മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…
ഹരീഷ് രാവിലെ ഉറക്കത്തിൽ നിന്ന് എഴുന്നേറ്റപ്പോൾ തന്റെ നെഞ്ചിൽ ഇരുന്ന ഫോട്ടോ എടുത്ത് തന്റെ കണ്മുന്നിലേക്ക് കൊണ്ടുവന്നിട്ട് വീണ്ടും ഫോട്ടോയിലെ ദീപ്തിയുടെ മുഖത്തേക്ക് പ്രണയാർദ്രമായി അവൻ നോക്കി. അവൾ ഈ വീട്ടിൽ നിന്നു പോയിട്ട് മൂന്നുദിവസമായി ഇതുവരെ താൻ ഫോൺ വിളിച്ചു പോലും അവളെ പറ്റി ഒന്നും അന്വേഷിച്ചില്ലല്ലോ എന്നോർത്തപ്പോൾ ഹരീഷിന് കുറ്റബോധം തോന്നി. അവളെ നേരിട്ട് കാണുവാൻ അവന്റെ മനസ്സ് തുടിയ്ക്കുകയും ചെയ്തു. എന്നിരുന്നാൽ പോലും അവളുടെ വീട്ടിലേക്ക് ചെല്ലുവാൻ അവന്റെ ദുരഭിമാനം അവനെ അനുവദിച്ചില്ല. അവളെ എങ്ങനെയെങ്കിലും കാണാൻ എന്താണ് വഴി എന്ന് ഹരീഷ് മനസ്സിൽ ചിന്തിച്ചു.
രാവിലെ പ്രഭാതഭക്ഷണത്തിന് ഇരുന്നപ്പോൾ ഗിരീഷ് അവനോട് പറഞ്ഞു
“ഏട്ടാ…ഏട്ടത്തി പോയതിൽ പിന്നെ ഒരു രസമില്ല.. ഏട്ടൻ പോയിട്ട് ഏട്ടത്തിയെ വിളിച്ചോണ്ട് വാ “
ഹരീഷിന് ഒരു നിമിഷത്തേക്ക് എന്തു മറുപടി പറയണം എന്ന് അറിഞ്ഞില്ല. പിന്നെ വിക്കി വിക്കി അവൻ ഗിരീഷിനോട് പറഞ്ഞു
“അവൾ ഒരാഴ്ചത്തേക്ക് വേണ്ടി വീട്ടിൽ പോയതല്ലേ പിന്നെ ഞാനെന്തിനാ ഇപ്പോൾ ഓടിപ്പോയി അവളെ തിരിച്ചുകൊണ്ടുവരുന്നത്..”
“എന്റെ പൊന്നേ കടിച്ചു തിന്നാൻ ഒന്നും വരണ്ട… ഏട്ടനും ഏട്ടത്തിയെ വല്ലാതെ മിസ്സ് ചെയ്യുന്നുണ്ടല്ലോ എന്ന് കരുതിയാണ് ഞാൻ അങ്ങനെ പറഞ്ഞത്…നിങ്ങൾ ഭാര്യയായി ഭർത്താവായി… ഏട്ടത്തിക്ക് ഇഷ്ടമുള്ളപ്പോൾ തിരിച്ചു വരട്ടെ…എനിക്കൊരു പ്രശ്നവുമില്ല “..
ഒരാഴ്ച കഴിയുമ്പോൾ ദീപ്തി തിരികെ വരാതാകുമ്പോൾ വീട്ടുകാരോട് എന്തുപറയും എന്നുള്ളതായിരുന്നു ഹരീഷിന്റെ ടെൻഷൻ.
ബ്രേക്ക് ഫാസ്റ്റ് കഴിഞ്ഞതിനുശേഷം ഓഫീസിലേക്ക് പോകുമ്പോഴും ഹരീഷിന്റെ മനസ്സു മുഴുവൻ ദീപ്തിയായിരുന്നു.
അവൻ ഓഫീസിൽ ചെന്ന് 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും ശീതളിന്റെ ഫോൺ വന്നു.
” ഫ്രീ ആണെങ്കിൽ ഓഫീസിലേക്ക് ഒന്നു ഇറങ്ങ്..ഇവിടെ പുതിയ മാനേജർ വന്നിട്ടുണ്ട് ഒരു ഹിന്ദിക്കാരൻ…ഭയങ്കര സുന്ദരനാണ് . അവനെ പരിചയപ്പെടുത്തിത്തരാം..എനിക്ക് സുന്ദരനായ ഒരു ബോയ്ഫ്രണ്ട് ഉണ്ടെന്ന് അവനോട് പറയുമ്പോൾ എനിക്ക് ഒരു അഭിമാനം അല്ലേ… അതുകൊണ്ടാ ഓഫീസിലേക്ക് വരാൻ പറഞ്ഞത്”
ഹരീഷിന് ഒട്ടും താല്പര്യം ഇല്ലായിരുന്നു അവളുടെ ഓഫീസിലേക്ക് പോകാൻ..ശീതളിനെ ഒഴിവാക്കാൻ വേണ്ടി അവൻ പറഞ്ഞു
” ശീതു ഞാൻ ഓഫീസിൽ കുറച്ചു തിരക്കിലാണ്.. ഫ്രീ ആകുമ്പോൾ ഞാൻ വരാം… കുറച്ചു കണക്ക് നോക്കാനുണ്ട് ഉണ്ട്… ഇന്നിനി സമയം കിട്ടുമെന്ന് തോന്നുന്നില്ല….ഞാൻ നാളെ വരാം…”
“എന്താ ഇത്? ഒരു അരമണിക്കൂർ നേരത്തെ കാര്യമല്ലേ ഉള്ളൂ … നീ നേരത്തെ ഇങ്ങനെ ഒന്നും ഇല്ലായിരുന്നല്ലോ… എന്നെ ഒന്ന് കാണാൻ കിട്ടുന്ന ഒരു സാഹചര്യവും നീ ഒഴിവാക്കിയിരുന്നില്ല… ഈയിടെയായി നിനക്കെന്നെ കാണണമെന്നോ സംസാരിക്കണമെന്നോ ഒരു താല്പര്യമില്ല”…
“താല്പര്യം ഇല്ലാത്തതല്ല ശീതു..ഞാൻ കുറച്ചു ബിസി ആയിട്ടാണ്… ഞാൻ പെട്ടെന്ന് ഇവിടുത്തെ തിരക്കൊക്കെ ഒഴിവാക്കി നിന്റെ ഓഫീസിലേക്ക് വരാം”
” ഓക്കേ ഞാൻ ഇവിടെ കാത്തിരിക്കുകയാണ്.. പെട്ടെന്ന് വന്നില്ലെങ്കിൽ ഞാൻ അങ്ങോട്ട് വരും കേട്ടോ…”
ശീതളിന്റെ ഓഫീസിലേക്ക് പോകാൻ ഒട്ടും താല്പര്യം ഇല്ലായിരുന്നെങ്കിലും അവൾ ഇങ്ങോട്ട് വരുന്നത് ഒഴിവാക്കാൻ വേണ്ടി ഹരീഷ് അവളുടെ ഓഫീസിലേക്ക് ചെന്നു…
അവളുടെ ഓഫീസിനുമുന്നിൽ കാർ പാർക്ക് ചെയ്തിട്ട് ഹരീഷ് അവളുടെ ക്യാബിനിൽ എത്തുമ്പോൾ ശീതൾ ആരോടോ ഫോണിൽ സംസാരിക്കുകയായിരുന്നു… ഒരു അത്യാവശ്യ ഫോൺകോൾ ആണെന്നും അവനോട് ഇരിക്കാനും അവൾ ആംഗ്യത്തിൽ കാണിച്ചു… ഹരീഷ് അവളുടെ എതിർവശത്ത് ആയിട്ടുള്ള കസേരയിൽ ഇരുന്നു.
