ഹൃദയത്തിലേക്ക്…
Story written by AMMU SANTHOSH
ഒരു ആക്സിഡന്റ് സംഭവിച്ചു വീൽ ചെയറിൽ ആയ ഒരാളെയാണ് ഞാൻ വിവാഹം കഴിക്കുന്നതറിഞ്ഞു പലരും പലതും പറഞ്ഞു.സഹതാപം ആണെന്നോ പണം നോക്കിയാണെന്നോ അങ്ങനെ പലതും. ഞാൻ അത് ഒന്നും ശ്രദ്ധിച്ചില്ല.വീട്ടുകാർക്ക് സഹായം ആവുന്നതിൽ ഉപരി എനിക്ക് ഒരു രക്ഷപ്പെടൽ ആയിരുന്നു ഇത്
അനൂപ് എന്നെ കാണാൻ വന്നില്ല. ഒരു വീഡിയോ കാളിൽ ആയിരുന്നു പെണ്ണ് കാണൽ. ചെറിയ ചോദ്യങ്ങൾ, ചെറിയ ഉത്തരങ്ങൾ.. കഴിഞ്ഞു.. ഉറപ്പിച്ചു.
“തനിക്ക് എന്നെ ഇഷ്ടം ആണോ എന്ന് ഞാൻ ചോദിക്കുന്നില്ല. കാരണം അങ്ങനെ ഇഷ്ടപ്പെടാനൊന്നും പെട്ടെന്ന് ആർക്കും കഴിയില്ലല്ലോ “
അനൂപ് എന്നോട് ചോദിച്ചു
ഞാൻ ഒരു മറുപടി മാത്രമേ പറഞ്ഞുള്ളു
“എനിക്കൊരു പ്രണയമുണ്ടായിരുന്നു.. അത്ര മേൽ എന്നെ സ്നേഹിച്ച ഒരാളുണ്ടായിരുന്നു. ദീപു മരിച്ചു പോയി. അന്ന് തന്നെ ഞാനും മരിച്ചതാണ്.. മനസ്സിൽ. മറ്റൊരാളെ സ്നേഹിക്കാൻ, അയാൾക്കൊപ്പം സ്നേഹം പങ്കിടാൻ, അയാളുടെ കുഞ്ഞുങ്ങളെ പ്രസവിക്കാൻ ഒന്നും ഈ ജന്മം എനിക്ക് കഴിയില്ല.. അനൂപിന് സമ്മതമാണെങ്കിൽ കല്യാണം കഴിച്ചോളൂ.. ഞാൻ ഒരു സുഹൃത്തായിരിക്കാൻ ശ്രമിക്കാം.. അത് മാത്രം “
അനൂപ് ഒന്ന് ചിരിച്ചു..അനൂപ് എന്റെ കണ്ണിൽ, എന്റെ മനസ്സിൽ പ്രത്യേകിച്ച് ഒരു തിളക്കവും സൃഷ്ടിച്ചില്ല. അനൂപിനൊരു കൂട്ട് വേണമായിരുന്നു. എനിക്ക് എല്ലാത്തിൽ നിന്നും രക്ഷപ്പെടണമായിരുന്നു.
വീട്ടിൽ നിന്നാൽ ഇത് അല്ലെങ്കിൽ അവർ വേറെ ഒരു വിവാഹം എന്നെ കൊണ്ട് ചെയ്യിക്കും..
അതിൽ ഭേദം ഇത് തന്നെ…
അനൂപിന്റെ വീട്ടിൽ അച്ഛനും അമ്മയുമുണ്ട്. അനൂപ് ഒറ്റ മകനാണ്.അനൂപിന് ഒരു വലിയ ലൈബ്രറി ഉണ്ട്. അത് എനിക്കാശ്വാസമായിരുന്നു. വായന ഇഷ്ടം ഉള്ള ആളാണല്ലോ സന്തോഷം തോന്നി.ഞാൻ പുസ്തകങ്ങളിൽ ഒന്ന് തൊട്ട് നോക്കി
“ഇഷ്ടം ഉള്ളതെടുത്ത് വായിച്ചോളൂ..” അനൂപ് പുഞ്ചിരിയോടെ പറഞ്ഞു.. ഞാൻ മെല്ലെ തലയാട്ടി.
അനൂപിനെ നോക്കാൻ രണ്ടു പേര് ഉണ്ട്. ഭക്ഷണം കഴിപ്പിക്കാൻ, കുളിപ്പിക്കാൻ, മെഡിക്കൽ ചെക്കപ്പ് ചെയ്യാൻ എല്ലാത്തിനും ആളുണ്ട്.
