ഭർത്താവിന്റെ സംശയം
Story written by Shaan Kabeer
≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈≈
“ഇന്ന് ഞാൻ അവളെ കയ്യോടെ പിടികൂടും. കുറേ ആയി അവൾ തുടങ്ങീട്ട്”
സന്തോഷ് ഒട്ടും സന്തോഷമില്ലാതെ തന്റെ കൂട്ടുകാരനോട് പറഞ്ഞു. കൂട്ടുകാരൻ യോ ബ്രോ കട്ട സപ്പോർട്ട് ചങ്കേ എന്നമട്ടിൽ അവനൊപ്പം കട്ടക്ക് നിന്നു
“എന്താ നിന്റെ പ്ലാൻ, നിനക്ക് ഉറപ്പല്ലേ നിന്റെ ഭാര്യക്ക് വേറെ ആരുമായോ അവിഹിത ബന്ധം ഉണ്ടെന്ന്”
കൂട്ടുകാരന്റെ ചോദ്യം സന്തോഷിനെ ഒന്ന് ചൊടിപ്പിച്ചു
“വേറെ ആരോ അല്ല, അവളുടെ കൂടെ പഠിച്ചവനാ. ഇത്രേം കാലം ഇല്ലാത്ത വാട്സാപ്പ് ചാറ്റിങ് ഒക്കെ കണ്ടാൽ അറിഞ്ഞൂടെ. എപ്പോ നോക്കിയാലും ഓൺലൈനിൽ ഉണ്ടാകും”
ഒന്ന് നിറുത്തിയിട്ട് എന്തോ മഹാസംഭവം തന്റെ ബുദ്ധിയിൽ ഉദിച്ച ഭാവത്തിൽ കൂട്ടുകാരനെ നോക്കി
“പത്താം ക്ലാസ്സിലെ വാട്സാപ്പ് ഗ്രൂപ്പിൽ അവളെ ആഡ് ചെയ്ത അന്ന് തുടങ്ങീതാ ഈ പരിപാടി. വിടില്ല ഞാനവളെ. എന്നേയും മക്കളെയും ചതിച്ചിട്ട് അങ്ങനെ അവനും അവളുടെ കള്ള കാമുകനും സുഖമായി ജീവിക്കില്ല. കൊല്ലും ഞാൻ രണ്ടിനെയും”
കൂട്ടുകാരൻ സന്തോഷിനെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ അവൻ അടങ്ങുന്ന മട്ടില്ല
“ഇതുവരെ ഇല്ലാത്ത നമ്പർ ലോക്ക് ഒക്കെ ഉണ്ട് ഇപ്പോ അവളുടെ ഫോണിന്. ഇന്ന് രാത്രി ഞാൻ അവളുടെ ഫോൺ കയ്യിലാക്കും. പിന്നീട് ആ ഫോൺ അവൾക്ക് കിട്ടില്ല. സുന്ദരന്റെ മൊബൈൽ ഷോപ്പിൽ കൊടുത്ത് ലോക്ക് ഒഴിവാക്കി അവളുടെയും കാമുകന്റെയും സെക്സ് ചാറ്റ് എനിക്ക് കാണണം എന്നിട്ട് അവളുടെ തന്തയുടെയും തള്ളയുടെയും മുന്നിലിട്ട് അവളെ പരസ്യമായി വിചാരണ ചെയ്യണം”
ഇത്രയും പറഞ്ഞ് രണ്ടെണ്ണം അടിച്ച് ഒരു സിനിമയൊക്കെ കണ്ട് രാത്രി വീട്ടിലെത്തി ഭക്ഷണമൊക്കെ കഴിച്ച് ഉറങ്ങാൻ കിടന്നു. അപ്പോഴും ഭാര്യ ചാറ്റിലാണ്. അവൾ ഉറങ്ങുന്നതും നോക്കി കാത്തിരുന്ന് കാത്തിരുന്ന് സന്തോഷ് ഉറങ്ങിപ്പോയി. പിറ്റേദിവസം എണീറ്റ് കുളിച്ച് ഫ്രഷായി ജോലിക്ക് പോവാൻ നേരം തന്റെ ഫോൺ നോക്കീട്ട് കാണാതായപ്പോൾ ഭാര്യയോട് തന്റെ ഫോണെവിടെ എന്ന് അന്വേഷിച്ചു. മുഖമൊക്കെ ചുവന്ന് ഒരു ഭദ്രകാളി ലുക്കിൽ ആയിരുന്നു അവൾ അപ്പോൾ