ഫോൺ സംഭാഷണം കഴിഞ്ഞതും ശീതൾ അവനെയും കൂട്ടി മാനേജരുടെ ക്യാബിനിലേക്ക് പോയി… വെളുത്തു മെലിഞ്ഞ ഒരു പയ്യനായിരുന്നു പുതിയ മാനേജർ.. ശീതളിനെ കണ്ടതും അവൻ ബഹുമാനപൂർവ്വം എഴുന്നേറ്റുനിന്നു.. ഹരീഷിനെ മാനേജർക്ക് അവൾ പരിചയപ്പെടുത്തി കൊടുത്തു.. തന്റെ പ്രതിശ്രുതവരൻ ആണെന്നും അമ്പാടി കൺസ്ട്രക്ഷൻസ് ഹരീഷിന്റെതാണെന്നും അവൾ അവനോട് പറഞ്ഞു..
അവൻ ഹരീഷിന്റെ നേർക്കു ബഹുമാനത്തോടെ നോക്കി…
അഭയ് ശർമ അതായിരുന്നു അവന്റെ പേര്… പൂനെ ആണവന്റെ ജന്മദേശം…ശിതളിന്റെ അച്ഛന്റെ ഒരു പഴയ പരിചയക്കാരന്റെ മകനാണ് അഭയ് … പൂനെയിൽ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്നു അവൻ … ശീതളിന്റെ കമ്പനിയിലെ മാനേജർ റിസൈൻ ചെയ്തപ്പോൾ ശീതളിന്റെ അച്ഛനാണ് അഭയയെ പുതിയ മാനേജർ ആയി നിയമിച്ചത്…
അഭയയെ മാനേജറായി നിയമിച്ചതിന് പിന്നിൽ ശിതളിന്റെ അച്ഛൻ ജയദേവന് മറ്റു ചില രഹസ്യ ഉദേശങ്ങളും ഉണ്ടായിരുന്നു.. എന്തൊക്കെ പറഞ്ഞാലും തന്റെ മകൾ ഒരു രണ്ടാം കെട്ടുകാരനെ വിവാഹം കഴിക്കുന്നതിനോട് അയാൾക്ക് താൽപര്യമുണ്ടായിരുന്നില്ല… പക്ഷേ തന്റെ അനിഷ്ടം അവളോട് തുറന്നു പറയാനും കഴിയുന്നില്ല… അഭയയെ പോലെ സ്മാർട്ട് ആയ ഒരു ചെറുപ്പക്കാരനോട് അടുത്ത് ഇടപഴകുമ്പോൾ ഒരുപക്ഷെ ശീതളിന്റെ മനസ്സു മാറിയാലോ എന്നുള്ളതായിരുന്നു ജയദേവന്റെ ചിന്ത…
ശീതളിന്റെ ഓഫീസിൽനിന്ന് തിരിച്ചു പോകുമ്പോഴും ഹരീഷിന്റെ മനസ്സുനിറയെ ദീപ്തി ആയിരുന്നു… അവളെദൂരെ നിന്നെങ്കിലും ഒന്ന് കാണണമെന്ന് അവന്റെ മനസ്സ് മന്ത്രിച്ചുകൊണ്ടിരുന്നു… അവളുടെ വീട്ടിലേക്ക് കയറി ചെല്ലാനോ അവളെ തിരിച്ചു വിളിച്ചു കൊണ്ടുവരാനോ ദുരഭിമാനം അനുവദിക്കുന്നുണ്ടായിരുന്നില്ല.. തന്നെയുമല്ല ശീതളിന്റെ പ്രതികരണം എങ്ങനെയായിരിക്കും എന്ന് പറയാനും കഴിയില്ല. ആഗ്രഹിക്കുന്നതെല്ലാം സ്വന്തമാക്കാൻ വേണ്ടി എന്തും ചെയ്യാൻ മടിക്കാത്തവളാണ് ശീതൾ എന്ന് തനിക്കറിയാം..
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാൻ വേണ്ടി പുറത്തേക്ക് പോകാൻ ഇറങ്ങുമ്പോളാണ് ശീതൾ അവന്റെ ഓഫീസിലേക്ക് വന്നത്.
“വാ നമുക്ക് ഒരുമിച്ച് കഴിക്കാൻ പോകാം”
അവൻ മനസ്സില്ലാ മനസ്സോടെ അവളോടൊപ്പം പുറത്തേക്കു നടന്നു. ഹരീഷിന്റെ കാറിന്റെ ഫ്രണ്ട് സീറ്റിൽ അവനോടൊപ്പം അവൾ കയറി. ശീതൾ നിർദ്ദേശിച്ച ഹോട്ടലിലേക്കാണ് ഹരീഷ് ഡ്രൈവ് ചെയ്തത്. അവിടെയെത്തി ഭക്ഷണത്തിന് ഓർഡർ ചെയ്തിട്ട് വെയിറ്റ് ചെയ്തിരിക്കുമ്പോൾ അവൾ അവന്റെ വലതുകരം കവർന്നെടുത്തു.
