“കെട്ടാച്ചരക്ക്”
Story written by SUJA ANUP
നടയിൽ നിന്ന് നന്നായി തന്നെ ഒന്ന് തൊഴുതു. ഈ ഒരു ദിവസ്സം പലതും ഓർമ്മിപ്പിക്കും. അതിൽ നിന്നൊക്കെ ശാന്തി ലഭിക്കുവാൻ ഇതേ ഒരു മാർഗ്ഗം ഉള്ളൂ. തൊഴുതു തിരിഞ്ഞു നടക്കുമ്പോൾ മനസ്സ് ശൂന്യം ആയിരുന്നൂ. എന്താണ് ഞാൻ ദേവിയോട് ചോദിക്കേണ്ടത്? മോഹങ്ങൾ ഒക്കെ എന്നേ മനസ്സിൽ കുഴിച്ചു മൂടി. സ്വപ്നങ്ങൾ കാണുവാൻ എപ്പോഴോ മനസ്സു മറന്നിരിക്കുന്നൂ.
പെട്ടെന്നാണ് തെക്കേലെ മീനാക്ഷിയും അമ്മയും മുന്നിൽ ചാടിയത്. നല്ലൊരു ദിവസ്സം ആയിട്ട് ഇനി ആ തള്ളയുടെ വായിൽ ഇരിക്കുന്നത് കേൾക്കണം.
മീനാക്ഷി കളികൂട്ടുകാരിയാണ്. എൻ്റെ അതേ പ്രായം. വിവാഹം കഴിഞ്ഞു പോയതിൽ പിന്നെ നാട്ടിലേക്കുള്ള അവളുടെ വരവ് തീരെ കുറഞ്ഞിരിക്കുന്നൂ. ഇപ്പോൾ രണ്ടാമതും ഗർഭിണി ആണ്. അവളുടെ കണ്ണുകളിലെ തിളക്കമൊക്കെ മങ്ങിയിരിക്കുന്നൂ. ആ തള്ളയെ സംബന്ധിച്ച് വിവാഹം കഴിക്കുന്നതും പെറുന്നതും ആണ് ഒരു പെണ്ണിനു വേണ്ട രണ്ടു കാര്യങ്ങൾ. ബിരുദം കഴിഞ്ഞതും അവളെ പിടിച്ചു കെട്ടിച്ചൂ.
ഞാൻ ചോദിച്ചൂ
“സുഖമാണോ മീനു..?”
“നിൻ്റെ വിശേഷങ്ങൾ പറയൂ.. ആദ്യം അത് കേൾക്കട്ടെ..?” മീനു പറഞ്ഞു.
ഉടനെ അവളുടെ അമ്മ പറഞ്ഞു
“ഓ സീമയ്ക്കു എന്ത് വിശേഷം ആണ് പറയാനുള്ളത്. കെട്ടാച്ചരക്കായി അങ്ങനെ നിൽക്കുകയല്ലേ. അതൊക്കെ നമ്മുടെ മീനു ബിരുദം കഴിഞ്ഞതും നല്ല ആലോചന വന്നൂ. അതിനൊക്കെ ഒരു ഭാഗ്യം വേണം. പ്രായം ഇപ്പോൾ എത്ര ആയി എന്നാ. ഇനി അങ്ങനെ ഇരുന്നു പോവുകയേ ഉള്ളൂ. അമ്മമാർ ഇല്ലെങ്കിൽ ഇങ്ങനെ ഇരിക്കും.”
“ഈ അമ്മയ്ക്ക് ഒന്ന് മിണ്ടാതെ ഇരിക്കാമോ..?”
“ഞാൻ മിണ്ടാതെ ഇരുന്നിട്ടെന്തിനാ? നാട്ടുകാരുടെ മൊത്തം വായടപ്പിക്കുവാൻ ഇവൾക്ക് ആകുമോ..?”
ആ തള്ള പിന്നെയും എന്തൊക്കെയോ പറഞ്ഞു
പാവം എൻ്റെ അമ്മ. മരിച്ചു പോയിട്ടും അവരും എനിക്ക് വേണ്ടി പഴി കേൾക്കുന്നൂ.
“എൻ്റെ ദേവി, എൻ്റെ അമ്മ ഉണ്ടായിരുന്നെങ്കിൽ അവർക്കുള്ള മറുപടി അപ്പോൾ തന്നെ കൊടുത്തേനെ. എന്തിനാണ് എൻ്റെ അമ്മയെ തിരിച്ചു വിളിച്ചത്.”
