പിന്നെ കുറെ പരിഭവം കാണിച്ചു കൊണ്ടുള്ള സ്റ്റിക്കറും കണ്ടപ്പോൾ പാവം തോന്നി, അപ്പോൾ തന്നെ മെസ്സഞ്ചർ കാൾ ചെയ്തു…

പാഴ്ക്കിനാവ്

Story written by AmMu Malu AmmaLu

അവധി കഴിഞ്ഞ് പ്രവാസത്തിലേക്ക് മടങ്ങാൻ രണ്ട് ദിവസം ബാക്കി നിൽക്കെയാണ് ഞാൻ അവളെ പരിചയപ്പെടുന്നത്..

ആളൊരല്പം കാന്താരി കടിച്ച കൂട്ടത്തിലായത് കൊണ്ട് ചോദ്യങ്ങൾക്കെല്ലാം ശരവേഗത്തിലുള്ള മറുപടി ആയിരുന്നു..

വീട്ടുകാരേം കൂട്ടുകാരേം വിട്ട് പോകുന്നതിന്റെ വേദന ആരും കാണാതിരിക്കാൻ ആണ് ഫേസ്ബുക്കിൽ കണ്ണോടിക്കാൻ കയറിയത്..ഗ്രൂപ്പിൽ മുഴുവനും യുവ എഴുത്തുകാരുടെ പ്രവാഹം ആയിരുന്നു..

അതുകൊണ്ട് തന്നെയും ഒരുപാട് വ്യത്യസ്തത നിറഞ്ഞ രചനകൾ വായിക്കാൻ സാധിച്ചു..അവയിൽ ഒന്ന് രണ്ടെണ്ണം മനസ്സിനെ വല്ലാതെ ഇരുത്തി ചിന്തിപ്പിക്കാൻ തുടങ്ങിയപ്പോൾ നേരിട്ട് രചയിതാവിന് അഭിനന്ദനങ്ങൾ കൊടുക്കണം എന്ന് തോന്നി.

അവൾ ഒരു പാലക്കാരിയും ഞാനിങ്ങ് മലബാറിലുമായിരുന്നു..മലബാർ എന്ന് കേട്ടപ്പോൾ തന്നെ അവൾ തലശ്ശേരി ബിരിയാണിയെക്കുറിച്ച് വർണ്ണിക്കാൻ തുടങ്ങി.

അവളുടെ വാക്കുകളിൽ മനസ്സിന്റെ വേദനകൾ അലിഞ്ഞില്ലാതായി..സാധാരണ പെൺകുട്ടികൾക്ക് മെസ്സേജ് അയച്ചാൽ റിപ്ലൈ കിട്ടുമെന്ന പ്രതീക്ഷ വേണ്ട..

എന്നാൽ അവളങ്ങനെ ആയിരുന്നില്ല, എല്ലാം തുറന്നു പറയുന്ന പ്രകൃതമായിരുന്നു അവൾക്ക്.. പതിയെ അവളുടെ ഓരോ വാക്കുകളിലും ഒരു പക്വത നിറഞ്ഞിരുന്നു കേട്ടാൽ ആർക്കും അനിഷ്ടം തോന്നില്ല..

ഇത്രയും ചെറുപ്പത്തിലേ ഇങ്ങനെയൊക്കെ ചിന്തിക്കുന്ന പെൺകുട്ടികൾ ഉണ്ടോ എന്ന എന്റെ ചോദ്യത്തിനവൾ “ജീവിക്കുന്ന ചുറ്റുപാടും വളർന്ന സാഹചര്യവും ആണ് ഓരോരുത്തരെകൊണ്ടും ഓരോ തരത്തിൽ ചിന്തിപ്പിക്കുന്നത് ” എന്ന് പറഞ്ഞപ്പോൾ തെല്ലൊരു ബഹുമാനം തോന്നി ആ കാന്താരിയോട്..

