മിഴികളിൽ ~ ഭാഗം 12, എഴുത്ത്: മാനസ ഹൃദയ

മുൻഭാഗം വായിക്കാൻ ക്ലിക്ക് ചെയ്യൂ…

“”വരും…നിന്നെ സ്വന്തമാക്കും… ആ കുഞ്ഞിന്റെ കൂടെ നമ്മൾ ജീവിക്കേം ചെയ്യും…… “”

ഉറച്ച ശബ്‌ദത്തോടെയവൻ പറഞ്ഞു… ശേഷം അവളെ ഒന്ന് കൂടി നോക്കി കൊണ്ട് മുറി വിട്ടിറങ്ങി… അപ്പോഴേക്കും ഹൃതികയുടെ മമ്മി കാപ്പിയും കൊണ്ട് എത്തിയിരുന്നെങ്കിലും അവൻ സ്നേഹത്തോടെ നിരസിച്ചു…… ആ സമയം അവന്റെ പ്രവൃത്തികളിൽ ആകെ മനം നൊന്ത വേദനയിലിരിക്കുവാനെ ഹൃതികക്ക് കഴിയുന്നുണ്ടായിരുന്നുള്ളു…

????????????

എഴുതാനുള്ളതൊക്കെ എഴുതി വച്ച് ഒരു ബുക്കും എടുത്തു വായിക്കാനിരുന്നതായിരുന്നു കൃഷ്ണ… പക്ഷെ പഴേ പോലെ പഠിക്കാനൊന്നും കഴിയാത്തത് പോലെ തോന്നി അവൾക്ക്… ശരീരമാകെ വേദന പോലെ….. വല്ലാത്ത ക്ഷീണം പോലെ…….

പതിയെ അവളാ കിടക്കയിൽ കിടന്നു… ഒട്ടും സമാധാനം കൃഷ്ണയ്ക്ക് കിട്ടുന്നുണ്ടായിരുന്നില്ല… വെറുത കരച്ചിലൊക്കെ വരാൻ തുടങ്ങി……

“ഈ ദുഃഖങ്ങൾക്കൊക്കെ ഇനി എപ്പോഴാണാവോ ഒരവസാനം ഉണ്ടാവുക “”‘

വെറുതെയവൾ മനസ്സിലോർത്തു…. ക്ഷീണം വല്ലാതെ കൂടിയപ്പോൾ പെണ്ണ് അവിടെ കിടന്നു മയങ്ങിയിരുന്നു.

അന്ന് നേരം വല്ലാതെ ഇരുട്ടിയ ശേഷമായിരുന്നു ഋഷി വീട്ടിലേക്ക് കയറി വന്നത്..കാലുകളുറക്കാതെ അവൻ ആടി കൊണ്ടിരുന്നു.

“”ഇത്രയും നേരം എവിടെയായിരുന്നു”

ഋഷി അകത്തേക്ക് എത്തിയപ്പോൾ ദാസച്ഛനായിരുന്നു ചോദിച്ചത്….

“”മഹ്…. എ.. എവിടേം ഇല്ലാ… “””

ആ ശബ്ദം കേട്ടതും അദ്ദേഹം അവനെ തന്നെ സൂക്ഷിച്ചു നോക്കി.. അവൻ നന്നായി കുടിച്ചിട്ടുണ്ടെന്ന് ദാസച്ഛന് മനസിലായിട്ടുണ്ടായിരുന്നു …..

“”എനിക്ക് ഉറക്കം വരുന്നു….. “

ആരോടും ഒന്നും സംസാരിക്കാൻ താല്പര്യമില്ലാതെയവൻ മുറിയിലേക്ക് കയറി പോയി….ഇടക്ക് പടികൾ കയറുമ്പോഴവൻ വീഴാൻ തുടങ്ങുന്നുണ്ടായിരുന്നു….. അവൻ കൺ മറഞ്ഞു പോകും വരെ ഒരു വിഷമതയോടെ ദാസച്ഛൻ നോക്കി നിന്നു.

