മുൻഭാഗം വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ….
പിറ്റേന്ന് അരുന്ധതി ഓഫീസിൽ എത്തിയപ്പോൾ പതിവ് പോലെ റോസാപ്പൂക്കൾ ടേബിളിന് മുകളിൽ ഉണ്ട്, ദേഷ്യത്തോടെ അവളത് വേസ്റ്റ് ബിന്നിലേക്കിട്ടു. വിനോദിനേ ശ്രദ്ധിക്കാതെ അവൾ ജോലി ചെയ്യാൻ തുടങ്ങി.
വിനോദ് അവളുടെ മുന്നിലെത്തി
“അരുന്ധതി, എന്റെ അമ്മയ്ക്ക് നിന്നോട് സംസാരിക്കണമെന്ന് പറഞ്ഞു “
“എന്ത് സംസാരിക്കാൻ? “
“നമ്മുടെ കാര്യം ഞാൻ വീട്ടിൽ പറഞ്ഞു “
“നമ്മുടെ എന്ത് കാര്യം? എനിക്ക് ആരെയും കാണണ്ട, ആരോടും സംസാരിക്കുകയും വേണ്ട “
അരുന്ധതി അറുത്തു മുറിച്ചു പറഞ്ഞു. വൈകുന്നേരം ഓഫീസിൽ നിന്നിറങ്ങിയപ്പോൾ അവിടെ ഒരു സ്ത്രീ അവളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു. മുഖവുര ഒന്നും കൂടാതെ അവർ അരുന്ധതിയുടെ അടുത്തെത്തി പറഞ്ഞു .
“അരുന്ധതിയല്ലെ, എനിക്ക് കുറച്ച് സംസാരിക്കാൻ ഉണ്ട്” അവൾ അമ്പരപ്പോടെ നോക്കി.
“ഞാൻ വിനോദിന്റെ അമ്മയാണ്, മോളുടെ ഫോട്ടോ അവൻ കാണിച്ചു തന്നിട്ടുണ്ട് “
അരുന്ധതി അവരെയും കൂട്ടി അടുത്തുള്ള കോഫി ഷോപ്പിലേക്ക് പോയി. അവൾക്ക് എതിരെയുള്ള കസേരയിൽ ഇരുന്നിട്ട് അവർ പറഞ്ഞു.
“മോളെ, വിനോദിനു നിന്നോടുള്ള ഇഷ്ടം നീ കരുതുന്നത് പോലെ സഹതാപം കൊണ്ടോ പ്രായത്തിന്റെ എടുത്തു ചാട്ടം കൊണ്ടോ ഒന്നുമല്ല, ആത്മാർത്ഥമായിട്ടാണ് അവൻ നിന്നെ സ്നേഹിക്കുന്നത്”
“പക്ഷേ.. അമ്മേ.. അവൻ എന്നെക്കാളും ചെറുപ്പമാണ്, എന്നെ കല്യാണം കഴിച്ചു അവനെന്തിനാ അവന്റെ ജീവിതം നശിപ്പിക്കുന്നത്? “
“നിന്നെ കല്യാണം കഴിച്ചാൽ അവന്റെ ജീവിതം നശിക്കുമെന്ന് ആരാണ് നിന്നോട് പറഞ്ഞത്, നിന്നോടൊപ്പം നല്ലൊരു ജീവിതമാണ് അവൻ ആഗ്രഹിക്കുന്നതു, ഉടനെ മറുപടി പറയണ്ട, മോൾ നന്നായിട്ട് ആലോചിച്ചു തീരുമാനിക്ക്, എന്നിട്ടും നോ എന്നാണ് മോളുടെ മറുപടിയെങ്കിൽ എന്റെ വിനു പിന്നീട് ഒരിക്കലും മോളെ ശല്യം ചെയ്യില്ല, ഞാൻ ഉറപ്പ് തരുന്നു “
വിനോദിന്റെ അമ്മ കുറച്ചു നേരം കൂടി അവളോട് സംസാരിച്ചിട്ടാണ് പോയത്. ട്രെയിനിൽ ഇരിക്കുമ്പോൾ അവൾ വിനോദിനെ പറ്റി ഓർത്തു. അവന്റെ സ്നേഹം ആത്മാർത്ഥമാണെന്ന് അവൾ മനസിലാക്കി, തന്റെ ഉള്ളിൽ അവനോട് ഇഷ്ടമുണ്ടെന്നു അവൾ തിരിച്ചറിഞ്ഞു . അവന്റെ കാൾ വരുന്നതിന് മുൻപ് തന്നെ താൻ വീട്ടിലെത്തിയെന്ന് അവൾ അവന് വാട്സ്ആപ്പിൽ മെസ്സേജ് ചെയ്തു, അവളുടെ മെസ്സേജ് കണ്ടതും അവന് അതിയായ സന്തോഷം തോന്നി.