‘ദീപ്തി ‘ എന്ന പേര് എഴുതിയ അവന്റെ വിവാഹമോതിരം അവൾ ഊരി എടുക്കാൻ ശ്രമിച്ചു. പെട്ടെന്ന് കൈ വലിച്ചെടുത്തു കൊണ്ട് ഹരീഷ് അവളോട് ചോദിച്ചു.
“താൻ എന്താ ഈ കാണിക്കുന്നത്?”
“എന്തുപറ്റി..? എന്തായാലും നീ ദീപ്തിയെ ഉപേക്ഷിക്കാൻ പോവുകയല്ലേ.?. അവൾ അവളുടെ വീട്ടിൽ പോവുകയും ചെയ്തു… ഇനി എന്തിനാ ഈ മോതിരം? ഇനി എത്രയും പെട്ടെന്ന് അച്ഛനെയും അമ്മയെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ നോക്കൂ.. എന്നിട്ട് വക്കീലിനെ കണ്ടു ഡിവോഴ്സിനുള്ള ഫോർമാലിറ്റീസ് എന്താണെന്ന് വച്ചാ ചെയ്യ്.. എനിക്കിനിയും കാത്തിരിക്കാൻ വയ്യ..”
” എനിക്ക് കുറച്ചുസമയം കൂടി വേണം”
“ഇനി എത്ര സമയം ആണ് നിനക്ക് വേണ്ടത്..? അവൾ വീട്ടിൽ പോയിട്ട് മൂന്നുദിവസം കഴിഞ്ഞില്ലേ.. ഈ സമയം പോരായിരുന്നോ നിനക്ക് നിന്റെ വീട്ടിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ.. ഇനി വെച്ച് താമസിക്കുന്നത് എന്തിനാ.?.. അവളെ എത്രയും പെട്ടെന്ന് നിന്റെ ജീവിതത്തിൽ നിന്നും ഒഴിവാക്ക്… എന്നിട്ട് വേണം എനിക്ക് അമ്പാടിയിലെ മരുമകളായി വരാൻ …”
“നീ പറയുന്ന പോലെ എല്ലാം അത്രയെളുപ്പത്തിൽ നടക്കില്ല… എനിക്ക് കുറച്ചുകൂടി സമയം വേണം..”
“ഓക്കേ കുറച്ചു സമയം വേണമെങ്കിൽ എടുത്തോ.. മാക്സിമം ഒരാഴ്ച കൂടി..അതിൽ കൂടുതൽ ഒന്നും വെയിറ്റ് ചെയ്യാൻ എനിക്ക് കഴിയില്ല… നീ എന്നിട്ട് വീട്ടിൽ പറഞ്ഞില്ലെങ്കിൽ ഞാൻ അമ്പാടിയിലേക്ക് വരും.. എന്നിട്ട് ഞാൻതന്നെ അച്ഛനെയും അമ്മയെയും ഗിരീഷിനെയും കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കി കൊള്ളാം… നിനക്ക് ഇനി ഒരാഴ്ച കൂടിയേ സമയം ഉള്ളൂ.. അതോർമ വേണം “
“ധൃതി കാണിക്കാതെ ശീതു .. ഞാൻ പറഞ്ഞോളാം..”
“ഓക്കേ.. നീ വീട്ടിൽ പറയുന്നത് ഒരാഴ്ച കഴിഞ്ഞായാലും മതി.. പക്ഷേ ഈ മോതിരം ഇപ്പോൾ നിന്റെ കയ്യിൽ നിന്നും ഊരി മാറ്റണം “
ശീതൾ ഒരു കൊച്ചു കുട്ടിയെപ്പോലെ വാശി പിടിച്ചു കൊണ്ട് അവന്റെ വലതുകരം വീണ്ടും കവർന്നെടുത്തു. ഹരീഷ് അവളുടെ കൈ വിടുവിച്ചു കൊണ്ട് പറഞ്ഞു..
“ശീതു.. ദീപ്തി ഇപ്പോളും എന്റെ ഭാര്യയാണ്.. അതുകൊണ്ട് ഞാൻ ഈ മോതിരം ഊരി മാറ്റുന്നില്ല… തന്നെയുമല്ല ഞാനിപ്പോൾ ഈ മോതിരം ഊരി മാറ്റിയാൽ എന്റെ വീട്ടുകാർ ശ്രദ്ധിക്കും.. അപ്പോൾ അവരോടൊക്കെ ഞാൻ എന്ത് പറയും?”
“അപ്പോൾ കാര്യങ്ങളൊക്കെ കൂടുതൽ എളുപ്പമാകുകയല്ലേ? അവർ ചോദിച്ചാൽ അവളെ നിനക്ക് വേണ്ട പകരം ഈ ശീതുവിനെ മതിയെന്ന് പറഞ്ഞാൽ മതി “
“ഞാൻ പെട്ടന്നത് പറഞ്ഞാൽ എന്റെ അച്ഛനും അമ്മയ്ക്കും ഷോക്ക് ആയിരിക്കും ശീതു.. ഞാൻ പതിയെ അവരെ കാര്യങ്ങൾ പറഞ്ഞു മനസിലാക്കിക്കോളാം.. അതുവരെ നീ ഒന്ന് ശാന്തമായിട്ടിരിക്ക് “
ഹരീഷിന്റെ മനസിന് എന്തോ മാറ്റമുണ്ടെന്ന് ശീതളിന് തോന്നി.. അവനെ തന്റെ നിയന്ത്രണത്തിൽ നിർത്താൻ എന്ത് ചെയ്യണമെന്ന് അവൾ ആലോചിച്ചു.. അവളുടെ മനസ്സിൽ പെട്ടന്നൊരു ഐഡിയ തോന്നി.. അവളുടെ ചുണ്ടിന്റെ കോണിൽ ഒരു വിജയച്ചിരി ഉണ്ടായി.. പുഞ്ചിരിയോടെ അവൾ സ്വയം പറഞ്ഞു..
