു കിട്ടി…???’
‘അത്… സാര്‍…’
അവന്‍ തല ചൊറിഞ്ഞു കൊണ്ടു നിന്നു.
‘നീ പറയെടാ… എവിടുന്നാ…???’
‘അത്… പിന്നെ… സാര്‍… ഫേസ്ബുക്കില്‍ കണ്ടതാണ്… പുതിയ പ്രൊഫൈല്‍ ആണ്… മായ മഠത്തില്‍ എന്നാണ് പ്രൊഫൈല്‍ നെയിം…’
‘ഇത് വേറെ ആരേലും കണ്ടായിരുന്നോ…???’
‘ഉവ്വ സാര്‍… അവന്മാര്‍ എല്ലാം കണ്ടു…’
‘ഉംംം… നിങ്ങളായിട്ടു ഇത് അധികം പാട്ടാക്കണ്ട…’
‘ശരി സാര്‍…’
അയാള്‍ പെട്ടെന്ന് തന്നെ സ്റ്റാഫ് റൂമില്‍ ചെന്ന് അടുത്ത ക്ളാസ്സില്‍ കയറാന്‍ നിന്ന ഗിരിയെ പിടിച്ചു നിര്‍ത്തി വിവരം അറിയിച്ചു.
കാര്യങ്ങള്‍ അറിഞ്ഞ ഗിരി ഫേസ്ബുക്ക് നോക്കാന്‍ ഫോണ്‍ പരിശോധിച്ചപ്പോഴാണ് തന്‍റെ ഒത്തിരി കൂട്ടുകാര്‍ ഈ വിവരം അറിയിച്ചു കൊണ്ട് മെസ്സേജ് ചെയ്തിരിക്കുന്നത് ശ്രദ്ധിച്ചത്. കൂടാതെ ഒത്തിരി മിസ്ഡ് കോളുകളും. ക്ളാസ്സ് ഉണ്ടായിരുന്നതു കൊണ്ടും ബ്രേക്ക് ടൈമില്‍ കുറച്ച് വര്‍ക്ക് ഉണ്ടായിരുന്നതു കൊണ്ടും അയാള്‍ അതൊന്നും അറിഞ്ഞിരുന്നില്ല.
ഗിരി തലയ്ക്ക് കൈ കൊടുത്തു ഇരുന്നു പോയി.
‘എടാ ഗിരി… മായ… അവളെന്താ ഇങ്ങനൊക്കെ ചെയ്തു കളഞ്ഞത്…???’
‘ഇല്ല… വര്‍ക്കിചേട്ടാ… അവള്‍… അവള്‍ ഒരിക്കലും… ഞാന്‍ ഹാഫ് ഡേ ലീവ് ആണെന്ന് പ്രിന്‍സിപ്പലിനോട് ഒന്നു പറഞ്ഞേക്കാമോ…???’
‘ഉംംം… നീ പോയി വാ…’
സ്റ്റാഫ് റൂമിന് വെളിയിലേക്ക് ഇറങ്ങിയ ഗിരി കണ്ടു, ഒളിഞ്ഞും തെളിഞ്ഞും തന്നെ കളിയാക്കി ചിരിക്കുന്ന വിദ്യാര്‍ഥികളെ. അയാള്‍ പെട്ടെന്ന് വീട്ടിലേയ്ക്ക് തിരിച്ചു.
വീട് മുഴുവന്‍ അകത്തു നിന്ന് അടച്ചു പൂട്ടി ഇട്ടിരിക്കുന്നത് കണ്ട് അയാള്‍ക്കു എന്തോ പന്തികേട് തോന്നി.
ചില്ലു ജനലിലൂടെ നോക്കിയ അയാള്‍ കണ്ടു, സ്റ്റൂളില്‍ കയറി നിന്ന് ഫാനില്‍ കുരുക്കു മുറുക്കുന്ന മായയെ. ഒരു ഭ്രാന്തിയെ പോലെ തോന്നിച്ചു അവളുടെ മുഖഭാവം.
‘മായ…!!!’
അയാളുടെ വിളി കേട്ടതും അവള്‍ ഞെട്ടലോടെ ജനലിലേയ്ക്ക് നോക്കി. ഒരു പൊട്ടിക്കരച്ചിലോടെ അവള്‍ താഴേയ്ക്ക് ഇറങ്ങി.
