കഥ
Story written by NAVAS AMANDOOR
“ഇക്കാ ഒരു കഥ പറയോ…?”
മൊബൈലിൽ നോക്കിക്കിടക്കുന്ന നിസാറിന്റെ ഒരു കൈയിൽ തലവെച്ച് നെഞ്ചിൽ വിരലോടിച്ച സുലുവിന്റെ ചോദ്യം കേട്ടപ്പോൾ നിസാർ അവളുടെ അടുത്തേക്ക് മുഖം ചെരിച്ചു.
കാണുന്നതിലും കേൾക്കുന്നതിലും കഥകൾ മാത്രം തേടുന്ന അയാളുടെ മനസ്സിൽ അവളോട് പറയാൻ കഥയില്ല.
“എനിക്ക് ഉറക്കം വരുന്നു സുലു..”
“ഇക്കാ രാത്രി എട്ട് മണി കഴിഞ്ഞാൽ എത്രയും വേഗം പണികൾ തീർക്കാനുള്ള പെടച്ചിലാണ്.എന്തിനാണെന്ന് അറിയോ..?”
“ഇല്ലല്ലോ…”
“ഇക്ക ഉറങ്ങും മുൻപ് ഇക്കയുടെ അടുത്തുവന്നു കിടക്കാൻ.. എന്നിട്ട് ഇയാള് ഓരോന്ന് പറയുന്നത് കേട്ടുറങ്ങാൻ.. ഞാൻ ഉറങ്ങും മുൻപേ ഇക്കയുറങ്ങുന്ന രാത്രികളിൽ എത്ര അസ്വസ്ഥമാണ് എന്റെ ഉറക്കം.”
“പറ… ഇന്നെന്റെ കുട്ടിക്ക് ഞാൻ ആമയുടെയും മുയലിന്റെയും കഥ പറഞ്ഞു തരട്ടെ…?”
അത് കേട്ട് സുലു ചിരിച്ചു. ആ ചിരിക്കൊപ്പം നിസാറും ചിരിച്ചു.
ആ സമയം നിസാർ അവളോട് മാത്രം പറയാൻ മനസ്സിന്റെ നിലവറയിൽ നിന്നും ഒരു കഥ കണ്ടെടുത്തു.
“സുലു കഥ പറയട്ടെ…?”
“പറഞ്ഞോ…”
“ഒരിടത്ത് ഒരു വീട്ടിൽ ഒരു പെൺകുട്ടി ജനിച്ചു. ആ കുട്ടി ജനിക്കും മുൻപേ അവൾക്കായി അവനും ജനിച്ചിരുന്നു.”
“പ്രണയകഥയാണോ….? ഇങ്ങക്ക് ഇപ്പൊ ഇത്തിരി പഞ്ചാര കൂടിയിട്ടുണ്ട് ട്ടാ..”
‘”അത് കഥയിൽ അല്ലേ…? എന്നിട്ട് അവർ രണ്ട് പേരും രണ്ടിടത്ത് പഠിച്ചു വളർന്നു വലുതായി.. വലിയ കുട്ടികളായപ്പോൾ അവന് ഒരു പെണ്ണ് കെട്ടാൻ തോന്നി. അവൻ പലയിടത്തും പെണ്ണുകാണാൻ പോയി. ആരെയും ഇഷ്ടമായില്ല. അവളെയും ആരൊക്കെയോ വന്ന് കണ്ടു. അവൾക്കും ആരെയും ഇഷ്ടമായില്ല. “
“അതെന്താ ഇക്കാ അങ്ങനെ…?”
“അവൻ അവളുടേതല്ലെ…? ഒരു നാൾ അവൻ അവളെ കാണാനെത്തി. കണ്ടപ്പോൾ തന്നെ രണ്ടാൾക്കും പരസ്പരം ഇഷ്ടമായി. അവളെ കാണാൻ ചെന്നപ്പോൾ അവൻ ശരിക്ക് മുഖം കണ്ടില്ല. അവളോട് നല്ലോണം മിണ്ടിയില്ല.. എന്നിട്ടും അവന് അവളെ ഇഷ്ടമയതു പോലെ അവൾക്കും ഇഷ്ടമായി.”
“എന്നിട്ട്…?”
“അവളുടെ വീട്ടുകാർ പറഞ്ഞു… നമുക്ക് വേറെ നോക്കാമെന്ന്.. പക്ഷെ അവൾ സമ്മതിച്ചില്ല. അവന്റെ കട്ടമീശയും കുഞ്ഞിക്കണ്ണുകളും അവൾ സ്വന്തമാക്കിയിരുന്നു. ആരും കാണാതെ അവൾ അവനെത്തന്നെ കിട്ടാൻ നിസ്ക്കാരപ്പായയിൽ ഇരുന്ന് പടച്ചവനോട് പ്രാർത്ഥിച്ചു.”
“പാവല്ലേ ഇക്കാ ആ കുട്ടി…”
“ആ പ്രാർത്ഥനയുടെയും ആഗ്രഹത്തിന്റെയും അവസാനത്തിൽ അവളെ അവൻ നിക്കാഹ് ചെയ്തു.”
