അന്ന് എനിക്ക് തോന്നി പങ്കു വയ്ക്കപ്പെടുന്ന തന്റെ പുരുഷനാണ് ഒരു സ്ത്രീയുടെ വലിയ ദുഃഖങ്ങളിൽ ഒന്ന് എന്ന്…

അവൾ

എഴുത്ത്: അശ്വതി

ഭക്ഷണം കഴിക്കുമ്പോഴും ഞാൻ അവളെ പാളി നോക്കി… കൺമുന്നിൽ അവളെ കാണും തോറും വല്ലാത്തൊരു ദേഷ്യം എന്നിൽ വന്ന് നിറയുന്നത് എനിക്ക് തന്നെ മനസിലാക്കാൻ കഴിയുന്നുണ്ടായിരുന്നു. ഏതോ ഇന്ദ്രിയം കൊണ്ട് അത് അറിഞ്ഞിട്ടെന്നപോലെ അവൾ പെട്ടെന്ന് എന്നെ നോക്കി. കണ്ണുകൾ തമ്മിൽ ഉടക്കാതിരിക്കാൻ ഞാൻ പെട്ടെന്ന് മുഖം തിരിച്ചു. തീന്മേശയ്ക്ക് ഇരുവശത്തുമായി ആയിരുന്നു ഞങ്ങൾ ഇരുന്നിരുന്നത്. അവളുടെ സാന്നിധ്യം എന്നെ വല്ലാതെ അലോസരപ്പെടുത്തി. കഴിഞ്ഞ കുറേ ദിവസങ്ങളായി അവളുടെ സാമീപ്യം എന്നെ അലോസരപ്പെടുത്താൻ തുടങ്ങിയിട്ട്.. കൃത്യമായി പറഞ്ഞാൽ 7 ദിവസങ്ങൾക്ക് മുൻപ് അച്ഛൻ മരിച്ചന്ന് മുതൽക്ക്…!

അന്നാണ് ആദ്യമായി ഞാൻ അവളെ കാണുന്നത്. ഞങ്ങളുടെ അയൽക്കാരനും അച്ഛന്റെ ഉറ്റ ചങ്ങാതിയുമായ ശിവേട്ടനാണ് അവളെ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവന്നത്. കരഞ്ഞു വീർത്ത മുഖവുമായി ഉള്ളതിൽ വച്ച് ഏറ്റവും പഴയത് എന്ന് തോന്നിക്കുന്ന ഒരു പാവാടയും ബ്ലൗസും ഉടുത്ത് കയറി വന്ന ഒരു പതിനാലുകാരി. എന്റെ അച്ഛന്റെ മകൾ..! എന്റെ അമ്മയല്ലാത്ത മറ്റൊരു സ്ത്രീയിൽ അച്ഛന് ഉണ്ടായ മകൾ..!

അച്ഛന്റെ ശവ ശരീരത്തിലേക്ക് അവൾ വന്നു വീഴുകയായിരുന്നു. അവളുടെ നിലവിളിയിൽ എന്റെ അമ്മയുടെ കരച്ചിൽ കേൾക്കാതെയായി. എന്റെ കണ്ണുകളിൽ അച്ഛന് വേണ്ടി ഒഴുക്കാൻ കണ്ണുനീർ ഉണ്ടായിരുന്നുമില്ല..!

അച്ഛന്റെ ചലനമറ്റ ശരീരം കാണുമ്പോഴും അച്ഛൻ പോയതിലുള്ള സങ്കടമല്ല, കഴിഞ്ഞ ദിവസം കണ്ട കരഞ്ഞു കലങ്ങിയ അമ്മയുടെ മുഖമാണ് മനസിൽ തെളിഞ്ഞത്. അന്ന് കോളേജിൽ നിന്നും വരുമ്പോൾ എന്നെ വരവേറ്റത് അമ്മയുടെ കരഞ്ഞു വീർത്ത മുഖമായിരുന്നു. അല്പം മാറി മൗനത്തിന്റെ ആഴങ്ങളിൽ ഊളിയിട്ടു കൊണ്ട് അച്ഛനും ഉണ്ടായിരുന്നു.

എന്തുപറ്റി എന്ന ചോദ്യത്തിന് അമ്മയുടെ പൊട്ടിത്തെറിയായിരുന്നു മറുപടി. പോയി നിന്റെ അച്ഛനോട് ചോദിക്കെടീ എന്ന് പറഞ്ഞ് എന്നെ പിടിച്ച് അച്ഛനരികിലേക്ക് തള്ളിയപ്പോൾ നെറ്റി ചെന്ന് ഇടിച്ചത് വാതിൽപ്പടിയിലായിരുന്നു. എന്നെ ഏറ്റവും അത്ഭുതപ്പെടുത്തിയത് അത് കണ്ടിട്ടും അമ്മയുടെ മുഖഭാവത്തിൽ പോലും ഒരു മാറ്റവും ഉണ്ടായില്ല എന്നതാണ്.

