ലാൻറ് ഫോണിൻ്റെ നീട്ടിയുള്ള റിങ്ങ്ടോൺ കേട്ടാണ്, ഉമ്മറത്ത് നിന്ന ലളിത, വരാന്തയിലേക്ക് കയറി വന്നത്…

കൂലിപ്പണി

Story written by SAJI THAIPARAMBU

ലാൻറ് ഫോണിൻ്റെ നീട്ടിയുള്ള റിങ്ങ്ടോൺ കേട്ടാണ്, ഉമ്മറത്ത് നിന്ന ലളിത, വരാന്തയിലേക്ക് കയറി വന്നത്.

“ഹലോ മോനേ …”

ആ റിംഗ്ടോൺ, ഐഎസ്ഡി കോളാണെന്ന് അറിയാവുന്നത് കൊണ്ടാണ്, അത് മോനാണെന്ന് അവർ ഉറപ്പിച്ചത് .

“ങ്ഹാ ,അമ്മേ .. എന്താ വിശേഷം ,അച്ഛനെവിടെ?

“നല്ല വിശേഷമാണ് മോനേ …അച്ഛൻ മേലേടത്തെ പറമ്പിൽ കിളയ്ക്കാൻ പോയിരിക്കുന്നു”

“ങ് ഹേ! കിളയ്ക്കാൻ പോയെന്നോ? അച്ഛൻ മേലാൽ പണിക്ക് പോകരുതെന്ന് ഞാനെത്ര വെട്ടം പറഞ്ഞതാണമ്മേ..അതിൻ്റെയാവശ്യമെന്താ ,നിങ്ങൾ രണ്ട് പേരുടെയും ചിലവിനായി, ഞാൻ മാസം പത്തിരുപതിനായിരം രൂപ അയച്ച് തരുന്നില്ലേ?പോരെങ്കിൽ പറ ,ഞാനിനിയും കൂടുതൽഅയയ്ക്കാം, എന്നാലും ഗൾഫിൽ സ്വന്തമായി ലേബർ കമ്പനിയുള്ള, സുനിലിൻ്റെ അച്ഛൻ കൂലിപ്പണിക്ക് പോകുന്നെന്ന് പറഞ്ഞാൽ, അതിൻ്റെ നാണക്കേട് എനിക്കാണ്, അറിയാമോ ?

“അയ്യോ മോനേ … നീയങ്ങനെ ഒന്നും പറയരുത് ,അച്ഛൻ പണ്ടേ കൂലിപ്പണി ചെയ്ത് തന്നെയല്ലേ, നിങ്ങളെയൊക്കെ വളർത്തി വലുതാക്കി പ്രാപ്തരാക്കിയത്, ഇപ്പോഴും അച്ഛന് ആരോഗ്യത്തിന് ഒരു കുറവുമില്ല, അത് കൊണ്ടാണ് അച്ഛൻ ഇപ്പോഴും പണിക്ക് പോകുന്നത്”

“അമ്മേ ..അതൊക്കെ പണ്ട്, ഇപ്പോൾ നമുക്ക് അങ്ങനെ കിട്ടുന്ന കാശിൻ്റെയാവശ്യമില്ല ,അച്ഛൻ വരുമ്പോൾ അമ്മ പറഞ്ഞൊന്ന് മനസ്സിലാക്കിക്കൊടുക്ക്”

“ങ്ഹാ ,ശരി മോനേ .. അമ്മ പറയാം”

മകൻ്റെ സുഖവിവരങ്ങൾ ചോദിച്ചറിഞ്ഞിട്ട് ,ലളിത ഫോൺ വച്ചു.

രണ്ട് മൂന്ന് കൊല്ലങ്ങളായി ,അവരുടെ മകൻ സുനില് ഗൾഫിൽ പോയിട്ട് .

മറ്റൊരു കമ്പനിയിൽ അസിസ്റ്റൻറ് മാനേജരായിട്ടായിരുന്നു തുടക്കം.

പക്ഷേ, അയാളുടെ കഠിനാധ്വാനവും, മിടുക്കും കൊണ്ട് രണ്ട് വർഷം കഴിഞ്ഞപ്പോൾ, സ്വന്തമായി ലേബർ സപ്ളെ ചെയ്യുന്ന കമ്പനി സ്റ്റാർട്ട് ചെയ്തു.

നാട്ടിൽ, അയാളുടെ അച്ഛനും അമ്മയും, മകൻ്റെ ഉയർച്ച കണ്ട് ഒരു പാട് സന്തോഷിച്ചു.

ദിവസങ്ങളും, മാസങ്ങളും കടന്ന് പോയി.

ഗൾഫ് മേഖലയിൽ, രാജ്യങ്ങൾ തമ്മിലുള്ള ബന്ധം വഷളാവുകയും, അമേരിക്ക ഇടപെടുകയും ചെയ്തതോടെ, രണ്ടാം കുവൈറ്റ് ഇറാഖ് യുദ്ധം പൊട്ടിപ്പുറപ്പെട്ടു.

ഗൾഫ് മേഖല സംഘർഷഭരിതമായി.

ആഗോള വിപണി ഇടിഞ്ഞു, സാമ്പത്തിക മാന്ദ്യം, എല്ലാം വ്യവസായങ്ങളെയും പ്രതികൂലമായി ബാധിച്ചതോടെ, കമ്പനികൾ ഓരോന്നായി അടച്ച് തുടങ്ങി.

