അരുന്ധതി
Story written by ANGEL KOLLAM
അരുന്ധതി കണ്ണാടിയിൽ കാണുന്ന തന്റെ പ്രതിബിംബത്തെ നോക്കി. ‘കറുമ്പി ‘ എന്ന വിളി തന്റെ കാതിൽ മുഴങ്ങുന്നത് പോലെ അവൾക്ക് തോന്നി. അവൾ സങ്കടത്തോടെ കണ്ണാടിയിൽ കാണുന്ന തന്റെ രൂപത്തിൽ നോക്കി പറഞ്ഞു.
“അതേ, ഞാൻ കറുമ്പിയാണ്, പക്ഷേ കറുത്തവർക്കും ഈ ലോകത്ത് ജീവിക്കണ്ടെ “.
അവളുടെ അമ്മ അവിടേക്കു കടന്നു വന്നു.
“ഇവിടെ മിഴിച്ചു നില്കാതെ ആ ചായ എടുത്തു പൂമുഖത്തെക്ക് കൊണ്ട് കൊടുക്ക് കുട്ടി, നിന്നെ കാണാനാണ് അവർ വന്നിരിക്കുന്നത് “.
“എനിക്ക് വയ്യമ്മേ “
“ഇത് നല്ല കഥയായല്ലോ, ഇങ്ങോട്ട് വാ മോളെ “
അമ്മ നിർബന്ധം പിടിച്ചു അവളെ കൊണ്ട് പോയി. അരുന്ധതി ചായയുമായി ഹാളിലേക്ക് വന്നു. അവളെ കണ്ടതും പയ്യന്റെ വീട്ടുകാരുടെ മുഖം മങ്ങിയത് അവൾ ശ്രദ്ധിച്ചു. ചായ ടീപ്പോയുടെ മുകളിൽ വച്ചിട്ട് അവൾ തിരിഞ്ഞു നടന്നു . തന്റെ റൂമിൽ എത്തിയതും വീണ്ടും കണ്ണാടിക്ക് മുന്നിലെത്തി പുച്ഛത്തോടെ സ്വയം ചോദിച്ചു.
“വേഷം കെട്ടി മതിയായില്ലേ അരുന്ധതി നിനക്ക്? ജീവിതത്തിൽ അനുഭവിച്ചതൊന്നും പോരെ നിനക്ക്? “
അല്പ സമയം കഴിഞ്ഞപ്പോൾ അമ്മ അവിടേക്കു വന്നു.
“അവർ പിന്നെ അഭിപ്രായം അറിയിക്കാമെന്ന് പറഞ്ഞു പോയി മോളെ “
“അത് പ്രത്യേകിച്ച് അറിയാൻ ഒന്നുമില്ലമ്മേ, താല്പര്യം ഇല്ല എന്നായിരിക്കും “
“മോളെ.. “
“അമ്മയ്ക്ക് ഇനിയും മതിയായില്ലേ അമ്മേ? ഒരിക്കൽ നിങ്ങളുടെ നിർബന്ധപ്രകാരം ഒരാൾക്കു കഴുത്ത് നീട്ടികൊടുത്തതല്ലേ? മനസിലെ ആ മുറിവ് ഉണങ്ങിയത് പോലുമില്ല, വീണ്ടും ഇങ്ങനെ കോമാളി വേഷം കെട്ടിക്കണോ, ഞാൻ നിങ്ങൾക് ഒരു ഭാരം ആണെങ്കിൽ പറഞ്ഞാൽ മതി, ഇവിടുന്നു എങ്ങോട്ടെങ്കിലും ഇറങ്ങിപൊയ്ക്കോളാം ഞാൻ “
“മോളെ.. “
“പ്ലീസ് അമ്മേ… എന്നെ കുറച്ചു നേരം ഒന്ന് വെറുതെ വിട് “.
അരുന്ധതി തന്റെ കിടക്കയിലേക്ക് ഇരുന്നു. പെണ്ണായി പിറന്നത് കൊണ്ട് മാത്രമാണ് തനിക്ക് പലപ്പോഴും പ്രതികരിക്കാൻ കഴിയാതെ നിൽക്കേണ്ടി വന്നത്, മാതാപിതാക്കളുടെ തീരുമാനത്തെ അംഗീകരിക്കേണ്ടി വന്നത്, പക്ഷേ അതിനു തനിക്ക് നഷ്ടമായത് തന്റെ സ്വപ്നങ്ങളും പ്രതീക്ഷകളും ആണ്, തന്റെ ജീവിതം തന്നെയാണ്.
കുറച്ച് നേരം കഴിഞ്ഞു അരുന്ധതി എഴുന്നേറ്റു, മുഖം നന്നായി കഴുകി തന്റെ ഹാൻഡ് ബാഗ് എടുത്തു പുറത്തേക്കു ഇറങ്ങി, അമ്മയോട് പറഞ്ഞു
“ഞാൻ പാർക്കിൽ വരെ പോവാണ്”
“എന്തിനാ ഇപ്പോൾ പാർക്കിൽ പോകുന്നത്? “
“കുറച്ച് ശുദ്ധവായു ശ്വസിക്കാൻ, പ്ലീസ് എവിടെ പോയാലും ഇങ്ങനെ ചോദ്യങ്ങളുമായി പിന്നാലെ വരരുത്, ഞാൻ കൊച്ചു കുട്ടിയല്ല, 28 വയസുണ്ട് എനിക്ക്”
അമ്മയ്ക്ക് മറുപടി പറയാൻ അവസരം കൊടുക്കാതെ അവൾ പാർക്കിലേക്ക് നടന്നു. അവിടെ ഒഴിഞ്ഞു കിടന്ന ചാരുബെഞ്ചുകളിലൊന്നിൽ അവൾ ഇരുന്നു. ചെറിയ കുട്ടികൾ ഓടികളിക്കുന്നത് കണ്ടപ്പോൾ നെഞ്ചിൽ ഒരു വിങ്ങൽ അനുഭവപെട്ടു, തന്റെ കണ്ണു നിറയുന്നത് മറ്റാരും കാണാതിരിക്കാൻ അവൾ പ്രയാസപെട്ടു. അരുന്ധതി കുറേ സമയം അവിടെ തനിച്ചിരുന്നു, മനസിന് കുറച്ച് ആശ്വാസം ലഭിച്ചെന്ന് തോന്നിയപ്പോൾ തിരികെ നടന്നു.