“നീ എന്റേതാണ്.. എന്റേത് മാത്രം.. വിട്ടുകൊടുക്കില്ല ആർക്കും നിന്നേ ഞാൻ “…
അവളുടെ മുഖഭാവം ശ്രദ്ധിക്കാതെ ഹരീഷ് ഭക്ഷണം കഴിക്കാൻ തുടങ്ങി… ശീതളിന്റെ കണ്ണുകളിൽ തന്റെ ആഗ്രഹം സഫലം ആകാൻ പോകുന്നതിന്റെ വന്യമായ തിളക്കം ഉണ്ടായിരുന്നു.. ക്രൂരമായ ഒരു പുഞ്ചിരിയോടെ അവൾ ആത്മഗതം പറഞ്ഞു..
‘ ഇതുവരെ ആഗ്രഹിച്ചതൊന്നും സ്വന്തമാക്കാതിരുന്നിട്ടില്ല ഞാൻ.. അതുപോലെ നിന്നെയും ഞാൻ സ്വന്തമാക്കും.. അതിന് വേണ്ടി എത്ര വൃത്തികെട്ട കളി കളിക്കേണ്ടി വന്നാലും ഞാൻ അതും ചെയ്യും.. കാരണം നീ എന്റെ മാത്രം സ്വന്തമായിരിക്കണം.. ദീപ്തിയുടെ നിഴൽ പോലും നിന്റെ ജീവിതത്തിൽ ഉണ്ടാകാൻ പാടില്ല.. അതിന് വേണ്ടി എന്താ ചെയ്യേണ്ടതെന്ന് എനിക്കറിയാം ‘
ഹരീഷ് അപ്പോളും അവളെ ശ്രദ്ധിക്കാതെ ഭക്ഷണം കഴിക്കുന്നത് തുടർന്നു..
ഭാര്യ ~ ഭാഗം 07
ശീതൾ പതിയെ ഭക്ഷണം കഴിക്കാൻ ആരംഭിച്ചു.. ഹരീഷ് ഇടയ്ക്ക് അവളുടെ നേർക്ക് നോക്കിയപ്പോൾ അവൾ വലതുകരം കൊണ്ട് അവളുടെ നെറ്റിയിൽ അമർത്തി പിടിച്ചിട്ടുണ്ടായിരുന്നു.. അവൻ ശ്രദ്ധിക്കുന്നു എന്ന് മനസിലായപ്പോൾ അവൾ ഭക്ഷണം കഴിക്കുന്നത് മതിയാക്കി അവന്റെ നേർക്ക് നോക്കി ദയനീയ ഭാവത്തിൽ പറഞ്ഞു..
“എനിക്ക് വല്ലാത്ത തലവേദന?”
“ഹോസ്പിറ്റലിൽ പോണോ ശീതു?”
“വേണ്ട.. ഇതൊന്ന് റെസ്റ്റെടുത്താൽ മാറുന്നതെ ഉള്ളു.. എനിക്കൊന്ന് കിടക്കണം.. നീ എന്നെയൊന്നു വീട്ടിലാക്കാമോ “
“നിന്നെ ഓഫീസിലാക്കിയാൽ മതിയോ.. എനിക്ക് ഓഫീസിൽ പോയിട്ട് കുറച്ച് അത്യാവശ്യം ഉണ്ടായിരുന്നു “
“എന്നെ ഓഫീസിലാക്കിയാൽ ഞാൻ വീട്ടിലേക്ക് സ്വയം ഡ്രൈവ് ചെയ്തു പോകണ്ടേ.. എനിക്ക് നല്ല തലവേദന ഉണ്ടെടാ.. ഈ അവസ്ഥയിൽ ഇനി ഡ്രൈവിംഗ് ഒന്നും പറ്റില്ല.. നീ എന്നെ വീട്ടിലാക്കിയാൽ മതി..”
“ശരി “
ഹരീഷ് അവളെ വീട്ടിലാക്കാം എന്ന് കരുതി.. കാറിന്റെ ഫ്രണ്ട് സീറ്റിൽ തളർച്ചയോടെ ശീതൾ ചാരിയിരുന്നു..പിന്നെ അവനോട് പറഞ്ഞു..
“എന്തെന്നറിയില്ല നല്ല തലവേദന ഉണ്ട് “
“എങ്കിൽ പിന്നെ ഹോസ്പിറ്റലിൽ പോയിട്ട് വീട്ടിലേക്ക് പോയാലോ “
” വേണ്ട… വീട്ടിൽ പോയാൽ മതി “
“എന്ത് പറ്റി ശീതു പതിവില്ലാതെ ഈ തലവേദന?”
അവളുടെ നെറ്റിയിൽ മൃദുവായി തൊട്ട് കൊണ്ടാണ് ഹരീഷ് അന്വേഷിച്ചത്..ശീതളിന്റെ ഹൃദയത്തിൽ പനിനീർ മഴ പെയ്യുന്നത് പോലെ തോന്നി.. അവൾ അഭിമാനത്തോടെ ഓർത്തു.. ഈ ഹരീഷിനെയാണ് തനിക്ക് വേണ്ടത്.. തന്നെ മാത്രം സ്നേഹിക്കുന്ന തന്നെ കരുതുന്ന ഈ സ്നേഹം എന്നും ഇതുപോലെ തന്നെ വേണം…ഇനിയൊരിക്കലും തന്നെ വിട്ടുപോകാത്ത വിധം അവനെ തന്നോട് ബന്ധിക്കാൻ തനിക്ക് കഴിയും എന്ന ആത്മവിശ്വാസം ആയിരുന്നു അവളുടേത്..
ശീതളിന്റെ വീടിന്റെ മുൻപിൽ കാർ നിർത്തിയപ്പോൾ അവൾ ഇറങ്ങാതെ സീറ്റിൽ തന്നെയിരുന്നു.. ഹരീഷ് പുറത്തേക്ക് വന്ന് അവളുടെ വശത്തെ ഡോർ തുറന്നു കൊണ്ട് പറഞ്ഞു.
“ഇറങ്ങു ശീതു..”
ശീതൾ തളർച്ച ഭാവിച്ചു എഴുന്നേറ്റു. ഹരീഷിന്റെ വലതുകരം ചേർത്ത് പിടിച്ചു കൊണ്ട് അവൾ മുന്നോട്ട് നടന്നു. തന്റെ ഹാൻഡ് ബാഗിൽ നിന്ന് താക്കോൽ എടുത്ത് അവൾ ഹരീഷിന്റെ നേർക്ക് നീട്ടി.. അവനത് വാങ്ങി വാതിൽ തുറന്നു..
