എല്ലാത്തിനും അവൾ മൂളികേട്ടെങ്കിലും അവളുടെ ഉള്ളിലെന്തോ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു…

ലൈവ്

Story written by PRAVEEN CHANDRAN

“നാളെ നീ അവളെക്കൊണ്ട് ഒരു ഫേസ്ബുക്ക് ലൈവ് ഇടീക്കണം.. സ്വന്തം ഇഷ്ടപ്രകാരമാണ് നിന്നോടൊപ്പം ഇറങ്ങി വരുന്നതെന്നും അവളുടെ അച്ഛൻ ഇതിന്റെ പേരിൽ നിന്നെ കൊല്ലാൻ ശ്രമിച്ചിരുന്നു എന്നും പറഞ്ഞ്.. അവൾക്കെന്ത് സംഭവിച്ചാലും അതിന്റെ പൂർണ്ണ ഉത്തരവാദിത്വം അവൾക്ക് ആണ് എന്നും പറയിക്കണം..അത് മതി നമുക്ക്”

അയാളുടെ ആ ആശയത്തിനോട് രഞ്ജിത്തിനും പൂർണ്ണയോചിപ്പ് ആയിരുന്നു..കാരണം ഒരു വർഷത്തോളമായുള്ള അവന്റെ കാത്തിരുപ്പാണ് അവളെ ഒന്ന് അനുഭവിക്കാനായ്… അതിനായാണ് നീണ്ട പരിശ്രമങ്ങൾക്കൊടുവിൽ അവൻ അവളുടെ മനസ്സ് കീഴടക്കിയതും..

പക്ഷെ വിവാഹം കഴിക്കാതെ അവളുടെ ശരീരത്തിൽ തൊടാനാവില്ല എന്ന് മനസ്സിലാക്കിയത് കൊണ്ട് മാത്രമാണ് അവൻ ഇങ്ങനൊരു കെണി അവൾക്ക് വേണ്ടി ഒരുക്കിയത്..

അവന്റെ വലയിൽ പെട്ട അനവധി പെൺകുട്ടിക ളെ പോലെ അവൾക്ക് വേണ്ടിയും അവൻ വ്യക്തമായ പ്ലാനിംഗോടെ ഒരു കെണി ഒരുക്കുകയായിരുന്നു..

അന്ന് രാത്രി പിറ്റെ ദിവസത്തെ പ്ലാനിനെ പറ്റി അവൻ അവളോട് സംസാരിക്കുകയായിരുന്നു..

“അപ്പോൾ എല്ലാം പറഞ്ഞത് പോലെ… സ്പെഷൽ ക്ലാസ്സ് ഉണ്ടെന്ന് പറഞ്ഞ് നീ ഇറങ്ങുന്നു..ഗ്രാന്റ് മാളിന് മുന്നിലുള്ള ഡ്രൈ ക്ലീൻ ഷോപ്പിന് മുന്നിൽ വെളുത്ത സ്വിഫ്റ്റ് കാറിൽ ഞാൻ കാത്ത് നിൽക്കാം.. വണ്ടി നമ്പർ കെ.എൽ.11 ബി.ജി 2456.. ഫോൺ കയ്യിൽ കരുതുക.. പക്ഷെ ഒരു കാരണവശാലും എന്നെ ഫോൺ ചെയ്യരുത്.. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ പബ്ലിക് ബൂത്തിൽ നിന്നും വിളിക്കുക.. ലൈവ് കഴിഞ്ഞതിന് ശേഷം ഫോൺ നമുക്ക് വഴിയിൽ ഉപേക്ഷിക്കാം.. “

അവൻ പറഞ്ഞതെല്ലാം അവൾ മൂളികേട്ടെങ്കിലും അവളുടെ ധൈര്യമെല്ലാം ചോർന്ന് പോകുന്നത് പോലെ അവൾക്ക് തോന്നി…

“എന്നാലും എനിക്കെന്തോ പേടി പോലെ രഞ്ജിത്ത്.. ഞാനെല്ലാവരേയും ചതിക്കുകയല്ലേ? അതോർക്കുമ്പോൾ വല്ലാതെ മനസ്സ് വിങ്ങിപൊട്ടു ന്നു… ഞാൻ അഭിയൊടെങ്കിലും പറഞ്ഞോട്ടെ.. എനിക്ക് അവൻ അനിയൻ മാത്രമല്ലാ ബെസ്റ്റ് ഫ്രണ്ട് കൂടെ ആണെന്ന് നിനക്ക് അറിയാലോ.. എല്ലാ കാര്യവും ഞാനവനോട് പറയാറുള്ളതാണ്.. ഈ കാര്യമൊഴിച്ച്… “