??????????

“”നോ… നെവർ…… “””

ഋഷിയുടെ ഒരു അലർച്ചയോടെയായിരുന്നു പിറ്റേ ദിവസം കൃഷ്ണ ഉറക്കത്തിൽ നിന്നും ഞെട്ടി എഴുന്നേറ്റത്……. ഒരു നിമിഷമവൾ ചുറ്റുമൊന്നു നോക്കി…. പിന്നെ പതിയെ എഴുന്നേറ്റ് മുറി തുറന്ന് പുറത്തേക്കു വന്നതും നളിനിയമ്മയും ദാസച്ഛനും അങ്കലാപ്പോടെ നിൽക്കുന്നതായിരുന്നു കണ്ടത്….

“” എന്താ ദാസച്ഛ….. “”

“”അറിയില്ല…. മുകളിലേക്ക് പോയി നോക്കട്ടെ “”

“””എന്റെ മോൻ ….. “”

നളിനിയമ്മ ധൃതി പിടിച്ച് വേഗം തന്നെ മുകളിലേക്ക് ചെന്നു . പിന്നാലെ ദാസച്ഛനും…….

“”പോയി. .. പോയമ്മാ….. ന്റെ ഹൃതു പോയി…….. “”””

ആകെ തളർന്ന അവസ്ഥയിൽ പൊട്ടിക്കരയുകയായിരുന്നു ഋഷി…

“അവള് ഈ ലോകത്തുന്നു തന്നെ പോയി .. അങ്ങനെ.. അങ്ങനെ അവള് പോകുവോ… ഇല്ലാ… ഇല്ലാ… ഞാനിത് വിശ്വസിക്കില്ല…. “”

പിന്നെയും അവൻ പിറുപിറുത്തു കൊണ്ടിരുന്നു… ശേഷം ഒരു നിമിഷം പോലും മാറ്റി വെയ്ക്കാതെ താഴേക്കിറങ്ങി. ഒരു തവണ കൃഷ്ണയെ തന്നെ നോക്കി

“എ.. “”

അവൾ എന്തോ ചോദിക്കാനൊരുങ്ങി..എങ്കിലും വക വയ്ക്കാതെ ഋഷി വീട്ടിൽ നിന്നുമിറങ്ങുകയായിരുന്നു ചെയ്തത്….

“”‘നിങ്ങളും കൂടി ഒന്ന് ചെല്ല് ദാസേട്ടാ… അവനെ ഒറ്റയ്ക്ക് പറഞ്ഞയക്കെണ്ടാ…. “””

അവർക്കെല്ലാവർക്കും പരിഭ്രമമുണ്ടെന്നല്ലാതെ കൃഷ്ണയ്ക്ക് യാതൊന്നും മനസിലാകുന്നില്ലായിരുന്നു …അവൾ താഴെക്കിറങ്ങി വരുന്ന ദാസച്ഛനെ പിടിച്ചു വച്ചു….

“”എന്താ… എന്താ അച്ഛാ…ഒന്ന് പറ… “”

“”ഹൃതിക…. ആ കുട്ടി പോയ് മോളെ…കൂടുതലൊന്നും എനിക്കറിയില്ല…. ഞാനും അവന്റെ പിന്നാലെ ചെല്ലട്ടെ….. “””

ദാസച്ഛൻ പറഞ്ഞത് കേട്ടപ്പോൾ ആകെ ഞെട്ടി തരിച്ചു പോയി കൃഷ്ണ…. അവളുടെ മനസിൽ ഹൃതികയുടെ സംസാരം തറഞ്ഞു നിന്നു……. ആാാ മുഖം വേദനയായ് മാറി…..