വീടിനുള്ളിൽ കടന്നതും ശീതൾ തിടുക്കത്തിൽ ഡോർ ലോക്ക് ചെയ്തു.. ഹരീഷ് അമ്പരപ്പോടെ ശീതളിനെ നോക്കി.. അവൻ എന്തോ ചോദിക്കാൻ ഒരുങ്ങിയതും അവൾ പൊട്ടിക്കരഞ്ഞു കൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു..
“ഹരീഷ്.. നീയില്ലാതെ എനിക്ക് പറ്റില്ലടാ.. നിന്നെ നഷ്ടപ്പെടുമെന്ന ഓർമ്മ പോലും എന്നെ പ്രാന്ത് പിടിപ്പിക്കുന്നു.. നമ്മുടെ സ്നേഹം നഷ്ടപെടാതിരിക്കാൻ വേണ്ടിയല്ലേ നമ്മൾ ഇത്രയും റിസ്ക് എടുത്ത് ഇത്രയൊക്കെ ചെയ്തത്.. എന്നിട്ട് നിനക്കെന്താ ഇപ്പോൾ ഒരു മനംമാറ്റം പോലെ? എനിക്ക് പകരക്കാരി ആയിട്ട് ദീപ്തിയെ ഞാൻ ആ വീട്ടിലേക്കയച്ചത് എന്റെ സ്ഥാനം തട്ടിയെടുക്കാൻ വേണ്ടിയല്ല.. നിനക്കെന്താ പെട്ടന്ന് അവളോട് ഒരു മനസലിവ് തോന്നാൻ കാരണം? അവൾ നിന്നെ ഏട്ടാ എന്ന് വിളിക്കുന്നത് കൊണ്ടാണോ.. എങ്കിൽ.. ഞാനും നിന്നെ ഏട്ടാ എന്ന് വിളിക്കാം.. അതോ ഇനി താലി സെന്റിമെന്റ്സ് ആണോ? അതൊരു താലി എന്റെ കഴുത്തിൽ കെട്ടിയാൽ തീരാവുന്നതല്ലേ ഉള്ളൂ.. “
“എന്താ ശീതു നിനക്ക് പറ്റിയത്? നീയെന്തിനാ ഇങ്ങനെയൊക്കെ പെരുമാറുന്നത്?”
“എനിക്ക് നിന്നെ വേണം.. നമ്മൾ ഒരുമിച്ച് സ്വപ്നം കണ്ട ആ ജീവിതം വേണം..ജീവിതകാലം മുഴുവൻ ഈ കൈകോർത്തു പിടിച്ചെനിക്ക് നടക്കണം…”
ഹരീഷ് ആകെ ധർമ്മസങ്കടത്തിലായി.. തന്നെ ജീവന് തുല്യം സ്നേഹിച്ച പെണ്ണാണ് തൊട്ടുമുന്നിൽ കണ്ണുനീരുമായി നില്കുന്നത്.. ഒരർത്ഥത്തിൽ അവൾ എന്ത് തെറ്റാണ് ചെയ്തത്. തന്നെ നഷ്ടമാകുമെന്ന് തോന്നിയപ്പോൾ ആ ദേഷ്യത്തിൽ എന്തൊക്കെയോ പറഞ്ഞു എന്നല്ലാതെ ആരെയും ഉപദ്രവിച്ചതൊന്നും ഇല്ലല്ലോ..ശീതളിനെ ന്യായീകരിക്കാൻ മാത്രമേ ആ അവസരത്തിൽ അവന്റെ മനസിന് തോന്നിയുള്ളൂ.. തന്റെ കള്ളകണ്ണുനീർ കാണിച്ചു അവന്റെ മനസ് മാറ്റുക എന്നുള്ളതായിരുന്നു ശീതളിന്റെ ഉദ്ദേശ്യം.. അതിനോടൊപ്പം അല്പം അതിര് കടന്ന ഒരു പദ്ധതിയും അവളുടെ മനസിലുണ്ടായിരുന്നു.. അതിലേക്ക് ഹരീഷിനെ നയിക്കുക എന്നുള്ളതായിരുന്നു അവളുടെ അടുത്ത തീരുമാനം..
ഹരീഷിന്റ നെഞ്ചിൽ തലചേർത്ത് വച്ചായിരുന്നു അപ്പോളും ശീതൾ നിന്നിരുന്നത്..പെട്ടന്ന് മുഖം ഉയർത്തി അവൾ പ്രണയാതുരമായി അവനെ നോക്കി.. പിന്നേ അവന്റെ നെറ്റിയിൽ അവളുടെ ചുണ്ട് മുട്ടിച്ചു.. പ്രണയത്തിന്റെ ആദ്യസമ്മാനം..ഹരീഷ് ഒരു നിമിഷം പതറിപ്പോയി.. അതായിരുന്നു ശീതളിന്റെ ആവശ്യവും… അവൾ മെല്ലെ അവന്റെ ശരീരത്തിലേക്ക് കൂടുതൽ അമരാൻ ശ്രമിച്ചു… തന്റെ ഇരുകൈകൾ കൊണ്ടും അവൾ അവനെ കെട്ടിപിടിച്ചു… ഒരു നിമിഷം പതറിപോയെങ്കിലും ഹരീഷിന് പെട്ടന്ന് സ്ഥലകാലബോധം ഉണ്ടായി.. അവളെ പിടിച്ചു മാറ്റികൊണ്ട് അവൻ ചോദിച്ചു..
“എന്താ ശീതു ഇതൊക്കെ?”
“എന്നായാലും നമ്മൾ ഒന്നാകേണ്ടതല്ലേ.. ഇനിയും കാത്തിരിക്കാൻ എനിക്ക് വയ്യ… എല്ലാ അർത്ഥത്തിലും നിന്റെ ഭാര്യയാകാൻ എന്റെ മനസും ശരീരരവും തുടിക്കുന്നു “
“ശീതു.. വിവാഹം എന്നത് പവിത്രമായ ഒരു ചടങ്ങാണ്.. ഭാര്യ ഭർതൃ ബന്ധം എന്ന് പറയുന്നത് അതുപോലെ പവിത്രമായ ബന്ധവും.. ഇതുപോലെ വികാരങ്ങൾക്ക് അടിമപ്പെട്ട് നശിപ്പിച്ചു കളയാൻ ഉള്ളതല്ല ആ ബന്ധം “
ശീതളിന്റെ മനസ്സിൽ പുച്ഛം നിറഞ്ഞു..പിന്നെ ഇത്രയും പവിത്രമായ ചടങ്ങായിട്ടല്ലേ ഒരുത്തിയെ നാടകം കളിച്ചു വീട്ടിൽ കൊണ്ട് വന്നത്.. മനസ്സിൽ അതാണെങ്കിലും പറഞ്ഞത് മറ്റൊന്നായിരുന്നു..