ഓരോ കൊച്ചു വർത്തമാനങ്ങളിൽ മുഴുകി എപ്പളെന്നോര്മയില്ല ഉറങ്ങിപ്പോയി രണ്ടാളും. രാവിലെ അത്യാവശ്യം ഉള്ള കുറച്ച് ബന്ധുവീടുകളിൽ പോകാനുള്ള തിരക്കുകളിൽ മുഴുകി ഞാൻ ഫോൺ എടുത്തതേയില്ല.

ഉച്ചയായപ്പോൾ വെറുതെ ഒന്ന് ഓൺ ചെയ്തു നോക്കിയപ്പോൾ അവളെ ഓൺലൈനിൽ പച്ചവെളിച്ചത്തിൽ കണ്ടു..

ഒരു ആഫ്റ്റർ നൂൺ വിഷസ് കൊടുത്തു..ഉടനടി ഒരു ഹായ് യും സ്മൈലിയും മറുപടി വന്നു..പിന്നെ വീണ്ടും കുശലo പറച്ചിലായി..

അങ്ങനെ കാവിലെ ഉത്സവത്തെ പറ്റി അവളും മലബാർ ഫെസ്റ്റിവൽസിനെ പറ്റി ഞാനും വിശേഷങ്ങൾ പങ്കു വെച്ചു…ഓരോന്ന് പറയുമ്പോളും അവളിലേക്ക് കൂടുതൽ കൂടുതൽ അടുക്കുന്നതായി തോന്നിയെനിക്ക്..

വേണ്ട എന്ന് പലവട്ടം മനസ്സിനെ പറഞ്ഞു പഠിപ്പിക്കാൻ ശ്രമിച്ചുവെങ്കിലും മനസ്സ് എന്നെ അനുസരിക്കാതെ അവളോട്‌ അടുത്തുകൊണ്ടേയിരുന്നു.. അന്ന് രാത്രിയിൽ ഉറങ്ങാൻ കിടന്നപ്പോൾ എന്തോ ഉറക്കം വന്നതേയില്ല..

ഫോൺ എടുത്ത് ഡാറ്റ ഓൺ ചെയ്തു ഫേസ്ബുക്കിൽ കയറി അവളുണ്ടോന്ന് നോക്കി കാന്താരിയപ്പോൾ എഴുത്തിന്റെ തിരക്കിലായിരുന്നു..

ഇന്നത്തെ കഥയെന്താണ് എന്ന് ചോദിച്ചപ്പോൾ ഒരു പുഞ്ചിരിയോടെ എന്റെ ഇഷ്ടങ്ങൾ ഒന്ന് പങ്ക് വയ്ക്കാമോ എന്നവൾ ചോദിച്ചു..ഒരുമടിയും തോന്നിയില്ല എനിക്ക്, ഞാൻ പറഞ്ഞു തുടങ്ങി.

ക്യാമയും ബുള്ളറ്റും ഇവന്മാരില്ലാതെ ഞാനില്ല എന്റെയിഷ്ടങ്ങളില്ല..അതുകൊണ്ട് കെട്ടുന്ന പെണ്ണിനെ ബുള്ളറ്റിൽ എന്റെ പിന്നിലിരുത്തി മഞ്ഞു പൊഴിയുന്ന യാമങ്ങളിൽ അവളെയും കൂട്ടി കിലോമീറ്ററുകളോളം സഞ്ചരിക്കണം..

പിന്നീ ടൊരിക്കൽ കാറിന്റെ സൺ റൂഫ് തുറന്ന് അവളെ എണീപ്പിച്ചു നിർത്തിയിട്ട് വണ്ടി ഓടിക്കണം.. എന്നിട്ട് മഞ്ഞിൽ നനഞ്ഞു നിൽക്കുന്ന അവളുടെ ഒരു ഫോട്ടോ എടുത്ത് ബെഡ്‌റൂമിൽ വലുപ്പത്തിൽ ഫ്രെയിം ചെയ്തു വെയ്ക്കണം.