“”അച്ഛാ…. ഞാൻ കൂടെ….? “”

“”വേണ്ട…… “”

അത്രയും പറഞ്ഞ് ദാസച്ഛൻ ഇറങ്ങി…..ഹൃതിക ജീവനോടെയില്ലെന്ന് കൃഷ്ണയ്ക്ക് വിശ്വാസം പോലും വന്നില്ലായിരുന്നു……. അവൾ ഒരു നിമിഷം അരികത്തെ സോഫയിൽ ഇരുന്നു….ഒരിറ്റ് കണ്ണീർ ഹൃതികയ്ക്കായ് അവളുടെ മിഴികളിൽ നിന്നും ഇറ്റു വീഴുന്നുണ്ടായിരുന്നു…..

??????????

വണ്ടി ഹൃതികയുടെ വീട്ടിലെത്തിയപ്പോൾ ഋഷിയുടെ കൈ കാലുകൾ വിറയ്ക്കുവാൻ തുടങ്ങി….കേട്ട വർത്ത വിശ്വസിക്കണം എന്ന പോലെ ആൾക്കാർ അവിടേക്കു പോകുന്നതും വരുന്നതും അവന്റെ മിഴികളിൽ പതിഞ്ഞു…. നേരിയ രീതിയിലുള്ള കരച്ചിൽ കാതിൽ വന്നലച്ചു… വീണ്ടും ഹൃതികയുടെ ചിരിക്കുന്ന മുഖം മനസിലേക്ക് കയറി വന്നു… അത്രമേൽ പ്രിയപ്പെട്ടവൾ ….. അവളെയൊന്ന് ചേർത്ത് പിടിച്ചു കരയാൻ പോലും പറ്റില്ലല്ലോയെന്നോർത്തവൻ നീറി….

“””വാ…. മോനെ… പോയി കണ്ടിട്ട് വരാം…””

സീറ്റിൽ ചാര്ന്നിരുന്നു കൊണ്ട് അവൻ ഒരു തവണ കൂടി കണ്ണീർ ഒപ്പി..അത് കണ്ടിട്ടാവണം ദാസച്ഛൻ അവന്റെ തോളിൽ തട്ടുന്നുണ്ടായിരുന്നു….

“” ഋഷി.. നീ സംയമനം പാലിക്കണം….. പ്ലീസ് “

അച്ഛന്റെ വാക്കുകൾ കേട്ടപ്പോൾ അവൻ ശ്വാസമോന്നെന്തി വലിച്ചു… പിന്നെ കയ്യിൽ ഒരു ടവൽ കരുതി കൊണ്ട് കാറിൽ നിന്നും പുറത്തേക്കിറങ്ങി ..സഹിക്കാൻ പറ്റാത്ത വേദന അവന്റെ മനസ്സിൽ തറഞ്ഞു നിന്നു…..

“”ഇന്നലെ മുതലേ എന്റെ കുട്ടിക്ക് വയ്യായിരുന്നു……. എന്തോ സങ്കടം ഉണ്ടെന്ന് എനിക്ക് തോന്നീതാ…. ഞാൻ എത്ര വട്ടം ചോദിച്ചന്നറിയോ….. പക്ഷെ അവൾ ഒന്നും പറഞ്ഞില്ല …. ഇപ്പോ ദേ ഒന്നും മിണ്ടാതെ ഞങ്ങളെയൊക്കെ വിട്ടവൾ പോയേക്കുവാ ….ഒന്ന് ചലിക്കാൻ കഴിയില്ലേങ്കിൽ എന്താ… എന്റെ പൊന്നുമോളെ ആാാ അകത്തു കേറി നോക്കിയാൽ എന്നും കാണുല്ലോ…അത് മതിയായിരുന്നു ഈ അമ്മക്ക് …… ന്റെ മോളെ…….അയ്യോ…… എനിക്ക് സഹിക്കാൻ വയ്യേ . “”

ഓരോന്ന് പറഞ്ഞ് കൊണ്ട് തലയിൽ കൈ വച്ചു കരഞ്ഞു ഹൃതുടെ മമ്മി..അതൊക്കെ കേൾക്കുമ്പോൾ ഋഷിക്കാകേ സമനില തെറ്റി പോകും പോലെയാകുന്നുണ്ടായിരുന്നു …… ഒരു നിമിഷം….. കിടത്തിയിരിക്കുന്ന ഹൃതുവിന്റെ മുഖത്തേക്ക് അവൻ നോക്കി…… പൊട്ടി പൊട്ടി കരയുവാൻ തോന്നി അവന്…. എത്ര അടക്കിയിട്ടും കരച്ചിലിന്റെ ശബ്ദം പുറത്തേക്ക് വരുന്നുണ്ടായിരുന്നു…അവന്റെ ചുണ്ടുകൾ സങ്കടത്താൽ വിതുമ്പുന്നുണ്ടായിരുന്നു….

