കഥയല്ല ജീവിതം
Story written by Saji Thaiparambu
“ദേ.. രാത്രി കഴിക്കാനെന്താ വേണ്ടത്”
വാതില്ക്കൽ വന്നിട്ട് ഭാര്യ ചോദിച്ചപ്പോൾ, വിജയനവളെയൊന്ന് കടുപ്പിച്ച് നോക്കി.
“പൊറോട്ടയും, ചിക്കൻ സിക്സ്റ്റിഫൈവും തന്നെ ആയിക്കോട്ടെ, കുറെ നാളായി അത് കഴിച്ചിട്ട്”
“എന്നെ കളിയാക്കണ്ടാട്ടോ ,കഞ്ഞിയും പയറും വേണോ ,ചപ്പാത്തിയും പരിപ്പും മതിയോ എന്നറിയാനാ ചോദിച്ചത്”
മുഖം കറുപ്പിച്ച് കൊണ്ടവൾ പറഞ്ഞു.
“കഞ്ഞിയും പയറും മതി, അതാണല്ലോ നിനക്ക് സൗകര്യം”
പുശ്ചത്തോടെ ചിറി കോട്ടിക്കൊണ്ട് വിജയൻ പറഞ്ഞു.
“എങ്കിൽ പോയി ചെറുപയറ് വാങ്ങിച്ചോണ്ട് വാ ,ഞാനപ്പോഴേക്കും അരി കഴുകിയിടാം”
അത് കേട്ടപ്പോൾ അയാൾക്കരിശം വന്നു .
“ഞാനിവിടെ കഥയെഴുതിക്കൊണ്ടിരിക്കുന്നത് നിനക്ക് കാണാൻ വയ്യേ , ഇപ്പോഴിവിടുന്ന് എഴുന്നേറ്റാൽ, എഴുത്തിൻ്റെ ഫ്ളോ അങ്ങ് പോകും ,നീയൊരു കാര്യ ചെയ്യ് ,ചപ്പാത്തിയും പരിപ്പും തന്നെ വച്ചാൽ മതി”
വിജയനവളുടെ നേരെ ആക്രോശിച്ചു.
“ഓ പിന്നെ, പറച്ചില് കേട്ടാൽ തോന്നും ,ഏതോ ബിഗ്ബജറ്റ് ചിത്രത്തിൻ്റെ തിരക്കഥ യെഴുതുവാണെന്ന് , നിങ്ങളിപ്പോൾ എഴുതിയിട്ട് വേണം നാളെ ഷൂട്ട് ചെയ്യാൻ, മ്ഹും”
അയാളുടെ നേരെ ഒരു ലോഡ് പുശ്ചo വാരിയെറിഞ്ഞിട്ട്, അവൾ ചാടിത്തുള്ളിപ്പോയി.
വിജയൻ വീണ്ടും ഗ്രൂപ്പിൻ്റെ പേജിലേക്ക്, ചൂണ്ട് വിരൽ കൊണ്ട് കുത്തി കുറിക്കാൻ തുടങ്ങി.
ഭാര്യയെ കൈവെള്ളയിൽ കൊണ്ട് നടക്കുന്ന ,സ്നേഹനിധിയായ ഭർത്താവായിരുന്നു, വിജയൻ്റെ കഥയിലെ നായകൻ.
നായിക :- “ഹരിയേട്ടാ .. ഒന്നിവിടം വരെ വരുമോ?
നായകൻ:- “എന്താ ചാരു ”
നായിക:- “എൻ്റെ കണ്ണിലെന്തോ വീണു, ഹരിയേട്ടാ… ഒന്ന് നോക്കിക്കേ”
നായകൻ :-” എവിടെ നോക്കട്ടെ കണ്ണൊന്ന് തുറന്നേ”
ഹരി ,ചാരുവിൻ്റെ കണ്ണിലേക്ക് ശക്തമായി ഊതികൊടുത്തു.
ഈ സമയം വിജയൻ്റെ ഭാര്യ ശ്യാമളയുടെ നിലവിളി ,അടുക്കളയിൽ നിന്ന് കേട്ടു.
“എന്താടീ.. അവിടെക്കിടന്ന് അലറുന്നത്, എൻ്റെ കോൺസൺട്രേഷൻ കളയാനാണോ?
അയാൾ അടുക്കളയിലേക്ക് എത്തി നോക്കി, ഭാര്യയോട് വിളിച്ച് ചോദിച്ചു.
“ഒന്നുമില്ല മനുഷ്യാ .. ,ചപ്പാത്തി മറിച്ചിട്ടപ്പോൾ ,കൈയ്യൊന്ന് പൊള്ളിയതാ”
“ആങ്ഹാ, അത്രേയുള്ളോ ?നീയവിടെ ആരെയുമോർത്തോണ്ടാ നില്ക്കുന്നത് ,ശ്രദ്ധിച്ച് നിന്ന് ചെയ്യ്, അല്ലേൽ ചപ്പാത്തി കരിഞ്ഞ് പോകും, പറഞ്ഞേക്കാം”
ശ്യാമളയെ താക്കീത് ചെയ്തിട്ട് വിജയൻ വീണ്ടും കഥ തുടർന്നു.
നായകൻ :- “നീയിനി പോയി കുറച്ച് റസ്റ്റെടുക്ക്, ബാക്കി ഞാൻ ചെയ്തോളാം”
കഥയിലെ നായകൻ ,പാത്രം മെഴുകുന്ന ചകിരി, നായികയുടെ കൈയ്യിൽ നിന്ന് പിടിച്ച് വാങ്ങിയിട്ട്, അവളെ സ്നേഹപൂർവ്വം മുറിയിലേക്ക് പറഞ്ഞ് വിട്ടു.
