പക്ഷെ എന്റെ മനസ്സ് അവളുടെ സ്നേഹം കൊതിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു…

Story written by Anandhu Raghavan

രാവിലെ കൂട്ടുകാരന്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് അവൾ എന്റെ വണ്ടിക്ക് കൈ കാണിക്കുന്നത്…

ആദ്യം ഞാൻ ഒന്ന് സംശയിച്ചു , ബൈക്കിന് പെൺകുട്ടികൾ ആരെങ്കിലും ലിഫ്റ്റ് ചോദിക്കുമോ..?? പുറകിലേക്ക് തിരിഞ്ഞു നോക്കിയിട്ട് മറ്റു വണ്ടികൾ ഒന്നും കാണാനുമില്ല…

അവൾക്കരുകിൽ വണ്ടി നിർത്തിയപ്പോൾ വളരെ പ്രതീക്ഷയോടു കൂടി അവൾ എന്നോട് ചോദിച്ചു..

“ചേട്ടാ… എന്റെ ബസ് പോയി. ഇനി ഉടനെ ഒന്നും ബസില്ല.. ബുദ്ധിമുട്ടാവില്ലെങ്കിൽ എന്നെ ഒന്നു പള്ളി സിറ്റി വരെ കൊണ്ടു വിടുമോ…”

“അയ്യോ കുട്ടീ അതിപ്പോ… ആ കച്ചേരിത്താഴം കഴിഞ്ഞും പോകണ്ടേ… എട്ട് പത്ത് കിലോമീറ്റർ ഉണ്ട്… “

“ചേട്ടൻ ഒന്നു മനസ്സ് വച്ചാൽ എന്റെ കുഞ്ഞുന്നാള് മുതലുള്ള ഒരു സ്വപ്നത്തിന് ഇന്നു ചിലപ്പോൾ നിറമേറിയേക്കാം… “

” അങ്ങനാണോ… എന്നാൽ കയറിക്കോ.. “

ആദ്യമായിട്ടാണ് അമ്മ അല്ലാതെ ഒരു പെണ്ണ് എന്റെ ബൈക്കിന്റെ പിന്നിൽ കയറുന്നത്… ആ ഒരു ടെൻഷനും വെപ്രാളവും എന്നെ അറിയിച്ചുകൊണ്ടിരുന്നത്‌ എന്റെ നെഞ്ചാണ് , പുള്ളി ഇരട്ടി വേഗത്തിൽ പടപടാന്ന് മിടിച്ചു കൊണ്ടിരുന്നു…

“ചേട്ടാ ഒരിത്തിരി സ്പീഡിൽ പോകുമോ..”

ആക്സിലേറ്ററിൽ ഞാൻ ഒന്നൂടെ പിരിച്ചു.. സ്പീഡ് കൂടിയപ്പോൾ അവൾ എന്റെ തോളിൽ ബലമായി പിടി മുറുക്കി…

സ്പീഡ് അവൾക്ക് പേടിയാണെങ്കിലും വേറെ നിവൃത്തിയില്ലാത്തതു കൊണ്ടാണെന്ന് എനിക്ക് മനസ്സിലായി….

” എന്തിനാണ് കുട്ടി ഇത്ര തിരക്കിട്ടു പോകുന്നത്…”

” അവിടെ ഒരു ഇന്റർവ്യൂ നടക്കുന്നുണ്ട്… എന്റെ ഏറ്റവും വല്യ ആഗ്രഹമാണ് ഒരു ടീച്ചർ ആകണമെന്ന്… ഇത്തവണ എനിക്ക് അത് നേടിയെടുക്കണം..

