എന്റെ കൂടെ മഞ്ജുവിനെയും കുഞ്ഞിനേയും കണ്ടപ്പോൾ അമ്മ അലറുക ആയിരുന്നു കൂടെ പ്രാർത്ഥനയും….

ശകുനം

Story written by അരുൺ നായർ

…………………………………………….

“” ദിവസവും ജോലിക്ക് പോകുമ്പോൾ കണി കാണാൻ ആണോടാ നീ ഈ പി ഴച്ചവളെയും കൊണ്ട് പടി കയറി വന്നത്….അല്ല ഇങ്ങനെ ഉള്ള ദുഷിച്ചവളെ ഒക്കെ അതിനല്ലേ കൊള്ളൂ……എന്നാലും എന്റെ മകന് അമ്മയെയും ഏട്ടനേയും മറന്നു ഇങ്ങനെ ഒരു വൃത്തികെട്ട പെണ്ണിനെ കൂടെ കൂട്ടാൻ എങ്ങനെ തോന്നി…..എന്റെ കൃഷ്ണ എന്റെ കുഞ്ഞിന് നല്ല ബുദ്ധി കൊടുക്കണേ….. “”

എന്റെ കൂടെ മഞ്ജുവിനെയും കുഞ്ഞിനേയും കണ്ടപ്പോൾ അമ്മ അലറുക ആയിരുന്നു കൂടെ പ്രാർത്ഥനയും…..

ആറ്റു നോറ്റു ഓമനിച്ചു വളർത്തിയ മകന്റെ കൂടെ ഒരു പെണ്ണിനേയും കൈകുഞ്ഞിനെയും കണ്ട അമ്മയുടെ അവസ്ഥ മനസ്സിലായതുകൊണ്ട് ഞാൻ അമ്മയോട് എന്തു പറയണമെന്ന് അറിയാതെ ഒന്നു പരുങ്ങി…….. ഇല്ല ഇവിടെ പരുങ്ങിയാൽ മഞ്ജുവിനെയും കുഞ്ഞിനേയും ഇറക്കി വിടേണ്ടി വരും……. എന്തു പറഞ്ഞിട്ട് ആണെങ്കിലും അമ്മയെ കൊണ്ട് സമ്മതിപ്പിക്കണം ഞാൻ മനസ്സിൽ ഉറപ്പിച്ചു….

“” അമ്മേ ഇവളെ ഞാൻ താലി കെട്ടി കൂടെ കൂട്ടിയതാണ്…. അല്ലാതെ പി ഴച്ചവളല്ല…എന്റെ കുഞ്ഞാണ് അവളുടെ കയ്യിലുള്ളത്…… ഇനിയും അവളെ അമ്മ പി ഴച്ചവളായി കാണാതെ സ്വീകരിക്കണം അമ്മയുടെ മകളായി മരുമകളായി….. “”

എന്റെ വാക്കുകൾ കേട്ടപ്പോൾ അമ്മയുടെ കണ്ണുകൾ നിറഞ്ഞു…. ആ മാതൃഹൃദയം മകനെ ഓർത്തു കണ്ണുനീർ പൊഴിക്കാൻ തുടങ്ങി……

“” ഇല്ലെടാ നീ എന്തൊക്കെ പറഞ്ഞാലും എനിക്കു അതിനു കഴിയില്ല മോനെ…. ഈ അമ്മയെ മറന്നാലും നിനക്കു നിൻറെ ഏട്ടനെ ഓർക്കമായിരുന്നു…….നിങ്ങളുടെ അച്ഛൻ നിനക്കു പത്തു വയസ് ഉള്ളപ്പോൾ നമ്മളെ ഉപേക്ഷിച്ചു പോയിട്ടും ഒരു കുറവും കൂടാതെ നിന്നേ നോക്കിയ അവനു നീ ഇതു തന്നെ തിരിച്ചു കൊടുക്കണം…അതും നിൻറെ ഏട്ടന്റെ കല്യാണ സമയത്തു തന്നെ ഇങ്ങനെ ഒരു കാര്യം ചെയ്യാൻ തോന്നിയല്ലോ മോനെ….ഇനി അവനു കിട്ടിയ ആ നല്ല ബന്ധം നീ ഒരുത്തൻ കാരണം ഇല്ലാതെയാകുമല്ലോ മോനെ….. “”