“ഹരീഷ് നിന്റെ ഈ സ്നേഹം എനിക്കെന്നും വേണം “
വീണ്ടും ശീതൾ അവനെ ചുബിക്കാൻ ശ്രമിച്ചു. അവളെ പിടിച്ചു മാറ്റി അവളുടെ നെറ്റിയിൽ തലോടിക്കൊണ്ട് അവൻ പറഞ്ഞു..
“ശീതു.. നീ റസ്റ്റ് എടുക്ക്.. ഞാൻ ഉടനെ തന്നെ വീട്ടുകാരോട് നമ്മുടെ കാര്യത്തെപ്പറ്റി പറയാം.. ദീപ്തിയ്ക്ക് ഡിവോഴ്സിനുള്ള പേപ്പേഴ്സ് അയച്ചിട്ട് ഞാൻ വീട്ടുകാരെയും കൂട്ടി ഇങ്ങോട്ട് വരാം.. നിന്റെ ഈ സ്നേഹം നഷ്ടപ്പെടുത്താൻ എനിക്കും വയ്യ മോളെ “
ശീതളിന്റെ മിഴികൾ തിളങ്ങി.. ഹരീഷ് യാത്ര പറഞ്ഞിറങ്ങുമ്പോൾ ശീതൾ തനിക്ക് അഭിനയിക്കാനുള്ള കഴിവിൽ സ്വയം അഭിമാനിക്കുകയിരുന്നു..
വീട്ടിലെത്തിയ ഹരീഷ് ചിന്തയിൽ മുഴുകിയിരുന്നു.. ശീതളിന്റെ സ്നേഹം കണ്ടില്ലെന്ന് നടിച്ചു ദീപ്തിയെ കൂട്ടിക്കൊണ്ട് വരണോ? അതോ ദീപ്തിയെ എന്നെന്നേക്കുമായി ഒഴിവാക്കിയിട്ട് ശീതളിനെ ഭാര്യ ആക്കണോ അതായിരുന്നു അവന്റെ ചിന്ത…
വൈകുന്നേരം,ശീതൾ മധുരസ്വപ്‌നങ്ങൾ മനസിലിട്ട് താലോലിക്കുമ്പോൾ ജയദേവൻ അവളുടെ അടുത്തേക്ക് വന്നിട്ട് അഭയിനെ പറ്റി പല കാര്യങ്ങളും പറഞ്ഞു.. ശീതൾ ചോദ്യഭാവത്തിൽ അച്ഛനെ നോക്കി.. എന്നിട്ടും മുഖവുരയില്ലാതെ അയാളോട് ചോദിച്ചു..
“അഭയിനെ കൊണ്ട് എന്നെ കല്യാണം കഴിപ്പിക്കാൻ അച്ഛന് വല്ല പ്ലാനുമുണ്ടോ?”
ജയദേവൻ ഒന്ന് ഞെട്ടിയെങ്കിലും അത് പുറമെ പ്രകടിപ്പിക്കാതെ ചോദിച്ചു.
“എന്താ നീ അങ്ങനെ ചോദിച്ചത്?”
“നമ്മുടെ ഓഫീസിൽ അവൻ ജോയിൻ ചെയ്ത ഡേറ്റ് മുതൽ കേൾക്കാൻ തുടങ്ങിയതാണ് ഈ അഭയ് പുരാണം.. കാള വാല് പൊക്കുന്നതു കാണുമ്പോളെ അതെന്തിനാണെന്ന് മനസിലാകുമല്ലോ.. അതുപോലെ എന്റെ മനസ്സിൽ നിന്നും ഹരീഷിനെ പറിച്ചെറിഞ്ഞിട്ട് പകരം അഭയിനെ പ്രതിഷ്ഠിക്കാനാണ് അച്ഛന്റെ പ്ലാൻ എങ്കിൽ അതച്ഛന്റെ ഒരിക്കലും നടക്കാത്ത സ്വപ്നം മാത്രമായിരിക്കും കേട്ടോ “..
“മോളെ.. നിന്റെ എല്ലാ ആഗ്രഹങ്ങൾക്കും ഒന്നും മിണ്ടാതെ സപ്പോർട്ട് ചെയ്തിരുന്ന ആളാണ് ഞാൻ.. പക്ഷേ ഹരീഷിന്റെ വിവാഹം കഴിഞ്ഞ സ്ഥിതിയ്ക്ക് ഇനിയിപ്പോൾ നിന്നെ അവൻ വിവാഹം കഴിച്ചാലും ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യ എന്ന ലേബലിൽ മാത്രമേ നീ അറിയപ്പെടുള്ളൂ.. എന്റെ എല്ലാ സ്വത്തിനും നീയാണ് അവകാശി.. അങ്ങനെയുള്ള നീ ഒരു രണ്ടാം കെട്ടുകാരന്റെ ഭാര്യ എന്നറിയപ്പെടാൻ ഞാൻ ആഗ്രഹിക്കുന്നില്ല “
“അച്ഛനോടും കൂടി ആലോചിച്ചിട്ടല്ലേ ഹരീഷിന്റെ ജീവിതത്തിലേക്ക് ഞാൻ ദീപ്തിയെ അയച്ചത്.. എന്നിട്ടിപ്പോൾ ഒന്നും അറിയാത്തത് പോലെ സംസാരിക്കുന്നതെന്താ? എനിക്ക് ഹരീഷിനെ വേണം.. അവന്റെ സ്ഥാനത്ത് ഇനി ഏതൊക്കെ കൊലകൊമ്പന്മാരെ അച്ഛൻ കൊണ്ട് നിർത്തിയാലും എന്റെ മനസ്സ് മാറില്ല.. ഇത് ശീതളിന്റെ വാശിയാണെന്ന് കൂട്ടിക്കോ.. ആഗ്രഹിച്ചതെന്തും സ്വന്തമാക്കണമെന്നുള്ള വാശി.. ഇതിനിടയിൽ ആരൊക്കെ സങ്കടപ്പെട്ടാലും ആരുടെ കണ്ണീരു വീണാലും എനിക്കൊരു പ്രശ്നവുമില്ല.. അച്ഛൻ പറഞ്ഞത് പോലെ ഹരീഷിനെക്കാൾ യോഗ്യന്മാരായ പയ്യന്മാരെ എനിക്ക് കിട്ടുമായിരിക്കും.. പക്ഷേ എനിക്ക് വേണ്ടത് അവനെ മാത്രമാണ്.. അമ്പാടിയുടെ മരുമകൾ സ്ഥാനം അത്രയും എന്നെ മോഹിപ്പിച്ചിട്ടുണ്ട് “