“കുറേ ദിവസമായി നിങ്ങളുടെ ഫോണൊന്ന് കയ്യിൽ കിട്ടാൻ ഞാൻ നോക്കുന്നു. നാണമില്ലേ മനുഷ്യാ നിങ്ങക്ക് അശ്വതി അച്ചു, അമ്മു അമ്മൂസ്, റിച്ചു റിസ് അങ്ങനെ എത്രെണ്ണം ഉണ്ട്. ഒന്നുമില്ലെങ്കിലും രണ്ട് കുട്ടികളുടെ തന്തയല്ലോടോ താൻ. നിങ്ങള് ഇത്രേം റൊമാന്റിക് ആയിരുന്നോ. മോളൂസ് ചായ കുടിച്ചോ, ഫുഡിയോ, കുളിച്ചോ, ഉറങ്ങിയോ എന്നൊക്കെ പറഞ്ഞ് എത്ര പെണ്ണുങ്ങളെയാടോ താൻ ദിവസവും കിടത്തിയുറക്കുന്നത്”
സന്തോഷിനെ രൂക്ഷമായി ഒന്ന് നോക്കീട്ട് അവൾ ഉറഞ്ഞുതുള്ളി
“എന്റെ കാലിൽ ആണി കയറി ഒരുമാസം ആ കാലും വെച്ച് തനിക്കും കുട്ടികൾക്കും വെച്ചുവിളമ്പി തന്നിട്ടും എന്നോട് ഒരുവാക്ക് പോലും ചോദിച്ചിട്ടില്ല, എന്റെ ഭാര്യേ ഒന്ന് ഡോക്ടറെ കാണിക്ക് എന്ന്. അശ്വതി അച്ചുവിന് പെൻസിൽ കൂർപ്പിക്കുമ്പോൾ അതിന്റെ മുനയൊന്നു തട്ടി കയ്യിൽ ചെറിയൊരു മുറിവ് വന്നപ്പോൾ ഊണില്ലാതെ ഉറക്കമില്ലാതെ അമ്പലങ്ങളായ അമ്പലങ്ങൾ മുഴുവൻ പ്രാർഥനയും വഴിപാടുമായി നടന്നിരിക്കുന്നു നാണമില്ലാത്തവൻ”
കയ്യിൽ നിന്നും അണ്ടിപോയ അണ്ണാനെപ്പോലെ സന്തോഷ് ഭാര്യയെ നോക്കി പല്ലിളിച്ചു. അവൾക്ക് ദേഷ്യം അരിച്ചുകയറി
“എന്നിട്ട് എന്നെ സംശയിക്കാൻ നടക്കുന്നു. ഞാൻ ഇത്രെയും കാലം ചാറ്റ് ചെയ്തിരുന്നത് നിങ്ങളുടെ അമ്മയോടും അനിയത്തിയോടും ചേച്ചിയോടും ഒക്കെയാ. കയ്യോടെ പിടിക്കാൻ അവരാ ഉപദേശിച്ചേ. കുറെയായി ഞാൻ ശ്രദ്ധിക്കുന്നു നട്ടപ്പാതിരാക്കുള്ള സെൽഫി എടുക്കലും തിന്നുന്ന ചോറിന്റെ പിക് എടുക്കലും ഒക്കെ. നിങ്ങൾ ഇങ്ങനെ ആയതോണ്ടാണ് നിങ്ങൾക്ക് എന്നെ സംശയം തോന്നുന്നത്. ആദ്യം സ്വന്തം ഭാര്യയെയും മക്കളെയും സ്നേഹിക്കാൻ പടിക്കെടോ എന്നിട്ട് മതി എഫ്ബിയിൽ ഒലിപ്പിക്കാൻ പോവുന്നത്”
ഭാര്യ പറഞ്ഞു തീർന്നതും സന്തോഷ് അവളുടെ കാലിൽ വീണതും ഒരുമിച്ചായിരുന്നു…
ഫേക്കൻ Shaan Kabeer