അമ്മ പറഞ്ഞത് ശരിയാണ്….. അച്ഛൻ ഞങ്ങളെ ഉപേക്ഷിച്ചു പോകുമ്പോൾ ഞാൻ ഒന്നും അറിയാത്ത ഒരു പയ്യൻ ആയിരുന്നു… ഏട്ടന് എന്നെക്കാൾ അഞ്ചു വയസ്സു മാത്രമേ കൂടുതൽ ഉള്ളൂ … പക്ഷെ ഏട്ടൻ ആണ് പിന്നെ പഠിത്തം കഴിഞ്ഞു വൈകിട്ട് ജോലിക്ക് പോയി എന്നെയും അമ്മയെയും നോക്കിയത്…… പക്ഷെ എനിക്കു ഇപ്പോൾ ഇതല്ലാതെ വേറെ മാർഗം ഇല്ലായിരുന്നു അതാണ് സത്യം….. അല്ലങ്കിൽ ഞാൻ എന്റെ ഏട്ടന്റെ ജീവിതത്തിനു മോശമാകുന്നതൊന്നും ചെയ്യില്ലായിരുന്നു…എന്റെ ഓർമ്മകൾ ഇങ്ങനെ ഞങ്ങളുടെ ജീവിതത്തിലൂടെ വീട്ടു പടിക്കൽ വച്ചു മിന്നിമായുമ്പോൾ അമ്മയുടെ ശബ്ദത്തിനു സങ്കടം മാറി ദേഷ്യമായി മാറിയിരുന്നു ……

“” നീ ഇവളെ ഇപ്പോൾ തന്നെ കൊണ്ടേ വിടുന്നുണ്ടോ…… എനിക്കു പറ്റില്ല ഇവളെ സ്വീകരിക്കാൻ…..ഈ ഒറ്റ ചോദ്യത്തിന് എന്റെ മകൻ ഉത്തരം തന്നാൽ മതി….. കൂടുതലൊന്നും അമ്മക്ക് കേൾക്കണ്ട…… “”

“” ഇല്ലമ്മേ,, എനിക്കു അറിയാം അമ്മക്ക് ബുദ്ധിമുട്ട് ഉണ്ടാകുമെന്നു എങ്കിലും ഞാൻ ഇവളെയും പിടിച്ചു കയറുക ആണ് നമ്മുടെ വീട്ടിലേക്കു….. ഏട്ടന്റെ കല്യാണത്തിന് ഒരു മാസമേ ഉള്ളൂ എന്ന കാര്യം പറഞ്ഞു ഇനിയും ഇവളെ എനിക്കു മാറ്റി നിർത്താൻ വയ്യ…… ഒരു തവണ ആത്മഹത്യാ ചെയ്യാൻ ശ്രമിച്ചപ്പോൾ ആരുടെ ഒക്കെയോ ഭാഗ്യം കൊണ്ടാണ് രക്ഷപെട്ടത് ഇനിയും എനിക്കൊരു റിസ്ക് എടുക്കാൻ വയ്യ അമ്മേ…. “”

“” എങ്കിൽ അമ്മ ഈ വീട്ടിൽ ഉണ്ടോന്നു മോൻ ഇനി അന്വേഷിക്കേണ്ട…. ഈ അ റുവാണിച്ചിയേം കൊണ്ട് മോൻ ഇവിടെ താമസിച്ചോ…. പെറ്റ വയറല്ലേ ശപിക്കാൻ പറ്റില്ലല്ലോ…. മോന്റെ ഏട്ടൻ വന്നു കഴിയുമ്പോൾ വീടിന്റെ ഷെയർ എന്താണെന്നു വെച്ചാൽ മേടിച്ചു തരാം അതും മേടിച്ചു ഇറങ്ങിക്കോണം ഇവളെയും കൂട്ടി…. വയ്യ അമ്മക്ക് ഇതുപോലെയൊരു പെണ്ണുള്ള വീട്ടിൽ താമസിക്കാൻ…. അവൻ വരാൻ ഇനി പതിനഞ്ചു ദിവസമല്ലേ ഉള്ളൂ….. അതു വരെ അമ്മ സഹിച്ചോളാം…. “”