“”ഇന്നലെ മുതലേ എന്തോ വയ്യാണ്ടുണ്ടായിരുന്നു….. ഇന്ന് രാവിലെ നോക്കിയപ്പോ വിളിച്ചിട്ട് എഴുന്നേറ്റില്ല….. ഡോക്ടറെ കൂട്ടി കൊണ്ട് വന്നപ്പോഴാ പറഞ്ഞെ സൈലന്റ് അറ്റാക് ആയിരുന്നു എന്ന് …പറഞ്ഞിട്ടെന്താ… രണ്ട് വർഷായില്ലേ ഈ കിടപ്പ്….അത്രേ ജീവിതയോഗം കാണു “”

ആ വീട്ടിലേ കാര്യസ്ഥൻ ദാസച്ഛനോട്‌ പറഞ്ഞു…. എല്ലാം ഋഷിയുടെ ചെവിയിലും കേൾക്കുന്നുണ്ടായിരുന്നു… അവൻ ഇന്നലെ ഹൃതികയെ കാണാൻ വന്നത് ഓർത്തു…. ഇന്നലെ വരെ ആ ശബ്ദം ഞാൻ കേട്ടതല്ലേ…ഇന്നലെ വരെ തന്റരികിൽ ഉണ്ടായിരുന്നവൾ അല്ലേ…. എന്നെ ചേർത്ത് പിടിച് ഒരു മുത്തം നീ എനിക്ക് തന്നപ്പോൾ അത് അവസാനമായ് എനിക്ക് കിട്ടുന്നതായിരിക്കും എന്ന് ഞാൻ കരുതീല ഹൃതു……

ഓർക്കുമ്പോൾ തല പെരുക്കും പോലെ തോന്നി ഋഷിക്ക്… അവൻ ഒന്നുകൂടി ഹൃതികയുടെ മുഖത്തേക്ക് നോക്കി…..

“”വയ്യാ…. ഈ കിടപ്പ് അധിക നേരം കാണാൻ വയ്യാ… “”

അവസാനമായ് ഒരു നോക്ക് കണ്ട് തൃപ്തി അടഞ്ഞതും അവൻ ദാസച്ഛനെ വീട്ടിലേക്ക് തിരിക്കാം എന്ന മട്ടിൽ കണ്ണുകൾ കാട്ടി……

????????

✍️✍️✍️ഹൃതിക…ഞാൻ ഇന്ന് ഇത്തിരിയെങ്കിലും മനസമാധാനത്തിൽ നിൽക്കുന്നുണ്ടെങ്കിൽ അത് നീ എനിക്ക് തന്ന ധൈര്യത്തിന്റെയും നി എനിക്ക് തന്ന വാക്കുകളുടെയും ബലത്തിലാണ്……തളർന്നു കിടന്ന അവസ്ഥയിലും തനിക്ക് ഒന്നുമില്ലെന്ന മട്ടിൽ നി ചിരിക്കുന്നത് കണ്ടപ്പോൾ എനിക്ക് അത്ഭുതമായിരുന്നു തോന്നിയത്…. അതിലൂടെയായിരുന്നു ഞാൻ എന്നെ കുറിച്ച് ചിന്തിച്ചത് ….. ജീവിതത്തിൽ ഇനിയും തോറ്റിട്ടില്ലെന്ന തോന്നലുണ്ടായത്….എന്റെ കുഞ്ഞിനെ സ്വീകരിക്കില്ലയെന്ന് പറഞ്ഞതിൽ നി ഇത്ര ആത്മാർത്ഥ കട്ടേണ്ടായിരുന്നു എന്ന് എനിക്കിപ്പൊ തോന്നുവാ…. നിന്റെ മരണത്തിലൂടെയുള്ള ഉറപ്പ് ഞാൻ ഒട്ടും ആഗ്രഹിച്ചില്ലായിരുന്നു……. ഈ ലോകത്ത് നിന്നും നി പോയെന്ന് വിശ്വസിക്കാൻ പോലും പറ്റാത്ത അവസ്ഥയാ എനിക്കിപ്പോ……ഒരിക്കലും നി മരിക്കുന്നില്ല ഹൃതിക…… എന്റെ മനസ്സിൽ ഇപ്പോഴും ജീവനോടെയുണ്ട്……