പിറ്റേന്ന്, ഓഫീസിൽ തന്റെ ടേബിളിൽ ഇരുന്ന പൂക്കൾ അവൾ പുഞ്ചിരിയോടെ എടുത്തു ബാഗിൽ വച്ചു, അത് കണ്ടതും വിനോദിനു ആശ്വാസമായി, തന്റെ അമ്മ അവളെ കണ്ടതിനു പ്രയോജനം ഉണ്ടായി എന്ന് അവനു തോന്നി. അന്ന് ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ വിനോദ് അരുന്ധതിയോട് ചോദിച്ചു
“അമ്മ പറഞ്ഞതിനെ പറ്റി തീരുമാനം എടുത്തോ? “
“ആലോചിച്ചു തീരുമാനം എടുക്കാനാണല്ലോ അമ്മ പറഞ്ഞത്, പിന്നെന്താ നിനക്ക് ഇത്ര തിടുക്കം? “
വിനോദ് അരുന്ധതിയുടെ മുഖത്തെക്ക് നോക്കികൊണ്ട് പറഞ്ഞു.
“അടുത്ത തിങ്കളാഴ്ച ഓഫീസിൽ നിന്ന് ക്യാമ്പസ് ഇന്റർവ്യൂന് പോകുന്നവരുടെ കൂട്ടത്തിൽ ഞാനും ഉണ്ട്, കേരളത്തിലെ പല ജില്ലകളിലും ആയിട്ടല്ലേ പോകുന്നത്, അതുകൊണ്ട് എല്ലായിടത്തും ഇന്റർവ്യൂ കഴിഞ്ഞു വരുമ്പോളേക്കും രണ്ടു മൂന്നാഴ്ച എടുക്കും, അതിനു മുൻപ് നീ ഒരു തീരുമാനം പറയുമെങ്കിൽ ആശ്വാസത്തോടെ പോയിട്ട് വരാമായിരുന്നു “
“ഇന്റർവ്യൂ കഴിഞ്ഞു വാ അപ്പോളേക്കും ഞാൻ പറയാം “
അവൾ ഭക്ഷണം കഴിക്കുന്നത് മതിയാക്കി എഴുന്നേറ്റു പോകാൻ തുടങ്ങിയതും അവൻ അവളുടെ കയ്യിൽ പിടിച്ചു, അവളുടെ കണ്ണുകളിലേക്ക് സൂക്ഷിച്ചു നോക്കികൊണ്ട് ചോദിച്ചു.
“നിനക്കെന്നെ ഇഷ്ടമാണെന്ന് ഈ കണ്ണുകൾ കാണുമ്പോൾ അറിയാം, പിന്നെയെന്താ സമ്മതിക്കാൻ പ്രയാസം? “
“വിനൂ, എന്റെ കൈ വിട്, ആരെങ്കിലും ശ്രദ്ധിക്കും “
“അല്ലെങ്കിലും ഇഷ്ടമാണെന്ന് പറഞ്ഞ് ആരെങ്കിലും പിന്നാലെ നടന്നാൽ നിങ്ങൾ പെൺപിള്ളേർക്ക് ഒടുക്കത്തെ ജാഡയാണ് “
അവൻ പരിഭവം പോലെ പറഞ്ഞിട്ട് അവളുടെ കൈയിലെ പിടിത്തം വിട്ടു.
