ഒരു എമണ്ടൻ പെണ്ണുകാണൽ
Story written by PRAVEEN CHANDRAN
ഇത്തവണത്തെ ലീവിനെങ്കിലും കല്ല്യാണം ശരിയാവുമെന്ന പ്രതീക്ഷയിലാണ് ഞാൻ..ഇപ്പോൾ കാണാൻ പോകുന്നത് കൂടെ കൂട്ടിയാൽ നാല്പത്തി ഒന്നാമത്തെ പെണ്ണുകാണലാണ്…
ഈ ജാതകം എന്ന് പറയുന്ന സാധനം കണ്ട് പിടിച്ചില്ലാരുന്നെങ്കിൽ എന്ന് ആലോചിച്ച് പോയിട്ടുണ്ട്.. മുപ്പത് വയസ്സ് തികഞ്ഞെന്ന് പറഞ്ഞപ്പോൾ ഒരു പെണ്ണ് പറയാ കിളവന്മാരെ കെട്ടാൻ താൽപര്യമില്ലത്രേ.. മൂക്കത്ത് വിരൽ വച്ച് പോയി ഞാൻ.. പണ്ട് ആയിരുന്നെങ്കിൽ പെണ്ണുങ്ങൾക്ക് ഇത്തിരി പ്രായവും പക്വതയുള്ള ആണുങ്ങളെ ആയിരുന്നു ഇഷ്ടം .. ഇന്ന് ട്രെന്റ് മാറി… പിന്നെ ഭാഗ്യത്തിന് കണ്ടാൽ ഒരു ഇരുപത്തഞ്ച് അതിൽ കൂടുതൽ പറയാത്തത് കൊണ്ട് ചില പെണ്ണുങ്ങളൊക്കെ സമ്മതം മൂളിയതാണ്… പറഞ്ഞിട്ടെന്ത് കാര്യം യോഗം വേണ്ടേ…
അച്ഛന്റെ കാര്യം ആണ് കഷ്ടം ചെറുപ്പത്തിലേ അമ്മ നഷ്ടപ്പെട്ട എന്നെ പഠിപ്പിച്ച് വളർത്തി വലുതാക്കിയത് അച്ഛനാണ്.. അച്ഛനൊരിക്കലും സ്വന്തം കാര്യം നോക്കുന്നത് ഞാൻ കണ്ടിട്ടില്ല.. എല്ലാം എനിക്ക് വേണ്ടി മാത്രം..അമ്പത്തെട്ട് വയസ്സായിട്ടും അച്ഛനിപ്പോഴും എന്നേക്കാൾ സുന്ദരനാണ്.. പക്ഷെ മൂപ്പർക്ക് ഒരു കൂട്ട് വേണമെന്ന് ഇത് വരെ തോന്നിയിട്ടില്ല… ഞാൻ പലവട്ടം പറഞ്ഞെങ്കിലും “അങ്ങനെ വേണമെങ്കിൽ എന്നേ ആവാമായിരുന്നു ” എന്ന യിരുന്നു അച്ഛന്റെ മറുപടി…
ഒരു പെങ്ങളുണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ഒരപാട് ആഗ്രഹിച്ചിട്ടുണ്ട്.. ചെറുപ്പത്തിലേ ഞാനച്ഛനോട് ആ ആഗ്രഹം പറയുമായിരുന്നു.. പാവം അച്ഛനെന്ത് ചെയ്യാനാ… പെങ്ങൾ എന്ന് പറയുന്നത് ഓരോ ആങ്ങളയുടേയും ഭാഗ്യമാണ്.. എന്റെ അടുത്ത സുഹൃത്തുക്കൾക്കൊക്കെ പെങ്ങന്മാരുണ്ടായിരുന്നു… അവരുടെ ഒക്കെ സ്നേഹം കണ്ട് പലപ്പോഴും കണ്ണ് നിറഞ്ഞിട്ടുണ്ട്…
കഴിഞ്ഞ അഞ്ച് വർഷമായി പെണ്ണ് കാണാൻ നടക്കുന്നു… എന്റെ വെക്കേഷൻ മുഴുവൻ പെണ്ണുകാണാൻ നടന്ന് തീരുകയായിരുന്നു…
അച്ഛന് എന്തെങ്കിലും പറ്റിയാൽ നോക്കാൻ പോലും ആരുമില്ല എന്നത് എന്നെ വല്ലാതെ അലട്ടിയിരുന്നു.. അതിനായാണ് നടന്ന് നടന്ന് മടുത്തിട്ടും വീണ്ടും വീണ്ടും പെണ്ണുകാണാൻ പോയിരുന്നത്…
അങ്ങനെയിരിക്കെയാണ് ഒരു സുഹൃത്ത് മുഖേന ഒരു ആലോചന വന്നത്.. പെണ്ണ് സോഫ്റ്റ് വെയർ എഞ്ചിനീയറാണ്.. കാണാനും മിടുക്കി.. സുഹൃത്തിന് അവളെ നേരിട്ട് അറിയാവുന്നത് കൊണ്ട് ആണ് ഈ ആലോചന നോക്കാമെന്ന് ഞാൻ കരുതിയത് തന്നെ.. നാളും ചേരും..