അമ്മയുടെ കരച്ചിലും മഞ്ജുവിനെ ശപിച്ചുകൊണ്ടുള്ള വാക്കുകളും കേൾക്കാതെ ഞാൻ ഉള്ളിൽ കരഞ്ഞുകൊണ്ട് അമ്മയുടെ മുഖത്തേക്ക് നോക്കാതെ മഞ്ജുവിനെയും കയ്യിലുള്ള കുഞ്ഞിനേയും കൂട്ടി ഞങ്ങളുടെ വീടിൻറെ അകത്തേക്ക് കയറി…… കയറുമ്പോൾ ഞാൻ ആലോചിച്ചു നല്ല രീതിയിൽ ആയിരുന്നെങ്കിൽ അമ്മ സ്നേഹം കൊണ്ടു പൊതിഞ്ഞേനെ മഞ്ജുവിനെ….. എന്തു ചെയ്യാൻ ഇതാവും അവളുടെ വിധി…..

ഏട്ടൻ ഗൾഫിൽ നിന്നും വിളിച്ചപ്പോൾ അമ്മ കാര്യങ്ങൾ എല്ലാം ഏട്ടനോട് തുറന്നു പറഞ്ഞു…… എന്റെ കയ്യിൽ ഫോൺ അമ്മ തന്നപ്പോൾ എന്റെയൊരു വാക്ക് പോലും കേൾക്കാതെ അദ്ദേഹം എന്നോട് വീട്ടിൽ നിന്നും ഇറങ്ങാൻ തയ്യാറായിക്കോ എന്നുള്ള നിർദേശമാണ് നൽകിയത്…. എനിക്കു സങ്കടം തോന്നിയില്ല ഏട്ടൻ അല്ലേ…. ഏട്ടന് അനിയനോട് എന്തും പറയാം…. അതു അനുസരിക്കേണ്ടവനാണ് ഞാൻ…. ഒരു പരാതിയും കൂടാതെ ഞാൻ ഏട്ടൻ പറയുന്നത് എന്തും അനുസരിക്കുമെന്നു ഉറപ്പു കൊടുത്തു…..

ദിവസങ്ങൾ പിന്നെയും മുൻപോട്ടു പോയി…. അമ്മ തീർത്തും എന്നെയും മഞ്ജുവിനെയും കുഞ്ഞിനേയും അവഗണിച്ചു…. ഞാൻ ജോലിക്ക് പോയി വരുമ്പോൾ അവർക്കുള്ള സാധങ്ങൾ എല്ലാം മേടിച്ചു കൊണ്ടു പോയി കൊടുത്തു……. അവരെ ഇനിയെങ്കിലും ഒരു കുറവും കൂടാതെ നോക്കണമെന്ന് എനിക്കു അത്രക്കും ആഗ്രഹം ഉള്ളിൽ ഉണ്ടായിരുന്നു…..

കഴിഞ്ഞ രണ്ടു വർഷമായി നാട്ടുകാരുടെ മുൻപിലും വീട്ടുകാരുടെ മുൻപിലും നാണംകേട്ടു നിൽക്കുന്ന മഞ്ജുവും ആരിൽ നിന്നും ഒരു ലാളനം പോലും ലഭിക്കാത്ത കുഞ്ഞും മാത്രമായിരുന്നു എന്റെ മനസ്സ് നിറയെ……ഇനിയും അവർക്കു ആരും ഇല്ലെന്നുള്ള തോന്നൽ മനസ്സിൽ ഉണ്ടാക്കിക്കൂടാ ഞാൻ മനസ്സിൽ ഉറപ്പിച്ചു……

അങ്ങനെ ഏട്ടൻ വരുന്ന ദിവസമെത്തി….

