നഴ്സോ…നിനക്ക് വേറെ ആരേയും കിട്ടിയില്ലേ പ്രേമിക്കാൻ, എന്റെ മോൻ ഇപ്പോഴേ അതങ്ങ് മറന്നേക്ക്…

മാലാഖ

Story written by PRAVEEN CHANDRAN

“നഴ്സോ… നിനക്ക് വേറെ ആരേയും കിട്ടിയില്ലേ പ്രേമിക്കാൻ.. എന്റെ മോൻ ഇപ്പോഴേ അതങ്ങ് മറന്നേക്ക്”… അമ്മയുടെ വാക്കുകൾ ഉറച്ചതായിരുന്നു എന്ന് അവന് മനസ്സിലായി…

അച്ഛനില്ലാത്തതിന്റെ വിഷമം അറിയിക്കാതെ ആയിരുന്നു ആ അമ്മ അവനെ വളർത്തിയിരുന്നത്.. അത് കൊണ്ട് തന്നെ അമ്മ പറയുന്നതായിരുന്നു അവന് അവസാനവാക്കും..

പക്ഷെ വിൻസി അവളവന്റെ മനസ്സിനെ വല്ലാതെ സ്പർശിച്ചിരുന്നു..

വൈറൽ ഫീവർ പിടിപെട്ട് ഹോസ്പിറ്റലിൽ കിടക്കുമ്പോഴ്ണ് അവനാദ്യമായ് അവളെ കാണുന്നത്..

അന്ന് മുതലുള്ള അടുപ്പം പ്രണയമായ് മാറുകയായിരുന്നു.. കുടുംബത്തിന്റെ ബാധ്യതകൾ തീർക്കാതെ വിവാഹം കഴിക്കില്ലെന്ന അവളുടെ നിലപാടിനൊപ്പമായിരുന്നു അവനും..

അതുകൊണ്ട് തന്നെയാണ് കഴിഞ്ഞ മൂന്ന് വർഷം അവൻ കാത്തിരുന്നതും.. എല്ലാം ശരിയായതിന് ശേഷം അമ്മയോട് പറഞ്ഞ് സമ്മതിപ്പിക്കാം എന്നാണ് അവൻ കരുതിയിരുന്നത്… അമ്മയിൽ നിന്ന് ഇങ്ങനൊരു മറുപടി അവൻ പ്രതീക്ഷിച്ചതുമില്ല..

“എന്താ മമ്മി അങ്ങനെ പറഞ്ഞത്.. ? നഴ്സിംഗ് എന്ന് പറഞ്ഞാൽ ഒരു പുണ്യപ്രവർത്തി കൂടെ അല്ലേ?” അവൻ അവരോട് ഒന്ന് എതിർത്ത് നോക്കി..

അത് കേട്ടതും അവർക്ക് ദേഷ്യം കൂടുകയായിരുന്നു..

“അത്ര പുണ്യം എന്റെ മോന് വേണ്ട.. ചോര നീരാക്കി നിന്നെ പഠിപ്പിച്ച് എഞ്ചിനീയറാക്കിയത് നഴ്സിനെ കെട്ടാനല്ല… നിനക്ക് താഴെ ഒരനിയത്തി കൂടെ ഉണ്ടെന്ന് ഓർമ്മവേണം.. “

അത് കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ അവൻ കുഴങ്ങി…

മമ്മിയാണ് അവനെല്ലാം പക്ഷെ വിൻസി… അവളോട് ഇനി എന്ത് പറയും എന്നാലോചിച്ച് അവനാകെ ധർമ്മസങ്കടത്തിലായി…

അവന് വേണ്ടി കാത്തിരിക്കുകയായിരുന്നു അവൾ…

“എന്താ നിവിൻ നിന്റെ മുഖം വല്ലാതിരിക്കുന്നത്..? മമ്മി എന്ത് പറഞ്ഞു?”

അവളുടെ മുഖത്ത് നോക്കാനാവാതെ മുഖം കുനിച്ചിരിക്കുകയായിരുന്നു അവൻ.. അതിൽ നിന്ന് അവൾക്ക് ഏകദേശം കാര്യങ്ങൾ മനസ്സിലായിരുന്നു..