“ഒന്ന് വേഗം വാ അപ്പാ…” സമയം ആയിട്ടും അച്ഛന്റെ ഒരുക്കം കഴിയാഞ്ഞിട്ട് ഞാൻ അസ്വസ്ഥനായി..
അല്ലേലും അച്ഛനാണ് എന്നേക്കാൾ ഒരുക്കം.. എവിടെപ്പോകുകയാണെങ്കിലും നല്ല നീറ്റ് ഡ്രസ്സ് ധരിച്ച് കുട്ടപ്പനായി ഇറങ്ങും മൂപ്പര്..
“എന്താ അപ്പാ ഇത്.. ഇത് കണ്ടാ തോന്നും അച്ഛനാണ് പെണ്ണ് കാണാൻ പോകുന്നത് എന്ന്… ? “
ഞാൻ പറഞ്ഞത് കേട്ട് അച്ഛൻ ചിരിച്ചു…
വഴിതെറ്റി കുറച്ച് അലഞ്ഞെങ്കിലും ഞങ്ങൾ സമയത്ത് തന്നെ അവരുടെ വീട്ടിലെത്തി…
അവളുടെ അമ്മാവനും എന്റെ സുഹൃത്തും കൂടെ ആണ് ഞങ്ങളെ സ്വീകരിച്ചത്…അവന്റെ വീട് അവിടെ അടുത്ത് തന്നെ ആയിരുന്നു…
പുഴയുടെ അടുത്തായി കുറച്ച് പറമ്പും കൂടെ ചേർന്ന് ആർഭാടങ്ങളൊന്നുമില്ലാത്ത ഒരു ചെറിയ വീട് ആയിരുന്നു അവരുടേത്..
അകത്ത് കയറി സോഫയിൽ ഇരുന്നതും പതിവ് പോലെ എനിക്ക് വിറയൽ വന്നു..അത് മുന്നേ ഉള്ളത് ആണ്.. ടെൻഷൻ കൊണ്ടാണ് ആ വിറയൽ…
അമ്മാവൻ കുടുംബകാര്യങ്ങൾ വിവരിക്കുന്ന തിനിടെ ഞാൻ ചുറ്റും കണ്ണോടിച്ചു.. അവളുടേയും അമ്മയുടേയും ഫോട്ടോസ് ആണ് ചുമരിൽ മുഴുവനും.. അവളുടെ അച്ഛൻ അവൾ സ്കൂളിൽ പഠിക്കുമ്പോളേ മരിച്ച് പോയെന്ന് സുഹൃത്ത് പറഞ്ഞിരുന്നു..
“ഇതാണ് പെണ്ണിന്റെ അമ്മ” അമ്മാവൻ പറഞ്ഞത് കേട്ടാണ് ഫോട്ടോകളിൽ നിന്ന് കണ്ണെടുത്ത് ഞാനവിടേക്ക് നോക്കിയത്..
ചെറുപ്പത്തിലേ അമ്മ നഷ്ടപെട്ട എനിക്ക് ആ അമ്മയുടെ മുഖം കണ്ടപ്പോഴേ വളരെയധികം ഇഷ്ടമായി.. എന്റെ അമ്മയെപ്പോലെ തന്നെ എന്ന് എനിക്ക് തോന്നി…ലളിതമായ വേഷം…നിഷ്ക്കളങ്കമായ മുഖം… മുഖത്തെ കരിവാളിപ്പ് കണ്ടാലറിയാം ആ അമ്മ എത്ര കഷ്ടപെട്ടാണ് ആ മകളെ വളർത്തിയിട്ടുണ്ടാവുക എന്നത്… എന്തോ ആ മുഖം എന്നെ വല്ലാണ്ട് സ്പർശിച്ചു..
