റിയ ആ ഫോട്ടോയിലേക്കു അൽപനേരം നേരം നോക്കിയിരുന്നു. ഇരുണ്ടു മെലിഞ്ഞു ഭംഗി തീരെ ഇല്ലാത്ത ഒരാൾ

പ്രണയം

Story written by AMMU SANTHOSH

റിയ ഉദ്വേഗത്തോടെ നോക്കികൊണ്ടിരുന്നു ആശ്വാസം അവന്റെ പച്ച വെളിച്ചം തെളിഞ്ഞു . ഇന്നാണ് തരാമെന്നു പറഞ്ഞിരിക്കുന്നത് “ഹായ് “ഒരുഹായ് ടൈപ് ചെയ്തു അയച്ചു അവൾ നോക്കി ഇരുന്നു. മറുപടി ഇല്ല

തിരക്കാകും ഒന്ന് കൂടി അയക്കാം, അതാ പച്ച വെളിച്ചം അണഞ്ഞല്ലോ, ശെടാ ഇനി എന്ത് ചെയ്യും. അവൾ റിയ പദ്മനാഭൻ എഴുത്തുകാരി ആണ് .ഓൺലൈൻ എഴുത്തുകാരി .പ്രണയത്തെക്കുറിച്ചും മഴയെ ക്കുറിച്ചും മേഘങ്ങളെ കുറിച്ചും മനോഹരമായ കഥകൾ എഴുതുന്നവൾ പക്ഷെ വായനാദാരിദ്ര്യം ഉള്ള ഒരാൾക്ക് എത്ര നാൾ പിടിച്ചു നിൽക്കാനാവും ..ലൈക് കളുടെയും കമന്റുകളുടെയും എണ്ണം കുറഞ്ഞപ്പോളാണ് അവൾ അത് ശ്രദ്ധിച്ചത് .പക്ഷേ എത്ര ശ്രമിച്ചിട്ടും എഴുതുന്നതിനു പഴയ വേഗം കിട്ടുന്നുമില്ല ..പുതിയ എഴുത്തുകാർ ധാരാളം വരുന്നു ധാരാളം ലൈകും കമ്മന്റും അവരുടെ കഥക്കും കവിതക്കും കിട്ടുന്നു അവൾക്ക്‌അസൂയ കൊണ്ട് ആകെ ഉറക്കംപോയി

അങ്ങനെ ഒരു നാൾപലരെയുംശ്രദ്ധിച്ചകൂട്ടത്തിലാണ് ആ എഴുത്തു കണ്ണിൽ തടഞ്ഞത് ..അസാധ്യമായ എഴുത്തു ആയിരുന്നു അത്. വാക്കുകൾ സാഹിത്യഭംഗി കൊണ്ടും ആശയനിറവു കൊണ്ടും സമ്പുഷ്ടം ..പേര് അവൾ നോക്കി “ആഷിക് ജോസഫ് ” വെറുതെ ഒന്ന് സെർച്ച് ചെയ്തു നോക്കി ..!ഈശ്വര പതിനായിരത്തിലധികം ഫോളോവേഴ്സ് ഉള്ള ഒരാൾ ” ഓരോന്ന് വായിച്ചു നോക്കി ആനുകാലിക പ്രശ്നങ്ങൾ മുതൽ കഥകൾ കവിതകൾ എന്ന് വേണ്ട … എല്ലാം വിളമ്പിയ ഒരു ഇല സദ്യ പോലെ ഒരു പേജ് ..അവൾ ഒരു ഫ്രണ്ട് റിക്വെസ്റ് അയച്ചു കാത്തിരുന്നു.കുറച്ചു വൈകിയാണ് സ്വീകരിച്ചത്.

എപ്പോളും ഓൺലൈനിൽ കാണാത്ത ഒരാൾ ..റിയ ഒരു ദിവസം ആ പച്ച വെളിച്ചം കണ്ടപ്പോൾ ഒരു സന്ദേശം അയച്ചു

“കഥകളൊക്കെ ഉഗ്രൻ” കുറച്ചു കഴിഞ്ഞെങ്കിലെന്താ മറുപടി കിട്ടി “നന്ദി” അത് ഒരു തുടക്കം ആയിരുന്നു .അധികം സംസാരിക്കാത്ത അന്തർമുഖനായ ആഷിക്കിന്റെ ജീവിതത്തിലേക്ക് അവൾ പെട്ടെന്ന് നടന്നു കയറി..ആർക്കുമാർക്കും തുറക്കാത്ത അവന്റെ ഹൃദയത്തിന്റെ വാതിലുകൾ നിഷ്പ്രയാസം തുറന്നു ഒരു മഴനിലാവ് പോലെ അവൾ. ആഷിക്കിന്റെ പ്രൊഫൈലിൽ ഒരു ചിത്രശലഭത്തിന്റെ പടമായിരുന്നു

“എനിക്ക് നിന്റെ ഒരു ഫോട്ടോ വേണം” റിയ ആവശ്യപ്പെട്ടു

“എന്തിനാ അത്?”