ഞാനും മഞ്ജുവും കുഞ്ഞും ഇന്നു ഇറങ്ങണം വീട്ടിൽ നിന്നും …. എനിക്കുള്ളത് എന്തെങ്കിലും തരും അതാണ് ഏട്ടന്റെ തീരുമാനം…. ഓടി കളിച്ചു വളർന്ന വീട്ടിൽ നിന്നും ഇറങ്ങാൻ മനസ്സുകൊണ്ട് മടി ഉണ്ടെങ്കിലും പിച്ചവെച്ചു നടന്ന വീട്ടിൽ പി ഴച്ചവൾ ആയി ചിത്രീകരിക്കപ്പെട്ടു കഴിഞ്ഞ രണ്ടു വർഷം ജീവിച്ച മഞ്ജുവിനെ ഓർക്കുമ്പോൾ അതൊന്നുമൊരു നഷ്ടമായി എനിക്കു തോന്നിയില്ല…….

ഏട്ടൻ എത്തിയപ്പോൾ കൂടെ വക്കീലും ഉണ്ടായിരുന്നു…. ഏട്ടൻ എന്റെ മുഖത്തേക്ക് ഒന്നു നോക്കുക പോലും ചെയ്യാതെ അമ്മയോട് കാര്യങ്ങൾ പറഞ്ഞു…. ഏട്ടാ എന്നുള്ള എന്റെ വിളി ആ ചെവികളിൽ കയറിയില്ല എന്നു തോന്നുന്നു…. അതോ എന്റെ ശബ്ദം അദ്ദേഹത്തിന് അരോചകം ആയി മാറിയോ,,,, അറിയില്ല…… എന്റെ ഉള്ളിൽ ദുഖത്തിന്റെ പഞ്ചാരിമേളം കൊട്ടി തകർക്കുമ്പോൾ വക്കീൽ എന്നോടു പറഞ്ഞു….

“” ഈ വീടും സ്ഥലവും ഏട്ടന് ഉള്ളതാണ്…… അമ്മയെയും ഏട്ടൻ നോക്കും…… ഏട്ടൻ അപ്പുറത്തു മേടിച്ചു ഇട്ടേക്കുന്ന പത്തു സെന്റ് ഇയാൾക്കും…… അവിടെ ഇയാൾക്ക് ഇനി മുതൽ എന്തും ചെയ്യാം……. സമ്മതം ആണെങ്കിൽ ഈ പേപ്പറിൽ ഒപ്പിടാം…… “”

എനിക്കു തിരിച്ചൊന്നും പറയാൻ തോന്നിയില്ല…. എല്ലാം ഉറപ്പിച്ചാണ് ഏട്ടൻ വന്നത്….ഇപ്പോൾ ഗൾഫുകാരൻ ആയി പോയില്ലേ…. ഞാൻ വക്കീലിന്റെ കയ്യിൽ നിന്നും പേന വാങ്ങി ഒപ്പിട്ടു കൊടുത്തു…. എന്നിട്ടു മുറിയിലേക്ക് കയറാൻ തുടങ്ങിയപ്പോൾ ഏട്ടന്റെ വിളി വന്നു…. ഞാൻ ഒരുപാട് പ്രതീക്ഷയോടെ ആ വിളി കേട്ടപ്പോൾ അവിടെ തന്നെ നിന്നു പക്ഷെ തുടർന്നുള്ള വാക്കുകൾ കേട്ടപ്പോൾ എന്റെ ഹൃദയം കീറി മുറിച്ചു ആരോ ചോര കുടിക്കുന്നത് പോലെ തോന്നി…..

“” ഉണ്ണി നീ ഇന്നു തന്നെ നിൻറെ തേ വിടിച്ചി പെണ്ണുമായി ഈ വീടിന്റെ പടി ഇറങ്ങണം…. അമ്മക്ക് വയ്യ അങ്ങനെ ഒരു പെണ്ണ് ഉള്ള വീട്ടിൽ ജീവിക്കാൻ…അമ്മയെ വേദനിപ്പിക്കുന്നത് ഒന്നും ഞാൻ ചെയ്യില്ല….. അതുകൊണ്ട് ആണ് ഗൾഫിൽ ഇരുന്നു തന്നെ ഏട്ടൻ കാര്യങ്ങൾ എല്ലാം ചെയ്തത്…… നീ അവിടെ ഒരു വീട് വെക്കുക….എന്നിട്ടു താമസിച്ചോ…. ചെറിയ ചില സഹായം ഒക്കെ ഏട്ടനും ചെയ്യാം….. “”

