ആദ്യരാത്രിക്കുള്ള പാലുമായി തല താഴ്ത്തി വരുന്ന അവളെ കണ്ട് സത്യത്തിൽ മനസ്സിൽ പുച്ഛമാണ് തോന്നിയത്…

എഴുത്ത്: മഹാ ദേവൻ

” ഈ നാണംകുണുങ്ങി പെണ്ണിനെ ആണോ ഞാൻ കെട്ടേണ്ടത്? എനിക്കൊന്നും വേണ്ട. ഇന്നത്തെ കാലത്തും ഇങ്ങനെ ഉണ്ടാകോ പെൺകുട്ടികൾ? “

ആദ്യമായി പെണ്ണ് കണ്ട് വന്നപ്പോൾ അമ്മയോട് ദേഷ്യത്തോടെ ചോദിച്ചത് അങ്ങനെ ആയിരുന്നു. ഇന്നത്തെ കാലത്തിനനുസരിച്ചു ജീവിക്കാൻ കൊതിക്കുന്ന എനിക്ക് ഇങ്ങനെ ഒരു പെണ്ണ്. ചിന്തിക്കാൻ പോലും കഴിയുന്നില്ലായിരുന്നു.

പക്ഷേ, അച്ഛൻ മരിച്ചതിൽ പിന്നെ എന്നെ വളർത്താൻ അത്രയേറെ കഷ്ടപ്പെട്ട അമ്മയുടെ വാക്കുകളെ എതിർക്കാൻ അല്ലാതെ ധിക്കരിക്കാൻ കഴിയില്ല എന്ന സത്യം അവളെ തന്നെ വിവാഹം കഴിക്കാൻ നിർബന്ധിതനാകുകയായിരുന്നു.

ആദ്യരാത്രി ഒരു മൂഡിന് തണുത്ത ഒരു ബിയർ അടിച്ചിരിക്കുമ്പോൾ സ്ഥിരം കാണുന്നപോലെ ആദ്യരാത്രിക്കുള്ള പാലുമായി തല താഴ്ത്തി വരുന്ന അവളെ കണ്ട് സത്യത്തിൽ മനസ്സിൽ പുച്ഛമാണ് തോന്നിയത്

പക്ഷെ, അത്‌ പുറത്ത് കാണിക്കാതെ അവൾ കൊണ്ട് വന്ന പാല് ” നീ തന്നെ കുടിച്ചോ ” എന്നും പറഞ്ഞ് നിരസിച്ചപ്പോൾ അവളുടെ കണ്ണൊന്ന് കലങ്ങിയോ എന്ന് തോന്നി.

അത്‌ അവൾ അവഗണിക്കപ്പെടുന്നതിനുള്ള ആവർത്തനത്തിന്റെ തുടക്കം മാത്രമായിരുന്നു. ഓഫീസിലേക്ക് പോകുമ്പോൾ ഗേറ്റ് വരെ അനുഗമിക്കുന്നവൾ വരാൻ വൈകുമ്പോൾ അതേ ഗേറ്റിനരികിൽ പലപ്പോഴും കാത്തുനിൽക്കുന്നത് കണ്ടപ്പോൾ ഉള്ളിൽ നുരഞ്ഞുപൊന്തിയ ദേഷ്യം അവളോട് വാക്കാൽ തീർക്കുകയായിരുന്നു ഞാൻ.

” നിനക്ക് തലക്ക് സുഖമില്ലേ ഇങ്ങനെ കാത്തുകെട്ടി കിടക്കാൻ? മനുഷ്യൻ ഒന്ന് വൈകിയാൽ അപ്പൊ ഉണ്ടാകും ഗേറ്റിൽ. ഇതെന്തൊരു കഷ്ടമാണ്. ഞാൻ ആരുടേം കൂടെ ഓടിപോകാത്തൊന്നും ഇല്ല ഇങ്ങനെ വേവലാതി കാണിക്കാൻ. നീ ഇല്ലാത്തപ്പോഴും ഞാൻ ഇങ്ങനെ ഒക്കെ ആണ് വരാറ്. നീ വന്നത് കൊണ്ട് ആ കാര്യത്തിന് ഇനി വലിയ മാറ്റമൊന്നും വരുത്താൻ നോക്കണ്ട. കേട്ടല്ലോ “