രാത്രിയിൽ, ഭക്ഷണം കഴിച്ചു കഴിഞ്ഞപ്പോൾ അവൾ എല്ലാവരോടുമായി പറഞ്ഞു.
“ഇനി എന്റെ അനുവാദമില്ലാതെ പെണ്ണുകാണൽ നാടകത്തിനു ആരെയും ഈ വീട്ടിലേക് കൊണ്ട് വരരുത്, ഞാൻ ഈ വീട്ടിൽ താമസിക്കുന്നത് ആർകെങ്കിലും ബുദ്ധിമുട്ട് ആണെങ്കിൽ പറഞ്ഞാൽ മതി, ഞാൻ ഹോസ്റ്റലിലേക്ക് മാറിക്കോളാം “
അമ്മയും ഏട്ടനും ഒന്നും പറയാതെ അവളെ നോക്കി നിന്നു, ഏട്ടത്തിയമ്മയുടെ മുഖം കടുത്തത് അവളുടെ ശ്രദ്ധയിൽപെട്ടു. അവൾ അത് ശ്രദ്ധിക്കാത്ത ഭാവത്തിൽ തന്റെ റൂമിലേക്കു വന്നു. ഉറങ്ങാൻ വേണ്ടി കിടന്നപ്പോൾ ഒന്നുറക്കെ പൊട്ടിക്കരയണമെന്ന് അവൾക്ക് തോന്നി, ഒന്ന് കെട്ടിപിടിച്ചു കരയാൻ ആരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ എന്ന് അവൾ ആഗ്രഹിച്ചു.
തന്റെ ബെഡിൽ ആരോ ഇരിക്കുന്നത് പോലെ തോന്നിയപ്പോൾ അരുന്ധതി കണ്ണുതുറന്നു നോക്കി, അവൾ കയ്യെത്തി ലൈറ്റിട്ടു. അരവിന്ദേട്ടനെ കണ്ടതും അമ്പരപ്പോടെ അവൾ ചോദിച്ചു.
“എന്തു പറ്റി ഏട്ടാ? “
“മോളെ, നീ ഞങ്ങൾക്ക് ഒരു ഭാരം ആയതു കൊണ്ടല്ല നിന്നെ വിവാഹം കഴിപ്പിച്ചയയ്ക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നത്, നിനക്ക് ജലജയുടെ സ്വഭാവം നന്നായിട്ട് അറിയാമല്ലോ? അവൾ നിനക്കൊരു സ്വസ്ഥതയും തരത്തില്ല അതെനിക്കറിയാം, അധികം താമസിയാതെ ഈ വീട്ടിലെ ജീവിതം നരകമാണെന്ന് നിനക്ക് തോന്നിപ്പോകും, നിന്റെ ജീവിതം സുരക്ഷിതമാക്കണമെന്ന് ഒരു ഏട്ടൻ എന്ന നിലയിൽ ഞാൻ ആഗ്രഹിക്കുന്നുണ്ട് “
“ഒരിക്കൽ സുരക്ഷിതമായി അച്ഛൻ ഒരാളെ കൈ പിടിച്ചു ഏല്പിച്ചതല്ലേ, പിന്നീട് എന്താ സംഭവിച്ചതെന്ന് ഏട്ടന് അറിയാമല്ലോ, ഇനിയും വേണോ ഏട്ടാ ഒരു പരീക്ഷണം, ജനിച്ചു വളർന്ന വീട്ടിൽ പോലും സമാധാനത്തോടെ കഴിയാൻ പറ്റാത്ത ഭാഗ്യദോഷികൾ ആയിപോയല്ലോ എന്നെപോലെയുള്ള സ്ത്രീകൾ?, ഒരു പ്രായം കഴിഞ്ഞാൽ പെൺകുട്ടികൾ എല്ലാവർക്കും അധികപറ്റാകും, അല്ലേ ഏട്ടാ? “
“നീ എനിക്ക് അധികപറ്റ് ആയിട്ടല്ല മോളെ, പക്ഷേ നിനക്ക് വേണ്ടി വഴക്കിടുമ്പോൾ ഞാനും ജലജയും തമ്മിൽ ഉള്ള ബന്ധത്തിനു വിള്ളൽ വീഴുകയാണ്, അതിന്റെ ഭവിഷ്യത്ത് അനുഭവിക്കുന്നത് ഒരു തെറ്റും ചെയ്യാത്ത ഞങ്ങളുടെ കുഞ്ഞുങ്ങൾ ആണ്.”
“ഏട്ടൻ പറഞ്ഞത് ശരിയാണ്, ആ പാവം കുഞ്ഞുങ്ങൾ എന്ത് പിഴച്ചു? ഏട്ടൻ എത്ര ആലോചന വേണമെങ്കിലും കൊണ്ട് വന്നോളൂ, ഞാൻ ആരുടെ മുന്നിൽ വേണമെങ്കിലും വേഷം കെട്ടി നിന്നോളാം”
“മോളെ.. “
“സാരമില്ല ഏട്ടാ, എനിക്ക് സങ്കടം ഒന്നുമില്ല, ഏട്ടൻ പോയികിടന്ന് ഉറങ്ങിക്കോ”
അരവിന്ദൻ അവളെ നൊമ്പരത്തോടെ നോക്കിയിട്ട് തന്റെ റൂമിലേക്കു നടന്നു. ജലജയും കുഞ്ഞുങ്ങളും നല്ല ഉറക്കമായിരുന്നു. അമ്മയുടെ മുറിയിൽ ലൈറ്റ് കിടപ്പുണ്ട്, നെഞ്ചിൽ അണയാതെ കത്തുന്ന തീയുള്ളപ്പോൾ എങ്ങനെ സമാധാനത്തോടെ ഉറങ്ങും?