“ഞാൻ ഏട്ടനോട് സംസാരിച്ചിട്ട് പറയാം, എന്റെ വിവാഹകാര്യം തീരുമാനിക്കുന്നത് ഏട്ടനും അമ്മയുമാണ് “
“വിവാഹക്കാര്യം ഏട്ടൻ തീരുമാനിച്ചോട്ടെ, ഇഷ്ടമാണെങ്കിൽ അത് തുറന്നു പറയാനും ഏട്ടന്റെ സമ്മതം വേണോ? “
“ഞാൻ നാളെ പറയാം വിനൂ”
“അരുന്ധതി, ഞാൻ നിന്നെ എന്റെ പെണ്ണായി കണ്ടു പോയി, ഇനി മാറ്റാൻ പറ്റില്ല, എന്റെ കണ്ണുകളിൽ നീ കാണുന്നില്ലേ നിന്നോടുള്ള പ്രണയം, എന്റെ ഹൃദയത്തിന്റെ സ്പന്ദനം പോലും ഇപ്പോൾ നിനക്ക് വേണ്ടി മാത്രമാണ്, അത്രമേൽ ഞാൻ നിന്നെ സ്നേഹിക്കുന്നുണ്ട്. എന്നെ നിനക്കിഷ്ടമല്ലേ അരുന്ധതി, പറയൂ? “
“തീർച്ചയായും ഞാൻ നാളെ പറയാം വിനൂ, എനിക്ക് ഇന്നൊരു ദിവസത്തെ സമയം കൂടി തരൂ “
വൈകുന്നേരം റെയിൽവേ സ്റ്റേഷനിൽ നിന്ന് വീട്ടിലേക്ക് പോകുമ്പോൾ അവൾ ഏട്ടനോട് വിനുവിന്റെ കാര്യം സൂചിപ്പിച്ചു. അവനു എതിർപ്പൊന്നും ഉണ്ടായിരുന്നില്ല, മറിച്ചു സന്തോഷമേ ഉണ്ടായിരുന്നുള്ളൂ, തന്റെ പെങ്ങളുടെ സന്തോഷം നിറഞ്ഞ കുടുംബജീവിതത്തിനു വേണ്ടി അരവിന്ദൻ അത്രയേറെ ആഗ്രഹിക്കുന്നുണ്ടായിരുന്നു.
വിനോദിന്റെ കാൾ വന്നപ്പോൾ അരുന്ധതി അറ്റൻഡ് ചെയ്തിട്ട് സന്തോഷത്തോടെ പറഞ്ഞു.
“ഞായറാഴ്ച അമ്മയെയും കൂട്ടി വീട്ടിലേക്കു വാ”
വിനോദ് അവളുടെ വാക്കുകൾ കേട്ട് അത്യധികം സന്തോഷിച്ചു.
പിറ്റേന്ന് പതിവിലും ഉത്സാഹത്തോടെയാണ് അരുന്ധതി ഓഫീസിൽ എത്തിയത്, വിനോദിന്റെ മുഖത്തും ആ സന്തോഷം അവൾ കണ്ടു. ടേബിളിന്റെ പുറത്തുള്ള പൂക്കൾ എടുത്തു കൊണ്ട് അവൾ അവനോട് പറഞ്ഞു.
“ഇനി പൂക്കൾ വാങ്ങി ക്യാഷ് കളയണ്ട കേട്ടോ “
“ഇത് ഞാൻ വീട്ടിൽ നിന്ന് കൊണ്ട് വരുന്നതാണ്, ഒരുപാട് വെറൈറ്റി റോസാപൂക്കളുടെ ശേഖരം ഉണ്ട് വീട്ടിൽ, നീ വരുമ്പോൾ കാണാമല്ലോ, ഇനി നീ വേണം എന്നെയും അമ്മയെയും ഈ റോസാചെടികളെയുമൊക്കെ പരിപാലിക്കാൻ “
“ഓഹോ, അതിനാണോ തിടുക്കത്തിൽ കല്യാണം ആലോചിച്ചത്? “
“അല്ലല്ലോ, എന്റെ രാജകുമാരി ആയിട്ട് നിന്നെ കൊണ്ട് പോകാനാണ് “
അരുന്ധതിയുടെ മുഖം നാണം കൊണ്ട് വിടർന്നു, അവൾ ചെറുചിരിയോടെ അവനെ നോക്കി. ആ നോട്ടം തന്റെ ഹൃദയത്തിൽ പതിഞ്ഞത് പോലെ വിനുവിന് തോന്നി.
ദിവസങ്ങൾ കടന്നു പോയി. ഞായറാഴ്ച വിനോദും അമ്മയും അരുന്ധതിയുടെ വീട്ടിലേക്ക് വന്നു. ആർക്കും പ്രത്യേകിച്ച് എതിർപ്പുകളൊന്നും ഇല്ലാത്തതിനാൽ എത്രയും പെട്ടന്ന് കല്യാണം നടത്താമെന്നു തീരുമാനിച്ചു. വിനോദിന്റെ അമ്മ ജ്യോത്സനെ കണ്ട് തീയതി കുറിപ്പിച്ചിട്ട് അറിയിക്കാമെന്ന് പറഞ്ഞ്, അരുന്ധതിയുടെ ജാതകവും വാങ്ങിപ്പോയി.