“” വേണ്ട ഏട്ടാ,,, ഇത്രയും എങ്കിലും എനിക്കായി തന്നല്ലോ എന്റെ ഏട്ടൻ…. ഏട്ടനും അമ്മയും എന്നും സമാധാനത്തോടെയും സന്തോഷത്തോടെയും ജീവിക്കുന്നത് കണ്ടാൽ മാത്രം മതി എനിക്കു…… പക്ഷെ ഏട്ടാ,, എന്റെ കൂടെ ഉള്ള പെണ്ണിനെ തേ വിടിച്ചി എന്നൊന്നും വിളിക്കരുത്…… അതവൾക്കു സഹിക്കാൻ ആവില്ല……അതുകൊണ്ട് ഏട്ടൻ അതു മാത്രം പറയരുത്…. “”

എന്നെ അടിക്കാൻ കൈ ഓങ്ങി കൊണ്ടായിരുന്നു ഏട്ടനെ മറുപടി…… ആ കൈയ്യുടെ ബലത്തിൽ ആണ് ഞാൻ ജീവിക്കാൻ തുടങ്ങിയത് അതു വെച്ചു എന്നെ കൊന്നാലും എനിക്കു കുഴപ്പമില്ല എന്നുള്ള മനസ്സുറപ്പോടെ ഞാൻ അവിടെ തന്നെ നിന്നു…..

“” നിർത്തെടാ നീ അവളുടെ മഹത്വം…. അവൾ ഒറ്റ ഒരുത്തി കാരണം കഴിഞ്ഞ പതിനഞ്ചു ദിവസമായി എന്റെ അമ്മക്ക് സമാധാനം ഇല്ല….. ഇനിയും അവളുടെ മഹത്വം പറഞ്ഞാൽ ഞാൻ മൂന്നിനേയും പിടിച്ചു വെളിയിലേക്കു ഏറിയും….. വേണ്ട വേണ്ട വെക്കുമ്പോൾ തലയിൽ കയറുന്നോ….. “”

“” പതിനഞ്ചു ദിവസം അമ്മയുടെ സമാധാനം പോയപ്പോൾ ഏട്ടന് ദുഃഖം ആയല്ലേ……കഴിഞ്ഞ രണ്ടു വർഷമായി ഈ ചീത്ത പേര് അവൾ സഹിക്കുന്നു…… ഇനിയും അതിന്റെ ആവശ്യം ഇല്ല ഏട്ടാ…… ഏട്ടൻ എത്ര ശബ്ദം എടുത്താലും ഞാൻ അതു സമ്മതിക്കില്ല…. “”

എന്റെ ശബ്ദം ഉയർന്നത് ഏട്ടന് ഇഷ്ടമായില്ല…. എന്നെ പിടിച്ചു വെളിയിലേക്കു ആ കൈകൾ കൊണ്ട് ആഞ്ഞു തള്ളി…. ഞാൻ ഒന്നു വീഴുമ്പോൾ ചാടി പിടിച്ചിരുന്ന ആ കൈകൾ കൊണ്ട് തന്നെ എന്നെ ശക്തമായി മുറ്റത്തേക്ക് എറിഞ്ഞു…. അതിനു ശേഷം മുറിയിലേക്ക് മഞ്ജുവിനെയും കുഞ്ഞിനേയും ഇറക്കി വിടാൻ പോയ ഏട്ടൻ തളർന്നാണ് തിരിച്ചു വന്നത് ….

ഒരു ഞെട്ടലോടെ ഏട്ടൻ എന്നോടു ചോദിച്ചു….

