Written by Medhini Krishnan
എന്റെ ഈ പഴയ വീട്ടിൽ നിന്നും തിരികെ യാത്രയാവുമ്പോൾ പതിവ് പോലെ കണ്ണുകൾ ഈറനാവും. ഈ വീടും പൂത്തുലഞ്ഞ പാലമരവും കാവും കുളവും ഞാൻ നട്ട ഇലഞ്ഞിയും ചെമ്പകവും വീണ്ടും ഒരു കാത്തിരിപ്പിന്റെ കണ്ണുകൾ എനിക്ക് സമ്മാനിക്കും.
മച്ചിലെ ഇരുട്ടിൽ വേട്ടാളാൻ മന്ത്രിക്കും പോലെ ഒന്ന് മൂളും. “ഇനി എന്നാ ഞാനൊരു കഥ കേൾക്കാ കുട്ട്യേ? “
ചുവരിലെ വെളുത്ത പല്ലി അർത്ഥം വച്ചൊന്നു ചിലക്കും.അരിമാവ് കുഴച്ചു ചുവരിൽ ഒട്ടിച്ച പാടിലേക്ക് ചുണ്ടുകൾ ചേർക്കും. “ന്റെ കുട്ടീടെ ഭ്രാന്ത്..ന്റെ അന്നം. ഇനിയിപ്പോ എന്നാ ഇങ്ങനെ..?” ചുവരിന്റെ നിശബ്ദതയിൽ ഗൗളി തല താഴ്ത്തി പതിഞ്ഞിരിക്കും.
തൊടിയിൽ നെയ്യ്കൂട്ടി കുഴച്ചു സ്നേഹത്തോടെ വച്ചു നീട്ടിയ ഒരു പിടി ചോറിന്റെ ഓർമ്മയിൽ കാക്കപ്പെണ്ണ് ഒന്ന് കരയും. “ക്ക് ഇനി എന്നാ ഇങ്ങനെ ഒരു പിടി ചോറ് കിട്ടാ.. ബലിചോറും എച്ചിലും തിന്നു മടുത്തു കുട്ട്യേ.”
നീട്ടിയൊന്ന് കരഞ്ഞു പരിഭ്രമത്തോടെ യാത്രമൊഴി ചൊല്ലും. സന്ധ്യക്ക് നീണ്ട ഉമ്മറത്തിണ്ണക്ക് മേലെ ചിതല് പിടിച്ചു തുടങ്ങിയ അഴികളിൽ തൂങ്ങി കിടന്ന വയസ്സൻ നരിച്ചീറ് തലയ്ക്കു മീതെ ഒന്നൂടെ പറന്നു പേടിപ്പിക്കും. “കുട്ടി ഇനി വരുമ്പോ ഞാൻ ണ്ടാവോ?”
കണ്ണിൽ കറുത്ത മണികൾ തിളങ്ങും. വീണ്ടും ആ പഴയ വീടിന്റെ ആത്മാവിൽ അങ്ങനെ തലകീഴായി തൂങ്ങി കിടക്കും. “ആകാശം കീഴ്മേൽ മറിഞ്ഞാലും ന്റെ കുട്ടി പേടിക്കരുത്ട്ടോ..” പിന്നെ ചിറകൊന്നു വിടർത്തി യാത്രയാക്കും.
അടുക്കളപ്പുറത്തു ചുരുണ്ടു കൂടിയ അമ്മിണ്ണി പൂച്ച കാൽവണ്ണയിൽ വന്നിരുന്നു കരയും. മീൻ തൊടാത്ത കുട്ടി ക്ക് വേണ്ടി മീൻ തൊട്ടുലോ ന്നു സങ്കടം പറയും. മീൻമുള്ളു കൊണ്ടു കോറിയ വായ മത്തി കഷ്ണത്തിന്റെ രുചി അറിഞ്ഞത് ന്റെ കുട്ടി വന്നപ്പോഴായിരുന്നു. കണ്ണൊന്നു നിറച്ചു മടിയിൽ ഒരിക്കൽ കൂടെ ചുരുണ്ടു കൂടും.. “ഇനിയെന്നാ ഇങ്ങനെ? ” വിങ്ങിയ കരച്ചിൽ..
തൊഴുത്തിലെ സീതപശു ഗർഭത്തിന്റെ ഭാരവും പേറി പതിയെ എഴുന്നേറ്റു എന്റെ കണ്ണുകളിലേക്ക് നോക്കി മെല്ലെയൊന്ന് അമറി കരയും. തോല് കളഞ്ഞു നേന്ത്രപ്പഴം വായിൽ വച്ചു കൊടുക്കുമ്പോൾ കഴുത്തിലെ മണിയൊന്ന് ചിലക്കും. “ന്റെ കിടാവിനെ കാണാൻ വരില്ലേ നീ.. ” ഞാൻ നെറ്റിയിൽ വാത്സല്യത്തോടെ ഒന്ന് തടവും. അമർത്തി ചുംബിക്കും. വീർത്ത വയറിൽ മുഖം ചേർക്കും. പിന്തിരിയുമ്പോൾ അവളുടെ സ്വരമങ്ങനെ നേർത്തില്ലാതാവും.