അനൂപ് ഒരിക്കൽ പോലും ഒന്നിനും എന്റെ സഹായം ആവശ്യപ്പെട്ടിരുന്നില്ല. ചിലപ്പോൾ ആരും അടുത്തില്ലാത്തപ്പോൾ പോലും..
“കൂട്ട് വേണമെന്ന് തോന്നിയിട്ടല്ലേ വിവാഹം കഴിച്ചത്?”
ഒരിക്കൽ ഒറ്റയ്ക്കായപ്പോൾ ഞാൻ ചോദിച്ചു
“അതേ “
“പിന്നെന്താ എന്നോട് സംസാരിക്കാത്തത്?”
അനൂപിന്റെ കണ്ണുകൾ വിടർന്നു. ആ മുഖത്ത് സൂര്യൻ ഉദിച്ച പോലെ വെളിച്ചം നിറഞ്ഞു
“ബുദ്ധിമുട്ടിക്കണ്ടന്ന് കരുതിയാ “
എനിക്ക് സങ്കടം തോന്നി. ഞാൻ നിലത്ത് ആ കാലുകൾക്കരികിൽ ഇരുന്നു
“അനൂപിനെക്കുറിച്ച് പറയു “
അനൂപ് മൊബൈലിലെ ചിത്രങ്ങൾ കാണിച്ചു തന്നു. സ്റ്റേജിൽ പാട്ട് പാടുന്ന, ടെന്നീസ് കളിക്കുന്ന, ഡ്രൈവ് ചെയ്യുന്ന, ബോക്സിങ് ചെയ്യുന്ന അനൂപ്..
“ഒരു പാട്ട് പാടുമോ? “അത് മാത്രം ആണ് എന്നെ ആകർഷിച്ചത്
“പിന്നെന്താ.പാടാമല്ലോ”
“ജിയ ചലെ.. ജാൻ ചലെ…”
അതിസുന്ദരമായിരുന്നു അത്.
“ഇത്രയും നന്നായി പാടുന്ന ഒരാളെ ആരും പ്രണയിച്ചില്ലേ?”
“ഉണ്ടാകും ” അനൂപ് ചിരിച്ചു
“എന്നിട്ട് അനൂപ് തിരിച്ചു പ്രണയിച്ചോ?”
“അങ്ങനെ നോക്കുകയാണെങ്കിൽ എത്ര പേരെ പ്രണയിക്കും… കുറെ ഉണ്ടായിരുന്നെടോ “
ഞാൻ പൊട്ടിച്ചിരിച്ചു…വർഷങ്ങൾക്കു ശേഷം ഞാൻ ചിരിക്കുകയായിരുന്നു..
“നല്ല ഭംഗിയുണ്ട് മീരയുടെ ചിരി.. നുണക്കുഴി വിരിഞ്ഞ്.. എന്താ ഭംഗി “
എന്റെ മുഖം ചുവന്നു പോയി. ഞാൻ കണ്ണുകൾ താഴ്ത്തി വേഗം അവിടെ നിന്ന് പോയി.
അനൂപിന്റെ മുഖത്ത് നോക്കുമ്പോൾ, ആ ചിരി കാണുമ്പോൾ ഇങ്ങനെ വീൽ ചെയറിലായതൊന്നും കക്ഷിയെ ബാധിച്ചിട്ടേയില്ല എന്ന് തോന്നും. ബിസിനസ് നടത്താനും ഫ്രണ്ട്സിനൊപ്പം ചേരാനും എല്ലാത്തിനും ഇത് തടസ്സം ആയിരുന്നില്ല അനൂപിന്..പക്ഷെ ഏത് തിരക്കിലും ആളിന്റെ ശ്രദ്ധ എന്നിൽ തന്നെ ആവും. ഞാൻ കഴിച്ചോ, ഉറങ്ങിയോ, എല്ലാം ശ്രദ്ധിക്കും.ഒരു പാട് പാട്ടുകൾ അറിയാം അനൂപിന് എനിക്ക് പാട്ട് പാടി തരാറുണ്ട്… ഞാൻ ഏത് പാട്ട് പറഞ്ഞാലും എത്ര തിരക്കുണ്ടെങ്കിലും എനിക്ക് അത് പാടി തന്നിട്ടേ അനൂപ് പോവു..
“മീരയ്ക്ക് പുറത്ത് പോകണമെങ്കിൽ പോവാം ട്ടോ.. ഇങ്ങനെ വീട്ടിൽ തന്നെ ഇരുന്ന മുഷിയും “
“അനൂപും വരൂ “
“വരട്ടെ?”ആ മുഖം സന്തോഷം കൊണ്ട് നിറഞ്ഞു
ഞങ്ങൾ ഒന്നിച്ചു പോയി.. കടല് കണ്ടു.. ഇടയ്ക്ക് കുറച്ചു മഴ പെയ്തു..