രാവിലെ അരുന്ധതിയും അരവിന്ദനും ഒരുമിച്ചാണ് വീട്ടിൽ നിന്ന് ഇറങ്ങിയത്. അവൻ അവിടെ അടുത്തുള്ള ഒരു പ്രൈവറ്റ് ബാങ്കിൽ വർക്ക് ചെയ്യുകയാണ്, അരുന്ധതി ടൗണിൽ ഉള്ള ഒരു സ്ഥാപനത്തിലെ ഹ്യൂമൻ റിസോർഴ്സ് ഡിപ്പാർട്മെന്റിൽ വർക്ക് ചെയ്യുകയാണ്, അവളുടെ വീട്ടിൽ നിന്ന് കുറച്ച് ദൂരം ഉണ്ട് ഓഫീസിലേക്ക്, അതുകൊണ്ട് ട്രെയിനിൽ ആണ് അവൾ പോകുന്നത്.
ട്രെയിനിൽ കയറിയതും ആരെയും ശ്രദ്ധിക്കാതെ തന്റെ ബാഗിൽ ഇരുന്ന ബുക്ക് എടുത്തു അവൾ വായിക്കാൻ തുടങ്ങി. ഓഫീസിൽ തന്റെ സീറ്റിൽ എത്തിയതും ടേബിളിന് മുകളിൽ ഇരിക്കുന്ന ചുമന്ന റോസാപ്പൂക്കൾ അവളുടെ ശ്രദ്ധയിൽ പെട്ടു, അവൾ ദേഷ്യത്തോടെ അതെടുത്തു തൊട്ടടുത്തിരിക്കുന്ന വേസ്റ്റ് ബിന്നിലേക്കിട്ടു. പെട്ടന്ന് വിനോദ് അവളുടെ അടുത്തേക് വന്നു.
“എന്നോടുള്ള ദേഷ്യം എന്തിനാ ആ പൂക്കളോട് തീർക്കുന്നത്? “
“നിന്നോട് ഞാൻ ഒരായിരം പ്രാവശ്യം പറഞ്ഞിട്ടില്ലേ വിനൂ, ഇതുപോലെയുള്ള വിഡ്ഢിത്തരങ്ങൾ കാണിക്കരുതെന്ന് “
“എന്ത് വിഡ്ഢിത്തരമാണ് ഞാൻ കാണിച്ചത്, നിനക്ക് പൂവ് തന്നതോ, അതോ നിന്നെ പ്രൊപ്പോസ് ചെയ്തതോ? “
“നീ കാണിക്കുന്നതെല്ലാം വിഡ്ഢിത്തരങ്ങൾ ആണ്, നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ എന്റെ പിന്നാലെ നടക്കരുതെന്ന്, എനിക്കത് ഇഷ്ടമല്ല “
“നിനക്ക് എന്നെ ഇഷ്ടപെടാത്തതിന് ഒരു റീസൺ പറയൂ? “
“ഒന്നല്ല, ഒരായിരം റീസൺ പറയാം “
“തത്കാലം ഒരെണ്ണം പറയൂ “
“ഞാൻ ഡിവോഴ്സ്ഡ് ആണ്, പിന്നെ നിന്നെക്കാളും രണ്ട് വയസിന് മുതിർന്നതാണ് ഞാൻ “
“അഭിഷേക് ബച്ചനും, സച്ചിനും തങ്ങളെക്കാളും മുതിർന്നവരെയാണ് വിവാഹം ചെയ്തത് “
“ഓക്കേ, പക്ഷേ അവരാരും ഡിവോഴ്സ്ഡ് ആയവരെയല്ല കല്യാണം കഴിച്ചത് “
“എനിക്കത് പ്രശ്നമല്ല അരുന്ധതി, നിന്റെ സമ്മതം മാത്രം മതി “
അരുന്ധതി വിനോദിന്റെ മുഖത്തു നോക്കികൊണ്ട് ഉറച്ച സ്വരത്തിൽ പറഞ്ഞു
“എനിക്ക് പ്രശ്നമാണ് വിനൂ, ജീവിതത്തിൽ ഒരുപാട് അപമാനങ്ങൾ സഹിച്ചതാണ് ഞാൻ, പ്ലീസ് ഞാൻ എങ്ങനെയെങ്കിലും ജീവിച്ചോട്ടെ, നിനക്ക് നല്ല സുന്ദരിയായ പെണ്ണിനെ കിട്ടും, എന്നെ വെറുതെ വിട്ടേക്ക് “
വിനോദ് എന്തോ പറയാൻ തുടങ്ങിയതും അവൾ തൊഴുകൈകളോടെ പറഞ്ഞു.
“പ്ലീസ് വിനൂ, ലീവ് മീ “
അവൻ ഒന്നും പറയാൻ കഴിയാതെ തന്റെ സീറ്റിലേക്ക് പോയി. അരുന്ധതി തന്റെ ജോലികളിൽ മുഴുകി. ലഞ്ച് ബ്രേക്കിന്റെ സമയം വിനോദ് അവൾ ഇരിക്കുന്ന ടേബിളിന് എതിർവശത്തായി വന്നിരുന്നു, അവൾ അവനെ ശ്രദ്ധിക്കാത്ത ഭാവത്തിൽ ഇരുന്നു.