ജയദേവൻ കൂടുതൽ എന്തെങ്കിലും പറയുന്നതിന് മുൻപ് ശീതൾ തന്റെ റൂമിലേക്ക് പോയി.. അവൾ തന്റെ റൂമിലിരുന്ന് ആലോചിച്ചു.. അച്ഛന് ഒരുപാട് സ്വത്തുണ്ട്.. പക്ഷേ പറയാൻ നല്ലൊരു കുടുംബമോ പാരമ്പര്യമോ ഒന്നുമില്ല.. തന്നെയുമല്ല.. പൂനെയിൽ ബിസിനസ്സ് ആരംഭിച്ച അച്ഛൻ തുടക്കസമയത്തു കൂടെ ഉണ്ടായിരുന്ന ബിസിനസ് പാർട്ണറിനെ വഞ്ചിച്ചാണ് ഇത്രയും കോടീശ്വരനായതെന്ന് പൂനെയിലുള്ള അച്ഛന്റെ പഴയ ചങ്ങാതിമാർ പറയുന്നത് താൻ കേട്ടിട്ടുണ്ട്.. അച്ഛന്റെ പഴയ കഥകൾ ഈ നാട്ടിലുള്ളവർക്ക് അറിയാത്തത് കൊണ്ട് അവരുടെ മുന്നിൽ അച്ഛനൊരു നിലയും വിലയുമുണ്ട് എന്നിരുന്നാലും ആ പഴയ കാര്യങ്ങൾ സത്യമല്ലാതാകുന്നില്ലല്ലോ…
അമ്പാടി തറവാടും അവരുടെ സ്വത്തും തന്നെ അത്രയും സ്വാധീനിച്ചിട്ടുണ്ടെന്ന് ശീതളിന് തോന്നി.. ഹരീഷിനെ താനെപ്പോളെങ്കിലും ആത്മാർഥമായി സ്നേഹിച്ചിട്ടുണ്ടോയെന്ന് ശീതൾ സ്വയം ചോദിച്ചു നോക്കി…’ ഇല്ല ‘ എന്നായിരുന്നു അവളുടെ മനസാക്ഷി അവൾക്ക് നൽകിയ ഉത്തരം…
ഹരീഷ് കിടക്കാൻ നേരം അവന്റെ മനസ്സിൽ പതിവില്ലാതെ ഒരു നൊമ്പരം അനുഭവപ്പെട്ടു. ദീപ്തിയുടെ മുഖം മനസിലേക്ക് കടന്ന് വരുമ്പോൾ ആ നൊമ്പരത്തിന്റെ ആഴം കൂടുന്നത് പോലെ തോന്നുന്നു.. തന്റെ നെഞ്ചിൽ വീണു പൊട്ടിക്കരഞ്ഞ ശീതളിനെയും അവനോർമ വന്നു..’ സ്നേഹിച്ച പെണ്ണിനെ ഉപേക്ഷിക്കണോ അതോ താലി കെട്ടിയ ഭാര്യയെ ഉപേക്ഷിക്കണോ.. ‘ ആ ചോദ്യം അവന്റെ മനസിനെ ഉഴുതു മറിച്ചു.. ഉറങ്ങാനാകാതെ കിടക്കയിൽ അവൻ തിരിഞ്ഞും മറിഞ്ഞും കിടന്നു..
ഈ സമയം ദീപ്തിയും തന്റെ കിടക്കയിൽ എഴുന്നേറ്റിരിക്കുകയായിരുന്നു.. തന്റെ താലിമാല എടുത്തുയർത്തിക്കൊണ്ട് അവൾ മനസിലോർത്തു ‘ ഒരു നാടകത്തിന്റെ ബാക്കിപത്രം ‘.. അവൾക്ക് ഒരേസമയം തന്നോട് ദേഷ്യവും പുച്ഛവും തോന്നി.. ഇനിയും ഈ താലിയും കഴുത്തിലിട്ട് കൊണ്ട് നടക്കുന്നതെന്തിനാണെന്ന് സ്വയം ചോദിച്ചപ്പോൾ അവൾക്കൊരു ഉത്തരം കിട്ടിയതുമില്ല..
രാവിലെ, ഹരീഷ് കിടക്കയിൽ എഴുന്നേറ്റിരുന്നപ്പോൾ തലേദിവസത്തെ പലസംഭവങ്ങളും അവന്റെ മനസിലേക്ക് കടന്ന് വന്നു.. ദീപ്തിയെ ഒന്ന് കാണണമെന്ന് മനസ്സിൽ വല്ലാത്ത ആഗ്രഹം തോന്നി.. ഇന്ന് ഓഫീസിൽ പോകുമ്പോൾ അവളുടെ വീടിന് മുന്നിൽ കൂടി പോകാം.. അവൾ മുറ്റത്തെങ്ങാനും നിൽക്കുന്നുണ്ടെങ്കിൽ ഒരുനോക്ക് കാണാമല്ലോ എന്ന് മനസ്സിൽ കരുതിക്കൊണ്ട് അവൻ റെഡിയായി.. തന്റെ മനസിന് എന്താ സംഭവിക്കുന്നതെന്ന് ഹരീഷിന് മനസിലായില്ല.. ദീപ്തിയോട് തനിക്ക് സഹതാപമാണോ അതോ സ്നേഹമാണോ എന്ന് പോലും തിരിച്ചറിയാൻ കഴിയുന്നില്ല .. എങ്കിൽ പോലും ആ മുഖം ഒരിക്കൽ കൂടി കാണാൻ തോന്നുന്നു..