ആത്മവിശ്വാസത്തോടു കൂടിയായിരുന്നു അവളുടെ വാക്കുകൾ… എനിക്ക് ആ കുട്ടിയോട് മനസ്സിൽ ഒരിഷ്ടം തോന്നി , ആഗ്രഹങ്ങൾക്കും സ്വപ്നങ്ങൾക്കും വേണ്ടി എത്ര ബുദ്ധിമുട്ടും കഷ്ടപ്പാടും സഹിച്ച് പ്രയത്നിക്കാൻ ഒരു മനസ്സ്… ആ മനസ്സിനാണ് ഒരു വല്യ സല്യൂട്ട് കൊടുക്കേണ്ടത്…

” ചേട്ടൻ എന്തു ചെയ്യുന്നു..”

“ഞാൻ ഇവിടെ അടുത്തൊരു പ്രൈവറ്റ് ബാങ്കിൽ അക്കൗണ്ടന്റ് ആണ്… ഇന്ന് ലീവ് ആയതുകൊണ്ടാണ് നമ്മൾ തമ്മിൽ ഇന്നിങ്ങനെ കണ്ടു മുട്ടിയത്… “

ഞങ്ങൾ തമ്മിൽ അങ്ങനെ ഒരുപാട് സംസാരിച്ചുകൊണ്ടിരുന്നു… എന്റെയും ആ കുട്ടിയുടെയും മനസ്സിൽ ഉണ്ടായിരുന്ന ടെൻഷൻ ഞങ്ങളറിയാതെ തന്നെ മാറുകയായിരുന്നു…

“ഈ കുട്ടി എന്നുള്ള വിളി മാറ്റിയിട്ട് എന്നെ വൈഗ എന്നു വിളിച്ചോളൂ…”

“ഈ ചേട്ടാ എന്നുള്ളത് മാറ്റിയിട്ട് എന്നെ വരുൺ എന്നും വിളിച്ചോളൂ വൈഗാ..അതാണ് എന്റെ പേര്…” അതുകേട്ട് അവൾ സ്വയമറിയാതെ ഒന്നു ചിരിച്ചു പോയ്‌…

‘വൈഗ വരുൺ’ നല്ല ചേർച്ചയുണ്ടല്ലോ എന്നു ഞാൻ മനസ്സിൽ ആലോചിച്ചു കൊണ്ടിരുന്നപ്പോഴേ സ്ഥലം അങ്ങ് എത്തി..

ബൈക്കിൽ നിന്നും ഇറങ്ങിയിട്ട് അവൾ എന്നെ നോക്കി നിറഞ്ഞ ഒരു ചിരി സമ്മാനിച്ചു…

ബാഗിൽ നിന്നും പുത്തൻ ഇരുന്നൂറിന്റെ ഒരു നോട്ട് എടുത്ത് എനിക്ക് നീട്ടിക്കൊണ്ട് അവൾ പറഞ്ഞു… “പെട്രോൾ അടിക്കാൻ ക്യാഷ് വേണ്ടെ വരുൺ…”

ഞാൻ ചിരിച്ചുകൊണ്ട് പറഞ്ഞു .. “അത് വൈഗയുടെ കയ്യിൽ തന്നെ ഇരിക്കട്ടെ നമ്മൾ തമ്മിലൊരു കടമായ്..”

“ഈ ഉപകാരം ഞാൻ ഒരിക്കലും മറക്കില്ല വരുൺ.. ഒരുപാട് സ്നേഹം ഉണ്ട്.. “

“ഈ ഉപകാരം മറന്നാലും ഒരിക്കലും എന്നെ മറക്കാതിരുന്നാൽ മതി..” ഞാൻ വീണ്ടും ഹൃദ്യമായ് ഒന്നു പുഞ്ചിരിച്ചു…

“വൈഗയുടെ ആ നമ്പർ ഒന്നു തരുമോ..”