അച്ഛൻ ഓടിവന്ന് എന്നെ പിടിച്ച് എഴുന്നേല്പിച്ചപ്പോൾ ജീവിതത്തിൽ ഇന്നേവരെ എന്റെ അമ്മയിൽ നിന്നും കേൾക്കാത്ത അത്രയും വലിയ ശബ്‌ദം അന്ന് ഞാൻ കേട്ടു. അത് ഒരു അലർച്ചയായിരുന്നില്ല നിലവിളിയായിരുന്നു. എന്റെ മകളെ തൊട്ടുപോകരുതെന്ന്… ആ നിലവിളിയിൽ ആജ്ഞാസ്വരം ഉണ്ടായിരുന്നു അതേസമയം നിസ്സഹായതയും ഉണ്ടായിരുന്നതായി തോന്നി എനിക്ക്.

എന്നെയും കൊണ്ട് അമ്മ മുറിയിൽ കയറി വാതിൽ അടച്ചപ്പോഴും അന്ന് രാത്രി വരെയും അമ്മ നിർത്താതെ ഏങ്ങി ഏങ്ങി കരഞ്ഞപ്പോഴും വാതിലിൽ ഇടവേളകൾ വിട്ട് അച്ഛൻ മുട്ടി കൊണ്ടിരുന്നപ്പോഴും എന്ത് പറ്റി എന്ന ചോദ്യം ഒരിക്കൽക്കൂടി ആവർത്തിക്കാൻ അശക്തയായിരുന്നു ഞാൻ.

രാത്രിയിൽ എപ്പോഴോ താളവ്യത്യാസം വന്ന അമ്മയുടെ കരച്ചിലാണ് എന്നെ ഉണർത്തിയത്. ഇരുട്ടിൽ കണ്ണ് തുറക്കാൻ പോലും പേടി തോന്നിയിരുന്നു. അമ്മ ആരോടോ ഫോണിൽ സംസാരിക്കുകയാണെന്ന് പിന്നീട് മനസിലായി. ഞാൻ കാത് കൂർപ്പിച്ചു. ഫോണിന്റെ മറു തലയ്ക്കൽ അമ്മയുടെ ഏട്ടൻ അതായത് എന്റെ അമ്മാവൻ ആണെന്ന് എനിക്ക് മനസിലായി.

അമ്മയുടെ സംസാരത്തിലൂടെ ഞാൻ മനസിലാക്കിയ സത്യങ്ങൾ എന്നെ ജീവിതത്തെ ഉടനീളം പൊള്ളിക്കാൻ പോന്നതായിരുന്നു. അച്ഛന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നും അതിൽ ഒരു കുട്ടി ഉണ്ടെന്നും ആ സ്ത്രീ കഴിഞ്ഞ ദിവസം മരിച്ചെന്നും ആ കുട്ടിയെ അച്ഛൻ ഞങ്ങളുടെ വീട്ടിലേക്ക് കൊണ്ടുവരാൻ പോവുകയാണെന്നും അമ്മ അമ്മാവനോട് പറഞ്ഞു.

അത് പറഞ്ഞു തീർക്കുന്നതിനിടയിൽ കരച്ചിൽ കൊണ്ട് അമ്മയുടെ ശബ്‌ദം പലപ്പോഴും മുറിഞ്ഞു പോകുന്നുണ്ടായിരുന്നു. കേട്ടത് അത്രയും ഒരു സ്വപ്നം ആവണെയെന്നും ഉണരുമ്പോൾ ഇതൊക്കെയും മാഞ്ഞു പോകണെയെന്നും ഞാൻ ആത്മാർത്ഥമായി പ്രാർത്ഥിച്ചു. എന്റെ കണ്ണിൽ നിന്നും അനിയന്ത്രിതമായി കണ്ണീർ ഉതിർന്നു വീണു കൊണ്ടിരുന്നു. ദേഹം മുഴുവൻ ഒരു തരിപ്പ് കയറുന്നത് പോലെ തോന്നി. എത്ര ശ്രമിച്ചിട്ടും പിടിച്ചു നിർത്താൻ കഴിയാതെ പോയ ഒരു തേങ്ങൽ എന്നിൽ നിന്നും ഉയർന്നു. അത് കേട്ടപ്പോൾ അമ്മ മുറിയിലെ ലൈറ്റിട്ടു. അമ്മ എന്നോട് ഒന്നും ചോദിച്ചില്ല… അന്ന് പുലരും വരെ അമ്മ എന്നെ കെട്ടിപ്പിടിച്ചു കരഞ്ഞു. അന്ന് എനിക്ക് തോന്നി പങ്കു വയ്ക്കപ്പെടുന്ന തന്റെ പുരുഷനാണ് ഒരു സ്ത്രീയുടെ വലിയ ദുഃഖങ്ങളിൽ ഒന്ന് എന്ന്.

