അപ്പു എത്രാമത്തെ തവണ ആണ് അത് ചോദിക്കുന്നതെന്നു മായയ്ക്ക് നിശ്ചയം ഇല്ലായിരുന്നു…

ഫൗണ്ടൻ പേന

Story written by AMMU SANTHOSH

:::::::::::::::::::::::::

“അമ്മെ ഒരു ഫൗണ്ടൈൻ പേനയ്ക്കു എത്ര രൂപയാകും “?’

അപ്പു എത്രാമത്തെ തവണ ആണ് അത് ചോദിക്കുന്നതെന്നു മായയ്ക്ക് നിശ്ചയം ഇല്ലായിരുന്നു. ഒരു നേരെത്തെ ഭക്ഷണത്തിന്റെ വിലയ്ക്ക് മുകളിൽ ആകും എന്നവൾക്കറിയാം

“അറിയില്ലപ്പു. കടയിൽ ചോദിച്ചു നോക്കാം ‘”

ഉത്തരം അവർത്തിച്ചിട്ടു മായ ജോലിയിൽ മുഴുകി വിരുന്നുകാർ കൂടുതൽ ഉള്ള ദിവസമാണ് ഇന്ന് .ഇന്നെങ്കിലും ഒരാളെ കൂടി ജോലിക്കു നിർത്തണമായിരുന്നു നടുവും കൈയും കാലുമൊക്കെ കഴച്ചു പൊട്ടുന്നു .അപ്പു ഒന്നും ഇതുവരെ കഴിച്ചിട്ടില്ല .വേഗം ഒരു പ്ലേറ്റ് എടുത്തു രണ്ടു ദോശ എടുത്തു പഞ്ചസാര തൂവി അവനു കൊടുത്തു അവനതു കുനിഞ്ഞിരുന്നു കഴിക്കുന്നത് കണ്ടു അവളുടെ കണ്ണിൽ നനവൂറി. ജോലിക്കു നിക്കുന്ന വീടാണ് .ഞായറാഴ്ച ആയതു കൊണ്ടാണ് അപ്പുവിനെ കൂടി കൊണ്ട് വന്നത് .

“ഡാ നീ കാർ ഒന്ന് കഴുകിയിട്ടേ അച്ഛൻ പറഞ്ഞു “

മേനോൻ സാറിന്റെ മകൻ അപ്പുവിനോട് ആജ്ഞാപിക്കുന്നു മായ നിസ്സഹായതയോടെ അത് കണ്ടു നിന്നു .പാതി കഴിച്ച ഭക്ഷണം മേശപ്പുറത്തു വെച്ച് കൈ ട്രൗസറിൽ തുടച്ചു അപ്പു അവനൊപ്പം പോയി .തന്റെ ജോലികളിൽ അവനെ കൊണ്ടാവും പോലെ അവൻ സഹായിക്കുന്നു പരാതികളോ പരിദേവനങ്ങളോ ഇല്ലാതെ . .അപ്പുവിന്റെ അച്ഛൻ ഉണ്ടായിരുന്നെങ്കിൽ ഈ അവസ്ഥ അല്ലായിരുന്നേനെ.

ഒരു വൈകുന്നേരം ജോലി കഴിഞ്ഞു വരുമ്പോൾ പൊട്ടി വീണ ഇലക്ട്രിക്ക് കമ്പിയിൽ തട്ടിയായിരുന്നു മരണം.അപ്പുവും കൂടെയുണ്ടായിരുന്നു.പക്ഷെ അവൻ ദൂരേയ്ക്ക് തെറിച്ചു വീണത് കൊണ്ട് ജീവൻ രക്ഷപ്പെട്ടു.

ഒരു മരണത്തിന്റെ ശൂന്യത ആരെ കൊണ്ട് നിറയ്ക്കാനാകും ?ഉടലും ഉയിരും ഏകാന്തമായി പോകുന്നവളുടെ നോവുകൾ ആരറിയുന്നു ?തണുത്തു മരവിച്ച രാത്രികളും സഹനത്തിന്റെയും ദാരിദ്ര്യത്തിന്റെയും പകലുകളും. അവൾ കടന്ന് പോകുന്ന വഴികളിൽ ചെന്നായ്ക്കളുടെ മുരൾച്ചകൾ.കാതുകളിൽ വീഴുന്ന നാണയ കിലുക്കങ്ങൾ..