അവളുടെ സംസാരത്തിൽ നിന്ന് അപകടം മണത്തറിഞ്ഞ അവൻ ഇടക്ക് കയറി സംസാരിച്ചു…

“അപ്പോൾ ഞാനോ.. ഞാൻ നിന്റെ ആരുമല്ലേ? നമ്മൾ സ്വപ്നം കണ്ടപോലെ നമുക്ക് ജീവിക്കണ്ടേ മോളൂ… അവനറിഞ്ഞാൽ ഇത് നടക്കില്ല.. ഇതല്ലാതെ വേറെ വഴി ഇല്ല.. നാളെ നീ വന്നില്ലെങ്കിൽ പിന്നെ നീയൊരിക്കലും എന്നെ കാണില്ല..”

അവന്റെ ആ പിടിവാശിക്ക് മുന്നിൽ അവൾക്ക് പിടിച്ച് നിൽക്കാനായില്ല… അത്രയ്ക്കും അവളവനെ സ്നേഹിച്ചിരുന്നു… വിശ്വസിച്ചിരുന്നു..

“ഞാൻ വരാം രഞ്ജിത്ത്”…

അവന്റെ പ്ലാൻ വിജയിക്കാൻ പോകുന്നതോർത്ത് അവൻ സന്തോഷിച്ചു..

പിറ്റെ ദിവസം അവൻ പ്ലാൻ ചെയ്തപോലെ മൂന്നാറിൽ കോട്ടേഴ്സ് അവന്റെ ആളുകൾ തരപെടുത്തിയിരുന്നു…

അവന്റെ ആവശ്യത്തിന് ശേഷം ആ ദൃശ്യങ്ങൾ ഒളിക്യാമറ വച്ച് പകർത്തി അത് വച്ച് ബ്ലാക്ക് മെയിൽ ചെയ്താണ് അവൻ ഇക്കാര്യങ്ങൾ അവരെക്കൊണ്ട് രഹസ്യമാക്കി വച്ചിരുന്നത്..

കുറച്ച് ദിവസം കൂടെ നിർത്തിയ ശേഷം തിരിച്ച് വീട്ടിൽ കൊണ്ട് വിടുകയാണ് പതിവ്.. അവനെ പേടിച്ച് ആരും അവന്റെ പേര് പുറത്ത് പറഞ്ഞിരുന്നുമില്ല.. നാണക്കേട് ഓർത്ത് വീട്ടുകാരും…

പറഞ്ഞ് ഉറപ്പിച്ചത് പോലെ അവൾ മാളിന് മുന്നിൽ തന്നെ വന്നിരുന്നു.. അവിടെ ഒതുക്കിയിട്ടിരുന്ന അവന്റെ കാറിൽ അവൾ മുഖം മറച്ച് പിടിച്ച് കയറിയിരുന്നു…

“ഹോ… ഇപ്പോഴാ സമാധാനമായത്.. നീ വന്നല്ലോ.. എനിക്ക് സന്തോഷമായി … ലവ്യൂ ഡിയർ”

അവളുടെ മുഖത്തെ ടെൻഷൻ അവന് കാണാമാ യിരുന്നു…

“പെട്ടെന്ന് പോകാം നമുക്ക്…എനിക്കെന്തോ വല്ലാത്ത ടെൻഷൻ… എന്റെ കയ്യും കാലും വിറക്കുന്നു…?” ഭയം അവളുടെ മുഖത്ത് നിഴലിച്ചിരുന്നു…

“നീ പേടിക്കാതിരിക്ക്… ഞാനില്ലേ കൂടെ…? എത്രയും പെട്ടെന്ന് നമുക്ക് സിറ്റി വിടണം… എന്റെ സുഹൃത്തിന്റെ ഒരു കോട്ടേഴ്സ് ഉണ്ട് മൂന്നാറിൽ.. നമ്മൾ അവിടേക്കാണ് പോകുന്നത്.. അതിന് ശേഷം നാളെ രാവിലെ അവിടത്തെ ഒരു അമ്പലത്തിൽ വച്ച് താലികെട്ടുന്നു..”