അവന് അമ്മയോടുള്ള സ്നേഹത്തെ പറ്റി അവൾക്ക് അറിയാമായിരുന്നത് കൊണ്ട് അവന്റെ വിഷമത്തിന്റെ ആഴം അവൾക്ക് ഊഹിക്കാമായിരുന്നു…

മനസ്സിലെ സങ്കടം മറച്ച് വച്ചുകൊണ്ട് അവൾ അവനോട് പറഞ്ഞു..

“സാരമില്ല.. മമ്മിക്ക് നിന്നോടുള്ള സ്നേഹം കൊണ്ടല്ലേ?… അല്ലേലും നിനക്ക് ഞാൻ ചേരില്ല.. നിന്റെ നിലയ്ക്കും വിലയ്ക്കും ചേർന്ന നല്ലൊരു ബന്ധം നിനക്ക് കിട്ടും…മമ്മി പറയുന്നത് പോലെ കേൾക്കൂ നിവിൻ.. എനിക്ക് പ്രശ്നമില്ല…” അവളുടെ വാക്കുകൾ ദൃഢമായിരുന്നു..

അത് കേട്ടതും അവന് കൂടുതൽ വിഷമം ആയി.. അവൾക്ക് വേണ്ടിയാണ് കഴിഞ്ഞ മൂന്ന് വർഷവും അവൻ കാത്തിരുന്നത്.. വീട്ടിൽ സമ്മതിപ്പിച്ച് മമ്മിയേയും കൊണ്ട് അവളുടെ വീട്ടിൽ വന്ന് പെണ്ണാലോചിക്കാനാണ് അവൾ പറഞ്ഞിരുന്നത്.. അത് വരെ പ്രേമമെന്ന് പറഞ്ഞ് കറങ്ങാനോ മറ്റോ വരരുതെന്നും അവൾ പറഞ്ഞിരുന്നു…

പക്ഷെ കഴിഞ്ഞ മൂന്ന് വർഷം അവൻ കൊണ്ട് നടന്ന അവളോടുള്ള പ്രണയത്തിന് ഇങ്ങനൊരു അവസാനം ഉണ്ടാവുമെന്ന് അവൻ സ്വപ്നത്തിൽ പോലും കരുതിയില്ല… മമ്മി സമ്മതിക്കും എന്നായിരുന്നു അവന്റെ കണക്ക് കൂട്ടൽ…

ആ സമയത്താണ് അവന്റെ ഫോൺ റിംഗ് ചെയ്തത്..

ഫോൺ എടുത്ത് മറുതലയ്ക്കൽ നിന്നും ആ വാർത്തകേട്ടതും അവൻ ആകെ അസ്വസ്ഥനായി…

“എന്ത് പറ്റി നിവിൻ?” അവൾ ആകാംക്ഷയോടെ ചോദിച്ചു..

“മമ്മിക്ക് ആക്സിഡന്റ് പറ്റി.. ” വിറയലോടെ ആണ് അവനത് പറഞ്ഞത്..

അത് കേട്ടതും അവളും ഞെട്ടി…

അവർ രണ്ട് പേരും ഉടൻ അവിടെ നിന്ന് ഹോസ്പിറ്റലിലേക്ക് തിരിച്ചു…

ഐ.സി.യൂവിലായിരുന്നു അവർ അപ്പോൾ…

“മിസ്റ്റർ നിവിൻ” ഡോക്ടറാണ് അവനെ വിളിച്ചത്…

അവൻ പരിഭ്രമത്തോടെ ഡോക്ടറുടെ അടുത്തേക്ക് ചെന്നു..

“എന്താണ് ഡോക്ടർ? എന്റെ മമ്മി?” അവന് മുഴുമിപ്പിക്കാനാവുന്നില്ലായിരുന്നു..

“ഏയ്.. പേടിക്കാനൊന്നുമില്ല.. ജീവന് അപായമൊന്നുമില്ല.. കാലിന് നല്ല ക്ഷതം ഏറ്റിട്ടുണ്ട്.. രണ്ട് ദിവസം കഴിഞ്ഞാൽ റൂമിലേക്ക് മാറ്റാം.. ഒരു മൂന്ന് മാസം ബെഡ്റെസ്റ്റ് വേണ്ടിവരും..”