‘മായ… കതകു തുറക്ക്…’
അവള്‍ യാന്ത്രികമായി നടന്നു ചെന്നു വാതില്‍ തുറന്നു കൊടുത്തു.
‘ഞാന്‍… ഞാനൊന്നും… എനിക്കൊന്നും അറിയില്ല ഗിരിയേട്ടാ… ഇതെങ്ങനെ…???’
അവള്‍ അയാളെ കെട്ടിപ്പിടിച്ചു വാവിട്ടു കരഞ്ഞു.
ഒരു സാധാരണ വീട്ടമ്മ മാത്രമായിരുന്നു മായ. ഭര്‍ത്താവിന്‍റെയും കുഞ്ഞുങ്ങളുടെയും ഇഷ്ടങ്ങള്‍ നോക്കി ജീവിച്ചിരുന്ന ഒരുവള്‍. ഗിരി ജോലിക്കും കുഞ്ഞുങ്ങള്‍ സ്കൂളിലും പോയ്ക്കഴിഞ്ഞാല്‍ പിന്നെ സമയം കളയാനാണ് വല്ലപ്പോഴും ടിക്ക്ടോക്ക് വീഡിയോകള്‍ ചെയ്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നത്.
അവ കണ്ട് വരുന്ന ഒരു ഫ്രണ്ട് റിക്വസ്റ്റുകളും ആക്സപ്റ്റ് ചെയ്യുകയോ മെസ്സെന്‍ജറില്‍ വരുന്ന അനാവശ്യ മെസ്സേജുകള്‍ക്ക് പ്രതികരിക്കുകയോ ചെയ്തിരുന്നില്ല. മെസ്സേജുകള്‍ എല്ലാം തന്നെ ഗിരിയേയും അവള്‍ കാണിച്ചു കൊടുത്തിരുന്നു. അവര്‍ അതൊരു തമാശയായി മാത്രം എടുത്തിരുന്നുള്ളൂ.
അവളുടെ തലയുടെ ചിത്രം വെട്ടിയെടുത്ത് മറ്റു സ്ത്രീശരീരങ്ങളില്‍ ചേര്‍ത്ത് വച്ച ചിത്രങ്ങളായിരുന്നു ഫേസ്ബുക്കില്‍ പ്രചരിച്ചത്.
‘നീ ഇങ്ങനെയൊന്നും ചെയ്യില്ലെന്ന് എനിക്കറിയാം… അതില്‍ കൂടുതല്‍ വേറെ ആരെയാ നിനക്ക് ബോധ്യപ്പെടുത്തേണ്ടത്…?? ജീവിതം അവസാനിപ്പിച്ചു കളയാമെന്നു ചിന്തിച്ചപ്പോള്‍ നീയെന്താ ഞങ്ങളെ ഓര്‍ക്കാതിരുന്നത്…??? ഇതു ചെയ്തവനാണ് ശിക്ഷ അനുഭവിക്കേണ്ടത്… അല്ലാതെ നീയല്ല…’
‘എന്നാലും ഗിരിയേട്ടാ… നാട്ടുകാര്‍.. അവരോട് എത്ര നാള്‍ പറഞ്ഞു നില്‍ക്കും…???’
‘അതിനുള്ള പരിഹാരവും ഞാന്‍ കണ്ടോളാം… നീ എന്‍റെ കൂടെ നിന്നാല്‍ മതി…’
പിറ്റേന്ന് തന്നെ അയാള്‍ ഒരു ഫേസ്ബുക്ക് ലൈവ് വീഡിയോ പോസ്റ്റ് ചെയ്തു.
