അരുൺ ഭാര്യയുടെ തുണി വിരിക്കുന്നതും സാരി ഭംഗിയായി ഉടുക്കാൻ സഹായിക്കുന്നതും ഒക്കെ അവൾ നോക്കി നിൽക്കും…

അയലത്തെ അദ്ദേഹം

Story written by MANJU JAYAKRISHNAN

“ഇതെന്താ ഇന്ന് ചായക്ക് കടി ഒന്നും ഇല്ലേ?” …. എന്റെ ചോദ്യം കേട്ടതായി പോലും അവൾ ഭാവിച്ചില്ല…

സാധാരണ എന്തെങ്കിലും അവൾ കരുതി വയ്ക്കുന്നതാണ്…

മക്കളെ ഒളിച്ചു സ്റ്റീൽ പാത്രത്തിൽ ആണ് സ്ഥിരം വയ്ക്കുന്നത്…അവൾ എന്ത് ഉണ്ടാക്കിയാലും നല്ല രുചി ആയതു കൊണ്ട് ‘എല്ലാം തീർന്നു’ എന്ന് നുണ പറഞ്ഞു അവൾ എനിക്കായി കരുതി വയ്ക്കും

എന്റെ മുഖത്തെക്ക് പ്രതീക്ഷയോടെ നോക്കും…

എത്ര നല്ല പലഹാരം ആയാലും ഒന്നും സംഭവിക്കാത്ത പോലെ കഴിച്ചു ഒരു നല്ല വാക്കു പോലും പറയാതെ സ്ഥിരം ഞാൻ പോകും

വാടിയ മുഖത്തോടെ അവൾ ജോലികളിലേക്ക് തിരിയും..

ദാമ്പത്യം തുടങ്ങിയിട്ട് വർഷം പത്തു കഴിഞ്ഞു….

എല്ലാം അവൾ അറിഞ്ഞു പെരുമാറും.ഒന്നിനു വേണ്ടിയും വാശി പിടിക്കില്ല…

എണ്ണി ചുട്ടപ്പം പോലെ കിട്ടുന്ന ശമ്പളം ഒന്നിനും തികയില്ല എന്ന് അവൾക്ക് നന്നായി അറിയാം . ഓണത്തിന് പോലും അവൾക്കു കോടി എടുക്കാൻ പലപ്പോഴും സാധിച്ചിരുന്നില്ല

അച്ഛന്റെയും അമ്മയുടെയും ഒറ്റ മോളായിരുന്നു….

“സുധി കുറച്ചു വാശി കൂടുതലാട്ടോ എന്നും പറഞ്ഞു തന്നതാ.. “

ഇപ്പോൾ വാശി എന്തെന്നു പോലും പെണ്ണ് മറന്നിരിക്കുന്നു…

അപ്പോഴേക്കും അടുത്ത വീട്ടിലെ അരുണും ഭാര്യയും എത്തി. കയ്യിൽ ഒരു ബോക്സിൽ മധുരപലഹാരങ്ങൾ ഉണ്ട്.

“വിവാഹവാർഷികം ആണ് “….

“വേണ്ടാ എന്നു പറഞ്ഞിട്ടും അരുൺ വാങ്ങി തന്നതാ ” എന്നും പറഞ്ഞു രണ്ടു പവന്റെ വള അവളെ കാണിച്ചു…

അവർക്കു ആശംസകൾ പറയുമ്പോൾ കലണ്ടറിൽ ഞാൻ നോക്കി

“ഈശ്വര ഇന്നാണല്ലോ അവളെ എനിക്കു നല്ല പാതിയായി കിട്ടിയത് “

അവളുടെ മൗനത്തിന്റെ അർത്ഥം എനിക്ക് പിടി കിട്ടി..