അറിയാതെ കണ്ണ് നിറഞ്ഞു.
പിറന്നാൾ ദിനത്തിൽ തന്നെ നല്ല നാലുവരികൾ കേൾപ്പിച്ചതിനു ദേവിയോട് പ്രത്യേകം നന്ദി പറഞ്ഞു.
അങ്ങനെ മുപ്പതു വയസ്സ് എന്ന് പറയുന്നത് ഒരു പുതിയ നാമം കൂടെ എൻ്റെ തലയിൽ വച്ച് തന്നൂ.
“കെട്ടാച്ചരക്ക്..”
മറ്റൊരാളെ വേദനിപ്പിക്കുന്നതിൽ ആനന്ദം കണ്ടെത്തുന്ന ഒത്തിരി പേരുണ്ട്. അവരോടും മറുപടി പറയുവാൻ എനിക്കാവില്ല.
ഏതായാലും ഒന്നും മിണ്ടാതെ അവിടെ നിന്ന് നടന്നൂ.
അനിയനു വയസ്സ് ഇരുപത്തെട്ടു ആയിരിക്കുന്നൂ. ഞാൻ മൂലം അവനും പെണ്ണ് കിട്ടുന്നില്ല. എത്രയോ നല്ല ആലോചനകൾ വന്നൂ. എല്ലാം ഞാൻ തന്നെയാണ് മുടക്കുന്നത്.
അമ്മ ഉണ്ടായിരുന്നെങ്കിൽ എന്ന് ഒന്ന് ആലോചിച്ചു പോയി. അവർക്കു എന്നെ മനസ്സിലായേനെ. പത്തിൽ പഠിക്കുമ്പോൾ അമ്മ മരിച്ചൂ. ആ നഷ്ടത്തിൻ്റെ ആഴം ഇന്നാണ് മനസ്സിലാകുന്നത്.
മനസ്സ് ഒന്നിനും സമ്മതിക്കുന്നില്ല.
മനസ്സ് ഇപ്പോഴും അവനെ മാത്രമേ ആഗ്രഹിക്കുന്നുള്ളൂ.
ഒന്നും പറയാതെ മനസ്സിൽ കൊണ്ട് നടന്ന ഒരു പ്രണയം ഉണ്ട്. നല്ലപാതിയുടെ സ്ഥാനത്തു അവനെ മാത്രമേ എന്നും സങ്കല്പിച്ചിട്ടുള്ളൂ.
സുനിൽ…
ബിരുദത്തിനു ഞങ്ങൾ ഒന്നിച്ചായിരുന്നു. ആ മൂന്ന് വർഷങ്ങളിൽ ഒരിക്കൽ പോലും ഞാൻ അവനോടു ഇഷ്ടമാണ് എന്ന് പറഞ്ഞിട്ടില്ല. പക്ഷേ ഞങ്ങൾ പരസ്പരം ഇഷ്ടപെട്ടിരുന്നൂ.
അതെങ്ങനെ അറിയാം എന്നല്ലേ..
പ്രണയം, അത് തിരിച്ചറിയുവാൻ ഒരാളുടെ കണ്ണിൽ നോക്കിയാൽ പോരെ. അയാളുടെ സാമിപ്യം പോലും നമുക്ക് നൽകുന്ന മന:സുഖം അത് ഒരിക്കൽ അനുഭവിച്ചവർക്കേ മനസ്സിലാകൂ.
ആ മൂന്ന് വർഷങ്ങളിൽ ഒരിക്കൽ പോലും ഇഷ്ടമാണ് എന്ന് അവൻ പറഞ്ഞിട്ടില്ല.
കലാലയത്തിലെ അവസാന ദിവസം ഓട്ടോഗ്രാഫിൽ അവൻ ഒരു വരി എഴുതി വച്ചൂ. അത് ഞാൻ കാണുന്നത് തന്നെ വീട്ടിൽ എത്തിയതിനു ശേഷം ആണ്.
“ഒരിക്കൽ ഞാൻ വരും, കൂടെ കൊണ്ട് പോകുവാൻ..”
ആരും കാണാതെ, അവൻ എഴുതിയ ആ വരികൾ ഇന്നും ഞാൻ സൂക്ഷിക്കുന്നൂ.
ആ വാക്കുകൾ എപ്പോഴും മനസ്സിൽ കൊണ്ട് നടക്കുന്നൂ.
വർഷങ്ങൾ എത്ര കഴിഞ്ഞു. കലാലയ ജീവിതത്തിലെ ഒരു തമാശയായി മാത്രം കണ്ടു അത് മറക്കുവാൻ മാത്രം എനിക്കായില്ല.