അപ്പോഴാണ് നമ്മുടെ പെൺകുട്ടി ചായയുമായ് വന്നത്… അമ്മയെ പ്പോലെ തന്നെ മോളും.. ഒറ്റ നോട്ടത്തിൽ തന്നെ എനിക്കിഷ്ടപെട്ടു… ചായ തരുന്നതിനിടയിൽ മുഖമുയർത്തി അവളെന്നെ ഒന്ന് നോക്കി.. ആ കണ്ണുകൾ അല്പനേരം എന്നിലുടക്കിയോന്ന് ഒരു സംശയം…
“അവർക്കെന്തെങ്കിലും സംസാരിക്കുണ്ടേൽ സംസാരിക്കട്ടെ..അല്ലേ” അമ്മാവനാണ് അത് പറഞ്ഞത്…
അച്ഛനും അതിനോട് യോചിച്ചു..
“പുറത്ത് ആ പുഴക്കരയിൽ നല്ല കാറ്റും തണലുണ്ടാവും അവിടേക്കൊന്ന് കൊണ്ട് പോ അനുമോളേ.. പരസ്പരം ഉള്ള് തുറന്ന് ഒന്ന് സംസാരിക്കാലോ”
അത് കേട്ടതും അവൾ എന്റെ മുഖത്ത് നോക്കി..
ഞാനുടൻ ചായ ഒറ്റ വലിക്ക് കുടിച്ച് കപ്പ് ടേബിളിൽ വച്ച് പറഞ്ഞു..
“അതിനെന്താ… എവിടെയാ ആ സ്ഥലം” ഞാനവളുടെ മുഖത്തേക്ക് നോക്കി ചോദിച്ചു..
അവൾ ചിരിച്ച് കൊണ്ട് പുറത്തേക്ക് നടന്നു.. ഞാനവളുടെ പുറകേയും…
അമ്മാവൻ പറഞ്ഞത് പോലെ നല്ല കാറ്റും തണലും ഒക്കെ ഉള്ള സ്ഥലം ആയിരുന്നു അത്…
“ആഹാ..കൊള്ളാലോ സ്ഥലം” ഞങ്ങൾക്കിടയി ലുള്ള അകലം കുറയ്ക്കാനായി ഞാൻ പറഞ്ഞു..
“എനിക്കിഷ്ടപെട്ട സ്ഥലമാണ്.. സന്തോഷം വരുമ്പോഴും ദുഃഖം വരുമ്പോഴുമൊക്കെ ഞാനിവിടെ വന്നിരിക്കും” പുഴയിലേക്ക് നോക്കിക്കൊണ്ട് അവൾ പറഞ്ഞു…
“അത് കൊള്ളാലോ… അത്രമാത്രം സന്തോഷവും സങ്കടങ്ങളുമൊക്കെ ഉണ്ടോ തനിക്ക് ?”
അതിന് മറുപടിയായ് അവളൊന്ന് ചിരിച്ച് കൊണ്ടു പറഞ്ഞു..
“ഞാനെന്റെ അമ്മയെപ്പോലെ അല്ല… അമ്മ എന്ത് സങ്കടം വന്നാലും ഉള്ളിലൊതുക്കും.. ഒന്ന് കരയുകപോലുമില്ല.. പക്ഷെ ഞാനങ്ങനെ അല്ല എന്ത് ഉണ്ടെങ്കിലും തുറന്ന് പറയും”
അവളുടെ സംസാരം എനിക്ക് നന്നേ ബോധിച്ചി രുന്നു.. കാരണം ഞാനും ഇങ്ങനൊക്കെ തന്നെ ആണ്..
“അമ്മയെ ഭയങ്കര ഇഷ്ടാണല്ലേ? അമ്മയില്ലാതെ വളർന്നവനാ ഞാൻ.. ആ വിഷമം എനിക്ക് നന്നായി ഉണ്ട്.. എനിക്കും അമ്മയെ ഇഷ്ടപെട്ടു.. “
അവളതിന് മറുപടി ഒന്നും പറഞ്ഞില്ല.. പുഴയിലേ ക്ക് നോക്കി തന്നെ നിന്നു…
“എന്നെക്കുറിച്ച് എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ ചോദിക്കാട്ടോ” ഞാൻ പറഞ്ഞു..
അത് കേട്ടതും അവൾ എന്റെ മുഖത്തേക്ക് തിരിഞ്ഞ് നോക്കി… അവളുടെ മുഖത്ത് കുറച്ച് ഗൗരവം വന്നോന്ന് ഒരു സംശയം…
“ഈ വിവാഹത്തിൽ നിന്ന് പിന്മാറാമോ ?”