അന്ന് കഴിക്കാനിരിക്കുമ്പോൾ മൗനമായിരിക്കുന്ന എന്നോട് അമ്മ കാര്യം പറയുന്നുണ്ടായിരുന്നു

” മോനെ ഇന്നലെ വരെ ഉള്ള ജീവിതം അല്ല ഇന്ന്. ഇപ്പോൾ നിന്റെ ജീവിതത്തിൽ ഒരു പെണ്ണുണ്ട്. താലി കഴുത്തിൽ വീണ് കഴിഞ്ഞാൽ അവൾക്ക് സ്വന്തം ജീവനേക്കാൾ എന്നും വലുത് ആ താലി കെട്ടിയ ജീവനാണ്. അതിപ്പോ ഈ ഒരു പെണ്ണല്ല. ലോകത്തിലെ ഭൂരിഭാഗം പെണ്ണുങ്ങൾക്കും അത്‌ അങ്ങനെ തന്നെ ആണ്. അത്‌ മനസ്സിലാക്കാൻ നീ നിന്റെ മനസ്സിലെ വിദ്വേഷം മാറ്റിവെച്ചൊന്ന് അവളെ നോക്കിയാൽ മതി. മോനെ അവഗണിക്കാൻ എളുപ്പമാണ്. പക്ഷേ, അങ്ങനെ അവഗണിക്കുമ്പോഴും സ്നേഹം കൊണ്ട് അതിനെ മായ്ച്ചുകളയുന്ന ഒരു പെണ്ണിന്റ മനസ്സ് കാണാൻ കഴിയുന്നിടത്തെ നീ നാലൊരു ഭർത്താവ് ആകുന്നുള്ളൂ.
ജീവിതം തുടങ്ങിയിട്ടേ ഉളളൂ…. “

അമ്മയുടെ ഉപദേശം അസഹനീയമായി തോണുന്നുണ്ടെങ്കിലും എതിർത്തുപറയാൻ മനസ്സ് അനുവദിക്കാത്തത് കൊണ്ട് വാക്കുകളെ ചവച്ചിറക്കി മൗനം പാലിച്ചു ഞാൻ.

അന്ന് കൂട്ടുകാരന്റെ കല്ല്യാണത്തിന് പോകാൻ ഒരുങ്ങുമ്പോൾ അമ്മയുടെ നിർദ്ദേശപ്രകാരം അവളും ഒരുങ്ങിയിരുന്നു.

എനിക്കൊപ്പം ചിലവഴിക്കാൻ കുറച്ചു സമയം കിട്ടിമെന്ന സന്തോഷത്തിൽ അവൾ വേഗം ഒരുങ്ങുമ്പോൾ അവളെ അവഗണിച്ചു ചാവിയുമെടുത്തു കാറിനടുത്തെത്തിയ എന്നോട് അമ്മ ചോദിക്കുന്നുണ്ടായിരുന്നു

” ടാ, അവളും വരുന്നില്ലേ. പിന്നെ അവളെ കൂട്ടാതെ നീയിത് എങ്ങോട്ടാ ” എന്ന്.

ആത് കേട്ടപ്പോൾ എനിക്ക് ദേഷ്യമാണ് തോന്നിയത്. ” എങ്ങോട്ടേലും ഒന്ന് സ്വസ്ഥമായി ഇറങ്ങുമ്പോൾ പിന്നാലെ ഇറങ്ങിക്കോളും വേഷം കെട്ടി ” എന്നും മനസ്സിൽ ചിന്തിച്ചുകൊണ്ട് മനസ്സിലെ ദേഷ്യം ഞാൻ അമ്മയോട് തന്നെ പറഞ്ഞ് തീർത്തു.

