Story written by Nitya Dilshe
ഒരു വേനലവധികാലത്ത് അച്ഛനോടൊപ്പം മനയിലെ പറമ്പിൽ പണി ചെയ്യുമ്പോഴാണ് , ആറടിപ്പൊക്കത്തിൽ സുമുഖനായ ഒരാളും ഭാര്യയും കുഞ്ഞും കാറിൽ വന്നിറങ്ങിയത്.പണിക്കാരുടെ വാക്കുകളിൽ നിന്നും മനസ്സിലായി, വന്നിറങ്ങിയത് ഇവിടുത്തെ ചെറിയ തമ്പുരാനും കുടുംബവുമാണെന്ന്..
ആൾ സ്വന്തം ഇഷ്ടത്തിന് വിവാഹം കഴിച്ചു വലിയ തമ്പുരാനുമായി ഇഷ്ടക്കേടുണ്ടാക്കി പുറംരാജ്യത്തേവിടെയോ താമസിക്കുകയായിരുന്നു.ഇപ്പോൾ വലിയ തമ്പുരാൻ മരിച്ചതറിഞ്ഞു വന്നിരിക്കുകയാണ്.
എന്റെ കണ്ണുകൾ തിളക്കമുള്ള ഉടുപ്പും കൈയിലൊരു മിനുസമാർന്ന ബുക്കും ആയി വന്നിറങ്ങിയ കൊച്ചു രാജകുമാരിയിലായിരുന്നു..ഞാൻ വായിച്ച കഥകളിലെ രാജകുമാരി പോലെ തോന്നിച്ചു..
അവധിദിവസങ്ങളിൽ ഞാനും അച്ഛനോടൊപ്പം പണിക്കു വരും.. ഇവിടത്തെ വല്യതമ്പുരാട്ടി എനിക്കും പണം തരും. അതുകൊണ്ടാണ് ആ വർഷത്തെ എന്റെ പഠിത്തത്തിന്റെ ചിലവുകൾ കഴിഞ്ഞു പോയിരുന്നത്..
ഒരുദിവസം പണിചെയ്യുന്ന എന്നെ കണ്ടു തമ്പുരാൻ ചോദിച്ചു, “ദിവാകരന്റെ മോനാണോ, എന്താ പേര്? “
” കേശു, …കേശവൻ ‘”
“പഠിക്കുന്നില്ലേ”
ഞാൻ തലകുലുക്കി, കേട്ടുവന്ന അച്ഛൻ പറഞ്ഞു “ഏഴാംക്ലാസ്സ് കഴിഞ്ഞു, ഇനിയും പഠിക്കണമെന്ന പറയുന്നേ, “
“കുട്ടികൾ പഠിക്കട്ടെ ടോ , പണികഴിഞ്ഞു പോകുമ്പോൾ എന്നെ വന്നു കാണണം ട്ടോ” അതും പറഞ്ഞു തമ്പുരാൻ എന്നെയും കൂട്ടി നടന്നു. അകത്തേക്ക് നോക്കി വിളിച്ചു
” ദേവേ” അകത്തു നിന്നും ആ രാജകുമാരി ഓടി വന്നു
” ഇത് കേശു, ഇനിമുതൽ നിനക്കിവിടെ കൂട്ടായി കേശു ഉണ്ടാവും ട്ടോ, അവന്റെ കൂടെ കളിച്ചോളൂ, “
ആ മുഖത്തു ചെറിയ അനിഷ്ടമാണ് കണ്ടത്, മുഷിഞ്ഞ എന്റെ ഉടുപ്പിലേക്കു നോക്കി ചോദിച്ചു “സ്‌നേക് & ലാഡർ കളിക്കാൻ അറിയോ?” ഞാൻ ഇല്ലെന്നു തലയാട്ടി.
