നാത്തൂൻ
Story written by SUJA ANUP
“നീ ഇനി ഭക്ഷണം വലിച്ചെറിയുമോ, ഇനി അങ്ങനെ ചെയ്താൽ ഞാൻ ഭക്ഷണം തരില്ല..”
നാത്തൂൻ മകളെ വഴക്കു പറയുന്നത് കണ്ടുകൊണ്ടാണ് ഞാൻ അവിടേക്കു കയറി വന്നത്. തൊടിയിൽ നിന്നും കുറച്ചു മുളക് പറിക്കുവാൻ പോയതാരുന്നൂ.
നോക്കുമ്പോൾ നാത്തൂൻ കൊടുത്ത പഫ്സ് അവൾ നിലത്തിട്ടിരിക്കുന്നൂ. കുഞ്ഞു ഒരു പഫ്സ് വലിച്ചെറിഞ്ഞത് ഇത്ര വലിയ കാര്യം ആണോ. അല്ലെങ്കിലും നാത്തൂന് ഇവിടെ വന്നാൽ ഭരണം കുറച്ചു കൂടുതൽ ആണ്.
ഞാൻ മോളെയും വിളിച്ചു അകത്തേയ്ക്കു പോയി. അവൾക്കു വയസ്സ് എട്ടു ആയതേ ഉള്ളൂ.
നാത്തൂൻ വന്നാൽ അമ്മയ്ക്ക് നൂറു നാവാണ്. അമ്മ അപ്പോൾ തന്നെ കടയിലേയ്ക്ക് ഓടും. ഇനി ഇപ്പോൾ ചിക്കനും മീനും ഒക്കെ വാങ്ങിയിട്ടേ വരൂ. അമ്മ തന്നെ അതെല്ലാം അവർക്കു വേവിച്ചു കൊടുക്കും. മാസത്തിലൊരിക്കൽ ഇതു പതിവുള്ളതാണ്.
ഏട്ടൻ ഗൾഫിന്നു വന്ന സമയമാണെങ്കിൽ പിന്നെ പറയുകയും വേണ്ട. നാത്തൂനേ നിലത്തു നിർത്തില്ല. തലയിൽ വച്ചോണ്ട് നടക്കും. കെട്ടി ഈ വീട്ടിൽ വന്നു കയറിയത് മുതൽ ഇതൊക്കെ കാണുന്നതാണ് എങ്കിലും എനിക്ക് അത് അത്ര പിടിക്കാറില്ല. ഒരു ആങ്ങളയും പെങ്ങളും, ലോകത്ത് വേറെ എങ്ങും ഇല്ലാത്തതു പോലെ. ഏട്ടൻ അധ്വാനിക്കുന്ന പണം മുഴുവൻ അമ്മ പെങ്ങൾക്ക് വേവിച്ചു കൊടുത്തു തീർക്കും എന്നാ തോന്നുന്നത്.
കഴിഞ്ഞ ആഴ്ച ഏട്ടൻ ലീവിന് വന്നതേ ഉള്ളൂ. അപ്പോഴേക്കും നാത്തൂനും പിള്ളേരും എത്തിക്കഴിഞ്ഞു. ഇനി ഇപ്പോൾ പെട്ടി കാലിയാക്കിയേ അടങ്ങൂ. ഏട്ടൻ കടയിൽ പോയിരിക്കുന്നൂ പെങ്ങളെ സത്കരിക്കുവാനുള്ളതെല്ലാം വാങ്ങുവാൻ.
ഏട്ടൻ വന്നതും ഞാൻ മുഖം വീർപ്പിച്ചു ഒരു മൂലയ്ക്കിരുന്നൂ. ഏട്ടൻ എന്നോട് വന്നപാടെ കാര്യം തിരക്കി. ഞാൻ പറഞ്ഞു തീർത്തതും ഏട്ടൻ അടുക്കളയിൽ നിന്നും അവൾ നിലത്തെറിഞ്ഞ അതേ പഫ്സ് എടുത്തു കൊണ്ട് വന്നൂ.
“മോളെ, ഈ പഫ്സ് നീ കഴിച്ചാൽ വീട്ടിൽ നിന്നും നിനക്ക് ഭക്ഷണം കിട്ടും. ഇല്ലേൽ ഇന്ന് മൊത്തം നീ പട്ടിണി ഇരിക്കും.”
“ഏട്ടാ, എന്താ ഇങ്ങനെ..”
“നീ ഒന്നും മിണ്ടരുത്. മീനൂട്ടി പറയുന്നത് കേൾക്കൂ..”
കുഞ്ഞു ഒന്നും മിണ്ടാതെ അത് കഴിച്ചൂ. എനിക്ക് നല്ല ദേഷ്യം വന്നൂ. ആ ദേഷ്യം മൊത്തം അന്ന് മുഴുവൻ നാത്തൂനേ കാണിക്കുവാനും ഞാൻ മറന്നില്ല. ഏട്ടനോട് എനിക്ക് അതിലും ദേഷ്യം ഉണ്ടായിരുന്നൂ.