പിറ്റേന്ന് രാവിലെ മുതൽ അച്ഛനെ കണ്ടില്ല. അല്ലെങ്കിൽ അന്ന് വൈകിട്ടാണ് ഞാനും അമ്മയും അച്ഛനെ അവസാനമായി ജീവനോടെ കണ്ടത്. പിറ്റേന്ന് വൈകുന്നേരം ഞങ്ങളെ തേടിയെത്തിയെത്തിയത് അച്ഛൻ മരിച്ചു എന്ന വാർത്തയാണ്..!

അപ്പോഴും അമ്മ കരഞ്ഞു. പക്ഷെ എനിക്ക് കരയാൻ തോന്നിയില്ല. അച്ഛൻ എനിക്ക് തന്ന സ്നേഹം മുഴുവൻ കള്ളമായിരുന്നു എന്നൊരു തോന്നൽ. അച്ഛന്റെ മൃതദേഹം കണ്ടപ്പോൾ അമ്മ അച്ഛനെ കെട്ടിപ്പിടിച്ചു കരഞ്ഞു. അമ്മയെ എനിക്ക് മനസിലായതേയില്ല.. ഇതേ അമ്മയാണ് ഇന്നലെ അച്ഛനോട് വെറുപ്പാണെന്ന് പറഞ്ഞത്. ഇനിയൊരിക്കലും അച്ഛനെ കാണേണ്ട എന്ന് പറഞ്ഞത്..

എനിക്ക് ഒന്നും ഉൾക്കൊള്ളാൻ കഴിയുന്നുണ്ടായിരുന്നില്ല. അതിനിടയിലേക്കാണ് അവളുടെ കയ്യും പിടിച്ച് ശിവേട്ടൻ കയറി വന്നത്. അച്ഛനെ കെട്ടിപ്പിടിച്ച അവളുടെ കൈകൾ വെട്ടി മാറ്റണമെന്ന് തോന്നിയ നിമിഷം. അമ്മായിയുടെ മടിയിൽ കിടക്കുമ്പോഴും ഞാൻ അവളെ നോക്കുകയായിരുന്നു. അച്ഛന്റെ നല്ല ഛായ ഉണ്ടവൾക്ക്, അച്ഛന് ഉള്ളത് പോലെ ഇടംകവിളിൽ ഒരു മറുകും. ജീവിതത്തിൽ ഇനിയൊരിക്കലും അവളെ കാണേണ്ടി വരരുത് എന്ന പ്രാർത്ഥനയോടെ ഞാൻ കണ്ണുകൾ വലിച്ചടച്ചു.

വൈകിട്ട് ആയപ്പോഴേക്കും വീട്ടിൽ തിങ്ങിക്കൂടിയ ആളുകൾ ഒഴിഞ്ഞിരുന്നു. എന്റെ കണ്ണുകൾ അവളെ തിരഞ്ഞു. ഒടുക്കം മുറ്റത്തെ തൂണിനരികിൽ ആ മുഴിഞ്ഞ പാവാടയിൽ എന്റെ നോട്ടം തറിച്ചു നിന്നു. അടുത്ത് തന്നെ ശിവേട്ടനും ഉണ്ടായിരുന്നു. അവിടെ നിന്നും എഴുന്നേറ്റ് ശിവേട്ടന് പിന്നാലെ നടക്കാൻ തുടങ്ങിയ അവളെ അമ്മാവനാണ് തിരികെ വിളിച്ചു കൊണ്ടുവന്നത്. അവളെയും കൂട്ടി എന്റെ മുന്നിലൂടെ അമ്മാവൻ അമ്മ കിടന്നിരുന്ന മുറിയിലേക്ക് ചെന്നു. അവളെ കണ്ടപ്പോൾ അമ്മ എഴുന്നേറ്റിരുന്നു.. കണ്ണുകൾ തുടച്ചിട്ട് അവളുടെ മുഖത്തേക്ക് നോക്കി പിന്നെ കൈ പിടിച്ച് അമ്മയുടെ അരികത്ത് ഇരുത്തി കവിളിൽ തലോടി.. എനിക്ക് തോന്നി അമ്മ തലോടിയത് ആ മറുകിൽ ആയിരുന്നെന്ന്. അച്ഛനിൽ നിന്നും അവൾ കടംകൊണ്ട അതേ മറുകിൽ..!