വിനോദിന്റെ അച്ഛൻ ചെറുപ്പത്തിലേ മരിച്ചതാണ്, അവൻ ഒറ്റമകനാണ്, അവന്റെ എല്ലാകാര്യങ്ങളും തീരുമാനിക്കുന്നത് അമ്മയാണ്, അരുന്ധതിയുടെ കാര്യത്തിൽ എതിർപ്പ് പ്രകടിപ്പിച്ച ബന്ധുക്കളുടെ വാക്കുകൾ ചെവികൊള്ളാതെ അവർ വിവാഹതീയതി നിശ്ചയിച്ചു. ഒരു മാസത്തിനു ശേഷമുള്ള ഒരു ഡേറ്റ് ആണ് ജ്യോത്സൻ കുറിച്ച് കൊടുത്തത്.
തിങ്കളാഴ്ച ക്യാമ്പസ് സെലെക്ഷന് ഓഫീസിലെ ഒരു ടീം പോയതിന്റെ കൂട്ടത്തിൽ വിനോദും ഉണ്ടായിരുന്നു. അവൻ അരുന്ധതിയുടെ മുന്നിലെത്തി, അവളുടെ വലതു കൈ വിരലിൽ ഒരു ചെറിയ മോതിരം അണിഞ്ഞു കൊണ്ട് പറഞ്ഞു.
“എന്റെ പെണ്ണാണ് എന്നുള്ള അവകാശം സ്ഥാപിച്ചിട്ടാണ് ഞാൻ പോകുന്നത്, കേട്ടോ “
അരുന്ധതി അമ്പരപ്പോടെ അവനെ നോക്കി. അവൻ അവളുടെ കണ്ണുകളിൽ നോക്കി പുഞ്ചിരിച്ചിട്ടു യാത്ര പറഞ്ഞു പോയി. അവനില്ലാത്ത ഓഫീസിൽ ഇരിക്കാൻ അരുന്ധതിയ്ക്ക് പ്രയാസം തോന്നി, അവനെ താൻ ഒരുപാട് സ്നേഹിക്കുന്നുണ്ട് എന്നവൾ മനസിലാക്കി. വിനോദ് സമയം കിട്ടുമ്പോളൊക്കെ അവളെ ഫോൺ ചെയ്യാറുണ്ടായിരുന്നു. പ്രണയത്തിന്റെ വിവിധ വർണ്ണങ്ങൾ അരുന്ധതി തിരിച്ചറിയാൻ തുടങ്ങി. നിറത്തിലും സൗന്ദര്യത്തിലും അല്ല പ്രണയം, മനസിന്റെ നന്മയിലാണെന്ന് അവൾ മനസിലാക്കി
അരുന്ധതി ഓഫീസിൽ നിന്നും വീട്ടിലെത്തിയപ്പോൾ രാജീവിന്റെ അച്ഛനും അമ്മയും അവിടെ ഉണ്ടായിരുന്നു, അപ്രതീക്ഷിതമായി അവരെ കണ്ടപ്പോൾ അവൾ ആകാംഷയോടെ വീട്ടിനുള്ളിലേക് ചെന്നു. രാജീവിന്റെ അച്ഛൻ അവളോട് പറഞ്ഞു.
“മോളെ, രാജീവിന് നിന്നെ ഒന്ന് കാണണമെന്നും മാപ്പ് പറയണമെന്നും ആഗ്രഹം ഉണ്ട്, അതാ ഞങ്ങളെ പറഞ്ഞു വിട്ടത് “
“രാജീവേട്ടന് എന്നോട് മാപ്പ് പറയാൻ അച്ഛന്റെയും അമ്മയുടെയും ശുപാർശ എന്തിനാണ്? “
“മോളെ, അവനു നിന്നെ ഇവിടേക്ക് വന്നു കാണാൻ പറ്റിയ സാഹചര്യം അല്ല “
“എന്തു പറ്റി? “
“അവനു സ്‌ട്രോക് വന്നു ഒരു വശം തളർന്നു കിടപ്പിലാണ്, നിന്നെക്കാണണം, മാപ്പ് പറയണം എന്ന് അവനു ഭയങ്കര ആഗ്രഹം “
“രാജീവേട്ടന്റെ ഭാര്യ അവിടില്ലേ? “
“അവൾ അവളുടെ വീട്ടിലേക് പോയി “
അപ്പോൾ അതാണ് കാര്യം, കിടപ്പിലായപ്പോൾ രണ്ടാം ഭാര്യ ഉപേക്ഷിച്ചു പോയി, ഇനി കാര്യങ്ങളെല്ലാം നോക്കാൻ ഒരാളെ വേണം,ഭാര്യ ആകാനല്ലേ സൗന്ദര്യം പ്രശ്നമുള്ളൂ, ഹോംനേഴ്സ് ആകാൻ സൗന്ദര്യം പ്രശ്നമല്ലല്ലോ.