മാപ്പു പറയാൻ ചെന്നപ്പോൾ “സാരല്യ ഏട്ടാ ” എന്നും പറഞ്ഞു അവൾ കണ്ണുനീരൊപ്പി…

അരുൺ ഭാര്യയുടെ തുണി വിരിക്കുന്നതും സാരി ഭംഗിയായി ഉടുക്കാൻ സഹായിക്കുന്നതും ഒക്കെ അവൾ നോക്കി നിൽക്കും

“ദേ കേട്ടോ ഞാൻ പാലു കുടിക്കുന്നില്ല എന്ന് പറഞ്ഞു വഴക്കിടുവാ “

എന്നു കൊഞ്ചി പറഞ്ഞു അരുണിന്റെ ഭാര്യ അവളെ വിളിച്ചു… അവൾ ഒന്നു ചിരിച്ചു , ഒന്നും മിണ്ടാതെ പോയി

“പാത്രം കഴുകാൻ പോലും സമ്മതിക്കില്ല” അപ്പോഴേക്കും എന്നെ എടുത്തു ബെഡ്‌റൂമിൽ കൊണ്ടു പോകും… എന്ന് നാണത്തോടെ പറയുന്നത് ഒരിക്കൽ ഞാനും കേട്ടു..

അവളെ ഒന്നു തലോടിയിട്ട്, ഒന്ന് ചേർത്ത് പിടിച്ചിട്ട് ഒരുപാട് നാളായി… ജോലിയുടെ ടെൻഷൻ കാരണം മനഃപൂർവം പലതും ഞാൻ മറക്കുന്നു എന്ന് സ്വയം പഴിച്ചു

നിസ്സാര കാര്യങ്ങൾക്ക് അരുണിനെ കുറ്റപ്പെടുതാനും അവന്റെ ഭാര്യ മറന്നില്ല…

അവളുടെ ഉച്ചത്തിലുള്ള ശബ്ദം കേട്ടാണ്‌ ഞാൻ വരുന്നത്…

“എന്റെ ഏട്ടന് എന്തെങ്കിലും കുറ്റം ഉണ്ടെങ്കിൽ ഞാൻ സഹിചോളാം .. പുറമെ നിന്നും ഒരുത്തിടേം ഉപദേശം എനിക്ക് ആവശ്യമില്ല “

എന്റെ ഈ ആറുബോറൻ സ്വഭാവം കണ്ടു അവളോട്‌ സഹതപിക്കാൻ വന്നതാണ്…. അവളെ പെണ്ണ് കണ്ടം വഴി ഓടിച്ചു…

കുറച്ചു നേരം കഴിഞ്ഞു അരുൺ എത്തി….

എന്നോടായി പറഞ്ഞു….

ഞാൻ ഈ കാട്ടിക്കൂട്ടുന്നത് ഒക്കെ സമാധാനത്തിനു വേണ്ടി ആണ്.. അല്ലെങ്കിൽ അവൾ അലമ്പ് ആക്കും

ഒരിക്കലും എന്നെ മനസ്സിലാക്കി അവൾ ജീവിച്ചിട്ടില്ല…. അവളുടെ സന്തോഷം അവളുടെ സുഖം….

മറ്റുള്ളവരെ കാണിക്കാൻ വേണ്ടി ഞങ്ങൾ അഭിനയിക്കുന്നു….

മക്കൾക്കു വേണ്ടി എല്ലാം ഞാൻ ക്ഷമിക്കുന്നു… സഹിക്കുന്നു….

ഒരിക്കലും പുറമെ നിന്നും കാണുന്ന പോലെ ആയിരിക്കില്ല യഥാർത്ഥ ജീവിതങ്ങൾ….

അരുൺ പോയ ഉടനെ അവൾ അറിയാതെ ഞാൻ അവളെ നോക്കി നിന്നു…

പെണ്ണ് അപ്പോഴും എനിക്കു വേണ്ടി എന്തോ ഉണ്ടാക്കാൻ ഉള്ള തത്രപ്പാടിൽ ആയിരുന്നു….