“മഴ ഇഷ്ടാണ് എനിക്ക് “ഞാൻ പറഞ്ഞു
“എനിക്കും “
അനൂപ്എന്റെ കണ്ണുകളിലേക്ക് നോക്കി
“മീരയ്ക്ക് ഈ കടലിനെക്കാൾ, മഴയെക്കാൾ ഒക്കെ ഭംഗിയുണ്ട്..”അനൂപ് മെല്ലെ പറഞ്ഞു
എന്റെ നെഞ്ചിൽ ഒരു കടൽ വന്നലച്ചു.. ഉള്ളു പിടയുന്നത് പോലെ..
അന്ന് അനൂപിന് പനി വന്നു
“മഴ നനഞ്ഞോ മോൻ?” അമ്മ രൂക്ഷമായി ചോദിക്കുന്നത് കേട്ടു. ഞാൻ കുറ്റവാളിയെ പോലെ മുഖം കുനിച്ചു നിന്നു.
രാത്രി അനൂപ് വിറയ്ക്കുന്നത് ഞാൻ കണ്ടു. അനൂപിനോട് ചേർന്ന് കിടക്കുമ്പോൾ ആ മുഖം ചേർത്ത് പിടിക്കുമ്പോൾ നിഷ്കളങ്കനായ ഒരു കുഞ്ഞിനോട് തോന്നുന്ന വാത്സല്യം ആയിരുന്നു ഉള്ള് മുഴുവൻ..
പുലർച്ചെ പനി മാറി ആൾ ഉഷാറായി..
“ഇന്നും പനി വന്നിരുന്നെങ്കിൽ നന്നായേനെ “എപ്പോഴോ കള്ള ചിരിയോടെ പറഞ്ഞു..
ഞാൻ ആ മുഖത്ത് നോക്കിയില്ല. ഒരു വല്ലായ്മ.
മുത്തശ്ശിയുടെ സപ്തതിയാണ് വന്നേ പറ്റു എന്ന് എല്ലാരും നിർബന്ധിച്ചപ്പോൾ ഞാൻ പോയി. അനൂപ് വന്നില്ല.
വീട്ടിൽ നിൽക്കുമ്പോഴും ഉള്ളിൽ ഒരു സമാധാനം ഇല്ല.. എന്തൊ പോലെ.. അനൂപിനെ കാണണം.. മിണ്ടണം.. അനൂപിനെന്താ ഒന്ന് ഫോൺ ചെയ്താൽ എന്നൊക്കെ ഓർത്തു..അന്ന് തിരിച്ചു പോരാൻ ആരും സമ്മതിച്ചുമില്ല.
പിറ്റേന്നു ചെല്ലുമ്പോൾ അനൂപ് വായനയിലാണ്
“ഞാൻ വന്നുട്ടോ “ഓടി ചെന്നു പറഞ്ഞു. ഒന്ന് മൂളി അത്ര തന്നെ.
ഞാൻ എന്തൊക്കെയോ ചോദിച്ചെങ്കിലും മിണ്ടിയില്ല..ഞാൻ എന്റെ മുറിയിലേക്ക് പോരുന്നു. കഴിക്കാൻ വന്നു വിളിച്ചെങ്കിലും വിശപ്പില്ല എന്ന് പറഞ്ഞൊഴിഞ്ഞു.
“സാർ വിളിക്കുന്നു “നഴ്സ് വന്നു പറഞ്ഞപ്പോൾ മുറിയിൽ ചെന്നു
“എന്താ കഴിക്കാഞ്ഞത്?”
എന്റെ കണ്ണ് നിറഞ്ഞു തുളുമ്പി
“മീരാ… ഇങ്ങ് വാ ” ഞാൻ ഇല്ല എന്ന് തലയാട്ടി
“എനിക്ക് അടുത്തേക്ക് ഓടി വരാൻ കഴിയില്ല മീരാ “
ഞാൻ ഞെട്ടി തലയുയർത്തി
“ഇന്നലെ തന്നെ വന്നു കൂട്ടിക്കൊണ്ട് പോരാൻ തോന്നിയതാ.. ഞാൻ കരുതി മീര വരുമെന്ന്.. പിന്നെ ഓർത്തു എന്നോട് ഇഷ്ടം ഇല്ലല്ലോ… എന്നെ കണ്ടില്ലെങ്കിലും മിസ്സ് ചെയ്യില്ലല്ലോ എന്നൊക്കെ “
ഞാൻ ഓടി അടുത്ത് ചെന്നു
“ഒത്തിരി മിസ്സ് ചെയ്തു എനിക്ക്..”