“മാപ്പ് ഞാൻ സ്വീകരിച്ചു എന്ന് പറഞ്ഞേക്ക്, അതിനു നേരിൽ കാണണം എന്നൊന്നുമില്ല “
രാജീവിന്റെ മാതാപിതാക്കൾ യാത്ര പറഞ്ഞിറങ്ങി. അന്ന് രാത്രിയിൽ മുഴുവൻ അവൾ രാജീവിനെ കുറിച്ചോർത്തു. ഒരു തെറ്റും ചെയ്യാത്ത തന്റെ ജീവിതം നിറം കുറഞ്ഞു പോയി എന്ന ഒറ്റക്കാരണം കൊണ്ട് തകർത്തെറിഞ്ഞ ആളാണ്. തന്റെ ജീവിതത്തിലെ സ്വപ്നങ്ങളെയും അമ്മയാകാനുള്ള തന്റെ അവകാശത്തെയും വരെ പരിഹസിച്ചയാളാണ്. അയാളെ നേരിട്ട് കാണാൻ പോകണമോ, വേണ്ടയോ എന്നായിരുന്നു അവളുടെ ചിന്ത.
രണ്ടു മൂന്നു ദിവസം കഴിഞ്ഞു, ഓഫീസിൽ പോകുന്ന വഴിക്ക് അവൾ രാജീവിന്റെ വീട്ടിലേക് ചെന്നു. ഫിസിയോതെറാപിസ്റ്റ് രാജീവിനെകൊണ്ട് ലഘുവായ വ്യായാമങ്ങൾ ചെയ്യിപ്പിക്കുന്ന സമയത്താണ് അവൾ ചെല്ലുന്നത്. അരുന്ധതിയെ കണ്ടതും രാജീവിന്റെ മുഖം പ്രകാശിച്ചു.
“എനിക്കറിയാമായിരുന്നു നീ വരുമെന്ന്, എന്നോട് ക്ഷമിക്കാൻ നിനക്ക് കഴിയുമെന്നു എനിക്ക് അറിയാമായിരുന്നു, നീ പഴയതെല്ലാം മറക്കണം, നിന്റെ മനസിന്റെ നന്മ തിരിച്ചറിയാൻ ഞാൻ വൈകിപ്പോയി, ഇനി നീ എന്റെ കൂടെ വേണo “
അരുന്ധതി പരിഹാസത്തിൽ ചിരിച്ചു കൊണ്ട് എഴുന്നേറ്റു.
“ഈ ചെറുപ്രായത്തിൽ നിങ്ങൾക് സ്‌ട്രോക് വന്നതിൽ എനിക്ക് വിഷമം ഉണ്ട്. പക്ഷേ, സിനിമയിലും സീരിയലിലും ഉള്ള നായികമാരാണ് നായകൻ എന്തു തെറ്റ് ചെയ്താലും ക്ഷമിക്കുന്നത്, ജീവിതത്തിൽ അങ്ങനെയുണ്ടാകുമെന്ന് ഒരിക്കലും പ്രതീക്ഷിക്കരുത്. ഞാൻ നിങ്ങളുടെ തെറ്റുകളെല്ലാം മറന്നു നിങ്ങളോടൊപ്പം ജീവിക്കാൻ വന്നതല്ല, നിങ്ങളുടെ അച്ഛനും അമ്മയും വന്നു പറഞ്ഞത് കൊണ്ട് വന്നതാണ്, ഇനി നിങ്ങൾക് ഒരു ഭാര്യയെ അല്ല ആവശ്യം ഒരു ഹോം നഴ്സിനെയാണ്, പത്രത്തിൽ ഒരു പരസ്യം കൊടുത്താൽ അത് കിട്ടും, അല്ലാതെ കഴിഞ്ഞതെല്ലാം മറന്നു ഞാൻ നിങ്ങളുടെ ഭാര്യ ആയി വരുമെന്ന് കരുതണ്ട “
“എന്നായാലും നിനക്ക് ഒരു ജീവിതം വേണം, അതിപ്പോൾ പരസ്പരം അറിയുന്നവർ തമ്മിലാകുമ്പോൾ.. “
രാജീവ് പറഞ്ഞു തീരുന്നതിന് മുൻപ് തന്നെ അരുന്ധതി ബാഗിൽ നിന്ന് ഇൻവിറ്റേഷൻ കാർഡ് എടുത്തു നീട്ടികൊണ്ട് പറഞ്ഞു
