കോടീശ്വരന്റെ മലയാളി മരുമകൾ
എഴുത്ത്: ഷാജി മല്ലൻ
നില കണ്ണാടിയ്ക്കുമുമ്പിൽ കുളിച്ചു ഈറനായി നിൽക്കുമ്പോൾ അവൾക്ക് അവളോട് തന്നെ ചെറിയ കുശുമ്പ് തോന്നി. ഡിഗ്രി പഠനം കഴിഞ്ഞതിന്റെ സിൽവർ ജൂബിലി ആയെങ്കിലും യൗവ്വനം തന്നിൽ നിന്ന് വിട പറഞ്ഞിട്ടില്ല. അല്ലേലും ഈ സൗന്ദര്യമാണ് അവൾക്ക് ഉയരങ്ങൾ കീഴടക്കാൻ സാധിച്ചത്.
അരിഷ്ടിതയാർന്ന ബാല്യം സ്വപനത്തിൽ പോലും ഇപ്പോൾ അവളെ ഓർമ്മിപ്പിക്കുന്നില്ല. ഇന്ന് തന്റെ കൂട്ടുകാരുടെ അസൂയാർന്ന മുഖങ്ങൾ തനിക്കു നേരെ ഉയർന്നു വരുമെന്നോർത്തപ്പോൾ അവളുടെ മേലാസകലം ഒരു കുളിരു കോരി.
സമയമെടുത്ത് ഒരുങ്ങിയാണ് അവൾ പഞ്ചനക്ഷത്ര ഹോട്ടലിലെ റെസ്റ്റോറന്റിലേയ്ക്ക് പ്രവേശിച്ചത്. റെസ്റ്റോറിന്റെ ശ്രദ്ധ തന്നിലേക്കാണെന്ന് മനസ്സിലായെങ്കിലും അവൾക്ക് അത്ഭുതം തോന്നിയില്ല.രാജ്യത്തെ ശതകോടീശ്വര കുടുംബത്തിന്റെ മരുമകളാണ് താനിപ്പോ!!! ഭർത്താവും ചേട്ടനും ഭർതൃപിതാവും എല്ലാം രാജ്യത്തിന്റെ വളയം പിടിക്കുന്നവരുടേയും മുമ്പു പിടിച്ചവരുടേയുമൊക്കെ വിശ്വസ്തർ!!!
സിൽവർ ജൂബിലി നടക്കുന്ന ഹാളിലേക്ക് ജാഗ്വറിൽ ഒഴുകി നീങ്ങുമ്പോൾ പഴയ സതീർത്ഥ്യരുടെ മുഖങ്ങൾ അവളുടെ മനസ്സിലൂടെ മിന്നിമറഞ്ഞു. അന്ന് പഠിച്ച് റാങ്കു വാങ്ങിച്ച പലരും ഇന്ന് കോളേജിൽ തന്നെ അധ്യാപകരായിട്ടുണ്ട്. കുറച്ചുപേർ പ്രവാസികളായും പ്രവാസികളുടെ ഭാര്യമാരായും കഴിഞ്ഞുകൂടുന്നു. ഇതെല്ലാം അന്നത്തെ റൂം മേറ്റ് സുഷമയുടെ ഫോൺ വിശേഷങ്ങളിൽ അറിഞ്ഞതാണ്.
കൂട്ടുകാര്യമായുള്ള സല്ലാപങ്ങളിൽ അവളിലെ കോടിശ്വരി ഇടയ്ക്കിടക്ക് പൊന്തി വന്നെങ്കിലും വർഷങ്ങൾക്ക് മുമ്പ് അവർക്കു നഷ്ടപെട്ട ഒരു മനോസുഖം തന്നിൽ നിറഞ്ഞു തുളുമ്പുന്നതായി അവൾക്ക് തോന്നി!.
ഓരോരുത്തരേയും പരസ്പരം പരിചയ പെടുത്തുന്ന വേളയിൽ കോളേജിനു ശേഷമുള്ള അവളുടെ ജൈത്രയാത്ര കോളിവുഡും ബോളിവുഡും കടന്ന് ഗുജറാത്തി ബിസിനസ് കുടുംബത്തിൽ എത്തിച്ചേർന്നതു വരെയുള്ള വിശേഷങ്ങൾ ഭാവന പൂർണ്ണമായി സുഷമ വിവരിച്ചപ്പോൾ അവൾ ആ ഓർമ്മകളുടെ പൊള്ളലേറ്റ് കുറച്ചുനേരം അനക്കമറ്റി രുന്നു. പിന്നെ വർദ്ധിത ദാഹത്തോടെ മിനറൽ വാട്ടർ അടപ്പു തുറന്ന് വായിലേക്ക് കമഴ്ത്തി..