‘പ്രിയപ്പെട്ട സുഹൃത്തുക്കളെ, വീട്ടിലെ ഭാരിച്ച ചുമതലകളോടൊപ്പം ജോലിയും, പഠിപ്പും എല്ലാം കൂടി ചെയ്തു പോരുന്ന നമ്മുടെ ഭാര്യമാര്‍, അമ്മമാര്‍, പെങ്ങന്മാര്‍ അവര്‍ക്കും ഉണ്ട് നമ്മളെ പോലെ സമൂഹമാധ്യമങ്ങളില്‍ സാന്നിധ്യം തെളിയിക്കാനുള്ള സ്വാതന്ത്ര്യം…. സോഷ്യല്‍ മീഡിയകളില്‍ ആക്ടീവ് ആകുന്ന സ്ത്രീകളോട് എന്തും ആകാം എന്ന ദാര്‍ഷ്ട്യം ഉള്ള ഒത്തിരി പേര്‍ നമുക്കിടയില്‍ ഉണ്ട്… അവര്‍ ഊണു കഴിച്ചോ, ഉറങ്ങിയോ എന്നെല്ലാം ചോദിച്ചു വരാനും ഒരുപാടു സ്നേഹഭാജനങ്ങളും ഉണ്ട് നമുക്കിടയില്‍… മറുപടി പറയാന്‍ താല്‍പര്യം കാണിക്കാതിരുന്നാല്‍ പിന്നെ അവരെ മോശക്കാരാക്കി ചിത്രീകരിക്കുക… അതാണല്ലോ അതിന്‍റെ ഒരു ഇത്… അല്ലേ…???’
അയാള്‍ തുടര്‍ന്നു.
‘ഇത് എന്‍റെ ഭാര്യ മായ… ഒരു സാധാരണ വീട്ടമ്മയായ എന്‍റെ ഭാര്യയും ഞങ്ങളുടെ കുടുംബവും ഒറ്റ ദിവസം കൊണ്ട് അനുഭവിച്ച മാനസിക വിഷമം എത്രത്തോളം ആണെന്ന് നിങ്ങള്‍ക്ക് ചിലപ്പോള്‍ മനസ്സിലാവില്ല… സോഷ്യല്‍ മീഡിയയില്‍ കുറച്ച് കലാപരമായ കഴിവുകള്‍ പുറത്തെടുത്ത അവളെ കഴുകന്‍ കണ്ണുകളോടെ പലരും മെസ്സേജ് ചെയ്തു സമീപിച്ചിരുന്നു… അവള്‍ അതൊന്നും കാര്യമാക്കാത്തതില്‍ കലി പൂണ്ട ഒരുത്തന്‍ അവളുടെ ചിത്രങ്ങള്‍ കൃത്രിമമായി ഉണ്ടാക്കി പരസ്യപ്പെടുത്തി…. അവന്‍ ചിന്തിച്ചത് ഞങ്ങള്‍ ഇതില്‍ തളര്‍ന്നു പോകുമെന്നാണ്… പ്രിയപ്പെട്ടവരെ… എന്‍റെ ഭാര്യയുടേത് എന്നു പറഞ്ഞ് ഇനിയും ചിത്രങ്ങള്‍ നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടാല്‍ അതില്‍ അവള്‍ നിരപരാധി ആണെന്ന് മനസ്സിലാക്കണെ…’
‘പിന്നെ ഞങ്ങള്‍ സൈബര്‍സെല്ലില്‍ പരാതി കൊടുത്തിട്ടുണ്ട്… അവന്‍ കസ്റ്റഡിയില്‍ ആയി കഴിഞ്ഞു… വ്യാജപ്രൊഫൈല്‍ നീക്കം ചെയ്യുകയും ചെയ്തു കഴിഞ്ഞു… ഇത് ഇങ്ങനെ ചെയ്യാന്‍ വീണ്ടും ശ്രമിക്കുന്നവര്‍ക്കുള്ള ഞങ്ങളുടെ താക്കീതാണ്… എന്‍റെ ഭാര്യ ഇനിയും ഉണ്ടാകും ഈ സമൂഹമാധ്യമങ്ങളില്‍… അതിന് അവള്‍ക്ക് ഞങ്ങളുടെ പൂര്‍ണ്ണപിന്തുണയും ഉണ്ട്… അതു കൊണ്ട് മാന്യ സുഹൃത്തുക്കള്‍ ആരും അവളെ കുറിച്ച് ഓര്‍ത്ത് വ്യാകുലപ്പെട്ടു ഇനിയും മെസ്സെന്‍ജറില്‍ വരണം എന്നില്ല… അപ്പോള്‍ നിര്‍ത്തുന്നു… നന്ദി.. നമസ്കാരം…’
മായ നിറകണ്ണുകളോടെ ഗിരിയെ നോക്കി. അവന്‍ അവളുടെ മൂര്‍ദ്ധാവില്‍ ചുംബിച്ചു.
‘ഞാനില്ലേടീ നിനക്ക്… എന്‍ജോയ് വാട്ട് യൂ ടൂ മൈ ഡിയര്‍…’
[Based on true incident]