അവളോട് ഇനി എവിടേക്കും പോകേണ്ട എന്ന് പറഞ്ഞത് അമ്മയുടെ തീരുമാനമായിരുന്നു. അമ്മയുടെ മാത്രം. എനിക്ക് അമ്മയെ പിടികിട്ടിയതെയില്ല. അവളെ സ്വീകരിക്കാൻ കഴിയുമായിരുന്നെങ്കിൽ അമ്മ എന്തിനായിരുന്നു അച്ഛനോട് വഴക്കിട്ടത്. അമ്മ വഴക്കിട്ടില്ലായിരുന്നെങ്കിൽ ഒരുപക്ഷേ അച്ഛൻ ഹൃദയം പൊട്ടി മരിക്കുമായിരുന്നില്ല.

ദിവസങ്ങൾ കഴിയും തോറും എന്റെ മനസിൽ ചോദ്യങ്ങൾ കുന്നുകൂടി. അതിലേറെ അവളോടുള്ള ദേഷ്യവും. അച്ഛന് പിന്നാലെ അമ്മയുടെ സ്നേഹവും അവൾ എന്നിൽ നിന്നും അടർത്തി മാറ്റുകയാണെന്ന് തോന്നി. ആദ്യ ദിവസങ്ങളിൽ അമ്മായിയും അമ്മാവനും ഉണ്ടായിരുന്നു വീട്ടിൽ. പിന്നെ ഞങ്ങൾ മൂന്നുപേർ മാത്രം. അവളെ കാണുമ്പോഴൊക്കെയും ആ മറുക് എന്നെ വല്ലാതെ അലോസരപ്പെടുത്തി.

ഒരു ദിവസം അമ്മ എന്നോട്‌ വന്ന് പറഞ്ഞു അവൾ എന്റെ അനിയത്തി ആണെന്ന്…!!

എനിക്ക് അനിയത്തി ഇല്ല എന്നും പറഞ്ഞ് കയ്യിലിരുന്ന ഗ്ളാസ് എറിഞ്ഞ് ഉടച്ച് എഴുന്നേറ്റപ്പോൾ എനിക്ക് തോന്നി ഓരോ പെണ്ണിന്റെ ഉള്ളിലും അവൾ പോലും അറിയാത്ത ശബ്ദവും ശക്തിയും അടക്കം ചെയ്തിട്ടുണ്ടെന്ന്. അന്ന് എന്റെ അമ്മയിലും ഇന്ന് എന്നിലും ഉയർന്നത് ഒരേ ശബ്ദമായിരുന്നെന്ന്.

അവളോടുള്ള ദേഷ്യം നാൾക്കുനാൾ കൂടി. അത് അമ്മയോടും എന്നോടും തന്നെയുള്ള ദേഷ്യമായി വളർന്നു. എത്രയും പെട്ടെന്ന് വീണ്ടും കോളേജിലേക്ക് പോകാൻ മനസ് കൊതിച്ചു. എന്റെ പ്രതീക്ഷയ്ക്ക് വിപരീതമായി കോളേജിൽ ഒരാൾ പോലും അവളെ കുറിച്ച് ചോദിച്ചില്ല. അത് തന്നെ എനിക്ക് വലിയ ആശ്വാസമായിരുന്നു.

ആദ്യം കണ്ടതിൽ നിന്നും അവളിലും മാറ്റങ്ങൾ പ്രകടമായി തുടങ്ങി. എന്നോട് ഒന്നും മിണ്ടാറില്ലെങ്കിലും അമ്മയോട് അവൾ സംസാരിക്കാൻ തുടങ്ങി. അവൾ ചിരിക്കാൻ തുടങ്ങി അമ്മയെ ചിരിപ്പിക്കാൻ തുടങ്ങി.. മാസങ്ങൾ പിന്നിട്ടിട്ടും എന്റെ സമീപനത്തിൽ മാത്രം മാറ്റമൊന്നും വന്നില്ല. അവളോടുള്ള ദേഷ്യത്തിൽ കുറവ് വന്നെങ്കിലും അവളോട് ഞാൻ ഒന്നും മിണ്ടിയില്ല.