“” മോനെ ഉണ്ണി,,, മഞ്ജു ഗർഭിണി ആയിരുന്നോ…. ഞാൻ ഒന്നും അറിഞ്ഞിരുന്നില്ല…ഇനിയിപ്പോൾ ഈ കല്യാണം നിശ്ചയിച്ചിരിക്കുമ്പോൾ ഏട്ടൻ എന്തു ചെയ്യുമെടാ….. “”

ഏട്ടന്റെ നിസ്സഹായാവസ്ഥ കണ്ടപ്പോൾ വേദന തോന്നിയെങ്കിലും ഒന്നുമറിയാതെ അച്ഛൻ ആരെന്നു അറിയാതെ ഇത്രയും ദിവസം ഈ ഭൂമിയിൽ ഒരു പിഴച്ചുപെറ്റ സന്താനം ആയി ജീവിക്കേണ്ടി വന്ന കുഞ്ഞിനെ ഓർത്തപ്പോൾ എന്റെ വാക്കുകൾക്കു ശബ്ദം ഉണ്ടായി…..

“” ഗൾഫിൽ പോകും മുൻപ് കൂട്ട് കൂടി ക ള്ളും കുടിച്ചു കൂട്ടുകാരനെ വീട്ടിൽ കൊണ്ടേ വിടാൻ പോയി അവിടെ ആരും ഇല്ലന്നും കൂട്ടുകാരന് ഒരു ബോധവും ഇല്ലന്ന് കണ്ടപ്പോൾ അവന്റെ പെങ്ങളെ ഇങ്ങനെ ചെയ്യാൻ എന്റെ ഏട്ടന് എങ്ങനെ തോന്നി…… അതും കഴിഞ്ഞു പഴയതൊക്കെ ഇവിടെ തന്നെ വച്ചു മറന്നു ഏട്ടൻ…..ഏട്ടൻ ഗൾഫിൽ പോയി സുഖിച്ച രണ്ടു വർഷം ഇവൾ ഇവിടെ അച്ഛൻ ആരെന്നു ആർക്കും അറിയാത്ത കുഞ്ഞിനേയും കൊണ്ട് നരകയാതന അനുഭവിക്കുക ആയിരുന്നു ആരോടും ഒന്നും പറയാതെ….. ഒരിക്കൽ ഏട്ടൻ തിരിച്ചു വരും എന്നുള്ള പ്രതീക്ഷയിൽ….. ഏട്ടന്റെ കല്യാണം ഞാൻ വിളിക്കാൻ പോയപ്പോൾ എന്നോട് എല്ലാ സത്യങ്ങളും പറഞ്ഞു മരിക്കാൻ തുടങ്ങിയപ്പോൾ കൂടെ കൂട്ടി ഞാൻ…. എന്റെ ഏട്ടത്തി അമ്മ ആയി ഇത്രയും ദിവസം നോക്കി ഞാൻ…. ഇനിയും വയ്യ ഏട്ടാ…. ഏട്ടൻ തന്നെ ജീവിതം കൊടുക്കണം ഇവർക്ക് രണ്ടിനും…. അവൾക്കു ഈ രണ്ടു വർഷം നഷ്ടപ്പെട്ടതിൽ കൂടുതൽ ഒന്നും നമുക്കു നഷ്ടപ്പെടാൻ പോകുന്നില്ല ഏട്ടാ…. “”

“” ഉണ്ണി നീ ഓരോ കഥകൾ മെനയാതെ…. ഞാൻ കല്യാണം ഉറപ്പിച്ചവൻ ആണ്…എനിക്കു അതു മുടക്കാൻ പറ്റില്ല ഇനി….ഏട്ടൻ നിനക്കും നമ്മുടെ കുടുംബത്തിനും വേണ്ടി ഒത്തിരി കഷ്ടപെട്ടതല്ലേ….. ഏട്ടന് വേണ്ടി മോൻ ഈ ഒരു ത്യാഗം ചെയ്യാമോ….””