“കാണാൻ”റിയ മധുരം നിറഞ്ഞ ഒരു ശബ്ദസന്ദേശം അയച്ചു

“എന്തിനാ കാണുന്നത്?”

“എനിക്കിഷ്ടമായിട്ട് “

അവൻ കാണാൻ ഇരുണ്ടിട്ടായിരുന്നു ..റിയ ആ ഫോട്ടോയിലേക്കു അൽപനേരം നേരം നോക്കിയിരുന്നു ഇരുണ്ടു മെലിഞ്ഞു ഭംഗി തീരെ ഇല്ലാത്ത ഒരാൾ

“ഇഷ്ടം പോയോ?”

“ഇഷ്ടം കൂടി ” അവൾ മറുപടി സന്ദേശം അയച്ചു (തനിക്കു ഇവനെ എന്തിനാണ് എന്ന് ഇവന് അറിയില്ലല്ലോ ) പ്രണയം ചുകപ്പാർന്ന പനിനീർപ്പൂ പോലെ ആണെന്നും വേനലിൽ പെയ്യുന്ന മഴയുടെ പാട്ടു പോലെ ആണെന്നും അവൾ പറഞ്ഞു

“എനിക്ക് നിന്നോട് പ്രണയമാണ് എന്ന് തോന്നുന്നു ” അവൾ പറഞ്ഞു. അവൻ അതിനു മറുപടി കൊടുത്തില്ല

“നിന്റെ കഥകൾ എന്ത് രസമാണ് “

“നീയും നന്നായി എഴുതുമല്ലോ?”

“നിന്റെ കഥകളുടെ അത്ര നന്നല്ല ….എനിക്ക് നിന്റ ഒരു കഥ തരാമോ ? ആരും കാണാത്തത്?” ഒരു ദിവസം അവൾ ചോദിച്ചു

“പിന്നെന്താ ?” അവൻ പിറ്റേന്ന് മനോഹരമായ ഒരു കഥ അവൾക്കയച്ചു കൊടുത്തു

“നീ നിന്റെ പേരിൽ പോസ്റ്റ് ചെയ്തോളു”

അവളതു കേൾക്കാത്ത താമസം അത് പോസ്റ്റ് ചെയ്തു .അഭിനന്ദനങ്ങളുടെ പ്രവാഹമായിരുന്നു പിന്നീട് ലൈക്കുകളും കമന്റുകളും കൊണ്ട് അവളുടെ പേജ് നിറഞ്ഞു സന്ദേശം കൊണ്ട് ഇൻബൊക്സും …പിന്നീട് അത് ഒരു പതിവ് ആയി. ഇന്ന് ഒരു കവിത തരാമെന്നാണ് പറഞ്ഞിരിക്കുന്നത്. അവന്റെ ഒരു ശബ്ദസന്ദേശം വന്നപ്പോൾ അവൾ ഹെഡ് സെറ്റ് ചെവിയിൽ വെച്ചു

“റിയ ..നീ എന്നോടടുത്തതും ഇപ്പോൾ ഈ അടുക്കുന്നതും എന്തിനാണ് എന്ന് എനിക്ക് നന്നായി അറിയാം …അത് മനസിലാക്കാതിരിക്കാൻ മാത്രംബുദ്ധി ശൂന്യൻ അല്ല ഞാൻ ..അറിഞ്ഞു കൊണ്ട് കോമാളി ആകുന്നത് ഒരു രസമാണ്..എനിക്കതു ഇഷ്ടമാണ് ..എന്തിന്റെ പേരിലാണ് എങ്കിലും നിനക്കായി എന്റെ കഥകളും കവിതകളും തരുന്നതും ഇഷ്ടമാണ് കാരണം നീ ഞാൻ തന്നെ ആണ് ..ലൈക്കുകളും കമന്റുകളും എന്നെ ഭ്രമിപ്പിക്കില്ല റിയ .പക്ഷെ നിന്നോടുള്ള പ്രണയം ഇപ്പോൾ ഒരു ലഹരി പോലെ എന്നെ കീഴ് പ്പെടുത്തി കഴിഞ്ഞിരിക്കുന്നു ..അക്ഷരങ്ങൾ ഈ പ്രണയത്തിനു മുന്നിൽ പിണങ്ങിയ പോലെ. ഒന്നും എഴുതാൻ ആവുന്നില്ല ..ഞാൻ ഒരു അവധി എടുക്കുകയാണ് ഒരു യാത്ര പോകുന്നു ..കുറച്ചു കവിതകളും കഥകളും അടങ്ങിയ ഒരു ഫയൽ ഞാൻ നിന്റെ മെയിലിൽ അയച്ചിട്ടുണ്ട് ..കുറെ നാളെത്തേക്കു നിനക്ക് അത് ഉപകരിക്കും ധാരാളം വായിക്കുക ..അക്ഷരങ്ങളുടെ നല്ല കൂട്ടുകാരി ആകുക ..അപ്പോൾ നിനക്ക് ആരെയും ആശ്രയിക്കാതെ എഴുതാൻ പറ്റും ..”