ഞങ്ങൾക്കിടയിൽ ഒരു സ്വകാര്യ നിമിഷം പോലും ഉണ്ടായിരുന്നില്ല. ഒരിക്കൽ പോലും അവൻ നേരിട്ട് എന്നോട് ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടും അവനു വേണ്ടി കാത്തിരിക്കുന്ന എന്നെ എൻ്റെ അടുത്ത കൂട്ടുകാരി മീനാക്ഷി മാത്രം “മണ്ടി” എന്ന് വിളിച്ചൂ. അവൾക്കു മാത്രമേ അവനെ പറ്റി അറിയൂ.
ഓരോ വിവാഹ ആലോചനകൾ മുടക്കുമ്പോഴും ഒന്നും പറയാതെ അച്ഛന് മുൻപിൽ ഞാൻ തല താഴ്ത്തി നിന്നൂ.
അല്ലെങ്കിലും ഞാൻ എന്താണ് പറയേണ്ടത്..?
ഓരോന്ന് ചിന്തിച്ചു നേരം പോയത് അറിഞ്ഞില്ല. വീടെത്തി. ഇന്ന് എന്തായാലും ഇനി ഓഫീസിലേക്കില്ല. വീട്ടിൽ തന്നെ കുറച്ചു നേരം ഇരിക്കണം.
“മോളെ..”
“എന്താ അച്ഛാ, നിന്നെ കാണുവാൻ നാളെ ഒരു കൂട്ടർ വരും.”
“വേണ്ട, അച്ഛാ..”
“നീ എന്നും നിന്നെ പറ്റി മാത്രമേ ചിന്തിച്ചിട്ടുള്ളൂ. ഞങ്ങൾ കുറച്ചു പേർ ഇവിടെ ഉണ്ട്. നീ ഇങ്ങനെ നിൽക്കുമ്പോൾ അനിയന് വിവാഹം നടക്കില്ല. എനിക്കും വയസ്സായി. നിന്നെ ഒരു കൈയ്യിൽ ഏല്പിച്ചിട്ടു വേണം എനിക്ക് കണ്ണടക്കുവാൻ.”
പിന്നെ ഞാൻ ഒന്നും പറഞ്ഞില്ല.
പിറ്റേന്ന് അവർ വന്നൂ. ഉടുത്തൊരുങ്ങി അവരുടെ മുന്നിൽ നിൽക്കുമ്പോൾ മനസ്സിൽ വല്ലാത്ത ഒരു വിങ്ങൽ അനുഭവപ്പെട്ടൂ.
അവർ പോയതിനു ശേഷം അച്ഛൻ വന്നു പറഞ്ഞു.
“അവർക്കു താല്പര്യം ആണ്. ഇനി എന്നെ കൊണ്ട് വയ്യ. ഒരാഴ്ചത്തെ സമയം ഉണ്ട്. അത് കഴിഞ്ഞാൽ ഞാൻ വാക്ക് കൊടുക്കും.”
ഇതു വരെ ഇങ്ങനെ ഒരു ഭീഷണി ഉണ്ടായിട്ടില്ല. ഏതായാലും എന്തെങ്കിലും ചെയ്തെ പറ്റൂ.
പിറ്റേന്ന് ഞാൻ സുനിലിനെ അന്വേഷിച്ചു പുറപ്പെട്ടൂ. എന്തേ ഞാൻ ഇതു മുൻപേ ചെയ്തില്ല. അതിനുള്ള ഉത്തരം എനിക്ക് തന്നെ അറിയില്ല. അല്ലെങ്കിലും സുനിലിൻ്റെ മുഖത്തു നോക്കി ഇഷ്ടമാണ് എന്ന് പറയുവാനുള്ള ധൈര്യം ഒരിക്കലും എനിക്ക് ഉണ്ടായിരുന്നില്ല.
അവസാനം ഞാൻ ആ വീട്ടിലെത്തി.
ഗേറ്റു തുറന്നു ആ വീട്ടിലേക്കു കയറുമ്പോൾ പേടി ഉണ്ടായിരുന്നൂ. അവൻ്റെ വിവാഹം കഴിഞ്ഞു കാണുമോ.
ഭാഗ്യത്തിന് അവൻ അവിടെ ഉണ്ടായിരുന്നൂ. കാളിങ് ബെല്ലടിച്ചതും വാതിൽ തുറന്നു അവൻ മുന്നിൽ വന്നൂ.
