ഇമ്പം
Story written by PRAVEEN CHANDRAN
:::::::::::::::::::::::::::::::::
“ഇന്നെങ്കിലും ഞങ്ങളെ പുറത്ത് കൊണ്ടുപോകാമോ ചേട്ടാ? മക്കൾക്ക് പാർക്ക് കാണണമെത്രെ..” ഭാര്യയുടെ ആ ചോദ്യം കേട്ട് അയാൾ സ്വന്തം പോക്കറ്റിലേക്കൊന്ന് നോക്കി…
വീടിന്റെ വാടക കൊടുക്കാനായി കടം വാങ്ങിച്ച പൈസമാത്രമേ അതിലുണ്ടായിരുന്നുളളൂ..
അവളങ്ങനെ ഒന്നും ചോദിക്കാറില്ല..അത് കൊണ്ട് തന്നെ ആ ചോദ്യത്തിന് ഉത്തരമില്ലാതായാൽ അവൾ വിഷമിക്കുമെന്നും അയാൾക്ക് തോന്നി..
“അതിനെന്താ പോകാമല്ലോ..” അയാൾ മറുപടി പറഞ്ഞു..
പാർക്കിൽ പോകുന്ന ബസ് കൂലി നാൽപ്പത് രൂപയല്ലേ ആകൂ എന്ന് കണക്ക് കൂട്ടിയാണ് അയാൾ അതിന് സമ്മതിച്ചത്..
അവരെ ഇത് വരെ അയാൾ അങ്ങനെ കറങ്ങാനൊന്നും കൊണ്ട് പോയിട്ടില്ലായിരുന്നു.. കച്ചവടമുണ്ടായിരുന്ന സമയത്ത് അയാൾക്ക് ഒരുപാട് കൂട്ടുകാരുണ്ടായിരുന്നു.. മ ദ്യം അയാളെ ഇരുട്ടിലാക്കിയിരുന്ന സമയം.. രാത്രി വൈകിയേ അയാളെന്നും വീട്ടിൽ വരാറുണ്ടായിരുന്നുളളൂ..
വീട്ടിലെ കാര്യങ്ങളും കുട്ടികളുടെ കാര്യങ്ങളും അവളാണ് നോക്കിയിരുന്നത്.. അയാൾക്കൊന്നിനും സമയമില്ലായിരുന്നു..
അവസാനം എല്ലാം പൊളിഞ്ഞ് കുത്തുപാളയെടുത്തപ്പോ ആരും കൂട്ടിനില്ലാതെയായി.. നല്ല കാലത്ത് അയാൾ ജീവനെപ്പോലെ കണ്ടിരുന്ന പലരും കൈമലർത്തി.. പലപ്പോഴും കുട്ടികൾ സിനിമയ്ക്ക് കൊണ്ട് പോവോന്ന് ചോദിക്കുമ്പോഴൊക്കെ അയാളൊഴിഞ്ഞു മാറാറായിരുന്നു പതിവ്..കൂട്ടുകാരുടെ കൂടെ കൂടാൻ പോകാനായിരുന്നു അത്..
ഇപ്പോ അയാൾക്ക് എല്ലാം മനസ്സിലാക്കാൻ പറ്റും.. “ഇനിയെങ്കിലും എനിക്കത് ചെയ്യണം..” അയാൾ മനസ്സിലുറപ്പിച്ചു..
അയാളാ വാർത്ത പറഞ്ഞതും അവർ സന്തോഷത്തോടെ തുളളിച്ചാടി.. ഭാര്യയ്ക്കായിരുന്നു ഏറ്റവും സന്തോഷം.. കാരണം കുട്ടികളായതിൽ പിന്നെ അവളെക്കൂട്ടി അങ്ങനെ എവിടേയും അവർ പോയിട്ടില്ല..
എല്ലാവരും പെട്ടെന്ന് തന്നെ ഒരുങ്ങി ഇറങ്ങി..
പാർക്കിന് മുന്നിൽ ബസ് ഇറങ്ങി നടക്കുന്ന നേരമാണ് വഴിയിലെ കളിപ്പാട്ട കച്ചവടക്കാർ കുട്ടികളെ ആകർഷിക്കാനായി ടെഡി ബെയറുകൾ അവർക്ക് നേരെ നീട്ടിയത്..
മകൾക്ക് അത് കണ്ടതും അത് വേണമെന്ന വാശിയായി..
നൂറ് രൂപ വിലയുളള ആ ടെഡിബെയർ വാങ്ങിയാൽ പിന്നെ വാടകയുടെ കാര്യം പ്രശ്നമാകുമെന്നറിയാവുന്നത് കൊണ്ട് അയാളത് വാങ്ങിക്കൊടുക്കാൻ ആദ്യം തയ്യാറായില്ല..
പക്ഷെ ഭാര്യയുടെ നിർബന്ധവും മകളുടെ നിഷ്കളങ്കമായ മുഖവും കണ്ടപ്പോൾ അയാൾക്കത് വാങ്ങിക്കൊടുക്കാതിരിക്കാൻ കഴിഞ്ഞില്ല..
നൂറ് രൂപ പോയതിൽ തന്നെ വിഷമവൃത്തിയിലായിരുന്ന അയാൾക്ക് കൂനിന്മേൽ കുരു പോലെ പിന്നെയും ചിലവുകൾ വന്ന് കൊണ്ടിരുന്നു..
