അങ്ങനെ ജീവിതത്തിലെ വർണ്ണങ്ങൾ കെട്ടുപോയി മരപ്പാവയെ പോലെ ജീവിച്ചു മടുത്തിരുന്നു…

അമ്മനിലാവ്…

Story written by MANJU JAYAKRISHNAN

“ഇവളുടെ നടപ്പ് കണ്ടാൽ ലോകത്തിൽ ആദ്യമായിട്ട് ഗർഭിണി ആയത് ഇവളാണെന്ന് തോന്നും “…

പറയുന്നത് കൂടെ ജോലി ചെയ്യുന്ന ആണ്പിള്ളേര് ആണ്…

എന്നെ തന്നെയാണ് ‘വാരുന്നത്’ എന്ന് മനസ്സിലായിട്ടും ഒന്നും മിണ്ടാതെ ഞാൻ നടന്നു……

‘ചിലർക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മറുപടി അവഗണനയാണ്.. ‘

ലോകത്തിൽ ആദ്യമായി ‘ഗർഭിണിയാകുന്ന’ സ്ത്രീ ഞാൻ അല്ലായിരിക്കാം…

പക്ഷെ ഒരു കുഞ്ഞിന് വേണ്ടി ദാഹിച്ചു മോഹിച്ചിരുന്ന ഒരുപാട് പേരിൽ ഒരാൾ ഞാൻ ആണ്…

“മച്ചി” യാടി അല്ലെങ്കിൽ എപ്പോഴേ കൊച്ചോക്കെ ആവേണ്ടതാ…

എന്നു ഒളിഞ്ഞും തെളിഞ്ഞും പറയുന്നത് കേൾക്കേണ്ടി വന്നപ്പോൾ ഉള്ള നിസ്സഹായത……

ബന്ധുക്കളുടെ ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞു മാറാൻ വേണ്ടി പല ചടങ്ങുകളിൽ നിന്നും മനഃപൂർവം ഒഴിഞ്ഞു മാറിയിരുന്നു..

ഒരു ദിവസം മാ സമുറ വൈകിയാൽ സ്വപ്‌നങ്ങൾ നെയ്തു കൂട്ടിയിരുന്നു……………..

കുഞ്ഞുടുപ്പും കരിവളയും കണ്മഷിയും കൊണ്ടുള്ള സ്വപ്‌നങ്ങൾ…..

കുഞ്ഞരിപ്പല്ലും കുഞ്ഞിളം കൊഞ്ചലും സങ്കല്പിച്ചു ഉള്ളാളെ കൊതിച്ചു……

ഒടുവിൽ……………………………

ചുവന്ന പൂക്കൾ കണ്ട് നെഞ്ചു പൊട്ടി തലയിണ കണ്ണീരാൽ കുതിർന്നിരുന്നു …

സ്വയം കുറവുള്ളവൾ എന്നു കരുതി തന്നിലെക്കു സ്വയം ചുരുങ്ങിയിരുന്നു …

“എന്റെ കെട്ടിയോൻ കഴിഞ്ഞേ എനിക്കെന്തും ഉള്ളൂ .. പിള്ളേരൊക്കെ അവരവരുടെ വഴിക്കു പോകും..നമ്മൾക്ക് ഭർത്താവ് മാത്രമേ കാണൂ ” എന്നു പറഞ്ഞ കൂട്ടുകാരിയോട് അഭിപ്രായവ്യത്യാസം പ്രകടിപ്പിച്ചപ്പോൾ അവളുടെ മറുപടി ഇതായിരുന്നു…

“കൊച്ചും പീച്ചിയും ഇല്ലാത്ത നിനക്ക് ഇപ്പോൾ ഇങ്ങനെ ഒക്കെ തോന്നും എന്ന് “
സഹതാപം കാണിച്ചു വന്ന പലരിലും ‘കാ മത്തിന്റെ’ ചുവന്ന കണ്ണുകൾ കണ്ട് സ്വയം വെറുത്തു പോയിട്ടുണ്ട് ….