“എനിക്കൊരു കാര്യം പറയാനുണ്ട് അരുന്ധതി “
“പ്ലീസ് വിനൂ, നിനക്ക് പ്രാന്താണോ? എന്ത് കണ്ടിട്ടാണ് നീ എന്നോട് ഇഷ്ടമാണെന്ന് പറയുന്നത്? എന്റെ നിറം കാരണം എല്ലാവരുടെയും മുന്നിൽ അപഹാസ്യ ആയിട്ടുള്ളവളാണ് ഞാൻ, എന്നെപ്പോലെ ഒരാളല്ല നിന്റെ ഭാര്യ ആകേണ്ടത് “
“അരുന്ധതി, ഒരാളുടെ സൗന്ദര്യം എന്ന് പറയുന്നത് അയാളുടെ നിറമോ ഉയരമോ ഒന്നുമല്ല, മനസ്സാണ്, ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും സുന്ദരമായ മനസ്സുള്ളത് നിനക്കാണ്, എന്റെ കണ്ണുകളിൽ നീയാണ് ഞാൻ കണ്ടിട്ടുള്ളതിൽ ഏറ്റവും ഭംഗിയുള്ള പെൺകുട്ടി “
“വിനൂ, നീ ചെറുപ്പമാണ്, ഈ പ്രായത്തിന്റെ ചോരതിളപ്പിൽ നിനക്ക് ഇങ്ങനെയൊക്കെ തോന്നും, ദയവ് ചെയ്ത് എന്നെ വെറുതെ വിട്ടേക്ക്, ചൂട് വെള്ളത്തിൽ വീണ പൂച്ചയാണ് ഞാൻ, പച്ചവെള്ളം കണ്ടാലും പേടിയാണ് എനിക്കിപ്പോൾ “
“അരുന്ധതി, ഞാൻ പറയുന്നതൊന്ന് കേൾക്കൂ “
“ഈ വിഷയത്തെപറ്റി ഇനി സംസാരിക്കേണ്ട, എനിക്ക് കേൾക്കാൻ താല്പര്യം ഇല്ല “
അരുന്ധതി അവിടെ നിന്ന് എഴുന്നേറ്റു പോയി. വിനോദ് അവിടെ ജോയിൻ ചെയ്തിട്ട് ആറു മാസം ആയതേയുള്ളൂ, തന്നേക്കാളും രണ്ടു വയസിനു ഇളയതായത് കൊണ്ട് അവൻ തന്നെ ഒരു ചേച്ചിയെപ്പോലെ കരുതുമെന്ന് അരുന്ധതി വിചാരിച്ചു, അതുകൊണ്ടാണ് തന്റെ ജീവിതത്തിൽ നടന്ന പ്രശ്നങ്ങൾ വിശ്വസിച്ചു അവനോട് പറഞ്ഞത്, പക്ഷേ അതെല്ലാം തുറന്ന് പറഞ്ഞതിന് ശേഷം വിനോദ് അരുന്ധതിയെ വിവാഹം കഴിക്കാൻ താല്പര്യം ഉണ്ടെന്നു അറിയിച്ചു. തന്നാലാവും വിധം അവൾ എതിർത്തെങ്കിലും അവൻ തന്റെ തീരുമാനത്തിൽ നിന്ന് പിന്മാറിയില്ല.
നാലു മണിക്ക് ഓഫീസിൽ നിന്ന് ഇറങ്ങുമ്പോൾ വിനോദ് അവളോട് പറഞ്ഞു.
“ഞാൻ റെയിൽവേ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാം”
“വേണ്ട, ഞാൻ നടന്നു പൊയ്ക്കോളാം “
അവിടുന്ന് അഞ്ചു മിനിറ്റ് നടക്കാനുള്ള ദൂരം ഉണ്ട് റെയിൽവേ സ്റ്റേഷനിലേക്ക്. അരുന്ധതി സൈഡ് സീറ്റിൽ വന്നിരുന്നു പുറത്തെ കാഴ്ച്ചകളിൽ ശ്രദ്ധിച്ചിരിക്കുമ്പോളാണ്, ‘ഒരു ചെറുപ്പക്കാരനും ചെറുപ്പക്കാരിയും’ താൻ ഇരിക്കുന്ന കംപാർട്ട്മെന്റിലേക്ക് കടന്നു വരുന്നത് കണ്ടത്, അത് തന്റെ ആദ്യഭർത്താവ് ആണെന്ന് തിരിച്ചറിഞ്ഞതും അരുന്ധതി ബാഗിൽ നിന്ന് ബുക്ക് എടുത്തു വായന തുടങ്ങി, അവരെ ശ്രദ്ധിക്കാതെ അവൾ വായന തുടർന്നു. ‘കറുമ്പി ‘ എന്ന വിളി കാതിൽ വീണ്ടും വീണ്ടും കേൾക്കുന്നത് പോലെ അവൾക്ക് തോന്നി.
ട്രെയിൻ മുന്നോട്ട് പൊയ്ക്കോണ്ടിരിക്കുമ്പോൾ അരുന്ധതിയുടെ മനസ്സ് പിന്നിലേക്ക് സഞ്ചരിച്ചു. അച്ഛന്റെ സുഹൃത്തിന്റെ മകൻ ആയത് കൊണ്ട് രാജീവിനെ അരുന്ധതിയുടെ വീട്ടിൽ എല്ലാവർക്കും ഇഷ്ടമായിരുന്നു. അരുന്ധതി ഡിഗ്രി കഴിഞ്ഞപ്പോൾ മുതൽ അവൾക്ക് പല ആലോചനകൾ വന്നെങ്കിലും ഒന്നും ശരിയായില്ല, തുടർന്ന് പഠിക്കണമെന്നു അച്ഛനോട് പറഞ്ഞപ്പോൾ അദ്ദേഹം അതിന് സമ്മതിച്ചു . അവൾ എംബിഎ കഴിഞ്ഞു നില്കുമ്പോളാണ് അരുന്ധതിയുടെ അച്ഛൻ രാജീവിനോട് തന്റെ മകളെ വിവാഹം കഴിക്കാമോ എന്ന് ചോദിക്കുന്നത്, അരവിന്ദന്റെ വിവാഹം കഴിഞ്ഞിട്ടുo അവൾക്ക് വിവാഹം നടക്കാത്തതിലുള്ള മനപ്രയാസത്തിലാണ് അച്ഛൻ അങ്ങനെ ചോദിച്ചത്. രാജീവിന്റെ അച്ഛന്റെ സമ്മർദ്ദം മൂലം അവൻ ആ വിവാഹത്തിന് സമ്മതിച്ചു,
ടൗണിൽ ചെറിയ രീതിയിൽ ഹോം അപ്ലയൻസസിന്റെ ഒരു ഷോപ്പ് നടത്തുകയായിരുന്നു രാജീവ്, ആ കട വിപുലപ്പെടുത്താനുള്ള പണം അരുന്ധതിയുടെ അച്ഛൻ കൊടുത്തു. പിന്നീട് തിടുക്കത്തിൽ എല്ലാം നടന്നു, പെണ്ണുകാണാൻ വന്നപ്പോൾ രാജീവിനോട് തന്നെ ഇഷ്ടപെട്ടിട്ടാണോ വിവാഹത്തിന് സമ്മതിക്കുന്നതെന്ന് ചോദിക്കണമെന്ന് അരുന്ധതിയ്ക്ക് ആഗ്രഹം ഉണ്ടായിരുന്നു. എന്നാൽ അവനോട് തനിച്ചു സംസാരിക്കാനുള്ള ഒരവസരവും അവൾക്ക് ലഭിച്ചില്ല, എൻഗേജ്മെന്റ് കഴിയുമ്പോൾ സാധാരണ എല്ലാ ചെറുപ്പക്കാരും ഫോണിൽ സംസാരിക്കുന്നത് പതിവാണ്, എന്നാൽ രാജീവ് ഒരിക്കൽപോലും അവളെ ഫോണിൽ വിളിച്ചു സംസാരിച്ചിട്ടില്ല. അച്ഛനോട് അതിനെപറ്റി സൂചിപിച്ചപ്പോൾ രാജീവിന്റെ കട വിപുലപ്പെടുത്തുന്നത് കൊണ്ട് അവൻ തിരക്കിലായിരിക്കും എന്ന് പറഞ്ഞു അച്ഛൻ സമാധാനിപ്പിച്ചു.