‘കഴിഞ്ഞില്ലേ മായാ?പായസത്തിനുള്ള അട വേവിച്ചോളു?’

മീനാക്ഷിയമ്മ അടുക്കളയിലെത്തിയാൽ മായയ്ക്ക് ഇടം വലം തിരിയാൻ പറ്റില്ല. അവളുടെ കൈകൾ യന്ത്രങ്ങളായി മാറി .

കാർ കഴുകി തീർത്തു അപ്പു കുട്ടികൾ കളിക്കുന്ന ടെറസിലേക്കു പോയി.കുട്ടികൾ അവനെ കണ്ടെങ്കിലും അവഗണിച്ചു കളഞ്ഞു.അപ്പുവിന് അവഗണകളും അപമാനങ്ങളും പുതുതല്ല.അതിനെയൊക്ക അംഗീകരിക്കാൻ ആ കുഞ്ഞുമനസ്സ് പഠിച്ചു കഴിഞ്ഞിരുന്നു

.കുട്ടികളിലുമുണ്ട് പണക്കിലുക്കത്തിന്റെ സമൃദ്ധിയുടെ ധാർഷ്ട്യവും പുച്ഛവും. അത്‌ അറിയണമെങ്കിൽ ദരിദ്രനായി ജനിക്കണം. മഴ പെയ്യുമ്പോൾ ചോരുന്ന വീട്ടിൽ വെള്ളമൊഴിച്ചു വെച്ച പഴംചൊറിൽ കാന്താരിമുളകിന്റെ സമൃദ്ധി മാത്രമറിഞ്ഞു ജീവിക്കണം.കീറി പോയിട്ടു തുന്നി ചേർത്ത വസ്ത്രങ്ങളിൽ നാണം മറയണം. അത് കാണുന്ന കണ്ണുകളിൽ നിസ്സാരമായ ഒരു ഭാവം ഉണ്ടാകും. പുഴുവിനേക്കാൾ ചെറുതാണ് താൻ എന്ന് തോന്നിപ്പിക്കുന്ന കണ്ണുകൾ നോട്ടങ്ങൾ കുട്ടികൾക്കുമുണ്ട്

കുട്ടികൾ ടെറസിലേക്കു ചാഞ്ഞു കിടക്കുന്ന മാവിന്റെ ശിഖരത്തിലെ പഴുത്ത മാങ്ങാ പറിക്കാൻ നീണ്ട കമ്പി ഉയർത്തി ശ്രമിക്കുന്നത് അവൻ നോക്കി നിന്നു. പൊടുന്നനെ ഉയർത്തിയ കമ്പി വൈദ്യുത കമ്പിയിൽ തട്ടുന്നതും മേനോൻ സാറിന്റെ മകൻ പിടയുന്നതും അവൻ കണ്ടു കൂടെയുള്ളവർ അലറിക്കൊണ്ട് ഓടി മാറി

“കണ്ടു നിന്ന ആരെങ്കിലും ഒരു ഉണങ്ങിയ കമ്പു കൊണ്ട് ഒന്ന് തട്ടി മാറ്റിയിരുന്നെങ്കിൽ നിന്റെ അച്ഛൻ മരിക്കില്ലായിരുന്നു ‘

അപ്പുവിന്റെ കാതിൽ അമ്മയുടെ ദീനമായ കരച്ചിൽ മുഴങ്ങിയ പോലെ തോന്നി. അവൻ ഒരു ഉണങ്ങിയ കമ്പിനായി ചുറ്റും നോക്കി.

‘ദേ ഇത് വെച്ചോ ഒരു സന്തോഷത്തിന് ‘ അഞ്ഞൂറ് രൂപയുടെ ഒരു നോട്ട് അവന്റ കൈവെള്ളയിൽ വെച്ച് കൊടുത്തു മേനോൻ. മകനെ രക്ഷപ്പെടുത്തിയതിന്റെ ഭിക്ഷ.