“” ഏട്ടൻ ഉപേക്ഷിച്ചാലും ഞാൻ ഇവരെ സംരക്ഷിക്കും ഏട്ടാ….. എനിക്കു വയ്യ ഇവരെ കൈ ഒഴിഞ്ഞു സുഖിച്ചു ജീവിക്കാൻ….എന്റെ ഏട്ടനും ഏട്ടന്റെ കുഞ്ഞിനും വേണ്ടി ഞാൻ എന്തു ത്യഗവും ചെയ്യാം…. അതു പോരെ എന്റെ ഏട്ടന്…. പക്ഷെ ഏട്ടൻ ഉപേക്ഷിച്ചാൽ മഞ്ജു കുഞ്ഞും ആയി എത്ര കാലം കൂടെ ജീവിക്കും എന്നുള്ളത് മാത്രമാണ് എന്റെ പ്രശ്നം…… എന്നാലും എങ്ങനെ ഏട്ടന് ആ കുഞ്ഞിന്റെ മുഖത്തു നോക്കി ഇങ്ങനെ പറയാൻ കഴിയുന്നു….. സ്വന്തം മോൻ അല്ലേ ഏട്ടാ…. നമ്മുടെ അച്ഛൻ നമ്മളെ ഉപേക്ഷിച്ചപ്പോൾ നമുക്കു ഉണ്ടായതിലും കൂടുതൽ ദുഃഖം എനിക്കു ഇപ്പോൾ ഏട്ടന്റെ വാക്കുകൾ കേൾക്കുമ്പോൾ ഉണ്ടാകുന്നു…. “”

അതും പറഞ്ഞു വാതിൽ പടിയിലിലെ ശബ്ദം കേട്ടു ഞങ്ങൾ നോക്കിയപ്പോൾ അമ്മ ഞങ്ങളുടെ സംസാരം കേട്ടു കരയുന്നു….. മൂത്തമകനിൽ നിന്നും അമ്മ ഇതൊട്ടും പ്രതീഷിച്ചിട്ടില്ല എന്നുള്ളതാണ് സത്യം…. ഇനിയും അവിടെ നിന്നു ഏട്ടനോട് സംസാരിച്ചു കൂടുതൽ കാര്യങ്ങൾ പറഞ്ഞാൽ അമ്മക്ക് ഇനിയും വേദനയാകും എന്നെനിക്കു ഉറപ്പു ഉള്ളത്കൊണ്ട് ഞാൻ വീട്ടിൽ നിന്നും ഇറങ്ങാൻ തീരുമാനിച്ചു…..

ഞാൻ അമ്മയുടെയും ഏട്ടന്റെയും കാലിൽ തൊട്ടു വണങ്ങിയ ശേഷം മഞ്ജുവിനെ വിളിച്ചു ഇറങ്ങാൻ തയ്യാറായിക്കോ പറഞ്ഞപ്പോൾ അവളുടെ മുഖത്തും ഏട്ടന്റെ കുഞ്ഞിനെ കൊണ്ട് അനിയനെ അച്ഛാ എന്നു വിളിപ്പിക്കേണ്ടി വരുമല്ലോ എന്നുള്ള നിസഹായത മാത്രമേ ഞാൻ കണ്ടുള്ളു……

“” നിന്നെയും കുഞ്ഞിനേയും ഏട്ടന് വേണ്ട…. ഏട്ടന്റെ ജീവിതത്തിനു നിങ്ങൾ ഒരു തടസ്സമാകരുത്…. ഞാൻ സംരക്ഷിച്ചോളാം ഇത്രയും ദിവസം നോക്കിയപോലെ തന്നെ എന്റെ ഏടത്തിയും മകനും ആയി തന്നെ നിങ്ങളെ എനിക്കു ജീവനുള്ള കാലം വരെ….””

മഞ്ജു ഏട്ടന്റെ മുൻപിൽ വന്നു നിന്നു കരഞ്ഞിട്ടും ഏട്ടന്റെ മനസ്സിൽ ഒരു മാറ്റവും ഉണ്ടായില്ല എന്നു കണ്ടപ്പോൾ എനിക്കു എന്റെ ഏട്ടന് ഉണ്ടായ മാറ്റം കണ്ടു അത്ഭുതം തോന്നി…. ചിലപ്പോൾ പണം മനുഷ്യരെ മനുഷ്യത്വം ഇല്ലാത്തവർ ആക്കി മാറ്റുമായിരിക്കും …..