പിന്നെ മഴ പെയ്യുമ്പോൾ അവളെ വലിച്ചു മഴയത്തേക്കിറക്കി നിർത്തി അവളുടെ നനഞ്ഞ മുടിയും പിന്നെ സീമന്ദ രേഖയിലൂടെ നെറ്റിയിലേക്കൊലിച്ചിറങ്ങുന്ന സിന്ദൂരത്തിന്റെ ചുവപ്പിനെയും ക്യാമെറക്കണ്ണുകളിൽ പകർത്തി ബെഡ്‌റൂമിൽ എനിക്കും അവൾക്കും മാത്രം കാണാൻ പാകത്തിന് ഫ്രെയിം ചെയ്തു വെക്കണം.

ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോളേക്കും ശരവേഗം അവളുടെ മറുപടിയും വന്നിരുന്നു..മഞ്ഞുമൂടിയ വയനാടൻ മലനിരകൾക്കിടയിലൂടെ ബുള്ളറ്റിൽ തണുത്തു വിറങ്ങലിച്ചൊരു യാത്ര..

ഒപ്പം തട്ടുകടയിലെ വെളുപ്പിന് കിട്ടുന്ന ചൂട് കട്ടൻ, അതും കുടിച്ചു തണുപ്പിനെ വെല്ലുവിളിച്ചു അവനെ ചുറ്റിപ്പിടിച്ചിരുന്നു താമരശ്ശേരിച്ചുരത്തിലൂടെ കോഴിക്കോട്ടേക്ക്.. അവിടുന്ന് നേരെ പാലായ്ക്ക്..

അങ്ങനെയൊരു മറുപടി ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഞാനും എന്റെ വാക്കുകളിൽ അവളും..എന്തോ അവളിലും എന്നിലും ഓരേ പോലെ നനവ് പടർന്നിരുന്നൊന്നൊരു സംശയം ഉണർന്നു.

അവൾ ഒരു ചെറുപുഞ്ചിരിയോടെ ഉറക്കത്തിലേക്ക് വഴുതി വീഴുമ്പോളും എന്റെ മനസ്സ് അവളിൽ ബന്ധിയായത് പോലെ തോന്നി..

കാലത്ത് 5 മണിക്കാണ് ഫ്ലൈറ്റ് എന്ന് ടൈപ്പ് ചെയ്തു ഞാൻ മെസ്സേജ് അവൾക്ക് സെന്റ് ചെയ്തു.. അവളെ പരിചയപ്പെടാൻ ഒരല്പം വൈകിപ്പോയോ എന്നൊരു തോന്നൽ എന്നിലുളവായി.

നേരം പുലർന്നപ്പോൾ അവളെ ഓൺലൈനിൽ കണ്ടില്ല..ഫ്ലൈറ്റിലേക്ക് കയറുന്നതിനു മുൻപായി ഒരിക്കൽ കൂടി നോക്കി അപ്പളും അവൾ ഉണ്ടായിരുന്നില്ല പകരം ഒരു മെസ്സേജ് ഉണ്ടായിരുന്നു “ശുഭയാത്ര ” എന്ന് മാത്രം..

ഒരുപാട് സന്തോഷം തോന്നിയ നിമിഷമായിരുന്നു അത്. എന്തോ മനസ്സിൽ അവള് മാത്രമായിരുന്നു യാത്രയിൽ മുഴുവനും.

4 മണിക്കൂറത്തെ യാത്രക്കു ശേഷം അര മണിക്കൂറിനുള്ളിൽ റൂമിൽ എത്തി കുളിച്ചു ഫ്രഷ് ആയി വന്നു ഫുഡും കഴിച്ചു കിടന്നു, യാത്രക്ഷീണം നന്നെയുണ്ടായിരുന്നത് കൊണ്ട് കിടന്നപാടേ ഉറങ്ങിപ്പോയി.

പാവം ആ സമയം എന്റെ മെസ്സേജിന് വേണ്ടി കാത്തിരിപ്പുണ്ടായിരുന്നു.