“എന്റെ വിവാഹം നിശ്ചയിച്ചു, അടുത്ത മാസം പത്താം തീയതി ആണ് വിവാഹം, നിങ്ങൾക് വരാൻ കഴിയില്ലെന്നറിയാം, അച്ഛനെയും അമ്മയെയും പറഞ്ഞു വിടണം “
അവൻ ആ ക്ഷണക്കത്ത് വാങ്ങിയിട്ട് ഒന്നും മിണ്ടാതെ അതിലേക്ക് നോക്കി. സ്വർണലിപിയിൽ എഴുതിയ ആ അക്ഷരങ്ങൾ അവൻ വായിച്ചു നോക്കി. അരുന്ധതി അവനോട് യാത്ര പറഞ്ഞിറങ്ങി.രാജീവ് അവൾ പോകുന്നതും നോക്കി കിടന്നു. പഴയതെല്ലാം മറന്ന് അരുന്ധതി തന്റെ ജീവിതത്തിലേക്ക് വരുമെന്ന് അവൻ വൃഥാ മോഹിച്ചിരുന്നു. അരുന്ധതി ആ വീട്ടിൽ നിന്ന് തലയുയർത്തി പിടിച്ചു പുറത്തേക്കിറങ്ങി. ഒരിക്കൽ അപമാനിച്ചയച്ചയാളുടെ മുന്നിൽ വിജയത്തോടെ നിൽക്കാൻ കഴിയുന്നതിന്റെ സന്തോഷം എത്ര വലുതാണ്.
ദിവസങ്ങൾ കടന്ന് പോയി. നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ വിനോദും അരുന്ധതിയും തമ്മിലുള്ള വിവാഹം നടന്നു, അരുന്ധതി വിനോദിന്റെ മുഖത്തെക്ക് നോക്കി, അവന്റെ മുഖം സന്തോഷം കൊണ്ട് വിടർന്നിരുന്നു. അവൾക്ക് ആശ്വാസം തോന്നി.ഫോട്ടോഗ്രാഫർ ചേർന്ന് നില്കാൻ പറഞ്ഞപ്പോൾ വിനോദ് അവളെ ചേർത്ത് നിർത്തി അവളുടെ നിറുകയിൽ ചുംബിച്ചു. അവൾ നാണം കൊണ്ട് മുഖം താഴ്ത്തി.
വിനോദിന്റെ വീട്ടിലേക് അവൾ വലതുകാൽ വച്ചു കയറി. അന്ന് രാത്രിയിൽ, അവന്റെ കരവലയത്തിൽ കിടക്കുമ്പോൾ അവൻ പ്രണയപൂർവം അവളുടെ കാതുകളിൽ മന്ത്രിച്ചു.
“നീയാണ് പെണ്ണേ, ഞാൻ കണ്ടിട്ടുള്ളതിൽ വച്ചേറ്റവും സുന്ദരി, നിന്റെ ശരീരത്തിനല്ല, മനസിനാണ് സൗന്ദര്യം “.
അരുന്ധതിയുടെ മിഴികളിൽ സന്തോഷാശ്രുക്കൾ പൊടിഞ്ഞു. ആ കരവലയത്തിൽ താൻ സുരക്ഷിതയാണെന്ന് അവൾ തിരിച്ചറിഞ്ഞു. അവൾ ആഗ്രഹിച്ച ആ സ്വപ്നതുല്യമായ ജീവിതം വിനോദ് അവൾക്ക് സമ്മാനിച്ചു.
ശുഭം…
NB: ഒരിക്കലും നിറം കുറഞ്ഞവരെ പരിഹസിക്കാൻ വേണ്ടി എഴുതിയതല്ല ഈ കഥ. നിറത്തിലും പൊക്കത്തിലും ഒന്നുമല്ല മനസിന്റെ നന്മയിലാണ് സൗന്ദര്യം എന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ. ഈ കഥ നിങ്ങളെ ആരെയെങ്കിലും വേദനിപ്പിച്ചെങ്കിൽ ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു..