ഹലാൽമുത്തം
Story written by NAVAS AMANDOOR
“ആയിഷ എനിക്കൊരു മുത്തം തരോ..?
ആണിനും പെണ്ണിനും ഇങ്ങനെയൊന്നും അല്ലാതെ സ്‌നേഹിക്കാൻ കഴിയില്ലേ..??
റാസി മുത്തം ചോദിച്ചതുമുതൽ ആയിഷയുടെ മനസ്സ് അങ്ങനെ ചിന്തിച്ചു തുടങ്ങി.
എപ്പോഴും എന്തെങ്കിലുമൊക്കെ മിണ്ടാൻ ഉണ്ടാവും ആയിഷാക്ക്. പക്ഷെ കേൾക്കാൻ ആരും ഉണ്ടായിരുന്നില്ല. മനസ്സിലുള്ള കുഞ്ഞി കുഞ്ഞി സങ്കടങ്ങളും സന്തോഷങ്ങളും മോഹങ്ങളും പങ്കുവെക്കാൻ അവളുടെ മനസ്സ് ഒരാളെ തേടി.
സ്കൂളിൽ പഠിക്കുന്ന കാലത്ത് കൂട്ടികാരികൾ പോലും അവൾക്ക് പറയാനുള്ളത് മുഴുവൻ കേൾക്കാൻ നിന്നിരുന്നില്ല. വട്ടുകേസെന്ന് പറഞ്ഞു അവർ ചിരിച്ചു തള്ളിയപ്പോൾ അവളുടെ ചുണ്ടുകൾ ചിരിച്ചെങ്കിലും മനസ്സ് കരഞ്ഞത് അവരാരും കണ്ടില്ല.
സ്ക്കൂള് വിട്ട് വീട്ടിൽ വന്നാൽ അവളെന്തെങ്കിലും പറഞ്ഞു തുടങ്ങുമ്പോൾ തന്നെ ഉമ്മ കണ്ണുരുട്ടും.
“ചുമ്മാ ഓരോന്ന് പറയാതെ പോയിരുന്ന് പഠിക്ക് പെണ്ണെ… അല്ലെങ്കിൽ എന്നെപ്പോലെ അടുക്കളയിൽ തന്നെയാവും ജീവിതം.”
അതോടെ ഉമ്മാടെ അടുത്ത് നിന്നും അവൾ തലതാഴ്ത്തി തിരിച്ചു പോരും.
നേരെ കോളേജിൽ പഠിക്കുന്ന ഇക്കാക്കാടെ മുറിയിലേക്ക് ചെല്ലും.
“ആയിഷ.. വായ തുറന്നാൽ ഞാൻ പേപ്പറ് ചുരുട്ടി വായിൽ തിരികും ട്ടോ..മിണ്ടാതെ ഇരിക്കോങ്കി കേറിയാ മതി ഇക്കാക്കാടെ മോള് ഇങ്ങോട്ട്..”
“പിന്നേ..മിണ്ടാതിരിക്കാൻ ഞാൻ ഊമയല്ലേ.. ഹും “
ഉള്ളിൽ തിങ്ങിവന്ന സങ്കടം പുറത്തു കാണിക്കാതെ അവൾ അവിടെ നിന്നും ഇറങ്ങും.
വാപ്പിച്ചിക്ക് സമയം ഇല്ലാത്തോണ്ടാണ്. അല്ലെങ്കിൽ അവളുടെ വാക്കുകൾക്ക് നല്ല കേൾവിക്കാരനാകുമായിരുന്നു.
അതവൾക്കും അറിയാം. എപ്പോഴെങ്കിലും മനസ്സ് തുറന്ന് സംസാരിക്കുന്നത് വാപ്പിച്ചിയോടായിരുന്നു.
പിന്നീട്.. അളന്നു മുറിച്ചു മാത്രം സംസാരിക്കുന്ന അബിയെ കെട്ടിയോനായി അവൾക്ക് സമ്മാനിച്ചതും വാപ്പിച്ചി തന്നെ.
“ഇക്കാ..ഇങ്ങക്ക് കുറച്ചു നേരം എന്റടുത്തിരുന്ന് സംസാരിച്ചൂടെ…?”
“എന്നെ വിട് ആയിഷ…നൂറു കാര്യങ്ങളുണ്ട്..നിന്റെ വട്ടിന് തുള്ളാൻ എന്നെ കിട്ടില്ല.. എനിക്ക് സമയവുമില്ല…”
“അല്ലങ്കിലും ഇങ്ങക്ക് ജാഡയാ.. മിണ്ടിയാൽ മുത്ത് പൊഴിയോ..?”
അന്നും ഇന്നും ഒരഞ്ചു മിനിറ്റ് അവൾക്കൊപ്പമിരിക്കാൻ ആരുമുണ്ടായില്ല.
പിന്നെ ആയിഷ ഒറ്റയ്ക്ക് സംസാരിക്കാൻ തുടങ്ങി.
ഒറ്റയ്ക്ക് സംസാരിക്കുന്നത് ഭ്രാന്തുണ്ടായിട്ടൊന്നുമല്ല..അവളൊരു ഊമയല്ലെന്ന് അവളെത്തന്നെ ഓർമ്മപ്പെടുത്താനാണ് കണ്ണാടിയിൽ നോക്കിയുള്ള ഈ സംസാരം.
വാതോരാതെ സംസാരിക്കാനിഷ്ടമുള്ള അവൾക്ക് സംസാരിക്കാൻ ആരുമില്ലാതായപ്പോൾ ഫേസ്ബുക്ക് വഴി കിട്ടിയ കൂട്ടുകാരനാണ് റാസി.
അവനും ഇഷ്ടമാണ് സംസാരിക്കാൻ.
അവൾ പറയുന്നതൊക്കെയും അവൻ കേട്ടിരിക്കും. ചിരിക്കും..കളിയാക്കും..രസകരമായ മറുപടികൾ പറയും.
അവന്റെ ചിരി ആയിഷാക്ക് ഇഷ്ടമായിരുന്നു.
അവന്റെ സംസാരവും തമാശയും ഇഷ്ടമായിരുന്നു.
അവന്റെ കറുത്തുതിങ്ങിയ താടിയും അവൾക്കേറെ ഇഷ്ടമായിരുന്നു.
പ്രണയത്തിനും മേലെ ഒരിഷ്ടമാണ് ആയിഷയുടെ മനസ്സിൽ റാസി.
ഓൺലൈനിൽ കണ്ടില്ലെങ്കിൽ.. മിണ്ടിയില്ലെങ്കിൽ അവളുടെ മനസ്സ് നൊമ്പരപ്പെടുന്ന ഒരിഷ്ടം.
“നീ എവിടെയായിരുന്നു റാസി..?”
“ഞാൻ കുറച്ചു ബിസിയായിരുന്നു..”
“കാത്തിരുന്നു സങ്കടായി…”
“ഞാൻ വന്നല്ലോ…”
മനസ്സിലൊരു അതിര് വരച്ചിട്ട് ഒന്നിനുമല്ലാതെ വെറുതെ തോന്നിയ ഇഷ്ടത്തിന്റെ ഇടയിലാണ് റാസി ആയിഷയോട് മുത്തം ചോദിച്ചത്.
“അയിഷാ തരോ ഒരു….”
“തരാൻ പറ്റൂല… “
“അത് എന്താണ്…?”
“ഹലാൽ അല്ല…”
“ഇതൊന്നും ആരും അറിയില്ലല്ലോ..”
“ആരും അറിയില്ലായിരിക്കും.. എന്നാലും വേണ്ട… എനിക്ക് മുത്തം കൊടുക്കാനും തരാനും ന്റെ ഇക്ക ഉണ്ട്.”
“അപ്പൊ നിനക്ക് പ്രണയമില്ലേ..?”
“നിന്റെ മനസ്സിൽ എന്നോടുള്ള ഇഷ്ടം അങ്ങനെയായത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല റാസി.. നിന്നെ എനിക്ക് ഇഷ്ടമാണ്.. നിന്നെ നഷ്ടപ്പെടാനും വയ്യ.. എന്റെ ഇഷ്ടം.. പ്രണയമല്ല.. അതിനൊക്കെ മീതെയാണ്..”
അവൾ പിന്നെ കുറച്ചു ദിവസം അവനോട് കുറച്ചൊരകലം വെച്ചു…
മിണ്ടാൻ കൊതിയായിരുന്നു. വാതോരാതെ മിണ്ടാൻ ഒരാളെ കിട്ടിയപ്പോൾ അതിയായ സന്തോഷമായിരുന്നു.
“ഇക്കാ ഒരു സുഹൃത്തുണ്ട് റാസി.. നല്ലവനാ.. ഞാൻ സംസാരിക്കുന്നതിൽ കുഴപ്പമുണ്ടോ..?”
“നല്ലതും ചീത്തയും തിരിച്ചറിയാൻ നിനക്കു പറ്റുമല്ലോ.. നല്ല നിലയിൽ തുടരുമെന്ന വിശ്വാസമുണ്ടെങ്കിൽ മിണ്ടുന്നതിനു ഞാൻ വിലക്കുന്നില്ല..”
ഇക്കാനോട് റാസിയെ പറ്റി അവൾ ആദ്യമേ പറഞ്ഞിരുന്നു.
റാസിയുടെ മനസ്സിലെ ഇഷ്ടത്തിന്റെ നിറ വ്യത്യാസത്തിൽ അലിയുവാൻ ആയിഷാക്ക് കഴിയില്ല. അവൾ പഠിച്ചു വളർന്ന സംസ്‍കാരത്തിൽ അന്യപുരുഷന് ഒരു മുത്തം കൊടുക്കുന്നത് പാടില്ലാത്തതാണ്. മനസ്സിനെ അസ്വസ്ഥമാക്കുന്ന ചോദ്യമാണത്.
അതിരു വിട്ട സംസാരം തന്നെ പാടില്ല. പിന്നെയാണ് മുത്തം. റാസിയുടെ ആ ചോദ്യം ആയിഷയുടെ മനസ്സിനെ വല്ലാതെ വേദനിപ്പിച്ചു.ഇനിയെങ്ങനെ ഈ സൗഹൃദം മുന്നോട്ട് പോകുമെന്നവൾക്ക് ആശങ്കയായി.
“എന്താണ് രണ്ടീസമായിട്ട് ഒരു മ്ലാനത..?”
“ഒന്നുല്ല ഇക്കാ..”
“നീ പറ ആയിഷു..”
“അവൻ.. റാസി… എന്നോട് മുത്തം ചോദിച്ചു..”
“അത്രേ ഉള്ളോ..? അല്ലെങ്കിലും ഞാൻ അന്ന് പറഞ്ഞില്ലേ മോളെ.. കുറച്ചു നാൾ കഴിയുമ്പോൾ ഇഷ്ടത്തിന്റെ നിറം മാറി വരുമെന്ന്… ആണിനും പെണ്ണിനും ഒരുപോലെ ഏറെ നാൾ നേരായിട്ടുള്ള ഇഷ്ടത്തോടെ മുന്നോട്ട് പോകാൻ പറ്റില്ല..”
“അപ്പോൾ ഞാനോ ഇക്കാ..? വേണ്ടാത്തൊരിഷടം എന്റെ ഉള്ളിൽ തോന്നിയില്ലല്ലോ..?”
അവളുടെ കണ്ണ് നിറയുന്നതും സ്വരം ഇടറുന്നതും അബി അറിഞ്ഞു.
“സാരമില്ല.. അത് വിട്ടേക്ക്.. നീ വിഷമിക്കണ്ട…നിനക്കു മിണ്ടാനും പറയാനും ഇനി ഞാനുണ്ട്. ഓരോ തിരക്കുകൾ ആയിട്ടല്ലേ മോളെ… “
അബി ആയിഷയെ ചേർത്തുപിടിച്ചു.
ഇക്ക പോയപ്പോൾ അവൾ മൊബൈൽ എടുത്തു.
“റാസി.. മിണ്ടാനും പറയാനും ഒരാളെ കിട്ടിയപ്പോൾ വല്ലാത്ത സന്തോഷം തോന്നി. ആ ഇഷ്ടം നിന്റെ ഉള്ളിൽ എന്നോടുള്ള പ്രണയമായി മാറിയെങ്കിൽ അത് എന്റെ തെറ്റാണ്.. സോറി. ഞാൻ ഫേസ്ബുക് ഒഴിവാക്കുകയാണ്..”
ആയിഷ അവളുടെ ഐഡി ഡീ ആക്റ്റീവേറ്റ് ആക്കിയ നേരം കണ്ണുകൾ നിറഞ്ഞു.
ഇത്രയും നാളും സ്‌നേഹത്തോടെ കൂടെയുണ്ടായിരുന്ന ഇഷ്ടത്തെ കൂടിയാണ് അവൾ ഡീ ആക്റ്റീവേറ്റ് ചെയ്തത്.
“എന്താണ്…ആണിനും പെണ്ണിനും പ്രണയമല്ലാതെ ഒരിഷ്ടം സാധ്യമാവില്ലേ…?”