മഹേഷിൻ്റെ പ്രതികാരം
Story written by SAJI THAIPARAMBU
ബ ലാത്സംഗ ശ്രമത്തിനിടയിൽ കൊല്ലപ്പെട്ട മകളുടെ ഘാതകൻ ,അവളുടെ അച്ഛനാണെന്നറിഞ്ഞിട്ടും, അയാളെ ജാമ്യത്തിലിറക്കാൻ, ഭാര്യ തന്നെ വന്നപ്പോൾ, വക്കീല് പോലും പകച്ച് പോയി.
“അല്ലാ നിങ്ങൾക്ക് മതിഭ്രമമൊന്നുമില്ലല്ലോ അല്ലേ?
അമ്പരപ്പോടെ വക്കീല് ചോദിച്ചു.
“അതെന്താ സാർ അങ്ങിനെ ചോദിച്ചത്, കുടിച്ച് ബോധമില്ലാതെ വന്ന സമയത്ത്, അങ്ങേർക്കൊരു കൈയ്യബദ്ധം പറ്റി ,നിർഭാഗ്യവശാൽ എൻ്റെ മോളുടെ ജീവൻ പോയി ,അവളെ അങ്ങേർക്കും ജീവനായിരുന്നു ,പറ്റിപ്പോയ തെറ്റിനെക്കുറിച്ചോർത്ത് പുള്ളിക്ക് നല്ല കുറ്റബോധവുമുണ്ട് ,തെറ്റ് പറ്റാത്തവരായി, ഈ ഭൂമിയിൽ ആരാണുള്ളത് ,ആകെ ഞങ്ങൾക്കുണ്ടായിരുന്ന മോളെ നഷ്ടപ്പെട്ടു ,ഇനി അങ്ങേര് കൂടി ജയിലിലായിപ്പോയാൽ, പിന്നെ എനിക്കാരാണ് ഒരു തുണയുള്ളത്”
വക്കീലിൻ്റെ ചോദ്യത്തിന് വളരെ ലാഘവത്തോടെയാണ്, അവൾ മറുപടി പറഞ്ഞത്.
“ഇപ്പോഴാണ് എനിക്ക് സമാധാനമായത്, നീയും എന്നെ തെറ്റിദ്ധരിച്ച് കാണുമെന്നാണ് ഞാൻ വിചാരിച്ചത് ,ഞാനല്ല എൻ്റെ മോളേ കൊ ന്നത്, ആരോ എന്നെ ചതിച്ചതാ, എനിക്കതിന് കഴിയുമെന്ന് നിനക്ക് തോന്നുന്നുണ്ടോ?
ജാമ്യത്തിലിറങ്ങി വീട്ടിലേക്ക് വരുന്ന വഴി മഹേഷ് ,തൻ്റെ ഭാര്യയോട് ചോദിച്ചു.
“എല്ലാം എനിക്കറിയാം, അതാരാണ് ചെയ്തതെന്നും ,ചതിക്കുകയായിരുന്നയാൾ ,എന്നെ പറഞ്ഞ് പ്രലോഭിപ്പിച്ചിട്ട്, എൻ്റെ മോളേ അനുഭവിക്കുകയായിരുന്നു അയാളുടെ ലക്ഷ്യം”
“ങ്ഹേ?എന്തൊക്കെയാ നീ പറയുന്നത് ,എനിക്കൊന്നും മനസ്സിലാകുന്നില്ല”
“അതേ മഹേഷേട്ടാ.. ഞാൻ നിങ്ങളെ ചതിച്ചപ്പോൾ, ദൈവം എന്നെ ശിക്ഷിച്ചത്, എൻ്റെ മോളുടെ ജീവനെടുത്ത് കൊണ്ടാണ്”
“നീയൊന്ന് തെളിച്ച് പറ”
മഹേഷിൻ്റെ ജിജ്ഞാസ വർദ്ധിച്ചു.