രാജീവിന്റെയും അരുന്ധതിയുടെയും വിവാഹം നടന്നു, വളരെ ആർഭാടമായിട്ടാണ് ആ വിവാഹം നടന്നത്. ‘നിലവിളക്കിന്റെ അടുത്ത് കരിവിളക്ക് കത്തിച്ചു വച്ചത് പോലെ’ ഉണ്ടെന്ന് വിവാഹത്തിനെത്തിയ ആളുകൾ തങ്ങളെ നോക്കി അടക്കം പറയുന്നത് അരുന്ധതി കേട്ടു.
ഒരുപാട് പ്രതീക്ഷകളോടെ അവൾ രാജീവിന്റെ വീട്ടിലേക് വലതുകാൽ വച്ചുകയറി. എന്നാൽ തന്റെ ജീവിതത്തിലെ എല്ലാ സന്തോഷങ്ങളും അവസാനിച്ചു എന്ന് പതിയെ അവൾ മനസിലാക്കി.
ആദ്യരാത്രിയിൽ മദ്യപിച്ചു ലക്ക് കേട്ടാണ് രാജീവ് മണിയറയിൽ എത്തിയത്. ആടിയുലഞ്ഞ കാലുകളുമായി അവൻ വരുന്നത് കണ്ടപ്പോൾ തന്നെ അരുന്ധതിയ്ക്ക് പരിഭ്രമമായി. കിടക്കയിൽ ഒരു വശത്തു സങ്കടത്തോടെ അവൾ ഇരുന്നു. രാജീവ് അവളെ നോക്കിയിട്ട് പറഞ്ഞു.
” ആദ്യമായിട്ടാണ് കുടിക്കുന്നത്, കൂട്ടുകാർ നിർബന്ധിച്ചപ്പോൾ ഒരു ധൈര്യത്തിനു വേണ്ടി.. “
അവൾ ഒന്നും മിണ്ടിയില്ല. രാജീവ് കിടക്കയിലേക്ക് വീണു, പെട്ടന്ന് തന്നെ ഉറക്കമായി, അരുന്ധതി നിറകണ്ണുകളോടെ അവനെ നോക്കി, പിന്നെ ബെഡിൽ ഒരു സൈഡിൽ കിടന്നു. പാതിമയക്കത്തിൽ രാജീവ് എന്തോ പിച്ചും പേയും പറയുന്നത് പോലെ തോന്നിയപ്പോൾ അരുന്ധതി കിടക്കയിൽ എഴുന്നേറ്റിരുന്നു.
“ഈ കറുമ്പിയെ കെട്ടി എന്റെ ജീവിതം നശിപ്പിച്ചു എല്ലാരും കൂടെ, നാലു പേരുടെ വെളിച്ചത്തു ഇവളെ എന്റെ ഭാര്യ എന്നും പറഞ്ഞു കൊണ്ട് പോകാൻ പറ്റുമോ… “
അവൻ പിന്നെയും എന്തൊക്കെയോ പറഞ്ഞു. അരുന്ധതിയ്ക്ക് ശ്വാസം മുട്ടുന്നത് പോലെ തോന്നി, അവൻ പറയുന്നത് കേൾക്കാൻ ശക്തിയില്ലാതെ അവൾ ഇരുകൈകളും കൊണ്ട് തന്റെ കാതുകൾ പൊത്തിപിടിച്ചു.
പിറ്റേന്ന് രാവിലെ ഒന്നും സംഭവിക്കാത്തത് പോലെ രാജീവ് പെരുമാറി, അഭിനയിക്കാൻ അരുന്ധതിയും പാടുപെട്ടു. തന്റെ നെഞ്ചിൽ തികട്ടി വന്ന സങ്കടം ആരും അറിയാതിരിക്കാൻ അവൾ നന്നായി പരിശ്രമിച്ചു. രാജീവിന്റെ മാതാപിതാക്കളും സഹോദരിയും അവളോട് സ്നേഹത്തോടെയാണ് പെരുമാറിയത്.
രാത്രിയിൽ, തന്റെ നേർക്ക് നീണ്ടു വരുന്ന അവന്റെ കരവലയങ്ങളിൽ ആശ്വാസം കണ്ടെത്താൻ അവൾക്ക് കഴിഞ്ഞില്ല, രാജീവ് അവളുടെ കാതുകളിൽ പതിയെ വിളിച്ചു “കറുമ്പി “. അതുകേട്ടതും അവളുടെ മിഴികൾ നിറഞ്ഞൊഴുകി. രാജീവിന് തന്നോട് സ്നേഹം ഇല്ലെന്നു അരുന്ധതി മനസിലാക്കിയിരുന്നു. രണ്ടു വീട്ടുകാരെയും ബോധിപ്പിക്കാൻ വേണ്ടിയുള്ള അഭിനയം മാത്രമായി അവരുടെ ജീവിതം.ഓരോ ദിവസം കഴിയുംതോറും രാജീവിനോടോപ്പമുള്ള ജീവിതം ദുസഹമായി അരുന്ധതിയ്ക്ക് തോന്നി. തരം കിട്ടുമ്പോളൊക്കെ അവളെ പരിഹസിക്കുന്നതായിരുന്നു അവന്റെ ശീലം, മറ്റാരും കേൾക്കാതെ അവളുടെ ചെവിയിൽ കറുമ്പി എന്ന് വിളിച്ചു അവൻ വേദനിപ്പിച്ചു. തന്റെ സങ്കടം ആരോടും പറയാൻ കഴിയാതെ അവൾ ഓരോ ദിവസവും തള്ളിനീക്കി.