ഗൾഫിൽ നിന്ന് വന്നപ്പോൾ എനിക്ക് ഒരു ചെറിയ മാല. നാത്തൂന് രണ്ടു വള. വേണ്ട എന്ന് നാത്തൂൻ പറഞ്ഞിട്ടും അത് കൈയ്യിൽ നിർബന്ധിച്ചു ഇട്ടു കൊടുത്തൂ.
വൈകുന്നേരത്തോടെ നാത്തൂനും മക്കളും പോയി. രാത്രി ഉറങ്ങുവാൻ നേരം കെറുവിച്ചു കിടക്കുന്ന എൻ്റെ നേരെ ഒന്ന് ഏട്ടൻ നോക്കിയത് പോലുമില്ല.
കുറെ നേരം കഴിഞ്ഞതും ഞാൻ തന്നെ ഏട്ടനോട് സംസാരിക്കുവാൻ തുടങ്ങി. എനിക്ക് ഒരു വിശദീകരണം ആവശ്യം ആയിരുന്നൂ.
ഏട്ടൻ പതിയെ പറഞ്ഞു തുടങ്ങി.
“ഈ ഒൻപതു വർഷത്തിൽ ഒരിക്കലും ഞാൻ നിന്നോട് പറയാത്ത കാര്യങ്ങൾ ഞാൻ പറയാം, നീ ചോദിച്ചത് കൊണ്ട് മാത്രം. ഞാൻ ചെയ്തത് ശരിയോ തെറ്റോ എന്ന് നീ തന്നെ തീരുമാനിക്കൂ.”
“ചേച്ചി ഏട്ടാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് ഞാൻ ജനിക്കുന്നത്. എനിക്ക് മേലെ രണ്ടു കുട്ടികൾ ഉണ്ടായെങ്കിലും അവർ രണ്ടും മരിച്ചു പോയിരുന്നൂ. ഞാൻ ജനിച്ചു അഞ്ചിൻ്റെ അന്ന് അച്ഛൻ പോയി. അതോടെ ചേച്ചി പഠനം നിറുത്തി. ചേച്ചി നന്നായി പഠിക്കുമായിരുന്നൂ. എന്നിട്ടും നമ്മുടെ ചാക്കോ ചേട്ടൻ്റെ അവിടെ ചെമ്മീൻ കിള്ളുവാൻ അവർ പോയി തുടങ്ങി. ഞാൻ ഒന്ന് വലുതാകുന്നത് വരെ ചേച്ചി ഒറ്റയ്ക്ക് ആണ് കുടുംബം നോക്കിയിരുന്നത്. ഒരു പക്ഷേ ഞാൻ ജനിച്ചില്ലായിരുന്നെങ്കിൽ അമ്മ കൂലി പണിക്കു പോയി ചേച്ചിയെ പഠിപ്പിച്ചേനെ. ആ വിഷമം ഇന്നും അമ്മയ്ക്കുണ്ട്. അച്ഛൻ പോയതിനു ശേഷം നല്ല ഭക്ഷണം ഒന്നും ചേച്ചി കഴിച്ചിട്ടില്ല. ഒരു ചൗ മിഠായി കിട്ടിയാൽ പോലും പാവം അതെനിക്ക് കൊണ്ട് വന്നൂ തരും. എത്രയോ ദിവസ്സം കഞ്ഞി വെള്ളം കുടിച്ചു അവർ ജീവിച്ചിരിക്കുന്നൂ. ബാർ സോപ്പിട്ടാണ് അവർ കുളിച്ചിരുന്നത്. എന്നിട്ടും എനിക്ക് അവർ ഒരു കുറവും വരുത്തിയില്ല. എനിക്ക് കുളിക്കുവാൻ വാസന സോപ്പ് ഉണ്ടായിരുന്നൂ.ഒരു പിറന്നാളിനോ ഉത്സവത്തിനോ അവർ നല്ല വസ്ത്രം ധരിച്ചു ഞാൻ കണ്ടിട്ടില്ല. ഞങ്ങളുടെ കഷ്ടപ്പാട് കാരണം അവർ വിവാഹം പോലും കഴിക്കുവാൻ തയ്യാറായിരുന്നില്ല. അവസാനം അമ്മാവൻ്റെ മകൻ ഒന്നും വാങ്ങാതെ അവരുടെ നല്ല മനസ്സ് കണ്ടു അവരെ വിവാഹം ചെയ്തു. ഒരു തരി പൊന്നു പോലും അവർക്കു ഞങ്ങൾ അന്ന് കൊടുത്തിട്ടില്ല.”