ഐസ്ക്രീം,മസാല ദോശ,സർബ്ബത്ത് അങ്ങനെ നീണ്ടു ആ പട്ടിക.. ഒന്നിനും അയാൾക്ക് ” ഇല്ല” എന്ന് പറയാൻ വയ്യായിരുന്നു.. കാരണം ആദ്യമായാണ് അവരിതൊക്കെ അനുഭവിക്കുന്നത് തന്നെ..
അവരുടെ സന്തോഷം കണ്ടപ്പോൾ അയാൾക്ക് മനസ്സിന് വല്ലാത്തൊരു സുഖം തോന്നി.. എത്രയോ പൈസ വെറുതെ പൊടിച്ചിരിക്കുന്നെന്ന് അയാളോർത്തു…
കുടുംബത്തിന്റെ സന്തോഷം എന്ന് പറയുന്നത് ഇതൊക്കെയാണെന്ന് അയാൾക്ക് ഇപ്പോഴാണ് ബോധ്യമായത്..
ഇടയ്ക്ക് അവൾ അയാളെ നോക്കി സ്നേഹ ത്തോടെ പുഞ്ചിരിക്കുന്നുണ്ടായിരുന്നു..
വരുന്നിടത്ത് വച്ച് കാണാം എന്നുറപ്പിച്ച് അയാളവരെ കൂട്ടി ആദ്യമായി സിനിമയ്ക്കും പോയി.. എല്ലാവർക്കും ഓരോ ജോഡി വസ്ത്രങ്ങളുമെടുത്തുകൊടുത്തു..
നാൽപ്പത് രൂപ പ്രതീക്ഷിച്ചു പോയ ആ യാത്ര അവസാനിച്ചത് മൂവായിരം രൂപയിൽ… വാടക കാശിൽ ഇനി അഞ്ഞൂറ് രൂപയേ ബാക്കിയുളളൂ എന്ന സത്യം അയാൾ വേദനയോടെ ഓർത്തു..
മടക്കയാത്രയിൽ ഓട്ടോറിക്ഷയുടെ കുടുകുടു ശബ്ദത്തേക്കാൾ വേഗതയിൽ അയാളുടെ ഹൃദയമിടിച്ചുകൊണ്ടിരുന്നു..
നാളെ വാടക വാങ്ങാൻ വരുന്ന ഔസേപ്പേട്ടന്റെ മുഖം അയാളുടെ മനസ്സിൽ തെളിഞ്ഞു.. അല്ലെങ്കിൽ തന്നെ മൂന്ന് മാസത്തെ വാടക കുടിശ്ശിക ഉണ്ട്.. ഒരു മാസത്തെയെങ്കിലും കൊടുത്ത് സമാധാനിപ്പിക്കാന്ന് വച്ചതാ.. ഇനി അയാളോട് എന്ത് പറയുമെന്നോർത്ത് അയാളാകെ തലപുകഞ്ഞുകൊണ്ടിരുന്നു..
വീട്ടിലെത്തിയതും കുട്ടികൾ അയാളുടെ കവിളത്ത് മുത്തം നൽകി..മുഖത്ത് സന്തോഷം വരുത്താൻ അയാൾ നന്നേ പാടുപെടുന്നുണ്ടാ യിരുന്നു..
ഉറങ്ങാൻ നേരം ഭാര്യ അയാളുടെ നെഞ്ചിൽ തലചായ്ച്ച് കൊണ്ട് പറഞ്ഞു..
“വാടകക്കാശ് മുഴുവൻ തീർന്നല്ലേ?”
ഇവൾക്കിതെങ്ങനെ മനസ്സിലായി എന്ന് അയാളോർത്തു..
“വിഷമിക്കണ്ട ചേട്ടാ.. വാടക ഞാൻ കൊടുത്തു..”
“എങ്ങനെ?” അയാളാശ്ചര്യത്തോടെ അവളെ നോക്കി..
“ഏട്ടന് ഞങ്ങളുടെ കാര്യങ്ങൾ നോക്കാനല്ലേ സമയമില്ലാത്തതുളളൂ.. ഞങ്ങളെല്ലാം അറിയുന്നുണ്ട്..നമ്മുടെ മോന് സ്കൂളിൽ നിന്ന് മികച്ച വിദ്യാർത്ഥിക്കുളള സമ്മാനമായി പതിനായിരം രൂപ കിട്ടിയിരുന്നു..”
അത് കേട്ടപ്പോൾ സന്തോഷത്തേക്കാളധികം അയാൾക്ക് കുറ്റബോധമാണ് ഉണ്ടായത്..
സ്വന്തം മകന്റെ കഴിവുകൾ പോലും മനസ്സിലാക്കാൻ സമയമില്ലാത്ത ഒരച്ഛനായല്ലോയെന്നോ ർത്ത്..
“ഇനിയെങ്കിലും മനസ്സിലാക്കൂ ഏട്ടാ.. എല്ലാ അവസ്ഥയിലും ഞങ്ങൾ മാത്രമേ ഏട്ടന് തുണയായി ഉണ്ടാവൂന്ന്”
“എന്നോട് ക്ഷമിക്കൂ മോളേ.. ഇനി ഞാനെന്നും നിങ്ങളോടൊപ്പം ഉണ്ടാവും.. തിരക്കിനിടയിൽ യഥാര്‍ത്ഥ സന്തോഷം എന്തെന്ന് ഞാൻ അറിയാതെ പോയി..” അയാളവളെ നെഞ്ചോട് ചേർത്തുകൊണ്ട് പറഞ്ഞു..