തൊഴിലാളികൾ ജീവനും കൊണ്ട്, സ്വന്തം നാട്ടിലേക്ക് പലായനം ചെയ്തപ്പോൾ, സുനിലിനും നില്ക്കക്കള്ളിയില്ലാതായി , അയാളും സാമ്പത്തികമായി തകർന്ന് പോയിരുന്നു.

ടിവി ചാനലിലൂടെ, വാർത്തകളറിഞ്ഞ സുനിലിൻ്റെ അച്ഛൻ, മകൻ്റെ മൊബൈലിലേക്ക് വിളിച്ചു .

“മോനേ … നിനക്കവിടെ ബുദ്ധിമുട്ടാണെങ്കിൽ, അവിടെ നില്ക്കണ്ട, ഇങ്ങോട്ട് കേറിപ്പോര്”

“അച്ഛാ… നമുക്കെല്ലാം നഷ്ടപ്പെട്ടച്ഛാ.. രണ്ട് മൂന്ന് കൊല്ലം കൊണ്ട്, ഞാൻ സമ്പാദിച്ചതെല്ലാം എനിക്ക് നഷ്ടപ്പെട്ടു, ലേബേഴ്സെല്ലാം നാട്ടിലേക്ക് തിരിച്ച് പോയി ,അവർക്ക് അവിടെ ചെന്നാലും എന്തെങ്കിലും കൂലിപ്പണിയെടുത്ത് ജീവിക്കാം ,പക്ഷേ എൻ്റെ സ്ഥിതി അതല്ലല്ലോ? ഇന്നലെ വരെ മുതലാളിയായിരുന്ന ഞാൻ, പൊട്ടന്നൊരു ദിവസം മറ്റൊരാളുടെ കീഴിൽ പണിക്ക് പോകുക എന്ന് പറയുന്നത് ,എനിക്ക് ചിന്തിക്കാൻ പോലും പറ്റുന്നില്ല ,മാത്രമല്ല ,ഇന്ന് വരെ നാട്ടിൽ മെയ്യനങ്ങി ഒരു തൊഴിലും ചെയ്യാത്ത ഞാൻ, അങ്ങോട്ട് വന്നിട്ടെന്തിനാ, ഒരു വരുമാനവുമില്ലാത്ത എനിക്ക് , നിങ്ങൾക്ക് ചെലവിന് തരാൻ കഴിയാതെ, നിങ്ങളോടൊപ്പം പട്ടിണി കിടക്കാനേ കഴിയു”

“മോനേ … നീ അങ്ങനെയൊന്നും ചിന്തിക്കേണ്ട ,നീ അവിടെ സമ്പാദിച്ച് കൂട്ടിയത് മാത്രമേ നിനക്ക് നഷ്ടപ്പെട്ടിട്ടുള്ളു, നീ എല്ലാമാസവും ഞങ്ങൾക്കയച്ച് കൊണ്ടിരുന്ന പൈസ മുഴുവനും, ഒരണ പോലും ചിലവാക്കാതെ ഞാൻ നിനക്കായ് കരുതി വച്ചിട്ടുണ്ട് ,അത് ,നിനക്ക് ചെറിയൊരു കമ്പനി നാട്ടിൽ തുടങ്ങാനുള്ള തുകയുണ്ടാവും, നീ കരുതിയത് പോലെ, നിൻ്റെ പണമെടുത്തിട്ടല്ല ,അച്ഛനും അമ്മയും ഇത്രയും നാളും ചിലവ് നടത്തിയത് ,അത് നിൻ്റെയച്ഛൻ കൂലിപ്പണിക്ക് പോയിട്ട് തന്നെയാണ് , പിന്നെ ,മോൻ നാട്ടിലിനി എത്ര നാള് വെറുതെ നിന്നാലും, അച്ഛന് ആരോഗ്യമുള്ളിടത്തോളം കാലം, അദ്ധ്വാനിച്ചിട്ട് തന്നെ, നിനക്ക് ഒരു കുറവും വരുത്താതെ ,അച്ഛന് നിന്നെ സംരക്ഷിക്കാൻ കഴിയുമെന്നുള്ള ഉറപ്പുണ്ട് ,അതാണ് മോനേ… ,മോൻ ഇടയ്ക്കിടെ പുച്ഛത്തോടെ പറയാറുള്ള, ഈ കൂലിപ്പണിയുടെ ഒരു മഹത്വം”

അച്ഛൻ്റെ ദീർഘവീക്ഷണത്തിനും കരുതലിനും മുന്നിൽ, അയാൾ തൻ്റെ നഷ്ടങ്ങൾ മറന്നു,നാട്ടിൽ ചെന്ന്, താൻ കമ്പനി തുടങ്ങി, വലിയ മുതലാളി ആയാലും, കൂലിപ്പണിക്ക് പോകുന്ന ,തൻ്റെ അച്ഛനെ ഇനി ഒരിക്കലും, അതിൽ നിന്ന് പിന്തിരിപ്പിക്കില്ലെന്ന്, അയാൾ തീരുമാനിച്ച് കഴിഞ്ഞിരുന്നു.