“നീ കയറി വന്നത് ഈ വീട്ടിലേക്കാണ് ഒരു ഗൾഫുകാരൻ്റെ ഭാര്യയായി. കഷ്ടപ്പാടുകൾ ഒന്നും നീ അറിഞ്ഞിട്ടില്ല. പക്ഷേ ഞാൻ ഗൾഫിൽ പോയത് ചേച്ചിയുടെ ഉണ്ടായിരുന്ന സ്വർണ്ണം, അതും അളിയൻ കഷ്ടപ്പെട്ടു ഉണ്ടാക്കിയത് വിറ്റിട്ടാണ് എന്ന് നിനക്കറിയാമോ. ഈ ജന്മം മുഴുവൻ ഞാൻ അവരോടു കടപ്പെട്ടിരിക്കുന്നൂ. പഠിപ്പിച്ചു എന്നെ ബിരുദക്കാരൻ ആക്കിയതിനു, പിന്നെ ഒരു ജോലി നേടുവാൻ സഹായിച്ചതിന്. സ്വന്തം സ്വപ്നങ്ങൾ എനിക്കായി പണയപെടുത്തിയതിന്. ഇന്നും കുട്ടികളുടെ പുസ്തകങ്ങൾ ഒക്കെ എടുത്തു അവർ വായിക്കുന്നത് നീ കണ്ടിട്ടില്ലേ. അപ്പോഴൊക്കെ അവരുടെ കണ്ണ് നിറയും. അതൊക്കെ കാണുമ്പോൾ എനിക്ക് കുറ്റബോധം തോന്നാറുണ്ട്. അവരുടെ ബാല്യവും യൗവ്വനവും ഞാൻ തട്ടി അകറ്റിയില്ലേ. അവരുടെ മോഹങ്ങൾ ഞാൻ തട്ടി തെറുപ്പിച്ചില്ലേ..”
അത്രയും കേട്ടതോടെ എൻ്റെ കണ്ണുകൾ നിറഞ്ഞു.
അല്ലങ്കിലും വർഷം ഇത്രയായിട്ടും ഏട്ടനെ മനസ്സിലാക്കാതിരുന്ന ഞാൻ തെറ്റുകാരിയാണ്. ആ കുടുംബത്തിലെ ഒരാളെ പോലെ ചിന്തിക്കുവാൻ ഞാൻ എന്തേ ശ്രമിച്ചില്ല.
ഒരു മാസം കഴിഞ്ഞതും ഏട്ടൻ പോയി.
ഏട്ടൻ പോയി കഴിഞ്ഞു ഒരാഴ്ചയ്ക്ക് ശേഷം ഞാൻ നാത്തൂനേ കാണുവാൻ ചെന്നൂ. കുറച്ചു നേരം ഞാൻ അവരോടു സംസാരിച്ചിരുന്നൂ. അന്നാദ്യമായി അവരുടെ മനസ്സ് ഞാൻ കണ്ടൂ. അവിടെ നിന്ന് ഇറങ്ങുമ്പോൾ ഞാൻ പലതും മനസ്സിൽ ഉറപ്പിച്ചിരുന്നൂ. പിന്നെ അതിനുള്ള ശ്രമങ്ങൾ ഞാൻ തുടങ്ങി.
അതിൽ ഞാൻ വിജയിക്കുമെന്ന് എനിക്ക് ഉറപ്പായിരുന്നൂ.
………………………..
ആ മാർക്ക് ലിസ്റ്റ് കൈയ്യിൽ എടുക്കുമ്പോൾ ഏട്ടൻ്റെ കൈ വിറക്കുന്നുണ്ടായിരുന്നൂ.
“ചേച്ചി SSLC പാസ്സായിരിക്കുന്നൂ.”
ഏട്ടന് അത് വിശ്വസിക്കുവാൻ ആയില്ല. ഏട്ടൻ ഈ തവണ ഗൾഫിൽ നിന്നും വരുമ്പോൾ കൊടുക്കുവാൻ ഞാൻ കരുതി വച്ച സമ്മാനം. നാത്തൂൻ പഠിക്കുവാൻ അടുത്തുള്ള ട്യൂട്ടോറിയൽ കോളേജിൽ പോയി തുടങ്ങിയതൊന്നും ഞാൻ അറിയിച്ചിരുന്നില്ല. അതൊക്കെ ഒളിച്ചു വച്ചതു ഈ നിമിഷത്തിനു വേണ്ടിയായിരുന്നൂ.
ഏട്ടൻ എന്നെ നോക്കി. ഞാൻ പറഞ്ഞു.
“തീർന്നിട്ടില്ല, ഇനി ഇപ്പോൾ നാത്തൂനേ ഞാൻ 11ൽ ചേർക്കും. അല്ലെ നാത്തൂനേ..”
അത് കേട്ടപ്പോൾ നാത്തൂൻ്റെ കണ്ണുകൾ നിറഞ്ഞിരുന്നൂ.
ഈ വരവിനു ഏട്ടൻ വന്നപ്പോൾ കൊണ്ട് വന്ന രണ്ടു മാലകളിൽ ഒന്ന് നാത്തൂൻ്റെ കഴുത്തിൽ ഒട്ടും നീരസം കൂടാതെ അണിയിച്ചു കൊടുക്കുവാൻ ഞാൻ മറന്നില്ല. ഒന്നിച്ചു താമസിക്കുമ്പോൾ കൂടെയുള്ള ആളുടെ മനസ്സ് കുറച്ചെങ്കിലും നമ്മൾ മനസ്സിലാക്കണം. കൂടുമ്പോൾ ഇമ്പം ഉള്ളതാവട്ടെ കുടുംബം.
………………….സുജ അനൂപ്