ഹരീഷ് ഓഫീസിൽ പോകുമ്പോൾ ദീപ്തിയുടെ വീടിന് മുന്നിൽ കൂടിയാണ് പോയത്.. അവളുടെ വീടിന് മുന്നിലെത്തിയപ്പോൾ കാറിന്റെ വേഗത കുറച്ച് അവൻ പാളി നോക്കി.. വീട്ടുമുറ്റത്തെ ചെടികൾക്ക് വെള്ളം ഒഴിച്ചു കൊണ്ട് ദീപ്തി അവിടെ നിൽക്കുന്നുണ്ടായിരുന്നു.. വിദൂരതയിൽ എങ്ങോ കണ്ണുംനട്ട് സ്വപ്നത്തിലെന്ന പോലെയാണ് ദീപ്തി അവിടെ നിന്നിരുന്നത്.. ഹരീഷിന്റെ മിഴികളിൽ ഈറൻ പൊടിഞ്ഞു.. അവൻ കാറിന്റെ വേഗത കൂട്ടി.. ഓഫീസിൽ എത്തിയപ്പോൾ അവിടത്തെ ഓരോ തിരക്കുകളിൽ ഏർപ്പെട്ടപ്പോൾ അവന്റെ മനസിന്റെ നൊമ്പരത്തിനു തെല്ലൊരാശ്വാസം വന്നു… അച്ഛനും അനിയനും കൺസ്ട്രക്ഷൻ സൈറ്റിൽ ആയത് കൊണ്ട് ഹരീഷിനായിരുന്നു ഓഫീസിലെ ഉത്തരവാദിത്തം മുഴുവൻ..
ഉച്ചയോടടുത്ത സമയം,അമ്പാടി കൺസ്ട്രക്ഷൻസിന്റെ പുതിയ വർക്ക് നടക്കുന്നിടത്ത്, പകുതി പണി തീർന്ന കെട്ടിടത്തിന്റെ ഒരുവശം ഇടിഞ്ഞു വീണതിനെ തുടർന്ന് 2 തൊഴിലാളികൾ മരിക്കുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പുതിയതായി ജോയിൻ ചെയ്ത എഞ്ചിനീയർ തട്ടിപ്പ് കാണിച്ചതാണ് അപകടത്തിനു കാരണം. എന്നാലും കമ്പനി രാമചന്ദ്രന്റെ പേരിലായതു കാരണം പോലീസെത്തി അയാളെ അറസ്റ്റ് ചെയ്തു. തല്കാലത്തേക് നടന്നു കൊണ്ടിരുന്ന എല്ലാ പണികളും നിർത്തി വച്ചു. രാമചന്ദ്രനെ പോലീസ് അറസ്റ്റ് ചെയ്ത വാർത്ത കാട്ടുതീ പോലെ അവിടെ പടർന്നു….
ശീതളിന്റെ അച്ഛൻ ആ വാർത്തയറിഞ്ഞയുടനെ അവളുടെ അടുത്തെത്തി..
“മോളെ, അമ്പാടിക്കാരുടെ പതനമായിരിക്കുo ഇനിയുണ്ടാകുക. ഈ അവസ്ഥയിൽ നിന്നു ഉടനെയൊന്നും കരകയറാൻ രാമചന്ദ്രന് സാധിക്കില്ല, അവനെ വിശ്വസിച്ചു ഇനിയാരും വർക്ക് ഒന്നും ഏൽപിക്കില്ല, തന്നെയുമല്ല മരിച്ചു പോയവരുടെ വീട്ടുകാർക്കുള്ള നഷ്ടപരിഹാരവും, അപകടപെട്ടവർക്കുള്ള നഷ്ടപരിഹാരവും, പിന്നെ ആ കെട്ടിടം തകർന്നതിന്റെ…എല്ലാം കൂടെ നല്ലൊരു തുകയാകും”
“അച്ഛൻ എന്താ ഉദ്ദേശിക്കുന്നത്? “
“അത്രയും പണമൊന്നും ഒരുമിച്ചെടുക്കാൻ രാമചന്ദ്രന്റെ കയ്യിൽ എന്തായാലും ഉണ്ടാകില്ല, അവന്റെ പൈസ പല വർക്ക് സൈറ്റുകളിലായി പെട്ട് കിടക്കുകയല്ലേ…നിനക്ക് വേണ്ടി വേണമെങ്കിൽ അച്ഛൻ അവരെ സഹായിക്കാം “
” അച്ഛനറിയാമല്ലോ… ഹരീഷിന്റെ സൗന്ദര്യം കണ്ടു പ്രേമിച്ചതല്ല ഞാൻ. അമ്പാടിയിലെ രാമചന്ദ്രന്റെ മകൻ എന്നൊരു മേന്മ മാത്രമേ ഞാൻ ഹരീഷിൽ കണ്ടുള്ളു, ഈ ഒരു വാർത്തയോട് കൂടി അതു തകർന്നു.ഇനിയെത്ര ശ്രമിച്ചാലും അവർക്ക് ആ പഴയ പ്രതാപം വീണ്ടെടുക്കാൻ പറ്റില്ല, പിന്നെയെന്തു പ്രേമം, എന്തായാലും എനിക്കവനോട് ദിവ്യപ്രണയം ഒന്നുമല്ലല്ലോ? അവന്റെ ഇപ്പോളത്തെ സാഹചര്യത്തിൽ ദീപ്തിയെപോലെ ഒരു പ്രാരബ്ധക്കാരി തന്നെയാണ് അവനു ചേരുന്നത് “
ജയദേവന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു.മകളെ ചേർത്തു നിർത്തി അഭിമാനത്തോടെ അയാൾ പറഞ്ഞു.
“നീ എന്റെ മോൾ തന്നെ, നഷ്ടം വരുന്ന ഒരു കച്ചവടത്തിലും നീ ഏർപ്പെടില്ല “
ശീതൾ അച്ഛന്റെ നേർക്ക് നോക്കി പുഞ്ചിരിച്ചു..
തന്റെ മൊബൈലിൽ ഹരീഷിന്റെ കാൾ കണ്ടതും ശീതൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തു.
“സോറി ഡിയർ, ഇത്ര വലിയ ബാധ്യത എടുത്തു വയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല “
എന്നവൾ ആത്മഗതം പോലെ പറഞ്ഞു.
ഹരീഷ് ശീതളിന്റെ നമ്പർ വീണ്ടും ഡയൽ ചെയ്തപ്പോൾ സ്വിച്ചഡ് ഓഫ് എന്ന് കേട്ടതും ഇനി എന്ത് ചെയ്യണമെന്നറിയാതെ ഒരുനിമിഷം ആലോചനയോടെ നിന്നു..
തുടരും….