എല്ലാത്തിനും അവൾ മൂളികേട്ടെങ്കിലും അവളുടെ ഉള്ളിലെന്തോ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു…

വീട്ടിൽ നിന്നിറങ്ങുമ്പോൾ അമ്മ വാത്സല്ല്യത്തോടെ ഒരുക്കിതന്ന ടിഫിൻ വാങ്ങിയതും അവളുടെ കണ്ണ് നിറഞ്ഞിരുന്നു.. അച്ഛന്റെ മുഖത്തേക്ക് നോക്കാനുള്ള ധൈര്യം പോലും അവൾക്കില്ലായിരുന്നു.. ഇത്രയും സ്നേഹമുള്ള അവരെ വിട്ട് വരാൻ അവളുടെ മനസ്സ് അനുവദിക്കുന്നില്ലായിരുന്നു.. മേശയിൽ ചാർജിൽ വച്ചിരുന്ന ഫോൺ എടുത്ത് സ്വിച്ച് ഓഫ് ചെയ്ത് അവൾ ബാഗിൽ വച്ചു…

പുറത്തേക്കിറങ്ങിയതും അഭി മുന്നിൽ തന്നെ നിൽപ്പുണ്ടായിരുന്നു…

“ഡീ.. ഞാൻ കൊണ്ട് വിടണോ?”

പതിവില്ലാത്ത അവന്റെ ചോദ്യം അവളെ ടെൻഷനിലാക്കിയെങ്കിലും ബസ്സിൽ പൊക്കോളാമെന്ന് പറഞ്ഞ് അവൾ തടിതപ്പുകയായിരുന്നു..

“എന്താ നീ ആലോചിക്കുന്നത്? വീട്ടിൽ നിന്ന് പോന്നതിന്റെ വിഷമം ആകുമല്ലേ?”

അവന്റെ സംസാരം കേട്ടതും അവൾ ചിന്തയിൽ നിന്നുണർന്നു…

അവരുടെ വാഹനം സിറ്റിയിൽ നിന്നും ഒരുപാട് ദൂരെയായിരുന്നു അപ്പോഴേക്കും…

അവൻ അവളോട് ലൈവിന്റെ കാര്യം ഓർമ്മിപ്പിച്ചു..

“അത് വേണോടാ… എന്റെ വീട്ടുകാർക്ക് അത് വലിയ നാണക്കേട് ആവില്ലേ? നാട്ടുകാർ മൊത്തം അറിയില്ലേ?”

അത് കേട്ടതും അവന്റെ മുഖം കറുത്തു..കാർ സൈഡിലേക്ക് അവൻ പാർക്ക് ചെയ്ത് നിർത്തി…

“എന്താ നീ ഇപ്പോൾ ഇങ്ങനെ പറയുന്നത്? എല്ലാം നമ്മൾ തീരുമാനിച്ച് ഉറച്ചതല്ലേ? നാളെ നിന്റെ അച്ഛൻ നിന്നെ ഞാൻ തട്ടിക്കൊണ്ട് പോയി എന്ന് പറഞ്ഞ് കേസ് കൊടുത്താൽ പോലീസ് എന്നെ പിടിച്ച് അകത്തിടാതിരിക്കാനാണ് ഈ ലൈവ്.. നീ മൊബൈൽ ഓൺ ചെയ്തേ വെറുതെ മനുഷ്യനെ ദേഷ്യം പിടിപ്പിക്കാതെ” അവൻ സ്വരം കടുപ്പിച്ചാണ് അത് പറഞ്ഞത്..

അവൾ മനസ്സില്ലാമനസ്സോടെ മൊബൈൽ ഓൺ ചെയ്തു.. അപ്പോഴാണ് അവൾക്ക് ആ കാര്യം മനസ്സിലായത്.. ഫോൺ മാറിപോയിരിക്കുന്നു.. അവൾക്കും അവനും അച്ഛൻ ഒരു പൊലത്തെ ഫോൺ ആണ് വാങ്ങികൊടുത്തിരുന്നത്.. വെപ്രാളത്തിൽ ഫോണെടുത്തപ്പോൾ അവൾ അത് ശ്രദ്ധിച്ചതുമില്ല.. അവൾക്കാകെ പരവശമായി.. അവളുടെ ഫോണിൽ നിന്നും അച്ഛന്റെ ഫോണിൽ നിന്നുമുള്ള മിസ്സ്കോൾ മെസ്സേജ്സ് ഫോണിൽ കാണുന്നുമുണ്ട്..