അപ്പു അമ്മയെ ഒന്ന് നോക്കി കണ്ണുകളിൽ നിന്ന് ഹൃദയം വായിക്കാനുള്ള സിദ്ധി അമ്മ അവനു പഠിപ്പിച്ചു കൊടുത്തിട്ടുണ്ട് .കൺപീലിയുടെ ചെറുചലനത്തിൽ നിന്നും അമ്മയുടെ മനസ് അവനു മനസിലാകും

അവൻ നോട്ട് മേശപ്പുറത്തേക്കു വെച്ച് അഴിഞ്ഞു പോയ ട്രൗസർ ഒന്ന് വലിച്ചു കയറ്റി അമ്മയുടെ പിന്നിൽ പോയി നിന്നു. മായ അവനെയും ചേർത്തു പിടിച്ചു വീട്ടിലേക്കു തിരിച്ചു

ഒരു ഫൗണ്ടൈൻ പേന വേണം ‘

“‘അറുപതു രൂപ “

കടക്കാരൻ മായയോട് പറഞ്ഞു

“അമ്പതു രൂപയെ ഉള്ളൂ പത്തു രൂപ നാളെ ജോലി കഴിഞ്ഞു വരുമ്പോൾ തരാം .”

“ആയിക്കോട്ടെ”‘അയാൾ സമ്മതിച്ചു.

രാത്രിയിൽ അമ്മയോടൊട്ടി കിടക്കവേ അപ്പു ചോദിച്ചു

“,മേനോൻ സാറിന്റെ മകനെ രക്ഷിച്ചപ്പോ എന്തിനാ അമ്മെ അയാളെനിക്ക്‌ രൂപ തന്നത് ?’

“ഒരു സന്തോഷത്തിനു….”

“‘അഞ്ഞൂറ് രൂപയുടെ സന്തോഷമേ തോന്നിയുള്ളോ അമ്മെ അയാൾക്ക്‌ ?’

മായയ്ക്കുത്തരം കിട്ടിയില്ല

“അമ്മേ “

“ഉം”

“ഇതാണോ അമ്മെ എല്ലാരും പറയുന്ന ഈ ജീവന്റെ വില?”

“മിണ്ടാതിരിക്കു അപ്പു “

അസാമാന്യ ബുദ്ധിയാണ് അപ്പു എന്ന് ടീച്ചർമാർ പറയുന്നത് മായ ഓർത്തു. അപ്പുവിന്റെ ചില ചോദ്യങ്ങൾക്കു ഉത്തരം ഇല്ല.

‘ അമ്മെ ‘

“ഉം”

“എന്റെ വില എത്ര ആണ് അമ്മെ?”

മായയുടെ ഹൃദയത്തിൽ ഒരു കടൽത്തീരമാല ആഞ്ഞടിച്ചു. അവൾക്കൊരു നിമിഷം പോലും ആലോചിക്കേണ്ടി വന്നില്ല

“അമ്മയുടെ ജീവനിലും മേലെ …അതാണ് എന്റെ അപ്പുവിന്റെ വില ..””അമ്മ ജീവിക്കുന്നത് തന്നെ എന്റെ പൊന്നിന് വേണ്ടിയല്ലേടാ ?”

‘മായ പൊട്ടിക്കരഞ്ഞു കൊണ്ട് അപ്പുവിനെ ഉമ്മകൾ കൊണ്ട് മൂടി.അപ്പുവിന്റെ കണ്ണും നിറഞ്ഞു. ആകാശം പോലെ അനന്തമായ ആ സ്നേഹ തീർത്ഥത്തിലേക്കു അവൻ ഉടലിനെ ചേർത്തു വെച്ചു

“കരയല്ലേ അമ്മേ ?അപ്പു വെറുതെ ചോദിച്ചതാ “

അവൻ ആവർത്തിച്ച് കൊണ്ടിരുന്നു.

ഓരോ അമ്മയ്ക്കും അതാണ് മനസ്സ്. തന്റെ കുഞ്ഞ് അവൾക്കു അവളുടെ പ്രാണനിലും മേലെ.. ഭൂമിയിൽ ഉള്ള മറ്റെന്തിലും മേലെ. രക്തത്തിൽ ആത്മാവിൽ ഹൃദയത്തിൽ ഒക്കെ അമ്മ ചുമക്കുന്നത് മക്കളെയാണ്. പത്തു മാസം ഉദരത്തിലും ഒരു ജന്മം മുഴുവൻ മനസിലും…..