എന്നെ കണ്ടതും അവൻ ഒന്ന് ഞെട്ടിയോ..
ഓഫീസ് ആവശ്യത്തിന് അവിടെ അടുത്ത് വരെ വന്നപ്പോൾ ചുമ്മാ കയറിയതാണ് എന്ന് മാത്രം ഞാൻ പറഞ്ഞു.
വീട്ടിൽ അമ്മ മാത്രമേ ഉള്ളൂ. സഹോദരി വിവാഹം കഴിഞ്ഞു പോയി. സുനിൽ വിദേശത്താണ് എന്ന് അപ്പോഴാണ് മനസ്സിലായത്. ലീവിന് വന്നിട്ട് രണ്ടു ദിവസ്സം ആയതേ ഉള്ളൂ എന്ന് അവൻ്റെ അമ്മ പറഞ്ഞു. അവനു വിവാഹം നോക്കുന്നുണ്ടത്രെ.
അത് കേട്ടപ്പോൾ കണ്ണൊന്നു നിറഞ്ഞു.
ഞാനും അമ്മയും കുറെ നേരം അവിടെ വർത്തമാനം പറഞ്ഞിരുന്നൂ.
“എത്രയോ ആലോചനകൾ വന്നു. അവൻ എന്തെങ്കിലും ഒക്കെ പറഞ്ഞു അത് മുടക്കും. ഇനി ഞാൻ സമ്മതിക്കില്ല. ഈ തവണ ഞാൻ വിവാഹം നടത്തും. മോൾ എന്തായാലും വരണം.”
അത് കേട്ടതും സുനിൽ ഒന്ന് ചിരിച്ചൂ.
അവിടെ നിന്നിറങ്ങുമ്പോൾ മനസ്സിൽ ദുഃഖം തളം കെട്ടി നിന്നിരുന്നൂ. ഇഷ്ടമുള്ളതെന്തോ കൈ വിട്ടു പോയത് പോലെ. ഇഷ്ടമാണ് എന്ന് പറയുവാൻ ഇന്നും എനിക്ക് ആയില്ല.
വീട്ടിൽ എത്തിയപ്പോൾ അച്ഛൻ പറഞ്ഞു
“നാളെ നിന്നെ കാണുവാൻ ഒരു കൂട്ടർ വരും. ആദ്യത്തെ ചെക്കനെ വേണോ അതോ ഇതു മതിയോ എന്ന് നീ തീരുമാനിച്ചോ”
ഞാൻ ഒന്നും മിണ്ടിയില്ല.
കുളിക്കുവാൻ കയറിയപ്പോൾ അറിയാതെ കണ്ണുകൾ നിറഞ്ഞൊഴുകി. അല്ലെങ്കിലും ഞാൻ എന്നും അങ്ങനെ ആയിരുന്നൂ എൻ്റെ കണ്ണുകൾ നിറയുന്നത് ആരും കാണരുത് എന്ന് എനിക്ക് നിർബന്ധം ഉണ്ടായിരുന്നൂ.
പിറ്റേന്ന് ഉടുത്തൊരുങ്ങുമ്പോൾ മനസ്സിൽ ശൂന്യത ആയിരുന്നൂ. അച്ഛനും അനിയനും മാത്രമേ സാധാരണ പെണ്ണ് കാണൽ ചടങ്ങിന് ഉണ്ടാകൂ. എല്ലാം ഒരുക്കുന്നതും അവരാണ്.
അനിയൻ വന്നു പറഞ്ഞു
“അവർ എത്തീട്ടൊ, വിളിക്കുമ്പോൾ താഴേക്ക് വരണം.”
“ഉം..”
അവനറിയാം, ആ മൂളലിൽ തന്നെ ഇഷ്ടമില്ലായ്മ്മ ഉണ്ട് എന്ന്.
കുറച്ചു കഴിഞ്ഞതും വാതിലിൽ ആരോ തട്ടി. നോക്കുമ്പോൾ സുനിലിൻ്റെ അമ്മയും സഹോദരിയും (സുമ). എനിക്കാകെ അത്ഭുതമായി.
അവർ എൻ്റെ അടുത്തേയ്ക്കു വന്നൂ
സുമ എൻ്റെ കൈയ്യിൽ പിടിച്ചു.
“അവസാനം ഏടത്തിക്കെങ്കിലും ഇത്തിരി ധൈര്യം ഉണ്ടായല്ലോ..”
ഞാൻ ഒന്നും മിണ്ടിയില്ല.