വിശേഷം ഒന്നും ആയില്ലേ എന്ന് ബന്ധുക്കൾ എല്ലാവരും ചോദിച്ചു തുടങ്ങിയപ്പോൾ അതിനെപറ്റി അവൾ അവനോട് സംസാരിച്ചു.
“ഈ വീട്ടിൽ ഒരു കറുമ്പി ഉള്ളത് പോരാഞ്ഞിട്ടാണോ നീ പ്രസവിച്ചു ഇനിയും എണ്ണം കൂട്ടുന്നത്? “
രാജീവിന്റെ ചോദ്യത്തിനു മുൻപിൽ മനസ് പതറിയെങ്കിലും അരുന്ധതി അവനോട് ചോദിച്ചു.
“നിങ്ങൾക് വിവാഹത്തിനു മുൻപ് അറിയില്ലായിരുന്നോ ഞാൻ കറുത്തവളാണെന്ന്, നിങ്ങൾക് എന്നെ ഇഷ്ടമായില്ലെങ്കിൽ എന്തിനാ എന്നെ വിവാഹം കഴിച്ചത്? “
“അച്ഛൻ നിർബന്ധിച്ചതു കൊണ്ടു മാത്രം ഞാൻ സമ്മതിച്ചതു, അല്ലാതെ നിന്നെ കെട്ടി കുടുംബം നടത്താൻ ഞാൻ ആഗ്രഹിച്ചിട്ടില്ല “
“കുഞ്ഞുന്നാൾ മുതൽ എന്നെ അറിയാവുന്നതല്ലേ രാജീവേട്ടാ നിങ്ങൾക്, ഒരല്പം ദയവു എന്നോട് കാണിക്കാമായിരുന്നു. ആ വീട്ടിൽ ആർക്കും ഒരു ശല്യമാകാതെ ഞാൻ എങ്ങനെയെങ്കിലും ജീവിച്ചു പോയേനെ, എന്തിനാ എന്റെ ജീവിതം നശിപ്പിച്ചത്? “
“ഞാൻ നിന്റെ ജീവിതം നശിപ്പിച്ചില്ലല്ലോ? നാലഞ്ച് വർഷമായിട്ട് നിനക്ക് കല്യാണം നോക്കുവല്ലേ? ഒന്നും ശരിയായില്ലല്ലോ? അതുകൊണ്ടാണ് അച്ഛൻ പറഞ്ഞപ്പോൾ ഞാൻ സമ്മതിച്ചത്. ആരും ഇഷ്ടപ്പെടാത്ത നിന്നെ കെട്ടി നിനക്കൊരു ജീവിതം തന്നപ്പോൾ ഞാൻ നിന്റെ ജീവിതം നശിപ്പിച്ചു എന്ന് പറയുന്നോ? “
“ഇതാണോ ജീവിതം? ഇതിലും ഭേദം ഞാൻ ആ വീട്ടിൽ അവിവാഹിതയായി കഴിയുന്നതായിരുന്നു, എന്നെങ്കിലും എന്നെ മനസിലാക്കുന്ന ആരെങ്കിലും എന്നെ വിവാഹം കഴിച്ചെനെ “
“പിന്നെ, നിന്നെ കെട്ടാൻ വന്നേനെ രാജകുമാരൻ “
“എന്റെ തൊലി അല്പം കറുത്തു പോയി എന്നല്ലാതെ എനിക്ക് എന്താ കുഴപ്പം ഉണ്ടായിരുന്നത്? എനിക്ക് എന്തെങ്കിലും വൈകല്യം ഉണ്ടോ? “
“ഒരു വൈകല്യവും ഇല്ല, നിന്നെപ്പോലെ ഒരു കറുമ്പിയെ ആരു കെട്ടിക്കോണ്ട് പോകുമായിരുന്നു, ഞാൻ ഇല്ലായിരുന്നു എങ്കിൽ കാണാമായിരുന്നു “
“എന്റെ അച്ഛന്റെ കയ്യിലെ ക്യാഷ് വാങ്ങി നിങ്ങളുടെ ഷോപ്പിന്റെ പണി നടത്തി, സ്ത്രീധനം വാങ്ങാൻ വേണ്ടി മാത്രം നിങ്ങൾ എന്റെ ജീവിതം കുരുതി കൊടുത്തു”
“ഞാൻ കരുതിയത് പോലെയല്ല, നിനക്ക് നല്ല ബുദ്ധിയുണ്ട്, അതേ, നിന്റെ അച്ഛന്റെ ക്യാഷ് മാത്രമായിരുന്നു എന്റെ ലക്ഷ്യം, അല്ലാതെ നിന്നെപ്പോലെ ഒരുത്തിയെ കൂടെ കൊണ്ട് നടക്കാൻ എനിക്ക് ഒട്ടും താല്പര്യം ഇല്ല”
“ആവശ്യം കഴിഞ്ഞപ്പോൾ കറിവേപ്പില പോലെ എന്നെ വലിച്ചെറിഞ്ഞു കളയാമെന്ന് നിങ്ങൾ കരുതണ്ട, നിങ്ങൾ കെട്ടിയ താലി എന്റെ കഴുത്തിൽ ഉള്ളിടത്തോളം കാലം ഞാൻ ഈ വീട്ടിൽ നിങ്ങളുടെ ഭാര്യ ആയിതന്നെ ജീവിക്കും “
“ഈ വീട്ടിൽ നീ ജീവിക്കുമായിരിക്കും, പക്ഷേ ഭാര്യ എന്ന അവകാശവും പറഞ്ഞു എന്റെ കുഞ്ഞുങ്ങളെ പ്രസവിച്ചു വളർത്താമെന്ന് നീ വ്യാമോഹിക്കണ്ട “.