“ആഹാ.. ഇനിയിപ്പോ നിക്കാഹ് കഴിഞ്ഞിട്ടുള്ള റൊമാൻസ് കഥയിൽ വേണ്ട… ഇങ്ങള് ചുമ്മാ പറഞ്ഞു മനുഷ്യനെ കൊതിപ്പിക്കും.”
“എന്നാ പോട്ടെ… അവരുടെ കല്യാണം കഴിഞ്ഞു വർഷങ്ങൾ കഴിഞ്ഞുപോയി.”
“അപ്പൊ അവർക്ക് കുട്ടികൾ ഇല്ലേ..?”
“ഇല്ല.ആദ്യം രണ്ടും കൂടി ഇപ്പൊ കുട്ടികൾ വേണ്ടെന്ന് തീരുമാനിച്ചു. പിന്നെ കുട്ടികളെ വേണെന്ന് ആയപ്പോൾ കിട്ടിയതുമില്ല.രണ്ടാൾക്കും കുട്ടികളെ ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ടാവും അവർക്ക് കുട്ടികളെ കൊടുക്കാതെ പടച്ചോൻ പരീക്ഷിച്ചത്. പ്രാർത്ഥനയും മരുന്നും മന്ത്രവുമായി കണ്ണീരിൽ നനഞ്ഞ ദിനരാത്രങ്ങളിൽ പ്രതീക്ഷ നഷ്ടമായെങ്കിലും…’
“പറ… ഇക്ക… ബാക്കി.”
“ഒരുനാൾ അവളുടെ ഉള്ളിൽ അവന്റെ കുഞ്ഞി ജീവൻ മൊട്ടിട്ടു. അന്നവൾ അതവനോട് നാണത്തോടെ.. സന്തോഷത്തോടെ പറഞ്ഞപ്പോൾ അവന്റെ മുഖം വിടർന്ന് പതിനാലാം നിലാവുപോലെ തിളങ്ങി..”
“ഇക്കാ.. അതിന് മുൻപും ശേഷവും അത്രയും ഭംഗിയോടെ എന്റെ ഇക്കാടെ മുഖം ഞാൻ കണ്ടിട്ടില്ല.. സത്യം.”
“പൊട്ടി… കഥയുടെ ട്വിസ്റ്റ് നശിപ്പിച്ചു..”
“ഞാൻ ഒന്നും മിണ്ടുന്നില്ല.. ബാക്കി പറ.”
“ഇനി ഈ കഥയിൽ എനിക്ക് പറയാൻ കുറച്ചേയുള്ളൂ.. അവൾ തരുന്ന സ്‌നേഹവും പ്രണയവും അതെ അളവിൽ തിരിച്ചു കൊടുക്കാൻ കഴിഞ്ഞിട്ടില്ലെന്ന് അവന് എപ്പോഴും തോന്നും.അവളുടെ കണ്ണുകൾ നിറയരുതെന്ന് ആഗ്രഹിക്കുന്നുണ്ടങ്കിലും നടക്കാറില്ല.. അവളുടെ സന്തോഷത്തിന് വേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ലല്ലോയെന്ന് അവന്റെ മനസ്സ് ഇടക്കിടെ അവനോട് പറയും..”
“ഇക്കാ വേണ്ടാട്ടോ.. ഞാൻ ഹാപ്പിയാണ്.”
“പിന്നെന്തിനാ നിന്റെ കണ്ണ് നിറയുന്നത്…?”
“ഇല്ലല്ലോ…”
“ഉണ്ടല്ലോ…”
അവൻ സുലുവിന്റെ കണ്ണുകളിലെ കണ്ണീർ വിരലുകൾ കൊണ്ടുതുടച്ചു.
“ഈ ഇരുട്ടിൽ ഇക്കയെങ്ങനെ കണ്ട് എന്റെ കണ്ണ് നിറഞ്ഞത്…?”
“ഞാൻ നിന്നോട് പറഞ്ഞ കഥയിൽ ആദ്യം പറഞ്ഞില്ലേ സുലു.. ഞാൻ ഈ ഭൂമിയിൽ നിനക്കു മുൻപേ ജനിച്ചത് നിനക്ക് വേണ്ടിയാണെന്ന്…. അപ്പൊപിന്നെ നിന്നെ ഞാൻ അറിയുന്ന പോലെ വേറെ ആരാ കാണുകയും അറിയുകയും ചെയ്യാ..?”
പിന്നെ കുറച്ചു നേരത്തെ മൗനം. അതിനിടയിൽ സുലു ഉറങ്ങി. അവളങ്ങനെ സമാധാനത്തോടെ ഉറങ്ങിയപ്പോൾ നിസാർ അവളുടെ തലമുടയിൽ പതുക്കെ തലോടി അവളെ ചേർത്തുപിടിച്ചു.
നവാസ് ആമണ്ടൂർ.