അത് കേട്ടതും അവന് പകുതി ആശ്വാസമായി… ഡോക്ടറുടെ അടുത്ത് നിന്ന് വേണ്ട നിർദ്ദേശങ്ങൾ സ്വീകരിച്ചതിന് ശേഷം അവൻ വിൻസിയുടെ അടുത്തേക്ക് ചെന്നു..

അവളാകെ ടെൻഷനിലായിരുന്നു..

“എന്ത് പറഞ്ഞു ഡോക്ടർ?”

“ഏയ് പേടിക്കാനൊന്നുമില്ല.. കുറച്ച് നാൾ ബെഡ്ഡ് റെസ്റ്റ് വേണ്ടിവരും.. കാലിന് നല്ല പരുക്കുണ്ട്.. പഴയത് പോലെ നടക്കാൻ കുറച്ച് സമയമെടുക്കും”..

അത് കേട്ടപ്പോൾ അവൾക്കും തെല്ലൊരു ആശ്വാസമായിരുന്നു..ഭയന്നത് പൊലെ ഒന്നും സംഭവിക്കാത്തതിൽ അവൾ ദൈവത്തോട് നന്ദി പറഞ്ഞു…

രണ്ട് ദിവസത്തിന് ശേഷമാണ് അവരെ റൂമിലേക്ക് മാറ്റിയത്… ബെഡ്ഡിലേക്ക് മാറ്റിയത് ശേഷം അവൻ അവരുടെ അടുത്തിരുന്നു..

ബെഡ്ഡിനടുത്തായിരുന്ന അവന്റെ കയ്യിൽ പിടിച്ച് കൊണ്ട് അവർ ചോദിച്ചു..

“റീന മോളെവിടെ മോനെ?”

“അവൾ സ്കൂളിൽ പോയി മമ്മി.. സ്കൂൾ മുടക്കണ്ടാന്ന് ഞാനാ പറഞ്ഞത്.. എക്സാം ഒക്കെ അല്ലേ അടുത്ത് വരുന്നത്”

അത് നന്നായി എന്ന ഭാവത്തിൽ അവർ തലയാട്ടി..

“നീ വല്ലതും കഴിച്ചോടാ”?

“ഇല്ല മമ്മി.. ഞാൻ കാന്റീനീന്ന് പാർസൽ വാങ്ങിയിട്ടുണ്ട് നമുക്ക് ഒരുമിച്ച് കഴിക്കാം”

അവൻ അവർക്ക് വാരിക്കൊടുത്ത് കൊണ്ടിരിക്കുന്നതിനിടയിലാണ് വിൻസി അവിടേക്ക് കയറി വന്നത്…

അത് കണ്ടതും അവൻ പതുക്കെ അവിടെ നിന്ന് എഴുന്നേറ്റു…

“എന്താ നിവിൻ…എന്തിനാ എഴുന്നേറ്റത്? മമ്മിക്ക് ഭക്ഷണം കൊടുക്കൂ”

ആളെ മനസ്സിലായില്ലെന്നോണം അവർ അവന്റെ മുഖത്തേക്ക് നോക്കി…

“അമ്മേ ഇത് വിൻസി.. എന്റെ സുഹൃത്താണ് “

അത് കേട്ടതും അവർ വിൻസിയെ സൂക്ഷിച്ച് നോക്കി…

“ഹായ് മമ്മി… ഇപ്പോൾ എങ്ങനുണ്ട്” അവൾ അടുത്ത് വന്ന് ചോദിച്ചു..

“ഓ… എന്ത് പറയാനാ.. കാല് അനക്കാനാകുന്നില്ല മോളേ.. ” വിഷമിച്ച് കൊണ്ട് അവർ പറഞ്ഞു..

“ഉം.. റെസ്റ്റ് എടുക്കേണ്ടി വരും കുറച്ച് നാൾ.. എല്ലാം പെട്ടെന്ന് ശരിയാവും ട്ടോ” അവൾ പറഞ്ഞു..