അന്ന് ആ ഒരു വൈകുന്നേരം ഇല്ലായിരുന്നെങ്കിൽ എന്റെ ജീവിതത്തിൽ ഒരിക്കലും ഞാൻ അവളോട് പുഞ്ചിരിക്കുക പോലുമില്ലായിരുന്നു.

അന്ന് കോളേജ് വിട്ട് വന്നപ്പോൾ അമ്മ വീട്ടിൽ ഇല്ലായിരുന്നു. സാധാരണ ഞാൻ വരുന്നതിന് മുമ്പ് തന്നെ അവൾ സ്‌കൂൾ വിട്ട് വീട്ടിലെത്തും. അന്ന് പക്ഷെ അവളെയും കണ്ടില്ല. അടുക്കളയിൽ ചെന്ന് ചായ വയ്ക്കാൻ തുടങ്ങുമ്പോഴാണ് കുളിമുറിയിൽ എന്തോ ശബ്‌ദം പോലെ തോന്നിയത്. നോക്കുമ്പോൾ വാതിൽ അകത്ത് നിന്നും പൂട്ടിയിരിക്കുകയായിരുന്നു. അമ്മയാവാൻ വഴിയില്ല അമ്മ ജോലി കഴിഞ്ഞ് എത്തുന്ന സമയം ആവുന്നതെ ഉണ്ടായിരുന്നുള്ളൂ. അവളായിരിക്കും അകത്ത് എന്നുള്ളത് കൊണ്ട് ഞാൻ പിന്നെ നോക്കാൻ പോയില്ല.

പക്ഷെ തുടർന്നും കുളിമുറിയുടെ വാതിലിൽ ശക്തമായ മുട്ട് കേട്ടു. കാര്യം എന്തെന്നറിയാൻ ഞാൻ വാതിലിൽ മുട്ടി. എന്തോ എന്റെ നാവ് കൊണ്ട് അവളുടെ പേര് വിളിക്കാൻ എനിക്ക് തോന്നിയില്ല. പക്ഷെ അകത്ത് നിന്നും ആരും വിളി കേട്ടില്ല പകരം വാതിലിൽ വീണ്ടും ശകതമായ മുട്ടലുകൾ മാത്രം. ആരൊക്കെയോ അടിപിടി കൂടുന്നത് പോലെ.

ഒരു നിമിഷം എന്റെ ഉള്ളിലും നേരിയ ഭയം തോന്നി. പെട്ടെന്ന് വാതിൽ തുറന്നു ഉള്ളിൽ അവളും അവളുടെ വായ പൊത്തി പിടിച്ച ഒരുത്തനും..! അയാളുടെ മുഖം മറച്ചിരുന്നു. എനിക്ക് പെട്ടെന്ന് എന്തോ ചിരവ എടുത്ത് അയാളുടെ തലയ്ക്ക് അടിക്കാനാണ് തോന്നിയത്. ആ അടിയിൽ അയാൾ അവളുടെ പിടി വിട്ട് അടുക്കളപുറത്തു കൂടി ഓടി.

ശ്വാസം കിട്ടാതെ അവൾ നിലത്ത് ഇരുന്നു. കള്ളൻ കള്ളൻ എന്ന് അവ്യക്തമായി അവൾ പറയുന്നുണ്ടായിരുന്നു. ‘ഐശൂ’ ആദ്യമായ് ഞാൻ അവളുടെ പേര് വിളിച്ചു. എന്റെ കണ്ണുകൾ നിറഞ്ഞിരുന്നു ശബ്ദം ഇടറുന്നുണ്ടായിരുന്നു. അവൾ നേരെ ശ്വസിക്കാൻ തുടങ്ങിയപ്പോഴാണ് എനിക്ക് സമാധാനമായത്.

അവൾ എന്റെ മുഖത്തേക്ക് തന്നെ നോക്കി. നേരിട്ട അക്രമണത്തെക്കാൾ ഞെട്ടിപ്പിച്ചത് എന്റെ പ്രതികരണമാണെന്ന ഭാവത്തോടെ. ഞാൻ അവളെ കെട്ടിപ്പിടിച്ചു അവളിൽ നിന്നും ചേച്ചി എന്ന വിളി ഞാൻ കേട്ടു. ഞാനും അറിയുകയായിരുന്നു അവൾ എനിക്ക് ആരാണെന്ന്..

അവളുടെ കവിളിൽ ആ മറുകിൽ ഉമ്മ നൽകിയപ്പോൾ അച്ഛനോടുള്ള കടം കൂടി വീട്ടുകയായിരുന്നു ഞാൻ.

~ അപരിചിത