അരുന്ധതി തന്റെ വിധിയെ പഴിച്ചു ആ വീട്ടിൽ തന്നെ കഴിഞ്ഞു, രാജീവിന്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമെന്ന് അവൾ പ്രതീക്ഷിച്ചു. പക്ഷേ അവന്റെ കാഴ്ച്ചപ്പാടിനു മാറ്റമൊന്നും സംഭവിച്ചില്ല. രാത്രികളിൽ തന്റെ കാതുകളിൽ കറുമ്പി എന്ന് അവൻ ആവർത്തിച്ച് വിളിക്കുമ്പോൾ തന്റെ മനസ്സിനേറ്റ മുറിവിൽ നിന്നും രക്തം വാർന്നൊഴുകുന്നത് അവൾ അറിഞ്ഞു. അവന്റെ ആഗ്രഹ സഫലീകരണത്തിനുള്ള ഒരു യന്ത്രം മാത്രമായി താൻ മാറുകയാണ് എന്ന് അരുന്ധതിയ്ക്ക് തോന്നി. ഒടുവിൽ മനസിന്റെ നിയന്ത്രണം വിട്ടു പോകുമെന്ന് തോന്നിയപ്പോൾ ആരോടെങ്കിലും ഇതെല്ലാം തുറന്നു പറയണമെന്ന് തോന്നി അവൾ സ്വന്തം വീട്ടിലെത്തി. ജലജ രണ്ടാമത്തെ കുഞ്ഞിന്റെ ഡെലിവറി കഴിഞ്ഞിട്ടു, അവളുടെ വീട്ടിൽ നിൽക്കുകയായിരുന്നു . അച്ഛനും ഏട്ടനും അവിടെ ഇല്ലാത്ത സമയം ആയതുകൊണ്ട് അവൾ മനസ്സ് തുറന്നു അമ്മയോട് സംസാരിച്ചു. എന്തോ ആവശ്യത്തിന് വേണ്ടി ടൗണിൽ പോയിട്ട് തിരികെ വരുകയായിരുന്ന അരുന്ധതിയുടെ അച്ഛൻ വീടിനുള്ളിലേക്ക് കയറാൻ തുടങ്ങിയപ്പോളാണ് അരുന്ധതിയും തന്റെ ഭാര്യയും തമ്മിൽ ഉള്ള സംഭാഷണം കേൾക്കുന്നത്. പുറത്തു നിന്ന് അയാൾ അവർ പറയുന്നത് മുഴുവൻ ശ്രദ്ധിച്ചു. വിവാഹത്തോടെ തന്റെ മകൾ അനുഭവിക്കുന്ന കഷ്ടപ്പാടുകളെ പറ്റി ഓർത്തപ്പോൾ അയാളുടെ നെഞ്ചു പൊട്ടിപ്പോയി. അയാൾ നെഞ്ചിൽ കൈ വച്ചു കൊണ്ട് നിലത്തെക്ക് വീണു.
അരുന്ധതിയുടെ അച്ഛനെ കാർഡിയാക് ഐസിയുവിൽ അഡ്മിറ്റാക്കി. ഇടയ്ക് ബോധം തെളിഞ്ഞപ്പോൾ അയാൾ അരുന്ധതിയെ കാണണം എന്നാവശ്യപെട്ടു. അവളുടെ കൈകൾ ചേർത്ത് പിടിച്ചു വിറയാർന്ന സ്വരത്തിൽ അച്ഛൻ പറഞ്ഞു.
“മോളെ, ഞാൻ ചെയ്ത തെറ്റിന് എനിക്ക് പരിഹാരം ചെയ്യണം, അവനോടൊപ്പമുള്ള ജീവിതം ഇനിയെന്റെ മോൾക് വേണ്ട “.
പിന്നീട് എല്ലാം വളരെ പെട്ടന്നായിരുന്നു. അച്ഛൻ ഹോസ്പിറ്റലിൽ കിടക്കുമ്പോൾ തന്നെ അരുന്ധതിയും രാജീവും തമ്മിലുള്ള ഡിവോഴ്സിനു ഫയൽ ചെയ്തു. വിവാഹം കഴിഞ്ഞിട്ടു ഒരു വർഷം തികയാത്തത് കൊണ്ട് കൌൺസിലിംഗ് കൊടുത്തു ഒരുമിച്ച് ജീവിക്കാൻ ഉപദേശിച്ചു. പക്ഷേ അവർ ഡിവോഴ്സിന്റെ ഫോര്മാലിറ്റിസുമായി മുന്നോട്ടു പോയി. കോടതിയിൽ കേസ് നടന്നു കൊണ്ടിരിക്കുമ്പോൾ രണ്ടാമത് ഒരു അറ്റാക്ക് കൂടി വന്നു അരുന്ധതിയുടെ അച്ഛൻ മരിച്ചു .
ഒരു വർഷത്തിനു ശേഷവും തുടർന്ന് ഒരുമിച്ച് ജീവിക്കാൻ സാധ്യമല്ല എന്ന് ഇരുവരും പറഞ്ഞത് പ്രകാരം കോടതിയിൽ നിന്ന് ഡിവോഴ്സ് അനുവദിച്ചു. ആറു മാസത്തിനകം രാജീവ് മറ്റൊരു വിവാഹം കഴിച്ചു. അവന്റെ ആഗ്രഹം പോലെ ബാഹ്യസൗന്ദര്യത്തിൽ ആരും ആകർഷയാകുന്ന ഒരു സുന്ദരിയായിരുന്നു അവന്റെ ഭാര്യ. ഡിവോഴ്സിന് ശേഷം രാജീവിനെ കാണാൻ പോലും അരുന്ധതി ആഗ്രഹിച്ചിരുന്നില്ല, അവന്റെ മുഖം ഓർക്കുമ്പോൾ തന്നെ കാതിൽ കറുമ്പി എന്ന വിളി മുഴങ്ങി കേൾക്കുന്നു.
അരുന്ധതിയ്ക്ക് ഇറങ്ങാനുള്ള സ്റ്റോപ്പ് എത്തിയിരുന്നു. അവൾ പതിയെ എഴുന്നേറ്റു. രാജീവ് ഭാര്യയുടെ കൈ പിടിച്ചു പുറത്തേക്കു നടന്നു. അരുന്ധതിയുടെ മനസ്സിൽ എവിടെയോ ഉണങ്ങാത്ത ആ മുറിവിൽ നിന്നും വീണ്ടും രക്തം വാർന്നു തുടങ്ങി .