“നിങ്ങളെ ഇവിടുന്ന് അറസ്റ്റ് ചെയ്തോണ്ട് പോയ ,എസ് ഐ ശിവദാസനില്ലേ? അയാളുമായി എനിക്ക് ചെറിയ അടുപ്പമുണ്ടായിരുന്നു ,മോള് മരിച്ച ദിവസം ,അയാൾ എന്നെ കാണാൻ വന്നതാണ് ,ഞാനാ സമയത്ത് കുളിക്കുകയായിരുന്നു ,പക്ഷേ കാ മാന്ധനായ അയാൾ, പഠിച്ച് കൊണ്ടിരുന്ന നമ്മുടെ മകളെ കയറി പിടിച്ചു, ഒച്ചവച്ചപ്പോൾ അവളുടെ വായും മുക്കും പൊത്തിപ്പിടിച്ചു, ആ പിടുത്തത്തിലാണ്, എൻ്റെ മോള് ശ്വാസം മുട്ടി മരിച്ചത് ,കുളി കഴിഞ്ഞ് ഞാനിറങ്ങി വരുമ്പോൾ കണ്ടത്, ചലനമറ്റ് കിടക്കുന്ന എൻ്റെ മോളേയും, അടുത്ത് വിയർത്ത് കുളിച്ച് നില്ക്കുന്ന ശിവദാസനെയുമാണ് ,ഒന്ന് നിലവിളിക്കാൻ പോലും കഴിയാതെ, പ്രജ്ഞയറ്റ് നിന്ന എന്നെ, അയാൾ ഭീഷണിപ്പെടുത്തി എൻ്റെ നാവടപ്പിക്കുകയായിരുന്നു, അങ്ങനെ അയാൾ മെനഞ്ഞ നാടകത്തിലാണ്, മഹേഷേട്ടൻ പ്രതിയാക്കപ്പെട്ടത്”
“സത്യമാണോ സിന്ദു, നീയി പറഞ്ഞതൊക്കെ”
“അതെ മഹേഷേട്ടാ .. എനിക്കയാളോട് പ്രതികാരം ചെയ്യണം, നിയമത്തിന് മുന്നിൽ അയാളെ ചൂണ്ടിക്കാണിച്ചാൽ, അധികാരമുപയോഗിച്ച് എങ്ങനെയെങ്കിലും അയാൾ രക്ഷപ്പെടും ,അയാളെ നമുക്ക് തന്നെ വകവരുത്തണം”
സിന്ദൂര ഭർത്താവിൻ്റെ തലച്ചോറിലേക്ക് വൈരാഗ്യം കുത്തിനിറച്ചു.
“അത് വേണം സിന്ധു, അവനിനി ജീവിച്ചിരിക്കാൻ പാടില്ല ,നീ ഒരിക്കൽ കൂടി എന്തെങ്കിലും കളവ് പറഞ്ഞ്, ഇണക്കത്തിൽ അയാളെ ഈ വീട്ടിൽ വിളിച്ച് വരുത്തണം, മോളേ കൊന്ന അതേ മുറിയിൽ വച്ച് തന്നെ ,നമുക്കവനെ കൊല്ലണം”
ഭർത്താവിൻ്റെ നിർദ്ദേശപ്രകാരം ,പിറ്റേന്ന് രാത്രിയിൽ ശിവദാസനെ സിന്ദൂര വീട്ടിലേക്ക് ക്ഷണിച്ചു.
മഹേഷിൻ്റെയും, ഭാര്യയുടെയും ഗൂഡാലോചനയെക്കുറിച്ച്, സംശയമൊന്നുമില്ലാതിരുന്ന ശിവദാസൻ, മടി കൂടാതെ സിന്ദൂരയുടെ കിടപ്പ് മുറിയിലെത്തി.
അരണ്ട വെളിച്ചത്തിൽ, കട്ടിലിൽ കിടക്കുന്ന സിന്ദൂരയുടെ അരിക് പറ്റി ശിവദാസൻ കിടന്നപ്പോൾ ,മറഞ്ഞ് നിന്നിരുന്ന മഹേഷ്, അയാളുടെ മുകളിലേക്ക് ചാടി വീണ് ബലമായി അമർത്തി പിടിച്ചു ,ഈ സമയം ,സിന്ദൂര തൻ്റെ കൈയ്യിൽ കരുതിവച്ചിരുന്ന കയറ് കൊണ്ട് ,ശിവദാസൻ്റെ കൈകാലുകൾ കട്ടിലിൽ ബന്ധിച്ചു.
“നീയെന്നെ ചതിക്കുകയായിരുന്നല്ലേടീ.. പു — മോളേ ..”
കുതറി മാറാനുള്ള പ്രയത്നം വിഫലമായപ്പോൾ ,ശിവദാസൻ അലറി.