അവന്റേയും അവളുടേയും പരുങ്ങൽ കണ്ടപ്പോൾ തന്നെ അവർക്ക് ഏകദേശം കാര്യങ്ങൾ പിടുത്തം കിട്ടിയിരുന്നു… പക്ഷെ അതറിഞ്ഞതായ് അവർ ഭാവിച്ചില്ല…

എന്താണ് ഇനി പറയേണ്ടതെന്ന് അറിയാതെ അവൾ ടേബിളിലിരുന്ന റിപ്പോർട്ടുകളെടുത്ത് ഒന്നോടിച്ച് നോക്കി…

“ബി.പി കുറച്ച് കൂടുതലാണല്ലോ.. ഷുഗർ നോർമലാണ്.. അത് ഭാഗ്യം..വേറെ പ്രശ്നമൊന്നുമില്ല” അവൾ നിവിന്റെ മുഖത്ത് നോക്കി പറഞ്ഞു..

“മോൾ നഴ്സ് ആണല്ലേ?” അവർ ചോദിച്ചത് കേട്ട് അവർ ഒന്ന് ഞെട്ടിയെങ്കിലും അതെയെന്നർത്ഥ ത്തിൽ അവൾ തലയാട്ടി..

അപ്പോഴാണ് ഡോക്ടർ ചെക്കപ്പിനായി അവിടേയ്ക്ക് വന്നത്..

” രണ്ട് ദിവസം കൂടെ കഴിഞ്ഞാൽ വീട്ടിലേക്ക് പോകാവുന്നത് ആണ്.. പക്ഷെ ഒരു ഹോംനഴ്സിനെ ഏർപ്പാടാക്കിക്കോളൂ.. നടക്കാനും മറ്റും ഒന്ന് രണ്ട് മാസം എടുക്കും” ഡോക്ടർ പറഞ്ഞു..

“ഓക്കെ ഡോക്ടർ.. അങ്ങനെ ചെയ്യാം” അവൻ പറഞ്ഞു..

ഡോക്ടർ പോയ് കഴിഞ്ഞതും അവർ വിൻസിയോടായ് ചോദിച്ചു..

“മോൾക്ക് ആരെങ്കിലും അറിയാമോ? ഹോം നഴ്സായി ജോലിനോക്കുന്നതായ.. ?”

അവൾക്ക് പെട്ടെന്ന് ഉത്തരം പറയാനായില്ലെങ്കിലും അവൾ ഒഴുക്കൻ മട്ടിൽ പറഞ്ഞു..

“ഞാൻ നോക്കട്ടെ മമ്മി.. ഒന്ന് രണ്ട് പേരുണ്ട്.. അവർക്ക് തിരക്കില്ലെങ്കിൽ പറഞ്ഞയക്കാം”

അല്പസമയത്തെ കുശലാന്വേഷണങ്ങൾക്കൊ ടുവിൽ അവൾ യാത്ര പറഞ്ഞ് പുറത്തേക്ക് പോയി…

അവൾ പോയിക്കഴിഞ്ഞതും അവർ അവനോടായ് പറഞ്ഞു..

“എടാ നിന്റെ സുഹൃത്തല്ലേ അവൾ… അവൾക്ക് പറ്റുമോന്ന് ഒന്ന് ചോദിക്ക് എന്നെ ഒന്ന് രണ്ട് മാസത്തേക്ക് നോക്കാൻ.. അവളാകുമ്പോൾ നമുക്ക് വിശ്വസിക്കാമല്ലോ?”

അവരുടെ ആ ആശയത്തിനോട് അവൻ ഡബിൾ ഓക്കെ ആയിരുന്നു..കാരണം അവനും അത് ചിന്തിച്ചതാണ്.. അങ്ങനെ അവളെ അമ്മയുമായി അടുപ്പിക്കാൻ കഴിഞ്ഞാൽ തങ്ങളുടെ കാര്യത്തിൽ എന്തെങ്കിലും ഒരു സാദ്ധ്യത ഉണ്ടാവാം എന്ന് അവൻ ചിന്തിച്ചു…

“ശരി മമ്മി.. ഞാനൊന്ന് ചോദിച്ച് നോക്കട്ടെ” അവൻ ഒഴുക്കൻ മട്ടിൽ പറഞ്ഞു…

പക്ഷെ അവന്റെ മുഖത്ത് നിന്ന് അവർക്ക് വായിച്ചെടുക്കാമായിരുന്നു അവനെന്താണ് ചിന്തിക്കുന്നതെന്ന്…

അന്ന് തന്നെ അവൻ അവളെ വിളിച്ച് കാര്യം അവതരിപ്പിച്ചു..