“അതു വേണ്ടാ.. വരുണിന്റെ നമ്പർ തന്നോളൂ.. ആവശ്യം ഉണ്ടെങ്കിൽ ഞാൻ വിളിക്കാം…”

നമ്പർ മൊബൈലിൽ സേവ് ചെയ്ത് ഇന്റർവ്യൂ നടക്കുന്ന ഓഫീസിനു നേരെ മെല്ലെ അവൾ നടന്നു…

ചില്ലു വാതിൽ തള്ളിത്തുറന്ന് അവൾ അകത്തേക്ക് കയറി മറയുന്നത് ഞാൻ വിസ്മയത്തോടു കൂടി നോക്കി നിന്നു…

കൂട്ടുകാരന്റെ വീട്ടിലേക്ക് പോകും വഴി അവൾ പറഞ്ഞ വാക്കുകളായിരുന്നു മനസ്സ് നിറയെ.. ‘ഒരുപാട് സ്നേഹം ഉണ്ട്’ .. ദൈവമേ ആ സ്നേഹം എനിക്ക് ജീവിതാവസാനം വരെ കിട്ടിയിരുന്നെങ്കിലെന്ന് ഒരു നിമിഷത്തേക്ക് ഞാൻ ആഗ്രഹിച്ചു പോയ്‌….

കൂട്ടുകാരന്റെ വീട്ടിൽ എത്തിയപ്പോൾ താമസിച്ചതിന് അവൻ നല്ല ചീത്ത പറഞ്ഞു… കാര്യം പറഞ്ഞപ്പോൾ അവൻ ഒടുക്കത്തെ ചിരി…അപ്രതീക്ഷിതമായ് മൊട്ടിടുന്ന ചില പ്രണയങ്ങൾ മനസ്സിനെ ഏറെ സ്പർശിക്കും…

“അപ്പോൾ ഞാൻ രവിയങ്കിളിനേം ശാരദാന്റിയേം വിളിച്ചു പറഞ്ഞേക്കാം നിനക്കിനി വേറെ പെണ്ണു നോക്കണ്ടാ.. മോൻ പെണ്ണൊരുത്തിയെ കണ്ടു വച്ചിട്ടുണ്ടെന്ന്…”

വരുണിന്റെ സന്തോഷം ഒരു പുഞ്ചിരിയായ് പുറത്തേക്ക് വന്നു…

അതിനു ശേഷം അവളെ ഒരുപാട് തിരഞ്ഞു… അവൾ ലിഫ്റ്റ് ചോദിച്ചു നിന്ന സ്ഥലം , അവളെ ഇന്റർവ്യൂന് കൊണ്ടു വിട്ട സ്ഥലം… അന്ന് ഞാൻ അവളെയും കൊണ്ടു പോയ വഴികളിലൊക്കെയും എന്റെ കണ്ണുകൾ അവളെ തിരഞ്ഞു കൊണ്ടിരുന്നു , ഒരു നോക്കു കാണുവാൻ.. ഒന്നു മിണ്ടുവാൻ.. പക്ഷെ നിരാശ ആയിരുന്നു ഫലം…

അല്ലെങ്കിലും ഈ പെൺകുട്ടികൾ എല്ലാം ഇങ്ങനെ ആയിരിക്കും.. അവരുടെ ആവശ്യം കഴിയുമ്പോൾ സഹായിച്ചവരും ഒപ്പം നിന്നവരുമെല്ലാം വെറും പാഴ്… അല്ലെങ്കിൽ എന്നെ ഒന്നു വിളിക്കുക എങ്കിലും ചെയ്യില്ലാരുന്നോ…

അങ്ങനെ ഇരിക്കുമ്പോൾ ആണ് യാഥർശ്ചികമായി അവളെ വഴിയിൽ വച്ചു കാണുന്നത്… അപ്പോൾ എന്നിൽ സങ്കടമാണോ സന്തോഷമാണോ ഉണ്ടായതെന്ന് പറയുവാൻ കഴിയുമായിരുന്നില്ല…

പക്ഷെ എന്റെ മനസ്സ് അവളുടെ സ്നേഹം കൊതിക്കുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു… എന്റെ കണ്ണുകളിൽ പ്രണയം തുളുമ്പി നിൽക്കുന്നത് ഞാനറിയുകയായിരുന്നു…

അവളുടെ അരികിലെത്തി ഞാൻ പറഞ്ഞു… “ഒന്നു കാണുവാൻ , ഒന്നു മിണ്ടുവാൻ എത്രയോ തവണ ഞാൻ തിരഞ്ഞു നടന്നെന്നറിയുമോ..? “

“അന്ന് വരുണിനോട് ലിഫ്റ്റ് ചോദിച്ച സ്ഥലത്തു നിന്നും ഞങ്ങൾ താമസം മാറി..ഇപ്പോൾ ടൗണിൽ ആണ്..”