അകത്തു പോയി ഒരു ബോർഡും കുറെ പലവർണത്തിലുള്ള പൊട്ടുകളും കുത്തുകൾ ഉള്ള ചതുരകരുവും.. ബോർഡ് നിവർത്തി വച്ചു. നിറയെ പാമ്പുകളും കോണികളും. കളിക്കേണ്ട വിധം പറഞ്ഞു തന്നു.
പാമ്പു വിഴുങ്ങുന്നു കോണി കേറുന്നു. കളി രസായി വരായിരുന്നു, ഞാൻ ജയിക്കുമെന്നു തോന്നിയപ്പോൾ മതീന്നും പറഞ്ഞു അടച്ചു കൊണ്ടു വച്ചു.
പിന്നീട് ദേവക്കു കൂട്ടായി ഞാനുണ്ടായിരുന്നു.ആമ്പൽ പറിച്ചു കൊടുക്കുക, മാങ്ങ പറിക്കുക ഇതൊക്കെയായിരുന്നു ജോലികൾ…
ഒരിക്കൽ ദേവാന്നു വിളിക്കുന്നത് കേട്ടു അച്ഛൻ ദേഷ്യപ്പെട്ടു, ദേവയല്ല ദേവത്തമ്പുരാട്ടി എന്നു തിരുത്തി. പിന്നീടങ്ങോട്ടുള്ള എന്റെ പഠിത്തം തമ്പുരാൻ ഏറ്റെടുത്തു. അവധി കഴിഞ്ഞു തമ്പുരാനും കുടുംബവും മടങ്ങി, പോകുമ്പോൾ ദേവതമ്പുരാട്ടിയുടെ ഒരുപാട് ബുക്കുകൾ എനിക്ക് തന്നിരുന്നു.പുസ്തകങ്ങളോടുള്ള എന്റെ അടുപ്പം വളർന്നത് അങ്ങനെയാണ്.
പിന്നീട് എല്ലാ വർഷവും അവധിക്കു തമ്പുരാനും കുടുംബവും എത്താറുണ്ട്.
വലുതായപ്പോൾ എന്റെ ജോലിയിലും മാറ്റം വന്നു, തമ്പുരാട്ടിക്കു അമ്പലത്തിലും വായനശാലയിലും കൂട്ടുപോവുക, സാധനങ്ങൾ വാങ്ങിച്ചു കൊടുക്കുക ഇതൊക്കെ ആയിരുന്നു ജോലി.
തമ്പുരാട്ടി പിന്നിൽ ഗൗരവത്തിൽ, ഞാൻ മുൻപിൽ നെഞ്ചും വിരിച്ച് സേനനായകനെപ്പോലെ..
മറ്റുള്ളവരോട് സംസാരിക്കുബോൾ ആ മുഖത്തു വിടരുന്ന ചിരിയും നുണക്കുഴികളും ഞാൻ കൗതുകത്തോടെ നോക്കി നിൽക്കാറുണ്ട്. ഒരിക്കൽ പോലും ആ ചിരി എനിക്ക് നേരെ ഉണ്ടായിട്ടില്ല.
ഡിഗ്രി കഴിഞ്ഞപ്പോൾ തമ്പുരാൻ ചോദിച്ചു, “ഇനിയെന്താവണം” സംശയം കൂടാതെ പറഞ്ഞു “സിവിൽ സർവ്വീസ്”, അച്ഛന്റെ മുഖത്തെ തെളിച്ചമില്ലായ്മ കണ്ടിട്ടു പറഞ്ഞു
” ദിവാകര, നമ്മുടെ നാട്ടിൽ നിന്നുമുണ്ടവട്ടെ ടോ ഉശിരുള്ള ആണ്കുട്ടികൾ, എന്താ വേണ്ടത്ച്ച പറഞ്ഞാ മതി”
അതൊരു പ്രചോദനമായിരുന്നു.രാവും പകലുകളും കഷ്ടപ്പെട്ടു പഠിച്ചു, കുറച്ചുനാൾ പുറത്ത് കോച്ചിങ് നു പോയി..ഇടനേരങ്ങളിൽ പാർട്ടൈം ജോലിയും..തമ്പുരാന്റെ സഹായവും ഉണ്ടായിരുന്നു.പരീക്ഷകൾ ഒരുവിധം നന്നായി എഴുതി..