അവൾക്ക് ആദ്യം യോചിപ്പ് ഇല്ലായിരുന്നെങ്കിലും പിന്നെ അവന്റെ നിർബന്ധത്തിന് അവൾ വഴങ്ങുകകായിരുന്നു..

രണ്ട് മാസം ലീവ് കിട്ടുക എന്നത് പ്രയാസമായിരുന്നു എങ്കിലും അവൾക്ക് ഹോസ്പിറ്റലിലുള്ള സ്വാധീനം വച്ച് അവൾ ലീവ് അവൾ തരപ്പെടുത്തി എടുക്കുകയായിരുന്നു…

അങ്ങനെ ഹോസ്പിറ്റലിൽ നിന്ന് ഡിസ്ചാർജ്ജ് ആവുന്ന ദിവസം അവളും അവരോടൊപ്പം കൂടി..

ദിവസങ്ങൾ കടന്ന് പോയ്ക്കൊണ്ടിരുന്നു.. അവൾ ശരിക്കും അവരുടെ കുടുംബത്തിന്റെ ഭാഗമാവുകയായിരുന്നു..

അവളുടെ പെരുമാറ്റത്തിലെ എളിമയും സ്നേഹവും അവരെ വല്ലാതെ ആകർഷിച്ചു.. ഒരു മടിയും കൂടാതെ തന്റെ വിസർജ്ജ്യങ്ങളും മറ്റും കഴുകുകയും കുളിപ്പിക്കുകയും ശൂശ്രൂഷിക്കുകയും ചെയ്തുകൊണ്ടിരുന്ന അവളോട് സ്വന്തം മകളേക്കാൾ ഇഷ്ടം അവൾക്ക് തോന്നിത്തുടങ്ങിയിരുന്നു..

പലപ്പോഴും ഉറക്കം പോലും കളഞ്ഞ് അവൾ അവർക്ക് കൂട്ടിരുന്നു.. അവളും അമ്മയുമായി വല്ലാതെ അടുത്തിരുന്നു…

അവരുടെ കാര്യങ്ങൾ മാത്രമല്ല മകളുടേയും കാര്യങ്ങൾ ഒരു ചേച്ചിയെപ്പോലെ അവൾ നിർവ്വഹിച്ചു…

അവളുടെ തോളിൽ കൈവച്ച് അവർ പയ്യെ പയ്യെ നടന്നു തുടങ്ങി.. ഇടക്ക് അവൾ സ്വന്തം വീട്ടിൽ പോയി വരുന്നത് വരെ അവർക്ക് എന്തോ ഒരു മിസ്സിംഗ് പോലെ അനുഭവപ്പെട്ടിരുന്നു.. നന്നായി സംസാരിക്കുമായിരുന്ന അവളുടെ സാന്നിദ്ധ്യം അവർ വല്ലാതെ ഇഷ്ടപെട്ടു കഴിഞ്ഞിരുന്നു..

കുടുംബം നോക്കാനായി കഷ്ടപെടുന്ന അവളോട് അവർക്ക് ബഹുമാനം തോന്നി… അവളിൽ അവർ കണ്ടത് അവരെത്തന്നെയായിരുന്നു… ആതുരസേവനത്തിന്റെ മഹത്വം എന്തെന്ന് അവർക്ക് ബോധ്യപെടുത്തിക്കൊടുക്കുകയായിരുന്നു അവൾ…

ഇതെല്ലാം മാറിനിന്ന് ആസ്വദിക്കുകയായിരുന്നു അവൻ… അവളോട് അവന് കൂടുതൽ ബഹുമാനം തോന്നി.. തന്റെ അമ്മ അവളെ സ്വീകരിക്കാനൊരുക്കമല്ലെന്നറിഞ്ഞിട്ടും ഒട്ടും നീരസം തോന്നാതെ അവൾ അമ്മയുടെ കാര്യങ്ങളെല്ലാം ചെയ്യുന്നത് കണ്ടപ്പോൾ അവന് അവളോടുള്ള മതിപ്പ് ഇരട്ടിയായി….