“എനിക്ക് വൈഗയോട് ഒരു കാര്യം പറയുവാനുണ്ട്.. “

“എന്താ വരുൺ.. പറഞ്ഞോളൂ.. “

മടി കൂടാതെ ആ കണ്ണുകളിലേക്ക് നോക്കി അവൻ പറഞ്ഞു…. ” എനിക്ക് വൈഗയെ ഇഷ്ടമാണ്…. ഒരുപാട് ഇഷ്ടമാണ്…”

ആ മുഖത്തെ ചിരി മായുന്നത് അവൻ കണ്ടു… അപ്പോൾ വന്നു നിന്ന ബസ്സിൽ അവൾ കയറിപ്പോയ്… , ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ…

എന്തോ എന്റെ മനസ്സിൽ ഒരു കുറ്റബോധം തോന്നി… ഒന്നു പരിചയപ്പെട്ടപ്പോഴേക്കും.. ഒന്ന് അടുത്തിടപെഴകിയപ്പോഴേക്കും ഇഷ്ടമാണെന്ന് പറഞ്ഞത് അവൾക്ക് ഉൾക്കൊള്ളാനായിക്കാണില്ല…. അതാവും മുഖം കറുപ്പിച്ച് അവൾ പോയത്…

കുറച്ചു ദിവസങ്ങൾ കൂടി ഒരു വിധം തള്ളി നീക്കി… അങ്ങനൊരാളെ പരിചയപ്പെട്ടിട്ടില്ല എന്നു മനസ്സിനെ പറഞ്ഞു പഠിപ്പിക്കുമ്പോൾ ആണ് വൈഗ എന്നെ ഫോണിൽ വിളിക്കുന്നത്…

“വരുൺ എനിക്കൊരു സഹായം കൂടി ചെയ്യണം… എനിക്കൊരു ലിഫ്റ്റ് കൂടി തരണം…”

മറക്കാൻ ശ്രമിച്ചതെല്ലാം കടലിൽ തിരയടിച്ചു കയറും പോലെ എന്റെ മനസ്സിലേക്കോടിയെത്തി..

വൈഗ പറഞ്ഞ അടയാളങ്ങൾ വച്ചു ഞാൻ എത്തിപ്പെട്ടത് ഒരു വീടിന്റെ മുൻപിലായിരുന്നു…

എനിക്കാകെ കൺഫ്യൂഷൻ…. ഞാൻ വൈഗയുടെ നമ്പറിലേക്ക് വിളിച്ചതും റിംങ് ചെയ്യുന്ന ഫോണുമായി വൈഗ ഉമ്മറത്തേക്ക് ഇറങ്ങി വന്നു.. ഒപ്പം അച്ഛനും അമ്മയും…

“ഇങ്ങനെ അമ്പരപ്പോടെ നോക്കണ്ട വരുൺ… ഇത് വൈഗയുടെ വീട് തന്നെയാണ് , ഞാൻ അവളുടെ അച്ഛനാണ്.. “

ഞാൻ അദ്ദേഹത്തെ നോക്കി ഒന്നു ഹൃദ്യമായ് പുഞ്ചിരിച്ചു…

“അവിടെ ഇരിക്ക് വരുൺ.. ” കസേരകളിൽ ഒന്നിലേക്ക് ചൂണ്ടിക്കാണിച്ച് വൈഗയുടെ അച്ഛൻ എന്നോട് പറഞ്ഞു…