കൃഷ്ണ എഴുതി കുറിച്ചിട്ട ശേഷം നോട്ട് ബുക്ക്‌ അടച്ചു വച്ചു… അവളുടെ മനസ്സിൽ വീണ്ടും ഹൃതികയുടെ മുഖം തെളിഞ്ഞു നിന്നു… ഒരു തവണ ചിന്തിച്ചാൽ അവളും തന്നെ പോലെ തന്നെയല്ലേ…. സ്വന്തമല്ലാത്ത തെറ്റിലൂടെയല്ലാതെ രണ്ട് വർഷം നരക യാതന അനുഭവിച്ചവൾ… വീണ്ടും പഴേ പോലുള്ള ജീവിതം തിരിച്ചു കിട്ടാൻ അവളും എത്ര മോഹിച്ചു കാണും…. ഋഷിയെ ഒഴിവാക്കിയപ്പോൾ എത്ര നൊന്തു കാണും.. വീണ്ടും വീണ്ടും സ്നേഹം കൊടുത്ത് ഋഷി പിന്നാലെ ചെല്ലുമ്പോൾ സന്തോഷത്തെക്കാൾ ഉപരി അവൾക്ക് സങ്കടമായിരിക്കും തോന്നിയിട്ടുണ്ടാകുക…

“”മോളെ…. നീ ദാസേട്ടനെ ഒന്ന് വിളിച്ചു നോക്കിയേ……. “”

അമ്മ വന്നു പറഞ്ഞപ്പൊഴായിരുന്നു അവൾ ആലോചനയിൽ നിന്നുമുണർന്നത്…..

“””ദേ ഇപ്പോ വിളിക്കാം….. “””

മേശമേൽ വച്ചിരിക്കുന്ന ഫോൺ എടുത്തവൾ വിളിച്ചു….തിരികെ വരികയാണെന്ന് ദാസച്ഛൻ പറഞ്ഞതും കാൾ കട്ട്‌ ചെയ്ത് അമ്മയോട് പറഞ്ഞു….. അവർ വീട്ടിൽ എത്തും വരെ ഇറയത്തെ ചേതിയിൽ കൃഷ്ണയും നളിനിയമ്മയും കാത്തിരിന്നു…..

“”മോള് എന്തേലും കഴിച്ചോ…… രാവിലെ,.. ഋഷിയുടെ വെപ്രാളവും സങ്കടവും കണ്ടപ്പോ എനിക്ക് അടുക്കളേൽ കേറാൻ തോന്നീല്ല…. ഞാൻ വല്ലതും ഉണ്ടാക്കി കൊണ്ടു വരാം… “”

അതും പറഞ്ഞ് നളിനിയമ്മ പോകാനൊരുങ്ങിയതും കൃഷ്ണ ഒരു കയ്യാൽ അവരെ പിടിച്ച് വച്ചു….