“നീ അവനെ തേടി വീട്ടിൽ വന്നപ്പോഴേ എനിക്ക് സംശയം തോന്നിയിരുന്നൂ. അവൻ്റെ വിവാഹത്തെ പറ്റി ഞാൻ പറഞ്ഞപ്പോൾ നിൻ്റെ കണ്ണ് നിറയുന്നത് കണ്ടപ്പോഴേ എനിക്ക് കാര്യങ്ങൾ മനസ്സിലായി. അവനെ ഞാൻ വഴക്കു പറഞ്ഞു. നീ അവനു വേണ്ടി അല്ലെ കാത്തിരുന്നത്. നേരത്തെ കാര്യങ്ങൾ പറഞ്ഞിരുന്നെങ്കിൽ നമുക്ക് ഇത് എപ്പോഴേ നടത്താമായിരുന്നൂ. നിന്നെ എനിക്ക് ഒറ്റ നോട്ടത്തിലെ ഇഷ്ടം ആയി മോളെ. പിന്നെ എല്ലാറ്റിനും ഒരു സമയം ഉണ്ട്.”
എന്നെ അവർ താഴേക്ക് കൂട്ടി കൊണ്ട് പോയി. അന്നാദ്യമായി സന്തോഷത്തോടെ ഒരു കപ്പു ചായ ചെറുക്കന് ഞാൻ കൊടുത്തൂ. വിവാഹം ഉറപ്പിച്ചതിനു ശേഷം അവർ പോയി.
വസ്ത്രമെല്ലാം മാറ്റി വന്നു നോക്കുമ്പോൾ അച്ഛനെ കാണുന്നില്ല.
നോക്കുമ്പോൾ അമ്മയുടെ ഫോട്ടോയ്ക്ക് മുൻപിൽ അച്ഛൻ നിൽക്കുന്നൂ. അച്ഛൻ്റെ കണ്ണുകൾ നിറഞ്ഞിരിക്കുന്നൂ.
“അച്ഛാ..”
“എല്ലാം എൻ്റെ തെറ്റാണു മോളെ. നിന്നെ മനസ്സിലാക്കുവാൻ എനിക്കായില്ല. എന്നും അവൾ ആയിരുന്നല്ലോ നിനക്ക് വേണ്ടി എന്നോട് വാദിച്ചിരുന്നത്. അവൾ നേരത്തെ പോയില്ലായിരുന്നെങ്കിൽ നീ ഇത് അമ്മ വഴി എന്നെ അറിയിക്കുമായിരുന്നല്ലോ. ഞാൻ ഒരിക്കൽ പോലും നിന്നെ മനസ്സിലാക്കുവാൻ ശ്രമിച്ചില്ല. പ്രണയം ഒരു തെറ്റല്ല. അവൻ നല്ലവനാണ്. എനിക്ക് അവനെ ഇഷ്ടമായി.”
“അങ്ങനെ പറയല്ലേ അച്ഛാ. അച്ഛൻ എനിക്ക് ഒരു കുറവും വരുത്തിയിട്ടില്ല ഇതു വരെ. പിന്നെ എനിക്ക് അങ്ങനെ ഒന്നും പറയുവാൻ അറിയില്ല അച്ഛാ..”
അനിയൻ്റെ കണ്ണുകളും നിറഞ്ഞിരുന്നൂ.
“അമ്മ, അതൊരു സത്യമാണ്. നമുക്ക് മുൻപേ നമ്മെ അറിയുന്നവൾ. അവർ നഷ്ടമാകുമ്പോഴാണ് എല്ലാവരും അവരുടെ വില മനസ്സിലാക്കുന്നത്.”
ഏതായാലും വിവാഹത്തിൻ്റെ തലേന്ന് മീനാക്ഷി വന്നൂ. അവൾ എൻ്റെ കൈ പിടിച്ചു പറഞ്ഞു. “മണ്ടി എന്ന വാക്ക് ഞാൻ പിൻവലിച്ചിരിക്കുന്നൂ. എൻ്റെ വിവാഹം നടന്നൂ. പക്ഷേ നിനക്കറിയോ മനസ്സിൽ ഞാനും ഒരു പ്രണയം ഒളിപ്പിച്ചിരുന്നൂ. ഈ താലി കഴുത്തിൽ കിടക്കുമ്പോഴും അതെൻ്റെ മനസ്സിൽ ഇരുന്നു ഇന്നും വിങ്ങുന്നുണ്ട്. നീ ഭാഗ്യവതിയാണ്.”
…..സുജ അനൂപ്