” അമ്മക്ക് ഇനിയും നേരം വെളിച്ചമായില്ലേ. ഞാൻ പോകുന്നത് ഒരു VIP കല്യാണത്തിന് ആണ്. അല്ലാതെ നാട്ടിൽ ആർക്ക് വേണേലും വന്ന് പോകാവുന്ന പോലെ ഉള്ള കല്യാണം അല്ല. അപ്പൊ പിന്നെ ഇതുപോലെ ഉള്ള ഒരു സ്ഥലത്തേക്ക് ഇവളെ ഒക്കെ എങ്ങനെ കൊണ്ടുപോകാനാ… അവിടെ മുഴുവൻ ബോൾഡ് ആയി നടക്കുന്ന പെൺകുട്ടികൾ ആകും. അതിനിടയ്ക്ക് ഇതുപോലെ ഒരുത്തിയെ കെട്ടിയൊരുക്കി….. എനിക്ക് വയ്യ… അവൾക്കൊ ബോധമില്ല, അമ്മക്കെങ്കിലും ഉണ്ടാകുമെന്ന് കരുതി. മനുഷ്യനെ നാണം കെടുത്താൻ… അമ്മ പറഞ്ഞാൽ മതി അവളോട്, ഇച്ചിരി ചോറ് തിന്നുന്ന ബുദ്ധി കാണിക്കാൻ, കണ്ടിടത്തേക്കൊക്കെ ഒരുങ്ങി ഇറങ്ങാൻ നിൽക്കാതെ.. “

അതും പറഞ്ഞ് ഞാൻ തിരിയുമ്പോൾ ജനലഴികളിൽ തട്ടി കണ്ണുനീർതുള്ളികൾ ചിതറിതെറിക്കുന്നത് കാണാൻ കഴിയുന്നുണ്ടായിരുന്നു. അവൾ എല്ലാം കേട്ടെന്ന് മനസ്സിലായെങ്കിലും അത്‌ കാര്യമാക്കാതെ ഞാൻ വണ്ടിയുമായി പുറത്തേക്ക് ഇറങ്ങുമ്പോൾ അവൾ കരഞ്ഞിരിക്കണം. കരയട്ടെ എന്ന് ഞാനും കരുതി.

എത്രയൊക്കെ അവഗണിച്ചാലും ചില കാര്യങ്ങളിൽ ഞാനും ദുർബലനായിരുന്നു. അതിന്റ പരിണിതഫലമായി വിവാഹം കഴിഞ്ഞ അഞ്ചാംമാസം അവൾ ഗർഭിണിയായപ്പോൾ ആയിരുന്നു ഞാൻ ആദ്യമായി സന്തോഷിച്ചത്.

അത്രയേറെ അവഗണിച്ചവളെ പെട്ടന്ന് ഒരു ദിവസം ചേർത്തുപിടിക്കാനുള്ള മടി പിന്നെയും അകൽച്ചയുടെ ആഴം കൂട്ടുമ്പോൾ അമ്മ പറയാറുണ്ടായിരുന്നു

” മോനെ, ഗർഭിണിയായ ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സമീപനം ആണ് ” എന്ന്.

അതുപോലെ “ഇപ്പോൾ അവളുടെ മനസ്സ് വിഷമിപ്പിക്കുന്നത് നാളെ ബാധിക്കുക നിന്റെ കുഞ്ഞിനെ ആണ് ” എന്ന് കൂടി അമ്മ പറഞ്ഞപ്പോൾ മനസ്സിൽ അല്പം പേടിയുണ്ടായിരുന്നു. അവളെ അവഗണിക്കുന്നതിൽ അല്ല, കുട്ടിക്ക് വല്ലതും പറ്റുമോ എന്നോർത്ത്.

അതുകൊണ്ട് തന്നെ പാതി മനസ്സോടെ അവളിലെ ഇഷ്ട്ടങ്ങളെ അറിയാൻ ശ്രമിക്കുമ്പോൾ ശരിക്കും അത്ഭുതമായിരുന്നു അവൾ. എന്തേലും ആഗ്രഹം ഉണ്ടോ എന്ന് ചോദിക്കുമ്പോൾ ഇതുപോലെ അടുത്തുണ്ടായാൽ മതി എന്ന് പറയുന്ന അവൾ. അല്പം അകൽച്ചയോടെ അടുത്തിരിക്കുമ്പോൾ ” എന്നെ ഒന്ന് ചേർത്തു പിടിക്കോ ” എന്ന് വളരെ ആഗ്രഹത്തോടെ ചോദിക്കുന്ന അവൾ. ചേർത്തുപിടിക്കുമ്പോൾ ഒരു ചുംബനം കൂടി കൊതിക്കുന്നവൾ.