അങ്ങനെ ജീവിതത്തിലെ വർണ്ണങ്ങൾ കെട്ടുപോയി മരപ്പാവയെ പോലെ ജീവിച്ചു മടുത്തിരുന്നു………

ഒടുവിൽ…

ഒട്ടും പ്രതീക്ഷിക്കാതെ ആണ് പ്രെഗ്നൻസി കിറ്റിലെ രണ്ടു ചുവന്ന വരകൾ തെളിഞ്ഞത്…

“സ്വപ്നത്തിൽ പോലും വിചാരിക്കാത്ത ഭാഗ്യം ” ….

ഗർഭിണിയായ ശേഷം ഒരിക്കൽ പോലും ഞാൻ ബൈക്കിൽ കയറിയില്ല.. “എടീ ഞാൻ പതുക്കെ കൊണ്ടാക്കാം” എന്നു കെട്ട്യോൻ പറയുമ്പോൾ ഞാൻ ആ ഭാഗത്തേക്ക്‌ നോക്കാറില്ല.”..

മൂന്നു കിലോമീറ്റർ നടന്നു ഓഫീസിൽ വന്നും പോയും ഇരുന്നു…

കുനിയുമ്പോൾ വയറിൽ അറിയാതെ എന്റെ കൈ അമരും…

തുമ്മൽ വരുമ്പോൾ ഞാൻ വല്ലാതെ ഭയന്നിരുന്നു…..

“എടോ പ്ലാസന്റക്കുള്ളിൽ കുഞ്ഞു സുഖായാ ഇരിക്കുന്നെ… തുമ്മിയാൽ ഒന്നും ഒരു കൊഴപ്പോ ഇല്ലാട്ടൊ “

എന്നു ഡോക്ടർ പറഞ്ഞിട്ടും സമാധാനം ആയില്ല എന്നതാണ് നേര്….

പ്രണയസല്ലാപത്തിനു പ്രാണനായകൻ വരുമ്പോൾ ഞാൻ ‘കണ്ടം വഴി’ ഓടിച്ചു

അവർ കളിയാക്കി പറഞ്ഞതു പോലെ ‘ആദ്യമായി ലോകത്ത് ഗർഭിണി ആയതു ഞാൻ ആണ് ‘ എന്ന കരുതലോടെ ഞാൻ എന്റെ ഗർഭകാലം പൂർത്തിയാക്കി

ആറ്റു നോറ്റു അങ്ങനെ എന്റെ കുഞ്ഞുമാലാഖ വന്നു…..

ഒരുപാട് ആഗ്രഹിക്കുന്ന കാര്യത്തിനു ലോകം മുഴുവൻ നമ്മുടെ കൂടെ നിൽക്കും എന്ന് പൗലോ കൊയ്‌ലോ പറഞ്ഞതു പോലെ ജീവിതത്തിൽ ഏറ്റവും ആഗ്രഹിച്ച കാര്യം ആയിരുന്നു ഒരു കുഞ്ഞ്…

ഇന്നവൾ സ്നേഹം കൊണ്ട് എന്നെ വീർപ്പുമുട്ടിക്കുന്നു…

വർഷങ്ങൾക്ക് ശേഷം അവളുടെ കയ്യിൽ നിന്നും കിട്ടുന്ന ആ ‘കുഞ്ഞു ഉരുളകൾ ‘ സന്തോഷം കൊണ്ട് എന്റെ പ്രാണനെ കരയിക്കുന്നു….

അവളുടെ ചോരയൂറ്റാൻ വരുന്ന കൊതുകിനോടും.. അവളെ വീഴ്ത്തുന്ന തറയോടും ഞാൻ ദേഷ്യപ്പെടുന്നു..

ഒരു കുഞ്ഞിനു വേണ്ടി കാത്തിരിക്കുന്ന ഒരുപാട് പേർ നമുക്കു ചുറ്റിലും ഉണ്ട്…

അവരോടായ്…………

പ്രാർത്ഥിക്കുക….പ്രതീക്ഷ കൈവിടാതിരിക്കുക…ഈശ്വരൻ അനുഗ്രഹിക്കും……