അവൾ പറഞ്ഞത് കേട്ട് ഞാൻ ശരിക്കും ഞെട്ടി… അങ്ങനൊരു ചോദ്യം പ്രതീക്ഷിക്കാത്തതിനാ ലാവാം മറുപടി പറയാനാവാതെ ഞാനാകെ വിയർത്തു…
“എന്ത് പറ്റി ? എന്നെ ഇഷ്ടപെട്ടില്ലേ?” വിറയാർന്ന ശബ്ദത്തോടെ ഞാൻ ചോദിച്ചു…
“ഇഷ്ടം അനിഷ്ടം അതിലൊക്കെ എന്തുണ്ട് ഏട്ടാ… എന്റെ അച്ഛൻ മരിച്ചതിൽ പിന്നെ അമ്മ ഒരിക്കലും അമ്മയുടെ ഇഷ്ടം നോക്കിയിട്ടില്ല.. ഭർത്താവിന്റെ സ്നേഹം എന്തെന്ന് അറിഞ്ഞിട്ട് പോലുമില്ല… അച്ഛൻ വളരെ ക്രൂരമനോഭാവമുള്ള ഒരാളായിരുന്നു.. പലപ്പോഴും അമ്മയെ ഉപദ്രവിക്കുന്നത് ഞാൻ കണ്ടിട്ടുണ്ട്…അതെല്ലാം അമ്മ സഹിച്ചത് എനിക്ക് വേണ്ടിയാണ്”
അവൾ പറയുന്നത് കേട്ട് ഞാൻ അവളുടെ മുഖത്തേക്ക് തന്നെ കണ്ണെടുക്കാതെ നോക്കി..
അവൾ തുടർന്നു…
“അച്ഛൻ ആക്സിഡന്റിൽ മരണപെട്ടിട്ടും എന്റെ അമ്മ ഒന്ന് കരഞ്ഞത് പോലുമില്ല…അത്രയ്ക്ക് ആ മനസ്സ് മരവിച്ചിരുന്നു..അതിന് ശേഷം എന്നെ വളർത്തി വലുതാക്കാൻ അമ്മ ഒരുപാട് കഷ്ടപെട്ടു.. ഈ പറയുന്ന അമ്മാവനടക്കം ഒരാളും തിരിഞ്ഞ് നോക്കിയിട്ടില്ല… എനിക്ക് അറിയാം എന്നെ ആരെങ്കിലും കെട്ടികൊണ്ട് പോകുകയാണെങ്കിൽ അമ്മയ്ക്ക് പിന്നെ ആരും ഉണ്ടാവില്ല.. അതുറപ്പാണ്.. അത് പാടില്ല” അത് പറയുമ്പോൾ അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു…
“അതിനെന്താ കല്ല്യാണം കഴിഞ്ഞാലും നമ്മളൊ ക്കെ ഉണ്ടാവില്ലെ? അമ്മ ഒറ്റക്കാവില്ലല്ലോ?”എന്റെ സംശയം ഞാൻ മറച്ച് വച്ചില്ല..
“അതല്ല… അമ്മയ്ക്ക് ഒരു കൂട്ട് വേണം… അതായത് അമ്മയെക്കൊണ്ട് ഒരു കല്ല്യാണം കഴിപ്പിക്കണം.. നല്ലൊരാളെ കണ്ടെത്താനായുള്ള അലച്ചിലിലാണ് ഞാൻ… അമ്മ സമ്മതിക്കില്ലെ ന്നറിയാം എങ്കിലും എന്ത് പറഞ്ഞെങ്കിലും ഞാൻ സമ്മതിപ്പിക്കും.. എനിക്ക് വേണ്ടി ഇത്രയും കാലം അമ്മ ജീവിച്ചില്ലെ.. ഇനിയുള്ള കാലം അമ്മയ്ക്ക് വേണ്ടി ജീവിക്കട്ടെ… ഒരു പുരുഷന്റെ സ്നേഹം കരുതൽ ഇതൊക്കെ അമ്മയും ആഗ്രഹിക്കുന്നു ണ്ടാവില്ലെ? ഇത്രയെങ്കിലും അമ്മയ്ക്ക് വേണ്ടി ചെയ്യാനായില്ലെങ്കിൽ പിന്നെ ഞാൻ മകളാണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം ഏട്ടാ?”