തമ്പുരാനും കുടുംബവും വന്നാൽ കാറിന്റെ സാരഥിയായി പ്രെമോഷൻ കിട്ടി. അതിനിടയിൽ കേട്ടു ദേവതമ്പുരാട്ടിടെ കല്യാണം ഉറപ്പുച്ചെന്നു.. ആൾ ഒന്നുകൂടി സുന്ദരിയായിരിക്കുന്നു.. എന്നോടുള്ള സമീപനം പഴയ പോലെ തന്നെ..
ഒരുദിവസം വായനശാലയിൽ ഇരിക്കുമ്പോൾ കേട്ടു, തമ്പുരാനും കുടുംബവും സഞ്ചരിച്ച കാർ ആക്‌സിഡന്റ ആയി തമ്പുരാനും ഭാര്യയും അപ്പോൾ തന്നെ….മനയിലേക്കു ഓടി ..ചെന്നപ്പോൾ കണ്ടു വെള്ളതുണിയിൽ പൊതിഞ്ഞു തമ്പുരാനും ഭാര്യയും, ..അരികെ തലയിൽ വലിയൊരു കെട്ടുമായി നിറഞ്ഞ കണ്ണുകളോടെ ദേവതമ്പുരാട്ടിയും..
പിന്നെ കുറേനാളെക്കു തമ്പുരാട്ടിയെ പുറത്തേക്കു കണ്ടതേയില്ല. റിസൾട്ട് വന്നു റാങ്ക് 47, സന്തോഷം അടക്കാനായില്ല, മനയിലേക്കു ഓടി..മുറ്റത്തു വിലകൂടിയൊരു കാർ കിടക്കുന്നു..അകത്തെ സംസാരം എന്നെ അവിടെ പിടിച്ചു നിർത്തി..
” ദേവികേ, നിന്റെ ജാതകത്തിൽ ഒരുപാട് ദോഷങ്ങളുണ്ടെന്നു അമ്മ പറയുന്നു. അതോണ്ട് ഒരു വിവാഹത്തിന് എനിക്ക് സമ്മതമല്ല, നമുക്കിടയിൽ എന്തിനാ വിവാഹമൊക്കെ, നിന്നെ ഞാൻ നോക്കിക്കോളാം, ജീവിതകാലം മുഴുവൻ”
പിന്നെ കേട്ടു നിൽക്കാൻ തോന്നിയില്ല, ആദ്യമായി ആ പടി ചവിട്ടി അകത്തേക്ക് കയറി, തീ പാറുന്ന കണ്ണുകളോടെ നിൽക്കുന്ന ദേവതമ്പുരാട്ടിയും അരികെ വഷളൻ ചിരിയുമായി വിവാഹം ഉറപ്പിച്ച ആളും…രണ്ടാളും എന്നെ കണ്ടു ഞെട്ടി…
തമ്പുരാട്ടി എന്റെ അരികിലേക്കോടി വന്നു , ആ ചുണ്ടുകൾ വിതുമ്പുന്നുണ്ടായിരുന്നു,..നിറ കണ്ണുകളോടെ എന്നൊടു ചോദിച്ചു,
” എന്റെ കൂടെ ഉണ്ടാവുമോ ?,ഒരു കൂട്ടായ് ജീവിതകാലം മുഴുവനും,..”
മറുപടി പറയാതെ എന്റെ നെഞ്ചോടു ചേർക്കുമ്പോൾ ഞാൻ കണ്ടു ഇതുവരെ എനിക്ക് തരാതിരുന്ന നിറമാർന്ന പുഞ്ചിരി…ഇനി ഈ ചിരി എന്റേതുമാത്രം….