അങ്ങനെ രണ്ട് മാസങ്ങൾ കടന്നുപോയി..

വിചാരിച്ചതിലും വേഗത്തിൽ തന്നെ അവർ സുഖപ്പെട്ടിരിക്കുന്നു.. ഇപ്പോഴവർക്ക് പരസഹായമില്ലാതെ തനിയെ നടക്കാനാവും…

അന്ന് ആയിരുന്നു അവളുടെ അവിടത്തെ ഡ്യൂട്ടിയുടെ അവസാന ദിവസം…

യാത്ര പറഞ്ഞ് അവൾ ഇറങ്ങാൻ നേരം അവരുടെ കണ്ണുകൾ നിറഞ്ഞിരുന്നു.. അവളുടേയും..

നിവിൻ അവളെ കൊണ്ട് വിടാനായി കാർ സ്റ്റാർട്ട് ചെയ്യുകയായിരുന്നു…

അവൾ കാറിൽ കയറിയതും അവരും പിന്നാലെ വന്നു…

“ഞാനും ഉണ്ട്…” അവർ അവനോട് പറഞ്ഞു..

അത് കേട്ട് അവർ രണ്ട് പേരും മുഖത്തോട് മുഖം നോക്കി…

“എനിക്കെന്തോ ഇവളെ വല്ലാതങ്ങ് ഇഷ്ടപെട്ടു.. ഇവളെ സ്ഥിരമായി നമുക്ക് അങ്ങ് എടുത്താലോ ന്ന് ആലോചിക്കാ”

ഒന്നും മനസ്സിലാവാതെ അവർ വീണ്ടും മുഖത്തോട് മുഖം നോക്കി..

“മമ്മി എന്താ പറഞ്ഞുവരുന്നത്?”

“എടാ പൊട്ടാ.. ഇവളെ മരുമകളായിട്ട് തരുമോന്ന് ചോദിക്കാനാ ഞാൻ നിങ്ങളുടെ ഒപ്പം വരുന്നതെന്ന്”

അത് കേട്ടതും അവന്റെ മുഖം സന്തോഷം കൊണ്ട് ചുവന്നു.. അവളുടേയും…

“ഡബിൾ ഓക്കെ….” അവൻ പറഞ്ഞു…

“അയ്യടാ… അപ്പോ നിന്റെ കാമുകിയോ? നീ അന്ന് പറഞ്ഞ നഴ്സ്?”

അവർ ചോദിച്ചത് കേട്ട് അവൻ ആദ്യമൊന്ന് ഞെട്ടിയെങ്കിലും പിന്നീട് ആണ് അവന് കാര്യം മനസ്സിലായത്… അവൻ ചമ്മലോടെ അവരോട് പറഞ്ഞു..

“അവളോട് പോകാൻ പറ മമ്മി.. എനിക്ക് മമ്മി പറയുന്ന പെണ്ണിനെ കല്ല്യാണം കഴിക്കാനാ ഇഷ്ടം”

“അയ്യടാ അവന്റെ അഭിനയം കണ്ടില്ലേ? ” അവന്റെ ചെവിയിൽ നുള്ളിക്കൊണ്ട് അവർ പറഞ്ഞു…

“എന്നോട് ക്ഷമിക്ക് മോളെ നന്റെ ജോലിയുടെ പേരിൽ നിന്നെ വേർതിരിച്ച് കണ്ടതിന്.. നീ എന്നെ പഠിപ്പിക്കുകയായിരുന്നു നഴ്സിംഗ് ജോലിയുടെ മഹത്വം.അതോടൊപ്പം നിന്റെ മനസ്സിന്റെ നന്മയും ഞാൻ കണ്ടു.. നിന്റെ അമ്മയാവാൻ കഴിയുന്നത് എന്റെ ഭാഗ്യമായി ഞാൻ കരുതുന്നു…”

അത് കേട്ടതും സന്തോഷം കൊണ്ട് അവളുടെ കണ്ണുകൾ നിറഞ്ഞൊഴുകി…അവന്റേയും..

പ്രവീൺ ചന്ദ്രൻ