ഈ സമയം വിജയൻ്റെ ഫോണിലേക്ക്, ഒരു മെസ്സഞ്ചർ നോട്ടിഫിക്കേഷൻ വന്നു.
ക്ളിക്ക് ചെയ്ത് നോക്കിയപ്പോൾ, ഒരു സ്ത്രീ ഹായ് പറഞ്ഞതാണ്
വിജയൻ്റെ കണ്ണുകൾ തിളങ്ങി.
“ഹലോ ,ആരാ”
“ഞാൻ നിരുപമ ,താങ്കളുടെ കഥകൾ വായിച്ച് ഇടയ്ക്കൊക്കെ കമൻ്റിടാറുണ്ട്, ഇപ്പോൾ എന്ത് ചെയ്യുവാ ,കഥയെഴുതുവാണോ?
“അതെ”
“അയ്യോ! എങ്കിൽ ഞാൻ ശല്യപ്പെടുത്തുന്നില്ല, ബൈ”
“അത് സാരമില്ല ?എന്തായാലും വന്നതല്ലേ? ഒന്ന് പരിചയപ്പെട്ടിട്ട് പോകാം”
അയാൾ വേഗം ടൈപ്പ് ചെയ്ത് മെസ്സേജയച്ചു.
“ഞാൻ നിങ്ങളുടെ എല്ലാ കഥകളും വായിക്കുന്നൊരാളാ ,ഞാൻ നിങ്ങളുടെ കഥകളുടെ ഒരു ആരാധികയാണ്, നിങ്ങൾ കൂടുതലുമെഴുതുന്നത് ,ദാമ്പത്യ ജീവിതത്തെക്കുറിച്ചല്ലേ ? നിങ്ങളുടെ കഥയിലെ ഭർത്താക്കന്മാരെല്ലാം, ഭാര്യയെ ജീവന് തുല്യം സ്നേഹിക്കുന്നവരാണല്ലോ ? അങ്ങനെയുള്ള കഥാപാത്രങ്ങളെ, താങ്കൾ സമൂഹത്തിൽ നിന്നും കണ്ടെത്തിയതാണോ?
ആ ചോദ്യം വിജയനെ ഒന്ന് അമ്പരപ്പിച്ചെങ്കിലും, പെട്ടെന്ന് തന്നെ അയാൾ മറുപടി കൊടുത്തു .
“ഹേയ് ഒരിക്കലുമല്ല ,ഞാനെഴുതുന്ന കഥകളെല്ലാം എൻ്റെ ജീവിതാനുഭവങ്ങളാണ്, ഞാനുമെൻ്റെ ഭാര്യയുമായിട്ടുള്ള സ്നേഹനിമിഷങ്ങളാണ്, എൻ്റെ കഥകളിലെ പല രംഗങ്ങളും ,എന്തിന് പറയുന്നു, ഞാൻ കഥയെഴുതുന്ന ഈ നിമിഷം പോലും, അവളെയെൻ്റെ മടിയിൽ കിടത്തിയിട്ട് , ഞാനവളുടെ തലയിൽ, ഇടത് കൈ കൊണ്ട് മസാജ് ചെയ്തോണ്ടിരിക്കുവാ, സ്നേഹനിധിയായ ഒരു ഭർത്താവായാൽ മാത്രമേ, ഒരു രചയിതാവിന്, അത് പോലൊരു കഥാപാത്രത്തെ സൃഷ്ടിക്കാൻ കഴിയു”
“താങ്കൾ പറഞ്ഞത് നേരാണോ? എനിക്ക് വിശ്വസിക്കാൻ പറ്റുന്നില്ല, എൻ്റെ കൂട്ടുകാരികളൊക്കെ പറഞ്ഞത്, ഈ എഴുത്തുകാരൊക്കെ ഭയങ്കര പരുക്കൻ സ്വഭാവമുള്ളവരാണ്, അവരുടെ കഥാപാത്രങ്ങളൊക്കെ സാങ്കല്പികം മാത്ര മാണെന്നാണ് ,താങ്കൾ പറഞ്ഞത് നേരാണെങ്കിൽ, സത്യാവസ്ഥ ,എനിക്കവരെ യൊന്ന് ബോധ്യപ്പെടുത്തിക്കൊടുക്കണം, മാഷിപ്പോൾ തന്നെ, നിങ്ങൾ രണ്ട് പേരും കൂടി ചേർന്നിരിക്കുന്ന, ഒരു സെൽഫിയെടുത്ത് ,എനിക്കൊന്ന് അയച്ചേക്ക്,”
ആ മെസ്സേജ് കണ്ടപ്പോൾ, വിജയൻ ഞെട്ടി ,ഇപ്പോൾ സെൽഫിയെടുക്കാൻ താൻ ഭാര്യയെ വിളിച്ചാൽ, രാവിലെ മുതൽ വീട്ടുജോലികൾ ചെയ്ത് ക്ഷീണിച്ചവശയായി നില്ക്കുന്ന, അവളുടെ പേക്കോലം ,തൻ്റെ ആരാധിക കാണേണ്ടി വരുമെന്ന് പേടിച്ച്,അയാൾ തൻ്റെ മെസ്സഞ്ചറിൽ നിന്നും നിരുപമ എന്ന ,പേര് ബ്ലോക്ക് ചെയ്തു വച്ചു.
കഥയല്ല ജീവിതം എന്ന് ,ഇവരൊക്കെ ഇനി ,എപ്പോഴാണോ മനസ്സിലാക്കുന്നതെന്ന് ,വിജയൻ പരിഹാസത്തോടെ ഓർത്തു.