“”വേണ്ടമ്മേ ……വിശപ്പ് തോന്നിയപ്പോൾ റസ്കും ചായയും ഞാൻ കുടിച്ചായിരുന്നു….എനിക്ക് മനസിലാവും അമ്മയുടെ മാനസികാവസ്ഥ…… “””

അത്രയും പറഞ്ഞവൾ കൈ പിടിച്ചു കൊണ്ട് നളിനിയമ്മയെ അവിടെ തന്നെയിരുത്തി… കുറച്ചു നേരം കഴിഞ്ഞപ്പൊഴേക്കും ഋഷിയും ദാസച്ഛനും എത്തിയിരുന്നു….ആകെ തളർന്ന മട്ടിലായിരുന്നു അവൻ……..ഇടയ്‌ക്കിടെ വിതുമ്പുന്നുണ്ടായിരുന്നു…..

“”മോനെ….. “””

നളിനിയമ്മ ഒരു വേള വിളിച്ചങ്കിലും അവൻ സങ്കടം കാരണം ഒന്നും മിണ്ടാതെ അകത്തേക്ക് പോയി…..പിന്നാലെ ചെല്ലാൻ നോക്കിയ നളിനിയമ്മയെ ദാസച്ഛൻ തടയുകയായിരുന്നു ചെയ്തത്….

“”മ്മ്.. വേണ്ട… അവൻ കുറച്ചു നേരം ഒറ്റയ്ക്കിരുന്നോട്ടെ ……. “”

“”ബോഡി എടുത്തോ ദാസേട്ട…. “”

കുറച്ച് സമയത്തെ മൗനത്തിനു ശേഷം നളിനിയമ്മ ചോദിച്ചു…

“”ഇല്ലാ… ഞങ്ങൾ അതിന് മുന്നേ ഇങ്ങിറങ്ങി…. സൈലന്റ് അറ്റാക് ആയിരുന്നു…..അവിടെത്തെ കാഴ്ചകളൊന്നും സഹിക്കാൻ വയ്യാ…… ഞങ്ങൾ വേഗം ഇങ്ങ് പോന്നു…. നളിനി … നി കുറച്ച് ചൂട് വെള്ളം വയ്ക്ക്…. കുളിച്ചിട്ട് അകത്തേക്ക് കയറാം…. “”

അത്രയും പറഞ്ഞ് ദാസച്ചൻ മുറ്റത്തു തന്നെ നിന്നു……ശേഷം കൃഷ്ണയെ ഒന്ന് നോക്കി…..

“”എന്താ അച്ഛാ…. ഇങ്ങനെ നോക്കുന്നെ “”

അവൾ സംശയത്തോടെ ചോദിച്ചതും ദാസച്ഛൻ അരികിലേക്ക് ചെന്നു…

“”മോളെ…. ഇനി എല്ലാം നിന്റെ കയ്യിലാണ്… ഋഷി ആകെ മനസ് വെടിഞ്ഞ അവസ്ഥയിലാ…..അവനെ മോള് കൈ വെടിയരുത്…മോള് വിചാരിച്ചാൽ അവന്റെ മനസ് മാറ്റാൻ പറ്റും… ഹൃതികയ്ക്കിനി സ്ഥാനമില്ലല്ലോ……ഇനി ഈ അച്ഛന് തെല്ലെങ്കിലും സ്വപ്നം കാണാലോ നിങ്ങൾ രണ്ടാളും പിന്നെ വരാൻ പോകുന്ന കൊച്ചു മക്കളുമൊത്തുള്ള ജീവിതം……… “””

കൃഷ്ണ ഒരടി പിന്നോട്ട് വച്ചു….ജീവിതത്തെ കുറിച്ച് പിന്നെയും ഒരെത്തും പിടിയും കിട്ടാതെയായ്….ഋഷിക്കെന്തായാലും അവളെ സ്വീകരിക്കാൻ പറ്റില്ലെന്ന് കൃഷ്ണയ്ക്ക് ഉറപ്പ് തോന്നി…. ഉത്തരം മുട്ടിയവൾ ഒന്നുമറിയാ മട്ടിൽ ദാസച്ഛനെ തന്നെ നോക്കുകയായിരുന്നു ചെയ്തത്….

തുടരും…