ഞാൻ മഞ്ജുവിനോട് കുഞ്ഞിനെ എടുത്തോ പറഞ്ഞു തിരിഞ്ഞപ്പോൾ പടക്കം പൊട്ടുന്ന പോലെ ഒരു ശബ്ദം കേട്ടു…. തിരിഞ്ഞു നോക്കിയപ്പോൾ ഏട്ടൻ കവിളും പൊത്തി നിൽക്കുന്നു അമ്മ മഞ്ജുവിന്റെ കയ്യിൽ നിന്നും പിടിച്ചു കുഞ്ഞിനെ അമ്മയുടെ കയ്യിലേക്ക് വാങ്ങുന്നു…. എനിക്കു സന്തോഷം കൊണ്ടു കണ്ണുകൾ നിറഞ്ഞപ്പോൾ അമ്മ ഏട്ടനോട് ആയി പറഞ്ഞു…..

“” മോനെ ഒരു പെണ്ണിനെ ചീത്ത ആക്കിയിട്ടു അതിനെ ഉപേക്ഷിച്ചു അമ്മയെ സന്തോഷിപ്പിക്കാൻ നോക്കിയാൽ ഈ അമ്മക്ക് സന്തോഷം ആകില്ല…… ഇനി മുതൽ ഈ വീട്ടിൽ ഉണ്ടാകും ഇവർ നിൻറെ ഭാര്യയും കുഞ്ഞും ആയി……. നമുക്കു ആ കല്യാണത്തിൽ നിന്നും ഒഴിയാം…. ഇവരെ മതി അമ്മക്ക്….. ഉണ്ണി വിളിച്ചോണ്ട് വന്നപ്പോൾ ഇതു അവന്റെ കുഞ്ഞു ആയിരിക്കില്ല എന്നു അമ്മക്ക് ഉത്തമബോധ്യം ഉള്ളതുകൊണ്ടാണ് എതിർത്ത്….. ഇനി അങ്ങനെ അല്ല എന്റെ കൊച്ചു മകൻ ആണ് ഇവൻ…. എന്റെ മൂത്തമരുകൾ ഇവളും….. “”

അതും പറഞ്ഞു അമ്മ മഞ്ജുവിനെയും കുഞ്ഞിനേയും മാറി മാറി ചുംബിച്ചു…..അമ്മ പ്രായത്തിന്റെ പക്വതയോടെ കാര്യങ്ങൾ പറഞ്ഞപ്പോൾ ഏട്ടന് കാര്യം മനസ്സിലായി …. അതിലുപരി അമ്മയും ഒരു സ്ത്രീ ആയി മഞ്ജുവിനെ കണ്ടു….

എനിക്കു അബദ്ധം പറ്റിയതാണ് അമ്മേ ക്ഷമിക്കു എന്നും പറഞ്ഞു ഏട്ടൻ അമ്മയുടെ മുൻപിൽ കരയുമ്പോൾ ഏട്ടത്തിയും കുഞ്ഞും ആയിരുന്നു ആ കണ്ണുനീർ തുടച്ചു കളഞ്ഞത്…….

മഞ്ജുവിന് ഇപ്പോളും ഏട്ടനോടുള്ള സ്നേഹം കണ്ടപ്പോൾ എനിക്കു ആശ്ചര്യം തോന്നി പോയി അതിൽ കൂടുതൽ അച്ഛൻ ആണെന്ന് ആരും പറഞ്ഞു കൊടുത്തിട്ടില്ല എങ്കിലും ഏട്ടൻ കരഞ്ഞപ്പോൾ ആ കണ്ണുകൾ തുടക്കുന്ന കുഞ്ഞിനെ കണ്ടപ്പോൾ എനിക്കൊരു കാര്യം ബോധ്യമായി ഏട്ടന്റെ വാർദ്ധക്യകാല ജീവിതം ആ കുഞ്ഞിന്റെ കൈകളിൽ ഭദ്രം ആണെന്ന്….

കുഞ്ഞിനേയും എടുത്തു അവരെ രണ്ടു പേരെയും ഇടത്തും വലത്തും നിർത്തി ഇവർ രണ്ടും ഈ വീടിന്റെ നല്ല ശകുനം ആണെന്ന് അമ്മ പറയുമ്പോൾ എന്റെയുള്ളിൽ എല്ലാം നന്നായി അവസാനിച്ചതിന്റ ആശ്വാസം മാത്രമായിരുന്നു…..

അഭിപ്രായം പ്രതീക്ഷിക്കുന്നു സൗഹൃദങ്ങളെ…..