“അതേടാ.. നിന്നെ എൻ്റെ കാല്ച്ചുവട്ടിൽ എത്തിക്കാനായിരുന്നു അങ്ങനെ ചെയ്തത് ,നീയെന്ത് കരുതി , എൻ്റെ മകളെ കൊന്ന നിന്നെ ഞാൻ വെറുതെ വിടുമെന്നോ?
അത് പറഞ്ഞ് തീരുന്നതിന് മുമ്പ്, മേശപ്പുറത്തിരുന്ന കറിക്കത്തിയെടുത്ത് ,സിന്ദൂര അയാളുടെ നെഞ്ചിലേക്ക് ആഞ്ഞ് കുത്തി ,അരിശം തീരാതെയവൾ കത്തി വലിച്ചൂരി, വീണ്ടും വീണ്ടും കുത്തി ,ഒടുവിൽ ആ ശരീരത്തിൻ്റെ പിടച്ചിൽ നിന്നപ്പോഴാണ്, അവളൊന്നടങ്ങിയത്.
“കൊന്ന് മഹേഷേട്ടാ… നമ്മുടെ മകളെ കൊന്നവനെ ഞാൻ കൊന്നു ,ഇനി നമുക്കൊരുമിച്ച് ജയിലിൽ പോകാം”
ഒരു ഉന്മാദിനിയെ പോലെയവൾ പുലമ്പി.
“വേണ്ട സിന്ധു, തെറ്റ് ചെയ്യാതെയാണ് ഞാൻ പ്രതിയായത് ,പക്ഷേ ഇനി എനിക്ക് ജയിലിൽ പോകുമ്പോൾ, ഞാൻ തെറ്റ് ചെയ്തെന്ന പൂർണ്ണ ബോധ്യത്തോടെ വേണം എനിക്ക് പോകാൻ ,അതിന് ജീവിതത്തിലാദ്യമായി ഞാനൊരു കൊല ചെയ്യാൻ പോകുവാണ്”
“ങ്ഹേ, നിങ്ങളെന്തൊക്കെയാ മഹേഷേട്ടാ.. ഈ പറയുന്നത് ,ഇനി ആരെ കൊല്ലുന്ന കാര്യമാണ് ,നമ്മുടെ മോളെ കൊന്നവനെ, ഞാൻ വകവരുത്തിയല്ലോ ,പിന്നെന്താ”
“ഇല്ല സിന്ധു ,നമ്മുടെ മോളേ കൊന്നവനെ മാത്രമേ നീ കൊന്നുള്ളു, പക്ഷേ അതിന് കൂട്ട് നിന്നവരെ നീ കൊന്നില്ല”
“ങ്ഹേ? അതാരാ കൂട്ട് നിന്നവര്”
“നീ.. നീ തന്നെ, നീയാണെല്ലാത്തിനും കാരണം, ഭർത്താക്കന്മാര് പുറത്ത് പോകുന്ന നേരം നോക്കി, കാ മവെ റി തീർക്കാനായി, കാമുകൻമാരെ വീട്ടിലേക്ക് ക്ഷണിക്കുന്ന നിന്നെപ്പോലെയുള്ളവരെയാണ്, ആദ്യം കൊല്ലേണ്ടത് ,നിനക്കിനി ജീവിച്ചിരിക്കാൻ യാതൊരർഹതയുമില്ല”
അതും പറഞ്ഞ്, ശിവദാസൻ്റെ നെഞ്ചിൽ തറച്ചിരുന്ന കത്തിയെടുത്ത്, മഹേഷ് സിന്ദൂരയുടെ കഴുത്തിലേക്ക് കുത്തിയിറക്കി.
അവളുടെ തൊണ്ടക്കുഴിയിൽ നിന്നും, ആർത്തനാദത്തോടൊപ്പം തൻ്റെ മുഖത്തേക്ക് തെറിച്ച് വീണ ചുട് രക്തം, വലത് കൈയ്യുടെ ചൂണ്ട് വിരല് കൊണ്ട് വടിച്ചെടുത്ത്, അവളുടെ ചേതനയന ശരീരത്തിലേക്ക് തെറിപ്പിക്കുമ്പോൾ, അയാളുടെ മുഖത്ത് തെളിഞ്ഞത് നിർവൃതിയായിരുന്നു.