അവൾ രഞ്ജിത്തിനോട് പരിഭ്രമത്തോടെ കാര്യം പറഞ്ഞു…

“ഷിറ്റ്… നീ എന്ത് മണ്ടത്തരാ ചെയ്തത്? സാരമില്ല… എത്രയും പെട്ടെന്ന് ഫേസ്ബുക്കിൽ നിന്റെ ഐഡി ഓപ്പൺ ചെയ്യ്.. എന്നിട്ട് അതിൽ നിന്ന് വേഗം ലൈവ് ഇട്… “

അവൻ പറഞ്ഞത് മനസ്സില്ലാമനസ്സോടെ ആണെങ്കിലും അവൾ അനുസരിക്കാൻ തയ്യാറാവുകയായിരുന്നു…

ഫേസ് ബുക്ക് തുറന്നതും അഭിയുടെ ഒരു ലൈവ് അവൾക്ക് കാണാനായി.. അത് കണ്ട് അവൾ ഞെട്ടിപ്പോയി…

ആ വീഡിയോവിൽ അവളുടെ അച്ഛനും അമ്മയും കൂടെ ഉണ്ടായിരുന്നു…

” സുഹൃത്തുക്കളെ എന്റെ ചേച്ചിയെ ഈ ഫോട്ടോയിൽ കാണുന്ന രഞ്ജിത്ത് എന്ന് പേരുള്ള ഒരുത്തൻ ബലമായി തട്ടിക്കൊണ്ട് പോയിരിക്കുകയാണ്.. പ്രണയം നടിച്ച് പെൺകുട്ടികളെ വശീകരിക്കുന്നതിൽ മിടുക്കനായ ഇയാളുടെ വലയിൽ വീഴാതിരുന്ന ചേച്ചിയെ ഗ്രാന്റ് മാളിന് മുന്നിൽ നിന്നും ഭീഷണിപെടുത്തി കെ.എൽ.11 ബി.ജി 2456 വൈറ്റ് സ്വിഫ്റ്റ് കാറിൽ തട്ടിക്കൊണ്ട് പോകുകയായിരുന്നു.. പോലീസീൽ ഞങ്ങളറിയിച്ചിട്ടുണ്ട്.. ദയവ് ചെയ്ത് ഈ വീഡിയോ ഷെയർ ചെയ്യുക.. എന്റെ ചേച്ചിയെ രക്ഷിക്കണം… “

അത് കണ്ടതും അവളുടെ ശരീരം വിറയ്ക്കാൻ തുടങ്ങി.. അവൾ രഞ്ജിത്തിന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി…

ഷോക്കേറ്റത് പോലെ ഇരിക്കുകയായിരുന്നു അവൻ.. അവന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാ മായിരുന്നു അവൾക്കെല്ലാം…

ആ സമയത്താണ് അവളുടെ ഫോണിലേക്ക് വീണ്ടും കോൾ വന്നത്… അഭിയായിരുന്നു അത്..

“ഹലോ..ചേച്ചി വലിയ ആപത്തിലേക്കാണ് പോയ്ക്കൊണ്ടിരിക്കുന്നത്.. ദൈവം ആണ് ഇന്ന് രാവിലെ ചേച്ചിയെക്കൊണ്ട് എന്റെ മൊബൈൽ മാറി എടുപ്പിച്ചത്.. ചേച്ചിയെ ഫോണിൽ കിട്ടാത്തത് മൂലമാണ് എനിക്ക് ലൈവിൽ വരേണ്ടി വന്നത്.. അവനെ എനിക്കറിയാം ചേച്ചി… പക്കാ ഫ്രോഡ് ആണ് അവൻ.. അവൻ വഞ്ചിച്ച ഒരു പെൺകുട്ടി എന്റെ അടുത്ത സുഹൃത്താണ്.. ചേച്ചി ഒന്നും കൊണ്ടും പേടിക്കണ്ട.. മൊബൈൽ പോലീസ് ട്രേസ് ചെയ്യുന്നുണ്ട് ഉടൻ അവർ അവിടെ എത്തും… ഞങ്ങൾക്ക് ചേച്ചിയോട് യാതൊരു വിരോധവുമില്ല… ധൈര്യമായ് തിരിച്ച് വരാം.. “

ഫോൺ കട്ട് ചെയ്ത് അവൾ അവന്റെ മുഖത്തേക്ക് ദേഷ്യത്തോടെ നോക്കി…

“അനു… ഞാൻ… എനിക്ക്… ” അവന്റെ തൊണ്ട ഇടറിയിരുന്നു… ഭയം അവനെ കീഴ്പെടുത്തിയിരുന്നു..

“യൂ.. ചീറ്റ്” അവൾ അവന്റെ മുഖത്ത് ആഞ്ഞടിച്ചു…

അപ്പോഴേക്കും പോലീസ് ജീപ്പ് അവരുടെ കാറിനടുത്തെത്തിയിരുന്നു….

പ്രവീൺ ചന്ദ്രൻ