എന്റെ ഭാവിയളിയൻ ഫോൺ വാങ്ങി അച്ഛൻ പറഞ്ഞ അതേ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു, ഒടുവിൽ പറഞ്ഞു…

Written by Sreejith Raveendran

ഉച്ചക്കിത്തിരി ചിക്കൻ വാങ്ങി അമ്മയെ ഏൽപ്പിച്ചപ്പോ വന്നു സഹായിക്കടാ ഇല്ലേൽ എനിക്കങ്ങും വയ്യ എന്നുള്ള ഭീഷണിയിൻമേൽ അടുക്കളയിൽ ഇരുന്നു സവാള അരിഞ്ഞപ്പഴാണ് പാറുവിന്റെ മെസ്സേജ്…

ഏട്ടാ… കോൾ മീ.. അർജെന്റ്..

ഇതിപ്പോ എന്താണാവോ എന്നോർത്തു സവാള അരിയലിനു ഭാഗീകമായ ഇടവേള നൽകി ഞാനെണീറ്റു…

ഓ.. എന്തേലും കാരണം കിട്ടാൻ നോക്കിരിക്കുവാരുന്നു… ഇനി സാറിനെ ഈ ഭാഗത്തേക്ക്‌ നോക്കണ്ടാ…

ഞാനേ പോകുന്നുള്ളൂ… എന്റെ അസിസ്റ്റന്റ് ഇവിടുണ്ട്… ദേ നോക്കീം കണ്ടുമൊക്കെ ചെയ്തോണം..

പാതി അരിഞ്ഞ ഇഞ്ചിയും കൈയിൽ പിടിച്ചു അച്ഛൻ എന്നെ രൂക്ഷമായി ഒന്ന് നോക്കി ….

മാറിനിന്നു പാറുനെ വിളിച്ചു…

ഏട്ടാ… പണികിട്ടിയോ എന്നൊരു സംശയമുണ്ട്…

എന്താടി….

കാര്യം അച്ഛനും ചേട്ടനുമൊക്കെ ഏട്ടന്റെ കാര്യത്തിൽ ഒരു സൂചന ഞാൻ കൊടുത്തിട്ടുണ്ടെങ്കിലും കുടുംബത്തെക്കുറിച്ചോ ജോലിയെക്കുറിച്ചോ ഞാനൊന്നും പറഞ്ഞിരുന്നില്ല അവരോട്…

അതിന്…

ഇന്നു എഫ് ബി യിൽ ഏട്ടന്റെ പ്രൊഫൈൽ നോക്കിയിട്ടാണെന്നു തോന്നുന്നു. എന്നോട് ജോലി ചെയ്യുന്ന സ്ഥലത്തെക്കുറിച്ചൊക്കെ ചോദിച്ചു… ബാർ ആണോ എന്താണെന്നൊക്കെ വിശദമായിട്ട്…

എന്നിട്ട്..

ഞാൻ പറഞ്ഞു.. ബാർ ആണ്.. ഇപ്പോ അടച്ചേക്കുവാണ് എന്നൊക്കെ…രണ്ടുപേരും കൂടെ ഏതാണ്ടൊക്കെ സംസാരിച്ചിട്ട് ആരെയൊക്കെയോ വിളിക്കുന്നതൊക്കെ കണ്ടു…. എന്നിട്ട് ഏട്ടന്റെ നമ്പർ വാങ്ങി പുറത്തേക്ക് പോയി..

നന്നായി…

എനിക്കെന്തോ പേടിയാകുന്നു ഏട്ടാ… ഞാനെത്ര നാളായി പറയുന്നു.. ഈ ജോലിയിൽ നിന്നൊന്നു മാറാൻ.. എന്റെ വീട്ടുകാർക്ക് ഇഷ്ടവില്ലന്ന്…

എന്റെ പാറു.. ഈ ജോലി അത്രമോശം പണിയൊന്നുമല്ല…അത്യാവശ്യം നല്ല ശമ്പളവുമുണ്ട്…

എന്നാലും…

അല്ലടി നിന്റെ അച്ഛന്റെ നമ്പറിന്റെ അവസാനം 5520 ആണോ…

അയ്യോ.. അതെ.. എന്തേ..

എനിക്ക് കോൾ വരുന്നുണ്ട്…ഞാൻ സംസാരിച്ചിട്ട് വിളിക്കാം..

അവളുടെ ഫോൺ കട്ട്‌ ചെയ്ത് ഞാൻ ആ കാൾ എടുത്തു..

ഹലോ.. ശ്രീജിത്ത്‌ ആണോ..

അപ്പുറത്തുനിന്ന് ഒരു ഘനഗാഭീര്യ ശബ്ദം..

അതേ…

ഉള്ളിലെ പേടി ശബ്ദത്തിൽ വെള്ളിയായി വീണോ എന്നൊരു സംശയം…

ഞാൻ രാമചന്ദ്രൻ…പാർവതിയുടെ അച്ഛനാണ്..

ആ പറ അച്ഛാ…

കാര്യങ്ങളൊക്കെ അവള് പറഞ്ഞു.. കുടുംബത്തെക്കുറിച്ചൊക്കെ ഞങ്ങളന്യോഷിച്ചു… അതിലൊന്നും കുഴപ്പൊന്നുമില്ല…

ജോലി ബാറിലാണല്ലേ…

അതേ..