രാവിലെ നേരത്തെ ഉറക്കമുണർന്നു നേരെ ഇൻബോക്സിൽ കയറി നോക്കി അപ്പോൾ ഒരു നൂറ് ചോദ്യങ്ങൾ ആയിരുന്നു. എത്തിയോ…? എവിടാ…? ഫുഡ്‌ കഴിച്ചോ….? ഉറങ്ങിയോ….?

പിന്നെ കുറെ പരിഭവം കാണിച്ചു കൊണ്ടുള്ള സ്റ്റിക്കറും കണ്ടപ്പോൾ പാവം തോന്നി, അപ്പോൾ തന്നെ മെസ്സഞ്ചർ കാൾ ചെയ്തു..

ഒരു ഞെട്ടലോടെ ചാടിഎണീറ്റവൾ ഹലോ പറഞ്ഞു…ആ നിമിഷം ഞാനറിയുകയായിരുന്നു രണ്ടു ദിവസം കൊണ്ട് ഞാനാക്കാന്താരിക്കാരെല്ലാമൊ ആയി മാറിയിരുന്നുവെന്ന്..

പിന്നീടുള്ള ദിവസങ്ങളിൽ ഞങ്ങൾ കൂടുതൽ കൂടുതൽ അടുത്തുകൊണ്ടേയിരുന്നു..ഇണക്കങ്ങളും പിണക്കങ്ങളുമായി, പരാതികളും പരിഭവങ്ങളുമായി അവളെന്നിൽ പടർന്നു കയറി..

അങ്ങനെ വർഷം ഒന്നും രണ്ടും കഴിഞ്ഞു, പരസ്പരം ഇഷ്ടമായിരുന്നു എങ്കിലും ഒരിക്കൽ പോലും അത് തുറന്നു പറഞ്ഞിരുന്നില്ല ഞങ്ങൾ.. അവൾ പറയട്ടെ എന്ന് ഞാനും ഞാൻ പറയട്ടെ എന്നവളും ആഗ്രഹിച്ചിരുന്നു..

പക്ഷേ ഒരു രാത്രിയിൽ ഞാനവളോട് ചോദിച്ചു കെട്ടിക്കോട്ടെ ഞാൻ ഈ പാലാക്കാരിക്കാന്താരിയെ എനിക്ക് തന്നേക്കാവോ എന്നെന്നേക്കുമായി എന്ന്, അതുവരെയില്ലാത്തൊരു മൗനം ആയിരുന്നു അന്നെനിക്കവളുടെ മറുപടി..

അടുക്കാതെയടുത്തത് നാമറിയാതെയാണ് കൊതിക്കാതെ കൊതിച്ചത് മനമറിയാതെയാണ്.

“നിന്നിലെ ഭ്രാന്തിനെ സ്നേഹിക്കാൻ മാത്രമേ എനിക്ക് കഴിയൂ മറിച്ചു സ്വന്തമാക്കുവാൻ സാധിക്കില്ല ” എന്നവൾ ഫേയ്സ്ബുക്കിൽ സ്റ്റാറ്റസ് ടൈപ്പ് ചെയ്യുമ്പോഴും അവളുടെ വിരലുകൾ വിറങ്ങലിക്കുന്നുണ്ടായിരുന്നു.

ആ വേനൽച്ചൂടിലും കുളിരു കോരി മരവിച്ചിരുന്നയവളുടെ മൂക്കിൽ നിന്നും രക്തം വാർന്നൊഴുകുന്നുണ്ടായിരുന്നു. ഒലിച്ചിറങ്ങിയ ആ ചുടുരക്തത്തെ തുടച്ചു നീക്കിയവൾ മനസ്സിൽപ്പറഞ്ഞു.

” വേദനിക്കാൻ തയ്യാറാണ് വേദനിപ്പിക്കാതിരിക്കുവാൻ വേണ്ടി മാത്രം “