ഓരോ വിജയങ്ങൾക്കു പുറകിലും വെള്ളം രക്തമാക്കുന്ന അശ്രാന്ത പരിശ്രമം ഉണ്ടാകുമെന്ന എച്ച്.ഒ.ഡിയുടെ വാക്ക് അവളിലുണ്ടാക്കിയ വിയർപ്പ് തുവാല കൊണ്ടവൾ തുടച്ചു നീക്കി…. ആരും കാണാതെ!!
കരൾ മാറ്റിവെയ്ക്കുവാൻ സഹപാഠിയെ സഹായിക്കുവാൻ കൂടി ചേർന്നവർ തീരുമാനിച്ചപ്പോൾ അവളിലെ കോടീശ്വരി അകമേ ചിരിച്ചു.. ആരു കൊടുക്കുന്നതിനേക്കാളും കൂടുതൽ തുക കൊടുത്ത് ഇവരെ ഞാനിപ്പോൾ വിസ്മയിപ്പിക്കും!!!
അവൾ കാറിലിരിക്കുന്ന പി എ യെ വിളിച്ചു സദസ്സിന്റെ കോർണറിലേയ്ക്ക് ചെക്കുബുക്കുമായി വരാൻ പറഞ്ഞു. തിടുക്കപെട്ട് അവളുടെ അരികിരിലേയ്ക്ക് വന്ന പി എ ചെക്കുബുക്ക് അടങ്ങിയ ബ്യാഗ് ഏൽപിച്ചു നിസ്സംഗതയോടെ പറഞ്ഞു…
” മേംസാബ് സേട്ട് ജി ഇന്നലെ പാപ്പർ സ്യൂട്ട് ഫയൽ ചെയ്തിരിക്കുന്നതു കൊണ്ട് നമുക്ക് ചെക്ക് ആർക്കും കൊടുക്കാൻ കഴിയില്ല.” അവൾക്കരിശം വന്നു. കള്ളനു കഞ്ഞി വെച്ചവൻ!. എന്നാൽ തൊട്ടു മുൻപ് വരെ,
രാജ്യം ഭരിക്കുന്ന പ്രധാനമന്ത്രിയെ കൊണ്ടു പോലും തന്നെ താണു വണങ്ങിപ്പിക്കുന്ന കോടീശ്വരൻ അമ്മാച്ചനെ കുറിച്ചോർത്ത് അഭിമാനിച്ചിരുന്ന അവളിലെ നടി പെട്ടന്ന് സടകുടഞ്ഞ് എഴുനേറ്റു…
“പ്രിയപ്പെട്ടവരെ രാജേഷിനെ പോലെയുള്ള കരൾ ട്രാൻസ്പ്ലാന്റേഷൻ പേഷ്യൻസിനെ സഹായിക്കാനായി ഞങ്ങളുടെ ബിസിനസ് കൺസോർഷ്യം ഒരു ഇനിഷ്യേറ്റീവ് തന്നെ തുടങ്ങിയിരിക്കുകയാണ്. ഞങ്ങളുടെ ടെലിക്കോം കമ്പനി പുതിയ ഒരു മെസേജ് ആപ് തന്നെ ഈ ലക്ഷ്യത്തിലേക്കായി ഇറക്കിയിരിക്കുന്നു. നിങ്ങളോരുത്തരും ആ ആപ് ഡൗൺലോഡ് ചെയ്തു ഈ ബൃഹത് സംരഭത്തിൽ പങ്കാളികളാകണം!!”
തന്റെ അമ്മായി അച്ഛനെ ഇടം വലം തന്തക്ക് വിളിക്കുന്ന മല്ലൂസിനെ കൊണ്ടു തന്നെ ആപ് ചലഞ്ച് ഏറ്റെടുപ്പിച്ചതിൽ അവൾ നിർവൃതി കൊണ്ടു.