ഇപ്പൊ അടച്ചിട്ടിരിക്കുന്നു.. ചുരുക്കിപ്പറഞ്ഞാൽ ഇപ്പൊ പണിയില്ല…

ഇല്ല..

ഇതുപറയുമ്പോ എന്റെ നെഞ്ചിടിപ്പ് കൂടിവന്നു…

ഉം… ഞാനെന്റെ മകന് കൊടുക്കാം… അവനെന്തോ പറയാനുണ്ട്…

ശെരി…

എന്റെ ഭാവിയളിയൻ ഫോൺ വാങ്ങി അച്ഛൻ പറഞ്ഞ അതേ കാര്യങ്ങൾ വീണ്ടും ആവർത്തിച്ചു…ഒടുവിൽ പറഞ്ഞു..

ഒരു കാര്യം പറയാനുണ്ട്.. പക്ഷെ ഞങ്ങളിങ്ങനെ ഒരു കാര്യം പറഞ്ഞെന്നു ഒരിക്കലും അവളറിയില്ല എന്ന് താൻ ഉറപ്പ് തരണം..

ഉറപ്പ്.. ചേട്ടൻ പറഞ്ഞോളൂ..

ഇങ്ങനെ ചോദിക്കുന്നത് ശരിയല്ല എന്നറിയാം.. താനിത് എങ്ങനെ ഉൾക്കൊള്ളും എന്നറിഞ്ഞൂടാ… എങ്കിലും… വേറെ ഒരു വഴിയും ഇല്ലാഞ്ഞിട്ടാ.. അച്ഛന്റെ അവസ്ഥ അങ്ങനെയാ…

ചേട്ടൻ പറഞ്ഞോളൂ..എന്തായാലും അച്ഛനെ വിഷമിപ്പിക്കില്ല ഞാൻ..

ഓക്കേ… തന്നെ വിശ്വസിക്കുന്നു… അതായത് ശ്രീജിത്തേ… അത്…

എന്താ ചേട്ടാ പറയൂ…

ഒരു ഫുള്ള് കിട്ടാൻ വല്ല വഴിയുമുണ്ടോ? താൻ ബാറിലല്ലേ.. പൈസ വിഷയമില്ല… അവിടെ വന്നു മേടിച്ചോളാം…

ഒരുനിമിഷത്തേക്ക് ചിരിക്കണോ കരയണോ എന്നറിയാൻ പാടില്ലാതെ ഞാൻ നിന്നു…

ഹലോ..

ആ ചേട്ടാ..

എന്തേലും വഴി..

എന്റെ കൈയിൽ ഇല്ല ചേട്ടാ.. ഏതായാലും നോക്കട്ടെ നമുക്ക് വഴിയുണ്ടാക്കാം..

ഓക്കേ.. അവളറിയരുത്….

ഏയ്‌… ഇല്ല… റെഡി ആയാൽ ഞാൻ ഈ നമ്പറിൽ വിളിക്കാം…

അയ്യോ.. വിളിക്കണ്ട.. ഞാനെന്റെ നമ്പർ മെസേജ് ചെയ്യാം… ഓക്കേ ആണേൽ അതിലേക്ക് ഒരു മെസ്സേജ് ചെയ്താൽ മതി… മെസ്സേജ് അയക്കണ്ട ഫോർമാറ്റ്..

സാധനത്തിന്റെ പേരിലെ രണ്ടക്ഷരം – സ്പേസ് – അളവ് – സ്പേസ് – വില

ങേ..

അപ്പോ ഓക്കേ…

ഫോൺ കട്ട്‌ ആയപ്പോൾ പാറുനെ വിളിച്ചു..ഒറ്റ ബെല്ലിൽ ഫോൺ എടുത്ത് അവള് ചോദിച്ചു…

ഏട്ടാ.. എന്തായി..

ഏയ്‌… സംസാരിച്ചു.. എല്ലാം കോംപ്ലിമെന്റ് ആയി.. ഇനി നമ്മുടെ കാര്യത്തിൽ അവരൊരു പ്രശ്നോം ഉണ്ടാക്കില്ല…

ങേ.. സത്യം..എന്തുപറഞ്ഞു മെരുക്കി എടുത്തു രണ്ടിനേം…

ഏത് കൊലകൊമ്പനും ഈ സമയത്ത് എന്റെ മുമ്പിൽ വിനീതവിധേയനായി മെരുങ്ങും പാറു… അതാണ് നീ കുറച്ചു മുമ്പ് പുച്ഛിച്ച ആ ജോലിയുടെ പവർ..

അതെന്താ…

അതൊക്കെ വഴിയേ മനസിലായിക്കോളും.. എനിക്കിത്തിരി പണിയുണ്ട്… വൈകിട്ട് വിളിക്കാം…

ഓക്കേ..

ഫോൺ വെച്ചു അടുക്കളയിൽ ചെന്നപ്പോ അടുപ്പത്തു ചിക്കൻകറി തിളച്ചുമറിയുന്നുണ്ടായിരുന്നു…

? ശ്രീ ?

NB : കഥയും കഥാപാത്രങ്ങളും തികച്ചും സാങ്കൽപ്പികം ?