തുടർന്നുള്ള സംസാരങ്ങൾക്കിടയിൽ അച്ഛൻ പറഞ്ഞു തുടങ്ങി “വരുൺ ലിഫ്റ്റ് കൊടുത്തതും ഇഷ്ടമാണെന്നു പറഞ്ഞതുമെല്ലാം വൈഗ ഇവിടെ വന്നു പറഞ്ഞിരുന്നു , ഞാൻ പറഞ്ഞിട്ടാണ് അവൾ ഇപ്പോൾ വരുണിനെ ഇങ്ങോട്ടു വിളിച്ചത്… “

പണി പാളിയോ ദൈവമേ എന്നു മനസ്സിലോർത്ത് ഒരുൾക്കിടിലത്തോടെ ഞാൻ അദ്ദേഹത്തെ നോക്കിയിരുന്നു…

“എനിക്ക് ഒരു കാര്യം മാത്രം അറിഞ്ഞാൽ മതി.. , വരുൺ അവളോട് ഇഷ്ടമാണെന്ന് പറഞ്ഞത് സീരിയസ് ആയിട്ടാണോ..? “

അടി കിട്ടിയാൽ രണ്ടു മേടിച്ചു നന്നാവുമെങ്കിലും ചെയ്യാന്ന് വിചാരിച്ചു ഞാൻ അതങ്ങു പറഞ്ഞൊപ്പിച്ചു…

” ചേട്ടാ.. എനിക്ക് ശരിക്കും ഇഷ്ടമായതുകൊണ്ടു തന്നെയാണ് ഞാൻ വൈഗയോട് അതു തുറന്നു പറഞ്ഞത്.. അവൾക്കും നിങ്ങൾക്കും ഇഷ്ടമാണെങ്കിൽ ആ കഴുത്തിലൊരു താലി ചാർത്തുവാൻ ആഗ്രഹമുണ്ടെനിക്ക്…”

” എന്റെ മോൾക്ക് ഈ മരം ചുറ്റി പ്രണയത്തിനോടൊന്നും താൽപര്യവും ഇല്ല.. അതിനൊട്ടു ഞാനവളെ വിടത്തുമില്ല..

എന്റെ മോൾക്ക് വരുണിനെ ഇഷ്ടമായി എന്നു പറഞ്ഞപ്പോൾ അവളുടെ അച്ഛനും അമ്മയുമായ ഞങ്ങൾക്ക് വരുണിന്റെ ഇഷ്ടം സത്യമാണോ എന്ന് നേരിട്ടറിയണമെന്ന് തോന്നി… അവളുടെ ഇഷ്ടമാണ് ഞങ്ങളുടെ ഇഷ്ടം…

“എന്റെ അച്ഛനോടും അമ്മയോടും ഞാൻ ഇത് പറഞ്ഞിരുന്നു.. അവർക്കും സമ്മതമാണ് ചേട്ടാ…”

“ചേട്ടനൊ… ? അച്ഛാന്നു വിളിക്കെടാ മോനെ… “

അതുകേട്ട് വൈഗ പൊട്ടിച്ചിരിക്കുകയായിരുന്നു… ആ ചിരി കണ്ട് ഞാനും സ്വയം മറന്നു ചിരിച്ചു പൊയ്…

“ടാ മോനെ.. നി അന്നു കൊണ്ടെ വിട്ട ഇന്റർവ്യൂ ഇവൾ പാസ്സ് ആയി.. നിർമ്മല സ്കൂളിൽ നാളെ ജോയിൻ ചെയ്യണം…”

മന്ദഹാസം തൂകുന്ന വൈഗയുടെ മുഖത്തേക്ക് നോക്കിയപ്പോൾ ആ കണ്ണുകളിൽ എന്നോടുള്ള പ്രണയം നിറഞ്ഞു തുളുമ്പിയിരുന്നു…

( ആത്മവിശ്വാസവും പ്രയത്നിക്കാൻ ഒരു മനസ്സും ഉണ്ടെങ്കിൽ വിജയം എപ്പോഴും നമ്മോടൊപ്പം തന്നെ ഉണ്ടാവും…)