ഞാൻ സങ്കടത്തോടെ പറഞ്ഞു
“കാണാൻ തോന്നി.. മിണ്ടാൻ തോന്നി.. പാട്ട് കേൾക്കാൻ തോന്നി.. എല്ലാം എല്ലാം മിസ്സ് ചെയ്തു..” ഞാൻ ആ കാലിന് അടുത്ത് ഇരുന്നു
അനൂപ് എന്റെ മുഖം കൈയിൽ എടുത്തു
“ഇപ്പോൾ ഇഷ്ടാണോ എന്നെ?” ഞാൻ കരഞ്ഞു കൊണ്ട് തലയാട്ടി
“ഇനി എന്നെ വിട്ടിട്ട് പോവോ?”
ഞാൻ ഇല്ല എന്ന് തല ചലിപ്പിച്ചു
” മീര എന്നെ ആദ്യം കണ്ടത് എപ്പോഴാണ്? “
“അന്ന് വീഡിയോയിൽ “
“ഞാൻ അതിനു മുൻപേ കണ്ടിട്ടുണ്ട്.. എന്റെ കസിന്റെ കല്യാണത്തിന്..ലവ് അറ്റ് ഫസ്റ്റ് സൈറ്റ് എന്നൊക്കെ പറയില്ലേ അത് പോലെ. മീര അന്നൊരു ചുവപ്പ് ദാവണി ഒക്കെ ഉടുത്തു മുല്ലപ്പൂ ഒക്കെ വെച്ചിരുന്നു.കൈ നിറച്ചും കുപ്പിവളകൾ.. നിങ്ങളു പെൺകുട്ടികൾ ഡാൻസ് ഒക്കെ ചെയ്തു അന്ന്.. അപ്പൊ ഞാൻ അമ്മയെ കാണിച്ചു കൊടുത്തു.. ഇതാണ്, ഞാൻ കെട്ടാൻ പോകുന്ന പെണ്ണെന്നൊക്കെ ചുമ്മാ പറഞ്ഞു.. അത് കഴിഞ്ഞു തിരിച്ചു വരും വഴിയായിരുന്നു ആക്സിഡന്റ്.. പിന്നെ രണ്ടു വർഷം… അത് കഴിഞ്ഞു ഞാൻ മീരയെ കുറിച്ച് അന്വേഷിച്ചു.. അമ്മയോട് പറഞ്ഞു.. മീരയ്ക്ക് ഇഷ്ടം ആണെങ്കിൽ മാത്രം എനിക്ക് കല്യാണം കഴിക്കണം ന്ന് “
ഞാൻ സ്തംഭിച്ചിരുന്നു
കൂട്ടുകാരി മീനാക്ഷിയുടെ കല്യാണം. എനിക്ക് ഓർമ വന്നു.
“മീര ചോദിച്ചില്ലേ എനിക്ക് പ്രണയം ഉണ്ടായിരുന്നൊന്ന്? ഉണ്ടായിരുന്നു എന്നല്ല ഉണ്ട്. അത് മീരയാണ്.. മീരയെ കല്യാണം കഴിക്കണോ എന്ന് ഞാൻ ഒരു പാട് ആലോചിച്ചു എന്റെ അവസ്ഥ തന്നെ… പക്ഷെ എനിക്ക് പറ്റുന്നില്ലായിരുന്നു.. എനിക്ക് മീര ഇല്ലാതെ ജീവിക്കാൻ പറ്റുന്നില്ല… ഞാൻ..”അനൂപിന്റെ കണ്ണ് നിറഞ്ഞു ഞാൻ ആദ്യം കാണുകയായിരുന്നു..
“വേറൊരു പ്രണയം ഉണ്ടായിരുന്നെന്നും ഒരിക്കലും സ്നേഹിക്കാൻ പറ്റില്ല എന്നും മീര പറഞ്ഞപ്പോ സാരോല്ല കണ്ടു കൊണ്ടിരിക്കാമല്ലോ എന്ന് ഓർത്തു.. എനിക്ക് കണ്ടാൽ മാത്രം മതിയാരുന്നു മീര “
ഞാൻ ആ മുട്ടിൽ മുഖം ചേർത്ത് വെച്ചു
ഞാൻ അറിയാതെ എന്നെ സ്നേഹിച്ച ആൾ..
ഇപ്പോഴും സ്നേഹിക്കുന്ന ആൾ..
ഈ ആളിന് ഉള്ളതാവും ഞാൻ അതാവും ദൈവനിശ്ചയം..
അല്ലെങ്കിൽ എങ്ങനെയാണ് ഞാൻ ഇത്രമേൽ ഈ ആളിന് അധീനയായത്?
എങ്ങനെയാണ് ഈ ആൾ എന്റെ ജീവനായത്?