അപ്പോഴെല്ലാം ചിന്തിച്ചിട്ടുണ്ട് ഇവൾക്ക് വലിയ ആഗ്രഹങ്ങൾ ഒന്നുമില്ലേ എന്ന്. ശരിക്കും അവളെ അറിയാൻ ശ്രമിച്ചതും അറിഞ്ഞുതുടങ്ങിയതും അപ്പോഴായിരിക്കാം.

പ്രസവസമയത് ലേബർറൂമിലേക്ക് കയറുമ്പോൾ കൂട്ടിപിടിച്ച കയ്യിൽ അവൾ കൊതിച്ച കരുതൽ ഞാൻ കരുതിയിരുന്നു ആദ്യമായി. സിസേറിയൻ ചെയ്യേണ്ടി വരുമെന്ന് പറഞ്ഞ് ഒപ്പിട്ടു നൽകുമ്പോൾ ആദ്യമായി കൈകളൊന്ന് വിറച്ചു, അതോടൊപ്പം വിറച്ച ചുണ്ടുകൾ അവൾക്കായി ചലിക്കുന്നുണ്ടായിരുന്നു “അവൾക്കൊന്നും വരുത്തല്ലേ ഈശ്വരാ ” എന്ന്.

പ്രസവശേഷം ഡോക്ടർ കാണാൻ അനുവദിക്കുമ്പോൾ ആദ്യമെന്റ കണ്ണുകൾ ഉടക്കിയത് അവളിലായിരുന്നു. പുഞ്ചിരിയോടെ കിടക്കുന്ന അവളുടെ കൈ ചേർത്തു പിടിച്ച് നിറുകയിൽ തലോടുമ്പോൾ അവൾ കണ്ണിറുക്കി കൊണ്ട് പറയുന്നുണ്ടായിരുന്നു

” കണ്ടോ ഏട്ടാ, നമ്മുടെ കുഞ്ഞ് ” എന്ന്.

അവൾ മാത്രം നിറഞ്ഞ കണ്ണുകൾ അപ്പോഴായിരുന്നു ശരിക്കും ആ കുഞ്ഞുമുഖത്തേക്ക് കൊതിയോടെ നോക്കിയത്.

” നമ്മുടെ കുഞ്ഞ് ” എന്നും പറഞ്ഞ് ഞാനും അവളെ സന്തോഷത്തോടെ നോക്കുമ്പോൾ അവളിലെ പെണ്ണ് എനിക്ക് അത്ഭുതമായിരുന്നു.

പിന്നെ ഓരോ രാത്രിയും അവളെ ചേർത്തു പിടിക്കുമ്പോൾ അവളിലെ പെണ്ണിനെ ഞാൻ കണ്ടു. ആ സ്നേഹം, അമ്മയിലേക്ക്ക്കുള്ള ദൂരത്തിൽ അവൾ അനുഭവിച്ച യാതനകൾ. അതിന് വേണ്ടി മുറിപ്പെട്ട പാടിൽ വെറുതെ തലോടുമ്പോൾ എല്ലാം എനിക്ക് കൂടി വേണ്ടി ആണല്ലൊ എന്നോർത്തപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകി.

അവളിലെ വര വീണ വയറിലും തുന്നികെട്ടിയ മുറിപ്പാടിലും എന്റെ സ്നേഹം ചുംബനമായി നൽകുമ്പോൾ അവൾ കൊതിയോടെ അത്‌ ആസ്വദിക്കുകയായിരുന്നു…

എന്നോ അവഗണിക്കപ്പെട്ടവളുടെ ചുണ്ടുകൾ വിതുമ്പുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. കൊതിയോടെ കാത്തിരുന്നതെന്തോ ഭർത്താവിന്റെ കരുതലായ് ലഭിക്കുന്ന സന്തോഷത്തിൽ !!