അവൾ പറഞ്ഞത് കേട്ട് എനിക്ക് അതിശയ മായി.. അതിലേറെ എനിക്ക് അവളോട് ബഹുമാനം തോന്നി… അവൾ പറഞ്ഞത് തന്നെയാണ് ശരി..
“ശരിയാണ് താൻ പറഞ്ഞത്… എനിക്ക് ഇപ്പോൾ തന്നെ മനസ്സിലാക്കാൻ പറ്റും …എന്തായാലും തനിക്ക് നല്ലൊരു അച്ഛനെ കിട്ടട്ടെ.. ഞാൻ പ്രാർത്ഥിക്കാം..”
“ഏട്ടനെന്നോട് ദേഷ്യമൊന്നുമില്ലല്ലോ? അഹങ്കാരം ആണെന്ന് തോന്നരുത്…എന്തെങ്കിലും ഒഴിവ് കഴിവ് പറഞ്ഞ് പിന്മാറിയാൽ മതി..” അവൾ വിഷമത്തോടെയാണ് അത് പറഞ്ഞത്..
“ഏയ് എനിക്കെന്തിനാ ദേഷ്യം… പകരം ബഹുമാ നമാണ് തോന്നുന്നത്.. അമ്മയെ അത്രയധികം സ്നേഹിക്കുന്നത് കൊണ്ടല്ലേ താനങ്ങനൊക്കെ പറഞ്ഞത്..സന്തോഷമേയുള്ളൂ.. വരൂ.. ഞാൻ നോക്കിക്കോളാം”
ഞങ്ങൾ അവിടന്ന് തിരികെ വീട്ടിലേക്ക് നടന്നു.. അമ്മാവൻ മുറ്റത്ത് ആരോടോ ഫോണിൽ സംസാരിച്ച് നിൽക്കുന്നുണ്ടായിരുന്നു..
വീട്ടിനകത്ത് കയറിയപ്പോൾ അച്ഛനും അവളുടെ അമ്മയും എന്തൊക്കെയോ സംസാരിച്ച് കൊണ്ടിരിക്കുന്നുണ്ടായിരുന്നു…
“അരുണെവിടെ അച്ഛാ?” സുഹൃത്തിനെ കാണാഞ്ഞ് ഞാൻ ചോദിച്ചു..
“അവന് വീട്ടിൽ നിന്ന് കോൾ വന്നു മോനേ.. അവന്റെ വൈഫിന്റെ ഡെലിവറിഡേറ്റ് അടുത്തില്ലേ.. വേദന ഉണ്ടെന്ന് പറഞ്ഞാ വിളിച്ചത്.. അവൻ അപ്പോൾ തന്നെ പോയി.. നിന്നെ പിന്നെ വിളിക്കാമെന്ന് പറഞ്ഞു”
“ഓ… ഓക്കെ… എന്നാ ഇറങ്ങാം നമുക്ക്?” ഞാൻ അച്ഛനോട് ചോദിച്ചു..
അച്ഛൻ എന്റെ മുഖത്തേക്ക് തന്നെ സൂക്ഷിച്ച് നോക്കി.. പിന്നെ അവളുടെ മുഖത്തേക്കും..
എനിക്കവളെ ഇഷ്ടപെട്ട് കാണില്ലാന്ന് അച്ഛൻ ചിലപ്പോൾ വിചാരിച്ച് കാണുമെന്ന് എനിക്ക് തോന്നി.. അച്ഛൻ സോഫയിൽ നിന്ന് എഴുന്നേറ്റു.. ഞങ്ങൾ യാത്ര പറഞ്ഞ് ഇറങ്ങാൻ നേരം ഞാനാ അമ്മയെ ഒന്ന് കൂടെ നോക്കി…
അമ്മ അവളോട് എന്തൊക്കെയോ അടക്കത്തിൽ ചോദിക്കുന്നുണ്ടായിരുന്നു..
പെട്ടെന്നാണ് എനിക്കൊരു കാര്യം തോന്നിയത്.. ആ അവസരത്തിൽ അത് ശരായാണോ തെറ്റാണോ എന്നൊന്നും ഞാൻ നോക്കിയില്ല..