റെയിൽവേ സ്റ്റേഷനിൽ ഏട്ടനെ വെയിറ്റ് ചെയ്തു നിൽകുമ്പോൾ അരുന്ധതിയുടെ ഫോൺ റിങ് ചെയ്തു. അവൾ ഫോൺ എടുത്തു നോക്കി, വിനോദ് ആണ് വിളിക്കുന്നത്, താൻ സുരക്ഷിതയായി എത്തിയോ എന്നറിയാനുള്ള വിളിയാണ്, അവന്റെ കാൾ കാണുമ്പോൾ തന്നെ കട്ട് ആക്കുകയാണ് പതിവ്, എന്നാൽ പതിവില്ലാതെ അവൾ ആ കാൾ അറ്റൻഡ് ചെയ്തു .
“ഹലോ “
“ഹലോ, അരുന്ധതി, നീ ഫോൺ എടുക്കുമെന്ന് ഞാൻ കരുതിയില്ല “
“എടുക്കില്ല എന്നറിയാമെങ്കിൽ പിന്നെ എന്തിനാ വിളിക്കുന്നത്? “
“നീ കാൾ കട്ട് ആക്കി വിടുമ്പോൾ എനിക്ക് അറിയാമല്ലോ, അവിടെ എത്തിയെന്നു “
“നിനക്ക് ശരിക്കും വട്ടാണോ വിനൂ? “
” ഇത് വട്ടല്ല, നിന്നോടുള്ള സ്നേഹം ആണ് അരുന്ധതി, എന്നെങ്കിലും നീയത് മനസിലാക്കും “
അരുന്ധതി കാൾ കട്ട് ചെയ്തു.
ഞായറാഴ്ച, ജലജയുടെ ബന്ധത്തിൽ ഉള്ള ഒരാൾ അരുന്ധതിയെ പെണ്ണ് കാണാൻ വന്നു. ഏകദേശം 40 വയസിനു അടുത്ത് പ്രായം തോന്നിക്കുന്ന ഒരാൾ, അയാളുടെ മദ്യപാനശീലം കാരണം ആദ്യഭാര്യ ആത്മഹത്യ ചെയ്തതാണ്. അരവിന്ദനോടോ അമ്മയോടോ അനുവാദം ചോദിക്കാതെയാണ് ജലജ അയാളെ വിളിച്ചു വരുത്തിയത്. വീട്ടിൽ വന്ന അതിഥിയെ അപമാനിച്ചു അയയ്ക്കണ്ട എന്ന് കരുതി അമ്മ അയാൾക് ചായയുമായി വന്നു. ജലജ അവരോട് പറഞ്ഞു.
“അരുന്ധതിയെ വിളിക്ക് അമ്മേ “
ചായ എടുത്തിട്ട്, വഷളചിരിയോടെ അയാൾ പറഞ്ഞു
“ഇത്ര നാണിക്കാൻ എന്തിരിക്കുന്നു? അവൾക്കും രണ്ടാം കല്യാണം, എനിക്കും രണ്ടാം കല്യാണം, ഇങ്ങോട്ട് വരാൻ പറയൂ “
അരവിന്ദന് ദേഷ്യം വന്നു, അയാൾ ശബ്ദമുയർത്തി പറഞ്ഞു.
“ഞങ്ങൾക്ക് ഈ കല്യാണത്തിനു താല്പര്യം ഇല്ല, ജലജ ഞങ്ങളോട് പറയാതെയാണ് നിങ്ങളെ വിളിച്ചു വരുത്തിയത്, പറഞ്ഞിരുന്നുവെങ്കിൽ ഈ വരവ് ഒഴിവാക്കാമായിരുന്നു”
അയാൾ അപമാനിതനായതിന്റെ ദേഷ്യത്തിൽ പുറത്തേക്കു പോയി, ജലജ എല്ലാവരോടും ആയി പറഞ്ഞു.
“ഇവളെ കെട്ടാൻ വരും ബ്രിട്ടനിലെ രാജകുമാരൻ, കാത്തിരുന്നോ, അമ്മയും ആങ്ങളയും, ഇത്രയൊക്കെ സംഭവിച്ചിട്ടുo നിങ്ങളുടെയൊന്നും അഹങ്കാരത്തിനു ഒരു കുറവും ഇല്ലല്ലോ, ഇവൾ ഇവിടെ നിന്ന് നമ്മുടെ ജീവിതത്തിനു ഒരു ബാധ്യതയാകും, നോക്കിക്കോ “
ജലജയുടെ സംസാരം കേട്ട് അരവിന്ദന്റെ ദേഷ്യം ഇരട്ടിച്ചു, അവൻ ജലജയുടെ ഇടതു കവിളിൽ ആഞ്ഞടിച്ചു.
“ആ പെണ്ണ് നിനക്കെന്തു ദ്രോഹമാണ് ചെയ്യുന്നത്? അവൾ ജോലിക്ക് പോയല്ലേ ജീവിക്കുന്നത്? എന്നിട്ടും അവൾക്കൊരു സമാധാനവും കൊടുക്കാതെ നീ എന്തിനാ എങ്ങനെ ശല്യപെടുത്തുന്നത്?”
ജലജ കരഞ്ഞു കൊണ്ട് അകത്തേക്കു കയറിപ്പോയി, അതിനിടയിൽ അവൾ പിറുപിറുത്തു.
“എന്നെ തല്ലിയിട്ടൊന്നും കാര്യമില്ല, ഞാൻ പറഞ്ഞത് സത്യമാണ്, അവൾ കാരണം എന്റെ ജീവിതം നശിക്കും, എനിക്ക് ഉറപ്പാണ് “
അരുന്ധതിയുടെ മിഴികൾ നിറഞ്ഞൊഴുകി. അരവിന്ദനും സങ്കടം വന്നു. അവൻ അവളെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു. തന്റെ കിടക്കയിൽ വീണു കരയുമ്പോൾ അരുന്ധതിയുടെ മനസ്സിൽ വിനോദിന്റെ മുഖം തെളിഞ്ഞു വന്നു, അതേ സമയം കാതുകളിൽ രാജീവിന്റെ ‘കറുമ്പി ‘ എന്ന വിളി മുഴങ്ങുന്നു. അവൾ കാതുകൾ പൊത്തിപിടിച്ചു.
ബാക്കിഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….