ആകാശത്തേക്ക് മിഴികളുയർത്തി വിരിഞ്ഞു പൊങ്ങുന്ന ഇലഞ്ഞിയുടെ നനഞ്ഞ തളിരിലകൾ ഒരിക്കൽ കൂടെ ഓർമ്മിപ്പിക്കും. “ഞാൻ പൂക്കുമ്പോൾ നീ വരണം. ആദ്യത്തെ പൂവിന്റെ ഗന്ധത്തിൽ നീ നിറയുമ്പോൾ ഞാൻ ഉന്മാദത്തോടെ പിന്നെയും പൂക്കും.”
വിടരാറായ ചെമ്പകമൊട്ട് ഒന്ന് പരിഭവിക്കും.”ഞാൻ വിടരുമ്പോഴേക്കും നീ പോവില്ലേ?
വറ്റി തുടങ്ങിയ കുളത്തിന്റെ ഹൃദയത്തിലെ പച്ചപായൽ ഒന്നിളകും. ഗൗരവത്തോടെ പതിവ് പോലെ പറയും. “നീ ഇവിടെ ഒന്നും തിരയരുത്.എന്നിൽ ഒന്നുമില്ലാതായിരിക്കുന്നു. ഈ പായൽ മാത്രം. പിന്നെ നൊമ്പരത്തോടെ ഒന്ന് താഴ്ത്തി പറയും. “വഴുക്കാതെ നോക്കണം കുട്ട്യേ..”
കാറ്റിൽ താളത്തോടെ ആടിയുലയുന്ന പറങ്കിമാങ്ങകൾ ഒരു നെടുവീർപ്പോടെ എന്നോ ചുണ്ടിൽ വീഴ്ത്തിയ കറയെ ഓർമ്മിപ്പിച്ചു പറയും. “ഈ കറ സൂക്ഷിക്കണം കുട്ട്യേ..”
മുകളിലെ ചെറിയ മുറിയിലെ മരത്തിന്റെ ജനാലയിലൂടെ പൂത്തുലഞ്ഞ പാലമരത്തിന്റെ നെറുകയിൽ കുടിയിരിക്കുന്ന യക്ഷിയെ കാണുന്നതായി ഞാൻ സങ്കൽപിക്കും. അനുഗ്രഹം തേടും. അഴിച്ചിട്ട മുടിയിലും വശ്യമായ മിഴികളിലും ഞാനുണ്ടെന്നു പറയും പോലെ ഒന്നമർത്തി മൂളി യക്ഷി ഇരുളിൽ മറയും.
കാവിൽ അവസാനനെയ്യ് തിരി കത്തിച്ചു മടങ്ങുമ്പോൾ മണിനാഗത്തിന്റെ കണ്ണുകൾ പിടയും. ഇനിയെന്ന് വരും കുട്ട്യേ എന്നൊരു തേങ്ങൽ കാവിൽ നിലംപൊത്തും.
പടർന്നു കയറിയ കാട്ടുമുന്തിരികളിൽ മുഖം താഴ്ത്തിയ അണ്ണാറക്കണ്ണൻ അന്ന് എന്റെ തിരി മോഷ്ടിച്ചു കുസൃതി കാണിക്കില്ല. മിഴികളുയർത്തി നൊമ്പരത്തോടെ ഒന്ന് നോക്കും. കാവിൽ പൊഴിഞ്ഞു വീണ നനുത്ത പാരിജാതപ്പൂക്കൾ തുളുമ്പുന്ന മിഴികളുയർത്തി എന്നോട് ചോദിക്കും. നിന്റെ പ്രണയം എന്റെ ഗന്ധമായിരുന്നില്ലേ എന്ന്..ക്ക് ന്തോ നിന്നിലേക്ക് പൊഴിഞ്ഞു മതിയായില്ല..” തൂങ്ങിയാടുന്ന പാരിജാതപ്പൂവിൻ കുലകളിൽ മൗനം.
കാതിൽ ചൂടിയ കമ്മൽപ്പൂക്കൾ..ആ കാതിൽ ഉമ്മ വച്ചു മതിയായില്ലെന്ന് പരിഭവം പറയും. കുസൃതിയായി തലയിൽ ചൂടിയ ചെമ്പരത്തിപ്പൂക്കൾ..”നിന്റെ മുടിയിഴകളിൽ എന്നിനി….? “
നോവോടെ എന്റെ ഓർമ്മകളിൽ എന്നെ തിരയും.ചുവന്നു തുടുത്ത ചാമ്പക്കകൾ..നേരിയ വയലറ്റ് നിറം കൈകളിൽ പടർത്തി നാവിനെ കൊതിപ്പിക്കുന്ന ഞാവൽപ്പഴങ്ങൾ..കാറ്റിലാടിയുലയുന്ന കവുങ്ങ് മരങ്ങൾ.. എനിക്കായി പൊഴിച്ചിട്ട കൂമ്പാളകൾ.മണ്ണ് പുരണ്ട അടക്കകൾ..ഇടവഴികളിൽ അടക്കിപ്പിടിച്ച കാറ്റിന്റെ മൂളൽ..
തൊടിയിലെ ഓരോ മൺതരിയും ഇലകളും പൂക്കളും മന്ത്രിക്കും.. കുട്ട്യേ ഇനിയെന്ന്?