താൻ ഭൂമിയിലേക്ക് അല്ല അതിനടിയിലേക്കു താഴ്ന്ന് പോകും പോലെ അവൾക്കു തോന്നി ..ഒരു അമീബയെക്കാൾ ചെറുതായതു പോലെ …അവൻ പോയി ..അവളുടെ മെയിലിൽ വന്ന ഫയൽ അവൾ തുറന്നു നോക്കിയില്ല ..താൻ അവനെ സ്നേഹിച്ചിരുന്നു ..അതെപ്പോൾ ആയിരുന്നു അവൾക്കു ഓർത്തെടുക്കാൻ കഴിഞ്ഞില്ല .ഒരു കാടു പോലെ അവളുടെ ഉള്ള്കത്തികൊണ്ടിരുന്നു .അവന്റെ ശബ്ദം കേൾക്കാതെ ഭ്രാന്ത് പിടിക്കുന്ന അവസ്ഥ. അവന്റെ കഥകളല്ല അവനെയാണ് താനിത്രനാൾ പ്രണയിച്ചു കൊണ്ടിരുന്നത് എന്നവൾക്കു തിരിച്ചറിവ് വരിക ആയിരുന്നു. ഓരോ ദിവസവും റിയ നോക്കികൊണ്ടിരുന്നു ഇന്ന് വന്നേക്കും പറയണം

“എന്നോട് ക്ഷമിക്കു ആഷി …എനിക്ക് നിന്റെ കഥയോ കവിതയോ വേണ്ട നിന്നെ മതി”

ആഷിക് ലാപ്ടോപ്പിലെ റിയയുടെ ചിത്രത്തിലേക്ക് നോക്കിയിരുന്നു. അവൾ ഒന്നും എഴുതാതെ ആയിട്ടു ഒരു മാസം കഴിഞ്ഞിരിക്കുന്നു. അവളുടെ സന്ദേശങ്ങൾ ഒന്നുമില്ല. അവൾ എവിടെയാണ് ?

റിയ വായനമുറിയിൽ ആയിരുന്നു .. “മോളെ ആരോ കാണാൻ വന്നിട്ടുണ്ട് ” അമ്മ വാതിൽക്കൽ വന്നപ്പോൾ അവൾ എഴുനേറ്റു

ആഷിക്..

റിയയുടെ കണ്ണുകൾ ഒറ്റ നിമിഷം കൊണ്ട് നിറഞ്ഞു കവിഞ്ഞു .അവൾ പെട്ടെന്നു തുടച്ചു ചിരിച്ചു

“ഇരിക്ക് “

“റിയ ഇപ്പോൾ എഴുതാറില്ല?” അവൻ ചോദിച്ചു

“ഇല്ല” റിയ മെല്ലെ പറഞ്ഞു

“ഞാൻ അയച്ചു തന്നിരുന്നല്ലോ” അവൾ ദയനീയമായി അവനെ ഒന്ന് നോക്ക”

“എനിക്ക് അതൊന്നും വേണ്ട ആഷി ..ഞാൻ ഞാൻ..” അമ്മ ചായയും കൊണ്ട് വന്നപ്പോൾ അവൾ വേഗം നിർത്തി

“അമ്മെ ഇത് ആഷിക് ഞാൻ പറഞ്ഞിട്ടില്ലേ?”

“ഉവ്വ് ധാരാളം കേട്ടിരിക്കുന്നു..മോനെ കുറിച്ച് പറയാത്ത ഒറ്റ ദിവസം ഇല്ല. കഥകളൊക്കെ വായിച്ചിട്ടുണ്ട് ..നല്ല കഥകൾ..” അമ്മ ചിരിച്ചു. ആഷിക് ഒരു മറുചിരി പകരം കൊടുത്തു

അവൻ ഇറങ്ങുകയായി. റിയയുടെ ഹൃദയം ശക്തി ആയി മിടിച്ചു കൊണ്ടിരുന്നു

“റിയ ഞാൻ നിന്നെ സ്നേഹിക്കുന്നു ..”അവൻ ചെറു ചിരിയോടെ പറഞ്ഞു. റിയയുടെ ഉടൽ വിറയാർന്നു ..

“എന്നോട് വെറുപ്പ് തോന്നുന്നില്ലേ?” അവൾ കണ്ണീരോടെ ചോദിച്ചു

“നിനക്കെന്റെ കുഞ്ഞുങ്ങളുടെ അമ്മയാകാമോ?അവൻ കുസൃതിയോടെ അവളുടെ മൂക്കിന് തുമ്പിൽ പിടിച്ചു

“ആഷി പ്ളീസ് “

“നിനക്ക് അത്രേം ശിക്ഷ എങ്കിലും വേണ്ടേ ?”

റിയയുടെ വെളുത്തു സുന്ദരമായ മുഖത്ത് ഒരു പുഞ്ചിരി വന്നു മഴമാറി ആകാശത്തു മഴവില്ലു വിരിഞ്ഞത് പോലെ ആയിരുന്നു അത് .അത്ര മനോഹരമായത്.