അവളുടെ അടുത്തേക്ക് ചെന്ന് രണ്ടും കൽപ്പിച്ച് ഞാൻ ചോദിച്ചു…
“എനിക്ക് തരാമോ അനൂ ഈ അമ്മയെ? ഞാൻ പൊന്ന് പോലെ നോക്കിക്കോളാം.. ഞാൻ പറഞ്ഞില്ലേ തന്റെ അവസ്ഥ എനിക്ക് മനസ്സിലാക്കാനാവും എന്ന്.. കാരണം ഞാനും അത്തരമൊരു അവസ്ഥയിൽ കൂടെ തന്നെയാണ് കടന്നുപോകുന്നത്.. എന്റെ അച്ഛന് ഈ അമ്മയേക്കാൾ നല്ലൊരു ഭാര്യയെ എനിക്ക് കണ്ടെത്താനാവില്ല.. തെറ്റാണെങ്കിൽ ക്ഷമിക്കണം.. ഇത്രയെങ്കിലും എനിക്ക് ചെയ്യാനായില്ലെങ്കിൽ പിന്നെന്തിന് മകനാണെന്ന് പറഞ്ഞ് നടക്കണം”
എന്റെ ആ സംസാരം അല്പനേരം അവിടം ആകെ നിശബ്ദമാക്കി…
“നീ എന്തൊക്കെയാ ഈ പറയുന്നത് വിനയ്.. നിനക്ക് ഭ്രാന്തായോ?” അച്ഛനാണ് അത് ചോദിച്ചത്… അച്ഛൻ വേഗം എന്റെ കൈ പിടിച്ച് പുറത്തേക്ക് കൊണ്ട് വന്നു..
അത് കണ്ട് അവൾ ഞങ്ങളുടെ പുറകെ വന്നു..
“ഏട്ടാ.. എനിക്ക് ആദ്യമേ ഇഷ്ടമായി അച്ഛനെ.. അമ്മയോട് ഞാൻ സംസാരിക്കാം.. സമ്മതമാണെങ്കിൽ എത്രയും പെട്ടെന്ന് നമുക്ക് നടത്താം” അവൾ ആവേശത്തോടെ പറഞ്ഞു..
“അനൂ… നിനക്കും ഭ്രാന്തായോ.. വന്ന് വന്ന് എവിടെ എന്തൊക്കെ സംസാരിക്കണമെന്ന് അറിയാതെ ആയി.. ” അവളുടെ അമ്മ ഇടയ്ക്ക് കയറി..
പക്ഷെ അനു പറഞ്ഞത് കേട്ട് എനിക്ക് ഭയങ്കര സന്തോഷമായി… അച്ഛനെന്നെ പിടിച്ച് വലിച്ച് അവിടന്ന് കൊണ്ട് പോന്നെങ്കിലും എന്റെ നിരാഹാരസമരത്തിന് മുന്നിൽ മൂപ്പർ കീഴടങ്ങുകയായിരുന്നു… അനുവിന്റെ അമ്മയേയും അവൾ സമ്മതിപ്പിച്ചു…
അങ്ങനെ എന്റെ കല്ല്യാണം ആലോചിക്കാൻ പോയ ഞാൻ എന്റെ അച്ഛന്റെ കല്ല്യാണം ഉറപ്പിച്ചു…
അല്ല ഞങ്ങൾ സംസാരിക്കാൻ പുറത്ത് പോയ സമയത്ത് അവർ തമ്മിൽ ഒരു പ്രണയം മൊട്ടിട്ടിരുന്നോ എന്നതും ആ സമ്മതത്തിന് കാരണമായിട്ട് എനിക്ക് തോന്നി…
അവരുടെ കല്ല്യാണം മംഗളമായ് തന്നെ ഞങ്ങൾ നടത്തി… ബന്ധുക്കളായ പലരും സമൂഹത്തിലെ ചിലരും ആദ്യം ഞങ്ങളെ എതിർത്തെങ്കിലും പിന്നീട് ഞങ്ങൾ ചെയ്തത് തന്നെയാണ് ശരി എന്ന് എല്ലാവരും സമ്മതിച്ചു…
ലീവ് കഴിഞ്ഞ് എന്നെ എയർപോട്ടിൽ യാത്രയാക്കാനായി അന്ന് മൂന്ന് പേരുണ്ടായിരുന്നു…
അച്ഛനും അമ്മയും പിന്നെ അവളും…. അവളെന്ന് പറഞ്ഞാ എന്റെ പെങ്ങൾ… അതെ പെങ്ങൾ തന്നെ… നെറ്റി ചുളിക്കണ്ട… ഭാര്യയെ ഇനിയും കിട്ടും പക്ഷെ ഇങ്ങനെ ചുളുവിൽ ഒരു പെങ്ങളെ കിട്ടുമോ?
പ്രവീൺ ചന്ദ്രൻ